കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ സുലുവിന് ഇങ്ങനെ കേൾക്കുമ്പോ വിഷമം..

തിരിച്ചറിവ്
(രചന: Jolly Varghese)

നിനക്കെന്തറിയാം..?

പലപ്പോഴായി കേട്ട് പരിചയം ഉള്ളതിനാൽ സുലു പതിവുപോലെ മുഖം കുനിച്ചു.

എന്തേലും കാര്യങ്ങളിൽ അവൾ ഒരഭിപ്രായം പറഞ്ഞാൽ സുരേഷ് അപ്പോൾ പറയും.

“നീ മിണ്ടാതിരി നിനക്കെന്തറിയാം ”

കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ സുലുവിന് ഇങ്ങനെ കേൾക്കുമ്പോ വിഷമം തോന്നിയിരുന്നു.

അന്നേരം അവൾ വഴക്കിടുകയും , വാദിക്കുകയും തന്റെ അറിവിനെ അംഗീകരിക്കാത്തതിൽ ദേഷ്യവും നിരാശയും പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു.

കാലം പോകെപ്പോകെ അവൾ ആ ചോദ്യവുമായി പൊരുത്തപ്പെട്ടു. താൻ പഠിച്ചു നേടിയ ഡിഗ്രീ കൾ എല്ലാം ഈ ചോദ്യത്തിന്റെ മുൻപിൽ പരാജയപെട്ടു.

കാരണം പുരുഷൻ ആണ് കുടുംബനാഥൻ. അദ്ദേഹത്തിന്റെ വാക്കിനാണ് വില. അതേ അവിടെ നടപ്പാകൂ.

മറ്റൊരാളിന്റെ അഭിപ്രായം അവിടെ നടപ്പാക്കിയാൽ പുരുഷൻ കഴിവ് കെട്ടവൻ ആകും എന്ന ചിന്ത. എന്നുപറഞ്ഞാൽ ഒരുതരം അപ്രമാദിത്ത്വം.. തന്നെ.

സുലു.. സുരേഷിന്റെ തണലിൽ ഒന്നുമറിയാത്തവളെ പോലെ ജീവിച്ചു.
എങ്കിലും അവൾ ഇടയ്ക്കൊക്കെ വല്ല കടയിലോ മറ്റോ കേറിയാൽ പറയും.

സുരേട്ടാ.. നമുക്ക് ഈ പാത്രം മേടിക്കാം.

എന്തിന്..?

ഈ പാത്രം പുട്ടിന് പൊടിനനയ്ക്കാനും, അരികഴുകാനും ഒക്കെ ഉപയോഗിക്കാൻ നല്ലതാ .

ഹൊ.. ഇത് കൊള്ളില്ല..

അല്ല സുരേട്ടാ.. ഇത് നല്ലതാ..

കൊള്ളില്ലന്ന് പറഞ്ഞില്ലേ..? അല്ലേൽ തന്നെ നിനക്കെന്തറിയാം.

ദാ.. ഇത് മതി.. എന്നിട്ട് ഒരു ഇടുങ്ങിയ പാത്രം എടുത്തു തരും.

അതുപോലെ തന്നെയാണ് തുണിക്കടയിൽ പോയാലും. തുണിയെപ്പറ്റി നിനക്കെന്തറിയാം. ഇതുമതി നിനക്കിതു നന്നായി ചേരും..

മക്കളോടും അങ്ങനൊക്കെ തന്നെ.

Tv കാണുമ്പോ ആ പ്രോഗ്രാമിനെ പറ്റി എന്തേലും അഭിപ്രായം പറഞ്ഞാലും അപ്പോ വരും. നിനക്കെന്തറിയാം.. എന്ന്..

അങ്ങനെയിരിക്കെ ഒരുദിവസം .. സുലുവിന്റെ ശരീരത്തിനൊരു തളർച്ച. ഇടയ്ക്കിടെ വരും. പ്രഷറിന്റെ ആവും എന്നവൾ പറയും.

ഏയ്‌.. അതൊതൊന്നും അല്ല കാലാവസ്ഥ മാറിയതിന്റെയാ. അല്ലേൽ തന്നെ നിനക്കെന്തറിയാം.?

കുട്ടികൾ വല്ല സംശയവും ചോദിച്ചാൽ അപ്പോൾ ആയാൾ പറയും.
അതിനവൾക്ക് എന്തറിയാം.?

പെട്ടന്നൊരു ദിവസം സുലു തളർന്നു വീണു. ആശുപത്രിയിൽ ഒരാഴ്ച കിടക്കേണ്ടിവന്നു.

ആ ദിവസങ്ങളിൽ സുരേഷ് വളരെയേറെ കഷ്‌ടപ്പെട്ടു. രണ്ട് മക്കളെ നോക്കാനും അവർക്ക് വേണ്ട ഭക്ഷണം ഉണ്ടാക്കാനും, അങ്ങനെ എല്ലാത്തിനും ബുദ്ധി മുട്ടി.

എച്ചിൽ പാത്രങ്ങൾ കുമിഞ്ഞു കൂടി, മുഷിഞ്ഞ വസ്ത്രങ്ങളുടെ മനം മടുപ്പിക്കുന്ന നാറ്റം സഹിക്കാൻ പറ്റാതായി.

കാൽവെള്ളയിൽ പറ്റിപിടിക്കുന്ന പൊടിയും അഴുക്കും. മാറാല വല നെയ്ത ചുമരും, മച്ചും. എല്ലാം കൊണ്ടും ആകെമൊത്തം വല്ലാത്തൊരവസ്ഥ. എന്ത് ചെയ്യണം, എവിടെ തുടങ്ങണം ഒന്നുമറിയില്ല.

അങ്ങനെ ജീവിതത്തിൽ ആദ്യമായി അയാൾ ഒന്നുമറിയാത്തവൻ ആയി..

അന്നയാൾ സുലുവിനെ പറ്റി ചിന്തിച്ചു. പാവം സുലു.. അവൾക്കെല്ലാം അറിയാമായിരുന്നു.

കുട്ടികളെനോക്കാൻ, വീട് വൃത്തിയായി സൂക്ഷിക്കാൻ, തന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ, തന്റെ ഇഷ്‌ടങ്ങൾ നിറവേറ്റാൻ. ഒന്നിനും ഒരു കുറവില്ലാതെ അവൾ ഈ വീടിനെ സംരക്ഷിച്ചു..

അവൾക്കെല്ലാം അറിയാമായിരുന്നു.. ഒരു കുടുംബം എങ്ങനെ സംരക്ഷിക്കണം എന്ന വലിയ അറിവ്.. അതവൾക്കുണ്ടായിരുന്നു.

അയാളുടെ കണ്ണുകൾ നിറഞ്ഞു. ഒരു നിമിഷം പോലും അവളെ മനസ്സിലാക്കാൻ താൻ ശ്രമിച്ചില്ല. അവളുടെ കുറവുകൾ തിരഞ്ഞു കുറ്റപ്പെടുത്തി. പലപ്പോഴും കരയിപ്പിച്ചു..

അവൾ പറയുന്നത് ശരിയാണെന്ന് അറിഞ്ഞുകൊണ്ട് മനപ്പൂർവം താഴ്ത്തി, അപമാനിച്ചു. ഈ പതിനഞ്ചു കൊല്ലം തന്നെ സഹിച്ച അവൾ അല്ലേ.. അറിവുള്ളവൾ.. എന്നെ അറിഞ്ഞവൾ..

നീറി പുകഞ്ഞ മനസ്സുമായി അയാൾ ആശുപത്രിയിൽ നിന്നും അവളെ മടക്കി കൊണ്ടുവരുന്ന വഴി ഒരു തുണി കടയിൽ കയറി നിനക്ക് ഇഷ്‌ടമുള്ളത് ഒക്കെ തിരഞ്ഞെടുത്തോ എന്ന് പറഞ്ഞു.

അപ്പോൾ അവളുടെ മുഖത്തെ അമ്പരപ്പ് ഒന്ന്‌ കാണേണ്ട കാഴ്ചയായിരുന്നു. വിശ്വാസം വരാതെ അവൾ വീണ്ടും മുഖത്തേയ്ക്ക് നോക്കി. ഉം.. എന്ന് തല കൊണ്ട് ആംഗ്യം കാണിച്ചു.

ആശുപത്രി വാസത്തിന്റെ ഷീണം പോലും അവളിൽ നിന്ന് എങ്ങോ ഓടിയൊളിച്ചു. കൊച്ചുകുട്ടിയെപോലെ അവൾ ഓരോന്നിലും ആർത്തിയോടെ തിരഞ്ഞു.

സുരേട്ടനും കുട്ടികൾക്കും വാങ്ങി. ഒപ്പം കരിനീല നിറമുള്ള ചുരിദാറും. അവളുടെ ഇഷ്‌ട നിറം..

അയാൾ ഒരു നിർവൃതിയോടെ എല്ലാം നോക്കി നിന്നു.

അന്ന് രാത്രിയിൽ അയാൾ അവളോട് പറഞ്ഞു. “ഇന്ന് മുതൽ ഞാനും നീയും ഇല്ല.. നമ്മളേ ഉള്ളൂ.. നമ്മൾ..മാത്രം ”

എന്നെ അറിഞ്ഞവൾ നീയാണ്.. നീയാണ് എന്റെ അറിവ്..

അവൾ അന്തം വിട്ട് അയാളെനോക്കി.. അയാളവളെ മാറോടു ചേർത്തു…

Leave a Reply

Your email address will not be published. Required fields are marked *