നിനക്കിനി രണ്ട് വഴികൾ മാത്രമേ ഉള്ളു.. ഒന്നുകിൽ എനിക്ക് മുന്നിൽ വഴങ്ങുക.. അല്ലെങ്കിൽ നിന്റെ മോളെയും കൊണ്ട് ഈ വീട്ടിൽ..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“നിനക്കിനി രണ്ട് വഴികൾ മാത്രമേ ഉള്ളു.. ഒന്നുകിൽ എനിക്ക് മുന്നിൽ വഴങ്ങുക.. അല്ലെങ്കിൽ നിന്റെ മോളെയും കൊണ്ട് ഈ വീട്ടിൽ നിന്ന് ഇറങ്ങുക… എന്താണെന്ന് വച്ചാൽ നല്ല പോലെ ആലോചിച്ചു ഒരു തീരുമാനം എടുക്ക് ഞാൻ വെയിറ്റ് ചെയ്യാം.. പിന്നെ എനിക്കൊന്ന് വഴങ്ങിയാൽ ഇനിയുള്ള കാലം നിന്റെ എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം അത് എന്റെ ഉറപ്പ് ”

ചന്ദ്രൻ അത് പറയുമ്പോൾ ദഹിക്കുമാറ് അവനെ ഒന്ന് നോക്കി ഇന്ദു.

” നീ ഇങ്ങനെ നോക്കി പേടിപ്പിക്കാനൊന്നും നിൽക്കേണ്ട.. സംഗതി ശെരിയാണ് നിന്റെ കെട്ട്യോൻ ചത്തിട്ട് പതിനാറ് പോലും തികയുന്നേനു മുന്നേ ഞാൻ ഇത് ചോദിക്കുന്നത് മഹാ ബോർ ആണ്.. പക്ഷെ ഇനിയും ക്ഷമിച്ചിരിക്കാൻ വയ്യ ഇന്ദു… അത്രയ്ക്ക് കൊതിയായി പോയി നിന്നോട്.”

അത് പറയുമ്പോൾ ചന്ദ്രന്റെ മിഴികൾ ഇന്ദുവിന്റെ ശരീരമാസകലം ഓടി നടക്കുകയായിരുന്നു.

“ഒരു മരണ വീട്ടിൽ വന്നിട്ട് ഇമ്മാതിരി തെണ്ടിത്തരം പറയാതെ ഒന്ന് പോ ചന്ദ്രാ… നാണമില്ലേ നിനക്ക് ”

ഇന്ദുവിന്റെ അയൽവാസിയായ വൃദ്ധ അവർക്കിടയിലേക്ക് കയറവേ പെട്ടെന്ന് പിൻ തിരിഞ്ഞു നടന്നു ചന്ദ്രൻ. അവന്റെ ചോദ്യം വല്ലാതെ അലട്ടുന്നത് കൊണ്ട് തന്നെ വീണ്ടും മുഖം പൊത്തിയിരുന്നു കരഞ്ഞു പോയി ഇന്ദു.

“ഞാൻ പോയിട്ട് നാളെ വരാം കേട്ടോ.. തീരുമാനം അന്നേരം പറഞ്ഞാൽ മതി ”

കാറിലേക്ക് കയറുന്നേനു മുന്നേയും ഒരിക്കൽ കൂടി ഓർമിപ്പിച്ചാണ് ചന്ദ്രൻ പോയത്.

” മോളിതൊന്നും കേട്ട് വിഷമിക്കേണ്ട.. അവന്റെ കാര്യത്തിൽ നമുക്ക് എന്തേലും ഒരു വഴി ഉണ്ടാക്കാം. ”

ആശ്വാസ വാക്കുകളോടെ ആ വൃദ്ധ നടന്നകലുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ തകർന്നിരുന്നു ഇന്ദു.

ഇന്ദുവിന്റെയും രാജേഷിന്റെയും പ്രണയ വിവാഹമായിരുന്നു. രാജേഷ് അനാഥനായിരുന്നതിനാൽ തന്നെ ഇന്ദുവിന്റെ വീട്ടുകാർ സഹകരിച്ചില്ല. ഒളിച്ചോട്ടവും വിവാഹവുമൊക്കെ കഴിഞ്ഞ പാടെ ഇന്ദുവുമായുള്ള ബന്ധം പൂർണ്ണമായും അവർ ഉപേക്ഷിച്ചു. അതോടെ രണ്ട് പേരും നാടുവിട്ടു വന്നു താമസം ആയതാണ് മൺവിള എന്ന കൊച്ചു ഗ്രാമത്തിൽ.

കയ്യിൽ ഉള്ള സമ്പാദ്യം വച്ച് ഒരു കൊച്ചു വീട് വാങ്ങി. ഡ്രൈവർ ആയിരുന്ന രാജേഷ് അവിടെ ചന്ദ്രന്റെ ഉടമസ്ഥതയിൽ ഉള്ള ഒരു ടാക്സി കാറിൽ ഡ്രൈവർ ആയി ജോലിക്ക് കയറി. സന്തോഷകരമായ അവരുടെ ജീവിതത്തിനിടയിൽ തന്നെ ഇരട്ടി സന്തോഷമെന്നോണം ഒരു മോളും പിറന്നു.

ആ മകളുടെ പേരിടീൽ ചടങ്ങിൽ വച്ചാണ് ചന്ദ്രൻ ആദ്യമായി ഇന്ദുവിനെ കാണുന്നത്. ഒറ്റ നോട്ടത്തിൽ അവളുടെ സൗന്ദര്യത്തിൽ വീണു പോയ ചന്ദ്രൻ പിന്നെയങ്ങോട്ട് എങ്ങിനെയും ഇന്ദുവിനെ തന്റെ വരുതിയിൽ കൊണ്ട് വരുവാനുള്ള ശ്രമത്തിലായിരുന്നു.

എന്നാൽ ഒരിക്കലും അത് നടക്കില്ല എന്ന അവസ്ഥയിൽ ഇരിക്കെയാണ്. താമസിക്കുന്ന വീടിന്റെ ആധാരം പണയം വച്ച് ചന്ദ്രനിൽ നിന്നു തന്നെ കുറച്ചു കാശ് കടമായി രാജേഷ് വാങ്ങുന്നത്. സ്വന്തമായി ഒരു കാർ വാങ്ങുവാനുള്ള ആഗ്രഹത്തിന്മേൽ ആയിരുന്നു അത് ചെയ്തത്.

കാർ വാങ്ങിയതോടെ രാജേഷിനു കുറച്ചു സ്ഥിര ഓട്ടങ്ങളൊക്കെ കിട്ടി അവരുടെ ജീവിതം വീണ്ടും പച്ച പിടിച്ചു. ഇതിനിടയിൽ തന്നെ വാങ്ങിയ കാശിന്റെ മുതലും പലിശയും ചേർത്ത് കുറച്ചു കുറച്ചായി അവൻ ചന്ദ്രന് തിരികെ നൽകുന്നുമുണ്ടായിരുന്നു.

എന്നാൽ അപ്രതീക്ഷിതമായി ഒരു ആക്‌സിഡന്റിൽ പെട്ട് രാജേഷ് മരണപ്പെട്ടത്തോടെയാണ് ഇന്ദു ആകെ തകർന്നു പോയത്. അതുവരെ തക്കം പാർത്തിരുന്ന ചന്ദ്രൻ ആ സമയം അവസരം മുതലെടുത്തു മുന്നിലേക്കെത്തി.

വീടിന്റെ ആധാരം തന്റെ കയ്യിൽ ആയതിനാൽ ഇന്ദു തനിക്ക് വഴങ്ങും എന്ന പ്രതീക്ഷയിൽ ആണ് അയാൾ ഇപ്പോൾ. എന്നാൽ മൂന്ന് വയസ് പ്രായം മാത്രമുള്ള മകളെയും കൊണ്ട് ആത്മഹത്യ ചെയ്താലോ എന്ന ചിന്തയിലാണ് ഇന്ദു.

ദിവസങ്ങൾ പതിയെ കടന്നു പോയി. ചന്ദ്രന്റെ ശല്യം കൂടി കൂടി വന്നതോടെ ആകെ സഹികെട്ട അവസ്ഥയിൽ ആയി ഇന്ദു. അതിനിടയിൽ മകളെ വീണ്ടും നൽസറിയിലേക്ക് അയച്ചു തുടങ്ങി അവൾ. ഒപ്പം അടുത്തുള്ള ഒരു ടെക്സ്ടൈൽസിൽ ജോലിക്കും കയറി. ഒരു ദിവസം വൈകുന്നേരം ആണ് അയൽക്കാരനായ രാമചന്ദ്രൻ അവളുടെ വീട്ടിലേക്ക് വന്നത്.

” മോളെ… കഴിഞ്ഞത് കഴിഞ്ഞു. ഇപ്പോ ദേ ഇൻഷുറൻസിന്റെ കാര്യങ്ങൾ ഞാൻ പോയി തിരക്കി. ആക്‌സിഡന്റിൽ മരണം സംഭവിച്ചതിനാൽ നല്ലൊരു തുക ഇൻഷുറൻസ് ആയി കിട്ടും. അതിപ്പോ അത്യാവശ്യം ആണേൽ നമുക്ക് ഏതേലും വക്കീലന്മാരെ കാണാം അവർക്ക് ഇച്ചിരി കമ്മീഷൻ കൊടുത്താൽ വേഗത്തിൽ ക്യാഷ് വാങ്ങിച്ചു തരും. സംഗതി അവന്റെ ചോര പുരണ്ട കാശാണ് പക്ഷെ ചന്ദ്രന്റെ കടം തീർക്കാനും നിങ്ങൾക്ക് മെച്ചപ്പെട്ട ഒരു ജീവിതം ഉണ്ടാകാനും ആ കാശ് ഉപകരിക്കും. ”

രാമചന്ദ്രൻ പറഞ്ഞത് കേട്ട് മൗനമായി ഇരുന്നുപോയി ഇന്ദു.

” മോളൊന്നും പറഞ്ഞില്ല.. നാളെ തന്നെ നമുക്ക് ഒരു വക്കീലിനെ പോയി കണ്ടാലോ.. ”

രാമചന്ദ്രൻ വീണ്ടും ചോദിക്കവേ പതിയെ മിഴി നീര് തുടച്ചു കൊണ്ട് അയാൾക്ക് നേരെ തിരിഞ്ഞു ഇന്ദു..

” ചേട്ടൻ എന്താന്ന് വച്ചാൽ പറയു.. ഞാൻ അത് ചെയ്യാം.. എങ്ങിനെയും ഈ ചന്ദ്രനെ ഒന്ന് ഒഴിവാക്കണം.. ”

ആ വാക്കുകളിൽ നിന്നും ചന്ദ്രനെ കൊണ്ട് അവൾ അനുഭവിക്കുക ബുദ്ധിമുട്ടുകൾ മനസിലാക്കി രാമചന്ദ്രൻ.

” എന്നാൽ മോള് നാളെ ഒരു പത്ത് മണിയാകുമ്പോൾ റെഡിയായി നിൽക്ക് നമുക്ക് വക്കീലിനെ കണ്ട് കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകാം.. ”

അത്രയും പറഞ്ഞു രാമചന്ദ്രൻ പതിയെ പോകാനായി തിരിഞ്ഞു.

‘പാവം കുട്ടി. അവളുടെ ഒരു വിധി ‘

ആത്മഗതത്തോടെയാണ് അയാൾ നടന്നകന്നത്.

പിന്നെ കാര്യങ്ങൾ വേഗത്തിൽ നടന്നു. വളരെ പെട്ടെന്ന് തന്നെ ആ ക്യാഷ് വാങ്ങി നൽകാമെന്ന് വക്കീൽ വാക്ക് പറഞ്ഞു. അതിനിടയിൽ രാമചന്ദ്രൻ തന്നെ കുറച്ചു പൈസ അറേഞ്ച് ചെയ്ത് രാജേഷിന്റെ കാർ പണി തീർത്തു ഇറക്കി.

” മോളെ.. വണ്ടി നമുക്ക് വിറ്റു കളയാം ഇടിച്ച വണ്ടി ആയത് കൊണ്ട് വലിയ വിലയൊന്നും കിട്ടില്ല.. പക്ഷെ എന്തിനാ ഇതിങ്ങനെ ചുമ്മാ ഇവിടെ ഇട്ടേക്കുന്നെ. ”

അയാൾ അത് പറയുമ്പോൾ വലതു കയ്യാൽ കാറിൽ ഒന്ന് തലോടി ഇന്ദു.

” വേണ്ട ചേട്ടാ.. ഇതെന്റെ രാജേഷേട്ടൻ ആഗ്രഹിച്ചു വാങ്ങിയ കാർ ആണ്… ഇതിനി ഞാൻ ഓടിച്ചോളാം.. എനിക്ക് ലൈസൻസ് ഉണ്ട്. ഈ നാട്ടിലെ ആദ്യത്തെ വനിതാ ടാക്സി ഡ്രൈവർ ആയിട്ട് ഞാൻ ഇവനെ കൊണ്ട് നടന്നോളാം… ”

ആ വാക്കുകൾ കേൾക്കെ രാമചന്ദ്രനും സന്തോഷമായി.

” അത് നന്നായി മോളെ.. ഒരു മാറ്റമൊക്കെ നല്ലതാ..”

പക്ഷെ അപ്പോഴും അയാൾക്ക് ഒരു വേവലാതി അവശേഷിച്ചു.

” മോളെ.. ചന്ദ്രൻ.. അയാളുടെ കാര്യത്തിൽ എന്താ ചെയ്ക.. ക്യാഷ് കൊടുത്തില്ലേൽ വീട് വീട്ടിറങ്ങേണ്ടി വരും. രണ്ട് മാസമെടുക്കും ഇൻഷുറൻസ് തുക കിട്ടാൻ. അതുവരെ അയാളെ എങ്ങിനെ സഹിക്കും.. ”

ആ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു ഇന്ദു.

” വീട് വീട്ടിറങ്ങണേൽ ഇറങ്ങാം ചേട്ടാ. സ്വന്തം നാടും വീടും വിട്ട് ഇവിടേക്ക് വന്നവരാണ് ഞങ്ങൾ അപ്പോ പിന്നെ ഈ വീടും വിടേണ്ടി വന്നാൽ വിട്ടുകളയാം. തത്കാലം ഒരു വാടക വീട് നോക്കാലോ.. പക്ഷെ എന്തായാലും അയാളുടെ ആഗ്രഹത്തിന് വഴങ്ങാൻ എന്നെ കിട്ടില്ല..”

ആ ഉറച്ച വാക്കുകൾ കേട്ട് സംതൃപ്തിയോടെയാണ് രാമചന്ദ്രൻ വീട്ടിലേക്ക് പോയത്. മകൻ രാഹുലും ഭാര്യ ഇന്ദിരയും ടീവി കണ്ടിരിക്കെയാണ് അയാൾ വീട്ടിലേക്ക് ചെന്ന് കയറിയത്.

” എന്ത് പറ്റി മനുഷ്യാ.. ഇന്ദു എന്ത് പറയുന്നു കാർ വിൽക്കാൻ തീരുമാനിച്ചോ.. ”

ഇന്ദിര ചോദിച്ചത് കേട്ട് പുഞ്ചിരിയോടെ അയാൾ സെറ്റിയിലേക്കിരുന്നു.

” അവള് നല്ല തന്റേടം ഉള്ള കുട്ടിയാണ്. ആ വണ്ടി അവൾ വിൽക്കുന്നില്ല അത് അവള് ഓടിക്കാൻ പോവാ ന്ന് ടാക്സി ആയി. ”

“ആ അത് കലക്കി പെണ്ണ് ആയത് കൊണ്ട് നല്ല ഓട്ടം കിട്ടും.. പക്ഷെ വേറൊന്നും സംഭവിക്കാതിരുന്നാൽ നല്ലത്. കലി കാലം ആണല്ലോ.”

പറഞ്ഞു നിർത്തുമ്പോൾ തന്നെ രാഹുലിന്റെ വക പുച്ഛത്തോടുള്ള മറുപടി വന്നിരുന്നു. അത് കേട്ടിട്ട് നാവ് ചൊറിഞ്ഞു അയാൾക്ക്

” ടാ.. മോനെ.. അവള് തന്റേടം ഉള്ള കുട്ടിയാ അവളെ സൂക്ഷിക്കാൻ അവൾക്ക് അറിയാം.. നീ ടെൻഷൻ അടിക്കേണ്ട.. ”

ആ മറുപടിയോടെ രാഹുലിന്റെ വായടഞ്ഞു.

രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഇന്ദു ടാക്സി ഓടി തുടങ്ങി. നാട്ടിലെ ആദ്യത്തെ വനിതാ ഡ്രൈവർ ആയതിനാൽ തന്നെ നല്ല സ്വീകരണവും സഹകരണവുമാണ് അവൾക്ക് ലഭിച്ചത്. അങ്ങനൊരു രാത്രി വീണ്ടും ചന്ദ്രൻ എത്തി അവളെ കാണാൻ..

” ഇന്ദു പൊന്ന് മോളെ.. ടാക്സി ഒക്കെ ഓടിച്ചു ഷൈൻ ചെയ്യുവല്ലേ ഇപ്പോ.. അപ്പോ എന്റെ കാശിന്റെ കാര്യത്തിൽ എന്താ തീരുമാനം. ഞാൻ പറഞ്ഞ കാര്യത്തിന് സഹകരിച്ചാൽ പിന്നെ ഈ കാശിന്റെ പേരും പറഞ്ഞു ഞാൻ ശല്യത്തിന് വരില്ല അല്ലേൽ ഇവിടുന്ന് ഇറങ്ങേണ്ടി വരും നല്ലത് പോലെ ആലോചിക്ക്.. എന്തായാലും ഇന്ന് തന്നെ മറുപടി വേണം നാള് കുറെ ആയി കൊതിച്ചു കൊതിച്ചു ഞാനിങ്ങനെ നടക്കുന്നു. ”

അയാളുടെ വഷളൻ നോട്ടവും സംസാരവുമെല്ലാം ഇന്ദുവിന്റെ സ്വൈര്യം കെടുത്തി. സഹി കെട്ടവളുടെ സർവ്വ നിയന്ത്രണങ്ങളും വിട്ടുപോയി

” എടോ.. മതി നിർത്ത് തന്റെ ഈ തോന്ന്യവാസം.. നാള് കുറെ ആയി സഹിക്കുന്നു. ഇനി ഒരു വാക്ക് പറഞ്ഞാൽ എന്റെ കൈ തന്റെ കവിളിൽ പതിയും. ”

ആ വാക്കുകൾ കേട്ട് ആകെ നടുങ്ങി പോയി ചന്ദ്രൻ. അയാൾ മാത്രമല്ല ഒപ്പമുണ്ടായിരുന്ന ശിങ്കിടികളും നടുക്കത്തോടെ ചുറ്റും നോക്കി. ആ പതർച്ച കാൺകെ വല്ലാത്ത ആവേശമായി ഇന്ദുവിന് അവൾ വീണ്ടും തുടർന്നു.

” എടോ.. വീട്ടിൽ ഒരു പെണ്ണുമ്പിപ്പ ഉണ്ടായിട്ടും താൻ ഇങ്ങനെ വീടുകൾ തോറും കേറി ഇറങ്ങി നടക്കുന്നു എങ്കിൽ അത് തന്റെ ഭാര്യയുടെ കഴിവുകേടാണ്. അതിന്റെ കാര്യം അവരെ കണ്ട് നേരിട്ട് ഞാൻ പറഞ്ഞോളാം.. പിന്നെ തന്റേന്ന് വാങ്ങിയ കാശിന്റെ കാര്യം.

എന്റെ ഏട്ടന്റെ ഇൻഷുറൻസ് തുക ഉടനെ കിട്ടും അത് കിട്ടിയാൽ ആദ്യം തന്റെ കാശ് തന്ന് തീർക്കും. അതിനു വേണ്ടിയാണ് ആ ക്യാഷ് ഞാൻ കൈ നീട്ടി വാങ്ങുന്നത് പോലും. അതിനിടയിൽ ഇവിടെ വന്നു കേറി എന്നെ ഇങ്ങനെ ശല്യം ചെയ്താൽ പോലീസ് സ്റ്റേഷൻ, മുഖ്യമന്ത്രിയുടെ ഓഫീസ്,വനിതാ കമ്മീഷൻ എന്ന് വേണ്ട..

ചാനലുകളായ ചാനലുകളിലും എല്ലാം ഒരു പെണ്ണായ എന്നെ കൊണ്ട് പറ്റുന്ന പോലെ ഞാൻ പരാതിയുമായി പോകും. തന്നെ കുടുക്കും.. ഓർത്തോ. പിന്നെ ഈ നാട്ടിൽ തനിക്ക് തലയുയർത്തി നടക്കാൻ പറ്റില്ല ”

സാധാരണ ചന്ദ്രൻ ഓരോ വീടുകളിൽ ചെന്ന് അവിടുള്ളവരെ ഭയപ്പെടുത്താറാണ് പതിവ് എന്നാൽ ഇത്തവണ ഇന്ദുവിനു മുന്നിൽ ശെരിക്കും അയാൾ ഭയന്നു പോയി. മറുപടി പോലും പറയാൻ കഴിയാത്ത വിധം നടുങ്ങി അങ്ങിനെ നിൽക്കവേ അമർഷത്തോടെ അയാൾക്ക് മുന്നിൽ വാതിൽ വലിച്ചടച്ചു ഇന്ദു.
ഒരു നിമിഷം വല്ലാതെ കിതച്ചു പോയി അവൾ. ഭിത്തിയിലെ രാജേഷിന്റെ ഫോട്ടോയിലേക്ക് നോക്കുമ്പോൾ ഉള്ള് പിടഞ്ഞു പൊട്ടിക്കരഞ്ഞു പോയി.

ആ സമയം പുറത്ത് ആകെ നാണം കെട്ടു നിന്നുപോയി ചന്ദ്രൻ. പൊതുവെ നാട്ടിൽ പലിശയ്ക്ക് കൊടുപ്പും ഗുണ്ടായിസവും ഒക്കെ കാണിച്ചു നടക്കുമെങ്കിലും വല്യ പിടിപാടുകൾ ഒന്നും ഉള്ള കൂട്ടത്തിലായിരുന്നില്ല അയാൾ അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് വനിതാ കമ്മീഷൻ എന്നൊക്കെ കേട്ടപ്പോ ആള് നല്ല പോലെ ഭയന്നു. അതിനേക്കാളേറെ ഭയമായിരുന്നു ഈ കാര്യം തന്റെ ഭാര്യയോട് പറയും എന്ന് കേട്ടപ്പോൾ.

” തത്കാലം വിട്ടുകളയാം.. ഇവളെ എന്നേലും കയ്യിൽ കിട്ടും ”

ജാള്യത മറച്ചു കൊണ്ടയാൾ തിരികെ നടക്കവേ മുഖാമുഖം നോക്കി പിന്നാലെ ചെന്നു ശിങ്കിടികളും.

പിന്നെ ഇന്ദുവിനു ചന്ദ്രന്റെ ശല്യം ഉണ്ടായില്ല. അവളെ കണ്ടാലും അയാൾ മുഖം തിരിച്ചു നടന്നു.രണ്ട് മാസങ്ങൾക്കുള്ളിൽ ഇൻഷുറൻസ് തുക കിട്ടി കയ്യോടെ ചന്ദ്രന്റെ കടം വീട്ടി വീടിന്റെ ആധാരവും വീണ്ടെടുത്തു ഇന്ദു.

ബാക്കി വന്ന തുകയിൽ കുറച്ചു ബാങ്കിൽ ഇട്ട ശേഷം ബാക്കി തുക കൊണ്ട് അവൾ ഫിനാൻസ് സൗകര്യത്തിൽ ഒന്ന് രണ്ട് വണ്ടികൾ കൂടി വാങ്ങി ഒരു ചെറിയ ട്രാവെൽസ് ആരംഭിച്ചു. സഹായിയായി രാമചന്ദ്രനും കൂടെ കൂടവേ പതിയെ പതിയെ അവളുടെ സംരംഭം വിജയിച്ചു. ഇന്നിപ്പോ മകളുമൊന്നിച്ചു രാജേഷിന്റെ ഓർമകളോടൊപ്പം ആ നാട്ടിൽ തന്നെ സുഖമായി ജീവിക്കുന്നു ഇന്ദു.