ഇരുപത് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് വീട്ടിലേക്ക് ചെന്നപ്പോൾ ഏറെ പ്രതീക്ഷയു..

(രചന: J. K)

ദേവൻ എന്ന നാൽപതു വയസുള്ള ഒരു ചെറുപ്പക്കാരൻ.. വല്ലാതെ കുടുംബത്തിനോട് ഇഴുകി ചേർന്ന് ജീവിക്കുന്നയാൾ..

ഇപ്പോഴും സ്വന്തമായി ഒരു കുടുംബം കെട്ടി പടുക്കാൻ കഴിഞ്ഞില്ല.. വിദേശത്ത് പ്രവാസിയുടെ കുപ്പായമണിഞ്ഞു പോകുമ്പോൾ അച്ഛന്റെ ചിതയിലെ കനൽ കെട്ടിട്ടില്ലായിരുന്നു..

ചിരട്ടയും നാഴിയും പോലെ മൂന്നെണ്ണം..
കണ്ണീരുണങ്ങാത്ത അമ്മ… ആരോ ഏല്പിച്ചു തന്നത് പോലെ ആ കുടുംബത്തിന്റെ മൊത്തം ഭാരം ഏറ്റെടുത്തു..

കുറച്ചുനാളത്തെ പ്രവാസം.. അതുകഴിഞ്ഞ് ബാധ്യതയെല്ലാം തീരുമ്പോൾ അമ്മയോടു സഹോദരങ്ങളോടും ഒത്ത് പുതിയൊരു ജീവിതം… ഇത്രയൊക്കെയേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ…

പ്രവാസിയുടെ കുപ്പായമണിഞ്ഞപ്പോൾ മാത്രമാണ് ബാധ്യതകൾ കൂടുകയാണ് കുറയുകയല്ല എന്ന് മനസ്സിലായത്…

ശോകാവസ്ഥയിൽ ഉള്ള വീടിന്റെ അറ്റകുറ്റപ്പണികളും…. പെങ്ങമ്മാരുടെ വിവാഹവും…

അനിയന്റെ പഠനവും എല്ലാം അതിൽ പെട്ടു… പിന്നീട് ഈ പറഞ്ഞവർക്ക് വീണ്ടും വീണ്ടും ആവശ്യങ്ങൾ വന്നു…

അതും നിവർത്തിച്ചു കൊടുത്തു പക്ഷേ അതിനൊന്നും ഒരു ഒടുക്കവും ഇല്ലായിരുന്നു..

വിളിച്ച് ശബ്ദം ഒന്ന് മാറിയാൽ പരിഭവിക്കുന്ന പെങ്ങമ്മാരെ കുറിച്ചും..
ഞാനില്ലേ ഏട്ടാ എന്ന് കൂടെക്കൂടെ ഓർമിപ്പിക്കുന്ന അനിയനെ കുറിച്ചും അഭിമാനത്തോടുകൂടി ഓർത്തു..

അവരുടെ സ്നേഹസമ്പന്നനായ ചേട്ടനായി…

സ്വന്തം ജീവിതം മറന്നു പോയിരുന്നു ഇതിനിടക്ക്..

“””” ദേവ ഇത് കൈവിട്ട കളിയാണ് എന്ന് കൂടെ ജോലി ചെയ്യുന്നവർ പലപ്പോഴും ഓർമ്മപ്പെടുത്ത്തിയിരുന്നു…”””

നിങ്ങൾക്ക് അറിയാൻ വയ്യാഞ്ഞിട്ട എന്റെ കൂടപ്പിറപ്പുകളെ പറ്റി എന്ന് പറഞ്ഞു അവരുടെയൊക്കെ വായ അടച്ചിരുന്നു…

“””ഇജ്ജ് പഠിച്ചോളും “”‘

എന്ന് പറയുമ്പോൾ അവരോട് പുച്ഛമായിരുന്നു..

ഇരുപത് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് വീട്ടിലേക്ക് ചെന്നപ്പോൾ ഏറെ പ്രതീക്ഷയുണ്ടായിരുന്നു..
എല്ലാവരും കൂടെ സ്നേഹം കൊണ്ട് പൊതിയും എന്നും… ഇനിയുള്ള ജീവിതം സ്വർഗ്ഗമെന്നും..

എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പതിവുപോലെ ഇത്തവണ എല്ലാവരും കൂടി അല്ല കൂട്ടാൻ വന്നത്..

അനിയൻ മാത്രം… അതും തെളിച്ചമില്ലാതെ ഒന്നു ചിരിച്ച്… അല്ലെങ്കിൽ വണ്ടിയിൽ സ്ഥലം പോലും കാണില്ല…

വീട്ടിൽ തനിക്കായി കാത്തിരിക്കുകയാവുമെന്ന് വെറുതെ ധരിച്ചു…

വീട്ടിലേക്ക് വന്നു കയറിയതും ആരുടേയും മുഖത്ത് അത്ര പ്രകാശം തോന്നിയില്ല…

എന്താണെന്നറിയാതെ ഒരു വിഡ്ഢിയെ പോലെ നിന്നു… ചില ദുസൂചനകൾ തോന്നിയെങ്കിൽ കൂടി…

ഒക്കെ തോന്നലാണെന്നു സ്വയം സമാധാനിച്ചു…

നല്ല ജോലി ആയിരുന്നല്ലോ അതു കളയേണ്ടിയിരുന്നില്ല… എന്ന് മൂത്ത പെങ്ങൾ പറഞ്ഞപ്പോൾ അവളിട്ട് ഇപ്പൊ കുടിക്കുന്ന ചായ ഇറങ്ങാത്ത പോലെ തോന്നി..

അവരുടെ എല്ലാം മുഖത്തിനെ മ്ലാനത ഞാൻ നാട്ടിലെത്തിയത് ആണോ എന്ന് വെറുതെ ഒന്നു സങ്കൽപ്പിച്ചു നോക്കി…
അന്നേരം ഉള്ളിൽ വല്ലാത്ത ഒരു പിടച്ചിൽ ആയിരുന്നു…

അല്ലെന്ന് സ്വയം വിശ്വസിച്ചു…

അമ്മയുടെ അരികിൽ ചെന്നിരുന്നു..

നരവീണ തുടങ്ങിയ എന്റെ മുടികളിൽ മെല്ലെ തഴുകി അമ്മ നിശബ്ദമായി കരഞ്ഞു…

എത്ര കൊല്ലമായി എന്റെ കുട്ടി പോയിട്ട്… ഇനി അമ്മ വിടില്യ എങ്ങടും “””” എന്നാ വായിൽനിന്ന് കേട്ടതും ഇത്തിരി ആശ്വാസം തോന്നി..

എല്ലാവരിൽ നിന്നും പ്രതീക്ഷിച്ചത് ഇത്തരത്തിലായിരുന്നു.. ഈ സ്‌നേഹം ആയിരുന്നു…

പക്ഷേ ലഭിച്ചത് മറ്റൊരു രീതിയിലും..
ഓരോ സഹോദരങ്ങളുടെയും വീട്ടിൽ സന്ദർശനം നടത്തി.. പണമില്ല എന്ന് പറഞ്ഞവർ.. പ്രാരാബ്ദം കൊണ്ട് തന്നെ വിളിച്ച് കരഞ്ഞവർ രാജകീയമായി ജീവിക്കുന്നു..

ഉണങ്ങിയ കുബ്ബൂസും തൈരും ഒരു കുപ്പി വെള്ളം കൂട്ടി വിഴുങ്ങി വിശപ്പടക്കിയത് ഓർമ്മയിൽ തെളിഞ്ഞു…

പിന്നീടങ്ങോട്ട് അവിടെയുള്ള വാസം തെളിയിക്കുകയായിരുന്നു അവർക്ക് എന്നോട് സ്നേഹമല്ല മറിച്ച് അവരുടെ ആവശ്യങ്ങൾ നിവർത്തി കൊടുക്കുന്ന ഒരു ഉപകരണത്തോടുള്ള കൗതുകം മാത്രമാണ് എന്ന്…

കൗതുകങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്..
അറിയുന്തോറും അതിലുള്ള താല്പര്യം കുറഞ്ഞു വരും… അതുപോലെ തന്നെയായിരുന്നു ഈ ഏട്ടനും അവർക്ക്… കൗതുകം തീർന്നൊരു ഉപകരണം..

അന്ന് തന്നെ മത്സരിച്ചു സ്നേഹിച്ചവരെ ഒക്കെ വെറുതെ ഒന്ന് ഓർത്തു നോക്കി..

അവരുടെയെല്ലാം ഇപ്പോഴത്തെ മാറ്റവും…
കണ്ടാൽ തിരിഞ്ഞു പോകാൻ വരെ അവർ തുടങ്ങിയിരിക്കുന്നു .. അതിലും കൂടുതൽ അത് സഹിച്ച് അവിടെ നിൽക്കാൻ ത്രാണി ഉണ്ടായിരുന്നില്ല…

അമ്മ മാത്രമായിരുന്നു തടസ്സം.. ഒരു പുലരിയിൽ ആ നിശ്വാസവും നിലച്ചതോടെ ഭൂമിയിൽ ആരും ഇല്ലാത്തവനായി…

ഒടുവിൽ ഒന്നുകൂടി പ്രവാസിയുടെ വേഷമണിയാൻ തീരുമാനിച്ചു..

വിട്ടു നിന്നവരെല്ലാം സ്നേഹവുമായി വീണ്ടും എത്തി… ചിരിയോടെ തന്നെ അവരോട് യാത്ര പറഞ്ഞു.. എന്നത്തെയും പോലെ മനസ്സുനിറഞ്ഞല്ല ചിരിച്ചത് എന്ന് മാത്രം..

തിരികെ മുറിയിൽ എത്തുമ്പോൾ കൂടെയുണ്ടായിരുന്നവർ എല്ലാം എനിക്കായി കാത്തിരിക്കുകയായിരുന്നു..
അവർ ഇത് നേരത്തെ ഊഹിച്ചിരുന്നുവത്രേ…

പക്ഷേ എന്റെ വരവ് അതിലും നേരത്തെ ആയി എന്ന് മാത്രം…

മുറിയിലെത്തിയതും വല്ലാത്ത ഒരു ശാന്തത… എടുക്കുന്ന ശ്വാസത്തിനു പോലും വല്ലാത്ത നിർവൃതി…

മുറിയിൽ ഉള്ള ആരോ ആശ്വാസവും ആയി വന്നു…. പ്രവാസി അതല്ലാതെ ആകുമ്പോൾ തീരും അയാളുടെ നാട്ടിലെ വില…”””””

എന്നയാൾ പറഞ്ഞതും എന്റെ മിഴികൾ അറിയാതെ നിറഞ്ഞു.. അയാളറിയാതെ തുടയ്ക്കാൻ ശ്രമിക്കുന്ന എന്നോട്…

ഇജ്ജ് കരഞ്ഞോ ദേവാ… മതിയാവോളം കരഞ്ഞോ… അന്നേ സ്ട്രോങ്ങ്‌ ആക്കാൻ ഇതിലും നല്ല വഴിയില്ല…”””‘

എന്നുപറഞ്ഞ് അവരെല്ലാം എന്നെ തനിച്ചു വിട്ടു…

അവിടെ ഇരുന്ന് കരഞ്ഞു….

മണലാരണ്യത്തിലെ ചൂട് കാറ്റിനു വല്ലാത്ത വാത്സല്യം ആണെന്ന് അന്ന് അയാൾ അറിഞ്ഞു..

പ്രവാസിക്ക് അത് മാത്രമാണ് വിധിക്കപ്പെട്ടത്… നാട്ടിൽ എത്തുമ്പോ മാത്രമാണല്ലോ പെർഫ്യൂംന്റെ ഗന്ധവും പള പളാ കുപ്പായവും ഒക്കെ ഉള്ളൂ..

വീണ്ടും ജോലിക്ക് പോകാൻ തുടങ്ങി..
അമ്മയുടെ സുഖം മാത്രം വിളിച്ചു അന്വേഷിച്ചു…

അപ്പോഴേക്കും പ്രാരാബ്ദ കെട്ടുകളും പണത്തിന്റെ കണക്കും എല്ലാം പറഞ്ഞു തീർത്തിരുന്നു മറ്റുള്ളോർ… അതൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറ്റേതിലൂടെ കളഞ്ഞു…

കിട്ടുന്ന പണം കൂട്ടി വച്ചു.. ആർക്കും അയച്ചില്ല.. രണ്ടു വർഷം പിന്നിട്ടപ്പോൾ അത്യാവശ്യം ബാങ്ക് ബാലൻസ് ആയി.

മാട്രിമോണിയലിൽ നിന്നും ഒരു കുട്ടിയെ കണ്ട് വിവാഹം വരെ പറഞ്ഞ് വച്ചു.

ഇനി പോണം നാട്ടിൽ.. കയ്യിലുള്ള പണത്തിനു ഒരു കൂര കിട്ടുമോ എന്ന് നോക്കണം.. ഇനി ജീവിക്കണം എല്ലാം നൽകി ദാരിദ്രനായ വിഡ്ഢിയാവാൻ ഇനിയും മനസ്സിലായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *