ഇന്ന് അമ്മയുടെ മറ്റവൻ നമ്മുടെ അച്ചുവിന്റെ മുറിയിൽ കയറി. സ്വന്തം മകളെ കാമുകന് ആശ തീർക്കാൻ കൊടുത്തിട്ട് അവര് അത്..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“കഷ്ടം തന്നെ .. കോളേജിൽ പഠിക്കുന്ന പിള്ളേരൊക്കെ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യാനാ.. ”

“കഞ്ചാവ് ആയിരിക്കും..അല്ലാതെ പെറ്റ തള്ളയെ ഒക്കെ കൊല്ലാൻ മക്കൾക്ക് പറ്റോ .. എന്തായാലും ഇന്നല്ലേ വിധി… ചെറുക്കന് കുറെ നാള് അകത്ത് കിടക്കാം.”

കോടതിയിലെത്തുമ്പോൾ പലരിൽ നിന്നും പല പല കമന്റുകളാണ് നാഗേഷ് കേട്ടത്.. ആ പറയുന്നതൊക്കെയും തന്റെ ഭാര്യയെയും മകനെയും പറ്റിയാണെന്ന് ഓർക്കവേ അയാളുടെ ഉള്ള് പിടഞ്ഞു.

” ടാ നീ ഇങ്ങനെ വിഷമിക്കല്ലേ.. സംഭവിക്കാൻ ഉള്ളതൊക്കെയും സംഭവിച്ചു. ഇനീപ്പോ അതോർത്തു വിഷമിച്ചിട്ടു കാര്യമില്ല.. എന്നാലും ശ്രീദേവിയോട് ഇത് ചെയ്യാൻ ആനന്ദിന് എങ്ങിനെ തോന്നി.. പൊന്ന് പോലാ അവള് അവനെ നോക്കിയേ.. അത് മാത്രമാണ് എനിക്ക് ഉൾക്കൊള്ളാൻ പറ്റാത്തത്.. ഇനി ഈ കേൾക്കുന്നത് പോലെ അവൻ കഞ്ചാവോ മറ്റോ…”

സുഹൃത്ത് രമേശന്റെ വാക്കുകൾ കേട്ട് മറുപടിയില്ലാതെ അങ്ങിനെ ഇരുന്നു പോയി നാഗേഷ്.

” ദേ സാറേ…അതാ ചെറുക്കന്റെ തന്ത.. ദുബായിൽ ആയിരുന്നു. ഇവർക്ക് ഈ ചെറുക്കൻ അല്ലാതെ ഇളയത് ഒരു പെൺകൊച്ചു കൂടി ഉണ്ട്. തള്ളേ കൊന്ന് ചെറുക്കൻ അകത്തായപ്പോ തന്തയും മോളും മാത്രമായി ബാക്കി. ”

കോൺസ്റ്റബിൾ പറഞ്ഞത് കേട്ട് എസ് ഐ നാഗേഷിനെ തന്നെ ശ്രദ്ധിച്ചു.

” ടോ.. അയാളുടെ ഇരുപ്പിൽ എന്തേലും പന്തികേട് തോന്നുന്നുണ്ടോ… എനിക്ക് തോന്നുന്നു. എന്തായാലും ചെറുക്കനെ പുറത്ത് കൊണ്ട് വരുമ്പോ ഒന്ന് ശ്രദ്ധിച്ചോ.. ഇവിടെങ്ങാനും വച്ച് ചെറുക്കന് എന്തേലും പറ്റിയാൽ പൊല്ലാപ്പ് നമുക്ക് ആണ്. ”

ആ പറഞ്ഞതിൽ വാസ്തവമുണ്ടെന്ന് കോൺസ്റ്റബിളിനും തോന്നി .

ആ സമയം ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു നാഗേഷ്.

” ടാ നീ അകത്തേക്ക് കേറുന്നില്ലേ കേസ് വിളിക്കാറായി.. ”

രമേശന്റെ ചോദ്യം കേട്ട് പതിയെ തലയുയർത്തി നാഗേഷ്.

” എന്തിനാ ടാ… ശിക്ഷ ഉറപ്പാണ് എന്തായാലും പിന്നെ ഞാൻ എന്നാത്തിനാ അത് കാണാൻ കേറുന്നേ.. ”

പറഞ്ഞു നിർത്തുമ്പോൾ അയാളുടെ മിഴികൾ തുളുമ്പുന്നുണ്ടായിരുന്നു. മറുപടി പറയുവാനായി വാക്കുകൾ കിട്ടാതെ മൗനമായി നിന്നു രമേശൻ.

പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. കുറ്റം സമ്മതിച്ചതിനാൽ ആനന്ദിന് തടവ് ശിക്ഷ തന്നെ കിട്ടി.

” ആറു വർഷം ആണ്.. രാത്രിയിൽ മുറിയ്ക്ക് പുറത്ത് അനക്കം കേട്ട് കള്ളൻ ആണെന്ന് കരുതി കയ്യിൽ കിട്ടിയ അയൺ ബോക്സ് എടുത്ത് തലയ്ക്കടിച്ചു.. ഇരുട്ടിൽ അത് അമ്മയായിരുന്നെന്ന് അറിയാൻ കഴിഞ്ഞില്ല. അതാണ് പോലീസിൽ കൊടുത്ത മൊഴി. പ്രായവും സാഹചര്യവും കണക്കിലെടുത്താണ് ശിക്ഷ ആറു വർഷമാക്കിയത് ”

വക്കീൽ പറഞ്ഞത് കേട്ട് നെഞ്ച് പൊട്ടുന്ന വേദനയിൽ നിലത്തേക്കിരുന്നു പോയി നാഗേഷ്. അവനെ താങ്ങി പിടിച്ചു നിന്ന രമേശന്റെയും മിഴികളിൽ നീര് പടർന്നു.

സമയം പിന്നെയും നീങ്ങി. ഒടുവിൽ ജയിലിലേക്ക് കൊണ്ട് പോകുവാനായി ആനന്ദിനെ കോടതിയ്ക്ക് പുറത്തേക്ക് കൊണ്ട് വന്നു. ആ സമയം വേഗത്തിൽ ഓടി അരികിലേക്ക് ചെന്നു
നാഗേഷ്. അയാളെ കണ്ടപാടേ പൊട്ടിക്കരഞ്ഞു ആനന്ദും.

“സാറെ.. എന്റെ മോനോട് ഒന്ന് സംസാരിച്ചോട്ടെ ഞാൻ…”

കൈ കൂപ്പിയുള്ള ആ അപേക്ഷ കണ്ടില്ലെന്ന് നടക്കുവാൻ പോലീസുകാർക്കും കഴിഞ്ഞില്ല. എന്നാൽ എസ് ഐയുടെ നിർദ്ദേശമുള്ളതിനാൽ കരുതലോടെ നിന്നു അവരും.

” മോനെ… എന്തിനാടാ നീ ജീവിതം തുലച്ചു കളഞ്ഞത്. ”

നാഗേഷിന് ചോദിക്കുവാൻ അത് മാത്രമേ ഉണ്ടായിരുന്നുള്ളു.

” അച്ഛാ.. ഒന്നും ആരും അറിയേണ്ട.. ഞാൻ പോയാലും അച്ചുവിന് അച്ഛൻ ഉണ്ട് പക്ഷെ അച്ഛനാണ് എന്റെ സ്ഥാനത്ത് ജയിലിൽ പോകുന്നതെങ്കിൽ പിന്നെ ഞങ്ങൾക്ക് ആരുമില്ലാതാകും.. ”

ആ വാക്കുകൾ കേട്ട് പൊട്ടിക്കരഞ്ഞു കൊണ്ട് ആനന്ദിനെ വാരി പുണർന്നു നാഗേഷ്.

” മതി..മതി.. ”

പോലീസുകാർ ഇടയിലേക്ക് കയറിയതോടെ മിഴി നീര് തുടച്ചു കൊണ്ട് ആനന്ദ് ജീപ്പിലേക്ക് കയറി.

” അച്ഛാ… നമുക്ക് ഈ നാട് വിടണം.. ഇവിടം ഇനി വേണ്ട.. ഞാൻ തിരിച്ചു ഇറങ്ങുമ്പോൾ പുതിയൊരു നാട്ടിൽ ആയിരിക്കണം നിങ്ങൾ ..”

അത് പറയുമ്പോൾ വല്ലാത്ത നോവ് പടർന്നിരുന്നു ആനന്ദിന്റെ മിഴികളിൽ..

” പോകാമെടാ… അച്ഛൻ നോക്കിക്കോളാം അത്.. മോൻ വിഷമിക്കാതെ പോയി വാ… ”

ആ വാക്കുകൾ കേട്ട് വേദനയിലും ഒന്ന് പുഞ്ചിരിച്ചു ആനന്ദ്..

ജീപ്പ് പതിയെ നീങ്ങി. അത് കണ്ണിൽ നിന്നും മായുന്നത് നിറകണ്ണുകളോടെ നോക്കി നിന്നു നാഗേഷ്.
ആ സമയം രമേശനും അരികിലേക്കെത്തി.

” നാഗേഷേ.. ഇവനോട് എങ്ങിനെ ക്ഷമിക്കാൻ പറ്റുന്നെടാ നിനക്ക്.. നിന്റെ കുടുംബം തന്നെ തകർന്ന് പോയില്ലേ.. ”

ആ ചോദ്യം കേട്ട് പതിയെ രമേശന്റെ ചുമലിലേക്ക് കൈ വച്ചു നാഗേഷ്.

” ടാ.. മനഃപൂർവം അല്ലടാ അവന് അബദ്ധം പറ്റി പോയതാ ടാ… പാവം.. ”

പിന്നെ ഒന്നും പറഞ്ഞില്ല രമേശൻ..

” ടാ ഞാൻ പോട്ടെ.. ടൗണിൽ ഒന്ന് പോണം നീ വേഗം വീട്ടിലേക്ക് ചെല്ല് മോള് അവിടെ ഒറ്റക്കല്ലേ.. ”

രമേശൻ ഓർമിപ്പിക്കുമ്പോൾ ആണ് മോളെ പറ്റി നാഗേഷ് ഓർത്തത്.

” ശെരിയാണ്.. ഞാനും പോകുവാ… ”

വീട്ടിലേക്കുള്ള മടക്കയാത്രയിൽ ബസിൽ ഇരിക്കുമ്പോൾ നാഗേഷിന്റെ മനസ് ഏറെ അസ്വസ്ഥമായിരുന്നു. പതിയെ ഫോൺ എടുത്ത് വാട്ട്സപ് ഓപ്പൺ ആക്കി ആനന്ദിന്റെ ചാറ്റ് എടുത്തു അതിൽ അവസാനം അവൻ അയച്ച ആ ദൈർഖ്യമേറിയ വോയിസ്‌ മെസേജിലേക്ക് നോക്കവേ അയാളുടെ മിഴികളിൽ പതിയെ പതിയെ ചോര തെളിഞ്ഞു.

‘ അച്ഛാ.. ഞാൻ അമ്മയെ കൊന്നു.. സഹികെട്ടു ചെയ്ത് പോയതാ.. ഇന്ന് അമ്മയുടെ മറ്റവൻ നമ്മുടെ അച്ചുവിന്റെ മുറിയിൽ കയറി. സ്വന്തം മകളെ കാമുകന് ആശ തീർക്കാൻ കൊടുത്തിട്ട് അവര് അത് നോക്കി നിൽക്കുന്നത് കണ്ടപ്പോ സഹിച്ചില്ല എനിക്ക്. ഞാൻ മുഖം കണ്ടില്ല എന്ന ആശ്വാസത്തിൽ അയാൾ ഓടി രക്ഷപ്പെട്ടു. അമ്മയെ ഞാനങ്ങ് തീർത്തു.

ഇനി അവര് ജീവിച്ചിരിക്കാൻ അർഹയല്ല..ഒരാളൊന്നുമല്ലായിരുന്നു അവർക്ക് കൂട്ട്. പലരും രാത്രി സമയത്ത് വീട്ടിൽ വന്നു പോണത് അറിഞ്ഞിട്ടുണ്ട് ഞാൻ. സ്വന്തം അമ്മയുടെ ഈ വൃത്തികെട്ട സ്വഭാവം കണ്ട് നടുങ്ങി എന്ത് ചെയ്യണമെന്നറിയാതെ എത്രയോ വട്ടം പൊട്ടിക്കരഞ്ഞിട്ടുണ്ട്.

അവര് എന്താ അച്ഛാ ഇങ്ങനെ ആയിപോയെ.. അച്ഛനോട് പറഞ്ഞപ്പോ വിശ്വസിക്കാൻ അച്ഛനും ബുദ്ധിമുട്ട് ആയിരുന്നു. അമ്മയോ പിഴച്ചു അനിയത്തിയെയെങ്കിലും രക്ഷിക്കണമെന്ന് തോന്നി എനിക്ക്. ഇനി ഒരു സത്യം കൂടി ഞാൻ പറയാം. അച്ചുവിന്റെ മുറിയിൽ കയറിയ ആ കാമുകൻ അച്ഛന്റെ സുഹൃത്ത് രമേശനാണ്. ആരെയും വിശ്വസിക്കരുത് അച്ഛാ..’

പലവട്ടം കേട്ട് കേട്ട് ആ മെസേജ് നാഗേഷിന് മനപാഠമായിരുന്നു.

‘രമേശാ… ഒപ്പം നിന്ന് ചതിക്കുവായിരുന്നു അല്ലെ നീ.. അമ്മയ്ക്കുള്ള ശിക്ഷ മോൻ വിധിച്ചു. ഇനി നിനക്കുള്ളത് ഞാൻ തരാം അവസരം വരട്ടെ.. ‘

പല്ല് ഞെരിച്ചു കൊണ്ട് അയാൾ സീറ്റിലേക്ക് ചാഞ്ഞു.

” ചേട്ടാ.. ഈ മൊട്ട മലയിൽ ഇപ്പോൾ കേറാൻ പറ്റോ.. ”

” ഏയ് ഇല്ല.. അതൊക്കെ ഫോറെസ്റ്റ്കാര് ബ്ലോക്ക് ചെയ്ത്. രണ്ട് പേരാ ആറു മാസത്തിനിടയിൽ അതിന്റെ മുകളിൽ നിന്ന് വീണ് ചത്തത്… ”

ഒരു യാത്രക്കാരനും ബസിലെ കണ്ടക്ടറും തമ്മിലുള്ള ആ സംസാരം കേൾക്കവേ പതിയെ നാഗേഷിന്റെ നെറ്റി ചുളിഞ്ഞു.

‘ മൊട്ടമല…’

ആ പേര് മനസ്സിൽ ഒന്ന് ഓർത്ത് അല്പസമയം മൗനമായി ഇരിക്കവേ അയാളുടെ മനസ്സിൽ ഒരു വ്യക്തമായ പ്ലാൻ തെളിഞ്ഞിരുന്നു… ഒന്നും വൈകിക്കാൻ പാടില്ല.. ഫോൺ കയ്യിലെക്കെടുത്തു പതിയെ രമേശന്റെ നമ്പറിൽ കോൾ ചെയ്ത് കാതോട് ചേർത്തു നാഗേഷ്

” എന്താടാ.. ”

മറു തലയ്ക്കൽ രമേശന്റെ ശബ്ദം കേൾക്കവേ സിരകളിൽ തീ പടരുന്നത് അറിഞ്ഞു അയാൾ.

” ടാ.. ആകെ മനസ് കൈ വിട്ടു നിൽക്കുവാ ഞാൻ.. ഓരോന്ന് ഓർത്തിട്ട് തലയ്ക്ക് ഭ്രാന്ത് കേറുന്നു. ഒന്ന് ഉറങ്ങീട്ട് ദിവസം കുറെയായി.. ഇന്ന് രാത്രി രണ്ടെണ്ണം അടിക്കണം എനിക്ക് ഈ ഒരു രാത്രി എല്ലാം മറന്ന് ഒന്നുറങ്ങണം. നമുക്ക് രാത്രി മൊട്ട മലയുടെ മുകളിൽ കൂടാം.. പണ്ട് അവിടിരുന്നു കുറെയിരുന്നു കള്ള് കുടിച്ചിട്ടുള്ളതല്ലേ നമ്മൾ.”

” അത് ഓക്കേ.. എന്തിനും ഞാൻ ഉണ്ട് നിനക്കൊപ്പം..പക്ഷെ ഇപ്പോ അവിടെ സീൻ ആണെടാ ഫോറെസ്റ്റ്കാര് അറിഞ്ഞാൽ കേസ് ആണ്… ”

രമേശന്റെ മറുപടി കേട്ട് ഒരു നിമിഷം മൗനമായി നാഗേഷ്.

” നീ വിചാരിച്ചാൽ ഫോറെസ്റ്റുകാരെ ഒതുക്കാൻ പറ്റില്ലേ. അതിനുള്ള പിടിപാടൊക്കെ ഇല്ലേ രമേശാ നിനക്ക്.. എനിക്ക് വേണ്ടി ഒന്ന് ചെയ്യ്.. എന്റെ പെങ്ങൾ ഉണ്ട് വീട്ടിൽ മോളെ അവള് നോക്കും…. നീ രാത്രി വാ.. മൊട്ടമലയിൽ ആകുമ്പോൾ ആരുടെയും ശല്യം കാണില്ല.. ”

ഒന്ന് ആലോചിച്ച ശേഷം രമേശൻ ഓക്കേ പറഞ്ഞതോടെ പതിയെ ഫോൺ പോക്കറ്റിലേക്കിട്ടു നാഗേഷ്. ശേഷം പതിയെ സീറ്റിലേക്ക് ചാഞ്ഞു.

” ഇതിപ്പോ ഒന്നും ചെയ്യാൻ പറ്റില്ല. വീട്ടിൽ വച്ച് നടന്നതല്ലേ… കൈയബദ്ധം ആണേലും കൊലപാതകം കൊലപാതകം തന്നെയാണ്.. പിന്നെ ഉയരത്തിൽ ന്ന് ഒക്കെ വീണുള്ള മരണമൊക്കെയാണേൽ കാലു തെന്നി വീണെന്നോ ഒക്കെ പറഞ്ഞു നമുക്ക് പിടിച്ചു നിൽക്കാമായിരുന്നു. ഇവിടിപ്പോ പരമാവധി ശിക്ഷ കുറക്കാൻ വേണ്ടത് ചെയ്യാൻ മാത്രമേ നമുക്ക് പറ്റുള്ളൂ ”

ആനന്ദിന്റെ കേസുമായി ബന്ധപെട്ടു വക്കീൽ പറഞ്ഞ കാര്യങ്ങൾ ആണ് അപ്പോൾ നാഗേഷ് മനസ്സിൽ ഓർത്തത്.

നാഗേഷിന്റെ പ്ലാൻ നടപ്പിലാക്കപ്പെട്ടത് പിറ്റേന്ന് ചാനൽ വാർത്തകളിലൂടെ പുറം ലോകം അറിഞ്ഞു.

‘ മൊട്ടമലയിൽ വീണ്ടും അപകടമരണം .. സമീപവാസി രമേശൻ ആണ് മരണപെട്ടത്. സുഹൃത്ത്‌ നാഗേഷുമൊന്നിച്ചു ഫോറെസ്റ്റ് ഓഫീസർമാരുടെ കണ്ണുവെട്ടിച്ചു മദ്യപിക്കുവാൻ മലയുടെ മുകളിൽ കയറിയ രമേശൻ മദ്യ ലഹരിയിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. സംഭവ ശേഷം ഭയന്നു വിറച്ച നാഗേഷ് തന്നെയാണ് വിവരം ഫോറെസ്റ്റിനെ അറിയിച്ചത്. ബോഡി കേണ്ടെത്തിയിട്ടുണ്ട്. പ്രവേശനാനുമതി ഇല്ലാത്ത സ്ഥലത്ത് അതിക്രമിച്ചു കയറിയത്തിന് നാഗേഷിനെതിരെ കേസെടുത്തതായി ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ നിന്നും അറിയിച്ചു. ‘

ആ വാർത്ത ജയിലിലും എത്തി. താൻ ആഗ്രഹിച്ചത് ഇത്രയും വേഗത്തിൽ അച്ഛൻ നടപ്പിലാക്കിയതറിയവേ ഉള്ളാലെ വല്ലാതെ സന്തോഷിച്ചു ആനന്ദ്.

വർഷങ്ങൾ പിന്നെയും നീങ്ങി. ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ കേസ് തേഞ്ഞു മാഞ്ഞു തീർന്നു. ആനന്ദിന്റെ ആഗ്രഹ പ്രകാരം മകളുമായി ആ നാട് വിട്ടു നാഗേഷ്.

പ്രവാസ ജീവിതം അവസാനിപ്പിച്ചു പുതിയൊരു നാട്ടിൽ ഒരു പലചരക്ക് കടയുടെ ബിസിനസ്സുമായി മകളുമൊന്നിച്ചു അയാൾ ആനന്ദിന്റെ വരവിനായി കാത്തിരുന്നു.