അവൾക്ക് ഭർത്താവായ് തന്റെ പ്രിയ കൂട്ടുകാരൻ രാഹുലിനെ താൻ കണ്ടെത്തിയപ്പോൾ തനിക്ക് ഇണയായ് ഒരുവളെ കണ്ടെത്തിയത്..

(രചന: രജിത ജയൻ)

“ശാരദേച്ചീ.. ഞങ്ങളിപ്പോ വരാട്ടോ …

കാവ്യയുടെ കയ്യിലേക്ക് ബിഗ് ഷോപ്പർ നൽകി വീട് പൂട്ടുന്നതിനിടയിൽ കീർത്തന അടുത്ത വീട്ടിലേക്ക് നോക്കി വിളിച്ചു പറഞ്ഞു

“എന്റെ കീർത്തൂ നേരം സന്ധ്യയായെടീ.. ഇനിയീ നേരത്താ കൊച്ചിനെയും കൊണ്ടു പോയിട്ട് നീയെപ്പോ മടങ്ങി വരാനാ..?

” നീയാ കൊച്ചിനെ ഇവിടെ നിർത്തീട്ട് പോടി, അതിന്റെ കാലിനു പാടില്ലാത്തതല്ലേ..?

വേലിക്കൽ വന്ന് കാവ്യയുടെ കാലിലെ മുറിവ് നോക്കി കൊണ്ട് ശാരദ ചേച്ചി പറയുന്നത് കേട്ടപ്പോൾ കാവ്യ അമ്മയുടെ മുഖത്തു നോക്കി, ഞാനും വരുമെന്ന് വാശി പിടിയ്ക്കും പോലെ

കാവ്യയുടെ മുഖത്തെ വാശി തിരിച്ചറിഞ്ഞ കീർത്തന അവളെ നോക്കിയൊന്ന് കണ്ണ് ചിമ്മി

“വരണ്ടാന്ന് പറഞ്ഞാലും അവള് കേൾക്കില്ല ശാരദേച്ചി, അവൾക്കും ഒന്നു രണ്ട് സാധനങ്ങൾ കടയിൽ നിന്ന് വാങ്ങാനുണ്ട് പോലും ..

ഒരു ചിരിയോടെ കാവ്യയെ നോക്കി കീർത്തന ശാരദയോട് പറഞ്ഞതും അവരുടെ മുഖത്തും വിരിഞ്ഞു ഒരു തെളിഞ്ഞപുഞ്ചിരി

“ഓ… നിങ്ങൾ പോവുന്നത് നന്ദൻ ചേട്ടന്റെ കടയിലേക്കാണെന്ന് ഞാൻ മറന്നു പോയ്.. ചെല്ല്.. ചെല്ല്… ചെന്ന് കണ്ടിട്ട് പോര് ..

അവരോടൊരു ചിരിയോടെ പറഞ്ഞു കൊണ്ട് ശാരദേച്ചി വീടിനുള്ളിലേക്ക് തിരികെ നടന്നു

വയ്യാത്ത കാലും വലിച്ചു വെച്ച് കീർത്തനയോടൊപ്പം നടന്നു നീങ്ങുന്ന കാവ്യയെ അതിനിടയിലൊന്നു ശാരദേച്ചി തിരിഞ്ഞു നോക്കി

അമ്മയോടോരോന്നും സംസാരിച്ചുകൊണ്ട് നീങ്ങുന്ന
കാവ്യയിലവരുടെ കണ്ണുകളൊന്നു തങ്ങി നിന്നു

വെളുത്തു നീണ്ടു കൊലുന്നനെയുള്ളൊരു പതിനഞ്ചുകാരി പെൺക്കുട്ടി..

ആരും ശ്രദ്ധിക്കും വിധം ഭംഗിയുള്ള വട്ട മുഖവും നീണ്ടു വിടർന്ന കണ്ണുകളും അവളുടെ പ്രത്യേകത എടുത്തു കാണിച്ചിരുന്നു

“എന്താ കീർത്തനേ ഇന്ന് കമ്പനീന്ന് ഇറങ്ങാൻ വൈകിയോ..? സന്ധ്യ മയങ്ങീലോ മടങ്ങി വരാൻ ..?

നടക്കും വഴി ഹമീദ്ക്ക ചോദിച്ചതും കീർത്തന അയാളെ നോക്കി

“ഇന്ന് കണക്ക് തീർക്കുന്ന ദിവസായിരുന്നു ഇക്കാ.. അതാണ് വൈകിയത് ..

അവൾ പറഞ്ഞതും ഒന്ന് മൂളികൊണ്ട് കാവ്യയെ നോക്കിയൊന്ന് പുഞ്ചിരിച്ചയാൾ നടന്നു പോയ്

ആരാരുമില്ലാത്ത അനാഥരായ ഒരമ്മയുടെയും മകളടെയും ആ നാട്ടിലെ അനേകം കാവൽക്കാരിൽ ഒരാളായിരുന്നു അയാളും ..

കടയിലെ തിരക്കൊഴിഞ്ഞതും വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റും പറ്റുബുക്കും കീർത്തന നന്ദന്റെ നേർക്ക് നീട്ടി

കറങ്ങുന്ന ഫാനിനൊപ്പം അനുസരണയില്ലാതെ ഇളകിയാടുന്ന നന്ദന്റെ മുടിയിഴകളെ നോക്കി നിൽക്കുകയായിരുന്നു കാവ്യ അപ്പോൾ ..

നന്ദൻ ഓരോ സാധനങ്ങളായ് എടുത്ത് വെയ്ക്കുമ്പോഴും കാവ്യയുടെ കണ്ണുകൾ അയാളിൽ തന്നെയായിരുന്നു

ഒരു നേർത്ത ചിരിയോടെ നന്ദനെ നോക്കി നിന്നപ്പോൾ അയാളുടെ നേരിയ നരപ്പടർന്ന ഒതുക്കമില്ലാത്ത മീശ രോമങ്ങളെ തന്റെ കയ്യാലൊന്ന് ഒതുക്കി വെക്കാൻ തോന്നിപോയ് കാവ്യക്ക് ..

ആ ചിന്തയവളുടെ മനസ്സിൽ വന്ന സമയത്തു തന്നെയാണ് നന്ദൻ മുഖമൊന്നുയർത്തി അവളെ നോക്കിയത്

തന്നെ തന്നെ നോക്കി നിൽക്കുന്ന കാവ്യയെ കണ്ടയാളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു അവളെ നോക്കിയൊന്ന് ചിരിച്ചു കൊണ്ടയാൾ തന്റെ ഇടതു കൈയുയർത്തി അലസമായ് കിടന്നിരുന്ന താടിരോമങ്ങളെ ഒന്നൊതുക്കി വെച്ചു ,അതു കണ്ടതും ആഗ്രഹിച്ച കാഴ്ച കൺമുന്നിൽ കണ്ട കാവ്യയുടെ മുഖം വിടർന്നു

അതുവരെയുള്ള പറ്റുകൾ മുഴുവൻ തീർക്കാനുള്ള പണമെണ്ണി നന്ദന്റ കയ്യിലേക്ക് കീർത്തനവെച്ചു കൊടുത്തതും അതിൽ നിന്ന് കുറച്ചു രൂപയെടുത്ത് ബാക്കി പണം അവൾക്കു നേരെ തന്നെ നീട്ടിയവൻ ..

“നന്ദേട്ടാ.. എന്റെ കയ്യിലുണ്ട് പൈസ, തരാനുള്ളത് മുഴുവൻ എടുത്തോളൂ

പതിഞ്ഞ ശബ്ദത്തിൽ കീർത്തന പറഞ്ഞതിന് കനത്തൊരു മൂളലായിരുന്നു നന്ദന്റെ മറുപടി ഒപ്പം അവന്റെ കണ്ണുകൾ പരിക്കുപറ്റിയ കാവ്യയുടെ കാലുകളിലേക്കും എത്തി ,അതു കണ്ടതും കീർത്തന വേറെ ഒന്നും പറയാതെ ആ പണം പേഴ്സിനുള്ളിലേക്ക് വെച്ചു

വാങ്ങിയ സാധനങ്ങളെല്ലാം കയ്യിലെ ഷോപ്പറിലാക്കി നടക്കാനൊരുങ്ങുന്ന കീർത്തനയുടെ ഒപ്പം നടക്കാനായ് കാവ്യ കടയിൽ നിന്ന് മെല്ലെ ഇറങ്ങിയതും അവളുടെ മുന്നിലേക്ക് മഞ്ചിന്റെ വലിയൊരു മിഠായ് പാക്കറ്റ് നീണ്ടു വന്നു ,അതു പ്രതീക്ഷിച്ചതു പോലെ കാവ്യ അതു കയ്യിലെടുത്തു കീർത്തനയ്ക്ക് ഒപ്പം നടക്കുമ്പോൾ അവളുടെ ചുണ്ടിൽ വിരിഞ്ഞ ചിരിയുടെ ബാക്കി എന്നവണ്ണം നന്ദന്റെ ചുണ്ടിലുമുണ്ടായിരുന്നു തെളിഞ്ഞ നിറഞ്ഞ ഒരു ചിരി

“നീയൊരു സഹായമാണല്ലേ നന്ദാ ആ അമ്മയ്ക്കും മോൾക്കും ..?

അവർ നടന്നു പോവുന്നത് നോക്കി നിൽക്കുന്ന നന്ദനോട് കടയിലുണ്ടായിരുന്ന മത്തായി ചേട്ടൻ ചോദിച്ചതും അവന്റെ ശ്രദ്ധ അവരിൽ നിന്നു മത്തായിലേക്കായ്

“അതെന്താ മത്തായി ചേട്ടൻ അങ്ങനെ ചോദിച്ചത് ..?

“ഞാനിവിടെ വരത്തനാണെങ്കിലും ഈ നാട്ടിൽ വന്ന കാലം മുതൽ കേൾക്കാൻ തുടങ്ങിയതാണ് നന്ദന്റെയും കീർത്തനയുടെയും പേര് പിന്നെ നിങ്ങളുടെ കഥകളും അതുകൊണ്ട് പറഞ്ഞതാണ്

മത്തായ് ചേട്ടൻ പറയുമ്പോ നന്ദനും ഓർത്തത് അതു തന്നെയായിരുന്നു

ഒരു നാട് മുഴുവൻ ഒരിക്കൽ ചേർത്തുവെച്ചു പറഞ്ഞു രസിച്ച രണ്ട് പേരുകൾ നന്ദനും കീർത്തിയും

കാണുന്നവരെല്ലാം തങ്ങളുടെ ബന്ധത്തെ പ്രണയമായി ആഘോഷിച്ചപ്പോൾ അടുപ്പമുള്ളവർ മാത്രം തിരിച്ചറിഞ്ഞ സൗഹൃദമായിരുന്നു തങ്ങളുടേത് ..

ഒരിക്കലും ഇഴപിരിക്കാൻ കഴിയാത്ത അത്രയും അടുപ്പമുള്ള രണ്ട് കൂട്ടുകാർ അതായിരുന്നു താനും കീർത്തിയും

അവൾക്ക് ഭർത്താവായ് തന്റെ പ്രിയ കൂട്ടുകാരൻ രാഹുലിനെ താൻ കണ്ടെത്തിയപ്പോൾ തനിക്ക് ഇണയായ് ഒരുവളെ കണ്ടെത്തിയത് അവളായിരുന്നു ,തങ്ങളുടെ സൗഹൃദം ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയതു തന്നെ അന്നു മുതലായിരുന്നു

ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു കീർത്തനയ്ക്ക് ഒരപകടത്തിലൂടെ സ്വന്തം മാതാപിതാക്കളെയും താലികെട്ടിയവനെയും നഷ്ടപ്പെടുന്നത് ,ഭാഗ്യം കൊണ്ടു മാത്രം അതിൽ നിന്നു രക്ഷപ്പെട്ടവരായിരുന്നു അവളും കാവ്യയും

അന്നു മുതൽ അവർക്ക് കൂട്ടായ്, സംരക്ഷണമായ് ഈ നാടുണ്ട് ,നാട്ടുക്കാരുണ്ട് അതിനുമപ്പുറം പാതിവഴിയിൽ പ്രിയ കൂട്ടുക്കാരിയെ ഉപേക്ഷിക്കാത്ത സൗഹൃദമായ് താനുമുണ്ട്

ഏതു നല്ലമരച്ചില്ലയിലും കാണും പുഴുക്കുത്തുള്ള രണ്ടില എന്നു പറയുമ്പോലെ ഈ നാട്ടിലുമുണ്ട് ചിലർ എല്ലാ ബന്ധങ്ങളിലും കാമത്തിന്റെ വേരുകൾ ചികയുന്നവർ ,അളിഞ്ഞ നാവുകൊണ്ട് പുഴുത്ത വാക്കുകൾ പറയുന്നവർ ..

അവരെ ഭയന്ന് കീർത്തന മകളുമായ് ഇനിയെന്തെന്നറിയാതെ പകച്ചപ്പോൾ താൻ തിരിച്ചറിഞ്ഞിരുന്നു അവളിലെ അമ്മയുടെ ആധിയും പേടിയും. ആൺതുണയില്ലാതെ ജീവിയ്ക്കുന്ന ഓരോ പെണ്ണും മനസ്സിൽ പേറുന്ന തീ..

അന്ന് മുതൽ അകന്നു നിന്നതേയുള്ളു അവരിൽ നിന്ന്, സംസാരങ്ങൾ പോലും അന്യമായ് തങ്ങൾക്കിടയിൽ .. എത്ര അടുപ്പമുള്ളവരാണെങ്കിലും അന്യരായ രണ്ടു പേരാണല്ലോ തങ്ങൾ..

എത്ര അകന്നു നിന്നിട്ടും അകറ്റി നിർത്താൻ പറ്റാത്ത വിധം തന്നിലേക്ക് വാശിയോടെ വന്നു ചേർന്നവളായിരുന്നു കാവ്യ..

എന്നും തനിക്കരികിലേക്ക് ഓടിയെത്താറുള്ള കുറുമ്പി ,ഓരോ ദിവസത്തെ സ്കൂൾ വിശേഷങ്ങളും ഒന്നൊഴിയാതെ തന്നെയവൾ പറഞ്ഞു കേൾപ്പിക്കുമ്പോൾ ,അവളുടെ പരാതികളും പരിഭവങ്ങളും പറഞ്ഞു കേൾപ്പിക്കുമ്പോൾ താൻ തിരിച്ചറിയുന്നുണ്ട് തന്നിലവൾ തിരയുന്നത് ഒരച്ഛനെ, ഒരു നല്ല സുഹൃത്തിനെയെല്ലാം ആണെന്ന് ..
ബന്ധങ്ങളില്ലാതെ ബന്ധനങ്ങളിലാവുന്ന അപൂർവ്വം ചില ബന്ധങ്ങളിൽ ഒന്ന്

കഴിഞ്ഞ ദിവസമായിരുന്നു ശ്രദ്ധിക്കാതെ നടന്ന് ഒരു ബൈക്ക് വന്നു കാവ്യയുടെ കാലിൽ തട്ടിയത്, കടയുടെ മുന്നിൽ വെച്ചായതു കൊണ്ട് താനാണവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയത്

പേടിച്ചു തന്റെ നെഞ്ചോരം ചേർന്നിരിക്കുമ്പോൾ അറിയാതെ എന്നവണ്ണം അവൾ തന്നെ വിളിച്ചത് നന്ദച്ഛാ.. എന്നായിരുന്നു

ഒരച്ഛന്റെ കരുതൽ അവൾക്കായ് നൽകുമ്പോഴും ശ്രദ്ധിക്കാതെ നടന്നതിന് താനവളെ ഒരു പാട് വഴക്കു പറഞ്ഞിരുന്നു തന്നോട് തെറ്റി പിണങ്ങി പോയവൾക്ക് തന്നെ കാണാതെ ഇരിക്കാൻ പറ്റില്ലാന്നറിയാമായിരുന്നു ..അതാണീ സന്ധ്യാനേരത്തുള്ള വരവിന്റെ കാരണവും ..

ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് ബന്ധിക്കപ്പെട്ടവരല്ലേ തങ്ങൾ ..
ചില അപൂർവ്വ ബന്ധങ്ങളിൽ ഒന്ന്..

മറ്റുള്ളവർക്ക് കാണാൻ കഴിയാത്ത സ്നേഹത്തിന്റെ അദൃശ്യചങ്ങലകൊളുത്തിൽ ബന്ധിക്കപ്പെട്ടിട്ടുള്ള ഒരച്ഛൻ മകൾ ബന്ധം… ചിലപ്പോൾ അതിലും മുകളിൽ നിൽക്കുന്ന ഒരാത്മബന്ധം..

ഇഴപിരിക്കാൻ കഴിയാത്ത ,വേർതിരിക്കാൻ കഴിയാത്ത ബന്ധങ്ങളുടെ ബന്ധനമില്ലാത്ത ബന്ധം … ഇതെന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ ..