പെണ്ണ് കെട്ടാൻ പൂതി വെച്ച് നിക്ക്ണ ഇരുപത്തി നാല് വയസ്സുള്ള അനിയൻ..

(രചന: Muhammed Kutty)

പെണ്ണ് കെട്ടാൻ പൂതി വെച്ച് നിക്ക്ണ ഇരുപത്തി നാല് വയസ്സുള്ള അനിയൻ. വേണ്ടാ വേണ്ടാ ന്ന് നൂറ് വട്ടം പറഞ്ഞിട്ടും ഓന് അയ്ന്റെ ഗുട്ടൻസ് മനസ്സിലാവ്ണില്ല.

കല്യാണം കഴിക്ക്ണത് കിണർ കുത്ത്ണ പോലെയാണ്, വെള്ളം കണ്ട് കഴിഞ്ഞാ പിന്നെ അയിന്റെ ആ ഒരു ത്രില്ലങ്ങട് പോവും.. പിന്നെ ഉപകാരം ല്ലേ ച്ചാ, ണ്ട്, പക്ഷേ ത്രില്ല് ണ്ടാവൂല്ല..

അവന് എവിടെ മനസ്സിലാവാൻ, മുട്ടായി പീട്യേ കേറിയ കുട്ടീന്റെ മാതിരി തുള്ളിച്ചാടി നടക്കാണ്.. എന്നാ അനുഭവിച്ചോന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞ് നിന്നത് നാസിന്റെ മുഖത്തേക്കും.

ഓളെ കണ്ണിലെ തീപ്പൊരിയും വെളിച്ചോം ഇൻക്ക് മാത്രം കാണാൻ കഴിയ്ണത് കൊണ്ട് ഞാൻ പ്ലേറ്റ് തിരിച്ചിട്ടു. അതെന്നെ ഞാമ്പറേണത്, ജീവിതം അനുഭവിച്ച് തീർക്കണം..അനുഭവിക്ക് ട്ടോ..

ഐശ്, പുലിയുടെ കണ്ണ് പൂച്ച കുഞ്ഞിന്റെ പോലെയായി.. നാഗവല്ലി മാറി മാലാഖയായി..

ഡിഗ്രീം പീജീം പടിച്ചിട്ടും ഒരു ലൈൻ സെറ്റാക്കാത്ത ഓന്റെ കഴിവ് കേടിനെ ഞാൻ എടക്കിട്ട് കുത്തി. കുടുംബത്തില് പ്രേമിച്ച് കല്യാണം കഴിച്ചതിന്റെ പരമവീര ചക്രം ഞങ്ങക്കല്ലേ കിട്ടിയുള്ളൂ.. അയിന്റെ അഹങ്കാരം ഇപ്പം കാണിക്കണല്ലോ..

ലോക്കൽ ബ്രോക്കർ മുതൽ ഇന്റർനാഷണൽ മാട്രിമോണി സൈറ്റിൽ വരെ അവന്റെ പേര് രജിസ്റ്റർ ചെയ്തു. ഈ ഓണം കേറാ മൂലേക്ക് പെണ്ണിനെ അയക്കൂലാന്ന് ചിലർ.. ഇവിടെ സ്മാർട് സിറ്റിയാക്കിയിട്ട് അറിയിക്കാന്ന് ഞങ്ങളും.

ബ്രോക്കർ കൊടുത്ത അഡ്രസ്സും തപ്പി നാല് ജാഥക്കുള്ള ആളോള് ഞങ്ങടെ നാട്ടിലെത്തി.

കുഞ്ഞൂന്റെ ചെറിയോനെ ചോയിച്ച് കുറേ ആൾക്കാർ വര്ണ് ണ്ടല്ലോ, അടുത്ത പെരേലെ വയ്യാതെ കെടക്ക്ണ അലീമാത്ത വരെ വിവരം അറിഞ്ഞു.

ഡോക്ടറേ, ഇങ്ങടെ അനിയന് കല്യാണം നോക്ക്ണ്ട ല്ലേ..

അനസ്‌തേഷ്യ കൊടുത്ത് മയക്കത്തിലേക്ക് പോകണ രോഗികള് വരെ അവസാന ആഗ്രഹം പോലെ ഓന്റെ കാര്യം ചോയിക്കാൻ തൊടങ്ങി.

ഇനിയങ്ങനെ വിട്ടാൽ പറ്റൂല്ല.. അവന്റെ കല്യാണം അടുത്ത നോ മ്പിന് മുമ്പേ നടത്തണം ന്ന് ഉപ്പ. ഏട്ടനും ഏട്ടത്തിയും ഡോക്ടർമാർ.. എന്നാ വര്ണ പെണ്ണും ഡോക്ടറായാ മതീന്ന് വീട്ടാര്..

കാലോം നേരോം നോക്കാണ്ട് പണിക്ക് പോവ്ണ ഡോക്ടര്മാരോന്നും വേണ്ടാന്ന് ഓനും..

അയിന്റെ വനേ, അനക്ക് ഡോട്ടർമാരോട് ഇമ്മായിരി പുച്ഛയ്ണ്യോ..

അവനെ പറഞ്ഞിട്ടും കാര്യല്ല, കെട്ടീട്ട പശൂന്റെ അവസ്ഥയാണ് നമ്മടേത്, ആ കയറിന്റെ ദൂരത്തില് ഇരുവത്തിനാല് മണിക്കൂറും ണ്ടാവണം..

അവസാനം ഡിഗ്രിയ്ക്ക് പടിക്കണ കുട്ട്യോൾ മതീന്ന് ഓൻ.. പയിനെട്ട് വയസ്സ്ള്ള കുട്ട്യോൾ കൊറേണ്ട്, അത് ഓന് വേണ്ട. അല്ലേൽ പിന്നെ ഡിഗ്രി കഴിഞ്ഞ കുട്ട്യോൾ ഉണ്ട്. അവരുടെ അപ്പന്മാർക്ക് ഇവനേം വേണ്ട.

ഇരുപത്തിനാല് വയസ്സുള്ള ചെക്കന് ഇരുപത്തി രണ്ട് വയസ്സുള്ള പെണ്ണൊന്നും പറ്റൂല്ല പോലും.. ഓരോരോ നാട്ട് നടപ്പുകൾ..

അയിന്റെ എടേല് ള്ളതിനെ കിട്ടാൻ പാടാ.. ബ്രോക്കർ മൂപ്പരുടെ കൈയിലെ സ്റ്റോക്ക് നിരത്താൻ തുടങ്ങി..

ഫോണിലെ ഗാലറിയിൽ ഓരോരോ സുന്ദരികൾ, ക രീന കപൂറിനെ പോലെള്ളത്, ഐ ശ്വര്യ റായിയെ പോലെള്ളത്, ക ജോളിനെ പോലെള്ളത്..
ഞാൻ നാസിന്റെ മുഖത്തേക്ക് നോക്കി..

ഇക്കാ, ചെക്കന്മാരെ ഫോട്ടോ ണ്ടോ?

ണ്ടല്ലോ മോളേ..

അയിനിപ്പോ ആർക്കാ ഈടെ ചെക്കനെ വേണ്ടേ? ഞാൻ ഓളെ പുരികം വളച്ച് നോക്കി..

ഇങ്ങളൊന്ന് മിണ്ടാതിരി മൻഷ്യാ.. നാസ് എന്തിനോ ഉള്ള പുറപ്പാടാണ്.. ബ്രോക്കർ ഫോണിലെ വേറൊരു ഫയൽ തുറന്നു..

ഇങ്ങട് കാണിക്ക്..നാസ് ഫോണ് മൂപ്പരുടെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചു..

എന്ത് നല്ല മൊഞ്ചന്മാര്.. സ ൽമാൻ ഖാനെ പോലെള്ളത്, ഷാ രൂഖ് ഖാനെ പോലെള്ളത്.. ഹാ..

ആ ഹായുടെ അർത്ഥം എനിക്ക് പിടി കിട്ടി, എനിക്ക് മാത്രം, എനിക്കേ പിടി കിട്ടിയുള്ളൂ..

ബൈ ദുഫായ്, ഓൻ പറ്റ്യ വേറെ ആളെ കാണിക്ക് ഇക്കാ..

സീൻ മാറ്റിയില്ലേൽ മൊത്തം സീൻ കോഞ്ഞാട്ടയാവും.. ക ജോളും ഷാ രൂഖ് ഖാനും തമ്മിൽ ഇപ്പോ അങ്കം തൊടങ്ങും..

ദാ, ഇത് നോക്കി, ഡോക്ടറാകാൻ പടിക്കണ കുട്ട്യാ..

ങ്ഹേ..

ങ്ഹാ, സൈക്കോളജ്യോ ഫിലോസഫ്യോ ങ്ങനെന്തോ പറഞ്ഞ..

അയ് ശരി, കോൺക്രീറ്റ്ന്റെ പണിക്ക് പോവുന്നവനെ വരെ സിവിൽ എൻജിനീയറാക്ക്ണ ടീമാണ്..

ഹും, ഡാ, ഓളെ പി. എച് ഡി എടുപ്പിച്ച് സൈക്കോളജി ഡോക്ടറാക്കാം. ഇത് ഫിക്സ്ഡ്..

അത് നമ്മള് ഫിക്‌സാക്ക്യാ മതിയോ..

ങ്ഹാ, ബ്രോക്കറേ നാളെ കാണാൻ വരട്ടെന്ന് ചോയിക്ക്..

അനിയൻജിക്ക് പിന്നേം പിന്നേം ഉത്സാഹം. കെണീലെ തേങ്ങാപ്പൂള് എടുക്കാൻ പോവ്ണ എലിന്റെ അവസ്ഥയാണല്ലോ ഓന് എന്ന് കരുതി ഞാൻ നെടുവീർപ്പിട്ടു.

ബ്രോക്കർ ഫോണിൽ കുത്തുന്നു.. അങ്ങോട്ടും ഇങ്ങോട്ടും മിണ്ടുന്നു. സെറ്റ്, നാളെ രാവിലെ പത്ത് മണി.. പെണ്ണ് കാണൽ ഫിക്സഡ്..

ഉപ്പ അതിന്റെ എടേല് പെണ്ണിന്റെ വീടിനടുത്തുള്ള കുടുംബക്കാരെ വിളിച്ച് വിശദമായ അന്വേഷണം..

ഞങ്ങൾ ഫേസ് ബുക്കിലും ഇൻസ്റ്റലും കൂലങ്കുശമായ സെർച്ച്.. പ്രൊഫൈലിൽ റൂമിയുടെ പേരും വെച്ച് ഏതോ പിരാന്തൻ എഴുതിയ രണ്ട് വരി കവിത മാത്രം ഷെയർ ചെയ്ത് വെച്ചിട്ടുണ്ട്.. പാവം..

പിറ്റേന്ന് രാവിലെ തന്നെ ഞാൻ ഷേവ് ചെയ്ത്, കുളിച്ച് സുന്ദരനായി..

ഉം ഉം, എന്തേനൂ.. നാസാണ്.. ബോബനും മോളീലെ പട്ടീനെ പോലെയാണ്, എല്ലാ ഫ്രയിമിലും ഓള് ണ്ടാവും.

ഇങ്ങടെ പെണ്ണ് കാണലല്ല, അനിയന്റെയാ..

ശ്ശേ.. ആ ഫ്ലോ അങ്ങട് പോയി..കുളിച്ചോണ്ട് നിക്കുമ്പോ വെള്ളം തീർന്ന അവസ്ഥയായി..

ഒരിക്കലും കഴുകാത്ത കാർ തേച്ചൊരച്ച് കുട്ടപ്പനാക്കി, അയ്ന്റെ ഒറിജിനൽ കളർ കണ്ടിട്ട് അയലോക്കക്കാർ വരെ ചോയ്ച്ചു..

ഡോട്ടറേ കൂയ്, ഇങ്ങള് പുത്യേ കാർ വാങ്ങീനോ.. പ്ലിങ്.. നന്നാവാനും സമ്മയ്‌ക്കൂല അയൽവാസികൾ, ദാരിദ്ര്യ വാസികൾ..

ഷൂസ് ഒന്നൂടെ പോളീഷ് ചെയ്തു. പീറ്റർ ഇംഗ്ലണ്ടിന്റെ ഷർട്ട് ബേസിക്സിന്റെ പാന്റിന്റെ ഉള്ളിലാക്കി പുറത്ത് വുഡ് ലാൻഡിന്റെ ബെൽറ്റും കെട്ടി, ഫുൾ ബ്രാന്റഡ്.. ആഹാ അന്തസ്സ്..

പുത്യാപ്ല ചെക്കൻ ഒരു കൂറ ജീൻസും ടിഷർട്ടും, വള്ളിക്കെട്ട് ചെരുപ്പും ഇട്ട് വണ്ടിയിൽ കേറി..

ഹോ, സിംപ്ലൻ.. ന്യൂജന്റെ ഓരോ പാഷനേ..

പെണ്ണിന്റെ വീട്ടിൽ എത്തിയതും സിറ്റ്ഔട്ടിൽ തന്നെ പെണ്ണിന്റെ ബാപ്പ നൂറ്റിപ്പത്ത് വാട്ട്സിന്റെ ചിരിയും ഫിറ്റ് ചെയ്ത് നിൽക്കുന്നുണ്ട്. വരിൻ..കേറി ഇരിക്കി..

ഞാനും അനിയനും ഓഫീസ് റൂമിലെ സോഫയിൽ ഇരുന്നു, നാസ് അകത്തേക്കും പോയി.. എതിരെ ചിരി ഓഫ് ചെയ്യാൻ മറന്ന് പെണ്ണിന്റെ ബാപ്പേം..

പിന്നെ, എന്തൊക്കെണ്ട്..

മൂപ്പര് കുശലം തുടങ്ങി..

ഓഹ്, സുഖം, മഴയൊക്കെ അല്ലേ, ഇവിടെ എങ്ങനെയാ..

എവിടേം വീശാവുന്ന എനിക്ക് അറിയുന്ന മറുപടീം പറഞ്ഞു..

മൂപ്പര് പുറത്തേക്ക് നോക്കി..ഞാനും..

ങേ, നല്ല ചൂട്..

ശ്ശെടാ, ഇത് കൊട്ടം വേനലേയ്നോ..

വയനാട്ടിലൊരു ഫ്രണ്ട് ണ്ട്, ഓളെ എപ്പോ വിളിച്ചാലും പറയും, ഈടെ വയങ്കര മഴയാടാന്ന്.. വേനലും വർഷോം ഒന്നും ഇല്ല..ആ ബലാല് വെർതെ സ്പോട്ടിൽ മെമ്മറീല് കേറി വന്നു.

ആ പോട്ട്, നമ്മൾ ഇവിടെ കാലാവസ്‌ഥ റിപ്പോർട്ട് പറയാൻ വന്നതല്ലല്ലോ..

അനിയനേം പെങ്ങളേം കൂട്ടി പൊന്നുല്ലേ, ഉമ്മാനേം ഉപ്പാനേം കൂടി കൊണ്ട് വന്നൂടേയ്നോ..

മൂപ്പിലാൻ അടുത്ത ടോപിക് ഇട്ടു..

പടച്ചോനേ, ഇന്നെ കണ്ടിട്ട് ഇയാൾക്ക് ചെക്കാനായിട്ടാണോ തോന്ന്യേ.. അനിയന്റെ രണ്ട് ഉണ്ട കണ്ണുകൾ എന്റെ മുഖത്തേക്ക്.. അതിപ്പോ ന്നെ കാണാൻ ദു ൽ ഖ ർ സൽമാന്റെ മാതിരിയായത് ന്റെ കുറ്റാ..

രണ്ട് ഉണ്ട കണ്ണുകൾ ഞാൻ അങ്ങോട്ടും ഇട്ടു..

ആ സുന്ദരസുരഭില നിമിഷത്തിൽ ട്രേയിൽ ചായയുമായി പെണ്ണും കൂടെ നാസും ഞങ്ങളുടെ അടുത്തെത്തി..

അരിമണി തള്ളി കൊണ്ടോവ്‌ണ ഉറുമ്പോളെ പോലെ അയിന്റെ പുറകിൽ പെണ്ണിന്റെ ഉമ്മേം അനിയത്തീം അനിയനും..

ഇതാട്ടോ പുത്യാപ്ല ..

ഞാൻ ആദ്യം തന്നെ അപകടം ഒഴിവാക്കി.. അല്ലേൽ പുത്യണ്ണിന്റെ പുറകിൽ നിൽക്കുന്ന കത്തുന്ന രണ്ട് ഉണ്ടക്കണ്ണുകൾ കൂടി ഇനി പുറത്ത് ചാടും.

ചായേം കടീം കൊണ്ട് വെച്ച് ഞങ്ങളോട് കുടിക്കാൻ പറഞ്ഞ് പെണ്ണും ബാപ്പേം ഉറുമ്പിൻ കൂട്ടവും അകത്തേക്ക് പോയി..

മൂപ്പർക്ക് ചെക്കനെ പിടിച്ചില്ലാന്ന് തോന്ന് ണു..ബോഡി ഭാഷ ശരിയല്ലേയ്‌നു..

ബദാം, അണ്ടി പരിപ്പ്, കാരക്ക, പഴം നിറച്ചത്, സമൂസ, പിന്നെ പഫ്സും.. ഓര് അകത്ത് പോയ തക്കത്തിന് സഭേല് കഴിക്കാൻ പറ്റാത്ത പഫ്സ് ഒഴികെ എല്ലാം ഞങ്ങള് തീർത്തു. കാലിയായ പാത്രം മാത്രം തിരിച്ച് കൊടുത്ത് ഞങ്ങൾ മാതൃകയായി..

തിരിച്ച് വണ്ടിയിൽ കേറി തിരിഞ്ഞു നോക്കുമ്പോ പെണ്ണും ബാപ്പേം ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു, അനിയനാണെങ്കി മീനിനെ കിട്ടാത്ത കൊക്കിനെ പോലെ പെണ്ണിനെ നോക്കി നിന്നു..

കഴിപ്പിന്റെ എടേല് പെണ്ണിനോട് ഒന്നും സംസാരിച്ചില്ലാ ന്ന് അപ്പോഴാ ഓർത്തത്..

അല്ലെങ്കി തന്നെ സ്റ്റേഷൻ വിട്ട തീവണ്ടിക്ക് കൈ കാണിച്ചിട്ട് കാര്യോന്നും ഇല്ലല്ലോ..

ഇനി അടുത്ത പെണ്ണ് കാണലിന് ഒറ്റക്ക് പൊയ്ക്കോളാന്ന് അനിയൻ..

ഇനിക്ക് ഇത്തിരി സൗന്ദര്യം കൂടിയത് പ്പോ ന്റെ കുഴപ്പാണോന്ന് ഞാനും.. പക്ഷേ ട്വിസ്റ് വൈന്നേരാർന്നു..

ചെക്കനെ ഞങ്ങക്ക് ഇഷ്ടായിട്ടോ.. ഇങ്ങക്ക് OK ആണെങ്കി അടുത്തീസം ഞങ്ങൾ അങ്ങട്ട് വരാ.. പിന്നേയ്, ബദവും അണ്ടിപരിപ്പും കാരക്കേം ഞങ്ങളും കഴിക്കും ട്ടോ.. വല്ലാത്ത ജാതി പെണ്ണ് കാണലായിപ്പോയി…

Leave a Reply

Your email address will not be published. Required fields are marked *