ചേടത്തി ഒന്നോർക്കണം, ചേടത്തിയും മരുമകളും തമ്മിൽ സ്വരച്ചേർച്ച ഇല്ലാതെ വരുമ്പോ..

ചേടത്തിയും ഞാനും
(രചന: Jolly Varghese)

മോൾക്കറിയ്യോ.. എപ്പോഴും അവൾ അവനേം കെട്ടിപ്പിച്ചിരിക്കുവാ അസത്ത്.
ചേടത്തി മോന്ത ഒന്നുകൂടി വക്രിപ്പിച്ചു.

എന്റെ ചേടത്തി.., അതിനവള് അവന്റ ഭാര്യയല്ലേ..? പോരാത്തതിന് ചെറുപ്പവും.
ഓ.. എന്ത് ചെറുപ്പം.. കല്യാണം കഴിഞ്ഞു ഒരു കൊച്ചായി..

അതൊക്ക ശരിയാ.. ഇന്ന് ഞായറാഴ്ച അല്ലേ.. അവന് അവധി ഉള്ള ഒരേയൊരു ദിവസം അന്നല്ലേ അവന്റ അടുത്ത് അവൾക്ക് ഇരിക്കാൻ പറ്റൂ. അവര് സന്തോഷമായിട്ട് ഇരിക്കട്ടെ ചേടത്തീ.

എന്നാലും മോളെ.. കല്യാണത്തിന് മുന്നേ, അമ്മച്ചി.. യമ്മച്ചി.. എന്ന് വിളിച്ചു പൊറകേ നടന്ന ചെറുക്കാനാ എന്റെ സോണിച്ചൻ. ഇപ്പോ അവള് വന്ന് അവനെ മയക്കിയതാ.

മൂത്തവൻ ബെന്നിച്ചൻ ഒരച്ചി കോന്തൻ ആയിപോയി. ഇവനെങ്കിലും നല്ലതാവും എന്ന് വിചാരിച്ചു. ഇപ്പോ ദേ.. എന്റെ രണ്ട് മക്കളും പെണ്ണുംപിള്ളമ്മാർ പറയാതെ മൂ ത്രം പോലും ഒഴിക്കില്ല.

കേട്ടോ.. മോളെ.., ഞാനൊക്കെ എന്റെ അമ്മായിയമ്മയുടെ മുന്നേ വച്ച് ആ മനുഷ്യന്റെ മൊഖത്തുപോലും നോക്കത്തില്ലായിരുന്നു.. ഇവിടിപ്പോ അവൾക്ക് അവനെ ചാരാതെ നിൽക്കാൻ പോലും പറ്റില്ല.

ചേടത്തി പതം പറഞ്ഞുകൊണ്ടേയിരുന്നു. കുറെ കഴിഞ്ഞപ്പോ എന്റെ ക്ഷമ കെട്ടു.
ചേടത്തി.., ചേടത്തിക്ക് ഇപ്പോ എത്ര വയസ്സായി..?

എഴുപത്തി എട്ടാകും ഈ ചിങ്ങത്തിൽ.
ചേടത്തിയുടെ കല്യാണം എത്രാമത്തെ വയസിൽ ആരുന്നു. പതിനാറാമത്തെ വയസ്സിൽ. ചേടത്തിക്ക് നാണചിരി വന്നു.

അന്നത്തെ കാലത്ത് പെൺകുട്ടികൾ വയസറിയിച്ചു കഴിഞ്ഞാൽ പിന്നെ കല്യാണം കഴിച്ചയക്കും. പിന്നെ ദുഃഖമായാലും ദുരിതമായാലും കെട്ടിയവന്റെ വീട്ടിൽ കഴിഞ്ഞോണം. ഇപ്പോ ഒന്നുപറഞ്ഞു രണ്ടിന് ബന്ധം പിരിയലല്ലേ..?

അപ്പോ ചേടത്തിക്ക് കാര്യങ്ങൾ ഒക്കെ അറിയാം.

മ്മ്. മും. ചേടത്തി തല കുലുക്കി.

അതേ ചേടത്തി.. ചേടത്തി കല്യാണം കഴിച്ച കാലമല്ല ഇത്‌. കാലം എത്രയോ മാറിപ്പോയി.

കാലം പുരോഗമിച്ചു. മണ്ണെണ്ണ വിളക്ക് പോയി, കറന്റ് ലൈറ്റ് വന്നു, അമ്മികല്ല്പ്പോയി മിക്സി വന്നു, കപ്പിയും കയറും പോയി മോട്ടറു വന്നു.. അങ്ങനെ മാറ്റങ്ങൾക്കൊപ്പം മനുഷ്യരും മാറണ്ടേ.

അമ്മായി അമ്മയുടെ മുന്നിൽ നിന്ന് ഭർത്താവിനോട് മിണ്ടാൻ പേടിച്ച അന്നുള്ള ആളുകൾക്ക് , മക്കൾ പത്തും എട്ടും ഒക്കെയല്ലേ.. ചേടത്തിക്കും മക്കൾ ഏഴുപേരില്ലെ..

ഇന്നിപ്പോ ഭർത്താവും ഭാര്യയും എന്ന് പറഞ്ഞാൽ കൂട്ടുകാരെപോലെയാ ചേടത്തി.

ഹോ.. കൂട്ട് കാര്.. അതാരിക്കും അവള് അവനെ സോണിച്ചാന്ന് വിളിക്കുന്നെ. ചേട്ടാ.. ന്നോ മറ്റോ വിളിക്കരുതോ അവക്ക്.

ചേടത്തി ഇങ്ങനെ കുറ്റം കണ്ട് പിടിക്കാതെ. അവന് ഇഷ്ടം അവള് അങ്ങനെ വിളിക്കുന്നതാവും.
അതൊക്ക പോട്ടെ.. ചേടത്തി മനസ്സിലാക്കേണ്ട ഒരു കാര്യം ഞാൻ പറയാം. ചേടത്തി അനിഷ്‌ടത്തോടെ എന്നെ നോക്കി.

അതായത്. ഒരു പെൺകുട്ടി ഇരുപതോ.., ഇരുപത്തഞ്ചോ വയസ്സ് ആകുമ്പോ അവൾ ജനിച്ചു വളർന്ന വീടും, ശീലിച്ചു പോന്ന ശീലങ്ങളും ഉപേക്ഷിച്ചു അന്യമായൊരിടത്തു വന്ന് ആ വീടും, അവിടുത്തെ ശീലങ്ങളും മനസ്സിലാക്കി,

കെട്ടിയ പുരുഷന്റെ സ്വഭാവവുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ പഠിക്കുമ്പോ. ചില പാകപ്പിഴകളൊക്കെ വരും. അപ്പോ അതു മനസ്സിലാക്കി അവളെ സ്വന്തം മോളെപോലെ ചേർത്തു പിടിക്കാൻ കഴിയണം.

സ്വന്തം മകൾ മരുമകൾ എന്ന് വേർതിരിച്ചു കാണുന്നതാ കുഴപ്പം.
സ്വന്തം മകൾ ഒരു കാര്യം ചെയ്താലോ പറഞ്ഞാലോ അതു ശരി, മരുമകൾ അതേ കാര്യം ചെയ്യുകയോ പറയുകയോ ചെയ്താൽ അത് തെറ്റ്.

ഒരു കാര്യത്തിന് രണ്ട് നീതി. അത് പാടില്ല.
നിങ്ങളുടെ മകന്റെ ഭാര്യയായി വന്ന് അയാളുടെ മക്കളെ പ്രസവിച്ചു വളർത്തി.

വീട്ടിലെ സകല ജോലികളും ചെയ്യുന്ന പെണ്ണിനെ നിസാര കാര്യങ്ങൾക്ക് കുറ്റപ്പെടുത്താൻ തുടങ്ങുമ്പോ അവളും തിരിച്ചു പ്രതികരിക്കും അപ്പോ അമ്മായിഅമ്മ മരുമകൾ വഴക്ക് ആവും.

ചേടത്തി എന്റെ പ്രസംഗം കേട്ട് അന്തം വിട്ടിരുന്നു.

ചേടത്തി ഒന്നോർക്കണം ചേടത്തിയും മരുമകളും തമ്മിൽ സ്വരച്ചേർച്ച ഇല്ലാതെ വരുമ്പോ അതിനിടയിൽ പെട്ടുപോകുന്ന മകന്റെ അവസ്ഥ.

അമ്മയെ വേണ്ടന്ന് വെക്കാൻ പറ്റുവോ.? ഭാര്യയെ ഉപേക്ഷിക്കാൻ പറ്റുവോ.?

ഇതിപ്പോ സോണിച്ചനും, ലീനയും തമ്മിൽ നല്ല സ്നേഹത്തിലല്ലേ ജീവിക്കുന്നത്. അവര് സന്തോഷ മായി ജീവിക്കുന്നത് കാണുന്നതല്ലേ നമുക്ക് സന്തോഷം.

എന്തോരം പേര് തല്ലിപ്പിരിഞ്ഞും, മക്കളെയും കെട്ടിയവനെയും (കെട്ടിയവളെയും ) ഉപേക്ഷിച്ചു വല്ലവന്റെയും പുറകെ ഇറങ്ങി പോകുന്ന കാലമാ.

ബന്ധങ്ങൾക്ക് ഒരു വിലയുമില്ലാത്ത ഈ കാലത്ത് ലീനയെ പോലെ ഒരു മകളെ കിട്ടിയത് ചേടത്തിയുടെ ഭാഗ്യമാ.

അവള് വീട്ടിൽ പണിയൊക്കെ എടുക്കില്ലേ ചേടത്തീ..?

ഉം.. എല്ലാം ചെയ്യും എനിക്ക് കുളിക്കാൻ വെള്ളം വരെ ചൂടാക്കി തരും.

പിന്നെ എന്താ..?

എന്റെ മോൻ പഴേപോലെയല്ല മോളെ.. സ്നേഹമില്ല. അവള് വന്നേപ്പിന്നെയാ.

അതൊക്കെ ചേടത്തീടെ തോന്നലാ ജീവിത സാഹചര്യം മാറുമ്പോ സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളാണ് അതൊക്ക.

ഇപ്പോ അവന് ഒരു കുടുംബമായി.. അതിന്റെതായ ഉത്തരവാദിത്തം കൂടില്ലേ അത്രയേ ഉള്ളൂ അല്ലാതെ ചേടത്തിയോട് സ്നേഹം ഇല്ലാഞ്ഞിട്ടൊന്നുമല്ല.

പിന്നെ ലീന..നിങ്ങടെ വീട്ടിൽ വന്നിട്ട് അഞ്ചു വർഷം ആയില്ലേ. അന്നുതൊട്ട് അവളെ എനിക്കറിയാം ഈ നിമിഷം വരെ അവൾ ചേടത്തിയെപ്പറ്റി ഒരു മോശം കാര്യം പറഞ്ഞിട്ടില്ല.

ചേടത്തിയെന്നെ മിഴിച്ചു നോക്കി.

അതേ.., ചേടത്തി.. ചേടത്തിക്ക് അഞ്ച് പെണ്മക്കൾ ഇല്ലേ.. അവരിൽ ആരേലും ചേടത്തിക്ക് ഒരു വയ്യായ്ക വന്നാൽ കൊണ്ടോയി നോക്കുവോ..?

ചേടത്തി ഒന്നാലോചിച്ചു. എന്നിട്ട് പറഞ്ഞു ചിലപ്പോ ഇളയവൾ അൻസാമ്മ നോക്കുവാരിക്കും.

അതും സംശയം ആണല്ലേ.. ചേടത്തി..?
അപ്പോ സ്വന്തം മക്കളെക്കാൾ മരുമകൾ ഉപകാരപെടും.. അതിനാൽ മരുമകൾ എന്നത് മാറ്റി മകളായി കണ്ടു നോക്കിക്കേ..

ചേടത്തി ഒരു നെടുവീർപ്പ് ഇട്ടു. ഞാനൊരു ദീർഘ നിശ്വാസവും. അപ്പോ എങ്ങനാ ചേടത്തി നമുക്കൊരു ചായ കൂടി കുടിച്ചാലോ…?

എനിക്ക് വേണ്ടമോളെ.. വീട്ടിലിപ്പോ ലീന മോള് ചായ വെച്ചിട്ടുണ്ടാകും.

കറുത്ത മുഖത്തോടെ വന്ന ചേടത്തി വെളുത്ത മുഖത്തോടെ പോകുന്നത് ഉമ്മറ പടിയിലിരുന്നു ഞാൻ നോക്കി…

Leave a Reply

Your email address will not be published. Required fields are marked *