ആദ്യരാത്രി മിഥിലയുടെ ശരീരം സ്വന്തമാക്കാനായിരുന്നു അവന് തിടുക്കം. തുടക്കത്തിൽ നല്ലവനെ പോലെ അഭിനയിച്ചെങ്കിലും പോകപോകെ അവന്റെ..

(രചന: ഹേര)

“മോളെ… ഈ ബന്ധം നിനക്ക് നല്ലതിനല്ല. അവന്റെ കൂടെ നീയൊരിക്കലും ഇതുവരെ ജീവിച്ച ഒരു ജീവിതം കിട്ടില്ല.”

“അച്ഛൻ എന്തൊക്കെ പറഞ്ഞാലും എനിക്ക് മഹിയില്ലാതെ പറ്റില്ല. നിങ്ങളുടെ അനുഗ്രഹത്തോടെ വിവാഹം കഴിക്കണമെന്നാണ് എന്റെ ആഗ്രഹം. അത് നടന്നില്ലെങ്കിൽ പിന്നെ ഞാനൊരിക്കലും ജീവിച്ചിരിക്കില്ല. മഹിക്ക് കുറച്ച് കാശിനല്ലേ കുറവുള്ളു. അതൊന്നും അറിയിക്കാതെ അവനെന്നെ പൊന്ന് പോലെ നോക്കിക്കോളും.”

“നിന്റെ മുന്നിൽ അവൻ നല്ലവനായി അഭിനയിക്കുന്നതാണ്. വെള്ളമടിയും സിഗരറ്റ് വലിയും കുടുംബം നോക്കാത്തവനുമായ ഒരുത്തനെ തന്നെ നിനക്ക് വേണോ. കാശില്ലാത്തവൻ ആണെങ്കിലും അവൻ നല്ലവനായിരുന്നെങ്കിൽ അച്ഛൻ നിന്റെ കൂടെ നിന്നേനെ.”

“മഹിയേട്ടൻ നല്ലവനാ… അച്ഛൻ വെറുതെ ഓരോ നുണ പറഞ്ഞ് എന്റെ മനസ്സ് മാറ്റാമെന്ന് വിചാരിക്കണ്ട. ഞാൻ ആരെയെങ്കിലും കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അത് മഹിയേട്ടനെ മാത്രമായിരിക്കും.”

അച്ഛനോട് വാശിയോടെ പറഞ്ഞിട്ട് മിഥില മുറിയിലേക്കോടി.

“വേണുവേട്ടാ… നമ്മുടെ മോള്… അവള്… എനിക്കിതൊന്നും കാണാൻ വയ്യ. നമ്മള് ഇത്രേം പറഞ്ഞിട്ടും അതൊന്നും അവളുടെ തലയിൽ കയറിയില്ലല്ലോ.” സുമ കരഞ്ഞുകൊണ്ട് ഭർത്താവിന്റെ നെഞ്ചിലേക്ക് വീണു.

വേണു ഭാര്യയെ ചേർത്തു പിടിച്ച് സമാധാനിപ്പിച്ചു.

ഡിഗ്രി അവസാന വർഷ പരീക്ഷ കഴിഞ്ഞു നിൽക്കുകയാണ് മിഥില. വേണുവിന്റെയും സുമയുടെയും ഒരേയൊരു മകൾ. അവൾ കോളേജിനടുത്തുള്ള കൂൾ ബാറിൽ നിൽക്കുന്ന മഹിയുമായി അടുപ്പത്തിലാണ്. മൂന്ന് വർഷമായി അവരാ ബന്ധം തുടങ്ങിയിട്ട്. ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ബീച്ചിൽ പോകലും സിനിമയ്ക്ക് പോകലുമൊക്കെ മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു.

ഒരു ദിവസം മഹിയെ കെട്ടിപിടിച്ചു ബൈക്കിൽ പോകുന്നവളെ വേണുവിന്റെ സുഹൃത്ത് കാണുകയും അയാളത് വേണുവിനോട് പറയുകയും ചെയ്തു. അങ്ങനെയൊരു കാര്യം കേട്ടപ്പോൾ തന്നെ ആദ്യം വേണു ചെയ്തത് സുഹൃത്ത് പറഞ്ഞത് സത്യമാണോ എന്നാണ്.

അന്വേഷിച്ചപ്പോൾ കാര്യം ശരിയാണ്. പയ്യന്റെ ചുറ്റുപാടുകൾ അന്വേഷിച്ചപ്പോൾ പ്ലസ്‌ ടു വിദ്യാഭ്യാസം മാത്രമേ ഉള്ളു. കൂട്ടുകാരെ കൂടെ വെള്ളമടിയും സിഗരറ്റ് വലിയുമൊക്കെ ഉണ്ട്. വീട്ടുകാർക്ക് അവനെ കൊണ്ട് പത്ത് പൈസേടെ ഉപകാരമില്ല.

എങ്ങനെയും മകളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന് അയാൾ തീരുമാനിച്ചു. ഇപ്പോൾ അവസാന വർഷം ഡിഗ്രി എക്സാം നടക്കുന്നതിനാൽ അത് കഴിഞ്ഞു മോളോട് സംസാരിക്കാമെന്ന് വേണു കരുതി.

ഒരു സ്വകാര്യ ബാങ്കിലെ മാനേജർ ആണ് വേണു. ഭാര്യ വീട്ടമ്മ. ഇരുവർക്കും ഒത്തിരി കാത്തിരുന്ന് കിട്ടിയതാണ് മിഥില മോളെ. ഇതുവരെ അവളെ ഒരു കുറവും അറിയിക്കാതെ പൊന്ന് പോലെയാണ് വളർത്തി കൊണ്ട് വന്നത്. അപ്പോഴാണ് എവിടെയോ കിടക്കുന്ന ഒരു തെണ്ടി ചെക്കനുമായി അവൾ പ്രേമത്തിൽ പെടുന്നത്.

ഡിഗ്രി എക്സാം തീർന്ന് മകളോട് അവളുടെ പ്രേമ ബന്ധത്തെ കുറിച്ച് ചോദ്യം ചെയ്യുകയും അത് വിടുന്നതാണ് നല്ലതെന്ന് പറഞ്ഞപ്പോൾ കിട്ടിയ മറുപടിയാണ് ഇത്.

“അവനുമായി നിന്റെ കല്യാണം നടത്തിയില്ലെങ്കിൽ നീ മരിക്കുമെന്നാണെങ്കിൽ അങ്ങനെ ആയിക്കോ. ഒപ്പം ഞങ്ങളും വരും. ആ വൃത്തികെട്ടവന്റെ കൂടെ നീ നരകിച്ചു ജീവിക്കുന്നത് കാണുന്നതിനേക്കാൾ ഭേദം മരണം തന്നെയാ. അവനെ കിട്ടിയില്ലെങ്കിൽ നീ ചാകുമെകിൽ മരണത്തിലും ഞങ്ങളെ മോളെ തനിച്ചാക്കാതെ ഞങ്ങൾ വരും.

മിഥിലയുടെ ആത്മഹത്യാ ഭീഷണിക്ക് മുൻപിൽ വഴങ്ങി കൊടുക്കാൻ മനസ്സില്ലാതെ വേണു പറഞ്ഞു.

“എങ്കിൽ കാണിച്ചു തരുന്നുണ്ട് ഞാൻ.” അച്ഛന്റെ മറുപടി കേട്ട് ദേഷ്യം വന്ന മിഥില വാതിൽ വലിച്ചടച്ചു.

രാത്രി മുഴുവനും അവൾ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ മുറിയിൽ കഴിച്ച് കൂട്ടി. തന്റെ ഇഷ്ടത്തിന് അവർ സമ്മതം മൂളിയാലേ ജലപനം പോലും ചെയ്യൂന്ന് അവൾ ഉറപ്പിച്ചു.

പക്ഷേ പിറ്റേ ദിവസം ഉച്ചയോടെ അവൾക്ക് വിശപ്പ് സഹിക്കാൻ പറ്റാതായി. മകൾ വാശി കളഞ്ഞ് ഇറങ്ങി വരട്ടെ എന്ന് കരുതി വേണും ഭാര്യയും മിഥിലയെ വിളിക്കാൻ പോയില്ല. ആ ദിവസം ബാത്‌റൂമിലെ ടാപ് തുറന്ന് വെള്ളം കുടിച്ചവൾ ആശ്വാസം കണ്ടെത്തി.

രണ്ട് ദിവസം പട്ടിണി കിടന്നിട്ടും തന്നെയൊന്ന് തിരിഞ്ഞു നോക്കാത്ത അച്ഛനോടും അമ്മയോടും അവൾക്ക് ദേഷ്യമായി. മൂന്നാം ദിവസം പുലർച്ചെ മാതാപിതാക്കൾ എണീക്കും മുൻപേ ഒരു കത്തെഴുതി വച്ചിട്ട് മിഥില മഹിക്കൊപ്പം ഇറങ്ങി പോയി.

രാവിലെ ഉറക്കം എണീറ്റ് വന്നപ്പോൾ മകളെ മുറിയിൽ കാണാതെ പരിഭ്രമിച്ചു അവളെ അന്വേഷിക്കാനായി തുടങ്ങുമ്പോഴാണ് അവൾ എഴുതി വച്ച് പോയ കത്ത് അവർ കണ്ടത്.

“പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും,
നിങ്ങൾ രണ്ടാളും ടോക്സിക് പേരെന്റ്സ് ആണ്. എന്റെ ഇഷ്ടം മാനിക്കാതെ നിങ്ങളുടെ ഇഷ്ടം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. രണ്ട് ദിവസം ഞാനീ വീട്ടിൽ പട്ടിണി കിടന്നിട്ട് നിങ്ങൾ തിരിഞ്ഞു നോക്കിയില്ല. ഞാൻ ഭക്ഷണം കഴിക്കാത്തത്തിൽ എന്റെ മഹിക്ക് മാത്രമേ ടെൻഷൻ ഉണ്ടായിരുന്നുള്ളൂ.

ഞാൻ കഴിക്കാതിരുന്നപ്പോൾ എനിക്കൊപ്പം അവനും പട്ടിണി കിടന്നു. ആ സമയം നിങ്ങൾ രണ്ടാളും നന്നായി ഭക്ഷണം കഴിച്ച് സ്വന്തം കാര്യം നോക്കി നടന്നു. നിങ്ങളെക്കാൾ മഹിക്കാണ് എന്നോട് സ്നേഹ കൂടുതൽ. എന്നെ ഇത്രയധികം സ്നേഹിക്കുന്ന മഹിയെ മറക്കാൻ എനിക്ക് പറ്റില്ല. ഞാൻ അവനൊപ്പം പോകുന്നു.”

മിഥിലയുടെ കത്ത് വായിച്ചു ചങ്ക് തകർന്ന് അവരിരുന്നു. അപ്പോഴാണ് മുറ്റത്തൊരു കാർ വന്ന് നിൽക്കുന്ന ശബ്ദം രണ്ടുപേരും കേട്ടത്.

ചെന്ന് നോക്കുമ്പോ കണ്ടത് കഴുത്തിൽ താലി അണിഞ്ഞു നെറ്റിയിൽ സിന്ദൂരം ചാർത്തി മഹിക്കൊപ്പം സ്വർഗം കീഴടക്കിയത് പോലെ നിൽക്കുന്ന മകളെയാണ്.

“ഞാനിപ്പോ മഹിയുടെ ഭാര്യയാണ് അച്ഛാ. നിങ്ങളുടെ അനുഗ്രഹത്തോടെ ഞങ്ങൾക്ക് ഒന്നിക്കാൻ പറ്റില്ല. മരിച്ചാലും നിങ്ങൾക്ക് കുഴപ്പമില്ല. അതുകൊണ്ട് ഞാൻ മഹിയുടെ കൂടെ പോന്നു. ഇഷ്ടപ്പെട്ടവന്റെ കൂടെ ജീവിക്കാൻ ആണ് എന്റെ ആഗ്രഹം. അല്ലാതെ വീട്ടുകാർക്ക് വേണ്ടി തേപ്പ് കാരി ആവാൻ എനിക്ക് വയ്യ. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം.”

“മോളെ… ബുദ്ധി ഉറയ്ക്കാത്ത പ്രായത്തിൽ ഇങ്ങനെ പലതും തോന്നും. ഓരോന്ന് അനുഭവിക്കുമ്പോ നീ പഠിക്കും. ഒടുവിൽ എന്റെ
ഒരു നിമിഷത്തെ വാശിയിലും എടുത്തു ചാട്ടത്തിലും ജീവിതം നശിപ്പിച്ചുവെന്ന തോന്നലിൽ ആത്മഹത്യാ ചെയ്യാൻ ഇറങ്ങി പുറപ്പെടും.

അങ്ങനെ ഒരവസ്ഥ നിനക്ക് വരാതിരിക്കട്ടെ. തെറ്റ് പറ്റിയെന്നു തോന്നിയാൽ അച്ഛന്റെ മോള് തിരികെ വന്നേക്കണം. നിനക്ക് ഞങ്ങളെ വേണ്ടെങ്കിലും ഞങ്ങൾക്ക് നിന്നെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ.” തൊണ്ടയിടറി വേണു അത് പറയുമ്പോൾ മകളുടെ പ്രവർത്തിയിൽ ഹൃദയം പൊട്ടി കരഞ്ഞു പോയി സുമ.

“ഇത്തിരി പൈസ കുറവേ ഉള്ളൂ അച്ഛാ. അച്ഛന്റെ മോളെ ഞാൻ പൊന്നുപോലെ നോക്കും.”

മഹി ഗമയിൽ പറഞ്ഞു.

“കണ്ടാമതി.” വേണു പുച്ഛത്തിൽ മരുമകനെ നോക്കി.

മഹി അവളെ കൈയ്യും പിടിച്ചു അവന്റെ വീട്ടിലേക്ക് പോയി.

ദിവസങ്ങൾ കഴിഞ്ഞു പോയി.

മഹിയുടെ, ഓടിട്ട ചെറിയ വീട്ടിലെ ഇടുങ്ങിയ മുറിയിൽ ജീവിതം തള്ളി നീക്കാൻ മിഥിൽ നന്നായി കഷ്ടപ്പെട്ടു. ഒരു ഫാൻ പോലുമില്ലാതെ മെത്തയിൽ കിടന്നുറങ്ങിയവൾ കീറ പായയിൽ അന്തി ഉറങ്ങി. തകര ഷീറ്റ് കൊണ്ട് മറച്ച ബാത്റൂം കാണുമ്പോ അവൾക്ക് ഓക്കാനം വന്നു.

ആദ്യരാത്രി മിഥിലയുടെ ശരീരം സ്വന്തമാക്കാനായിരുന്നു അവന് തിടുക്കം. തുടക്കത്തിൽ നല്ലവനെ പോലെ അഭിനയിച്ചെങ്കിലും പോകപോകെ അവന്റെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നു. തന്റെ അച്ഛൻ പറഞ്ഞതായിരുന്നു ശരിയെന്ന് അവൾക്ക് മനസ്സിലായി തുടങ്ങി.

വെള്ളമടിച്ചു വന്ന് അവളെ അടിക്കുന്നതും സ്വന്തം വീട്ടിൽ വിളിച്ചു അവരുടെ ചിലവിന് കാശ് ചോദിക്കാനും അവളുടെ ഓഹരി എഴുതി തരാനുമൊക്കെ പറഞ്ഞ് അവർ തമ്മിൽ നിരന്തരം വഴക്കായി. ഒടുവിൽ ജീവിതം വഴിമുട്ടിയെന്ന് തോന്നിയപ്പോൾ വീട്ടിലേക്ക് മടങ്ങി പോകാൻ അഭിമാനം സമ്മതിക്കാത്തത് കൊണ്ട് ആത്മഹത്യാ ചെയ്യാനുറച്ചു മിഥില മഹിയുടെ വീട്ടിൽ നിന്നിറങ്ങി.

മരിക്കാനായി ചെന്ന് ചാടിയത് സ്വന്തം അച്ഛന്റെ കാറിന്റെ മുൻപിലായി പോയത് കൊണ്ട് അവൾക്ക് ജീവൻ തിരിച്ചു കിട്ടി. സ്വന്തം കുഞ്ഞിനെ വഴിയിൽ ഉപേക്ഷിക്കാൻ അവരെ ജീവന് തുല്യം സ്നേഹിക്കുന്ന മാതാപിതാക്കൾക്ക് കഴിയില്ലല്ലോ. ആ അച്ഛൻ മകളുടെ തെറ്റ് പൊറുത്തു അവൾക്ക് മാപ്പ് നൽകി വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി.

കുറ്റബോധത്താൽ അച്ഛനേം അമ്മേം കെട്ടിപിടിച്ചു അവൾ പൊട്ടിക്കരഞ്ഞു. ഇനിയൊരിക്കലും അവരെ ധിക്കരിക്കില്ലെന്നവൾ സത്യം ചെയ്ത് നൽകി.