ചോദ്യങ്ങളും സംസാരങ്ങളുമില്ലാതെ അവളുടെ ശരീരം തന്റെ ഇഷ്ട്ടത്തിനും ആഗ്രഹത്തിനും അനുസരിച്ച് ഉപയോഗിച്ച് സ്വയം തൃപ്തനായ്..

(രചന: രജിത ജയൻ)

“അനൂ… നീ കുറച്ചു ദിവസം വീട്ടിലൊന്ന് പോയി നിൽക്കണം, അമ്മയ്ക്കെന്തോ വയ്യായ്ക ഉണ്ടെന്ന് പറഞ്ഞ് ഏട്ടൻ വിളിച്ചിരുന്നു..

അത്താഴം കഴിക്കാനിരിക്കുമ്പോൾ ദർശൻ പറഞ്ഞതു കേട്ട അനുപമ അവനെയൊന്ന് നോക്കി മെല്ലെ തലയിളക്കി വീണ്ടും ഭക്ഷണം കഴിക്കാൻ തുടങ്ങി

”എന്നാൽ നീ അത്താഴം കഴിച്ചിട്ട് വേഗം തന്നെ കൊണ്ടുപോവാനുള്ള ഡ്രസ്സെല്ലാം എടുത്ത് വെച്ചോ

“കുറച്ചു ദിവസം നിനക്കവിടെ നിൽക്കാൻ വേണ്ടതെല്ലാം എടുത്തു വെച്ചേക്ക് ട്ടോ..

ദർശൻ ആ പറഞ്ഞതിനും അവളൊന്നു മൂളി തലയിളക്കിയതിനു ശേഷം ഭക്ഷണം കഴിക്കൽ തുടർന്നു

“അച്ഛാ.. അമ്മ നാളെ അപ്പോ അച്ഛമ്മയുടെ വീട്ടിൽ പോവാണോ ..?

അതുവരെ നിശബ്ദനായിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വിഹാൻ എന്ന വിച്ചു അവന്റെ അമ്മയെ ഒന്നു നോക്കി അച്ഛനോട് ചോദിച്ചു

“അതേ മോനൂ, അമ്മ നാളെ അച്ഛമ്മയുടെ അടുത്തേക്ക് പോവുകയാണ്, അച്ഛമ്മയ്ക്ക് എന്തൊക്കെയോ കുഞ്ഞുകുഞ്ഞു അസുഖങ്ങൾ ,അതു മാറി അച്ഛമ്മ ഉഷാർ ആവുന്നതു വരെ അമ്മ അവിടെയാണ് ട്ടോ

“ഇവിടെ ഇനി കുറച്ചു നാൾ മോനൂസും അച്ഛനും മാത്രം, നമ്മുക്ക് അടിച്ചു പൊളിക്കാടാ..

ദർശൻ മകനോടു പറയുന്നതും അവൻ സന്തോഷത്തോടെ അതിനു സമ്മതിക്കുന്നതുമെല്ലാം അനുവൊരു നിസ്സംഗതയോടെ നോക്കിയിരുന്ന് ഭക്ഷണം കഴിക്കൽ തുടർന്നു

“ആ.. അമ്മേ, എനിക്ക് ഇപ്പോൾ നാട്ടിലേക്ക് വരാൻ പറ്റില്ല നല്ല തിരക്കുള്ള സമയമാണ് ,അനു വരും നാളെ അങ്ങോട്ട്..

ഭക്ഷണശേഷം കൊണ്ടുപോവാനുള്ള വസ്ത്രമുൾപ്പെടെയുള്ള സാധനങ്ങൾ എടുത്തു വെക്കുന്നതിനിടയിൽ ദർശൻ ഫോണിൽ അമ്മയോട് സംസാരിക്കുന്നത് അനുപമ ശ്രദ്ധിക്കുന്നുണ്ടായിരുന്നു

“ഇല്ലമ്മേ, അവൾ കുറച്ചു ദിവസം ഇവിടെ നിന്ന് മാറി നിന്നെന്ന് വെച്ച് ഇവിടെയൊന്നും സംഭവിക്കില്ല ,എന്റെയും മോന്റെയും കാര്യങ്ങൾ നോക്കാൻ ഞാൻ തന്നെ ധാരാളമാണ് ,അമ്മ അതൊന്നും ഓർത്ത് ടെൻഷനാവണ്ട അപ്പോ ശരി എന്നാൽ ..

അമ്മയോട് സംസാരിച്ചവസാനിപ്പിച്ച് ദർശ് ഫോൺ കട്ട് ചെയ്തതും അനുപമയുടെ മുഖത്തൊരു ചിരി വിരിഞ്ഞു,
ജീവിതത്തിൽ തോറ്റു പോയ ഒരുവളുടെ ചിരി …

“നിന്റെ എടുത്തു വെക്കൽ ഇതുവരെ കഴിഞ്ഞില്ലേ അനൂ.. വാ.. വന്ന് കിടക്കാൻ നോക്ക്, എനിക്കൊന്നുറങ്ങണം നീ വന്നേ ..

അരികിൽ വന്നു ദർശൻ പറഞ്ഞതും അനുപമ അവനെയൊന്ന് നോക്കി ബാത്ത്റൂമിൽ പോയ് ഫ്രഷായ് വന്നു കിടന്നതും അവൾ വരാൻ കാത്തു നിന്നതു പോലെ ദർശനവളിലേക്ക് ചാഞ്ഞു , ആ മുറിയിലവന്റെ ശ്വാസനിശ്വാസങ്ങൾ പതിവിലും അധികമായ് ഉയരുമ്പോഴും മുഖത്തതേ നിസ്സംഗതയോടെ അനുപമ കിടന്നു

“മോൾക്കൊരു ബുദ്ധിമുട്ടായ് ല്ലേ..?

രാത്രി ദർശന്റെ അമ്മയുടെ കാലിൽ ഇളം ചൂടുവെള്ളം കൊണ്ട് ചൂടുപിടിക്കുമ്പോൾ അമ്മ അനുവിനോട് ചോദിച്ചു

“എനിക്കെന്ത് ബുദ്ധിമുട്ടാണമ്മേ ഇതെല്ലാം എന്റെയും കടമയല്ലേ..?

ഒരു നേർത്ത മന്ദഹാസത്തോടെ അമ്മയോട് പറഞ്ഞവൾ തന്റെ ജോലി തുടർന്നെങ്കിലും അമ്മയുടെ കണ്ണുകൾ അവളിലൂടെ ഓടി നടന്നു

ഒച്ചപ്പാടും ബഹളവും ഒന്നുമില്ലാത്ത ,പതിഞ്ഞ ശബ്ദത്തിൽ മാത്രം സംസാരിക്കുന്നൊരുവൾ ,അവളെ ആദ്യമായ് കണ്ടപ്പോൾ മനസ്സിൽ തോന്നിയതതാണ്

ഏഴു വർഷങ്ങൾക്കു മുമ്പൊരു കല്യാണ വീട്ടിൽ വെച്ചവളെ ആദ്യമായ് കണ്ടതോർത്തു അവർ,
കൂടെയുള്ള കൂട്ടുകാരികൾ ഉച്ചത്തിൽ ചിരിച്ചും തമാശകൾ കാണിച്ചും ആഘോഷമായിട്ടിരിക്കുമ്പോൾ അതെല്ലാം ഒരു ചെറുചിരിയോടെ നോക്കി നിന്നാസ്വദിക്കുകയായിരുന്നു അനുപമ

എന്തോ അന്നത്തെ അവളുടെ ആ നിൽപ്പും ഭാവവുമെല്ലാം തന്നെ വല്ലാതെ ആഘർഷിച്ചു ചേർത്തു പിടിക്കാൻ തോന്നുന്ന ഒരോമനത്തം അവൾക്കന്നും ഉണ്ടായിരുന്നു

ചെറുപ്പത്തിലേ അച്ഛനേയും അമ്മയേയും ഒരപകടത്തിലൂടെ നഷ്ട്ടപ്പെട്ട അവൾ വളർന്നതും പഠിച്ചതുമെല്ലാം അമ്മാവൻമാരുടെ സഹായത്തോടെയായിരുന്നു

തന്റെ മകൻ ദർശനു വേണ്ടി താനവളെ പെണ്ണ് ചോദിച്ചതും അവരുടെ വിവാഹം നടന്നതുമെല്ലാം ഇന്നലെ എന്നതു പോലെ അവരിലൂടെ കടന്നുപോയ്

കഴിഞ്ഞ ഏഴു വർഷങ്ങൾ അവളുടെ രൂപത്തിനോ സ്വഭാവത്തിനോ യാതൊരു മാറ്റവും വരുത്തിയിട്ടില്ല ,അഞ്ചു വയസ്സായ ഒരാൺകുട്ടിയുടെ അമ്മയാണ് അവളെന്ന് അവളെ ആദ്യമായ് കാണുന്നൊരാൾക്ക് തോന്നില്ല എന്നോർത്തതും ആ അമ്മയുടെ മുഖം അവളോടുള്ള വാത്സല്ല്യത്താൽ തിളങ്ങി .

“അല്ല മോളെ നിന്നെ കാണാതെ വിച്ചുമോൻ രാത്രി പ്രശ്നമെന്തെങ്കിലും ഉണ്ടാകുമോ ?

പെട്ടന്നോരോർമ്മയിൽ അമ്മ ചോദിച്ചതും അതുവരെ ഒരു നേർത്ത ചിരി തങ്ങി നിന്നിരുന്ന അനുവിന്റെ മുഖം എന്തോ ഓർമ്മയിൽ മങ്ങി,
അതമ്മ ശ്രദ്ധിക്കുകയും ചെയ്തു

“വിച്ചു മോനങ്ങനെയുള്ള പ്രശ്നമൊന്നും ഇല്ല അമ്മേ, അവനെന്തിനും ദർശേട്ടൻ മതി, ഞാനെന്ന ഒരാളുടെ ആവശ്യമേ ഇല്ല പലപ്പോഴും അവിടെ ..

വേദന ഒളിപ്പിച്ചെന്നവണ്ണം അവൾ പറയുമ്പോൾ ആ അമ്മ മനസ്സ് തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ടായിരുന്നു അവൾ പറയാതെ ഒളിപ്പിക്കാൻ ശ്രമിക്കുന്ന അവളുടെ വേദനകളെ ..

ദിവസങ്ങൾ കടന്നു പോകവേ ദർശനാകെ അസ്വസ്തനായ് കൊണ്ടിരുന്നു .

കുറച്ചു ദിവസം അമ്മയ്ക്കൊപ്പം നിന്ന് അമ്മയുടെ വയ്യായ്ക മാറിയിട്ടു തിരിച്ചു വരാൻ പോയ അനു ആഴ്ച രണ്ടായിട്ടും തിരിച്ചു വരാത്തത് അവനിൽ അവളോട് ദേഷ്യവും പരിഭവവും എല്ലാം ഉണർത്തി

അമ്മ കണ്ടിഷ്ട്ടപ്പെട്ട് തനിയ്ക്കായ് നേടി തന്നതാണ്അനുവിനെ ,ഒരു മിണ്ടാപ്പൂച്ച പെണ്ണ്

ഒന്നിനും ഒരഭിപ്രായവുമില്ലാത്ത താനെന്തു പറഞ്ഞാലും അനുസരിക്കുന്നൊരു തൊട്ടാവാടി

ഒച്ചപ്പാടും ബഹളവുമില്ലാത്ത അവളുടെ അസാന്നിധ്യം അവൾ നാട്ടിൽ പോയ ആദ്യ രണ്ടു ദിവസങ്ങളിൽ അവനനുഭവപ്പെട്ടില്ലെങ്കിലും ദിവസങ്ങൾ മുന്നോട്ടു പോകവേ ഒരു തരം ശൂന്യത തന്നെയാകെ പൊതിയുന്നതവൻ തിരിച്ചറിയുന്നുണ്ടായിരുന്നു.

വിച്ചുവിനെയും അനുവിന്റെ അഭാവം നല്ലവണ്ണം ബാധിച്ചിരിക്കുന്നു ,അവന്റെ ചിരിയും കുസൃതിയുമെല്ലാം നഷ്ട്ടപ്പെട്ടിരിക്കുന്നു

അവളുടെ ശബ്ദമെങ്കിലും കേൾക്കാമെന്ന് കരുതി വിളിച്ചാൽ തന്നെ ഒന്നോ രണ്ടോ വാക്കുകൾ പറഞ്ഞ് പെണ്ണ് ഫോൺ വെച്ച് കളയും, തിരിച്ചു വരുന്ന കാര്യമൊന്നുംതന്നെ അവളോ അമ്മയോ പറയുന്നില്ല എന്നോർത്ത് അവനാക്കെ ഭ്രാന്തു പിടിച്ചു

ഒട്ടും പ്രതീക്ഷിക്കാതെ ദർശനെയും മോനെയും മുന്നിൽ കണ്ടപ്പോൾ അമ്മയൊന്നതിശയിച്ചു പിന്നൊരു ചിരിയോടെ അവരെ തന്നിലേക്ക് ചേർത്തമർത്തി

“വേദനയും വയ്യായ്കയും ഒക്കെ മാറി അമ്മ ഉഷാർ ആയല്ലോ ..

അമ്മയുടെ തോളിലൂടെ കയ്യിട്ട് ചുറ്റും നോക്കി കൊണ്ട് ദർശൻ ചോദിച്ചതിന് അമ്മയൊന്നു ചിരിച്ചു

അമ്മയോട് വിശേഷങ്ങളോ രോന്നായ് ചോദിക്കുമ്പോഴും ദർശന്റെ കണ്ണുകൾ അനുപമയെ തിരഞ്ഞ് നാലുപാടും പായുന്നുണ്ടായിരുന്നു ,അവളെ അവിടെയൊന്നും കാണാതെ വന്നതും അവന്റെ നെഞ്ചിലൊരു പിടപ്പനുഭവപ്പെട്ടു

“അല്ല അമ്മയെ നോക്കാൻ വേണ്ടി അവിടെ നിന്നിങ്ങോട്ടു വന്ന എന്റെ ഭാര്യ എവിടെ ..?
കാണാൻ ഇല്ലല്ലോ .. ?

ഒടുവിൽ ദർശൻ അമ്മയോടു ചോദിച്ചതും അമ്മ അവനെയൊന്നു നോക്കി

അമ്മയ്ക്കൊപ്പം അമ്മ കാണിച്ചയിടത്തേക്ക് നടക്കുമ്പോൾ എന്തിനെന്നറിയാതെ ദർശനൊരു പരിഭ്രമം തോന്നുന്നുണ്ടായിരുന്നു

മനോഹരമായൊരുക്കിയ ഒരു ഹാളിനുള്ളിൽ അതി മനോഹരമായ് വരച്ചു വെച്ച അനേകം പെയിന്റിങ്ങുകൾക്കിടയിൽ അതിമനോഹരമായ ചിരിയോടെ ആരോടൊക്കെയോ ഉറക്കെ ചിരിച്ചു വർത്തമാനം പറയുന്ന അനുവിനെ കണ്ടതും ദർശന്റെ കണ്ണൊന്നു വിടർന്നു, ഹൃദയം നിശ്ചലമായ അവസ്ഥ

ഇക്കഴിഞ്ഞു പോയ വർഷങ്ങളിലൊന്നും തന്നെ അവളെ ഇത്ര സന്തോഷത്തിൽ കണ്ടിട്ടില്ല ,അവിളങ്ങനെ ചിരിക്കുന്നതോ ഉറക്കെ സംസാരിക്കുന്നതോ കേട്ടിട്ടില്ല..

ആ കാഴ്ച നോക്കിനിൽക്കെ എന്തിനെന്നറിയാതെ അവന്റെ കണ്ണൊന്നു നനഞ്ഞു, തോളിൽ അമ്മയുടെ കൈയ്യമർന്നതും അവനമ്മയെ നോക്കി

“തെറ്റുപറ്റിപ്പോയ് ദർശാ നിനക്കും എനിക്കുമെല്ലാം …

വേദന നിറഞ്ഞ സ്വരത്തിൽ അമ്മ പറഞ്ഞതു കേട്ട ദർശനവരെ അമ്പരന്നു നോക്കി

“ഒരു പാട് സ്വപ്നങ്ങളും മോഹങ്ങളും ഉള്ളിലൊതുക്കി പുറത്തേക്ക് നിശബ്ദയായി നിന്നവളുടെ ഉള്ളിലെ സ്വപ്നങ്ങളെ നമ്മളാരും തിരിച്ചറിഞ്ഞില്ല മോനെ..

ആഗ്രഹങ്ങളും മോഹങ്ങളും നടത്തി കൊടുക്കേണ്ടവരെ നേരത്തെ നഷ്ട്ടപ്പെട്ടു പോയപ്പോൾ പതറി പോയ അവളെ ഞാനോ നീയോ തിരിച്ചറിഞ്ഞില്ല, അവളുടെ ഉള്ളം കാണുന്നൊരു ഇണയായ് മാറാൻ എന്റെ മോന് കഴിഞ്ഞില്ലല്ലോടാ ..

“നിനക്കൊപ്പം നിന്റെ ഭാര്യയായ് നിന്റെ കുഞ്ഞിന്റെ അമ്മയായുള്ളവളുടെ നിശബ്ദത അവളുടെ സ്വപ്നങ്ങൾക്ക് മേലെയുള്ള മൂടുപടമാണെന്ന് തിരിച്ചറിയാൻ നിനക്ക് പറ്റീല, നിന്നെ അതു ബോധ്യപ്പെടുത്താനവൾക്കും പറ്റീല ..

“എന്തും കുഞ്ഞുനാൾ മുതൽ ഉള്ളിൽ ഒതുക്കി പിടിച്ച് ശീലിച്ചവൾ അവളുടെ സ്വപ്നങ്ങളെയും ഉള്ളിൽ ഒതുക്കി മോനെ

“ഇതു കണ്ടോ ഇവിടെ കാണുന്ന ഈ ചിത്രങ്ങളിലേറെയും അവൾ വരച്ചതാണ് അവളുടെ അനേകം സ്വപ്നങ്ങളിലൊന്ന് ,നിന്റെ തിരക്കുകൾക്കിടയിൽ ഇനി മുതൽ നീ അവളെയും തിരിച്ചറിഞ്ഞ് കൂടെ ചേർത്ത് പിടിക്കണേമോനെ ..

അമ്മ പറയുന്നത് വിദൂരതയിൽ നിന്നെന്നവണ്ണം കേട്ടു നിൽക്കുമ്പോഴും ദർശന്റെ കണ്ണുകൾ അനുപമയുടെ ചിരിക്കുന്ന മുഖത്തായിരുന്നു

നിശബ്ദത തളം കെട്ടി നിൽക്കുന്ന മുറിയ്ക്കുള്ളിൽ അനുവിനെ കാത്തു നിൽക്കുമ്പോൾ ദർശന്റെ ഉള്ളം വല്ലാതെ തുടിയ്ക്കുന്നുണ്ടായിരുന്നു അവളെയൊന്ന് അടുത്തു കാണാൻ..

മുറിയിലേക്ക് വന്ന അനുപമ ദർശനെ ഒന്നു നോക്കിയതിനു ശേഷം തന്നെ അവനായ് വിട്ടുകൊടുത്തുകൊണ്ട് അവനരികിലേക്ക് ചേർന്നു കിടന്നതും കുറ്റബോധത്താൽ ദരശന്റെ കണ്ണുകൾ നിറഞ്ഞു

ഈ കഴിഞ്ഞു പോയ വർഷങ്ങളിലെല്ലാം ഇങ്ങനെ തന്നെയായിരുന്നു താനവളോട് ..

ചോദ്യങ്ങളും സംസാരങ്ങളുമില്ലാതെ അവളുടെ ശരീരം തന്റെ ഇഷ്ട്ടത്തിനും ആഗ്രഹത്തിനും അനുസരിച്ച് ഉപയോഗിച്ച് സ്വയം തൃപ്തനായ് കൊണ്ട്, അതിനിടയിലൊരിക്കൽ പോലും അവളുടെ ഇഷ്ട്ടം ചോദിച്ചിട്ടില്ല ..സ്വപ്നങ്ങൾ അറിയാൻ ശ്രമിച്ചിട്ടില്ല..

കുറ്റബോധത്താൽ അവന്റെ ശിരസ്സ് താണു

” പൊറുക്കണേ ടീ എന്നോട് ..

നിറമിഴികളോടെ അനുവിനെ ചേർത്തു പിടിച്ചൊരപേക്ഷ പോലെ അവളോട് പറയുമ്പോൾ തിരിച്ചറിവിന്റെ പാതയിലായിരുന്നു ദർശൻ ,അനു തന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്രയിലും ….അവരൊരുമ്മിച്ച് നേടട്ടേ അവൾ കണ്ട സ്വപ്നങ്ങൾ…