ഞങ്ങൾ കല്യാണം കഴിച്ചാലും ഇല്ലെങ്കിലും നിനക്കെന്താ, മര്യാദക്ക് വീട്ടിൽ പോയിട്ട്..

(രചന: വരുണിക)

“”ഒന്ന് ഒരു ഐ ലവ് യു പറയെടാ കുരങ്ങാ.. എത്ര നാൾ കൊണ്ട് ഞാൻ ഇങ്ങനെ പുറകിൽ നടക്കുവാ..

ദോഷം കിട്ടും ട്ടോ ഒരു പാവം പെണ്ണിനെ ഇങ്ങനെ പുറകിൽ നടത്തിയാൽ ദൈവം ക്ഷമിക്കില്ല ട്ടോ..

എനിക്ക് എന്താ മനുഷ്യാ ഒരു കുഴപ്പം??? സൗന്ദര്യമില്ലേ?? വിദ്യാഭ്യാസമില്ലേ???? എന്നെ പോലെ ഒരു സുന്ദരിയും സുശീലയുമായ പെണ്ണിനെ വേറെ നിങ്ങൾക്ക് കാണാൻ കഴിയില്ല…

ഞാൻ പുറകിൽ നടക്കുന്നതിന്റെ അഹങ്കാരം അല്ലെ മനുഷ്യാ നിങ്ങൾക്ക്??? ഒരിക്കൽ ഞാൻ ഇല്ലാതെ വരുമ്പോൾ അറിയാം എന്റെ വില.

ചിലപ്പോ നിങ്ങൾക്ക് അപ്പോഴായിരിക്കും സ്വസ്ഥത കിട്ടുന്നത്?? അല്ലെ കണ്ണേട്ടാ.???””

ചിരിയോടെ തന്നെ പറയുന്നവളെ അവൻ അത്ഭുതത്തോടെ നോക്കി. ദിവസവും പെണ്ണ് തന്റെ പുറകിൽ നടക്കാറുണ്ട്.

അപ്പോഴൊന്നും അത് കാര്യമാക്കിയിട്ടില്ല. കൊച്ച് കുട്ടിയല്ലേ എന്നെ വിചാരിച്ചിട്ടുള്ളു.

പക്ഷെ ഇന്ന് അവൾ പറയുന്ന വാക്കുകൾ, തമാശയായാലും ശെരി, എന്തോ അവന് ഒട്ടും അംഗീകരിക്കാൻ പറ്റുന്നില്ലായിരുന്നു അതൊന്നും.

വിഷ്ണു ഒന്നും തിരിച്ചു പറയുന്നില്ലെന്ന് കണ്ടതും ചന്ദന ബാക്കി പറയാൻ തുടങ്ങി…

“”കണ്ടോ കണ്ടോ.. വിച്ചേട്ടൻ ഒന്നും മിണ്ടാത്തത് കണ്ടോ.. അപ്പോൾ ഞാൻ പറഞ്ഞതെല്ലാം സത്യമല്ലേ…. വിച്ചേട്ടന് എന്നോട് ഒരു സ്നേഹവുമില്ല. ഞാൻ മരിച്ചാലും….””

ബാക്കി പറയുന്നതിന് മുൻപ് തന്നെ വിഷ്ണു അവളുടെ വാ പൊത്തി പിടിച്ചിരുന്നു..

“”എന്റെ പൊന്ന് കുഞ്ഞേ.. നീ എന്ത് കാര്യത്തിനാണ് ഇങ്ങനെ പറയുന്നത്??? പറയുന്ന നിനക്ക് ഒന്നും തോന്നാറില്ലെങ്കിലും കേൾക്കുന്ന എനിക്ക് തോന്നാറുണ്ട്. മതിയെടി നിന്റെ ഈ പറച്ചിൽ.””

“”ഞാൻ ഇങ്ങനെ പറയാതെ ഇരിക്കണമെങ്കിൽ എന്നോട് പറ.. ഐ ലവ് യു എന്ന്…””

ഇല്ലാത്ത നാണം വാരി വിതറി ചന്ദു പറഞ്ഞതും വിഷ്ണു അറിയാതെ തന്നെ തലയിൽ കൈ വെച്ചു.

“”പഠിക്കേണ്ട സമയം പോയി നന്നായി പഠിക്കാൻ നോക്ക് പെണ്ണെ. ഇങ്ങനെ എന്റെ പുറകിൽ നടക്കാതെ. നാളെ ഒരു സമയം ഇതെല്ലാം ഒരു തമാശയെന്ന് തോന്നുമ്പോൾ കൂടെ നീ നേടിയ വിദ്യാഭ്യാസം മാത്രമേ കാണു…..””

ഇത്ര മാത്രം പറഞ്ഞു നടന്നു പോകുന്നവനെ അവൾ നിറകണ്ണുകളോടെ നോക്കി നിന്നു…

ചങ്ക് പറിച്ചു കാണിച്ചാലും ഒരുപക്ഷെ അവൻ ചെമ്പരത്തി എന്ന് പറയുമെന്ന് വരെ അവൾക്ക് തോന്നി…

സ്വന്തം മുറച്ചെറുക്കനാണ്. പണ്ട് മുതൽ ചന്ദനയുടെയാണ് വിഷ്ണുവെന്ന് എല്ലാരും പറഞ്ഞു മനസ്സിൽ കയറിയ ഇഷ്ടം.

പക്ഷെ ഇന്ന് അവന്റെ ഓരോ അവഗണനയും അവളെ വല്ലാതെ കുത്തി നോവിക്കുന്നു…

അടുത്ത ദിവസം സ്കൂളിലേക്ക് പോകാൻ ബസ് സ്റ്റോപ്പിൽ നിന്നപ്പോൾ കണ്ടു കോളേജിലേക്ക് പോകാൻ നിൽക്കുന്ന വിഷ്ണുവിനെ..

കൂടെ തന്നെ അടുത്ത വീട്ടിലെ ചേച്ചിയുമുണ്ട്. രണ്ട് പേരും ഒരേ കോളേജിൽ.

ഒരുമിച്ചു നിൽക്കുന്നതും വരുന്നതുമെല്ലാം ദിവസവും കാണുന്നതാണെങ്കിലും ഇന്ന് അവൾക്ക് അതെല്ലാം അരോചകമായി തോന്നി…

“”ഈ വിഷ്ണു ചേട്ടനും ആര്യ ചേച്ചിയും നല്ല മാച്ച് ആണ് ലെ… അവർ നല്ല couples ആണ്. കല്യാണം കഴിച്ചാൽ പൊളിക്കും.””

കൂടെ ബസ് കയറാൻ നിൽക്കുന്ന ഒരു കൂട്ടുകാരി പറഞ്ഞതും, തിരിച്ചു ഒന്നും പറയാൻ പറ്റാതെ ചന്ദു നിന്നു… അല്ലെങ്കിലും ഇഷ്ടം പറയുന്നതും, പുറകെ നടക്കുന്നതെല്ലാം താൻ തന്നെയല്ലേ….

വൈകിട്ട് സ്കൂൾ വിട്ടു തിരിച്ചു വരുമ്പോഴും കണ്ടു ഒരുമിച്ചു വീട്ടിലേക്കുള്ള വഴിയിൽ നടക്കുന്ന അവരെ…

ഈ തവണ അവൾക്ക് എല്ലാം കണ്ടില്ലെന്നോ കെട്ടില്ലെന്നോ നടിക്കാൻ കഴിഞ്ഞില്ല…

ഒറ്റ ഒറ്റത്തിന് അവരുടെ മുന്നിൽ പോയി നിന്ന് കിതയ്ക്കുമ്പോൾ ഇവൾക്ക് ഇത് എന്താ പറ്റിയത് എന്നാ ഭാവമായിരുന്നു വിഷ്ണുവിന്…

“”വിച്ചേട്ടന് ആര്യ ചേച്ചിയെ ഇഷ്ടാണോ??? നിങ്ങൾ കല്യാണം കഴിക്കാൻ പോവണോ????””

ഒരു മുഖവരയും കൂടാതെ പെണ്ണ് ചോദിച്ചതും ഇവൾ ഇതും ഇതിന് അപ്പുറവും ചോദിക്കും എന്ന ഭാവമായിരുന്നു വിഷ്ണുവിനെങ്കിൽ ആര്യക്ക് എന്തോ വേണ്ടാത്തത് കേട്ടത് പോലെയുള്ള മുഖമായിരുന്നു…..

“”ഞങ്ങൾ കല്യാണം കഴിച്ചാലും ഇല്ലെങ്കിലും നിനക്കെന്താ??? മര്യാദക്ക് വീട്ടിൽ പോയിട്ട് ട്യൂഷന് പോടീ…

കുറെയായി അവൾ ആളെ വട്ട് കളിപ്പിക്കുന്നു. ഇനി സംശയരോഗവും തുടങ്ങിയോ???””

കോളേജിൽ വെച്ചു തല്ല് ഉണ്ടാക്കിയ ദേഷ്യത്തിൽ നടന്ന വിഷ്ണു ചന്ദു മുന്നിൽ വന്നു നിന്നപ്പോൾ ഉള്ള ദേഷ്യമെല്ലാം അവളോട് തീർത്തത് ആണെങ്കിൽ ചന്ദുവിനു അത് സഹിക്കാവുന്നതിലും അപ്പുറം ആരുന്നു.

“”ഞാൻ… ഞാൻ.. സോറി…””

കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവിടെ നിന്ന് പോകുമ്പോൾ ആ പെണ്ണ് വല്ലാതെ തളർന്നിരുന്നു.

“‘കോളേജിൽ വെച്ചു നടന്നതിന്റെ frustration ആ പാവം പെണ്ണിനോട് അല്ല നീ തീർക്കേണ്ടത്. അവൾ നിന്നോട് എന്ത് ചെയ്തിട്ടാ ഇപ്പോ നീ ആ പാവം പെണ്ണിന്റെ നേരെ ചെന്നത്???

ഇതൊക്കെ കുറച്ചു ഓവർ ആണ് വിഷ്ണു. നീ എന്തെല്ലാം ചെയ്താലും പറഞ്ഞാലും ആ പാവം പെണ്ണ് നിന്റെ പുറകിൽ നടക്കുമെന്നുള്ള അഹങ്കാരമാണ്.””

“”ഇനി നീയും കൂടെ തുടങ്ങിയോ ആര്യ??? അവൾ എവിടെ പോകാൻ??? നാളെ വരും പിണക്കം മാറ്റാൻ…””

“”അത് നിന്റെ വെറും തോന്നലാണ്. ആത്മാഭിമാനമുള്ള പെണ്ണ് ആണെങ്കിൽ അവൾ ഇനി നിന്റെ പുറകിൽ വരില്ല.

കാരണം ഇന്ന് നീ പറഞ്ഞതിന്റെ അർത്ഥം തന്നെ ഇനി നിന്നെ ശല്യപെടുത്താൻ വരരുത് എന്നല്ലേ.. ഇനി കുറച്ചു നാൾ മോൻ പുറകിൽ നടക്കട്ടെ. അതാണ്‌ നല്ലത്…””

“”ടി.. പറഞ്ഞത് അത്രയ്ക്ക് കൂടിപ്പോയോ????””

“”മ്മ്.. നന്നായി കൂടി പോയി….””

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം ചന്ദു വല്ലാതെ സൈലന്റ് ആയി.. ആരോടും അധികം സംസാരിക്കാതെ, വീടിന്റെ ഉള്ളിലേക്ക് തന്നെ ഒതുങ്ങി കൂടി അവൾ…

വിഷ്ണുവിന് എല്ലാം മനസിലായെങ്കിലും പെണ്ണ് ഒന്ന് സംസാരിക്കാൻ പോലുമുള്ള അവസരം അവന് കൊടുത്തില്ല..

ഒരു ഞായർ ദിവസം രാവിലെ മാമന്റെ കാൾ കണ്ടാണ് അവന് ഉണർന്നത്…

“”എന്താ മാമ രാവിലെ???””

“”ഞങ്ങൾ ഒരു കല്യാണത്തിന് പോകുവാ മോനെ. വരാൻ രാത്രിയാകും. കൂടെ വരാൻ പറഞ്ഞിട്ട് ചന്ദു വന്നില്ല. നീ ഒന്ന് അവൾക്ക് കൂട്ടിരിക്കണേ… ഇന്ന് ചെറിയ പനി പോലെ ഉണ്ടാരുന്നു…””

“”മ്മ്. ഞാൻ പോകാം മാമാ…””

രാവിലെ ചന്ദുവിന്റെ വീട്ടിലേക്ക് ചെന്നപ്പോൾ കണ്ടത് സോഫയിൽ ഇരുന്ന് ടീവി കാണുന്ന ചന്ദുവിന് ആണ്. പെണ്ണ് ടീവി കാണുന്നു എങ്കിലും ചിന്ത വേറെ എവിടെയോ ആണെന്ന് അവന് തോന്നി…

പെട്ടെന്ന് തോന്നിയ കുസൃതിയിൽ അവളുടെ മടിയിൽ കിടക്കുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ പെണ്ണ് അവനെ പകച്ചു നോക്കി.

“”നീ ഇങ്ങനെ നോക്കണ്ട. തല ഒന്ന് മസ്സാജ് ചെയ്തു താ ചന്ദു.. നല്ല തലവേദന…””

ഒന്നും പറയാതെ തല മസ്സാജ് ചെയുന്നത് കണ്ടപ്പോൾ അവന് വല്ലാതെ പാവം തോന്നി… തന്റെ തെറ്റാണു എല്ലാം…

പെട്ടെന്നാണ് വിച്ചു അവളുടെ കൈ എടുത്തു തന്റെ നെഞ്ചോടു അടുപ്പിച്ചത്…

“”ചന്ദു…””

“”മ്മ്…””

“”എന്നോട് ദേഷ്യമാണോ???””

“”അല്ല…””

“”പിന്നെ…””

“”ആര്യ ചേച്ചിക്ക് സുഖമല്ലേ???””

“”നിനക്ക് തോന്നുന്നുണ്ടോ ഞാൻ നിന്നെ അല്ലാതെ മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കുമെന്ന്???””

“”അത് പിന്നെ….””

“”കോളേജിൽ അടി ഇട്ടിട്ട് നടന്നപ്പോഴാ നീ മുന്നിൽ വന്നു നിന്നത്. ആ ദേഷ്യത്തിന് ഞാൻ ഓരോന്ന് വിളിച്ചു കൂവി എന്ന് അല്ലാതെ ഒന്നും മനപ്പൂർവം നിന്നെ വേദനിപ്പിക്കാൻ പറഞ്ഞതല്ല.

ആര്യ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. അതിൽ കൂടുതൽ ഞങ്ങൾ തമ്മിൽ ഒന്നുല്ല.

ഓർമ വെച്ച നാൾ മുതൽ നമ്മൾ കേൾക്കുന്നത് നീ എന്റെയും, ഞാൻ നിന്റെയും എന്നല്ലേ. പിന്നെ എപ്പോഴും ഐ ലവ് യു പറഞ്ഞില്ലെങ്കിലും നീ എന്റെ മുന്നിൽ തന്നെ ഉണ്ടെല്ലോ.

നിന്നെ കാണാൻ വേണ്ടിയല്ലേ ചെന്നൈ കിട്ടിയ അഡ്മിഷന് ഞാൻ വേണ്ടെന്ന് വെച്ചത് പോലും. ഇപ്പോ നമ്മുക്ക് നന്നായി പഠിക്കാം..

എന്നിട്ട് എനിക്ക് നല്ലൊരു ജോലി കിട്ടിയിട്ട് വേണം എന്റെ ചന്ദുവിനെയും കൂടി പുതിയ ജീവിതം തുടങ്ങാൻ..

അത് വരെ നമുക്ക് ഇങ്ങനെ പോകാം. എപ്പോഴും കെട്ടി പിടിക്കുന്നതും, ഉമ്മ കൊടുക്കുന്നതും മാത്രം അല്ലെടി പ്രണയം..

ഏത് സാഹചര്യത്തിലും ചേർത്തു നിർത്തും നിനക്ക് ഞാൻ ഇല്ലേ എന്ന് പറയാതെ പറയുന്നതല്ലേ പ്രണയം????””

ചന്ദുവിന്റെ മുഖത്തേക്ക് നോക്കി വിച്ചു പറഞ്ഞതും അവൾ അവന്റെ നെറ്റിയിൽ അമർത്തി ഉമ്മ വെച്ചിരുന്നു… അവൻ പറഞ്ഞതിന് മറുപടി എന്നാ പോലെ…

Leave a Reply

Your email address will not be published. Required fields are marked *