വിവാഹം കഴിഞ്ഞു ഭാര്യ കൂടെ ഉള്ളപ്പോൾ തന്നെ വേറൊരു പെണ്ണിനൊപ്പം പോയി കിടക്ക പങ്കിട്ടത് ഒരു ചെറിയ കാര്യം ആണോ .. ഇതേ കാര്യം..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“മോളെ.. അച്ഛൻ നിന്നെ ഒന്നിനും നിർബന്ധിക്കില്ല.. തീരുമാനം നിന്റെയാണ്. ഒരിക്കൽ എന്റെ ഇഷ്ടത്തിന് നീ സമ്മതം മൂളി. അത് വഴി നിനക്ക് ഉണ്ടായ വിഷമം എന്താണെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു ”
മാധവന്റെ വാക്കുകൾ കേട്ട് മൗനമായി അയാളെ ഒന്ന് നോക്കി ആരതി.

” മോള് വിഷമിക്കേണ്ട.. അവനെ ഇനി നിനക്ക് വേണ്ടേൽ വേണ്ട.. അത് ഇപ്പോ തന്നെ ചെന്ന് അവനോട് നേരിട്ട് പറയ്. ഇതിപ്പോ നാള് കുറെ ആയില്ലേ ഒത്തു തീർപ്പ് ചർച്ച എന്നും പറഞ്ഞു പിന്നാലെ നടക്കുന്നു. ”

ഇനി തനിക്ക് ഒഴിഞ്ഞു മാറുവാൻ കഴിയില്ല എന്ന് ആരതിക്ക് അപ്പോൾ മനസിലായിരുന്നു.

ഒരു വർഷം മുന്നെയാണ് ആരതിയുടെയും നന്ദന്റെയും വിവാഹം നടന്നത്. അമ്മയില്ലാതെ വളർന്ന ആരതിക്ക് എല്ലാം അവളുടെ അച്ഛനായിരുന്നു അതുകൊണ്ട് തന്നെ അച്ഛൻ തീരുമാനിച്ചുറപ്പിച്ച വിവാഹത്തിന് ഒരു എതിർപ്പും കൂടാതെ അവൾ സമ്മതിക്കുകയായിരുന്നു.

ദുബായിൽ നല്ല ജോലിയുള്ള നന്ദൻ കാണാനും സുമുഖനായിരുന്നു. വിവാഹ ശേഷം ഒരു മാസം ഒന്നിച്ചു നിന്ന ശേഷം ലീവ് തീർന്ന് നന്ദൻ തിരികെ ദുബായിലേക്ക് പോയി. ആ ഒരു മാസവും ഏറെ സന്തോഷകരമായിരുന്നു അവരുടെ ജീവിതം.

അച്ഛൻ വീട്ടിൽ തനിച്ചാണെന്നുള്ളത് കൊണ്ട് തന്നെ നന്ദൻ പോയ ശേഷം തിരികെ വീട്ടിൽ വന്നു നിൽക്കുവാനും ആരതിയ്ക്ക് അനുമതി കിട്ടി. ഏറെ സന്തോഷകരമായി മുന്നോട്ട് പോകവേ പലപ്പോഴും രാത്രി സമയങ്ങളിൽ ഒക്കെ നന്ദൻ ഒന്ന് ഫോൺ ചെയ്യാറ് കൂടി ഇല്ലായിരുന്നു ചെയ്താലും പരമാവധി പത്തു മിനിട്ടൊക്കെ സംസാരിച്ചു കട്ട്‌ ചെയ്യും. ഈ ഒരു രീതി ആരതിയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

” അവൻ ജോലി തിരക്ക് ഒക്കെ കഴിഞ്ഞു വരുന്നതല്ലേ മോളെ നല്ല ക്ഷീണം കാണും അതാകും. നീ അതൊന്നും കാര്യമാക്കേണ്ട.. ”

അച്ഛന്റെ വാക്കുകൾ കേട്ട് തലകുലുക്കിയെങ്കിലും ആരതിയ്ക്ക് അതൊരു വേദന തന്നെയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അത് സംഭവിച്ചു.

രാത്രി പത്തു മണി കഴിഞ്ഞു ഗുഡ് നൈറ്റ് പറഞ്ഞു നന്ദൻ പോയ ശേഷം അപ്രതീക്ഷിതമായി അവന്റെ ഒരു മെസേജ് ആരതിയുടെ വാട്ട്സാപ്പിലേക്ക് വന്നു.

‘ എടോ ഈ പതിനാറിനാ ഞാൻ നാട്ടിൽ വരുന്നേ പത്ത് ദിവസം ലീവിന്. കഴിഞ്ഞ വട്ടം പോയ ഹോട്ടൽ അല്ല ഇത്തവണ നമുക്ക് വേറൊരു ഹോട്ടലിൽ പോണം. ഒരു പകൽ ഫുൾ എനിക്ക് നിന്നെ ആസ്വദിക്കണം. കെട്ട്യോനോട് എന്തേലും കള്ളം പറഞ്ഞു ഇറങ്ങിക്കോ ആരതിയെ പറഞ്ഞു പറ്റിക്കുന്ന കാര്യം ഞാൻ ഏറ്റു… കഴിഞ്ഞ വട്ടം ഒരു ഫ്രണ്ടിനെ കാണാൻ പോണെന്നു പറഞ്ഞിട്ടാ ഞാൻ ഇറങ്ങിയേ ആ പൊട്ടി അത് വിശ്വസിച്ചു ‘

ആ മെസേജ് വായിച്ച പാടെ ആകെ നടുങ്ങി പോയി ആരതി വേഗത്തിൽ അവൾ അതിന്റെ സ്ക്രീൻ ഷോർട് എടുത്തിരുന്നു. നിമിഷങ്ങൾക്കകം നന്ദൻ ആ മെസേജ് ഡിലീറ്റ് ചെയ്തു എന്നാൽ അബദ്ധം പറ്റിയ കാര്യം അവന് മനസിലായിരുന്നു.

അന്ന് രാത്രി പല പല വിശദീകരണങ്ങൾ അവൻ അവൾക്കു മുന്നിൽ നിരത്തി. എന്നാൽ സ്ഥിരമായി കോൾ ചെയ്യാനുള്ള മടിയും മെസേജ് അയക്കാനുള്ള മടിയും ഒപ്പം ആ ഒരു മെസ്സേജും കൂടി കൂട്ടി വായിച്ചപ്പോൾ സത്യാവസ്ഥ ഏറെക്കുറെ മനസിലാക്കിയിരുന്നു ആരതി.

” നിങ്ങൾ പതിനാറിനു നാട്ടിൽ വരുന്ന കാര്യം എന്നോട് പറഞ്ഞിരുന്നില്ലലോ.. ”

” അ.. അത്.. ഞാൻ പെട്ടെന്ന് തീരുമാനിച്ചതാ. ലീവ് ബാക്കി ഉണ്ട് അതോണ്ട്… നി.. നിനക്ക് ഒരു സസ്പെൻസ് തരാം ന്ന് കരുതി. ”

കള്ളങ്ങൾ ഓരോന്നായി പറഞ്ഞൊപ്പിക്കുമ്പോൾ നന്ദൻ പതറുന്നുണ്ടായിരുന്നു. ആ പതർച്ച ആരതി മനസിലാക്കവേ പിന്നെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല അവന് .

” പറ്റിപ്പോടെയോ. എന്നോട് ക്ഷമിക്ക് നീ.. മനസ്സ് കൈ വിട്ടു പോയി പക്ഷെ ഇപ്പോ എന്റെ തെറ്റ് ഞാൻ മനസിലാക്കുന്നു. ഇനി ആവർത്തിക്കില്ല.. ഒരു അവസരം കൂടി തരണം എനിക്ക് ”

അവൻ കെഞ്ചുമ്പോൾ ആകെ തകർന്ന് പോയിരുന്നു ആരതി. ഒരു തരത്തിലും ഈ ഒരു കാര്യം അവൾക്ക് അംഗീകരിക്കുവാൻ കഴിയുമായിരുന്നില്ല അതുകൊണ്ട് തന്നെ വിവരം ബന്ധുക്കൾ അറിഞ്ഞു ആകെ പ്രശ്നങ്ങൾ ആയി. ഒടുവിൽ ഒത്തു തീർപ്പിനായി നന്ദൻ വേഗത്തിൽ നാട്ടിലേക്കെത്തി.

പല വട്ടം ആരതിയെ കണ്ട് പ്രശ്നം പരിഹരിക്കുവാൻ അവൻ ശ്രമിച്ചു പക്ഷെ അവൾ പിന്മാറി. മകളുടെ തീരുമാനമാണ് എനിക്കും എന്ന നിലപാടിൽ മാധവനും ഉറച്ചതോടെ ബന്ധുക്കളുമായി അവസാന ശ്രമത്തിനായെത്തി നന്ദൻ.

“മോളെ.. നിന്റെ തീരുമാനം എന്തായാലും അത് തുറന്ന് പറയ്. ഇനിയും ഇതിങ്ങനെ നീട്ടി കൊണ്ട് പോകാൻ പറ്റില്ല.. ”

എല്ലാവർക്കും മുന്നിൽ വച്ച് മാധവൻ പറഞ്ഞത് കേട്ട് തല കുമ്പിട്ടു ആരതി. ആ സമയം പതിയെ എഴുന്നേറ്റ് അവൾക്കരികിലേക്കെത്തി നന്ദൻ.

” ആരതി. ഞാൻ പറഞ്ഞില്ലേ ഒക്കെയും എന്റെ തെറ്റ് ആണ്. നീ എന്നോട് ക്ഷമിക്ക്.ഒരു അവസരം കൂടി താ എനിക്ക് ഇനി മേലിൽ ഞാൻ ഇതൊന്നും ആവർത്തിക്കില്ല.. ”

അവൻ കെഞ്ചുകയായിരുന്നു.

” മോളെ.. ഇക്കാലത്ത് ചെക്കന്മാർക്ക് പറ്റി പോകാവുന്ന ഒരു തെറ്റ് അല്ലെ ഇത്.. കഴിഞ്ഞത് കഴിഞ്ഞു.അവൻ ഇനി അത് ആവർത്തിക്കില്ല നീ അങ്ങ് ക്ഷമിച്ചേക്ക്.. ”

നന്ദന്റെ അമ്മാവനും അതെ കാര്യം തന്നെ പറഞ്ഞു ആരതിയെ നിർബന്ധിച്ചു അതോടെ അവൾ പതിയെ തലയുയർത്തി.

” അതെന്താ അമ്മാവാ.. ഇത് അത്ര സിമ്പിൾ ആയ കാര്യമാണോ.. വിവാഹം കഴിഞ്ഞു ഭാര്യ കൂടെ ഉള്ളപ്പോൾ തന്നെ വേറൊരു പെണ്ണിനൊപ്പം പോയി കിടക്ക പങ്കിട്ടത് ഒരു ചെറിയ കാര്യം ആണോ .. ഇതേ കാര്യം ഞാൻ ആണ് ചെയ്തിരുന്നത് എങ്കിൽ നിങ്ങൾ ഇങ്ങനെ പ്രതികരിക്കോ ”

ആ ചോദ്യം കേട്ട് അമ്മാവന്റെയും വാ അടഞ്ഞു..

” മോളെ അത് കഴിഞ്ഞ കാര്യം അല്ലെ. ഇനീപ്പോ അത് പറഞ്ഞു അവനെ പഴിക്കണോ ”

ഇത്തവണ നന്ദന്റെ അച്ഛൻ മുന്നിലേക്കെത്തി.

” അതെങ്ങനാ അച്ഛാ കഴിഞ്ഞ കാര്യം ആകുന്നെ.. ഒരിക്കൽ അവൾക്കൊപ്പം പോയി കിടന്നു ഇയാൾ. എന്നിട്ട് ഇപ്പോ രണ്ടാമത്തെ വട്ടവും അതിനായി പ്ലാൻ ചെയ്തപ്പോൾ ആണ് പിടിക്കപ്പെട്ടത്. ഇനിയും ഇയാൾ ഇത് തന്നെ ചെയ്യില്ല എന്ന് അച്ഛന് ഉറപ്പ് തരാൻ പറ്റുമോ ”

അച്ഛന്റെ വാ കൂടി അടഞ്ഞത് കണ്ട് ആകെ കുഴഞ്ഞു നന്ദൻ.

” ഇല്ല.. ഇനി ഞാൻ ആവർത്തിക്കില്ല ആരതി. വിശ്വസിക്ക് ”

ഒരു പുച്ഛത്തോടെ ആണ് ആ വാക്കുകൾ ആരതി ശ്രവിച്ചത്.

“ഹ്മ് !!ഇനിയും ഞാൻ വിശ്വസിക്കണോ നിങ്ങളെ…. ചാറ്റിങ്ങോ കോളോ ഒക്കെയായിരുന്നേൽ ഞാൻ ക്ഷമിച്ചേനെ പക്ഷെ ഇതിപ്പോ.. അങ്ങനല്ലല്ലോ.. പറ്റില്ല എനിക്കിനി പറ്റില്ല.. നമുക്ക് പിരിയാം ”

അവൾ അത് പറഞ്ഞു നിർത്തുമ്പോൾ നന്ദന്റെ മുഖത്ത് വല്ലാത്ത നടുക്കമായിരുന്നു. അവന്റെ മാത്രമല്ല ബന്ധുക്കളുടെയും. ഒക്കെയും കേട്ട് മൗനമായിരുന്നു മാധവനും.

” ഇതൊരു എടുത്തു ചാട്ടമാണ് കേട്ടോ.. ഇവന്റൊപ്പം ഒരു നല്ല ജീവിതം ഉള്ളത് തുലച്ചു കളയരുത് ”

അമ്മാവൻ വീണ്ടും അഭിപ്രായവുമായെത്തിയപ്പോൾ അയാൾക്ക് നേരെ തിരിഞ്ഞു ആരതി.

” അമ്മാവോ.. എനിക്ക് എന്റെ അച്ഛനുണ്ട്. ഞങ്ങൾ രണ്ടിൽ ഒരാൾ ഇല്ലാതാകുന്നത് വരെ ഒരുമിച്ചായിരിക്കും.. അത് മതി എനിക്ക് കൂട്ടിനായി. പിന്നെ ഇയാൾക്ക് ഇതൊന്നും പ്രശ്നമാകില്ല എന്ന് എനിക്ക് അറിയാം.. ഇപ്പോ എന്റെ മുന്നിൽ വന്നു നല്ല പുള്ളി ചമയുമ്പോഴും ഇയാളുടെ ഉള്ളിലെ അഴുക്ക് പോയിട്ടില്ല.

ഞാൻ വിളിച്ചിരുന്നു ഇയാളുടെ ആ കാമുകിയെ.. നമ്പർ കിട്ടാൻ അല്പം ബുദ്ധിമുട്ടി അവളുടെ ജീവിതവും ഏകദേശം ഇതുപോലൊക്കെ തന്നെ ആയി ഒടുവിൽ ഹസ്ബൻഡ് ഒരു അവസരം കൂടി കൊടുത്തു ഇപ്പോ . എന്നിട്ടും രണ്ട് ദിവസം മുന്നേ ഇയാള് രഹസ്യമായി അവളെ വിളിച്ചിരുന്നു.

കുറച്ചു നാള് ഇങ്ങനെ പോട്ടെ എല്ലാം ഒന്ന് സോൾവ് ആയിട്ട് വീണ്ടും കാണണം ന്ന് പറഞ്ഞിട്ട്. അവൾക്കിനി താത്പര്യം ഇല്ല അതുകൊണ്ട് തന്നെ ഞാൻ വിളിച്ചപ്പോ ഈ കാര്യം എന്നോട് തുറന്നു പറഞ്ഞു.”

ഇത്തവണ അമ്മാവന്റെ നാവിറങ്ങി പോയി. മാത്രമല്ല വിളറി വെളുത്തു ദഹിപ്പിക്കുമാറ് നന്ദനെ ഒന്ന് ഒന്ന് നോക്കുമ്പോൾ ആകെ പരുങ്ങലിൽ ആയി അവൻ.

” അ.. അമ്മാവാ.. ഞാൻ.. ഇതൊക്കെ വെറുതെയാണ്.. സത്യമല്ല ”
ആ പതർച്ചയിൽ എല്ലാം വ്യക്തമായിരുന്നു. അതോടെ ഒക്കെയും കേട്ട് നടുങ്ങിയിരുന്ന നന്ദന്റെ അച്ഛൻ പതിയെ എഴുന്നേറ്റു.

” മോളെ.. നിന്നെ ഞങ്ങൾക്ക് വലിയ ഇഷ്ടമാണ് അതുകൊണ്ടാണ്. ഒരു ഒത്തുതീർപ്പിനായി ഇവിടെ വന്നത് പക്ഷെ.. ആ ഒത്തുതീർപ്പ് ഇനി വേണ്ട എന്ന് തോന്നുന്നു. നിനക്ക് എങ്കിലും നല്ലൊരു ജീവിതം ഉണ്ടാകട്ടെ.. ”

അത്രയും പറഞ്ഞയാൾ നന്ദൻ ഒന്ന് നോക്കി. ആകെ നടുക്കത്തിൽ ആയിരുന്നു അവൻ. ശേഷം വീണ്ടും അയാൾ മാധവനു നേരെ തിരിഞ്ഞു.

” മാധവാ.. ക്ഷമിക്ക്… എന്റെ മോൻ ഇത്രക്ക് വൃത്തികെട്ടവൻ ആണെന്ന് ഞാൻ അറിഞ്ഞില്ല.. അവന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു.. ”

തൊഴുകയ്യോടെ അയാൾ പറയുമ്പോൾ പതിയെ എഴുന്നേറ്റു മാധവൻ..

” ഏയ്.. നിങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല.. മക്കൾ മൂലം നമുക്ക് തലകുനിക്കേണ്ട സാഹചര്യവും തലയുയർത്തി പിടിക്കേണ്ട സാഹചര്യവും ഉണ്ടാകും. ഇവിടിപ്പോ നിങ്ങൾക്ക് തല കുനിക്കേണ്ട സാഹചര്യം ആണ്. എന്റെ മോളുടെ തീരുമാനത്തിൽ അഭിമാനിക്കുന്നതിനാൽ ഞാൻ തലയുയർത്തുകയും ചെയ്യുന്നു.. നമുക്ക് ഇത് അധികം പ്രശ്നങ്ങൾ ഒന്നുമില്ലാതെ അങ്ങ് അവസാനിപ്പിക്കാം.. അതാ നല്ലത്.. ”

മാധവന്റെ അഭിപ്രായത്തെ അനുകൂലിച്ചു നന്ദന്റെ ബന്ധുക്കൾ പതിയെ പുറത്തേക്കിറങ്ങി.
ആ സമയം അവസാനമായി നന്ദൻ ഒരിക്കൽ കൂടി ആരതിയെ ഒന്ന് നോക്കി

“ആരതി.. പ്ലീസ്.. ”

“പോടോ നാണമില്ലാത്തവനെ.. ”

പല്ലിറുമ്മികൊണ്ടവൾ മറുപടി പറയവേ വേഗത്തിൽ പുറത്തേക്ക് കടന്നു അവൻ.

” മനുഷ്യനെ നാണം കെടുത്താൻ ഓരോ വേഷം കെട്ടിച്ചു കൊണ്ട് വരും നാണമില്ലാത്തവൻ ”

കാറിലേക്ക് കയറുമ്പോൾ ദേഷ്യത്തിൽ അമ്മാവൻ പിറുപിറുക്കുന്നത് ആരതി കേട്ടിരുന്നു. അവരുടെ കാർ ഗേറ്റ് കടന്നു പോകവേ പതിയെ മാധവനു നേരെ തിരിഞ്ഞു അവൾ.

” അച്ഛാ എന്റെ തീരുമാനം തെറ്റായി പോയി എന്ന് തോന്നുന്നുണ്ടോ ”

ആ ചോദ്യത്തിന് മുന്നിൽ അയാൾ ഒന്ന് പുഞ്ചിരിച്ചു.

” ഒരിക്കലുമില്ല മോളെ.. നിന്റെ ജീവിതം അത് എങ്ങിനെ വേണം ന്ന് തിരഞ്ഞെടുക്കേണ്ടത് നീ ആണ്. അച്ഛൻ ഉണ്ട് എപ്പോഴും കൂട്ടിനു ”

മകളുടെ നെറുകയിൽ തലോടുമ്പോൾ അയാളുടെ മിഴികളിൽ നനവ് പടർന്നിരുന്നു.

” അങ്ങനാണേൽ എനിക്കൊരു ജോലി ശെരിയായിട്ടുണ്ട് ഇവിടെ സതേൺ ബാങ്കിൽ അക്കൗണ്ടന്റ് ആയിട്ട് ആണ്. കഴിഞ്ഞ ആഴ്ച ഇന്റർവ്യു ന് പോയില്ലേ അത് തന്നെ.. ഇന്നിപ്പോ കോൾ വന്നു. അത്യാവശ്യം നല്ല സാലറി ഉണ്ട് അച്ഛാ.. ഇതൊരു നല്ല തുടക്കം ആകട്ടെ.. ”

സന്തോഷത്തോടെ ആരതി അത് പറയുമ്പോൾ അറിയാതെ മനസ്സിൽ ദൈവത്തോട് നന്ദി പറഞ്ഞു മാധവനും.

അങ്ങിനെ അവൾ പുതിയൊരു ജീവിതം ആരംഭിക്കുന്നു. നല്ലൊരു നാളെയെ സ്വപനം കണ്ട്.