ഏകമകൻ ഇങ്ങനെ ആയതിന്റെ ദേഷ്യം മുഴുവൻ അന്നുമുതൽ അമ്മ എന്നോട് തീർക്കാൻ..

(രചന: ജ്യോതി കൃഷ്ണ കുമാർ)

“”””എത്തിയോ ആട്ടക്കാരി… ഊര് തെണ്ടിയിട്ട് “”” എന്ന് മുറ്റത്തേക്ക് കാർക്കിച്ചു തുപ്പി അമ്മ പറഞ്ഞപ്പോൾ സങ്കടം കൊണ്ട് ചരുവിന്റെ കണ്ണ് നീറി…

മെല്ലെ അകത്തേക്ക് നടന്നു.. മുറിയിൽ എല്ലാം കേട്ട് കിടക്കുന്ന മുരളി ഏട്ടന്റെ അരികിൽ ചെന്നു..

“”‘ടോ… താൻ കരയാണോ??””‘ എന്ന് ചോദിച്ചപ്പോഴാ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു എന്ന് മനസ്സിലായത്..

കരഞ്ഞത് ഇനി മുരളിയേട്ടനിൽ നിന്നുമൊളിപ്പിക്കാൻ ആവില്ല എന്നറിഞ്ഞു തലയും താഴ്ത്തി ഇരുന്നു…

അല്ലെങ്കിൽ ഈ മുന്നിൽ വന്ന് കരയാറില്ല.. ഉള്ള് നീറി പിടഞ്ഞാലും…

ഇന്നെന്തോ പിടി വിട്ട് പോയി..

അതല്ലേലും എല്ലായിപ്പോഴും മനസ്സിന് ശക്തി കിട്ടണം എന്നില്ലല്ലോ..

“””അമ്മ പറഞ്ഞോണ്ടാ??? ഇതിനൊക്കെ താനല്ലാതെ ആരേലും കരയുമോ???

തിരിച്ചു പറഞ്ഞേക്ക് ഇപ്പോ നിന്റെ നേരെ തിരിയാൻ ആ നാവു പൊന്തുന്നുണ്ടെകിൽ അത് നീ അധ്വാനിച്ചു കൊണ്ടു വരുന്നത് തിന്നിട്ടാണ് എന്ന്…”””

“”വേണ്ട മുരളിയേട്ടാ… പതുക്കെ എന്ന് പറഞ്ഞ് ശാസിക്കുമ്പോൾ ആ മുഖത്ത് നിസ്സഹായത നിഴലിച്ചു….”””

യൂറിൻ പോട്ടിൽ ഒഴിച്ച് വച്ചിരുന്ന മൂത്രം കൊണ്ടു കളഞ്ഞു വന്നു കുളിക്കാൻ കേറി..

തിരികെ ഇറങ്ങി മുറിയിൽ എത്തിയപ്പോൾ ഫോണിൽ എന്തോ നോക്കി കിടക്കുകയായിരുന്നു ഏട്ടൻ..

മുഖം ഇപ്പോൾ പ്രസന്നമാണ്.. ഏതോ നല്ല ഓർമ്മകളിൽ ചുറ്റി തിരിയുകയാണ് ആ മനസ്സ് എന്ന് മനസ്സിലായി..

“””എന്താ ഇത്ര സന്തോഷം.. ഞാനൂടെ ഒന്നു കാണട്ടെ എന്ന് പറഞ്ഞ് ആ കൈക്കുള്ളിലേക്ക് കേറി..

എന്നെ ചേർത്ത് പിടിച്ചു ആ ഫോട്ടോ കാണിച്ചു..

പണ്ട് എന്റെ അരങ്ങേറ്റത്തിന് ഗുരുവായൂരിൽ നിന്ന് എടുത്ത ഫോട്ടോ ആണ്..

ആരും അറിയാതെ കൂടെ ഉള്ളവരുടെ അടുത്ത് നിന്നു മുങ്ങി രണ്ടാളും കൂടെ എടുത്തത്..

“””ഇതെവിടുന്നു കിട്ടി “””

എന്ന് ചോദിച്ചപ്പോൾ പഴേ ഫോണിൽ ഉണ്ടായിരുന്നു.. ഇതിലേക്ക് സെൻറ് ചെയ്തു എന്ന് പറഞ്ഞു..

കണ്ടപ്പോൾ എനിക്കും വളരെ കൗതുകം തോന്നി..

അന്ന് എത്ര റിസ്ക് എടുത്ത് എടുത്ത ഫോട്ടോ ആണ്.. ചാരുവിന്റെ ഓർമ്മകൾ മെല്ലെ പുറകോട്ടു പോയി…

അച്ഛനും അമ്മയും ഏട്ടനും അടങ്ങുന്ന കുടുംബം.. അതായിരുന്നു തന്റെ സ്വർഗ്ഗം.. അതിനിടയിലാണ് മുരളിയേട്ടനെ കാണുന്നത്…കവലയിൽ തീപ്പൊരി പ്രസംഗം നടത്തുന്ന കുട്ടി നേതാവ്..

അവരുടെ ശത്രു പാർട്ടിയിലെ അംഗമായിരുന്നു സ്വന്തം ഏട്ടൻ…
അതുകൊണ്ടുതന്നെ അവർ തമ്മിൽ ആവശ്യമില്ലാത്ത ഒരു വൈരം കൊണ്ട് നടന്നിരുന്നു…

ഒരിക്കൽ ഒരു മിന്നൽ പണിമുടക്കിന്റെ അന്ന് കോളേജിൽ നിന്ന് തിരികെ വരാൻ യാതൊരു മാർഗ്ഗവുമില്ലാതെ വഴിയരികിൽ നിൽക്കുമ്പോഴാണ് മുരളിയേട്ടൻ ബൈക്കുമായി അതുവഴി വന്നത്…

ചന്തുവിന്റെ പെങ്ങളല്ലേ??? വീട്ടിലേക്ക് ആണെങ്കിൽ കയറിക്കോളൂ “””

എന്ന് പറഞ്ഞപ്പോൾ വേറെ മാർഗ്ഗം ഇല്ലാതെയാണ് ആ ബൈക്കിനു പുറകിൽ കയറിയത്..

വീടിന്റെ അരികെ കൊണ്ടു വിട്ട് ഒരു നന്ദി വാക്ക് പോലും കേൾക്കാൻ കാത്തുനിൽക്കാതെ ആള് പോയിരുന്നു…
എന്തോ അന്ന് ആളോട് ഒരു പ്രത്യേകത തോന്നി എന്നത് സത്യമാണ്…

പിന്നീട് കാണുമ്പോൾ ഒരു ചിരിയിലേക്കും പിന്നീട് സംസാരത്തിലേക്കും പിന്നീട് അതൊരു അടുപ്പത്തിലേക്ക് വഴിതെളിച്ചു…

പിരിയാനാവാത്ത ഒരു പ്രണയബന്ധം ആയി അത് തീർന്നു..

നാട്ടുകാരോ പറഞ്ഞുകൊടുത്ത് വീട്ടിലും അറിഞ്ഞ്ഞിരുന്നു എല്ലാം..

തല്ലും…വഴക്കും.. ശാസനയും ഭീഷണിയും എല്ലാമായി അവർ എന്നെ പൂട്ടിയിട്ടു…

മുരളിയേട്ടന് മറന്നെന്ന് ഞാൻ നടിച്ചു… അവരെ വിശ്വസിപ്പിച്ചു.. എങ്കിലും ആരും കാണാതെ തക്കം കിട്ടുമ്പോൾ ഞങ്ങൾ രഹസ്യമായി കണ്ടിരുന്നു… കാണാതിരിക്കാനാവില്ലായിരുന്നു രണ്ടുപേർക്കും അത്രമേൽ ഞങ്ങൾ പരസ്പരം സ്നേഹിച്ചിരുന്നു..

ആയിടക്കാണ് എന്റെ അരങ്ങേറ്റം ഗുരുവായൂരിൽ വെച്ച് നടന്നത്… പാത്തും പതുങ്ങിയും മുരളിയേട്ടൻ കാണാൻ വന്നത്..

എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഈ പടം എടുത്തത്…

പെട്ടെന്നൊരു ദിവസം അച്ഛനാണ് എന്റെ വിവാഹം ഉറപ്പിക്കാൻ പോവുകയാണ് എന്ന് പറഞ്ഞത്..

ഇത് കേട്ട് ആകെ പരിഭ്രമിച്ചിരുന്നു ഞാൻ..

എന്നെ കാണാൻ വന്ന ഒരു കൂട്ടുകാരി വഴി എല്ലാം മുരളിയേട്ടനെ ധരിപ്പിച്ചു. രാത്രി കാത്തുനിൽക്കാം ഇറങ്ങി വരണം എന്നായിരുന്നു മുരളിയെട്ടന്റെ മറുപടി..

പറഞ്ഞതുപോലെ അദ്ദേഹം വന്നു ഞാൻ ഇറങ്ങിയും ചെന്നു.. പക്ഷേ ഏട്ടൻ അത് കണ്ടുപിടിച്ചിരുന്നു.. കയ്യിൽ കിട്ടിയ ആയുധമെടുത്ത് ഏട്ടൻ മുരളിയേട്ടനെ വെട്ടിപ്പരിക്കേൽപ്പിച്ചു നട്ടെല്ലിന് ആയിരുന്നു വെട്ടേറ്റത്..

ആരൊക്കെയോ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയി…

ഏട്ടനെ പോലീസ് അറസ്റ്റ് ചെയ്തു…

ചികിത്സിച്ച് മുരളിയേട്ടന്റെ ശരീരത്തിലെ മുറിവുണക്കി എങ്കിലും ഇനിയൊരിക്കലും എഴുന്നേറ്റ് നടക്കാൻ ആവില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു….

അത് കേട്ട് ആദ്യം മുരളിയേട്ടൻ ചെയ്തത് എന്നോട് തിരികെ പോകാൻ പറയുകയായിരുന്നു…

യാചിച്ചും ചീത്ത പറഞ്ഞും ഒക്കെ അതിന് ശ്രമിച്ചുകൊണ്ടിരുന്നു പക്ഷേ യാതൊരുവിധത്തിലും മുരളിയേട്ടനെ വിട്ട് പോവാൻ ഞാൻ തയ്യാറല്ലായിരുന്നു..

ഏകമകൻ ഇങ്ങനെ ആയതിന്റെ ദേഷ്യം മുഴുവൻ അന്നുമുതൽ അമ്മ എന്നോട് തീർക്കാൻ തുടങ്ങി…

അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ ഒരർത്ഥത്തിൽ ഞാനും തെറ്റുകാരി ആണല്ലോ എന്ന് ഓർത്ത് അതെല്ലാം ക്ഷമിച്ചു..

പട്ടിണിയായ വീടിന് പോറ്റാൻ പഠിച്ച നൃത്തം തന്നെ ഉപയോഗപ്രദമായി..
ഒരുപാട് ഇടത്ത് കുഞ്ഞുങ്ങളെ ഡാൻസ് പഠിപ്പിച്ചു …

അങ്ങനെ കിട്ടുന്ന വരുമാനം കൊണ്ട് ഒരു വിധത്തിൽ വീടിന്റെ ചെലവും മറ്റും തള്ളിനീക്കാമായിരുന്നു..

ബുദ്ധിമുട്ടും കഷ്ടപ്പാടും ഒന്നും സഹിക്കുന്നത് കൊണ്ടല്ല അന്നേരം മുതലാക്കി വരുന്ന ചില ദുഷ്ട ബുദ്ധി കളെ ഓർത്തായിരുന്നു ഭയം മുഴുവൻ..

കൊറിയോഗ്രാഫി ചെയ്യാൻ ചാൻസ് ഉണ്ടെന്ന് പറഞ്ഞു വിളിച്ചപ്പോൾ കഷ്ടപ്പാടുകൾ തീരുകയാണല്ലോ എന്നോർത്ത് സന്തോഷിച്ചതാണ്…. പക്ഷേ ആൾക്ക് ആവശ്യം വേറെ പലതുമായിരുന്നു…

അത് എതിർത്തതും അയാൾ പലതും പറഞ്ഞു പരത്തി.. നൃത്തം എന്ന് പറഞ്ഞ് ഞാൻ ഇറങ്ങുന്നത് മോശപ്പെട്ട ജോലിക്കാണ് എന്ന് അമ്മ വരെ പറഞ്ഞു തുടങ്ങി… അപ്പോഴും ആശ്വാസമായി നിന്നത് മുരളിയേട്ടൻ ആണ്…

ഒരിക്കൽ ആ താങ്ങും നഷ്ടപ്പെട്ടു..
ജോലി കഴിഞ്ഞ് വന്ന് വിളിച്ചപ്പോൾ എത്ര ആയിട്ടും എണീക്കുന്നുണ്ടായിരുന്നില്ല…

സൈലന്റ് അറ്റാക്ക് ആണത്രേ…
ഇനിയെന്തു വേണം എന്നറിയാതെ ഇരുന്നു… ആ ഒരു മനുഷ്യന് വേണ്ടിയായിരുന്നു ഓരോ ദിവസവും തള്ളിനീക്കിയത്…

ജീവിക്കാനുള്ള മോഹം അസ്തമിച്ചു..

ദൈവമായി തന്ന ജീവിതം സ്വയം കളയാനും ഭയമായിരുന്നു. ഓരോ ദിവസവും വല്ലാത്ത മടുപ്പ് തന്നു കടന്നുപോയി..

എന്നോ ഒരിക്കൽ ഒരു പേപ്പറിൽ ആണ് ദേവഗിരി ആശ്രമത്തെ പറ്റി അറിഞ്ഞത്…

ബുദ്ധിവളർച്ച ഇല്ലാത്തതും മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടതും ആയ നിരവധി കുഞ്ഞുങ്ങളെ പാർപ്പിച്ചിരിക്കുന്ന ഇടമായിരുന്നു അത്…
അവിടേക്ക് അവരെ സ്വന്തം പോലെ പരിപാലിക്കാൻ ഒരാളെ ആവശ്യമുണ്ടെന്ന്….

വെറുതെ ചെന്ന് നോക്കി… നിഷ്കളങ്കത മാത്രം നിറഞ്ഞ കുറേ കുഞ്ഞുമുഖങ്ങൾ..
അവിടെനിന്നും പിന്നെ എങ്ങോട്ടും പോകാൻ തോന്നിയില്ല..

ഇന്ന് ധാരാളം കുഞ്ഞുങ്ങളുടെ അമ്മയായി.. ഇവിടെ തുടരുന്നു.. ജീവിതം എത്ര മനോഹരമാണ് അല്ലേ??

കാണുന്നത് എന്റെ കണ്ണിൽ മാത്രമാണ് എന്ന് മാത്രം….

സൗന്ദര്യത്തോടുകൂടി ജീവിതത്തെ നോക്കാൻ പഠിക്കുക… അപ്പോഴേ ആ മനോഹാരിത നമുക്കു മനസ്സിലാകൂ…

Leave a Reply

Your email address will not be published. Required fields are marked *