ആദ്യരാത്രി തന്നെ ഗിരീഷിന്റെ രതി വൈകൃതം നിറഞ്ഞ സ്വഭാവം പേടിയോടെ ആരതി തിരിച്ചറിഞ്ഞു. പാൽ ഗ്ലാസ്സുമായി മണിയറയിലേക്ക്..

(രചന: ഹേര)

“നിന്റെ കല്യാണം നടന്നാൽ നമ്മളെല്ലാരും രക്ഷപ്പെടും. നീ എതിരൊന്നും പറയരുത്. അച്ഛനവർക്ക് വാക്ക് കൊടുത്തുപോയി. അതുകൊണ്ട് മോളീ വിവാഹത്തിന് സമ്മതിക്കണം.”

ആരതിയുടെ കൈകൾ കൂട്ടിപ്പിടിച്ച് അപേക്ഷ പോലെ ശാരദ പറഞ്ഞു.

“എന്നോടൊരു വാക്ക് ചോദിക്കാതെ അച്ഛൻ സ്വന്തമായി അങ്ങ് തീരുമാനിച്ചോ എല്ലാം. അപ്പൊ എന്നെ കെട്ടിച്ചു കൊടുക്കാമെന്ന് വാക്ക് പറഞ്ഞു മോഹിപ്പിച്ച അജിത്തേട്ടനോട് ഞാനെന്ത് മറുപടി പറയും. പരസ്പരം സ്നേഹിക്കുന്ന ഞങ്ങളുടെ മനസ്സ് ആരും കണ്ടില്ലേ?” ആരതിക്ക് കടുത്ത വേദന തോന്നി.

“അവൻ ഗൾഫിൽ നിന്ന് വരാൻ രണ്ട് കൊല്ലമെങ്കിലും കഴിയും. നിന്നെ കെട്ടി കഴിഞ്ഞ് അവൻ ഗൾഫിൽ പോയില്ലെങ്കിൽ എന്ത് ചെയ്യും. അതൊക്കെ ഓർത്താ അവൻ ഇവരോട് സമ്മതം പറഞ്ഞത്.”

“അജിത്തേട്ടൻ വന്ന് പെണ്ണ് ചോദിച്ചപ്പോ അച്ഛൻ ഇങ്ങനെയൊന്നും പറഞ്ഞില്ലല്ലോ.”

“അവൻ നിന്നെ കെട്ടി കൂടെ കൊണ്ട് പോയെന്ന് വയ്ക്കട്ടെ നീ മാത്രം രക്ഷപ്പെടും. നമ്മുടെ കുടുംബം ഒരു കരയ്ക്ക് എത്തുമോ? അച്ഛന്റെ ഹാർട് സർജറിക്കും നിന്റെ ഇളയതുങ്ങളുടെ പഠിപ്പിനൊക്കെ ചിലവില്ലേ. അതൊക്കെ ഇനി അച്ഛനെ കൊണ്ട് കൂട്ടിയാൽ കൂടില്ല.”

“അറിഞ്ഞുകൊണ്ട് ഒരു മനുഷ്യനെ വഞ്ചിക്കാൻ എനിക്ക് വയ്യമ്മേ.”

“നീ മനസ്സ് വച്ചാൽ ഒരു കുടുംബം രക്ഷപ്പെടും.. സ്വന്തം ഇഷ്ടമാണ് നിനക്ക് വലുതെങ്കിൽ ഞങ്ങള് വല്ല വിഷവും കുടിച്ചു ചത്തോളാം. അപ്പൊ നിനക്ക് സന്തോഷമാകുമല്ലോ.” മകളെ പഴിച്ചു കൊണ്ട് ശാരദ പുറത്തേക്ക് പോയി.

ഡിഗ്രി പഠനം കഴിഞ്ഞ് അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ നാല് വർഷമായി ജോലിക്ക് പോവുകയാണ് ആരതി. കൂലിപ്പണിക്കാരനായ ദിവാകരന്റെയും വീട്ടമ്മയായ ശാരദയുടെയും മൂന്ന് പെണ്മക്കളിൽ മൂത്തവൾ.

സ്ത്രീധനം കൊടുക്കാൻ പാങ്ങില്ലാത്ത കുടുംബം ആയോണ്ട് ആരും വിവാഹ പ്രായമെത്തിയ പെൺകുട്ടികളെ പെണ്ണ് അന്വേഷിച്ചു വന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒരു വർഷം മുൻപ് ആ നാട്ടിൽ തന്നെയുള്ള അജിത്തെന്ന യുവാവ് ആരതിയെ കണ്ട് ഇഷ്ടപ്പെടുന്നത്. അവളോട് ഇഷ്ടം പറഞ്ഞപ്പോൾ വീട്ടിൽ വന്ന് ചോദിക്കാനായിരുന്നു മറുപടി.

ആരതിയുടെ വീട്ടുകാരോട് സംസാരിച്ചപ്പോൾ പറയത്തക്ക ജോലിയില്ലാത്ത അജിത്തിനോട് നല്ലൊരു ജോലി നേടിയിട്ട് വന്നാൽ പെണ്ണിനെ കെട്ടിച്ചു തരാമെന്ന് ദിവാകരൻ വാക്ക് നൽകി. ആ ഉറപ്പിന്മേൽ ആണ് അജിത് ഗൾഫിൽ ജോലിക്ക് ശ്രമിച്ചതും അങ്ങോട്ട്‌ പോയതും.

വയസ്സായ ഒരു അച്ഛനും അമ്മയും ഒരു വാടക വീടുമാണ് അജിത്തിനുള്ളത്. സ്വന്തമായി ഒരു ജോലിയും കിടക്കാൻ കിടപ്പാടവുമായാലേ കല്യാണം നടത്തൂ എന്നുള്ള ആരതിയുടെ അച്ഛന്റെ വാക്കുകളിൽ അവൻ വിശ്വസിച്ചിരുന്നു. അച്ഛൻ വാക്ക് കൊടുത്തതോടെ ആരതിയും അജിത്തും സ്നേഹത്തിലായി.

ആരതി കാണാൻ നല്ല സുന്ദരിയാണ്. അവളുടെ ആ സൗന്ദര്യം കണ്ട് മോഹിച്ച അന്നാട്ടിലെ പണക്കാരനായ ഗിരീഷിനും അവളെ കല്യാണം കഴിക്കാൻ പൂതി തോന്നി. ഗിരീഷ് രണ്ടാം കെട്ടാണ്. ആദ്യ ഭാര്യയുമായി ബന്ധം പിരിഞ്ഞിട്ട് മൂന്ന് വർഷം കഴിയുന്നു. ഗിരീഷും ആരതിയും തമ്മിൽ പന്ത്രണ്ട് വയസ്സ് വ്യത്യാസം ഉണ്ട്.

അജിത് ഗൾഫിൽ പോയി ആറു മാസം കഴിഞിട്ടേയുള്ളു. ഇതിനിടയിൽ ദിവാകരന് ഒരു ഹാർട് അറ്റാക്ക് ഉണ്ടാവുകയും ഡോക്ടർ ഓപറേഷൻ നിർദേശിക്കുകയും ചെയ്തിരുന്നു. കൈയ്യിൽ പത്തു പൈസയില്ലാത്തതിനാൽ എങ്ങനെ ഓപ്പറേഷൻ നടത്തുമെന്ന ആശങ്കയിൽ കഴിയുമ്പോഴാണ് ഗിരീഷിന്റെയും വീട്ടുകാരേം നിർദേശ പ്രകാരം ബ്രോക്കർ അവന്റെ ആലോചനയുമായി അവരെ വീട്ടിൽ എത്തിയത്.

ആരതിക്കൊപ്പം അനിയത്തിമാരെ പഠിപ്പിനും അവരെ കല്യാണം നടത്താനും ഹാർട് ഓപ്പറേഷനുള്ള പൈസയും തരാമെന്നും ഞങ്ങൾക്ക് പെണ്ണിനെ മാത്രം മതിയെന്ന് ഗിരീഷും അച്ഛനും അമ്മയും പറഞ്ഞ കേട്ടപ്പോൾ ആരതിയുടെ അച്ഛൻ അജിത്തിന് കൊടുത്ത വാക്ക് മറന്നു.

വീട്ടുകാരെ ആത്മഹത്യാ ഭീഷണിക്ക് മുൻപിൽ ഗിരീഷിന്റെ താലിക്കായി ആരതിക്ക് തല കുനിച്ചു കൊടുക്കേണ്ടി വന്നു. പാവം അജിത് ഇതൊന്നും അറിയാതെ ഗൾഫിൽ പൊരി വെയിലത്ത്‌ കിടന്ന് കഷ്ടപ്പെട്ട് കൊണ്ടിരുന്നു.

ആദ്യരാത്രി തന്നെ ഗിരീഷിന്റെ രതി വൈകൃതം നിറഞ്ഞ സ്വഭാവം പേടിയോടെ ആരതി തിരിച്ചറിഞ്ഞു. പാൽ ഗ്ലാസ്സുമായി മണിയറയിലേക്ക് പ്രവേശിച്ചവളുടെ അനുവാദത്തിന് പോലും കാത്ത് നിൽക്കാതെ ഉടുത്തിരുന്ന സാരിയും ബ്ലൗസും വലിച്ചു കീറി വല്ലാത്തൊരു ആക്രാന്തത്തോടെയാണ് ഗിരീഷ് ആരതിയെ കീഴടക്കിയത്.

തുടർന്നുള്ള രാത്രികളിലും അതുതന്നെ ആവർത്തിച്ചു. മനസ്സും ശരീരവും അവന്റെ ആക്രമണത്തിൽ ഞെരിഞ്ഞമർന്ന് ആർക്കോ വേണ്ടി ജീവച്ഛവം പോലെ അവൾ ജീവിച്ചു.

കിടപ്പ് മുറിയിൽ ഗിരീഷിന്റെ അതിക്രമം താങ്ങാൻ കഴിയാതെ ആദ്യ ഭാര്യ ജീവനും കൊണ്ട് ഡിവോഴ്സ് വാങ്ങി രക്ഷപെട്ടു പോയതാണെന്ന് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ആരതി മനസ്സിലാക്കി. സ്വന്തം ഭർത്താവിന്റെ പ്രവർത്തികൾ രണ്ട് വീട്ടിലും അറിയിച്ചപ്പോൾ മറുപടി ഏകദേശം ഒന്ന് തന്നെയായിരുന്നു.

“ആണുങ്ങളൊക്കെ അങ്ങനെയാണ്. അവർക്ക് സെക്സിനോടൊക്കെ ആർത്തിയുള്ള കൂട്ടത്തിലായിരിക്കും. സ്വന്തം ഭാര്യയോടല്ലേ എല്ലാം പ്രകടിപ്പിക്കാൻ പറ്റു. ഭർത്താവിന്റെ ആഗ്രഹങ്ങൾക്ക് ഒത്തു കണ്ടറിഞ്ഞു നിന്ന് കൊടുക്കുകയാണ് ഭാര്യ ചെയ്യേണ്ടത്.”

ഇങ്ങനെയൊക്കെ കേട്ടതോടെ അവൾ ആരോടും പരാതി പറയാതെ എല്ലാം നിശബ്ദമായി സഹിച്ചു. ഇറങ്ങി പോകാൻ ഒരു സ്ഥലം ഇല്ലാത്തത് കൊണ്ട് ഗതികേട് കൊണ്ട് ഒക്കെയും ആരതി ഉൾകൊള്ളാൻ പഠിച്ചു.

കുടുംബത്തിന് വേണ്ടി അറവ് മാടിനെ പോലെ ബലിയാട് ആകേണ്ടി വന്ന ആരതിക്ക് തന്റെ ജീവിതം തന്നെ നഷ്ടപ്പെട്ട പോലെ തോന്നി. രക്ഷപ്പെടുത്തി കൊണ്ട് പോകേണ്ടവനും അകലെയായിപ്പോയി. അവൻ മടങ്ങി വരുമ്പോൾ അജിത്തിന് മുന്നിൽ താൻ വഞ്ചകിയായി മാറും.

ഓർത്തപ്പോൾ അവൾക്ക് ദുഃഖം സഹിക്കാനായില്ല. ഇപ്പോഴത്തെ പോലെ മൊബൈൽ ഫോൺ ഒന്നും അധികം പ്രചാരത്തിൽ ഇല്ലാത്തത് കൊണ്ട് ആരതിയുടെ വിവാഹം കഴിഞ്ഞത് ഒരുപാട് വൈകിയാണ് അജിത് അറിഞ്ഞത്.

വിവരം അറിഞ്ഞപാടെ എല്ലാം ഇട്ടെറിഞ്ഞു പോകാൻ അവന് കഴിയാത്തത് കൊണ്ട് മാത്രം അജിത് അവിടെ പരമാവധി പിടിച്ചു നിന്നു. നാട്ടിൽ വന്ന് അവളെ നേരിൽ കണ്ട് സത്യാവസ്ഥ അറിയണമെന്ന് അവൻ മനസ്സിൽ കണക്ക് കൂട്ടി.

രണ്ട് വർഷം കഴിഞ്ഞ് അജിത് നാട്ടിൽ എത്തി. വന്ന ദിവസം തന്നെ അവൻ ആരതിയെ കാണാൻ എത്തുകയും ചെയ്തു.

“ഒരിക്കലും കൈവിടില്ലെന്ന് വാക്ക് തന്നിട്ട് ഞാനങ്ങു പോയപ്പോഴേക്കും പൈസക്കാരന്റെ ആലോചന കണ്ട് നീ എന്നെ ചതിച്ചില്ലേ ആരതി. എങ്ങനെ മനസ്സ് വന്ന് നിനക്ക്.”

“ഞാൻ ചതിച്ചിട്ടില്ല അജിത്തേട്ടാ. വീട്ടുകാർ ഭീഷണി പെടുത്തി എന്നെ കെട്ടിച്ചതാ. നിങ്ങളെ കാണാൻ വേണ്ടിയാ ആത്മഹത്യ ചെയ്യാതെ ഇത്ര നാൾ ഞാൻ പിടിച്ചു നിന്നത്. എന്റെ ഇഷ്ടത്തോടെ നടന്ന വിവാഹമല്ലിത്. പണം കണ്ട് മനസ്സ് മാറിയ അച്ഛനും അമ്മയുമാണ് എന്നെ ഈ നരകത്തിലേക്ക് തള്ളി വിട്ടത്.”

“നീ കള്ളം പറയുവല്ലേ ആരതി. കള്ള കണ്ണീർ കാണിച്ച് എന്നെ പറ്റിക്കാൻ നോക്കണ്ട.”

അവളുടെ വാക്കുകൾ അവൻ അവിശ്വസിച്ചു.

“ഇന്നാ കണ്ടോളൂ… ആദ്യ രാത്രി മുതൽ പിന്നീട് ഇങ്ങോട്ടുള്ള ഓരോ രാത്രികളിലും എന്റെ ശരീരത്തിൽ തൊടാതിരിക്കാൻ ഞാൻ കാട്ടിയ എതിർപ്പുകൾക്ക് അയാൾ എന്നെ എങ്ങനെയാണ് വേദനിപ്പിച്ചതെന്ന്. അനുവാദം കൂടാതെ ഓരോ ദിവസവും എന്നെ എന്റെ ഭർത്താവ് ക്രൂരമായി റേപ്പ് ചെയ്യുകയാണ്.

ഒന്നും ചെയ്യാൻ കഴിയാതെ ആരും സഹായിക്കാൻ ഇല്ലാതെ ആരോടും ഒന്നും പറയാൻ പറ്റാതെ ഒക്കെ സഹിച്ചു കഴിഞ്ഞത് ആരതി നിങ്ങളെ ചതിച്ചില്ലെന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാ.” മാറിൽ നിന്ന് സാരിതുമ്പ് മാറ്റി അവൾ അവനു മുന്നിൽ നിന്നു.

കഴുത്തിലും നെഞ്ചിലും ചോര കല്ലിച്ചു കിടക്കുന്നതും ചോര ഉണങ്ങിയ മുറിപ്പാടുകളും കണ്ട് അജിത് ഞെട്ടി.

“ആരതി… മോളെ… ഞാൻ കരുതി നീ എന്നെ ചതിച്ചതാണെന്ന്. സോറി ഡി… ഞാൻ നിന്നെ തെറ്റിദ്ധരിച്ചു.” ആരതിയുടെ മുന്നിൽ കൈകൂപ്പി അവൻ മാപ്പ് ചോദിച്ചു.

“എന്നെ ഇവിടുന്നൊന്ന് രക്ഷപ്പെടുത്തമോ. ഏതെങ്കിലും അനാഥാലയത്തിൽ എങ്കിലും ഞാൻ ജീവിച്ചോളാം.”

“ഞാൻ ജീവിച്ചിരിക്കുമ്പോ നിന്നെ അനാഥയായി കഴിയാൻ ഞാൻ സമ്മതിക്കില്ല. ആരെന്തു പറഞ്ഞാലും എനിക്ക് വിഷയമല്ല. നിന്നെ ഞാനിനി ഒരുത്തനും വിട്ട് കൊടുക്കില്ല. എന്റെ പെണ്ണാ നീ. സ്നേഹിക്കാൻ കഴിയുന്ന നിന്റെ മനസ്സ് മതി എനിക്ക്.” ആരതിയെ ചേർത്ത് പിടിച്ചവൻ പറയുമ്പോൾ ഒരു ഏങ്ങി കരച്ചിലോടെ അവൾ അവന്റെ നെഞ്ചിലേക്ക് വീണു.

അവളെയിനി ആർക്കും വിട്ട് കൊടുക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അജിത് ആരതിയെ ഇറുക്കി പുണർന്നു.