നീ മാത്രമല്ല, ഞാൻ കാണാൻ പോയ മിക്കവാറും വീടുകളിലും എന്നെ വേണ്ടന്ന്..

ഭ്രാന്ത് പൂക്കുമ്പോൾ
(രചന: Navas Amandoor)

“ഇസാ നീയും പേടിക്കുന്നുണ്ടോ.. ജ നിതകമായ പിന്‍തുടര്‍ച്ചയിൽ എന്നിലും ഉമ്മയുടെ ഭ്രാ ന്ത് ഉണ്ടെന്ന്..?

നീ മാത്രമല്ല.. ഞാൻ കാണാൻ പോയ മിക്കവാറും വീടുകളിലും എന്നെ വേണ്ടന്ന് വെക്കാനുള്ള കാരണം ഞനൊരു ഭ്രാന്തിയുടെ മകനായത് കൊണ്ടാണ്…”

ഉമ്മയുടെ ഓർമ്മയിൽ ഞാൻ ഉമ്മയുടെ മകനല്ല. എന്നെ പ്രസവിച്ചതു പോലും ഉമ്മ അറിഞ്ഞിട്ടില്ല.

നമ്മുടെ മോനാണെന്ന് പറഞ്ഞു ഉപ്പയെന്നെ കാണിക്കുമ്പോഴും ഉപ്പയോടൊപ്പം ഉമ്മയെ കാണാൻ പോകുന്ന എന്നെ എന്റെ ഉമ്മ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.

ഉപ്പയെ കാണുമ്പോൾ ഉമ്മ മുറിയുടെ മൂലയിൽ നിന്ന് എഴുന്നേറ്റു നിൽക്കും. എന്തൊക്കെയോ പറയാനുള്ളത് പോലെ ഉപ്പയെ നോക്കും.

പെട്ടന്ന് ചിന്തകൾ വേർപിരിഞ്ഞുപോകും. വല്ലാത്ത ശബ്ദത്തിൽ കരയും.. അതിന്റെ ഇടയിൽ പൊട്ടിച്ചിരിക്കും.

ഉപ്പയല്ലാതെ ജനലിന്റെ അരികിൽ വേറെ ആര് വന്നാലും ഉമ്മ നോക്കാറില്ല.

ഞാൻ ഉമ്മിച്ചിടെ വയറ്റിൽ ഉള്ള സമയത്താണ് ഉമ്മ മാറിത്തുടങ്ങിയതെന്ന് ഉപ്പ പറഞ്ഞറിയാം.

രാത്രിയിൽ മിക്കവാറും ഉറക്കം ഉണ്ടാവില്ല. ഉറക്കമില്ലാതെ വീർത്തു തിളക്കം നഷ്ടമായ കണ്ണുകളിൽ നിന്നാവും ഉമ്മയുടെ ഭ്രാന്തിന്റെ തുടക്കം. ഉമ്മയുടെ ഉമ്മയും അങ്ങനെ ആയിരുന്നത്രേ.

ആദ്യമൊക്കെ പകൽ സമയങ്ങളിൽ ഉമ്മാക്ക് കുഴപ്പമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഉമ്മ മാറിക്കൊണ്ടിരിക്കുന്നത് ഉപ്പ അറിഞ്ഞില്ല.

പിന്നെ പിന്നെ ഉമ്മ പകൽ സമയങ്ങളിൽ അടുത്ത വീടുകളിൽ പോയി അവർ വേവിച്ചു വെള്ളം വാർത്തു വച്ച ചോറിൽ കൈയിട്ടുവാരി തിന്നും.

കണ്ണെത്തുന്നിടത്ത് കറിക്കലമുണ്ടെങ്കിൽ അതെടുത്ത് ചോറിൽ ഒഴിക്കും.

കലങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദ കോലാഹലങ്ങൾ കേട്ടായിരിക്കും ആ വീട്ടുകാർ ഉമ്മ അടുക്കളയിൽ കയറിയത് അറിയുക.

ചില ദിവസങ്ങളിൽ രണ്ടിൽ കൂടുതൽ വീടുകളിൽ.

എത്ര തിന്നിട്ടും മാറാത്ത വിശപ്പ്. എത്ര കുടിച്ചാലും അടങ്ങാത്ത ദാഹം.

മറ്റുള്ളവർക്ക് കേൾക്കാൻ കഴിയാത്തത് കേൾക്കുകയും കാണാൻ പറ്റാത്തത് കാണുകയും

യാഥാർത്ഥ്യമല്ലാത്ത ചില അടിയുറച്ച പ്രവൃത്തിയും ഉമ്മയുടെ സ്വഭാവങ്ങളിൽ അസാധാരണമായ മാറ്റം വരുത്തിക്കൊണ്ടിരുന്നു

പകലുകളിൽ ഉപ്പാക്ക് ഉമ്മയെ നോക്കി ഇരിക്കാൻ പറ്റാതെ വന്നു.
അതുകൊണ്ട് തന്നെ നാട്ടുകാർക്ക് ശല്യമായപ്പോൾ ഉമ്മയെ ഉമ്മയുടെ വീട്ടിൽ കൊണ്ടു ചെന്നാക്കി.

മണിക്കൂറുകളോളം വെറുതെ പുറത്തേക്ക് നോക്കി ഇരിക്കും.

കണ്ണ് തെറ്റിയാൽ വിശപ്പിന്റെ പുകച്ചിൽ സഹിക്കാൻ വയ്യാതെ നിറവയറോടെ ഉമ്മ വീടുവിട്ട് ഇറങ്ങിപ്പോകുമ്പോൾ ഒന്നുമറിയാതെ ഞാൻ എന്റെ ഉമ്മയുടെ വയറിനുള്ളിൽ തുടിച്ചു.

അങ്ങനെയാണ് ഒടുവിൽ ഉമ്മയെ മുറിയലടച്ചത്.

പിന്നീടങ്ങോട്ട് ഉമ്മയുടെ ലോകം ആ മുറി മാത്രമായി. ഉമ്മയുടെ ഇരുട്ടടഞ്ഞ ആ ലോകത്ത് ഉമ്മ പോലും അറിയാതെ ഒരുനാൾ ഉമ്മയുടെ വയറ്റിൽ നിന്നും കരച്ചിലോടെ ഞാൻ പുറത്ത് വന്നു.

രണ്ട് വയസ്സു വരെ ഉമ്മയുടെ അനിയത്തി എന്നെ നോക്കി. ഞാൻ എന്റെ ഉമ്മയുടെ മു ല പ്പാൽ കുടിച്ചിട്ടുണ്ടാവില്ല..

അ മ്മി ഞ്ഞപ്പാലിന്റെ മാധുര്യം നുകരാത്ത.. ഉമ്മയുടെ സ്‌നേഹമോ, ചുംബനങ്ങളോ കിട്ടാത്ത മകന് ഉമ്മയിൽ നിന്നും കിട്ടിയത് ഭ്രാന്തിയുടെ മകനെന്ന വിളിപ്പേര് മാത്രം.

പിന്നീട് ഉപ്പ എന്നെ കൊണ്ടുപോയി.

ആ വീട്ടിൽ ഞാനും ഉപ്പയും മാത്രം.

എന്നെ നോക്കി വളർത്താനും കൂടിയാണ് ഉപ്പ വേറെ കല്യാണം കഴിക്കാതിരുന്നത്.

ഞാൻ ഇല്ലായിരുന്നെങ്കിലും ഉപ്പ വേറെ കെട്ടുമായിരുന്നില്ല. എന്റെ ഉപ്പാക്ക് അത്രക്ക് ഇഷ്ടമായിരുന്നു ഉമ്മയെ. അതുകൊണ്ടല്ലേ ഉമ്മയെപ്പറ്റി പറയുമ്പോഴൊക്കെ ഉപ്പയുടെ കണ്ണുകൾ നിറഞ്ഞിരുന്നത്.

ചിലപ്പോൾ ഉമ്മ പഴയത് പോലെ പുഞ്ചിരിയോടെ ഈ വീട്ടിലേക്ക് എന്റെ പുന്നാര ഉമ്മയായി ഉപ്പാന്റെ സ്‌നേഹനിധിയായ ഭാര്യയായി തിരിച്ചു വരുമെന്ന് ഉപ്പ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നിരിക്കാം.

എന്റെ ഉപ്പാക്ക് ഭ്രാന്ത് ഉണ്ടായിരുന്നില്ല. എന്നിട്ടും സ്കൂൾ കാലം മുതൽ ഞാൻ അറിയപ്പെട്ടത് ഭ്രാന്തിയുടെ മകനായിട്ടാണ്.

നിസ്സാര കാര്യങ്ങൾക്ക് പോലും ആ വിളി കേൾക്കേണ്ടി വന്നിട്ടുണ്ട്.

ഉപ്പ മരിക്കുമ്പോൾ എനിക്ക് ഇരുപത് വയസ്സുണ്ട്. ഈ ലോകത്ത് ഭ്രാന്തിയുടെ മകനെന്ന് ഒരിക്കൽ പോലും വിളിക്കാത്ത ഒരേ ഒരാൾ എന്റെ ഉപ്പ.

ഉപ്പ മരിച്ചത് ഉമ്മ അറിഞ്ഞില്ല. എങ്കിലും ഉപ്പ വരുന്നുണ്ടോന്ന് ജനലഴിയിലൂടെ നോക്കിയിരുന്നിട്ടുണ്ടാകും. മനസ്സും ചിന്തയും കൈ വിട്ട് പോയെങ്കിലും ഉമ്മാക്ക് ഉപ്പയെ അറിയാം.

ഉപ്പ മരിച്ചു മൂന്ന് കൊല്ലം കഴിഞ്ഞപ്പോൾ ഉമ്മയും മരിച്ചു.

ഒരുപാട് സ്‌നേഹം ഉള്ളിൽ ഉണ്ടായിട്ടും ഒരുമിച്ച് ജീവിക്കാൻ കഴിയാതെ പോയ എന്റെ ഉപ്പയുടെ ഖ ബറിന്റെ അരികിൽ തന്നെ ഉമ്മക്കും ഖ ബറെടുത്തു. പ ള്ളിക്കട്ടിൽ അവർ അടുത്തുറങ്ങട്ടെ.

ഇനി എനിക്കൊരു കൂട്ട് വേണം. പക്ഷെ ഭ്രാന്തിയുടെ മകന് പെണ്ണിനെ തരാൻ ആരാ സമ്മതിക്കുക..?

ഉമ്മയുടെ കുടുംബത്തിൽ ത ല മുറകളായി കൈമാറിയ ഭ്രാന്ത് അറിഞ്ഞു കൊണ്ട് തന്നെയാണ് ഉപ്പ ഉമ്മയെ കെട്ടിയത്.

നുണക്കുഴിയും നീളമുള്ള മുടിയും തിളങ്ങുന്ന കണ്ണുകളുമുള്ള ഉമ്മയെ ഉപ്പാക്ക് അത്രക്ക് ഇഷ്ടമായിരുന്നു.

“ഇസാ ഇതുവരെ ഞാൻ കണ്ട പെൺകുട്ടികളെ പോലെ എന്റെ ജീനുകളിൽ ഉറങ്ങിക്കിടക്കുന്ന ഭ്രാന്തിനെ പേടിച്ചു നീയും എന്നെ ഒഴിവാക്കിപ്പോകുമെന്ന് കരുതി..”

“ഹേയ്.. ആ ഉമ്മയുടെ സൗന്ദര്യം മുഴുവനും കിട്ടിയ ഉമ്മയുടെ പൊന്നുമോനെ എനിക്ക് ഇഷ്ടമാ.. പിന്നെ പേടിയില്ല ഒരു തരി പോലും..”

എന്നിലേക്കും ഉമ്മയുടെ ഭ്രാന്ത് കൈമാറി വന്നിട്ടുണ്ടോന്ന് ഞാൻ ചിന്തിക്കാറില്ല..

അവൾക്കുമില്ല അങ്ങനെയൊരു ചിന്ത. വാപ്പാക്ക് ശേഷം എന്നെ ഭ്രാന്തിയുടെ മകനെന്ന് വിളിക്കാത്ത വേറെയൊരാൾ അത് അവളാണ്… എന്റെ ഭാര്യ.. എന്റെ മാത്രം ഇസ.

ഈ സമയം ഞാനറിയുന്നുണ്ട്.. എനിക്കും ഭ്രാന്താണ്..

ജീ നു കൾ കൈമാറി കിട്ടിയതല്ല..
രണ്ടു മനസ്സുകൾ തമ്മിൽ കൈമാറിയ പ്രണയവും സന്തോഷവും പൂക്കുന്ന മനോഹരമായ ഭ്രാന്ത്..

അങ്ങനെ ആ മനോഹരമായ ഭ്രാന്ത് എന്റെയും ഇസയുടെയും ജീവിതം വസന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *