അമ്മയെന്തിനാ ചോദിക്കാതേം പറയാതേം എന്റെ സാരിയെടുത്തുടുക്കുന്നേ, അയേലൊരു തുണി‌..

(രചന: Syam Varkala)

“അമ്മയെന്തിനാ ചോദിക്കാതേം പറയാതേം എന്റെ സാരിയെടുത്തുടുക്കുന്നേ.. അയേലൊരു തുണി‌ പോലും ഇടാൻ പറ്റില്ലാന്ന് വച്ചാൽ..”

ജമന്തി അനിഷ്ട്ടത്തെ ഒച്ചയൊതുക്കി
അമ്മയുടെ കാതിലേയ്ക്കെറിഞ്ഞു.

“മോളേ…അത്..”..

അമ്മയെ പറയാൻ ജമന്തിയുടെ സംസാരം കേട്ട് വന്ന വിനയൻ അനുവദിച്ചില്ല‌.

“ഡീ….”

വിനയന് വല്ലാതെ ദേഷ്യം വന്നു..
അമ്മ ഒന്നും മിണ്ടാതെ മുറിയിലേയ്ക്ക് പോയി.

“അവൾടൊരു സാരി,.. ഞാൻ പറഞ്ഞിട്ടാ അമ്മ അതെടുത്തത് ,നിന്നേക്കാൾ ചേർച്ചയുണ്ട് അമ്മയ്ക്കത്…

നിനക്ക് വേറെ ആവശ്യം പോലുണ്ടല്ലോ പിന്നെന്തിനാ ആവശ്യമില്ലാത്ത കാര്യത്തിന് ചിലയ്ക്കുന്നത്..” വിനയന് സഹിക്കാനായില്ല ജമന്തിയുടെ സംസാരം.

“വിനയേട്ടൻ എനിക്ക് തന്ന ബർത്ത്ഡേ ഗിഫ്റ്റാ അത് …മറ്റാരും എടുക്കുന്നത് എനിക്കിഷ്ട്ടല്ല… ജമന്തി പറഞ്ഞ് കൊണ്ട് സെറ്റിയിലേയ്ക്കിരുന്നു.

“മറ്റാര്… നിന്റെ അമ്മയല്ലേ ജമന്തീ അത്….നീയെന്താ ഇങ്ങെനെ…??..”
വിനയൻ ആകെ അപ്സറ്റായി..

“അമ്മയ്ക്കറിയില്ലാരുന്നു മോളേ..
വിനയൻ പറഞ്ഞതുമില്ല, മോക്ക് അത്ര പ്രിയപ്പെട്ട സാരിയായിരുന്നെന്ന് അറിഞ്ഞെങ്കിൽ ഞാൻ എടുക്കില്ലായിരുന്നു…

നിങ്ങളിതേ ചൊല്ലി സംസാരിച്ച് നേരം കളയാണ്ട് സിനിമയ്ക്ക് പോ.. അമ്മ വരുന്നില്ല ,നല്ല മുട്ടുവേദന..”

സാരി സെറ്റിയിൽ മടക്കി വച്ച് അമ്മ മുറിയിലേയ്ക്ക് പോയി. ജമന്തി സാരിയെടുത്ത് വിനയനെ നോക്കി ചിരിച്ചു… വിനയൻ അവളെ തുറിച്ചു നോക്കി.

സിനിമ കഴിഞ്ഞ് അവർ വീട്ടിൽ വന്നപ്പോൾ വൈകിയിരുന്നു. അമ്മയപ്പോൾ വീട്ടിലുണ്ടായിരുന്നില്ല……
ഒരു കത്ത്…

“ഞാൻ …കല്ല്യാണിയുടെ വീട്ടിൽ പോകുവാ മക്കളേ..എനിക്ക് പിണക്കോന്നുമില്ല,..ഇവിടെ കല്ല്യാണി തനിച്ചേ ഉള്ളൂ…അവക്കൊരു കൂട്ടാകും.,.

അവൾ കുറെയായി പറയുന്നതാ കൂടെ വന്ന് നിക്കാൻ. മക്കള് തിരിച്ച് ദുബായിൽ
പോകുമ്പോ എന്നെ വന്ന് കാണണം..””

ദുബായ് എയർപ്പോർട്ടിൽ നിന്നും റൂമിലെത്തി ഫ്രഷായ ഉടനേ വിനയൻ
ബെഡ്ഡിലേയ്ക്ക് വീണു. ജമന്തി വന്ന പാടേ ബെഡ്ഡിലേക്ക് വീണ് കിടപ്പുണ്ട്..

“വിനയേട്ടാ… അമ്മയെന്തു പറഞ്ഞു..?”

അവൾ വിനയന്റെ നെഞ്ചിലേയ്ക്ക് തല ചായ്ച്ചു.

“നിനക്ക് കൂടെ വരാൻ
വയ്യാരുന്നല്ലോ., പിന്നെ അറിയണ്ട..”
വിനയൻ കണ്ണടച്ചു കൊണ്ട് പറഞ്ഞു…

“ഞാൻ മനഃപൂർവ്വം വരാഞ്ഞതല്ലല്ലോ വിനയേട്ടാ ..ജൂലിക്കൊപ്പം ഒരു ഷോപ്പിങ്ങിന് പോയോണ്ടല്ലേ…. സമയം പോയതറിഞ്ഞില്ല എയർപ്പോർട്ടിലേയ്ക്ക് സമയത്തെത്താൻ പറ്റൂന്ന് കൂടി കരുതീല …”

വിനയൻ മൂളിക്കൊണ്ട് പറഞ്ഞു…

“ജമന്തീ… ഞാനൊരു കഥ പറയാം… കേട്ടോ.. ഇടയ്ക്ക് കയറി സംസാരിക്കരുത്..!”

“കഥയോ!!‌…ഇതിപ്പോ കഥയെവിടുന്ന്..!!??”

“നീ കേൾക്ക്…” വിനയൻ കഥ തുടങ്ങി.

“ഒരമ്മയും , അച്ഛനും, മകളും,.
അച്ഛന് തെങ്ങ് കയറ്റമായിരുന്നു ജോലി, ഒരിക്കൽ തെങ്ങും ദൈവവും ചതിച്ചു..

അച്ഛൻ പോയതോടെ വീട് പട്ടിണിയായി . ഒടുവിൽ അമ്മ പുറത്ത് വീട്ടു ജോലിക്ക് പോയി. രാത്രി വീട്ടിലിരുന്ന് തയ്യലും ചെയ്യും. അവർ മകളെ പഠിപ്പിക്കാൻ പെടാപ്പാട് പെട്ടു.

മകൾ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം , മകളുടെ പിറന്നാൾ നാളെയാണ് ..

അമ്മയുടെ കൈയ്യിൽ കാശില്ല, മധുരം വാങ്ങാൻ പോലും. അമ്മയ്ക്ക് ആകെ വിഷമമായി. എന്തു ചെയ്യണമെന്ന അമ്മയുടെ വിഷമിച്ച ചിന്തയിലേയ്ക്ക് ആ ഇരുമ്പ് പെട്ടി എത്തി നോക്കി..

അവർ ജീവിതം തുടങ്ങിയപ്പോൾ മുതൽ കൂടെയുണ്ട് ആ പെട്ടി. അവരുടെ കുഞ്ഞു കുഞ്ഞു സമ്പാദ്യങ്ങളെ കാത്തു വച്ച പെട്ടി. അമ്മയുടെ മുഖം തെളിഞ്ഞു.

പിറന്നാളുകാരിയായ മകളുടെ കൈയ്യിൽ പുത്തൻ പട്ടു
പാവാടയും, ഉടുപ്പും വച്ചു കൊടുത്ത് കൊണ്ട് അമ്മയവളെ കെട്ടിപ്പുണർന്നു.

മകൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി‌..
മകൾ വളർന്നു , അമ്മ ജോലി ചെയ്ത് തളർന്നു കൊണ്ടേയിരുന്നു..!
അമ്മ മകളെ കോളേജിൽ വിട്ടു പഠിപ്പിച്ചു‌..

അതി സുന്ദരിയായിരുന്ന ആ നാട്ടിൽ പുറത്തുകാരി പെണ്ണിനെ ഒരുവൻ ജീവനു തുല്ല്യം പ്രണയിച്ചു‌. വീട്ടിൽ വന്ന് പെണ്ണാലോലിച്ചു. വൈകാതെ കല്ല്യാണവും കഴിഞ്ഞു.. ആ അമ്മയുടെ കഷ്ട്ടപ്പാടിന് ഫലമുണ്ടായി.

പക്ഷേ ,ആ മകൾക്ക് ഇന്നും അറിയില്ല
അമ്മ പിറന്നാൾ സമ്മാനം കൊടുത്ത കുപ്പായത്തിനു പിന്നിലുള്ള കഥ..

അന്ന് കണ്ണിലുടക്കിയ ഇരുമ്പ് പെട്ടിക്കുള്ളിലെ കല്ല്യാണപ്പുടവ വെട്ടിത്തച്ചായിരുന്നു അമ്മ മകൾക്ക് പിറന്നാൾ സമ്മാനം തുന്നിയത്..

ഭർത്താവിന്റെ ഓർമ്മയുടെ സുഗന്ധമുള്ള ,പളപളപ്പുള്ള പട്ടോർമ്മയിലാണ് ആ അമ്മ വേദനയോടെ കത്രിക പായിച്ചത്..

ആകെയൊരാശ്വാസം മകൾക്ക് വേണ്ടിയാണല്ലോ എന്നതു മാത്രം..!
എത്ര ഭാഗ്യം ചെയ്ത മകളാണവ……”.

ജമന്തി പെട്ടെന്ന് വിനയന്റെ വായ പൊത്തി..നിറഞ്ഞ കണ്ണോടെ വിതുമ്പിക്കൊണ്ടവൾ പറഞ്ഞു..

“ന്റെ..അമ്മ..”

“അതെ..നമ്മുടെ അമ്മ.. മരിച്ചു പോയ എന്റെ അമ്മ എനിക്ക് പകരം തന്നിട്ടു പോയ അമ്മ..

നീ അറിയാത്ത ഒന്നു കൂടിയുണ്ട്,
അമ്മ നമ്മളോട് കള്ളം പറഞ്ഞതാ..
അമ്മയിപ്പോൾ കല്ല്യാണിയമ്മയുടെ വീട്ടിലല്ല ഉള്ളത്…കല്ല്യാണിയമ്മയുടെ മക്കൾ വീടൊക്കെ വിറ്റ് വിദേശത്തേക്ക് പോയി..

ആ പാവം അമ്മയെ മക്കൾ ശരണാലയത്തിലാക്കിയിട്ടാ പറന്നകന്നത്… ഇപ്പോൾ നമ്മുടെ അമ്മയും അവിടെയുണ്ട്… ഈ കഥ എന്നോട് പറഞ്ഞ് കുറെ കരഞ്ഞു പാവം.

ജമന്തി ഞെട്ടി കിടക്കയിൽ നിന്നും എഴുന്നേറ്റു , തലയിൽ കൈവച്ച് അവൾ പൊട്ടിക്കരയാൻ തുടങ്ങി.

“നിനക്കിഷ്ട്ടമല്ലല്ലോ അമ്മ കൂടെയുള്ളത്… നീ അമ്മയെ കുറ്റം പറയുന്നത് കേൾക്കാൻ എനിക്കും ഇഷ്ട്ടമല്ല, അപ്പോ ഞാനും വിചാരിച്ചു അമ്മ സ്വസ്ഥായിക്കഴിഞ്ഞോട്ടേന്ന്..
അമ്മയ്ക്കവിടെ നിറയെ കൂട്ടുണ്ട്..”

വിനയൻ തിരിഞ്ഞ് കിടന്ന് കണ്ണടച്ചു.. ജമന്തിയുടെ കരച്ചിൽ ഉച്ചസ്ഥായിയിലായി..

“നീ കരയരുത്… ആ കണ്ണീര് നിന്നെ പ്രാകും…മുഖം കഴുകി കെടന്നുറങ്ങാൻ നോക്ക്.

“വിനയേട്ടാ…” അവൾ സഹിക്കവയ്യാതെ വിനയന്റെ കൈയ്യിൽ പിടിച്ചു.

“പോഡീ…പോ…”. വിനയൻ കൈതട്ടിമാറ്റി.

ഉറക്കമുണർന്ന് വിനയൻ വീടുമുഴുവൻ ജമന്തിയെ തിരഞ്ഞു.. ഇല്ല.. ജമന്തി ഇവിടെ ഇല്ല… വിനയൻ മൊബൈലെടുത്തപ്പോൾ ജമന്തിയുടെ മെസ്സേജ്…

“ഞാൻ നാട്ടിൽ പോകുവാ വിനയേട്ടാ..
അമ്മയെ കൂട്ടിക്കൊണ്ട് വരാൻ,..
എനിക്കെന്റെ അമ്മയെ വേണം..
ഇനിയെന്നും കൂടെ..”..

വിനയൻ ചിരിച്ചു കൊണ്ട്,ആ മെസ്സേജിൽ ചുംബിച്ചു.. “ഇതാ ‌..ഇതാണെ‌ന്റെ പഴയ ജമന്തി..”

നാഗരികതയുടെ മടിത്തത്തിൽ, ആർഭാട ജീവിതത്തിന്റെ മാസ്മരികതയിൽ മതിമറന്നു പോയയെങ്കിലും ,ഒരു നാട്ടിൻ പുറത്തുകാരിയുടെ നന്മയും,

വിശുദ്ധിയും ഇപ്പോഴും ജമന്തിയുടെ ഉള്ളിൽ വറ്റാതുണ്ടെന്ന് വിനയനറിയാമായിരുന്നു. ഇനി തെളിനീരിന്റെ കാലമാണ്.. കുത്തൊഴുക്ക്….

Leave a Reply

Your email address will not be published. Required fields are marked *