ഞാൻ തിരിച്ചു പോരാൻ നേരം നീ കൈവീശി യാത്ര അയച്ചപ്പോൾ ഒരിക്കലും..

വർഷമേഘം
(രചന: Jolly Shaji)

ശ്രീക്കുട്ടി,, ഇവിടെ മഴ തോരാതെ പെയ്യുകയാണ്… എന്തെന്നറിയില്ല ഇന്ന് മഴക്ക് പതിവിലും കൂടുതൽ വാശി ഉള്ളതുപോലെ തോന്നുന്നു…

നീ ഓർക്കുന്നുവോ, നാം കണ്ടുമുട്ടിയ ആ ദിവസം.. അന്നും ഒരു മഴയുള്ള ദിവസം ആയിരുന്നു…

നിറയെ പൂത്തുവിടർന്നു നിൽക്കും ഗുൽമോഹർ ചുവട്ടിലൂടെ നീ നടന്നുവന്നത് ഇന്നും എന്റെ മിഴികളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട് പ്രിയപ്പെട്ടവളേ…

നീ നടക്കുമ്പോൾ നിലം മുട്ടിക്കിടക്കുന്ന പാവാടയിൽ തടഞ്ഞ് ഗുൽമോഹർ പൂക്കൾ നിനക്കൊപ്പം ഒഴുകി വരുന്നത് കാണാൻ എന്ത് ഭംഗിയായിരുന്നു…

നേർത്ത മഴക്കൊപ്പം വീശുന്ന കാറ്റ് നിന്റെ കുടയെ തള്ളിമറിക്കുമ്പോൾ കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്ന പുസ്തകം നെഞ്ചോടു കൂടുതൽ ചേർത്തു പിടിച്ച് കുടയെയും

നിയന്ത്രിച്ചുള്ള നിന്റെ നടത്തം മഴയത്തു കുടയില്ലാതെ കോളേജ് വരാന്തയിൽ നോക്കി നിൽക്കാൻ എന്ത് രസമായിരുന്നു….

പെട്ടെന്നാണ് മുന്നിൽ കിടന്ന കല്ലിൽ തട്ടി നീ തെറിച്ചു വീഴുന്നത്…
പിന്നെ എനിക്ക് ഒന്നും നോക്കാൻ ഇല്ലായിരുന്നു…

കോളേജ് മുറ്റത്തേ മഴയിലേക്ക് ഞാൻ ചാടിയപ്പോൾ എന്റെ കയ്യിൽ ഉണ്ടായിരുന്ന നോട്ബുക്കുകൾ ഏതൊക്കെയോ വശത്തേക്ക് പറക്കുകയായിരുന്നു….

ഓടിവന്നു ചെളിവെള്ളത്തിൽ കിടക്കുന്ന നിന്നെ പൊക്കിയെടുക്കുമ്പോൾ നിന്റെയാ മാൻ മിഴി കണ്ണുകൾ എന്നോട് എന്തോ മൊഴിഞ്ഞു….

അന്നെന്റെ കണ്ണിൽ ഉടക്കിയ ആ നോട്ടമാണ് പെണ്ണെ നിന്നെ പ്രണയിച്ചിട്ടും പിന്നീട് ഒരിക്കലും എനിക്ക് കിട്ടാത്തത്…

നിന്നെ പ്രണയിച്ചു തുടങ്ങിയപ്പോൾ അഹങ്കാരം ആയിരുന്നു എനിക്ക്…
എന്റെ കൂട്ടുകാരോടൊക്കെ നിന്നെക്കുറിച്ച് വാതോരാതെ സംസാരിക്കാൻ എനിക്കെത്ര ഇഷ്ടമായിരുന്നെന്നോ….

നിന്നെ കാണുവാനായി മാത്രമായിരുന്നു പിന്നീട് എന്റെ കോളേജിലേക്കുള്ള വരവ് പോലും…

രാത്രികൾ പലപ്പോഴും ബോറടി ആയിരിക്കും…. അപ്പോളൊക്കെ ഓർക്കും രാത്രികൾ ഇല്ലായിരുന്നെങ്കിൽ എന്ന്…

ചിലപ്പോൾ തോന്നും ഈ ഇരുളിലൂടെ ഓടി എന്റെ ശ്രീക്കുട്ടിയുടെ അടുത്ത് എത്തിയാലോ എന്ന്..

കോളേജ് സ്റ്റോപ്പിൽ നിന്റെ ബസ് എത്തുമ്പോൾ അതിൽ നിന്നും എത്തിവലിഞ്ഞുള്ള നിന്റെ നോട്ടം കാണുമ്പോൾ ആണ് എന്റെ മുഖത്ത് പുഞ്ചിരി തെളിയുന്നത്…

അന്നൊരിക്കൽ പ്രൈവറ്റ് ബസ്സ് മിന്നൽ പണിമുടക്ക് നടത്തിയപ്പോൾ നിന്റെ മുഖം സങ്കടം വന്നു നിറയുകയും
എന്റെ മുഖം സന്തോഷത്താൽ തുടുക്കുകയും ആയിരുന്നു… കാരണം….

കൂട്ടുകാരന്റെ ബൈക്ക് കടമെടുത്തു നിന്നേയും കൊണ്ട് ഈ ലോകം മുഴുവൻ കറങ്ങുന്നത് എത്രയോ വട്ടം
സ്വപ്നം കണ്ടിട്ടുള്ളതാണ്….

അങ്ങനെ എന്റെ സ്വപ്നം അന്ന് സാക്ഷത്കരിച്ചു… എന്റെ പിന്നിൽ എന്റെ ചുമലിൽ പിടിച്ചിരുന്ന നിന്റെ കണ്ണുകളിൽ അന്ന് ഞാൻ പരിഭ്രമം കണ്ടു…

നിന്റെ വീട്ടിൽ നിന്നെ ഇറക്കി വിടാൻ തീരെ ഇഷ്ടമില്ലായിരുന്നു… പക്ഷെ വിടേണ്ടി വന്നു…

ഞാൻ തിരിച്ചു പോരാൻ നേരം നീ കൈവീശി യാത്ര അയച്ചപ്പോൾ ഒരിക്കലും ഓർത്തില്ല പെണ്ണെ അത് നിന്റെ അവസാനത്തെ യാത്രയയക്കൽ ആണെന്ന്…

അന്യപുരുഷന്റെ കൂടെ നീ ബൈക്കിൽ യാത്ര ചെയ്യുന്നത് കണ്ട സിറ്റിയിലെ ആളുകൾ അച്ഛനോട് പറഞ്ഞു കൊടുത്തപ്പോൾ മ ദ്യ പാ നിയായ നിന്റെ അച്ഛന് അത് അംഗീകരിക്കാൻ പറ്റാത്ത തെറ്റായി പോയി….

അച്ഛൻ ഒരുപാട് മ ർദ്ദിച്ചപ്പോളും പെറ്റു വളർത്തിയ അമ്മ തടസ്സം പിടിക്കുക ഉണ്ടായില്ല… പകരം അച്ഛനൊപ്പം കൂടി നിന്നെ ശാസിച്ചു….

നാളെ മുതൽ കോളേജിൽ പോകേണ്ട എന്ന് പറഞ്ഞ് അച്ഛൻ പുസ്തകങ്ങൾ വാരിയിട്ടു കത്തിച്ചപ്പോളും പ്രതികരിക്കാൻ അവാതെ പൊട്ടികരഞ്ഞതേ ഉള്ളു നീ…

എല്ലാസങ്കടങ്ങളും, ശരീരത്തിനേറ്റ വേദനയും മനസ്സിൽ കൊണ്ട കുത്തുവാക്കുകളും നിന്റെ ഉറക്കം കെടുത്തിയപ്പോൾ നീ ഉറങ്ങാൻ കണ്ടെത്തിയ മാർഗ്ഗം എന്റെ നെഞ്ച് പൊള്ളിക്കുന്നത് ആയിരുന്നു…

ഒരു മുഴം ക യറിനാൽ നീ നിത്യമായ ഉറക്കത്തിലേക്കു വഴുതി വീണെന്ന് അറിഞ്ഞപ്പോൾ എന്റെ സമനിലയാണ് മോളെ തെറ്റിയത്….

ഒരു ദിവസം എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചു നീ എന്റെ ആരുകിലേക്ക് ഓടി വന്നെങ്കിൽ ഇന്ന് നീ തനിച്ചീ മണ്ണിൽ കിടക്കേണ്ടി വരില്ലായിരുന്നു…

വർഷങ്ങൾ എത്രയോ കടന്നുപോയി…

എല്ലാവർഷവും മുടങ്ങാതെ ഞാൻ വരാറുണ്ട് ഒരുപിടി ഗുൽമോഹർ പൂക്കൾ നിനക്ക് സമ്മാനിക്കാനായി…

അപ്പോളൊക്കെ ഈ മഴയും എനിക്കൊപ്പം ഉണ്ടാവും…

പിന്നൊരു കാര്യം നിന്നോട് പറയട്ടെ…
ഇന്ന് ഞാൻ തനിച്ചല്ല വന്നിരിക്കുന്നത്.. ഒരാൾ കൂടി എനിക്കൊപ്പം ഉണ്ട്‌..

പതിനാലു വർഷത്തെ എന്റെ ഏകാന്തതയിലേക്കു ഒരാളേ കൂടി ഞാൻ ചേർക്കുകയാണ്… ആദ്യം നിന്നോട് പറയണം എന്ന് തോന്നി അതാണ് ഓടി വന്നത്….

ദേവികയും എന്റെ തുല്യ ദുഃഖിത ആണെന്ന് അറിഞ്ഞപ്പോൾ എന്തോ എന്റെ മനസ്സിൽ നീ വന്നു പറഞ്ഞതുപോലെ തോന്നി അവളെ സ്വീകരിക്കു എന്ന്…

സത്യത്തിൽ ശ്രീക്കുട്ടി നീയാണോ ദേവിക…

ശ്രീക്കുട്ടി, ഒരു മിന്ന് ഞാൻ കരുതിയിട്ടുണ്ട് നിന്റെ സാന്നിധ്യത്തിൽ അത് ഞാൻ ദേവികയെ അണിയിക്കുന്നു…

എന്റെ വരവുകൾക്ക് ഒരു മുടക്കവും ഉണ്ടാവില്ല മോളെ… ഇനിയും വരും ഞാൻ നിന്റെ അടുത്ത് ഈ ദേവികയുടെ കൈ പിടിച്ച്…

മടങ്ങുകയാണ് ഞങ്ങൾ ജീവിതം ഒന്ന് തുടങ്ങാൻ….നിന്റെ സാമിപ്യം എപ്പോളും കൂടെ ഉണ്ടാവണം….

ഗോപൻ ദേവികയുടെ കൈപിടിച്ച് നടന്നു… അപ്പോൾ മഴ ശക്തികുറഞ്ഞു ചാറ്റലായി മാറിയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *