എന്റെ അമ്മയുടെ സ്ഥാനത്ത് മറ്റൊരു സ്ത്രീ, എനിക്കത് കാണാൻ എന്നല്ല സങ്കൽപ്പിക്കുവാൻ..

അച്ചനും ഞാനും അച്ചന്റെഭാര്യയും
(രചന: Jomon Joseph)

ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് ഞാൻ കട്ടിലിൽ നിന്നും പതിയെ എഴുന്നേറ്റു. തലവഴി മൂടി പുതച്ചിരുന്ന കൈലി ഞാൻ അരയിൽ ചുറ്റി.

കട്ടിലിന്റെ ഒരു മൂലയിൽ മടക്കി വച്ച പുതപ്പ് അതിന്റെ സ്ഥാനത്തു നിന്നും അൽപ്പം പോലും മാറാത്തവിധം മടക്കി വച്ചതു പോലെ അവിടെ തന്നെയുണ്ടായിരുന്നു.

ഇന്നലെ മേശപ്പുറത്ത് ഊരിയെറിഞ്ഞ ബനിയനെടുത്തണിഞ്ഞു .വാതിൽ തുറന്നതും കയ്യിൽ ഒരു ഗ്ലാസുമായി ആ സ്ത്രീ എന്റെ മുന്നിൽ നിൽക്കുന്നു.

എന്റെ അച്ചന്റെ ഭാര്യ.. അറുപത്തിയഞ്ച് കഴിഞ്ഞ എന്റെ അച്ചന് വാർദ്ധക്യത്തിൽ തോന്നിയ ഒരു മോഹം .

ചേച്ചിയുടെ കല്യാണം കഴിഞ്ഞ കാലം മുതൽ അച്ചനോട് ആരോ പറഞ്ഞു പോലും .. “ചന്ദ്രാ കുട്ടന്റെ വിവാഹം കൂടി കഴിഞ്ഞാൽ നിനക്ക് ആരാ ഒരു കൂട്ട് ….”

അച്ചൻ എന്നോടു ഇതേപ്പറ്റി ഒരു വട്ടം സമ്മതം ചോദിച്ചിരുന്നു ..പതിനഞ്ചു വർഷം മുന്നേ അമ്മ മരിക്കുന്ന കാലം മുതൽ ഇത്രയും കാലം മഴയിലും മഞ്ഞിലും ,ചൂടിലും ഒറ്റയ്ക്കു കിടന്ന ആ ശരീരത്തിന് ഇനിയെന്ത് കൂട്ട് …

കോഴിക്കോട് ഹോസ്റ്റലിൽ നിൽക്കുമ്പോൾ അച്ചന്റെ ആഗ്രഹം കേട്ട് ഞാൻ ഒന്ന് മൂളിയെങ്കിലും ,ആ ചടങ്ങു കാണാൻ ഞാൻ വന്നതേയില്ല … എന്റെ അമ്മയുടെ സ്ഥാനത്ത് മറ്റൊരു സ്ത്രീ …

എനിക്കത് കാണാൻ എന്നല്ല സങ്കൽപ്പിക്കുവാൻ പോലും കഴിയില്ല … എന്തിന് പറയുന്നു സാധാരണ രണ്ടാഴ്ച്ച കൂടുമ്പോൾ വീട്ടിൽ വരാറുള്ള ഞാൻ ഇപ്പോൾ ആറു മാസത്തിനു ശേഷമാണ് വീട്ടിൽ ..അതും കോഴ്സ് കഴിഞ്ഞതുകൊണ്ട് മാത്രം …

ഞാൻ ആ മുഖത്തേക്ക് രൂക്ഷമായി ഒന്നു നോക്കി … ഒരു പുതു പെണ്ണിന്റെ മുഖത്തുള്ള കാന്തി ആ മുഖത്ത് കാണുന്നില്ല … നെറ്റിത്തടവും കവിളും ചുളുങ്ങിത്തുടങ്ങിയിരുന്നു …

കണ്ണുകൾ ഒരു പാട് ജീവിത അനുഭവങ്ങൾക്ക് സാക്ഷിയാണെന്ന വിധം ഒത്തിരി കഥകൾ പറയുവാൻ ബാക്കി വച്ചിരുന്നു …

മുഖം വെളുത്തതാണെങ്കിലും കദനത്തിന്റെ കറുത്ത നിഴലുകൾ നിറം മങ്ങാതെ അവിടവിടയായി കാണാം … നീണ്ട മുടിയിഴയിൽ മുൻവശത്തു തന്നെ പലയിടത്തും നരകയറി തുടങ്ങിയിരുന്നു ..

അതിനിടയിൽ ജീവിതത്തിലെ പ്രതീക്ഷകൾ ഇനിയും മങ്ങിയിട്ടില്ല എന്നോണം ചുവന്ന കുങ്കുമം ചാർത്തിയിരുന്നു..

“മോനേ … ചായ തണുത്തു പോകും ….”
ചിരിച്ച മുഖത്തോടെ അവർ എന്നോടു പറഞ്ഞു ….

എന്റെ മുഖത്തെ ദേഷ്യത്തിൽ ആ ചിരി പതിയേ മങ്ങി മാഞ്ഞു മറഞ്ഞു … എന്റെ കണ്ണുകളുടെ കോപത്തിൽ അവർ ആ ഗ്ലാസ്സ് മേശപ്പുറത്ത് വച്ച് അടുക്കളയിലേക്ക് നടന്നു …

ഞാൻ അച്ചന്റെ മുറിയിലേക്ക് കയറി ചെല്ലുമ്പോൾ അവർ അച്ചന്റെ അടുക്കൽ തന്നെയുണ്ട് … എന്നെക്കണ്ടതും പതിയേ പുറത്തേക്കിറങ്ങി …

കഴിഞ്ഞ ആഴ്ച്ച ചക്കയിടാൻ പ്ലാവിൽ കയറി കാലുതെറ്റി താഴെ വീണ അച്ചൻ കാർമുട്ടിന്റെ ചിരട്ട തെന്നി കട്ടിലിൽ തന്നെ കിടക്കുകയാണ് …. അച്ചൻ കരുണയുള്ള മുഖഭാവത്തോടെ എന്റെ കണ്ണുകളിലേക്ക് നോക്കി

”മോനേ ,അമ്മ … അമ്മ ഒരു പാവമാ ….”
ഞാൻ അച്ചന്റെ അരികിൽ നിന്നും ദേഷ്യത്തോടെ ചാടിയെഴുന്നേറ്റു …

” അവർ അച്ചനു ഭാര്യയായിരിക്കാം … പക്ഷേ എനിക്ക് ഒരിക്കലും അമ്മയാവുകയില്ല …… ”

അന്നു അത്താഴമെല്ലാം മേശപ്പുറത്തു വിളമ്പി വച്ച് അവർ അടുക്കള വശത്തുള്ള വാതിൽ പടിയിൽ പോയിരുന്നു … തനിക്ക് ഏറ്റവും പ്രിയങ്കരമായ ഉണക്ക ചെമ്മീൻ ചമ്മന്തിയും, മാമ്പഴ പുളിശേരിയുമെല്ലാം ആ മേശപ്പുറത്ത് നിരന്നിരുന്നു …..

അച്ചൻ വിളമ്പിവച്ച ചോറിനു അരികിൽ ഒരു പ്ലേറ്റ് കൂടി വച്ചിട്ട് പറഞ്ഞു … “മോനേ അമ്മയെക്കൂടി …..”

അവൻ കളിയാക്കുന്ന ഭാവത്തിൽ ചുവരിൽ തൂക്കിയിരുന്ന അമ്മയുടെ ചിത്രത്തിൽ നോക്കി വിളിച്ചു …..

“അമ്മേ ,ദേ അച്ചൻ വിളിക്കുന്നു … കഴിക്കാം ….”

എന്നിട്ട് അച്ചനെ നോക്കി പറഞ്ഞു …
“അമ്മ വരുന്നില്ല ” അച്ചൻ ഒന്നും മിണ്ടാതെ അത്താഴം കഴിച്ചു …..

അത്താഴത്തിനു ശേഷം ഞാൻ വരാന്തയിൽ കൂടെ കുറച്ചു നേരം നടന്നു … വീടു മൊത്തത്തിൽ മാറിയിരിക്കുന്നു … ജനൽ കമ്പികളിൽ സ്ഥിരമായി തൂങ്ങിക്കിടന്നിരുന്ന മാറാലകൾ കാണുന്നതേയില്ല …

മുറിക്കുള്ളിൽ ചിന്നിച്ചിതറിക്കിടന്നിരുന്ന കസേരകൾ പതിവിലും വിപരീതമായി ശരിയായ സ്ഥാനങ്ങളിൽ … പാണ്ടു പിടിച്ച് ,പൊടി നിറഞ്ഞിരുന്ന വീടിന്റെ തറകൾ നല്ല വൃത്തിയായി ….

ഫാനും ,ബൾബുകളും , ടിവിയുമെല്ലാം നല്ല വൃത്തിയോടെ … അടുക്കളയിൽ നിറഞ്ഞു കുമിഞ്ഞിരുന്ന പാത്രങ്ങളും ,
കുപ്പികളുമെല്ലാം അടുക്കിയൊതുക്കി വച്ചിരിക്കുന്നു … എന്തിനു പറയുന്നു … അച്ചനു പോലും എത്രയോ മാറ്റങ്ങൾ …

ഞാൻ അടുക്കള ജനാലയിലൂടെ പുറത്തേക്ക്‌ നോക്കി. പുറത്ത് പൈപ്പിന്റെ ചുവട്ടിൽ ഇരുന്ന്
ആ സ്ത്രീ പാത്രം കഴുകുകയാണ് … ഞാനും അച്ചനും കഴിച്ചു കഴുകാതെ വച്ച പാത്രങ്ങൾ …

ചപ്പി വലിച്ച മാമ്പഴത്തിന്റെ അണ്ടി പോലും യാതൊരു അറപ്പും കൂടാതെ ആ സ്ത്രീ പെറുക്കി മാറ്റുന്നു …. ഇന്നലെ അപ്പച്ചി (അച്ചന്റെ പെങ്ങൾ )
എന്നെ വിളിക്കുമ്പോൾ പറഞ്ഞതിലും എത്രയോ വ്യത്യസ്തയാണ് ഈ സ്ത്രീ … ഇന്നലെ അപ്പച്ചി എന്നോടു പറയുവാ..

“എന്റെ മോനേ നിന്റെ അച്ചന്റെ ഓരോ ഭ്രാന്തേ, അതും ഈ വയസാംകാലത്ത് എന്തിനാ ഒരു കൂട്ട് … ഞങ്ങൾ ഒക്കെ ഇവിടെ ജീവിച്ചിരിക്കുമ്പോൾ …. എന്നാൽ ഇത്തിരി മെനയുള്ള ഒരെണ്ണത്തിനെ കൊണ്ടു വന്നാലും വേണ്ടായിരുന്നു …

കഴിഞ്ഞ ആഴ്ച്ച ഞാൻ ചെല്ലുമ്പോഴേ കുറേ മുഴിഞ്ഞ തുണിയുമായി പോകുന്നു വാഷിങ് മെഷീന്റെ അടുത്തേക്ക്‌ …കണ്ടപ്പോൾ എനിക്കങ്ങ് ദേഷ്യം വന്നു .. ഞാൻ ഒന്നും നോക്കിയില്ല ..

കുറച്ചധികമങ്ങു പറഞ്ഞു … ഞങ്ങളൊക്കെ ഇപ്പോഴും അലക്കു കല്ലിലാണ് തുണി തിരുമുന്നത് …

കേട്ടപാതി തുണിയുമായി പുറത്തേയ്ക്ക് പോയി … എന്റെ പിള്ളേര് അന്നാണ് കുറേക്കാലത്തിന് ശേഷം നന്നായി ചിരിച്ച് കണ്ടത് …. എന്തായാലും നിന്റെ അച്ചൻ കിടപ്പാടം നഷ്ട്ടപ്പെടാതെ നോക്കിയാൽ മതി . നിന്റെ ചേച്ചി ഇനി ആ വീടിന്റെ പടി ചവിട്ടില്ലെന്നാ പറഞ്ഞിരിക്കുന്നത്.”

എന്നും അച്ചനെ കട്ടിലിൽ നിന്നും എഴുന്നേൽപ്പിച്ച് അകത്തു കൂടി നടത്തുന്നത് അവർക്ക് ഒരു ശീലമായിരുന്നു …

ഊണുകഴിക്കുമ്പോൾ ഊട്ടു മേശയിൽ കൊണ്ടുവന്നിരുത്തുന്നതും ,ടിവിക്കു മുന്നിൽ ഇരുത്തുന്നതും അവർ തന്നെ. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ചൻ ഒറ്റക്ക് നടക്കാൻ തുടങ്ങി .

ഒരു ദിവസം ഒരു പോസ്റ്റ്മാൻ വീട്ടിലേക്ക് കയറി വരുന്നത് കണ്ട് ആ സ്ത്രീ പുറത്തേക്ക് ചെന്നു .

“ആർക്കാ ലെറ്റർ … ”

“ഗോകുൽ കൃഷ്ണയുടെ വീടല്ലേ … അയാൾക്കാ ..”

പോസ്റ്റുമാൻ അവരോടു പറഞ്ഞു.

ആ സമയം അച്ചൻ പുറത്തേക്ക് ഇറങ്ങി ചെന്നു … ” കുട്ടാ ,ഇങ്ങു വാ ….” അച്ചന്റെ വിളി കേട്ട് ഞാൻ പുറത്തേക്ക് ചെന്നു..
പോസ്റ്റ്മാൻ തന്ന – ലെറ്റർ തുറന്ന് വായിച്ചു … ഓരോ അക്ഷരങ്ങൾ വായിക്കുമ്പോഴും മുഖത്തു മുഴുവൻ സന്തോഷത്തിന്റെ ദളങ്ങൾ വിരിയാൻ തുടങ്ങി ….

” അച്ചാ … അച്ചാ …അച്ചന്റെ മോനു ജോലിയായി .. അന്നു ഞാൻ പറഞ്ഞിരുന്നില്ലെ ,ഒരു ഇന്റർവ്യൂവിന്റെ കാര്യം..Uk യിലാണ്… ആദ്യ രണ്ടു മാസം ബാംഗ്ലൂർ ട്രെയിനിംഗ് …. മൂന്നാം തീയതി പോകണം … അവിടുന്നു നേരേ uk …..”

അച്ചന്റെ മുഖം സന്തോഷത്താൽ നിറഞ്ഞു … “ഭഗവാനേ ,കൃഷ്ണാ നന്ദി ….”
എന്നിട്ട് എന്തോ ആലോചിച്ചിട്ട് തുടർന്നു …

” കുട്ടാ മൂന്നാം തീയതി അടുത്ത ആഴ്ച്ച അല്ലേ …. വേഗം ഓരോന്നു ശരിയാക്കിക്കോ ….”

എനിക്ക് ജോലി കിട്ടിയതിന്റെ സന്തോഷം, അച്ചന്റെ മുഖത്ത് പഴയ കാലങ്ങളിൽ എവിടെയോ നഷ്ട്ടപ്പെട്ടു പോയ ആ മന്ദഹാസത്തെ തിരിച്ചു കൊണ്ടുവന്നു .

പോകുന്നതിന്റെ തലേന്നാൾ അപ്പച്ചിയും, അമ്മാവനും മക്കളും നേരത്തെ തന്നെ വീട്ടിലെത്തി.

അവർക്ക് രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകുന്നതോടൊപ്പം , നാളെ എനിക്കു തന്നു വിടാൻ എന്ന വിധേനയും എന്തക്കയോ ആ സ്ത്രീ ഉണ്ടാക്കുന്നുണ്ടായിരുന്നു. അതു കണ്ടു അപ്പച്ചി ഞങ്ങളോടു പറഞ്ഞു

” അവളുടെ വെപ്രാളം കണ്ടാൽ ഇവനെ അവൾ പെറ്റതു പോലെ ഉണ്ടല്ലോ …” എനിക്കും അതു കേട്ടപ്പോൾ ചിരി വന്നു ,എന്നു മാത്രമല്ല അതൊന്നും കൊണ്ടു പോകേണ്ട എന്നു പോലും ഞാൻ ചിന്തിച്ചു …

അന്നു രാത്രി അച്ചൻ എന്നെ മുറിക്കകത്തേക്കു വിളിച്ചു .അച്ചൻ പറഞ്ഞ കുറേ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണു നനഞ്ഞു ..

പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേറ്റ നേരം മുതൽ ആ സ്ത്രീയെ അവിടെയെങ്ങും കണ്ടില്ല ..പക്ഷെ റൂമിനു പുറത്ത് മേശയിൽ പതിവുപോലെ ഒരു ഫ്ലാസ്കിൽ ചൂടു ചായയും തൊട്ടടുത്ത് ഒരു ഗ്ലാസ്സും വച്ചിട്ടുണ്ടായിരുന്നു …

കുളികഴിഞ്ഞ് ഒരുങ്ങുമ്പോൾ എന്റെ വാതിലിൽ ആരോ വന്നു മുട്ടി …കയ്യിൽ ഒരു വാഴയിലയിൽ പ്രസാദവുമായി അവർ എന്റെ മുൻപിൽ .. ഒന്നും മിണ്ടാതെ അതു മേശപ്പുറത്തു വച്ച് അവർ അടുക്കളയിലേക്കു പോയി ….

“കുട്ടാ… സമയായിട്ടോ … ” അച്ചന്റെ ശബ്ദം കേട്ട് ഞാൻ പുറത്തേക്കിറങ്ങി …

നെറ്റിയിലെ ചന്ദനവും കാതിലെ ചെത്തിപ്പൂവും കണ്ടപ്പോൾ അപ്പച്ചി എന്നെ ഒന്നു രൂക്ഷമായി നോക്കി …
അച്ചനോടും, അപ്പച്ചിയോടും, അമ്മാവനോടും , മക്കളോടും യാത്ര പറഞ്ഞു നിൽക്കുമ്പോൾ കയ്യിൽ ഒരു പൊതിയുമായി അവർ അവിടേക്കു വന്നു …

“മോനേ … ഇതു കുറച്ചു അച്ചാറും , ചക്ക വറുത്തതും ,ചെമ്മീൻ പൊടിച്ചതുമാണ് .”
എന്റെ മുഖത്തു നോക്കി അതു പറയുമ്പോൾ ആ കണ്ണുകൾ നിറയെ വാത്സല്യം തുളുമ്പി നിന്നു .

“ഓ ഇതൊന്നും അവിടെ കിട്ടാത്തതാണോ . ചെറുക്കൻ രക്ഷ പെട്ടെന്നു കണ്ടപ്പോൾ പതപ്പിക്കാൻ വന്നിരിക്കുന്നു . ” അപ്പച്ചിയുടെ ഗർജ്ജനം മുഴങ്ങി.

” ശാന്തേ” അച്ചൻ അപ്പച്ചിയെ ഉറക്കെ വിളിച്ചു.

എല്ലാവരും എന്റെ നാവിൽ നിന്നും അവർക്കെതിരെ ഉയരുന്ന വാക്കുകൾക്കായി കാതോർത്തിരുന്നു .

ഞാൻ പതിയെ ഒരു ബാഗു തുറന്ന് അതിൽ നോക്കി .സ്ഥലപരിമിതി മൂലം ഒരു ജോഡി വസ്ത്രം എടുത്തു പുറത്തു വച്ചു . ആ പൊതി വാങ്ങി അതിൽ സൂക്ഷിച്ചിട്ടു പറഞ്ഞു .

” ഡ്രെസ് ഒക്കെ ഒത്തിരി അവിടെ കിട്ടും ,ഇതൊക്കെയല്ലേ കിട്ടാത്തത് .”

ഞാൻ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ കുറച്ചു ദൂരെ മാറി ആ സ്ത്രീയും എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു .ഞാൻ പോയി വരാം എന്ന വിധം അങ്ങോട്ടു നോക്കിയും തലയാട്ടി . പുറത്ത് കാറുമായി ചേച്ചിയും അളിയനും കാത്തു നിൽക്കുന്നുണ്ടായിരുന്നു .

വർഷം രണ്ടു കഴിഞ്ഞിരിക്കുന്നു .
എയർ പോട്ടിലൂടെ മുന്നോട്ടു നടക്കുമ്പോഴും നെഞ്ചു മുഴുവൻ ആകാംക്ഷയായിരുന്നു . എനിയ്ക്കായി അച്ചൻ കണ്ടെത്തിയിരിക്കുന്ന പെണ്ണിനെയോർത്ത് .

തന്റെ വിവാഹത്തെ പറ്റി ഓർത്ത് . എന്റെ അച്ചനെ കാണുന്ന സന്തോഷത്തെ ഓർത്ത് .അതിലേറെ .

ചേച്ചിയും അളിയനും അമ്മാവനും കൂടിയാണ് എന്നെ കൂട്ടാൻ കാറുമായി എയർപോർട്ടിൽ വന്നത് . കാറിൽ കയറിയിരിക്കുമ്പോൾ ചേച്ചി എന്നോടു കാതിൽ പറഞ്ഞു .

” നീ വീട്ടിൽ ചെല്ലുമ്പോൾ അവരോടു തൽക്കാലം ദേഷ്യപ്പെടല്ലേട്ടോ .”

കഴിഞ്ഞ വർഷം മുതൽ ഇടക്കൊക്കെ ചേച്ചി വീട്ടിൽ ചെല്ലാറുണ്ടെന്ന് അച്ചൻ പറയാറുണ്ട് .

ഞാൻ പോരുന്നതിന്റെ തലേന്നാൾ അച്ചൻ എന്നോടു പറഞ്ഞ കാര്യങ്ങൾ അച്ചൻ എണ്ണിയെണ്ണി പറഞ്ഞ വാക്കുകൾ പോലെ തന്നെ എന്റെ കാതിലേയ്ക്ക് ഒഴുകിയെത്തി .

“മോനേ ,നീ പറയാറുള്ള എന്റെ ഭാര്യയില്ലേ അവളെ നീ അമ്മയെന്നു വിളിക്കേണ്ട ,പക്ഷേ അൽപ്പം കരുണ കാണിച്ചുകൂടെ അവളോട് . നിനക്കറിയില്ല അവളെപ്പറ്റി ഒന്നും .

നിനക്കെന്നല്ല ഈ വീട്ടിൽ ഞാൻ അല്ലാതെ മറ്റാർക്കും അറിയില്ല . പെറ്റു വളർത്തിയ രണ്ടു ആൺമക്കൾ നല്ല നിലയിൽ എത്തിയപ്പോൾ വഴിയിൽ ഉപേക്ഷിച്ചപ്പോഴും കരയാതെ നൊമ്പരം കടിച്ചു പിടിച്ച് നടന്ന ഒരു സ്ത്രീ. അവളെ ഞാൻ എന്റെ ഭാര്യയായി വിളിക്കുമ്പോൾ അവളുടെ കണ്ണുകൾ നി‌റഞ്ഞിരുന്നു .

“ഈ എന്നോടു സ്നേഹമോ ,എനിക്ക് ഈ പ്രായത്തിൽ ഒരു സംരക്ഷണമോ .” ചിന്നഭിന്നമായി ഇടറിയ അക്ഷരങ്ങളിൽ അവൾ എന്നോടു ചോദിച്ചു .

എന്റെ കഥകൾ കേട്ടപ്പോൾ ,എന്റെ മക്കളെപ്പറ്റി കേട്ടപ്പോൾ അവൾക്കു ഒരു മോഹം . ജീവിക്കാൻ . നഷ്ട്ടപ്പെട്ട വിരഹ ജീവിതത്തെ മറന്ന് സമാധാനവും ശാന്തിയും നിറഞ്ഞ ഒരു ജീവിതത്തെ കെട്ടിപ്പെടുക്കാൻ .

നിന്നെപ്പറ്റി പറയുമ്പോൾ അവൾക്ക് ഭയങ്കര ആഗ്രഹമായിരുന്നു നിന്നെ ഒന്നു കാണാൻ .നിന്റെ ഇഷ്ട്ടങ്ങളിൽ പങ്കുചേരാൻ . നിന്റെ നഷ്ട്ടപ്പെട്ടു പോയ അമ്മയായി മാറാൻ .

നിന്റെ കഴിഞ്ഞ രണ്ടു സെമസ്റ്ററിലെ ഫീസ് അടക്കാൻ പണത്തിനായി ഞാൻ പല വാതിലുകൾ മുട്ടി . ആരും തുറന്നില്ല . നിന്റെ അപ്പച്ചിയെന്നല്ല ,ചേച്ചി പോലും പരിഭവങ്ങളും ,ദാരിദ്ര്യവും പറഞ്ഞു .

എന്റെ മുഖത്തെ വിഷാദ ഭാവം കണ്ട് അവൾ ആ കഴുത്തിൽ നിന്നും മാലയും ,കയ്യിലെ വളകളും ഊരിയിട്ട് എന്റെ മടിയിൽ വച്ചു.

“ഇന്നാ ഇതു വിൽക്ക് ഇനി ആരുടെ മുന്നിലും കൈ നീട്ടരുത് .നമ്മുടെ മോനു വേണ്ടിയല്ലേ .”

അതു പറയുമ്പോഴും അവളുടെ മുഖഭാവത്തിൽ മുഴുവൻ പ്രതീക്ഷകൾ മാത്രമായിരുന്നു .”

കാർ വീടിന്റെ മുൻവശത്ത് നിർത്തി . ഒത്തിരി മാറ്റങ്ങൾ ഇല്ലയെങ്കിലും പോയ നാളിൽ ഉള്ളതിനേക്കാൾ വീട് മനോഹരമായിരിക്കുന്നു .മുറ്റത്ത് കട്ട വിരിച്ചിരുന്നു.

വീടിനു മീതേക്കു ചാഞ്ഞു നിന്ന ചെന്തെങ്ങ് മുറിച്ചു മാറ്റിയിട്ടുണ്ട്. വീട് ഒന്നു മോടി കൂട്ടിയിട്ടുണ്ട് .കുറേ പൂച്ചട്ടികൾ ചുറ്റും തൂക്കിയിട്ടിരിക്കുന്നു. എന്നെ കണ്ടപ്പോഴേ കൂടിന്റെ ഉള്ളിൽ നിന്നും ടാർസൻ ഉച്ചത്തിൽ ഒന്നു കുരച്ചു .

അപ്പച്ചിയും മക്കളും ഓടിയെന്റെ അടുക്കൽ വന്നു .അപ്പച്ചിയുടെ കണ്ണിൽ നിന്നും കള്ളക്കണ്ണുനീർ ധാരധാരയായി ഒഴുകി . അപ്പോഴേക്കും അച്ചനും എത്തി,എന്നിട്ടും ,ഞാൻ ചുറ്റും കണ്ണോടിച്ചു .

ഞാൻ തേടിയ മുഖം അവിടെങ്ങും കണ്ടില്ല . അപ്പോഴേക്കും അളിയനും അമ്മാവനും കൂടി കാറിൽ നിന്നും ലഗേജുകൾ ഇറക്കി എന്റെ മുറിയിൽ കൊണ്ടുചെന്നു വച്ചു .

അടുക്കളയിൽ ഒരു പാത്രം അനങ്ങുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ടേക്ക്‌ നടന്നു . ചീനച്ചട്ടിയിൽ ചൂടായ എണ്ണയിൽ വറുത്തു കോരുന്ന പപ്പടം ഒരു കുട്ടയിലേക്ക് പകർത്തുകയാണ് അവർ .കറികളെല്ലാം മേശപ്പുറത്ത് നിരന്നു കഴിഞ്ഞിരുന്നു .

എന്റെ കാലൊച്ച കേട്ട് ആ മുഖം എന്റെ നേരെ പതിയേ തിരിഞ്ഞു . പലപ്പോഴും അച്ചനെ വീഡിയോ കോൾ ചെയ്യുമ്പോൾ താൻ അച്ചന്റെ ചാരത്ത് കാണാൻ കൊതിക്കാറുള്ള മുഖം .

ആഗ്രഹം ഉണ്ടെങ്കിലും അച്ചനോട് “ഒന്നു ഫോൺ കൊടുക്കാമോ “എന്നു പറയാൻ മടിച്ച മുഖം .

ഞാൻ ആ മുഖത്തേക്ക് കൊതിയോടെ നോക്കി . തലമുടി പകുതിയിൽ അധികം നരച്ചുകഴിഞ്ഞിരുന്നു .

കസവു മങ്ങിയ പഴയ കോടി സാരി കരിമ്പൻ കയറിതുടങ്ങി .തൊലി ചുളുങ്ങിയ കഴുത്തിൽ ഒരു നിറം മങ്ങിയ സ്വർണ്ണം പൂശിയ മാലയിൽ അച്ചൻ കെട്ടിയ താലി തിളങ്ങിക്കാണാം .കയ്യിൽ ഏതോ അമ്പലത്തിൽ നിന്നും പൂജിച്ചുകെട്ടിയ ഒരു ചരടു മാത്രം .

നെറുകയിൽ മായാതെ കിടന്ന സിന്ദൂരം വിയർപ്പിനാൽ നനഞ്ഞിരുന്നു . നെറ്റിയിലെ ചന്ദനക്കുറി അപ്പോഴും , ഹൃദയത്തോടു ചേർത്ത കൃഷ്ണഭക്തി ഒട്ടും കുറയാതെ അടർന്നു വീഴാതെ തെളിഞ്ഞ്കാണാം

” കുട്ടൻ വന്നോ .” എന്റെ മറുപടി എന്തായിരിക്കും എന്നു പോലും അറിയാതെ എന്നെ ” കുട്ടാ ” എന്നു വിളിച്ചു .

ഞാൻ കുറച്ചു കൂടി അടുത്തേക്ക്‌ ചേർന്നു നിന്നു .എന്റെ കൈപ്പത്തി ദേഹത്ത് പതിയേ ചേർത്തു വച്ചു . ആ കണ്ണുകളിലെ സ്നേഹത്തെ നോക്കി ഞാൻ വിളിച്ചു . ” അമ്മേ ”

മഴവെള്ളം അണപൊട്ടിയൊഴുകും വിധം ആ കണ്ണുകൾ കരി പുരണ്ട കവിൾത്തടങ്ങളെ തഴുകിയൊഴുകി . ആ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി നിറഞ്ഞു നിന്നു .

നിറഞ്ഞൊഴുകുന്ന ആ കണ്ണുകളിൽ നോക്കിയ എന്റെ ഹൃദയവും വിതുമ്പി. എന്റെ കണ്ണുകളും നിറഞ്ഞൊഴുകി . എന്നെ നെഞ്ചിൽ ചേർത്ത് മുതുകിൽ തലോടി .

അപ്പോഴേക്കും അപ്പച്ചിയും കൂട്ടരും അവിടേക്ക് എത്തിയിരുന്നു .
അച്ചന്റെ മുഖത്തെ സന്തോഷത്തിന് അളവില്ലായിരുന്നു .

ഞാൻ മുതുകിൽ തൂക്കിയിരുന്ന ചെറിയ ബാഗിൽ നിന്നും ഒരു ബോക്സ് എടുത്ത് അമ്മയുടെ കയ്കളിൽ ഏൽപ്പിച്ചു .

എന്റെ ഭാവത്തിലുള്ള മാറ്റം കണ്ട് അപ്പച്ചിയുടേയും ചേച്ചിയുടേയും മുഖം കടന്നൽ കുത്തിയ വിധം വീർത്തു കെട്ടിയിരുന്നു . ഉച്ചകഴിഞ്ഞ് ഞാൻ കൊണ്ടുവന്ന പെട്ടികൾ തുറക്കാൻ നേരം
അടുക്കളയിൽ ആയിരുന്ന അമ്മയെ ഞാൻ അരികിലേക്കു വിളിച്ചു .

” അമ്മ ഇങ്ങുവാ ,ഇതൊക്കെ പൊട്ടിച്ച് ഇവർക്കൊക്കെ കൊടുത്തേ .”

ആദ്യം തുറന്ന് കയ്യിൽ എടുത്ത ഒരു കസവിന്റെ സാരി ഞാൻ അമ്മയുടെ കയ്യിൽ നിന്നും വാങ്ങി . എന്നിട്ട് അമ്മയ്ക്കു തന്നെ കൊടുത്തിട്ട് പറഞ്ഞു .

“ഇത് എന്റെ അമ്മയ്ക്ക് ”

വൈകുന്നേരം ആയപ്പോഴേക്കും, എല്ലാവരും തങ്ങൾക്ക്‌ കിട്ടാനുള്ളതൊക്കെ വാങ്ങി ദേഷ്യത്തോടെ അവരവരുടെ വീട്ടിലേക്ക് യാത്രയായി .

“നമുക്കു ഇത്തിരി നേരം പുറത്ത് പോയിരുന്നാലോ ” മുറ്റത്ത് പേരമരത്തിന്റെ ചുവട്ടിൽ പണിത് തീർത്ത ചാരുബഞ്ചിലേയ്ക്ക് എന്റെ ആഗ്രഹത്തിൽ നടന്നിറങ്ങി .

അച്ചനും ,ഞാനും ,പിന്നെ അച്ചന്റെ . അല്ല എന്റെ അമ്മയും കൂടി.

ഇരു വശങ്ങളിൽ ഇരുന്ന അച്ചന്റേയും അമ്മയുടേയും നടുവിൽ ഞാൻ ഇരുന്നു . പതിയേ അമ്മയുടെ മടിയിൽ തല ചായ്ച്ച് ഞാൻ കിടക്കുമ്പോൾ ആ കഴുത്തിൽ ഞാൻ ഒത്തിരി മോഹത്തോടെ വാങ്ങിയ ,ഒത്തിരി സ്നേഹത്തോടെ വാങ്ങിയ ആ വലിയ മാല തിളങ്ങുന്നുണ്ടായിരുന്നു .

അച്ചൻ കെട്ടിയ താലിയോടൊപ്പം . അമ്മയുടെ കയ് വിരലുകൾ എന്റെ തലമുടിയിൽ തഴുകുമ്പോൾ കയ്നിറയെ ഞാൻ വാങ്ങിക്കൊടുത്ത വളകൾ കിലുങ്ങുന്നുണ്ടായിരുന്നു

.കദനവും ,കലഹവും നിറഞ്ഞ പഴയ ജീവിതത്തിന്റെ കണ്ണുനീരിൽ കുറിച്ച പുസ്തകത്താളുകൾ അമ്മ ഓരോന്നായി മറിക്കുമ്പോൾ ആ കണ്ണുകൾ ഒരിക്കൽക്കൂടി നനഞ്ഞു .ആ കൈ പിടിച്ച് നെഞ്ചോടു ചേർത്തിട്ട് ഞാൻ പറഞ്ഞു .

” ഇനി ഈ കണ്ണുകൾ നിറയരുത് , കഴിഞ്ഞതൊന്നും ഓർക്കരുത് . ആർക്കു വേണ്ടെങ്കിലും ഞങ്ങൾക്കു വേണം അമ്മയെ .എന്റെ അച്ചന്റെ ഭാര്യയായി . എന്റെ അമ്മയായി .”

ബാല്യത്തിൽ നഷ്ട്ടപ്പെട്ട അമ്മയുടെ വാത്സല്യം ഞാനാമടിത്തട്ടിൽ നിന്നും അനുഭവിച്ചറിഞ്ഞു .സ്നേഹത്തിന്റെ ചൂട് ആ കൈപ്പത്തിയിലൂടെ എന്നെ തഴുകി.

Leave a Reply

Your email address will not be published. Required fields are marked *