ചടങ്ങുകൾ ആരംഭിച്ചപ്പോൾ ഞാൻ മുറിയുടെ ഒരു മൂലയിലേക്ക് ഒതുങ്ങിനിന്നു, നിഷ പലതവണ..

മ ച്ചി
(രചന: Sunaina Sunu)

“നീ എന്തിനാ മോളെ കുഞ്ഞിനെ അവളുടെ കയ്യിൽ കൊടുത്തത്? അവള് മ ച്ചി യല്ലേ…”

മുറിയിലേക്ക് കയറിവന്ന നിഷയുടെ അമ്മ അവളുടെ ചെവിയിൽ മന്ത്രിച്ചത് ഞാൻ വ്യക്തമായി കേട്ടു..

ഇളം കുഞ്ഞിന്റെ കൈകളും കുഞ്ഞു മുഖവും മാറിൽ തട്ടിയപ്പോൾ ഉണ്ടായ അനുഭൂതിയിൽ ലയിച്ചിരിക്കുമ്പോഴാണ് അമ്മയുടെ മുള്ളുള്ള വാക്കുകൾ എന്നിൽ തറഞ്ഞു കയറിയത്.

ഞാൻ ഒരു നിമിഷം പകച്ച് അവരെ നോക്കി.

“അമ്മ ഒന്ന് മിണ്ടാതിരിക്കു. അവൾക്കും ഉണ്ടാവില്ലേ ആഗ്രഹം”

നിഷയത് പറയുമ്പോൾ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി ഒന്നുമറിയാത്ത മട്ടിൽ അവരെ കടന്നു ഞാൻ ഹാളിലേക്ക് പോയി.

“മീരേ നീ അത് കുഞ്ഞിന്റെ കയ്യിൽ ഇട്ടു കൊടുത്തോ? ”

രവിയേട്ടന്റെ അടുത്തുള്ള കസേരയിലേക്ക് തളർന്നിരിക്കുമ്പോൾ രവിയേട്ടൻ ചോദിച്ചു.

അപ്പോഴാണ് കുഞ്ഞിന്റെ കയ്യിൽ ഇടാൻ വാങ്ങിയ കുഞ്ഞു സ്വർണ്ണവള ബാഗിലിരിക്കുന്നത് എനിക്കോർമ്മ വന്നത്.

കുഞ്ഞിനെ കണ്ടപ്പോൾ വാരിയെടുത്ത് ഉമ്മ വെക്കുന്നതിന്റെ തിരക്കിൽ അതിന്റെ കാര്യം മറന്നു പോയിരുന്നു.

വീണ്ടും ആ മുറിയിലേക്ക് കടന്നു ചെല്ലാനുള്ള എന്റെ ചിന്തയെ പോലും ഞാൻ ഭയപ്പെട്ടു…..

എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആണ് നിഷ. അവളുടെ കുഞ്ഞിന്റെ നൂല്കെട്ടിന് വീട്ടുകാരും പിന്നെ വളരെ അടുത്ത ബന്ധുക്കളെയും മാത്രമേ ക്ഷണിച്ചിട്ടുള്ളൂ.

കല്യാണം കഴിഞ്ഞിട്ട് ആറുവർഷമായിട്ടും കുട്ടികളില്ലാത്ത എനിക്ക് സ്വന്തം കൂട്ടുകാരിയുടെ കുഞ്ഞിനെ കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു..

എത്ര പെട്ടെന്നാണ് തന്റെ സന്തോഷം തകർന്നടിഞ്ഞത്.

ഒത്തിരി നേരം കുഞ്ഞിന്റെ അടുത്തിരിക്കണം എന്ന് ആശിച്ചു വന്ന എനിക്കിപ്പോ എത്രയും പെട്ടെന്ന് രക്ഷപ്പെടണമെന്ന ചിന്ത മാത്രമാണ്….

ചടങ്ങുകൾ ആരംഭിച്ചപ്പോൾ ഞാൻ മുറിയുടെ ഒരു മൂലയിലേക്ക് ഒതുങ്ങിനിന്നു. നിഷ പലതവണ കണ്ണുകൾ കൊണ്ടു അടുത്തുവരാൻ ആംഗ്യം കാണിച്ചെങ്കിലും ഞാൻ ചിരിച്ചുകൊണ്ട് നിരസിച്ചു..

എന്റെ സന്തോഷം മരിച്ചിരുന്നു. ഓരോ ചടങ്ങുകളും എന്നിൽ ദുഃഖമാണ് നിറച്ചത്. നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതെ തുടച്ചു..

എന്റെ സങ്കടം മനസ്സിലായതു കൊണ്ടായിരിക്കുണം രവിയേട്ടൻ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു.

“നമുക്ക് വേഗം പോയാലോ? ഭക്ഷണം കഴിക്കാൻ നിൽക്കണ്ട.”

നിറഞ്ഞുനിൽക്കുന്ന എന്റെ കണ്ണിലേക്ക് നോക്കി.

“സാരമില്ലടീ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് നിന്നെ മനസ്സിലാവും…. നിനക്ക് ഞാനുണ്ട്. അതുപോരെ നിനക്ക്. ”

സങ്കടം സഹിക്കാനാവാതെ ഞാൻ തേങ്ങിപ്പോയി. രവിയേട്ടൻ എന്നെയും ചേർത്ത് പിടിച്ച് അടുത്ത മുറിയിലേക്ക് നടന്നു…

“ഹാ നീ ഇവിടെ നിൽക്കുകയായിരുന്നോ? കുഞ്ഞിന് പേരിടാൻ പോവാണ്. നീ ഇങ്ങു വന്നേ”.

രവിയേട്ടന് അരികിൽ നിന്നും നിഷ എന്നെ വിളിച്ചു കൊണ്ടുപോയി.

മുത്തശ്ശിയുടെ മടിയിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ കണ്ടപ്പോൾ സങ്കടം എല്ലാം ഞാൻ മറന്നു.

അടുത്ത് നിന്ന നിഷയുടെ ഭർത്താവിന്റെ അമ്മ കുഞ്ഞിന്റെ ചെവിയിൽ ശ്വേതാ എന്ന് പേര് വിളിച്ചു. പിന്നെ ഓരോരുത്തരായി കുഞ്ഞിനു സമ്മാനം കൊടുക്കാൻ തിരക്ക് കൂട്ടി .

ഞാനെന്റെ ബാഗിൽ നിന്നും വേഗം വർണക്കടലാസിൽ പൊതിഞ്ഞ കുഞ്ഞു സ്വർണവളയെടുത്തു കുഞ്ഞിന്റെ കയ്യിൽ ഇട്ടുകൊടുത്തു.

“നിന്നോട് ആര് പറഞ്ഞു കുഞ്ഞിന് ആദ്യം സ്വർണം ഇടാൻ. മ ച്ചി കൾ ശുഭകാര്യങ്ങളൊന്നും തുടങ്ങാൻ പാടില്ലെന്ന് അറിയില്ലേ…”

ആൾക്കൂട്ടത്തിൽ തുണിയുരിഞ്ഞത് പോലെ ഞാൻ നിന്നു പോയി…

മുറിയിൽവെച്ച് പറഞ്ഞത് ഞാനും നിഷയും മാത്രമേ കേട്ടുള്ളൂവെങ്കിൽ ഇത് അവിടെ കൂടിയ എല്ലാവരും കേട്ടു. ഒരു ആശ്രയത്തിനു വേണ്ടി ഞാൻ ചുറ്റും നോക്കി.

എന്നെ അറിയുന്നവർ അല്പം പുച്ഛത്തോടെയും അറിയാത്തവർ അത്ഭുതത്തോടെയും നോക്കുന്നുണ്ടായിരുന്നു.

ആരുടെ മുഖത്തും ഒരല്പം പോലും ദയ ഉണ്ടായിരുന്നില്ല.

ഭൂമി പിളർന്നു ഞാൻ താഴേക്ക് പോയിരുന്നെങ്കിൽ ആശിച്ച് പോയ നിമിഷം.

“അമ്മേ അമ്മയെന്താണ് പറയുന്നത് ? ഞാൻ നേരത്തെ പറഞ്ഞു പറഞ്ഞതൊക്കെ മറന്നോ? ”

“മറന്നിട്ടല്ല നിന്റെ കുഞ്ഞിനാണ് ദോഷം. അതോർത്തോ നീ. ” നിഷ വേദനയോടെ എന്നെ നോക്കി.

കുഞ്ഞിന്റെ കയ്യിൽ നിന്നും സ്വർണവള ഞാൻ ഊരിയെടുത്തു. അതുമായി തിരിഞ്ഞുനടന്നു.

പെട്ടെന്ന് രവിയേട്ടൻ എന്റെ കൈ പിടിച്ചു നിർത്തി.. ആ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു.

ഞാൻ വേണ്ടെന്നു പറഞ്ഞെങ്കിലും എന്നെയും വലിച്ച് ആ സ്ത്രീയുടെ അടുത്തേക്ക് നടന്നു. രവിയേട്ടൻ ഭാവം കണ്ടായിരിക്കണം അവർ പേടിച്ച് പതുങ്ങിനിന്നു.

“എന്റെ ഭാര്യ മ ച്ചി ആണെങ്കിൽ ഏഴു വർഷം കഴിഞ്ഞിട്ടും പ്രസവിക്കാത്ത നിങ്ങളുടെ മൂത്തമകൾ മ ച്ചി അല്ലേ..”

കുഞ്ഞിന്റെ കഴുത്തിൽ മാല ഇട്ടു കൊടുക്കുകയായിരുന്ന നിഷയുടെ ചേച്ചി നടുങ്ങി വിറച്ചു തിരിഞ്ഞ് നോക്കി. അവളുടെ കയ്യിൽ നിന്ന് മാല ഊർന്നു വീണു.

“ഇവൾക്ക് ചടങ്ങിൽ പങ്കെടുക്കാൻ അർഹതയുണ്ടോ? അത് കുഞ്ഞിന് ദോഷം ചെയ്യില്ലേ..

എന്റെ ഭാര്യ മ ച്ചി യായത് എന്റെ കൂടി തെറ്റാണ്. അതിന് ഒരാൾ മാത്രം ശിക്ഷിക്കപ്പെടുന്നത് എന്തിനാണ്. എന്നെക്കൂടി പറയൂ നിങ്ങടെ ഈ പു ഴുത്ത നാ വുകൊണ്ട്…”

“ഒന്നും പറയല്ലേ രവിയേട്ടാ നമുക്ക് പോകാം ”

രവിയേട്ടനെ ഞാൻ പിടിച്ചുവലിച്ചു. നിഷയും നിറഞ്ഞ കണ്ണുകളോടെ നോക്കുന്നുണ്ടായിരുന്നു.

“കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹമാണ്. എന്നുവച്ച് കുഞ്ഞുങ്ങൾ ഉണ്ടാകാത്തവർ ദൈവത്തിന്റെ ശാപം കിട്ടിയവരല്ല..

തെറ്റായ ആളുകളെ അനുഗ്രഹിച്ചു പോയല്ലോ എന്നോർത്ത് ലജ്ജിക്കാൻ ദൈവത്തിന് ഇടവരുത്തരുത്…”

അവളുടെ അമ്മ ആത്മനിന്ദയോടെ തലതാഴ്ത്തി.

“സഹോദരി എന്നോട് ക്ഷമിക്കണം. നിങ്ങളുടെ വിഷമം എനിക്ക് മനസ്സിലാകും.

അതു മനസ്സിലാക്കാതെ കുത്തിനോവിക്കാൻ ഒരുപാട് പേരുണ്ടാകും. അതിൽ ഒരാൾ സ്വന്തം അമ്മ തന്നെ ആയി പോയതിൽ എനിക്ക് വിഷമമുണ്ട്. ”

കരയാൻ പോലും മറന്ന് നിന്നിരുന്ന അവളുടെ ചേച്ചി ചിരിക്കാൻ ഒരു പാഴ്ശ്രമം നടത്തി.

തങ്ങളെ നോക്കുന്ന ഒരുപാട് കണ്ണുകൾക്ക് മുന്നിലൂടെ രവിയേട്ടന്റെ കൈ പിടിച്ച് ഞാൻ തലയുയർത്തി പുറത്തേക്ക് നടന്നു…

Leave a Reply

Your email address will not be published. Required fields are marked *