ഉടനെ അച്ഛനെ കൊണ്ടുപോകാം എന്ന് പറഞ്ഞു പോയ സുധി പിന്നെ ഇപ്പോൾ..

മനസാക്ഷി മരിക്കുമ്പോൾ
(രചന: Jolly Shaji)

രാമു അച്ഛൻ ഇന്ന് ഏറെ സന്തോഷത്തിലാണ്… രാവിലെ തന്നെ എഴുന്നേറ്റ രാമു അച്ഛൻ മുറ്റത്തെ ചെടികളെ ഒക്കെ നനച്ചു…

കഴിഞ്ഞ കുറേ ദിവസങ്ങളായി ചെറിയ ദേഹാസ്വസ്ഥതകൾ അലട്ടുന്നുണ്ടായിരുന്നു…

അതിനാൽ ചെടികൾ ഒക്കെ നനക്കുന്നത് അടുക്കളയിൽ സഹായത്തിന് വരുന്ന രാജമ്മ ആയിരുന്നു..

പത്മിനി പോയതിൽ പിന്നെ ആകെ മൂകനായി മാറുകയായിരുന്നു രാമു അച്ഛൻ…

പത്മിനി മരിച്ചു എഴിന്റെ അന്ന് ചടങ്ങുകൾ തീർത്ത് പോയതാണ് ബാംഗ്ലൂരിൽ ജോലിയുള്ള മകൻ സുധിയും കുടുംബവും…

സൂര്യമോൾക്കാണെങ്കിൽ അവിടെ അച്ഛനെയും അമ്മയെയും നോക്കണം കൂടെ കുഞ്ഞുങ്ങൾ,

വിനുവിന്റെ ബിസിനസ് ശ്രദ്ധിക്കണം അങ്ങനെ ഓരോ കാരണങ്ങൾ പറഞ്ഞു വല്ലപ്പോഴും ഒന്ന് തലകാണിച്ചു പോകും..

പിന്നെ ഈ തറവാട്ടിൽ ആകെ കൂട്ട് രണ്ട് പൂച്ചക്കുട്ടികളും ഒരു നായക്കുട്ടിയുമാണ്.. അടുക്കളയിൽ ജോലി ചെയ്യുന്ന രാജമ്മ പോയാൽ രാമു അച്ഛൻ തനിച്ചാണ്…

പത്മിനിക്കും മുന്പേ താൻ പോകും എന്നാണ് ഓർത്തത് പക്ഷെ വിധി ഒരു വില്ലനായി കടന്നു വന്നു…

കുറേ ദിവസത്തെ ഏകാന്തതയിൽ നിന്നുമൊരു മോചനം ആണ് ഇന്നലെ സുധി വന്നപ്പോൾ കിട്ടിയത്… അവന്റെ ഭാര്യയും കുഞ്ഞുങ്ങളും കൂടി വന്നെങ്കിൽ സന്തോഷം ഇരട്ടിച്ചേനെ..

പത്മിനി മരിച്ചു ചടങ്ങുകൾ കഴിഞ്ഞപ്പോൾ എല്ലാരും സുധിയോട് ഇനി നാട്ടിൽ കൂടാൻ പറഞ്ഞു പക്ഷെ രശ്മി മോൾക്ക്‌ ഈ വീടും തൊടിയുമൊന്നും ഇഷ്ടമല്ല…

ഉടനെ അച്ഛനെ കൊണ്ടുപോകാം എന്ന് പറഞ്ഞു പോയ സുധി പിന്നെ ഇപ്പോൾ ആണ് വരുന്നത്… എന്തായാലും തന്നെയും കൊണ്ടുപോകുമല്ലോ…

“അച്ഛാ, ഉള്ളതിൽ കുറച്ചു നല്ല ഡ്രസ്സ് ഒരു പെട്ടിയിൽ എടുത്തോളൂ… അത്യാവശ്യം വേണ്ട സാധനങ്ങളും… ഒരുപാട് വൈകാതെ നമുക്ക് ഇറങ്ങണം… അവിടെ അവളും കുട്ടികളും മാത്രേ ഉള്ളു..”

രാമുഅച്ഛൻ വേഗം ഡ്രസ്സ് എടുത്തുവെച്ചു… കൂടെ പ്രിയതമയുടെ ഒരു ഫോട്ടോയും…

താനും പത്മിനിയും സുഖവും സന്തോഷവും പങ്കുവെച്ചു കഴിഞ്ഞിരുന്ന ആ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ രാമുഅച്ഛൻ വേഗം തെക്കേ തൊടിയിലേക്ക് നോക്കി….

വളർന്നു പന്തലിച്ച മാവിന്റെ ചുവട്ടിൽ നിന്നും പത്മിനി പുഞ്ചിരിച്ചു കൈവീശുന്നു… അയാൾ കണ്ണുകൾ തുടച്ചു വണ്ടിയിലേക്ക് കയറി..

വണ്ടി കുറേ ദൂരം ഓടി… സുധി ഡ്രൈവിങ്ങിൽ ശ്രദ്ധിക്കുന്നതിനാൽ സംസാരിക്കുന്നെ ഇല്ലായിരുന്നു.

ഇടയ്ക്കു ഒരിടത്ത് നിർത്തി അവൻ അച്ഛന് ഭക്ഷണം വാങ്ങികൊടുത്തു..
ഭക്ഷണം കഴിച്ചു വണ്ടിയിൽ കേറിയ രാമു അച്ഛൻ പാട്ട് കേട്ട് മയങ്ങിപ്പോയി..

“അച്ഛാ എഴുന്നേൽക്കു… സ്ഥലം എത്തി…”

അയാൾ ചുറ്റും നോക്കി.. നിറയെ വൃക്ഷങ്ങൾ നിറഞ്ഞ നിശബ്ദമായ ഒരു സ്ഥലം വലിയൊരു കെട്ടിടം, അതിന് ചുറ്റിലും പൂത്തോട്ടം, പച്ചക്കറി തോട്ടം…

സുധി വണ്ടിയിൽ നിന്നും അച്ഛന്റെ ബാഗ് എടുത്തു കെട്ടിടത്തിന് അടുത്തേക്ക് മുന്നേ നടന്നു..രാമു അച്ഛൻ വിറക്കുന്ന കാലുകളോടെ പിന്നാലെ ചെന്നു…

അവിടെ അവരെ വരവേൽക്കാൻ ഒരുപാട് അമ്മച്ചിമാരും അപ്പച്ചന്മാരും ഉണ്ടായിരുന്നു… അധികം പ്രായമില്ലാത്ത ഒരു പെൺകുട്ടിയുടെ കയ്യിലേക്ക് പെട്ടി കൊടുത്തിട്ടു സുധി പറഞ്ഞു…

“അച്ഛൻ കുറച്ചുനാൾ ഇവർക്കൊപ്പം നിൽക്കണം… ഞാൻ നാട്ടിൽ ഒരു ജോലി റെഡിയായാൽ ബാഗ്ലൂർ വിട്ടു പോരാം അപ്പോൾ അച്ഛനെ കൊണ്ടുപോയ്ക്കോളാം…

അച്ഛന് ബാംഗ്ലൂരും ഫ്ലാറ്റും ഇന്ദുവിന്റെ ഫുഡും ഒന്നും പിടിക്കില്ല….

ഇവിടെ അച്ഛന് ഒരു കുറവും ഉണ്ടാവില്ല… ഇവിടെ ഉള്ളവരൊക്കെ അച്ഛന് നല്ല സുഹൃത്തുക്കൾ ആവും…ഞാൻ എല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്…”

അവൻ അത്രയും പറഞ്ഞു വേഗം ഇറങ്ങി വണ്ടിക്കടുത്തേക്ക് പോയി..
നെഞ്ച് പിടഞ്ഞ ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

അദ്ദേഹത്തിന്റെ അതേ പ്രായത്തിൽ ഉള്ളൊരാൾ അങ്ങോടു നടന്നു വന്നു തോളിൽ പിടിച്ചു..

“എന്തിനാ കരയുന്നത് എന്ന് ചോദിക്കുന്നില്ല… ഞങ്ങളും ഇങ്ങനെ ഒക്കെ വന്നു പെട്ടവർ ആണ്…

മനസാക്ഷി മരവിച്ച മക്കളുടെ മാതാപിതാക്കൾ നമ്മൾ… ഇനി നമ്മുടെ സ്വർഗം ഇതാണ്…വരൂ ഇവിടെ നാമെല്ലാവരും ഇനി ഒന്നാണ്…”

അവിടെ കൂടിനിന്ന ചിലർ വന്നു രാമു അച്ഛനെ കയ്യിൽ പിടിച്ച് തങ്ങളുടെ ലോകത്തേക്ക് നടന്നു….

Leave a Reply

Your email address will not be published. Required fields are marked *