കാരണം നിശ്ചയം കഴിഞ്ഞതാണ് മോതിരം മാറ്റം പോലും അന്ന് നടത്തിയതാണ് പിന്നെ എന്തിന്റെ പേരിലാണ് ഈ കല്യാണം നടക്കില്ല..

(രചന: J. K)

“”ആരാ അച്ഛാ വിളിച്ചത്?”” എന്ന് ചോദിച്ചപ്പോൾ അവളോട് ഒന്നും പറയാതെ അയാൾ വേഗം ഉമ്മറത്തേക്ക് പോയി.

എന്തോ പ്രശ്നമുണ്ട് എന്ന് അവൾക്ക് മനസ്സിലായിരുന്നു കാരണം ഇതേവരെ നല്ല സന്തോഷത്തോടെ ഇരുന്നാരുന്ന അച്ഛനാണ് ഒരു ഫോൺകോൾ വന്നതും ആകെ മുഖം ഒക്കെ മാറി വേഗം ഉമ്മറത്തേക്ക് നടന്നത്…

ചോദിച്ചതിന് ഒന്നും മറുപടി പോലും തരാതെ..

അവൾ അച്ഛന്റെ പുറകെ ചെന്നു. ഉമറത്തെ ചാരുകസേരയിൽ ചിന്താമഗ്നനായി ഒന്നും മിണ്ടാതെ കിടക്കുകയായിരുന്നു അദ്ദേഹം മുഖം കണ്ടാൽ അറിയാം എന്തോ വലിയ ടെൻഷൻ ഉണ്ട് എന്ന് അവൾ അച്ഛന്റെ അടുത്തു പോയി ഇരുന്നു…

“” ആരാ വിളിച്ചത് എന്താ ഉണ്ടായത് എന്നൊക്കെ ഞാൻ കുറെ നേരമായി ചോദിക്കുന്നു. അച്ഛൻ ഒന്നും മിണ്ടാതെ കണ്ണടച്ച് കിടക്കുകയാണ് എനിക്ക് എന്തോ ടെൻഷൻ ആകാൻ തുടങ്ങി..

ഒടുവിൽ അച്ഛൻ എന്നോട് പറഞ്ഞു ഈ വിവാഹം നടക്കില്ല എന്ന് കേട്ടപ്പോൾ എനിക്കെന്തോ ടെൻഷൻ പോലെ തോന്നി.

കാരണം നിശ്ചയം കഴിഞ്ഞതാണ് മോതിരം മാറ്റം പോലും അന്ന് നടത്തിയതാണ് പിന്നെ എന്തിന്റെ പേരിലാണ് ഈ കല്യാണം നടക്കില്ല എന്ന് അച്ഛൻ പറയുന്നത് എന്നായിരുന്നു എന്റെ ചിന്ത മുഴുവൻ..

അവിടെത്തന്നെ അച്ഛന്റെ മുഖത്തേക്ക് കണ്ണും നട്ട് ഇരിക്കുന്നത് കല്യാണം മുടങ്ങിയതിന്റെ കാര്യം അറിയാനാണെന്ന് മനസ്സിലായിരുന്നു അതുകൊണ്ടുതന്നെ അച്ഛൻ എന്നെ നോക്കാതെ പറഞ്ഞു…

“”” ആരോ അവിടെ പറഞ്ഞു കൊടുത്തത്രെ നീയും വേറൊരു ചെറുക്കനുമായി എന്തോ അടുപ്പം ഉണ്ട് എന്നൊക്കെ…

എന്തൊക്കെയോ ഫോട്ടോ തെളിവിനായും കൊടുത്തു എന്ന്. അതുകൊണ്ട് അവർക്ക് കല്യാണം ഉടനെ വേണ്ട ഒന്നുകൂടി ആലോചിക്കണം എന്നൊക്കെയാണ് പറയുന്നത്…. “””

അത് കേട്ടതും ഷോക്കേറ്റത് പോലെ ഇരുന്നു ഫോട്ടോ ഒക്കെയായി എന്റെ വിവാഹം മുടക്കണമെങ്കിൽ അത് ആ ഒരാൾ തന്നെ ആയിരിക്കും..

“””ജിതിൻ “”

അമ്പിളിക്ക് എന്തുവേണമെന്ന് അറിയില്ലായിരുന്നു അവളുടെ ടെൻഷൻ മുഴുവൻ അച്ഛൻ നാണം കെട്ടതിലായിരുന്നു അവർക്ക് വാക്ക് കൊടുത്ത് കല്യാണം ഇത്ര വരെ എത്തിച്ചിട്ട് മകൾക്ക് മറ്റൊരു പ്രണയബന്ധം ഉണ്ടായത് മൂലം

വിവാഹബന്ധം മുടങ്ങുക എന്നൊക്കെ പറഞ്ഞാൽ അത് അച്ഛനെ സംബന്ധിച്ചിടത്തോളം എത്രത്തോളം നാണക്കേടാണ് എന്ന് പൂർണ ബോധ്യം ഉണ്ടായിരുന്നു…

അവൾ മെല്ലെ എഴുന്നേറ്റ് മുറിയിലേക്ക് പോയി അവളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു വളരെ ചെറുപ്പത്തിലെ അമ്മ മരിച്ചതാണ്

എന്നിട്ടും മറ്റൊരു വിവാഹം പോലും കഴിക്കാതെ അച്ഛൻ ഇത്രയും നാൾ ജീവിച്ചത് മുഴുവൻ തനിക്ക് വേണ്ടിയാണ് അത്രയും ഇഷ്ടമാണ് അച്ഛന് തന്നെ…

അച്ഛന് ഇങ്ങനെ ഒരു മനോ വേദന ഉണ്ടായത് താൻ കാരണമാണല്ലോ എന്ന് ഓർത്ത് ഉരുകി അവൾ..

ഓർമ്മകൾ മെല്ലെ പുറകിലേക്ക് പോയി..

ജിതിൻ “””

കോളേജിൽ പോകുന്ന വഴിക്ക് എന്നും അവൻ കാത്തു നിൽക്കാറുണ്ടായിരുന്നു..

ഞങ്ങൾ പഠിച്ചിരുന്ന കോളേജിന് അപ്പുറത്തുള്ള കോളേജിലാണ് അവനും പഠിച്ചിരുന്നത് ഞങ്ങളെക്കാൾ രണ്ടുവർഷം സീനിയർ ആയിരുന്നു…

കാണാനൊക്കെ വളരെ ഭംഗിയുള്ള ഒരുവൻ എല്ലാവർക്കും അവനെ ഇഷ്ടമായിരുന്നു..
പെൺകുട്ടികളൊക്കെ അവന്റെ ആരാധികമാരായിരുന്നു ആ ആള് എന്നോട് പ്രണയം ആണ് എന്ന് പറഞ്ഞപ്പോൾ, എന്തോ അറിയാതെ അതിന് വശംകെട്ടു പോയി..

പക്ഷേ പ്രണയിച്ചു തുടങ്ങിയപ്പോഴാണ് ബാഹ്യമായി കാണുന്ന ഭംഗിയൊന്നും അവന്റെ ഉള്ളിൽ ഇല്ല എന്ന് മനസ്സിലായത് ഒരിക്കലും ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ഒരാളായിരുന്നു ജിതിൻ…

അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ പാടില്ല അവൻ പറയുന്നതുപോലെ അവന്റെ അടിമയെ പോലെ ജീവിക്കണം എനിക്ക് അതൊന്നും പറ്റുന്ന കാര്യങ്ങൾ ആയിരുന്നില്ല

എന്റേതായ സ്വാതന്ത്ര്യം അനുവദിച്ചു തരാത്ത ആരെയും നമ്മളുടെ ജീവിതത്തിൽ കൂടെ കൊണ്ടുനടക്കരുത് എന്നായിരുന്നു എന്റെ തിയറി…

അങ്ങനെ ഒന്ന് നമ്മുടെ കൂടെ ഉള്ളവർക്ക് തരാൻ കഴിഞ്ഞില്ലെങ്കിൽ അവരെ ഒഴിവാക്കുക എന്നത് തന്നെയായിരുന്നു എന്റെ തീരുമാനം. അതുതന്നെ ഞാൻ ചെയ്തു അത് അവനെ ഇത്തിരി ഒന്നുമല്ല ദേഷ്യം പിടിപ്പിച്ചത്…

അന്നേ അവൻ പറഞ്ഞിരുന്നു നീ ഇതിന് അനുഭവിക്കുമെന്ന് നിനക്ക് ചെയ്യാൻ കഴിയാവുന്നതൊക്കെ നീ ചെയ്തു എന്ന് ഞാനും അവനോട് പറഞ്ഞിരുന്നു…

പിന്നെയൊന്നും ഞാൻ എന്റെ മനസ്സ് അങ്ങനെ ഒരു രീതിയിലേക്ക് പോയില്ല നന്നായി പഠിച്ച് ഒരു ജോലി നേടണം എന്നത് മാത്രമായിരുന്നു ആഗ്രഹം…

പാവം ഒരു സ്കൂൾ മാഷിന്റെ മകൾക്ക്, അച്ഛനെ സഹായിക്കാൻ ഏതൊക്കെ രീതിയിൽ പറ്റും എന്നത് മാത്രമായിരുന്നു ചിന്ത…

കാരണം സ്വന്തം പെങ്ങന്മാർക്കും മറ്റും വേണ്ടി അച്ഛൻ കുറേക്കാടങ്ങൾ ഉണ്ടാക്കി വച്ചിരുന്നു അച്ഛന്റെ പെൻഷൻ അക്കൗണ്ടിൽ നിന്ന് പോലും അച്ഛൻ കടമെടുത്തിരുന്നു…

ആ പാവത്തിനെ പറഞ്ഞിട്ടെന്താ ആരെങ്കിലും വന്ന് കരഞ്ഞു കാണിച്ചാൽ അലിയാവുന്ന മനസ്സേ ആ പാവത്തിന് ഉണ്ടായിരുന്നുള്ളൂ…

വാശിയായിരുന്നു പിന്നെ ജീവിതത്തോട് പഠിച്ച് നല്ല ഒരു ജോലി നേടി. അത്യാവശ്യം ശമ്പളവും കിട്ടി എല്ലാ കടങ്ങളും ഒരുവിധം വീട്ടിയപ്പോഴാണ് ഞാൻ കല്യാണത്തിന് സമ്മതിച്ചത്…

നല്ലൊരു വിവാഹാലോചന ആയിരുന്നു.. കെഎസ്ഇബിയിൽ ജോലിയാണ് ചെറുക്കന് എന്നൊക്കെ പറഞ്ഞ് ഒരു ബ്രോക്കർ വഴി തന്നെയാണ് ആ വിവാഹാലോചന വന്നത്…

കാണാനും വലിയ കുഴപ്പമില്ല എന്നെക്കാൾ വെറും രണ്ടു മൂന്നു വയസ്സിന് മൂത്തയാൾ..
എല്ലാംകൊണ്ടും എനിക്കും അച്ഛനും ഈ വിവാഹം ഇഷ്ടമായി അതുകൊണ്ടുതന്നെ എൻഗേജ്മെന്റ് നടത്തി മോതിരം മാറ്റവും കഴിഞ്ഞു…

ഇതിനിടയിൽ അറിഞ്ഞിരുന്നു ജിതിന്റെ വിവാഹം കഴിഞ്ഞു എന്ന് അവൻ ഏതു വലിയ വീട്ടിലെ ഒരു പെണ്ണിനെ വളച്ചെടുത്ത് കല്യാണം കഴിച്ചത്രേ.

എനിക്ക് അവളോട് സഹതാപം മാത്രമാണ് ഉണ്ടായിരുന്നത് കാരണം അവന്റെ സ്വഭാവം ശരിക്കും എനിക്കറിയാമായിരുന്നു ഒരിക്കലും ആ പെണ്ണിന് ഒരു സ്വസ്ഥത അവൻ കൊടുക്കും എന്ന് എനിക്ക് തോന്നിയില്ല…

അവനായി അവന്റെ കാര്യമായി എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതി ഞാൻ ആ വഴിക്ക് പോലും ചിന്തിക്കാൻ പോയില്ല…

പക്ഷേ അതിനുശേഷം ഇപ്പോൾ ഇങ്ങനെയൊക്കെ നടന്നു. ഇതിന്റെ പുറകിൽ അവനാണ് എന്ന കാര്യം എനിക്ക് ഉറപ്പായിരുന്നു.

അങ്ങനെ ആൾക്കാർക്ക് കണ്ട് ഒരു പ്രശ്നമുണ്ട് എന്ന് തോന്നും വിധത്തിലുള്ള ഒരു ഫോട്ടോയും അവന്റെ ന്റെ കയ്യിൽ ഇല്ല എന്ന് എനിക്ക് അറിയാമായിരുന്നു…

പലപ്പോഴും ഞങ്ങൾ ഒരുമിച്ചെടുത്ത സെൽഫികൾ അത് മാത്രമാണ് അവന്റെ കയ്യിലുള്ളത്..

അച്ഛന്റെ മനസ്സ് വിഷമിപ്പിച്ചതിൽ മാത്രമായിരുന്നു എനിക്ക് സങ്കടം വേറെ ഒന്നും എനിക്ക് പ്രശ്നമല്ലായിരുന്നു..

ഞാൻ എന്റെ മനസ്സ് ഒന്ന് ശരിയായതിനുശേഷം അച്ഛനോട് ഇതിനെപ്പറ്റി എല്ലാം സംസാരിച്ചു…
അച്ഛൻ ഒക്കെയാണ് എന്ന് തോന്നിയപ്പോൾഎനിക്കും ആശ്വാസമായി..

ഞങ്ങളുടെ ജീവിതം സാധാരണ പോലെ തന്നെ മുന്നോട്ടു പോകാൻ തുടങ്ങി ഞാൻ ജോലിക്ക് പോകാൻ തുടങ്ങി… അവിടെ എന്നെ കാണാൻ അവൻ വന്നിരുന്നു ജിതിൻ..

“” ഇപ്പോ മനസ്സിലായോടി എന്റെ പവർ എന്താണെന്ന് നിനക്ക് ഈ ജന്മം ഒരു ജീവിതം കിട്ടും എന്ന് നീ മോഹിക്കേണ്ട എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്താൻ..

ചിരിയോടെയാണ് ഞാൻ അവനെ നേരിട്ടത് നീ എനിക്ക് ചെയ്തു തന്നത് വലിയൊരു കാര്യമാണെന്ന് ഞാൻ അവനോട് പറഞ്ഞു..

അതുകേട്ട് അത്ഭുതത്തോടെ അവൻ എന്റെ മുഖത്തേക്ക് നോക്കിയിരുന്നു..

“” ഒരു ഫോട്ടോ കണ്ട് ഈ വിവാഹത്തിൽ നിന്ന് പിന്മാറാൻ മാത്രം മനസ്സുള്ളവരുടെ കൂടെ കഴിയേണ്ടി വന്നില്ലല്ലോ… പിന്നെ നീയെന്താ കരുതിയത് ഈ വിവാഹമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവം എന്നോ…

ഞാൻ ഒരിക്കലും അങ്ങനെ കരുതുന്നില്ല എന്റെ കാര്യം നിൽക്കാൻ എനിക്കിപ്പോൾ തന്റേടമുണ്ട് അത് ഉള്ളടത്തോളം കാലം എനിക്ക് ആരെയും ഭയപ്പെടേണ്ട ആവശ്യമില്ല.. അതുകൊണ്ട് നിന്റെ ഈ വിരട്ടും ഭീഷണിയും ഒന്നും ഇനി എന്റെ നേർക്ക് വേണ്ട..”””

അത്രയും പറഞ്ഞ് കൂൾ ആയി ഞാൻ തിരിഞ്ഞു നടന്നു.. എന്തോ നഷ്ടപ്പെട്ട അണ്ണാനെ പോലെ അവൻ അവിടെ നിന്നിരുന്നു..

അപ്പോൾ എന്റെ മനസ്സ് നിറയെ അച്ഛനോട് ഞാൻ എല്ലാം സംസാരിച്ചപ്പോൾ അച്ഛൻ പറഞ്ഞ വാക്കുകൾ ആയിരുന്നു..

“” എന്റെ മോള് എത്രത്തോളം പോകുമെന്ന് അച്ഛന് അറിയാം.. ഇപ്പോഴേ ഈ വിവാഹം മുടങ്ങിയത് നന്നായി..

ഇന്ന് നമുക്കിത് തിരുത്താം ആർക്കും ഒരു വേദനയും ഇല്ലാത്ത വിധത്തിൽ നാളെ ആവുമ്പോൾ അത്ര സുഗമമായി കഴിഞ്ഞില്ലെന്നു വരും.. “”

അതായിരുന്നു പിടിച്ചുനിൽക്കാനുള്ള ധൈര്യം മുഴുവൻ തന്നത്.. ഇനിയൊരു വിവാഹം കഴിക്കും.. എനിക്ക് കൂടെ ബോധ്യപ്പെട്ട് എന്നെ മനസ്സിലാക്കാൻ പൂർണമായി കഴിയും എന്ന് എനിക്ക് കൂടി തോന്നുന്ന ഒരാളെ.