അവരുടെ മുന്നിൽ നിന്നു തന്നെ ഞാൻ പറഞ്ഞു ഞാൻ മറ്റൊരാളുടെ ഭാര്യയാണെന്ന്…. അപ്പോഴേക്കും സുഭാഷ് വന്നിരുന്നു..

(രചന: J. K)

“”” ആ കുട്ടിയുടെ അടുത്ത് പോയിരുന്ന് കഴിക്കണോ അങ്ങ് വിട്ടു പോയിരുന്നു കഴിച്ചൂടെ? നിനക്കറിയില്ലേ ആ കുട്ടിക്ക് മത്സ്യവും മാംസവും ഒന്നും ഇഷ്ടമല്ല എന്ന്”””

കാർത്തികയെ ശകാരിക്കുമ്പോൾ ആ അമ്മയുടെ മിഴികളിൽ നിറച്ചും വാത്സല്യമായിരുന്നു അവളോട്..
ചെറിയൊരു ചിരിയോടെ അവളും പറഞ്ഞു സാരമില്ല അവിടെ ഇരുന്ന് കഴിച്ചോട്ടെ എന്ന്..

ഈ ചെറിയ ഓലപ്പുരയിലേക്ക് വന്നു കയറിയിട്ട് ഇത് മൂന്നാമത്തെ ദിവസമാണ്…. വന്നു കയറാനുള്ള കാരണം അത് തന്നെയായിരുന്നു പ്രണയം”””

കോളേജിൽ കൂടെ പഠിച്ച കുട്ടിയുടെ ജാതിയോ മതമോ ഒന്ന് നോക്കിയില്ല പ്രണയം മാത്രമേ നോക്കിയുള്ളൂ… അതുകൊണ്ടാണ് എല്ലാം വീട്ടിൽ അറിഞ്ഞ് പ്രശ്നമായപ്പോൾ അവൻ വിളിച്ചതും കൂടെ ഇറങ്ങിപ്പോന്നത്…

അല്ലെങ്കിൽ പഠനം തന്നെ പാതിയിൽ വച്ച് നിർത്തി ഏതെങ്കിലും സ്വജാതിയിൽപ്പെട്ട ഒരാളുടെ തലയിൽ തന്നെ കെട്ടിവെക്കും എന്ന് ഉറപ്പായിരുന്നു..

വല്ലാത്ത അന്തരം ഉണ്ടായിരുന്നു രണ്ടു സംസ്കാരങ്ങൾക്കും തമ്മിൽ പക്ഷേ എല്ലാം ആദ്യമേ തീരുമാനിച്ചു ഉറപ്പിച്ച് തന്നെയായിരുന്നു ഈ ബന്ധത്തിന് നിന്നത്…

സുഭാഷ് അതായിരുന്നു അയാളുടെ പേര്.. കോലോത്തെ എല്ലാ ജോലിക്കും അയാളുടെ വീട്ടുകാരാ സ്ഥിരമായി വന്നിരുന്നത്..
വീട്ടിൽ നിന്ന് കണ്ടു പരിചയം ഉണ്ട് അന്നൊന്നും വലിയ രീതിയിൽ മൈൻഡ് പോലും ചെയ്തിട്ടില്ല ആയിരുന്നു സ്കൂളിലൊക്കെ നന്നായി പഠിക്കും എന്ന് ആരോ പറയുന്നത് കേട്ടു. അപ്പോഴും മൈൻഡ് ചെയ്യാൻ പോയില്ല പിന്നെ അടുത്തറിയുന്നതും പരിചയപ്പെടുന്നതും എല്ലാം കോളേജിൽ വച്ചായിരുന്നു പറയുമ്പോൾ സ്വന്തം നാട്ടുകാരാണ് അടുത്തടുത്ത് വീടുകൾ എന്നിട്ടും തമ്മിലുള്ള അന്തരം വളരെ വലുതായിരുന്നു..

അങ്ങനെയായിരുന്നു പഠിച്ചു വെച്ചത് പഠിപ്പിച്ചു തന്നത്.. അങ്ങനെയാണ് ആളെ കോളേജിൽ നിന്ന് പരിചയപ്പെടുന്നത്… എന്നെക്കാൾ ഒരു വർഷം സീനിയർ ആയിരുന്നു.. കോളേജിൽ ഒരു സ്റ്റാറായിരുന്നു ആള് എന്നെ തന്നെ പറയാം പെൺകുട്ടികളുടെ ഒക്കെ ആരാധന കഥാപാത്രം അതിന് കാരണവും ഉണ്ടായിരുന്നു നന്നായി പാടാനുള്ള കഴിവും വരയ്ക്കാനുള്ള കഴിവും എല്ലാം ദൈവം ഒരുപോലെ കൊടുത്തിരുന്നു. ആൾക്ക്…

എന്തു മത്സരം ഉണ്ടെങ്കിലും അതിലെല്ലാം ഫസ്റ്റ്.. എന്നാലും അതിന്റെ ഒരു അഹംഭാവമോ അഹന്തയോ ആ മുഖത്ത് കാണാനില്ല താനും എല്ലാവരോടും ഒരുപോലെ പെരുമാറും.. തന്നെയുമല്ല കോളേജ് യൂണിയനിൽ സജീവ പങ്കാളിത്തം..

ഓരോ സമരം വരുമ്പോഴും അതിന്റെ മുൻനിരയിൽ തന്നെ കാണും കൊടിയും പിടിച്ച് മുദ്രാവാക്യവും മുഴക്കി തൊണ്ട പൊട്ടുമാറു….
അയാളോട് ഉള്ള ആദ്യത്തെ മനോഭാവം മാറുന്നതും പകരം മനസ്സിൽ ഒരു ആരാധന വന്നു നിറയുന്നതും അറിഞ്ഞിരുന്നു…

ഒരിക്കൽ ഹർത്താൽ ആയപ്പോൾ കോളേജിലേക്ക് ലിഫ്റ്റ് തന്നത് മുതൽ ഞങ്ങൾക്കിടയിൽ ഒരു സുഹൃത്ത് ബന്ധവും തുടങ്ങിയിരുന്നു..
അത് മേലെ വളർന്നു പിന്നീട് പ്രണയമായി തീർന്നു. അറിയാമായിരുന്നു ഇത് ഒരിക്കലും വീട്ടിൽ അംഗീകരിക്കാൻ കഴിയുന്ന ഒരു ബന്ധമായിരിക്കില്ല എന്ന്…
കാലം എത്ര മുന്നോട്ടു പോയി എന്ന് പറഞ്ഞാലും പലരുടെയും ഉള്ളിൽ ഇപ്പോഴും പണ്ടത്തെ അടിമത്വവും എല്ലാം അങ്ങനെ തന്നെ ഇരിപ്പുണ്ട്..
പിന്നെ പലപ്പോഴും കോളേജിൽ നിന്ന് ഞാൻ സുഭാഷിന്റെ കൂടെയായിരുന്നു വീട്ടിലേക്ക് വന്നിരുന്നത് വീടിന്റെ അടുത്തുവരെ വന്നാൽ പ്രശ്നമാകുമെന്ന് അറിയാവുന്നതുകൊണ്ട് അല്പം ദൂരെ എന്നെ ഇറക്കിവിട്ടിട്ട് പോകും. ആരും ശ്രദ്ധിക്കുന്നില്ല എന്നായിരുന്നു ഞങ്ങളുടെ വിചാരം പക്ഷേ എല്ലാവരും മറ്റുള്ളവരുടെ കാര്യവും അന്വേഷിച്ചു നിൽക്കുകയാണെന്ന് അറിഞ്ഞില്ല അത് വീട്ടിൽ അറിഞ്ഞു വലിയ പ്രശ്നമായി വീട്ടുതടങ്കലിൽ ആയി..

കുടുംബത്തിൽ മൊത്തം പരതി ഏതോ ഒരു ചെക്കനെ എനിക്ക് വേണ്ടി ആലോചിക്കുകയും ചെയ്തു നടക്കില്ല എന്ന് ഞാൻ തീർത്തു തന്നെ പറഞ്ഞു പിന്നെ ചോദ്യമായി ഭേദ്യമായി…

എന്റെ മനസ്സിൽ സുഭാഷിന്റെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ പലപ്പോഴും അവൻ എന്നോട് ചോദിച്ചിരുന്നു വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി നീ എന്നെ മറക്കുമോ എന്ന് അങ്ങനെ നീ മറന്നിട്ടുണ്ടെങ്കിലും ഒരിക്കൽപോലും നീയില്ലാത്ത ഒരു ജീവിതം എനിക്കുണ്ടാവും എന്ന് കരുതരുത് എന്ന്..

അവന്റെ ഓരോ വാക്കിന്റെയും ആത്മാർത്ഥത എന്നോളം അറിഞ്ഞ മറ്റാരുമില്ലായിരുന്നു.. അതുകൊണ്ടുതന്നെ ഈ ബന്ധത്തിൽ നിന്ന് എന്തിന്റെ പേരിലും പിന്മാറാൻ ഞാൻ ഒരുക്കമല്ല ആയിരുന്നു…

അതുകൊണ്ടാണ് അവനെ കോൺടാക്ട് ചെയ്ത് അമ്പലത്തിൽ പോകുകയാണെന്ന് വ്യാജേന വീട്ടിൽ നിന്നിറങ്ങി അവന്റെ കൂടെ പോയത് രജിസ്റ്റർ ഓഫീസിൽ കല്യാണത്തിനുള്ള എല്ലാ തയ്യാറെടുപ്പും അവൻ ചെയ്തിരുന്നു അവിടെ പോയി രണ്ടുപേരും സൈൻ ചെയ്ത് ഒന്നുമറിയാത്തതുപോലെ വീട്ടിലേക്ക് പോയി….

അപ്പോഴേക്കും എന്റെ വിവാഹം ഉറപ്പിക്കാനായി എല്ലാവരും വന്നിരുന്നു അവരുടെ മുന്നിൽ നിന്നു തന്നെ ഞാൻ പറഞ്ഞു ഞാൻ മറ്റൊരാളുടെ ഭാര്യയാണെന്ന്….

അപ്പോഴേക്കും സുഭാഷ് വന്നിരുന്നു എന്നെ കൊണ്ടുപോകാൻ വേണ്ടി ഞാൻ അയാളുടെ കൂടെ പോയി ഇത്തവണ ആരും തടഞ്ഞില്ല എല്ലാവരും ഇനി ഇങ്ങനെ ഒരു മകൾ ഇല്ല എന്ന് പറഞ്ഞ പടിയടച്ച് പിണ്ഡം വെച്ചു…

രണ്ടുമൂന്നു ദിവസം കൊണ്ട് തന്നെ എനിക്ക് മനസ്സിലായിരുന്നു സുഭാഷിന്റെ വീട്ടിലെ ജീവിതം അത്ര സുഖകരമാവില്ല എന്ന്…
മത്സ്യമോ മാംസമോ കൂട്ടത്തിൽ എനിക്ക് അവരുടെ വീട്ടിൽ അത് മാത്രമാണ് കാണാൻ ഉണ്ടായിരുന്നത്.. എനിക്ക് വേണ്ടി അവരത് ഉപേക്ഷിക്കാൻ നോക്കിയിരുന്നു പക്ഷേ എത്രകാലം എനിക്ക് വേണ്ടി അവർ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവയ്ക്കും..

എങ്കിലും അപ്പോഴൊക്കെയും ചേർത്ത് പിടിക്കാൻ സുഭാഷ് ഉണ്ടായിരുന്നു..
അവിടെ ഞാൻ നിൽക്കുന്നത് അവർക്ക് ഒരു ബുദ്ധിമുട്ടാണെന്ന് എനിക്ക് മനസ്സിലായിരുന്നു… പലപ്പോഴും എന്റെ രീതിക്ക് കാര്യങ്ങൾ മാറ്റാൻ അവർ കഷ്ടപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്..

എനിക്ക് നല്ല ഭക്ഷണം തരാൻ എന്റെ കാര്യങ്ങൾ നോക്കാൻ… ഒരു മരുമകൾ എന്നതിലുപരി അവർ ജോലി ചെയ്തിരുന്ന വലിയ വീട്ടിലെ കുട്ടിയായിട്ടാണ് അവർ എപ്പോഴും എന്നെ കരുതിയിരുന്നത്…

എന്നെ അതെന്തോ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്നു സുഭാഷ് തുടർന്ന് പഠിക്കാൻ നിർബന്ധിച്ച് കൊണ്ടിരുന്നു ഹോസ്റ്റലിലേക്ക് മാറിക്കോളാൻ പറഞ്ഞു എന്റെ ചെലവ് മുഴുവൻ സുഭാഷ് നോക്കി അവൻ പഠനത്തോടൊപ്പം
മറ്റൊരു പാർട്ട് ടൈം ജോബ് കൂടി ചെയ്തു ഞങ്ങളുടെ പഠിത്തത്തിനുള്ള പണം ഉണ്ടാക്കി…

ഹോസ്റ്റലിലേക്ക് ഞാൻ മാറില്ല ഇവിടെത്തന്നെ നിന്നോളാം എന്ന് പറഞ്ഞു. കാരണം എനിക്ക് അവരുടെ വീട്ടിൽ ബുദ്ധിമുട്ടാവും എന്ന് കരുതിയാണ് അവൻ അങ്ങനെ പറഞ്ഞത് അവനുവേണ്ടി എന്ത് ബുദ്ധിമുട്ടും സഹിക്കാൻ ഞാൻ തയ്യാറായിരുന്നു…

എല്ലാം അവന്റെ കൈകൊണ്ട് എത്തുന്നില്ലായിരുന്നു അതുകൊണ്ടാണ് ഞാനും സഹായിക്കാം എന്ന് കരുതിയത് പക്ഷേ എല്ലാം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു ദുരഭിമാന എന്നൊക്കെ കേട്ടുകേൾവി മാത്രമുള്ള സ്ഥലത്ത് അത് സംഭവിച്ചു…

ഞങ്ങളുടെ രണ്ട് കുടുംബങ്ങളും തമ്മിൽ എന്തോ പ്രശ്നമുണ്ടായി..
ദേഷ്യം വന്നതും ഞങ്ങൾക്ക് നഷ്ടപ്പെട്ടത് സുഭാഷിനെ ആയിരുന്നു തീരാ സുഖത്തിലേക്ക് ഞങ്ങളെ തള്ളിവിട്ട് ആ കുടുംബം നാഥനില്ലാതെ ആയി…

ആദ്യം ഒന്നും എനിക്ക് സഹിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല പക്ഷേ എന്നെക്കാൾ തളർന്ന രണ്ടുപേർ അവിടെയുണ്ടായിരുന്നു അവന്റെ അമ്മയും പെങ്ങളും അവർക്ക് ഒരു താങ്ങ് ആവശ്യമാണ് എന്ന് എനിക്ക് അറിയാമായിരുന്നു….

അതുകൊണ്ടാണ് എന്റെ ദുഃഖം അവർക്കു മുന്നിൽ ഞാൻ മറച്ചുവെച്ച് അവർക്ക് ഒരു താങ്ങായി നിന്നത്..

പാവങ്ങളായിരുന്നു അവർക്ക് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു… എനിക്ക് അവരെയും…
എനിക്ക് സങ്കടത്തോടൊപ്പം കുറ്റബോധവും തോന്നാൻ തുടങ്ങി ഞാൻ കാരണമാണല്ലോ ഇതെല്ലാം വന്നത് എന്ന്…

അവന്റെ അമ്മയുടെയും അനിയത്തിയുടെയും മുഖത്തേക്ക് പോലും എനിക്ക് നോക്കാൻ തോന്നിയില്ല പക്ഷേ അപ്പോഴേക്കും ഞാൻ ഒരു തീരുമാനമെടുത്തിരുന്നു സുഭാഷിന്റെ സ്ഥാനത്തുനിന്ന് ആ കുടുംബം ഞാൻ നോക്കും എന്ന്..

അവന്റെ ഏറ്റവും വലിയ മോഹമായിരുന്നു അനിയത്തിയുടെ പഠനവും അവളുടെ കല്യാണവും ഒക്കെ എല്ലാത്തിലും ഞാൻ മുൻപന്തിയിൽ നിന്നും നടത്തിക്കൊടുത്തു എന്റെ പഠനം ഉപേക്ഷിച്ചാണെങ്കിലും ഒരു ജോലി കിട്ടിയപ്പോൾ അവരുടെ കാര്യം മാത്രമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്..

അവളെ അർഹതപ്പെട്ട ഒരാളുടെ കയ്യിൽ ഏൽപ്പിക്കുമ്പോൾ എനിക്കറിയാമായിരുന്നു അവന്റെ ആത്മാവ് എവിടെയോ ഇരുന്ന് സന്തോഷിക്കുന്നുണ്ട് എന്ന്….

എല്ലാ കടമകളും ഭംഗിയോടെ ചെയ്തപ്പോൾ അമ്മ എന്നോട് ചോദിച്ചിരുന്നു നിനക്കും ഒരു ജീവിതം വേണ്ടേ എന്ന്…
ഇതല്ലേ എന്റെ ജീവിതം?? ഇവിടെ ജീവിച്ച് അവന്റെ ഓർമ്മകളുമായി മരിക്കാനാണ് എനിക്കിഷ്ടം എന്ന്….

എന്റെ പ്രണയം ഇതാണ് പ്രണയം പല രീതിയിലുണ്ടല്ലോ എനിക്ക് ഇതാണ് ശരി..
ഒരുപക്ഷേ വീട്ടുകാരുടെ മനസ്സ് വിഷമിപ്പിച്ചത് ഞാൻ ഒരു ജീവിതം തെരഞ്ഞെടുത്തു കൊണ്ടാവും ഇതെല്ലാം ഇങ്ങനെയായത് പക്ഷേ എന്നുവച്ച് അവർ ചെയ്തതിന് മാപ്പില്ല…

അവരുടെ കണ്മണി എന്റെ ജീവിതം ഇങ്ങനെ തീരണം.. ഒരു തുണയില്ലാതെ പ്രതീക്ഷിക്കാൻ ഒന്നുമില്ലാതെ.. എനിക്ക് അവരോട് ചെയ്യാൻ പറ്റുന്ന മധുരമായ റിവഞ്ച് ഇതാണ്….