ആ കാഴ്ച അവൾക്ക് വല്ലാത്ത ഒരു ആഘാതം സൃഷ്ടിച്ചിരുന്നു, അന്ന് അവളുടെ മുഖത്ത് നോക്കി അട്ടഹസിച്ചു..

(രചന: ശ്രേയ)

” ശരിക്കും ജീവിതം മടുക്കുക എന്നു പറയുന്ന അവസ്ഥ എന്താണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്.

വീട്ടിലേക്ക് കയറിയാൽ സ്വസ്ഥത എന്താണ് എന്ന് പോലും അറിയാൻ പറ്റുന്നില്ല. അവളും അമ്മയും തമ്മിൽ ഒരു തരത്തിലും ചേരില്ല. അമ്മ പറയുന്നത് അവൾക്കോ അവൾ പറയുന്നത് അമ്മയ്ക്ക് ഇഷ്ടപ്പെടില്ല.

ഇവരുടെ രണ്ടുപേരുടെയും ഇടയിൽ കിടന്ന് ശ്വാസം മുട്ടുന്നത് ഞാനാണെന്ന് രണ്ടുപേർക്കും മനസ്സിലാവുന്നതുമില്ല. ജീവിതം തന്നെ മടുത്തു പോയതു പോലെ..”

മനു നിസ്സഹായതയോടെ പറഞ്ഞപ്പോൾ അഭി അവനെ നോക്കി ചിരിച്ചു. അതിൽ നിറഞ്ഞു നിന്നിരുന്ന പുച്ഛം മനുവിന് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു.

” ഞാൻ എന്റെ സങ്കടങ്ങൾ പറയുമ്പോൾ നിനക്ക് അത് തമാശ പോലെയാണോ തോന്നുന്നത്.?? എന്നെ ഇങ്ങനെ പുച്ഛിക്കാൻ നിനക്ക് എങ്ങനെ തോന്നുന്നു..? ”

സങ്കടത്തോടെ മനു അന്വേഷിച്ചു. അത് കേട്ടപ്പോൾ അഭി പൊട്ടിച്ചിരിച്ചു.

” സത്യം പറയട്ടെ നീ ഇതൊക്കെ അനുഭവിക്കേണ്ടത് തന്നെയാണ്. ഇങ്ങനെയൊന്നുമല്ല ഇതിനേക്കാൾ കൂടുതൽ നീ അനുഭവിക്കും.

കാരണം ആ പെണ്ണിനോട് നീ ചെയ്ത ചതി അത്ര പെട്ടെന്നൊന്നും ആരും മറന്നു പോകുന്നതല്ലല്ലോ. നീ മാത്രമല്ല നിന്റെ ഭാര്യയില്ലേ അവളും അനുഭവിക്കും..

നിങ്ങൾ രണ്ടും കൂടി ഒരു പെണ്ണിനെ ചതിച്ചത് വേറെ ആരും മറന്നു പോയി എന്ന് കരുതരുത്. പ്രത്യേകിച്ച് ഞാൻ.. ”

അഭി ദേഷ്യത്തോടെ അത് പറഞ്ഞപ്പോൾ മനു തലകുനിച്ചു.

ആ നിമിഷം അവന്റെ മുന്നിൽ തെളിഞ്ഞത് ഒരു പെണ്ണിന്റെ മുഖമായിരുന്നു. നാട്ടിൻ പുറത്തിന്റെ നന്മയും നൈർമല്യവും ഉള്ള ഒരു പെണ്ണിന്റെ മുഖം..!

നന്ദിനി.. നന്ദു എന്ന ഓമനപേരിൽ താൻ ഉൾപ്പെടെ എല്ലാവരും വിളിച്ചിരുന്ന ഒരു പെൺകുട്ടി. ഒരേ നാട്ടുകാർ ആണെങ്കിലും ഡിഗ്രിക്ക് ഒരേ കോളേജിൽ ചേർന്നപ്പോഴാണ് പരസ്പരം പരിചയപ്പെടുന്നത്.

ആ പരിചയം പ്രണയത്തിലേക്ക് കൊണ്ട് ചെന്ന് എത്തിച്ചത് താൻ തന്നെയായിരുന്നു. പക്ഷേ അവൾക്ക് അപ്പോഴും അതിൽ താൽപര്യമുണ്ടായിരുന്നില്ല..

” വേണ്ട മനുവേട്ടാ.. നമ്മൾ തമ്മിൽ ചേരില്ല.സാമ്പത്തികമായി ഒരുപാട് അന്തരമുണ്ട് ഞാനും മനുവേട്ടനും തമ്മിൽ.

പിന്നെ എന്റെ വീട്ടിൽ അമ്മയില്ല എന്നറിയാമല്ലോ. എനിക്ക് ആകെ എന്റെ അച്ഛൻ മാത്രമാണുള്ളത്. അച്ഛൻ തീരുമാനിക്കുന്ന ആളായിരിക്കും എന്റെ ജീവിതപങ്കാളി.. ”

അന്ന് അവൾ അങ്ങനെ പറഞ്ഞപ്പോൾ ഒരു വാശി ആയിരുന്നു അവളെ സ്വന്തമാക്കണമെന്ന്.

അതുകൊണ്ടു തന്നെയാണ് അവൾ പോലും അറിയാതെ അവളുടെ അച്ഛനെ ചെന്ന് കണ്ടത്.

” എനിക്ക് നന്ദുവിനെ ഇഷ്ടമാണ്. വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട്. അവളോട് ഈ വിവരം പറഞ്ഞപ്പോൾ അവളുടെ അച്ഛനു ഇഷ്ടപ്പെടുന്ന ആളിനെ മാത്രമേ അവൾ വിവാഹം കഴിക്കൂ എന്ന് പറഞ്ഞു.

അവളോട് അത്രയും ഇഷ്ടമുള്ളതു കൊണ്ടാണ് ഞാൻ ഈ വിവരം അച്ഛനോട് വന്നു പറയുന്നത്. എനിക്ക് ഒരു ജോലിയൊക്കെ ആകുമ്പോൾ അവളെ എനിക്ക് തന്നെ തന്നേക്കണം. ”

ഒരു അപേക്ഷ പോലെ അദ്ദേഹത്തിനോട് പറയുമ്പോൾ തന്റെ വാക്കുകളിൽ ആത്മാർത്ഥതയുണ്ട് എന്ന് തോന്നിയിട്ട് ആകണം തന്നെ ചേർത്തു പിടിച്ചത്.

പിറ്റേന്ന് കോളേജിൽ വച്ച് അവളെ കാണുമ്പോൾ അവളുടെ മുഖത്ത് നാണം കലർന്ന ഒരു ചിരി ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു തനിക്ക് തോന്നിയത്.

” ഇന്നലെ വീട്ടിൽ വന്ന കാര്യം അച്ഛൻ പറഞ്ഞു. അതിന് എനിക്ക് സമ്മതമാണ് എന്ന് രാവിലെ തന്നെ അറിയിച്ചേക്കാം എന്ന് കരുതി. ”

നാണത്തോടെ തന്നോട് പറഞ്ഞു കൊണ്ട് അവൾ ഓടി മറയുന്നത് ഇന്നലെ എന്ന പോലെ ഓർമ്മയുണ്ട്. പിന്നീട് താനും അവളും മാത്രമുള്ള ഒരു ലോകം അവൾ തന്നെ സൃഷ്ടിച്ചെടുക്കുകയായിരുന്നു.

ശരിക്കും പറഞ്ഞാൽ അവൾ എന്ന പെണ്ണ് തന്നിലേക്ക് മാത്രം ചുരുങ്ങി പോവുകയായിരുന്നു. താൻ പറയുന്നത് എന്തും അവൾ കണ്ണടച്ച് വിശ്വസിച്ചിരുന്നു. താൻ പറയുന്നത് മാത്രമാണ് ശരി എന്ന് അവൾ കരുതി.

പക്ഷേ എന്നുമുതലാണ് തനിക്ക് അവളോട് ഒരു മടുപ്പ് തോന്നി തുടങ്ങിയത്..?

വിദ്യാഭ്യാസത്തിന്റെ രണ്ടാം വർഷം അവളുടെ കൂട്ടുകാരിയായി മോഡേണായ ഒരു പെൺകുട്ടി വന്നു കയറിയപ്പോൾ മുതൽ..!

അതെ അതുതന്നെയായിരുന്നു അതിന്റെ തുടക്കം.. അവളുടെ അമ്മാവന്റെ മകളായ തരുണിമ..

ബാംഗ്ലൂരിലെ കോളേജിൽ നിന്നും ഇനിയുള്ള കാലം നാട്ടിൽ പഠിച്ചാൽ മതി എന്നുള്ള ആഗ്രഹത്തോടെ ആ കോളേജിലേക്ക് വന്നു കയറിയത് തന്റെ ജീവിതത്തിലേക്ക് ആണ് എന്ന് താൻ കരുതി.

അവളെ തനിക്ക് പരിചയപ്പെടുത്തി തന്നത് നന്ദു തന്നെയായിരുന്നു. ഇതാണ് എന്റെ മനുവേട്ടൻ എന്ന് എന്നെ ചേർത്തുപിടിച്ച് അവൾ പരിചയപ്പെടുത്തിയപ്പോൾ എന്തുകൊണ്ടോ ഈർഷ്യ തോന്നി.

അപ്പോഴും തരുണിമയുടെ കണ്ണുകൾ കുസൃതിയോടെ എന്നെ ചുറ്റിപ്പറ്റി നടക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.

കോളേജിൽ വച്ച് പലപ്പോഴും നന്ദുവും താനും തമ്മിൽ കണ്ടുമുട്ടുമ്പോൾ തരുണിമ എന്ന ടോപ്പിക്ക് പലപ്പോഴും അതിലേക്ക് വരുന്നത് ഞാൻ കാരണം തന്നെയായിരുന്നു. തങ്ങൾ മാത്രം ഉണ്ടായിരുന്ന ഇടങ്ങളിൽ പതിയെ പതിയെ തരുണിമയും ഇടം പിടിച്ചു.

അതിലൊന്നും ഒരിക്കൽ പോലും നന്ദു തെറ്റ് കണ്ടിട്ടില്ല. മറിച്ച് അവൾക്ക് അതൊക്കെ സന്തോഷം ഉള്ള കാര്യങ്ങളായിരുന്നു. അവളെപ്പോലെ ഞാൻ അവളുടെ കുടുംബത്തെയും സ്നേഹിക്കുന്നു എന്ന് അവൾ കരുതി.

പക്ഷേ യഥാർത്ഥത്തിൽ ഞാൻ സ്നേഹിച്ചത് തരുണിമയെ ആയിരുന്നു എന്ന് അവൾ അറിഞ്ഞില്ല. കൂടപ്പിറപ്പിനെ പോലെ കാണേണ്ട സഹോദരിയെ വഞ്ചിച്ചു കൊണ്ട് അവളുടെ കാമുകനോട് തരുണിമയും അടുത്തിരുന്നു എന്ന് അവൾ അറിയാതെ പോയി.

പക്ഷേ ഒരിക്കൽ ഒരു ലഞ്ച് ബ്രേക്ക് സമയത്ത് തന്നെ തേടി വന്ന നന്ദു കാണുന്നത് എന്റെ നെഞ്ചിൽ ചാഞ്ഞു നിൽക്കുന്ന തരുണീയെയായിരുന്നു. ആ കാഴ്ച അവൾക്ക് വല്ലാത്ത ഒരു ആഘാതം സൃഷ്ടിച്ചിരുന്നു.

അന്ന് അവളുടെ മുഖത്ത് നോക്കി അട്ടഹസിച്ചു കൊണ്ട് തരുണിമ വിളിച്ചു പറയുന്നുണ്ടായിരുന്നു മനു എന്റെ സ്വന്തമാണ് എന്ന്. അത് വിശ്വസിക്കാൻ കഴിയാതെ പകച്ചു കൊണ്ട് അവൾ തന്നെ നോക്കിയ നോട്ടം ഇപ്പോഴും ഓർമ്മയുണ്ട്.

പക്ഷേ അന്ന് അവൾ എങ്ങനെയെങ്കിലും ഒന്ന് ഒഴിഞ്ഞു പോയാൽ മതി എന്നൊരു ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് അവളെ കണ്ടില്ലെന്ന് നടിച്ചു.

സർവ്വവും തകർന്നതു പോലെ അന്നും അവൾ നടന്നു പോകുന്നത് കണ്ടതാണ്. അവളെ പരിഹസിച്ചിരിക്കുകയായിരുന്നു ആ സമയം താനും തരുണിമയും .

ക്ലാസ്സ് കഴിഞ്ഞ് ജോലി കിട്ടിയപ്പോൾ തന്നെ തരുണിയുമായുള്ള വിവാഹം ഉറപ്പിക്കുകയും അത് നടത്തുകയും ചെയ്തു. അപ്പോഴൊക്കെ നന്ദുവിനോട് പ്രതികാരം ചെയ്തു എന്നൊരു തോന്നൽ ആയിരുന്നു തനിക്ക് ഉണ്ടായിരുന്നത്.

പക്ഷേ വീട്ടിൽ എല്ലാവരോടും യുദ്ധം ചെയ്തു ഞാൻ നേടിയെടുത്ത തരുണി എനിക്ക് തലവേദനയായി മാറും എന്ന് ആ നിമിഷം അറിഞ്ഞിരുന്നില്ല.

ഇതേ സ്ഥാനത്ത് നന്ദു ആയിരുന്നെങ്കിൽ ഒരുപക്ഷേ എന്റെ ജീവിതം ഒരു സ്വർഗം പോലെ ആയേനെ. എന്റെ കുടുംബത്തെ അവൾ സ്വന്തം പോലെ ചേർത്തു പിടിച്ചേനെ. വീട്ടിൽ എന്നും സമാധാനവും സന്തോഷവും മാത്രം ഉണ്ടായേനെ..

ആ ചിന്തകൾ അവന്റെ കണ്ണുകളെ നിറക്കുന്നുണ്ടായിരുന്നു. അവനെത്തന്നെ ശ്രദ്ധിച്ചു നിന്ന അഭിക്ക് പെട്ടെന്ന് തന്നെ കാര്യങ്ങൾ മനസ്സിലാവുകയും ചെയ്തു.

” ഇപ്പോൾ ഇങ്ങനെ ഇരുന്നു വിഷമിച്ചത് കൊണ്ടോ ചിന്തിച്ചത് കൊണ്ടോ കാര്യമൊന്നുമില്ല.

അന്ന് നീ അങ്ങനെ ഒരു തെറ്റിലേക്ക് പോയപ്പോൾ നിന്നോട് പലതവണ ഞാൻ പറഞ്ഞതാണ് അത് വേണ്ട എന്ന്. അവളുടെ കണ്ണുനീരിന്റെ ശാപം ഒരുകാലത്തും നിന്നെ വിട്ടു പോകില്ല എന്ന് എത്ര തവണ ഞാൻ പറഞ്ഞതാണ്.

അന്ന് നിനക്ക് നന്ദുവിനെ പുച്ഛം ആയിരുന്നു. എന്നിട്ട് ഇപ്പോൾ എന്തായി..? നിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതൊക്കെ അനുഭവിക്കാനുള്ള യോഗം നിനക്കുണ്ട് എന്ന് കരുതിയാൽ മതി.. ”

പുച്ഛത്തോടെ അതും പറഞ്ഞുകൊണ്ട് അഭി നടന്നു പോകുമ്പോൾ മനു ചിന്തിച്ചതും അങ്ങനെ തന്നെയായിരുന്നു.

കയ്യിലിരുന്ന മാണിക്യത്തിനെ വലിച്ചെറിഞ്ഞു കളഞ്ഞിട്ട് ഇനി വേദനിച്ചിട്ട് കാര്യമില്ലല്ലോ…!!