പ്രകടനങ്ങളില്ല അമിത ലാളനകളില്ല, കല്യാണം കഴിഞ്ഞു പുതുതായി വന്ന..

അത്ര മേൽ പ്രിയമെങ്കിലും
(രചന: Ammu Santhosh)

കല്യാണം ലളിതമായ രീതിയിൽ മതി എന്നത് അനുപമയുടെ തീരുമാനമായിരുന്നു.

“മാളവികയുടെ വീട്ടുകാർക്ക് കുറച്ചു കൂടി ആളെ കൂട്ടണമെന്നുണ്ട് എന്ന് തോന്നുന്നു അമ്മേ” അർജുൻ ഒരു ചിരിയോടെ അനുപമ യോട് പറഞ്ഞു.

“ഇതിപ്പോ കല്യാണം പെൺവീട്ടുകാരല്ലേ നടത്തുന്നത്? അവർ ആളെ കൂട്ടിക്കോട്ടെ നമുക്ക് എന്താ?”

അമ്മാവൻ കൂടി ചോദിച്ചപ്പോൾ അനുപമ ഒന്നാലോചിച്ചു.

“ആർഭാടങ്ങൾ ഒന്നും വേണ്ട മോനെ.. കുറച്ചു ആളുകൾ. ഗുരുവായൂർ വെച്ച് ചെറിയൊരു കല്യാണം. അത് മതി.

പിന്നെ കല്യാണം നടത്തുന്നത് പെൺകുട്ടിയുടെ വീട്ടുകാർ ആവണം എന്നൊന്നുമില്ല. ഞാൻ നടത്താം അവർ ഓക്കേ ആണെങ്കിൽ..”

“ഈ അമ്മ ” അവൻ അമ്മയെ ഒന്ന് ചേർത്ത് പിടിച്ചു

“മാളൂന് ദേ ഇത് പോലൊരു വലിയമ്മാമ ഉണ്ട്. പുള്ളിക്ക് നിർബന്ധം ആയിരം പേര് വേണംത്രേ. അവരുടെ കുടുംബത്തിലെ ആദ്യത്തെ കല്യാണം ആണത്രേ ..”

“ഇതെന്താ ഉത്സവമൊ?”

അനുപമ കണ്ണ് മിഴിച്ചു.

“ഞാനും നിന്റെ അച്ഛനും ഗുരുവായൂർ അമ്പലത്തിൽ വെച്ചു പരസ്പരം ഒരു തുളസി മാലയിട്ടു .

കൂടെ ഞങ്ങളുടെ അച്ഛനും അമ്മയും കുറച്ചു ബന്ധുക്കളും .അത്ര തന്നെ. പരാതി പറഞ്ഞ ആൾക്കാർക്ക് പിന്നെ ഒരില ചോറ് കൊടുത്തു ട്ടൊ അച്ഛൻ.”

“ഇപ്പൊ സേവ് ദി ഡേറ്റിന്റെ ഒക്കെ കാലമല്ലേ അമ്മേ?”

അവൻ ചിരിച്ചു…

“മാളവികയ്ക്ക് അങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ ആയിക്കോട്ടെ.. നോ പ്രോബ്ലം “അവർ പറഞ്ഞു

“മാളു അമ്മയെ പോലെയാ.. കല്യാണത്തിന് പുളിയിലക്കര നേര്യതും മുണ്ടും മതി എന്ന് വീട്ടിൽ പറഞ്ഞിരിക്കുകയാ കക്ഷി. ഒരു കുഞ്ഞ് മാല ചെറിയൊരു കമ്മൽ രണ്ടു വള. ഇത്രേയുള്ളൂ എന്ന് എന്നോട് പറഞ്ഞു ”

അനുപമക്ക് സന്തോഷം ആയി.

“അത് ധാരാളം മതി. പെണ്ണിന്റെ ഭംഗി ചമയങ്ങളിലല്ല. അവളുടെ മനസിലും പെരുമാറ്റത്തിലും സ്വഭാവത്തിലുമാ.”

അവൻ മെല്ലെ ഒന്ന് തലയാട്ടി.

മാളവികയെ അവനായിട്ട് സെലക്ട്‌ ചെയ്തതാണ്. ഒരെ ഓഫീസിൽ ജോലി ചെയ്യുന്നവർ. അവളുടെ പെരുമാറ്റമിഷ്ടമായപ്പോൾ തന്നെ ഇഷ്ടമാണോ എന്നവളോട് ചോദിച്ചു. അവൾക്കും ഇഷ്ടം.

അങ്ങനെ ആലോചിച്ചു. എല്ലാവർക്കും സമ്മതം. മാളവികയുടെ വീടിന് തൊട്ടടുത്താണ് ഓഫീസ്.

പലതവണ അത് കൊണ്ട് അവിടെ പോകേണ്ടി വന്നിട്ടുണ്ട്. നല്ല ഒരു അച്ഛനും അമ്മയും.

അവന്റെ നഗരത്തിൽ നിന്ന് അവിടേയ്ക്ക് ഒരു നാല് മണിക്കൂർ യാത്ര ഉള്ളത് കൊണ്ട് വാടകക്ക് ഒരു ഫ്ലാറ്റ് എടുത്തിട്ടുണ്ട് ഓഫീസിനടുത്ത്. അവിടെ അവരും വരാറുണ്ട്.

അനുപമയുടെ ആഗ്രഹം പോലെ തന്നെ ലളിതമായ കല്യാണം ആയിരുന്നു. കല്യാണത്തിന് ഒരാഴ്ച മുൻപ് അർജുന്‌ നാട്ടിലേക്ക് ട്രാൻസ്ഫർ ആയി.

മാളവികയ്ക്ക് അനുപമയൊരു ഗൗരവക്കാരിയായ അമ്മയാണെന്ന് തോന്നി.

വളരെ കുറച്ചു മാത്രം സംസാരിക്കുന്ന, ആവശ്യത്തിന് ചിരിക്കുന്ന ഒരാൾ. തന്റേതായ ഒരു ലോകത്തു സമാധാനം ആയി ജീവിക്കുന്ന ഒരാൾ.

പ്രകടനങ്ങളില്ല. അമിത ലാളനകളില്ല. കല്യാണം കഴിഞ്ഞു പുതുതായി വന്ന ഒരാളാണെന്ന മട്ടിലുള്ള പെരുമാറ്റവുമില്ല. സാധാരണ പോലെ തന്നെ.

“അമ്മയെന്താ വായിക്കുന്നത്?”

“ഒരു നോവലാണ് “അനുപമ പുസ്തകം നീട്ടി

അവൾ വെറുതെ ഒന്ന് മറിച്ചു നോക്കി.

“എനിക്ക് വായനയില്ല.. ഒറ്റയ്ക്ക് ഇരിക്കാൻ ഒട്ടും ഇഷ്ടമല്ല..അമ്മ പൊതുവെ സൈലന്റ് ആണല്ലേ? ഞാൻ വായാടിയാണ്. വീട്ടിൽ അനിയത്തി ഉണ്ടല്ലോ.. അവളെ മിസ്സ് ചെയ്യുന്നുണ്ട്”
അവൾ പറഞ്ഞു.

“ജോലിക്ക് പോയി തുടങ്ങു..കല്യാണം കഴിഞ്ഞ് ഇതിപ്പോ ഒരാഴ്ച ആയില്ലേ?” അനുപമ ചോദിച്ചു

“അർജുൻ പറഞ്ഞു ഇങ്ങോട്ട് ട്രാൻസ്ഫർ വാങ്ങാമെന്ന്.. ഇനിയിപ്പോ അത് വരെ ലീവ് എടുക്കാൻ പറഞ്ഞു” അവളുടെ മുഖത്ത് ഒരു വിഷമം ഉണ്ടെന്ന് അനുപമ കണ്ടു പിടിച്ചു.

“എന്തിന്? മോൾക്ക് സ്വന്തം വീട്ടിൽ നിന്നും പോയി ജോലി ചെയ്യാല്ലോ? ട്രാൻസ്ഫർ ആകുമ്പോൾ ഇങ്ങോട്ട് വന്നാൽ പോരെ? വന്നാലും ഭാവിയിൽ നിങ്ങൾ ഇവിടെ ആവില്ല താമസിക്കുക.” അവർ ചിരിച്ചു

“പിന്നെ എവിടെ?” അർജുന്റെ മുഴങ്ങുന്ന ശബ്ദം പിന്നിൽ.

“എത്തിയോ? “അനുപമ ചിരിച്ചു.

അർജുൻ അമ്മയുടെ തോളിൽ മുഖം അമർത്തി.

“എവിടേയ്ക്ക ഞങ്ങളെ ഓടിച്ചു വിടുന്നത്?” അവൻ കുസൃതി യോടെ ചോദിച്ചു

“ഞാനും നിന്റെ അച്ഛനും ആഗ്രഹിച്ച പോലെ ഞങ്ങൾ ഡിസൈൻ ചെയ്ത വീടാ ഇത്.. ഇനി നിങ്ങൾ ഡിസൈൻ ചെയ്യണം ഒരു വീട്.. ഫ്ലാറ്റ് ആണ് ഇഷ്ടം എങ്കിൽ അങ്ങനെ..

പക്ഷെ നിങ്ങളുടെ സ്വന്തം ആയിരിക്കണം. എന്ന് കരുതി വരാതെയിരിക്കരുത് ട്ടൊ. വരാം. കുറച്ചു ദിവസമിവിടെ നിൽക്കാം.. അമ്മയ്ക്കതു സന്തോഷം അല്ലെ?”

അമ്മ അർജുനന്റെ കവിളിൽ തലോടി

“അമ്മ ഒറ്റയ്ക്കാവില്ലേ?” അവന്റെ ഒച്ച ഒന്നടച്ചു

“അച്ഛൻ മരിച്ചു കഴിഞ്ഞല്ലേ നീ ഓസ്ട്രേലിയ യിൽ പഠിക്കാൻ പോയത് , പിന്നെ ജോലിക്ക് പോയത്..

അപ്പോഴൊക്കെ അമ്മ ഒറ്റയ്ക്കായിരുന്നില്ലേ? അത് സാരോല്ല. എനിക്ക് നിന്റെ അച്ഛനുണ്ട് കൂട്ട്..

ആ ഓർമ്മകൾ ഉണ്ട്. ഇനി നിങ്ങളുടെ ജീവിതം ആണ് ഒറ്റയ്ക്ക് തുടങ്ങണം എല്ലാം.. അതാണ് ഒരു ത്രിൽ. എന്ത് രസാണെന്നോ?” അമ്മ നിറഞ്ഞ ചിരിയോടെ അവന്റെ കവിളിൽ നുള്ളി

മാളവിക തെല്ല് അമ്പരപ്പിൽ അർജുനെ നോക്കി.

“വിളക്ക് വെയ്ക്കാറായി.. ഞാൻ ഒന്ന് കുളിക്കട്ടെ ”

അനുപമ എഴുന്നേറ്റു പോയി.

“അമ്മ എന്താ അങ്ങനെ പറഞ്ഞത്?” മാളവിക ചോദിച്ചു.

“she is unpredictable “അവൻ ചിരിച്ചു

പിന്നെ നനവൂറുന്ന കണ്ണുകൾ അവൾ കാണാതെ തുടച്ചു.

“അമ്മ തനിച്ച്? മറ്റുള്ളവർ എന്ത് പറയും?” അവൾ വേവലാതിയോടെ ചോദിച്ചു.

“മറ്റുള്ളവർ എന്ത്‌ പറയുമെന്ന് ജീവിതത്തിൽ ഒരിക്കലും ചിന്തിക്കാത്ത ഒരാളാണ് എന്റെ അമ്മ. എന്റെ അമ്മ ബോൾഡ് ആണ്. She is perfect.. Proud of her always ”

അവനവളെ ചേർത്ത് പിടിച്ചു

“നമുക്ക് ഡിസൈൻ ചെയ്യണം നമ്മുടെ വീട്, നമ്മുടെ ജീവിതം.. ഒക്കെ. അമ്മ പറഞ്ഞ പോലെ ത്രിൽ ആണ് അല്ലെ? ഒന്നാലോചിച്ചു നോക്കു.. പൂജ്യത്തിൽ നിന്ന് തുടങ്ങണം..

എല്ലാം. ഒന്നുമില്ലായ്മയിൽ നിന്ന്.. ധൈര്യം വേണം.. അത്രേം ഉള്ളു. നിന്റെ വീട്ടിൽ നിന്നും ഒന്നും വേണ്ട എന്റെ വീട്ടിൽ നിന്നും വേണ്ട.. എങ്ങനെ?”

“സൂപ്പർബ് ” മാളവിക അവനെ കെട്ടിപ്പിടിച്ചു.

അമ്മ നടന്നു പോയ ഇടനാഴിയിലേക്ക് അവന്റെ കണ്ണുകൾ നീണ്ടു. ആ കണ്ണുകൾ വീണ്ടും നിറഞ്ഞു.

അമ്മ ഒറ്റയ്ക്കല്ല ഒരു വിളിക്കപ്പുറം ഞാൻ ഉണ്ടമ്മേ എന്ന് അവൻ ഹൃദയത്തിൽ പറഞ്ഞു.

അത്ര മേൽ പ്രിയമുള്ളതാണെങ്കിലും ചില വേർപാടുകൾ അനിവാര്യമാണ് കാലം നമ്മെ പഠിപ്പിക്കുന്ന പാഠമാണ് അത്.

Leave a Reply

Your email address will not be published. Required fields are marked *