നാല്പത് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു അദ്ദേഹത്തെ തനിച്ചാക്കി ഞാൻ, ആ കൈപിടിക്കു..

എന്നെന്നും ദേവേട്ടന്റെ
(രചന: Deviprasad C Unnikrishnan)

സുമംഗലിയായി മരിക്കുക, ഏതൊരു പെണ്ണിനെയുംപോലെ തന്നെ ആയിരുന്നു എന്റെ ആഗ്രഹം.

ആഗ്രഹിച്ചപോലെ നെറ്റിയിലെ സിന്ദൂര ചുവപ്പ് മായ്ക്കാതെ ഞാൻ എന്റെ ദേവേട്ടനെ തനിച്ചാക്കി. ഒരു ഹാർട്ട് അറ്റാക്കിന്റെ രൂപത്തിൽ എന്നെ ദൈവം വിളിച്ചു.

നാല്പത് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു അദ്ദേഹത്തെ തനിച്ചാക്കി ഞാൻ. ആ കൈപിടിക്കുമ്പോൾ ഈ ലോകത്ത് ഞാൻ നിന്നെ തനിച്ചാക്കില്ലന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.

എത്ര തവണ അത് ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ അദ്ദേഹത്തിന്റെ രോമവൃദ്ധമായ മാറിൽ തളർന്നു കിടക്കുമ്പോൾ പറഞ്ഞിട്ടുണ്ട്.

അ വാക്ക് പാലിക്കാൻ പറ്റിയില്ല. ഇപ്പോൾ ഭൂമിയിൽ അദ്ദേഹം ഒറ്റക്കാണ്.

മരിച്ചിട്ടു കൊല്ലം ഒന്നായി ഈ വാവ്ബലിക്ക് അദ്ദേഹത്തെയും മക്കളെയും കൊച്ചുമക്കളെയും കാണണം എന്നാ ഉദ്ദേശത്തോടെയാണ് വന്നത്.

വീടിന്റെ മതികെട്ടിനകത്തേക്ക് നടന്നു ഞാൻ. ഞാൻ ഉള്ളപ്പോൾ മുളകും മല്ലിയും ഉണക്കിയിരുന്ന ഉമ്മറം. ഇപ്പോൾ ഇതൊന്നും ആരും ചെയ്യുന്നില്ലെന്നു തോന്നുന്നു. മുറ്റം അനാഥമായി കിടക്കുന്നു.

എന്റെ വരവ് മനസിലാക്കിയ ഞാൻ നട്ട് വളർത്തി നനച്ചു പോന്നിരുന്ന സൂര്യകന്തിയും ജമന്തിയും കനകാംമ്പരവും എല്ലാം കാറ്റിൽ തലയാട്ടി ആടി.

അതുങ്ങളുടെ സന്തോഷം കാണുക തന്നെ വേണം. എവിടെ നിന്നോ മണി കിലുങ്ങുന്ന ശബ്ദം. ശ്രന്തിച്ചു നോക്കി. വീടിനു പുറകിന്ന് കിങ്ങിണിയാട് ഉമ്മറത്തേക്ക് ഓടി വരുന്ന ശബ്ദം ആണ്‌.

“അമ്മടെ കിങ്ങിണി മോൾ വന്നോ ” എന്നും വിളിച്ചു ഞാൻ അവളെ തൊടാൻ നോക്കി എനിക്ക് സാധിച്ചില്ല.

പക്ഷെ എന്റെ വിളി കെട്ടാന്നപോലെ അവൾ ഒന്ന് നിന്നു ചുറ്റും നോക്കി. അവളുടെ കയറിന്റെ അറ്റം പിടിച്ചു ദേ വരുന്നു എന്റെ പ്രാണൻ എന്റെ ദേവേട്ടൻ.. ഷേവ് ചെയ്തിട്ടില്ല മുഖമെല്ലാം വാടി.

പ്രായം എഴുപതായി എന്റെ ചെക്കന്.. എന്നാലും എന്തു ചുള്ളനാണ്. മുഴുവൻ നാരായാണ് പക്ഷെ അത് തന്നെയാണ് അദ്ദേഹത്തിന് ഏറെ മനോഹരമാക്കുന്നത്.

വെള്ള ഇന്നർ ബനിയനും ഒരു കൈലിയുമാണ് വേഷം. കിങ്ങിണിയുടെ പെട്ടന്നുള്ള വലിയിൽ അദ്ദേഹം വീഴാൻ പോയി. ആരോഗ്യം പോയോ ഭഗവാനെ എൻറെ ദേവട്ടന്റെ. ആരോഗ്യം പോയതല്ല…

പോയത് മനസിന്റെ ആരോഗ്യമാണ്. അത് ആ ശരീര ഭാഷയിൽ നിന്നും എനിക്ക് മനസിലായി. അല്ലെങ്കിൽ കൊല്ലം നാൽപതയില്ലെ കാണാൻ തുടങ്ങിട്ട്.

ഞാൻ പറമ്പിലേക്ക് കൂടെ നടന്നു. ആടിനെ അവിടെയുള്ള തെങ്ങിൽ കെട്ടി. പറമ്പിലെ കവുങ്ങിനു ചുവട്ടിൽ നടക്കുവാന് അദ്ദേഹം.

എന്തൊക്കെയോ ഒറ്റക്ക് കവുങ്ങിനോട് അദ്ദേഹം പറയുന്നുണ്ട്. അദ്ദേഹത്തിനു കണ്ട സന്തോഷത്തിൽ എനിക്ക് ഒന്നും കേൾക്കാൻ വയ്യ.

കവുങ്ങിനു ചുവട്ടിൽ നിന്നും അടയ്‌ക്ക പറക്കുകയാണ് അദ്ദേഹം. ഞങ്ങൾ ഒരുമിച്ചാണ് ഇതെല്ലാം ചെയ്തിരുന്നത്. എടിയേ ദൂരേക്ക് മാറി മിന്നു അടയ്ക്ക പറക്കുന്ന എന്നെ ഇടക്ക് വിളിക്കും.

അത് വീട്ടിൽ അടുക്കളയിൽ ഉണ്ടെന്നറിഞ്ഞാലും ഇടക്ക് ഇടക്ക് നീട്ടി ഒരു വിളിയാണ്. മറുപടിയായി വിളി കേട്ടാൽമതി വേറൊന്നും വേണ്ട.

“ഇപ്പോൾ ഒരു വിളിച്ചാൽ തിരിച്ചു വിളി കേൾക്കാൻ പറ്റാത്ത ദൂരത്തായല്ലോ ദേവ ഞാൻ.” അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.

അദ്ദേഹം ഇടക്ക് നെഞ്ചിൽ കൈ വെക്കുന്നുണ്ടല്ലോ ഭഗവാനെ ഗ്യാസ് കയറിയതാണെന്നു തോന്നുന്നു.

ഈ നേരത്ത് എന്നെ വിളിച്ചു പുറം ഉഴിക്കുന്നതാണ്. എന്റെ കൈയെല്ലാം തുടിക്കുന്നു ആ പുറമോന്നു ഉഴിയാൻ.

സമയം ഉച്ചയായി അനുവദിച്ചു തന്നതിൽ പകുതി ദിവസം കഴിഞ്ഞു. അദ്ദേഹം കൈയും കാലും വൃത്തിയാക്കി അകത്തേക്ക് കയറി.

“മോളെ കഞ്ഞി..”മരുമകൾ ദിവ്യയെ ആണ്‌ വിളിക്കുന്നത്. വിളിച്ചിട്ടും അവളെ കാണുന്നില്ല. എനിക്കെന്തോ വെപ്രാളം.

അദ്ദേഹം വരുമ്പോഴേക്കും എല്ലാം ഞാൻ മേശയിൽ വെക്കുന്നതാണ്. അദ്ദേഹം ഒന്നുടെ വിളിച്ചു. വിളി കേൾകാതായപ്പോൾ അദ്ദേഹം എണീറ്റു അടുക്കളയിൽ എത്തി കഞ്ഞി എടുത്തു.

“ദേ….. ദേവേട്ടാ… ഒരു കറി കൂടി എടുക്കാനുണ്ട് കാണുന്നില്ലെ ഇത്.”അദ്ദേഹം അ കറി കണ്ടില്ല. എനിക്ക് ആകെ കണ്ണ് നിറയാൻ തുടങ്ങി.

നന്നായി ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നയാളാണ്. കഞ്ഞിയിൽ ചിത്രം വരക്കുന്നു..

കഴിക്കു മനുഷ്യ ഞാൻ പറഞ്ഞു. എവിടെ കേൾക്കാൻ. വെറുതെല്ല ഷീണിച്ചെ ഞാൻ പോയേപ്പിന്നെ മര്യാദക്ക് ഒന്നും കിട്ടി കാണില്ല. ഭാര്യയുടെ മനസാണ് ഇങ്ങനെ എന്നെ കൊണ്ടു ചിന്തിപ്പിക്കുന്നത്.

ഊണ് കഴിഞ്ഞു അദ്ദേഹത്തിനു ഒരു ഉച്ച മയക്കം ഉണ്ട്. അത് നോക്കി നിന്നു ഞാൻ. എന്ത് ഭംഗിയാണ് ആ ഉറക്കം.

ശ്വാസം വലിക്കുന്നതനുസരിച്ചു വയറു ഉയർന്നു പൊങ്ങുന്നത് കാണാൻ തന്നെ നല്ല ചേല്. ആ മുടിയിഴയിൽ ഞാൻ തഴുകി.

സ്പർശനം അറിഞ്ഞില്ലേലും ദേവവേട്ടൻ എന്റെ സാമീപ്യം അറിയുന്നുണ്ടെന്നു ഞാൻ കരുതുന്നു.

അപ്പോഴേക്കും കെട്ടിച്ചു വിട്ട മോൾ വന്നു.

“ഡീ ദിവ്യെ… “അവൾ പുറത്തു നിന്നു വിളിച്ചു. അകത്തേക്ക് കയറി. ഇവൾ ഇപ്പോൾ എന്തിനാണ് വന്നത്.

അവളുടെ പുറകെ പോയി. പുറകിൽ അദേഹത്തിന്റെ തുണികളല്ലാം അദ്ദേഹം നനച്ചിട്ടിരുന്നു. അതെടുത്തു അവൾ വിരിച്ചിടുന്നു. അപ്പോഴേക്കും ദിവ്യാ വന്നു.

“ലക്ഷ്മി നാത്തൂൻ എപ്പോൾ വന്നു ” ദിവ്യാ ചോദിച്ചു.

“ദേ… ഇപ്പോൾ…”

“ഈ അച്ഛന് ഈ ഡ്രസ്സ്‌ നനക്കാൻ മാത്രേ അറിയൂ അതൊന്നു വിരിച്ചിട്ടാൽ എന്താ.”ലക്ഷ്മിയാണ് പറഞ്ഞത്. സ്വന്തം മോളല്ലേ വിരിച്ചാലൊന്നു എന്താ..

അദ്ദേഹത്തിന് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടാണെന്നു എല്ലാവർക്കും അറിയാമല്ലോ. അത് വയ്യാത്തോണ്ടല്ലേ പാതി മുക്കി വച്ചത്.. അത് കാണാണ്ടാലറിഞുടെ.

“അല്ല നാത്തൂനേ… അച്ഛനെ അങ്ങോട്ട് കൊണ്ടു പോയികൂടെ. അപ്പോൾ ഇടക്ക് ഇടക്ക് ഇങ്ങോട്ട് വരവ് കുറക്കാമല്ലോ.”

“ഓഹ്… എന്തു പറയാനാണ് നാത്തൂനെ. അവിടെ ഏട്ടന്റെ അമ്മയും അച്ഛനും ഉണ്ട്. അവരുടെ കാര്യങ്ങളും കൊച്ചുങ്ങളുടെ കാര്യങ്ങളും എല്ലാം കൂടി നടക്കുന്നില്ല. ഞാൻ ഇടക്ക് വരുന്നുണ്ടല്ലോ നാത്തൂനേ.”

“ഓഹ്… ന്നാലും രണ്ടീസം കൊണ്ടു പോയി നോക്കില്ല”. ദിവ്യ മനസ്സിൽ പറഞ്ഞു.

അപ്പോൾ ദേവേട്ടനെ പിടിച്ചു വലിയാണ് ഇവരെല്ലാം അല്ലെ. കൊച്ചു മക്കളും സ്കൂൾ വിട്ട് വന്നു. പിള്ളേർ എല്ലാം കൂടി അച്ചാച്ചന്റെ റൂമിലേക്ക് കയറണ കണ്ടു. ആഹാ അച്ചാച്ചനെ എണീപ്പിച്ചോ രണ്ടും.

അവർ വന്നപ്പോഴാണ് ദേവേട്ടന്റെ മുഖത്ത് ചെറു പുഞ്ചിരി കണ്ടത്. അത് കണ്ടപ്പോ ഒരു ആശ്വാസം. പിള്ളേരെ കുളിപ്പിക്കാനായി വിട്ടു. അദ്ദേഹം എന്റെ ഫോട്ടോയിലേക്ക് നോക്കി നെടുവീർപ്പ് വിട്ടു..

“നീയില്ലാതായപ്പോൾ പോയാടോ ഈ വീടിന്റെ വെളിച്ചം.”അദ്ദേഹം പറഞ്ഞു.

“ഞാൻ എങ്ങും പോയില്ലലോ ദേവേട്ടാ… എന്നും ഞാൻ ആ ഇടനെഞ്ചിൽ ഉണ്ടല്ലോ.”

നെഞ്ചു ഉഴിയുന്ന അദ്ദേഹത്തോട് പറഞ്ഞു. എവിടെ കേൾക്കാൻ. എനിക്ക് ഒരു അവസരം തരു ഭഗവാനെ അദ്ദേഹത്തോട് സംസാരിക്കാൻ…

അദ്ദേഹം എണീറ്റു അലമാരയുടെ കണ്ണാടിയിലേക്ക് നോക്കി. ഞാൻ ഊറിവച്ച പൊട്ടു കണ്ണാടിയിൽ ഇപ്പോഴും ഉണ്ട്. അദ്ദേഹം അതിലേക്ക് നോക്കി. കണ്ണ് നിറയുന്നുണ്ട് അദേഹത്തിന്റെ.

“ദേവേട്ടാ… എന്തിനാ മിഴി നിറയണേ.” അതും അദ്ദേഹം കേട്ടില്ല.

“ഈ ഇരിക്കുന്ന പൊട്ടില്ലാണെടോ ഞാൻ ജീവിക്കുന്നത്.. താൻ വല്ലതും അറിയുന്നുണ്ടോ. മക്കൾ ഇപ്പോൾ തല്ലാണ്.

എന്നെ ആരുനോക്കുമെന്നു ചൊല്ലി. കുട്ടികൾ വരുമ്പോഴാണ് അല്പം ആശ്വാസം. അവർ സ്കൂളിൽ പോയാൽ..

നമ്മൾ നട്ട് വളർത്തിയ നാട്ടുമാവിനോടും കവുങ്ങിനോടും പൂക്കളോടുമാണെടോ ഞാൻ ആകെ സംസാരിക്കുന്നത്. ശരിക്കും ഒറ്റപ്പെട്ടുപോയി. ശ്വാസമായിരുന്നില്ലെടോ താൻ എനിക്ക്. തനിച്ചാക്കില്ലന്ന് പറഞ്ഞിട്ട് പോയില്ലെടി നീ..

ഇതെല്ലാം നീ ഇവിടെ എവിടെയോ നിന്നു കേൾക്കുന്നുണ്ടെന്നു എനിക്കറിയാം. അങ്ങനെ നീ കേട്ടാൽ ഒരിക്കലും ആ കണ്ണ് നിറയല്ലെട്ടോ.. ആ കണ്ണ് നിറച്ചിട്ടില്ലലോ നിന്റെ ദേവൻ ഇന്നുവരെയും.”

“ദേവേട്ടാ… ഏട്ടൻ കേൾക്കില്ലന്നറിയാം. ഏട്ടന്റെ അടുത്ത് ദേ ഞാൻ നില്കുന്നുണ്ട്. പൊട്ടു തൊടാടി എന്ന് പറയുന്ന ആളു തന്നെയല്ലേ. തണുത്ത നെറ്റിയിലെ പൊട്ടു എടുത്തത്. തലയ്ക്കു മുകളിൽ വിളക്ക് കത്തിച്ചതും.

ഒരു തുള്ളി കണ്ണീർ അപ്പോഴും എനിക്കായി വർക്കാഞ്ഞേ എന്തെ ദേവ നീ. എനിക്ക് ആ മനസ്സറിയാം. ദേവന്റെ കണ്ണ് നിറയുന്നത് എനിക്കിഷ്ടമല്ലെന്നു അറിയാമെന്നു.

അത് കൊണ്ടല്ലേ ദാഹിപ്പിക്കും വരെയും ആ കണ്ണുനീർ പിടിച്ചു നിർത്തിയത്. ദേഹമേരിഞ്ഞെങ്കിലും ഞാൻ കൂടെ ഉണ്ടായിരുന്നു റൂമിലേക്ക് ഓടി കയറി കരയുന്നത്.

നെഞ്ചു പൊട്ടിപ്പോയി ദേവേട്ടാ അത് കണ്ടപ്പോൾ എനിക്ക്.”അവൾ ദേവനെ കെട്ടിപ്പിടിക്കാൻ നോക്കി. അത് എത്ര ശ്രമിച്ചിട്ടും നടന്നില്ല.

അപ്പോഴേക്കും അദ്ദേഹം കുളിക്കാൻ കയറി. നേരം സന്ധ്യയായി. വിളക്ക് വാക്കാനായാണ് അദ്ദേഹം കുളിച്ചത്. അദ്ദേഹം ജനൽ വഴി തെക്കാപുറത്തെ അസ്ഥിതറയിലേക്ക് നോക്കി.

എന്നിട്ട് പുറത്തേക്ക് ഇറങ്ങി. അസ്ഥി തറയിലെ വിളക്കിൽ എണ്ണയൊഴിച്ചു അദ്ദേഹം തിരികൊളുത്തി. വലത് കൈ എടുത്തു അസ്ഥിതറയിൽ വച്ചു ഒരു നിമിഷം കണ്ണടച്ചു നിന്നു.

“താൻ നേരത്തെ പോയി സീറ്റ്‌ പിടിച്ചുലെ.. എവിടെ പോയാലും എന്നോട് പറയണമെന്ന് ഞാൻ പറഞ്ഞിട്ടില്ലെ….

ഈ യാത്ര മാത്രം എന്തെ എന്നോട് പറയാഞ്ഞെ. തിരിച്ചു വരാത്ത യാത്രക്ക് ഇറങ്ങുമ്പോ പറയണ്ടാന്നു താൻ സ്വയമങ്ങു തീരുമാനിച്ചോ.

അതെ ഞാൻ ഇറങ്ങുവാട്ട എന്ന് എവിടെ പോയാലും പറയുമല്ലോ നീ..ഈ യാത്രക്ക് ഒന്നും വേണ്ടല്ലോ കൈയിൽ അങ്ങ് വിളിച്ച പോണമല്ലെ.” ഇതെല്ലാം കേട്ടു എന്റെ നെഞ്ചു പൊടിയുകയായിരുന്നു.

അത്താഴ സമയത്ത് മകൻ കയറി വന്നു. അവൻ വന്നു ഉടനെ ഇരുന്നു. അപ്പോഴേക്കും ദിവ്യ ചായയുമായി വന്നു. അദ്ദേഹം മുറിയിൽ കിടക്ക വിരിക്കുകയാണ്.

താനുള്ളപ്പോൾ എല്ലാം താൻ ചെയ്യും. വിരിയെല്ലാം കുടഞ്ഞിട്ടുപോഴേക്കും അദ്ദേഹത്തിന് ശ്വാസം മുട്ടാൻ തുടങ്ങി.

“എന്തിന… ദേവേട്ടാ… ഞാൻ ഇവിടെ ഉണ്ടല്ലോ.. എന്നോട് പറഞ്ഞാൽ പോരെ ” എന്നും പറഞ്ഞു വിരി എടുക്കാൻ ശ്രമിച്ചു. പക്ഷെ ശ്രമം വിഫലമായിപോയി.

“അച്ഛാ.. അത്താഴം കഴിക്കാൻ വായോ..”മകനാണ് വിളിച്ചത്. അദ്ദേഹം ഒന്ന് മൂളി.

ആർക്കോ വേണ്ടി കഴിക്കുന്ന പോലെ ഇരുന്നാണ് കഴിക്കുന്നത്. പകുതി ചോർ ബാക്കി വച്ചു ആളു എണീറ്റു. മുറിയിൽ വന്നു വീണ്ടും കിടക്കയിൽ ഇരുന്നു നെഞ്ചുഉഴിഞ്ഞു.

ഗുളികയെടുത്തു അരികിൽ വച്ചു ഓരോന്നായി എടുക്കാൻ തുടങ്ങി.

“ദേവേട്ടാ… അ ഗുളിക കാലത്ത് കഴിക്കണ്ടതാണ്. ഇപ്പോഴല്ല.. ” തെറ്റ് എന്റെ ഭാഗത്തും ഉണ്ട് താനല്ലേ എല്ലാം എടുത്തു കൊടുക്കാർ പതിവഴി….ഒന്നും ക്രമമല്ല.. കഴിക്കുന്നത്.

ഞാൻ പുറത്തോട്ട് ഇറങ്ങി. ദിവ്യയോട് പറയണമെന്ന് ഉണ്ട് ഒരു ജഗ്ഗ്‌ വെള്ളം അച്ഛന് കൊടുക്കണം രാത്രിയാകുമ്പോൾ എണീറ്റു കുടികുന്ന പതിവുണ്ട്.

ഉറക്കെ പറഞ്ഞെങ്കിലും ഞാൻ പറയുന്നത് അവൾ കേട്ടില്ല. അദ്ദേഹം ഉറങ്ങാനായില്ലേ കിടന്നു. തിരിഞ്ഞു മറിഞ്ഞും കിടക്കുന്ന അദ്ദേഹത്തെ നോക്കി നിന്നു.

“എന്തെ ദേവേട്ടാ… ഉറങ്ങത്തെ അല്ലങ്കിൽ സമയത്തിന് ഉറങ്ങണതാണല്ലോ..”

അവൾ ചോദിച്ചു. ആരു കേൾക്കാൻ. അവൾ മെല്ലെ കട്ടിലിൽ ഇരുന്നു. അദ്ദേഹത്തെ നോക്കി. കണ്ണ് തുറന്നു കിടക്കുകയാണ്. എല്ലാ ഇടത്തും ലൈറ്റ് അണഞ്ഞു.

അദ്ദേഹം അപ്പോഴും കണ്ണ് തുറന്നു കിടക്കുവാണ്. അദ്ദേഹം എണീറ്റു. വെള്ളത്തിനുള്ള പരവേശമാണ് കാണിക്കുന്നത്. അദ്ദേഹം എണീറ്റു മകന്റെ റൂമിനടുത് തപ്പി തടഞ്ഞു എത്തി.

കതകിൽ തട്ടി വിളിക്കാനൊന്നും പറ്റില്ല. നെഞ്ചു നന്നായി ഉഴിയുന്നുണ്ട് അദ്ദേഹം എന്തോ അദ്ദേഹം പരവേശപ്പെടുന്നുണ്ട്. എനിക്കാകെ വെപ്രാളം ആയി എന്താണ് എന്റെ ദേവേട്ടന്.

എത്ര മകനാണെന്നു പറഞ്ഞാലും. അസമയത്ത് മരുമകളെയും മകനെയും ശല്യം ചെയ്യുന്നത് ശരിയല്ല. അദ്ദേഹം അടുക്കളയിൽ കയറി വെള്ളമെടുത്തു. തിരിച്ചു റൂമിൽ വന്നു.

വീണ്ടും കിടന്നു തിരിഞ്ഞു മറിഞ്ഞു കിടന്നു. അദ്ദേഹം എണീറ്റു അലമാര തുറന്നു. തന്റെ സാരീ ഒരെണ്ണം എടുത്തു മണത്തു. എന്നിട്ട് അതെടുത്തു വിരിച്ചു അതിൽ കിടന്നു.

“തന്റെ മണമില്ലാതെ ഉറങ്ങാൻ പറ്റണില്ലടോ. താൻ എന്തിനാ എന്നെ തനിച്ചാക്കിയത്.

കണ്ണ് നീർ ഒഴുകി സാരീയിൽ വീണു അത് തന്നെ വല്ലാതെ പൊള്ളിച്ചു. അദ്ദേഹം മെല്ലെ കണ്ണടച്ചു. അദ്ദേഹം ഉറങ്ങി. പോകാൻ സമയമായി ഭൂമിയിലെ സമയം കഴിഞ്ഞു തുടങ്ങി.

അവൾ ഇറങ്ങി പുറത്തേക്കു. പടികൾ ഇറങ്ങുമ്പോൾ ഒന്നുടെ വീടിനെ നോക്കി. അടുത്ത ജന്മം ഞാൻ ഒരിക്കലും ആഗ്രഹിക്കില്ല സുമംഗലിയായി മരിക്കാൻ.

ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഭാര്യ മരിക്കാൻ പാടില്ല. അവൾ വീടിന്റെ മതിൽക്കകം വിടാൻ കാല് എടുത്ത് വച്ചതും പുറകിന്ന് ഒരു വിളി..

“ചാരു…… താൻ എന്നെ കൂട്ടാതെ പോകുവാണോ ഇത്തവണ…”ദേവൻ ചിരിച്ചു നിൽക്കുന്നു. അവൾ തിരിഞ്ഞു ഓടി വന്നു കെട്ടിപിടിച്ചു.

“ദേവേട്ടാ…..”

“എന്തോ………….”

അവർ രണ്ടും കൈകൾ കോർത്തു പുറത്തേക്ക് നടക്കുമ്പോൾ തണുത്തുറഞ്ഞ ഒരു ദേഹം മുറിക്കകത്തുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *