അവൾ ചുറ്റും നോക്കി ആരുമില്ല തന്നെ രക്ഷിക്കാൻ, അവൾ സകല ധൈര്യവും സംഭരിച്ചു..

അപരിചിതൻ
(രചന: Rivin Lal)

കൊച്ചി ബ്രാഞ്ചിൽ വെച്ചു നടന്ന ട്രെയിനിങ്ങ് കഴിഞ്ഞു സിറ്റിയൊക്കെ കറങ്ങി ഹൃതിക ക്ലാസ്മേറ്റ് ദേവയെ ഫോണിൽ വിളിച്ചു.

“ടാ.. നീ ഓഫിസിൽ നിന്നും ഇറങ്ങിയോ…???” നീ പറഞ്ഞ ആ ബസ്റ്റോപ്പിൽ ഞാൻ എത്തി കേട്ടോ.

നീയിപ്പോൾ എത്തില്ലേ.? എന്റെ ആന്റിയുടെ വീട്ടിൽ ഡ്രോപ്പ് ചെയ്യാമെന്ന് കഴിഞ്ഞ ആഴ്ചയേ നീ ഏറ്റതാണ്.. മറന്നിട്ടില്ലല്ലോ മോൻ..?? ”

അപ്പോൾ ദേവ ഓഫിസിൽ നിന്നും ഇറങ്ങുന്നേ ഉണ്ടായിരുന്നുള്ളു. “ധാ.. മോളേ.. ഒരു ഇരുപതു മിനിറ്റിനുള്ളിൽ ഞാൻ അവിടെയെത്തും. നീ പേടിക്കേണ്ട.

ഞാൻ മറന്നിട്ടൊന്നുമില്ല. അവിടെ ആ ബസ്റ്റോപ്പിൽ തന്നെ നിന്നോട്ടോ.” അവൻ കോൾ കട്ട്‌ ചെയ്തു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവളെ പിക്ക് ചെയ്യാനായി ഓഫിസിൽ നിന്നുമിറങ്ങി.

പാലക്കാട്ടുകാരിയായ ഹൃതികയ്ക്ക് എറണാകുളത്തെ സ്ഥലങ്ങൾ അത്ര പരിചയം ഇല്ല.

ഇപ്പോളവൾ നിൽക്കുന്നത് ഒരൊറ്റ മനുഷ്യൻ പോലുമില്ലാത്ത വിജനമായൊരു സ്ഥലത്താണ്.

സമയം രാത്രി ഒമ്പതിനോടടുക്കുന്നു.
ആ റോഡിലൂടെ അത്ര വാഹനങ്ങൾ പോകുന്നതായി തന്നെ കാണുന്നില്ല.

ബസ്റ്റോപ്പിന്റെ അടുത്തുള്ള കുറ്റി കാടുകളിൽ നിന്നും ചീവീടിന്റെ ശബ്ദം ഉറക്കെ കേൾക്കാം. സ്ട്രീറ്റ് ലൈറ്റുകൾ എല്ലാം കത്തുന്നില്ല.

ഒന്നിടവിട്ട് കത്തുന്ന വെളിച്ചം മാത്രം കാണാം. ആ രാത്രിയിൽ അവൾ അക്ഷമയായവിടെ അവനെയും കാത്തു നിന്നു.

ഒരു രണ്ടു മിനിറ്റ് കഴിഞ്ഞ് കാണും മുപ്പത്തിനോടടുത്തു പ്രായം തോന്നിക്കുന്ന ഒരു യുവാവ് ഇരുട്ടിലൂടെ അവളുടെ എതിർ ദിശയിലുള്ള ബസ്റ്റോപ്പിൽ പെട്ടെന്ന് വന്നു നിന്നു.

അപ്പുറത്തുള്ള ആ ബസ്റ്റോപ്പ് ഒരല്പം അവളുടെ ഇടതു വശത്തേക്ക് മുന്നോട്ടേക്കായിരുന്നു സ്ഥിതി ചെയ്‌തിരുന്നത്..

ആ അപരിചിതനെ കണ്ടതും അവൾക്ക് ഉള്ളിൽ ചെറുതായി ഭയം തോന്നി. ഒരു സാധാരണ പാന്റും ഷർട്ടുമായിരുന്നു അയാളുടെ വേഷം.

ചീകി വെക്കാത്ത ചുരുളൻ മുടി. ഒത്ത ഉയരം. കണ്ടിട്ട് ഒരു കള്ളന്റെയോ ഗുണ്ടയുടെയോ അപലക്ഷണമൊന്നും അവൾ ആ മുഖത്തു കണ്ടില്ല.

എന്നാലും ഇന്നത്തെ കാലത്ത് എക്സിക്യൂട്ടീവ് ലുക്കിലാണ് ചെയിൻ പിടിച്ചു പറിക്കാരും കള്ളന്മാരും വരുന്നത് എന്ന സത്യം കൂടി അവളോർത്തു.

അവൾ ഫോണെടുത്തു വീണ്ടും ദേവയെ വിളിച്ചു. റിങ് ചെയുന്നുണ്ട്, പക്ഷേ അവൻ എടുക്കുന്നില്ല. ബൈക്ക് ഓടിക്കുകയാവും എന്നവൾ ഊഹിച്ചു.

അവൾക്കു ചെറുതായി ടെൻഷൻ കൂടി വലതു കയ്യിലെ ഫോൺ കൊണ്ട് അവൾ ഇടതു കൈ വെള്ളയിൽ തട്ടി കൊണ്ടേയിരുന്നു.

അപ്പോളൊരു തെരുവ് നായ അവളുടെ അടുത്ത് വന്നു കുറേ നേരം കുരച്ചു. പെട്ടെന്നുള്ള ആ കുരയിൽ അവൾ ശരിക്കും ഞെട്ടി.

നായ അവളെ ആക്രമിക്കാൻ വന്നപ്പോൾ അവൾ ബസ്റ്റോപ്പിന് മുന്നിൽ കണ്ട ഒരു കല്ലെടുത്തു അതിനെ ആട്ടി ഓടിച്ചു,

എന്നിട്ടു ഒന്നുമറിയാത്ത പോലെ അവിടെ തന്നെ നിന്നു. അപ്പോളും അവളുടെ കിതപ്പ് മാറിയിരുന്നില്ല.

ഇതെല്ലാം കണ്ടു കൊണ്ട് അപ്പുറത്തെ ബസ്റ്റോപ്പിൽ നിന്നയാൾ അവളെ തന്നെ തുറിച്ചു നോക്കി കൊണ്ടേ നിൽക്കുന്നുണ്ടായിരുന്നു.

“ഈ ദേവ ഇതെവിടെ പോയി കിടക്കുകയാണ്.. മനുഷ്യനിവിടെ തീ തിന്നാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്.” അവൾ സ്വയം ശപിച്ചു.

അവൾ അപ്പുറത്തെ ആ അപരിചിതനെ വീണ്ടും നോക്കി. അയാൾ അപ്പോളും അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്. ഒന്ന് ചിരിക്കുകയോ നടന്നു വരികയോ ചെയ്യുന്നില്ല.

അയാളുടെ മനസ്സിൽ എന്താവും ലക്ഷ്യമെന്നു അവളപ്പോൾ ആലോചിച്ചു.

“പെട്ടെന്ന് ഓടി വന്നു കയ്യിലെ ബാഗ് തട്ടി പറിക്കുമോ… ബാഗിൽ ആണേൽ ഒരു അയ്യായിരം രൂപയോളമുണ്ട്.

പിന്നെ കയ്യിലും കഴുത്തിലും സ്വർണമായി ചെയിനും വളയും എല്ലാം വേറെയുമുണ്ട്. ഓടി വന്നു അയാളൊരു കത്തി കൊണ്ട് തന്നെ കുത്തി എല്ലാം തട്ടി പറിച്ചു പോയാൽ…. അയ്യോ… ഓർക്കാനെ വയ്യ..”

അവളുടെ മനസ്സങ്ങിനെ അയാളെ കുറിച്ചു കാട് കയറി ചിന്തിച്ചു കൊണ്ടേയിരുന്നു.

അപ്പോളും ആ റോഡിലൂടെ വേറെ ആളുകളോ വണ്ടികളോ ഒന്നും വരുന്നുണ്ടായിരുന്നില്ല.

അയാൾ അവളെ നോക്കുന്നത് കണ്ടു അവളും അയാളുടെ മുഖത്തേക്ക് തിരിച്ചു തുറിച്ചു നോക്കി കൊണ്ടു നിന്നു.

അവളും അയാളും കുറേ നേരം അങ്ങിനെ പരസ്പരം നോക്കി നിന്നപ്പോൾ പെട്ടെന്നയാൾ രണ്ടു കൈകളും അയാളുടെ പാന്റിന്റെ പോക്കറ്റിലിട്ടു നിൽക്കാൻ തുടങ്ങി.

അത്‌ കണ്ടപ്പോൾ അവളുറപ്പിച്ചു അയാൾ തന്നെ ആക്രമിക്കാൻ പോക്കറ്റിൽ നിന്നും എന്തോ ആയുധം എടുക്കാൻ പോകുകയാണ്.

ഏതു നിമിഷവും അയാൾ തന്റെ അടുത്തേക്ക് പാഞ്ഞടുത്തു വരും. അവളുടെ മേലാസകലം നിന്ന് കിടു കിടാ വിറയ്ക്കാൻ തുടങ്ങി.

നെറ്റിയിൽ വിയർപ്പു തുള്ളികൾ പൊടിഞ്ഞു പറ്റിയിരിക്കുന്നു. അവൾ ചുറ്റും നോക്കി. ആരുമില്ല തന്നെ രക്ഷിക്കാൻ. അവൾ സകല ധൈര്യവും സംഭരിച്ചു ഒരു യുദ്ധത്തിന് തയ്യാറായി നിന്നു.

അയാൾ അടുത്ത് വന്നാൽ ഓടണോ അതോ പ്രതിരോധിക്കണോ എന്നവൾ വീണ്ടും വീണ്ടും ആലോചിച്ചു തല പുകച്ചു കൊണ്ടേയിരുന്നു.

അവളുടെ ഹൃദയ മിടിപ്പ് സൂപ്പർ ഫാസ്റ്റ് പോലെ മിടിച്ചു കൊണ്ടേയിരുന്നു.

പെട്ടെന്നാണ് ഒരു ലോറിയുടെ ഹോൺ ശബ്ദം അവൾ കേട്ടത്. നോക്കിയപ്പോൾ ഇടതു വശത്തു നിന്നും ഒരു ലോറി ലൈറ്റിട്ടു അതിവേഗത്തിൽ ആ റോഡിലൂടെ പാഞ്ഞു വരുന്നുണ്ട്.

അതിനു കുറച്ചു മീറ്റർ പിന്നിലായി ഒരു ബൈക്കിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചവും അവൾ കണ്ടു. ആ ബൈക്കിൽ വരുന്നത് ദേവയായിരിക്കുമെന്ന് അവൾ സമാദാനിച്ചു.

അപ്പോളും അവളയാളെ ഇടക്കിടെ നോക്കി കൊണ്ടേയിരുന്നു. അയാളപ്പോളും അവിടെ അതേ നിൽപ്പ് തന്നെയാണ്.

ആ ലോറി അയാളുടെ മുന്നിലെത്താറായപ്പോൾ അയാൾ അവളെ നോക്കിയൊന്ന് ചെറുതായി പുഞ്ചിരിച്ചു.

അവൾ അത്‌ കണ്ടു അന്തം വിട്ട് നിന്നതും ആ ലോറി അയാളെയും മറി കടന്നു അവർക്കു രണ്ടു പേരുടെയും നടുവിലെ റോഡിലൂടെ ചീറി പാഞ്ഞു കടന്നു പോയി.

ലോറി കടന്നു പോയപ്പോൾ അതിന്റെ പിന്നിലെ ലോഡ് ബോഡിയിൽ നിന്നും പുറത്തേക്കു പാറിയ ചുവന്ന മണ്ണിന്റെ പൊടി മുഴുവൻ ആ രണ്ടു ബസ്റ്റോപ്പിനെയും മൂടി.

പൊടി മുഖത്തേക്കു വന്നപ്പോൾ അവൾ ചുമയ്ക്കാൻ തുടങ്ങി. കൈ കൊണ്ട് പൊടി തട്ടി മാറ്റി, കയ്യിലിരുന്ന കർച്ചീഫ് കൊണ്ട് അവൾ മൂക്ക് പൊത്തി പിന്നിലേക്ക് മുഖം തിരിച്ചു നിന്നു.

അല്പം കഴിഞ്ഞപ്പോൾ പൊടിയൊക്കെ കുറഞ്ഞു. അവൾ മുഖമൊക്കെ തുടച്ചു മുന്നിലേക്ക്‌ നോക്കിയപ്പോൾ അപ്പുറത്തെ ബസ്റ്റോപ്പിൽ നിന്നയാളെ കാണുന്നില്ല.

അവൾ വീണ്ടും ഞെട്ടി. ഇയാളിതെവിടെ പോയി. അവൾ ചുറ്റും ഭയത്തോടെ നോക്കി.

ഇല്ലാ.. അവിടെയെങ്ങും ആരെയും കാണുന്നില്ല. അയാളപ്പോൾ ആ ലോറിയിലെങ്ങാനും ഇനി ചാടി കയറി പോയോ. അവൾക്കു വീണ്ടും സംശയമായി.

അവളങ്ങിനെ സംശയിച്ചു നിൽക്കുമ്പോൾ ദേവ ബൈക്കുമായി അവളുടെ അടുത്തെത്തി.

“നീയിതെവിടെ പോയി കിടക്കായിരുന്നെടാ കാട്ടു മാക്കാനേ..?

എത്ര നേരമായി ഞാനീ ആളും മനുഷ്യനുമില്ലാത്ത സ്ഥലത്തു നിന്നെയും കാത്തു നിൽക്കുന്നു..?” അവൾ അല്പം അരിശത്തോടെയാണ് അവനോടതു ചോദിച്ചത്.

“സോറി ടീ.. ഓഫിസിൽ നല്ല ജോലിയുണ്ടായിരുന്നു. അതാ ഇറങ്ങിയപ്പോൾ വൈകിയേ. നീ വേഗം പിന്നിൽ കേറ്.. നമുക്കു വേഗം പോകാം..”
അവൻ പറഞ്ഞു.

ടെൻഷൻ കൊണ്ട് അവൾക്കപ്പോൾ നടന്നതൊന്നും അവനോടു പറയാൻ കഴിഞ്ഞില്ല. പിന്നെ ഒന്നും നോക്കിയില്ല. അവൾ വേഗം അവന്റെ ബൈക്കിന്റെ പിന്നിൽ കയറി.

ബൈക്കിൽ കയറുമ്പോളും അവൾ ചുറ്റും ആ ബസ്റ്റോപ്പിൽ കണ്ടിരുന്ന അപരിചിതനെ തിരഞ്ഞു കൊണ്ടേയിരുന്നു. ആരെയും അവൾക്കു കാണാൻ കഴിഞ്ഞില്ല.

ദേവ ഒന്നും നോക്കാതെ എത്രയും പെട്ടെന്നു അവളെയും കൊണ്ട് ബൈക്ക് മുന്നോട്ടെടുത്തു.

അവർ രണ്ടു പേരും റോഡിലെ ഇരുട്ടിലേക്കു മറഞ്ഞു കഴിഞ്ഞപ്പോൾ ചോരയുടെ മണമുള്ള ഒരു കാറ്റ് ആ അപരിചിതൻ നിന്നിരുന്ന ബസ്റ്റോപ്പിന് മുന്നിലൂടെ റോഡിനെ തലോടി പോയി.

ആ കാറ്റിലപ്പോൾ ബസ്റ്റോപ്പിനടുത്തുള്ള പോസ്റ്റിൽ ആരോ പതിച്ചിരുന്ന ആ അപരിചിതന്റെ പടമുള്ള ഒരു നോട്ടീസ് പശ വിട്ട് റോഡിലേക്ക് അടർന്നു വീണു. അതിൽ ഇങ്ങിനെ എഴുതിയിരുന്നു.

“ലോറി അപകടത്തിൽ പൊലിഞ്ഞു പോയ യുവാവിനു ആദരാഞ്ജലികൾ..”

Leave a Reply

Your email address will not be published. Required fields are marked *