ഗിരി ബെഡ് റൂമിലെ രേണുവിന്റെ അടക്കിപിടിച്ച സംസാരം കേട്ട് സ്‌തബ്ദനായി നിന്നു പോയി..

വൈറൽ
(രചന: Sunaina Sunu)

“ടാ ഗിരി എന്തു പറ്റി. ഭയങ്കര ആലോചനയിലാണല്ലോ . ”

തടിക്ക് കയ്യും കൊടുത്തിരിക്കുന്ന ഗിരിയുടെ ചുമലിൽ തട്ടി ആദി ചോദിച്ചു . ഒരു കുന്നു ഫയൽ കൂട്ടിയിട്ടിട്ടുണ്ട് മുന്നിൽ. ഗിരി ആദിയെ ഒന്നു നോക്കിയെങ്കിലും മിണ്ടിയില്ല.

“ഹ പറയ് ഗിരി .എന്താ പ്രശ്നം ?
കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. പറയാൻ പറ്റുമെങ്കിൽ പറ. ഒന്നുല്ലെങ്കിലും നമ്മള് ചങ്ക്സല്ലേടാ ”

ഗിരിയും ആദിയും സമപ്രായക്കാരാണെങ്കിലും ഗിരി അൽപം പഴഞ്ചനാണ് .ചെറിയ കാര്യം മതി ടെൻഷനടിക്കാൻ .

ആദിയാണവന്റെ കൂട്ട് എല്ലാ പ്രശ്നങ്ങളുo നിസ്സാരമാക്കി പരിഹരിച്ചു കൊടുക്കും. ഗിരിയും രേണുവും പ്രണയിച്ച് വിവാഹം കഴിച്ചിട്ട് അധികമായിട്ടില്ല.

വീട്ടുകാരുടെ എതിർപ്പൊക്കെ നിസാരമാക്കി അവരെ ഒരുമിപ്പിച്ചത് ആദി ഒരാളായിരുന്നു .അതു കൊണ്ടിപ്പൊ വീട്ടിൽ നിന്നും പുറത്തായി . ഓഫീസിനടുത്തുള്ള ഒരു വീട് വാടകക്കെടുത്ത് രണ്ടാളും ജീവിതം തുടങ്ങി.

ആദ്യമൊക്കെ ഗിരിക്ക് വലിയ പ്രയാസമായിരുന്നു. അമ്മയേയും വീടും ഒക്കെ ഉപേക്ഷിച്ചു പോന്നതില് .

പക്ഷെ രേണുവിന്റെ സ്നേഹത്തിന് മുന്നിൽ അവൻ അതൊക്കെ മറക്കാൻ ശ്രമിച്ചു .കൂടെ ആദിയുടെ കട്ട സപ്പോർട്ടും .

“പക്ഷെ ഈയിടെയായി രേണുവിനെന്തോ ഒരു മാറ്റം . എന്താന്ന് പറഞ്ഞു തരാനെനിക്ക് അറിയില്ല. പക്ഷെ ആദ്യത്തെ പോലെ അല്ലെടാ ആദി . അവൾ .. അവളെന്തോ എന്നിൽ നിന്ന് മറച്ചുവെക്കാൻ ശ്രമിക്കുന്ന പോലെ… ”

” ഛെ .. എന്ത് .ഒക്കെ നിന്റെ തോന്നലാണ് .. ”

“അതല്ലടാ.. എന്തോ . ഒന്നും പറയുന്നില്ല ചോദിച്ചപ്പോൾ . ആദ്യമൊക്കെ ഫോൺ വിളിച്ച് സ്വൈരം തരാത്തവളാ. എവിടെയാ ഗിരിയേട്ടാ ഫുഡ് കഴിച്ചോ ഒന്നു വിളിക്ക് എനിക്ക് കാണണം എന്നൊക്കെ പറഞ്ഞ് .

ഇപ്പൊ ഒന്നുമില്ലെടാ . വിളിയില്ല മെസ്സേ ജില്ല അന്വേഷണമില്ല . രാവിലെ ഞാനിങ്ങ് പോരുന്നതല്ലേ.

വൈകിട്ട് ചെന്നാൽ മാത്രമേ ഇപ്പൊ സംസാരമുള്ളൂ ..” ” നിന്നോടുള്ള പെരുമാറ്റം എങ്ങിനെയാ ?”

“അടുത്തുള്ളപ്പോൾ സ്നേഹത്തിന് ഒരു കുറവുമില്ല .പക്ഷെ ഞാൻ പോന്നു കഴിഞ്ഞാൽ അവളെന്നെ മറന്നതു പോലെയാ. അതെനിക്ക് സഹിക്കാൻ കഴിയുന്നില്ലെ ടാ .”

വേദനയോടെ ഗിരി ആദിയെ നോക്കി .
സംഗതി അൽപം സീരിയസാണെന്ന് ആദിക്കും ബോധ്യമായി .

എന്നാലും എന്തായിരിക്കും രേണു മറച്ചുവെക്കുന്ന രഹസ്യം . അതും ജീവിനു തുല്യം സ്നേഹിക്കുന്ന ഗിരിയിൽ നിന്നും. അവൾക്ക് വേറെ ആരോടെങ്കിലും ……. ഹെയ് ഛെ ഛെ അങ്ങിനൊന്നും ഉണ്ടാവില്ല .

“ദൈവമേ അങ്ങിനൊന്നും ഉണ്ടാവാതിരിക്കട്ടെ . എല്ലാത്തിനുo കൂട്ട് നിന്ന എന്നെ തന്നെ അവൻ ആദ്യം കൊ ല്ലും .”

“എന്താ എന്താ നീ പറഞ്ഞത്. കൊ ല്ലു മെന്നോ? ആരെ ?”

” അ … അതൊന്നുല്ല . ടാ ഗിരി എല്ലാം നിനക്ക് വെറുതെ തോന്നുന്നതാ ”

“ടാ രഹസ്യമൊന്നുമില്ലാഞ്ഞിട്ടാണോ അവൾ വാതിലുമടച്ച് ഏറെ നേരം അതിനകത്തിരിക്കുന്നത് . ഇനിയിപ്പൊ ആ സത്യം കൂടി ഞാനങ്ങ് പറയാം”

“എന്ത് സത്യം ?” ആദി സംശയത്തോടെ ചോദിച്ചു.

“ഒരിക്കൽ ഏറെ നേരം തട്ടി വിളിച്ചിട്ടും അവൾ വാതിലു തൊറന്നില്ല . അവസാനം ദേഷ്യപ്പെട്ട് ചീത്ത വിളിച്ചപ്പോഴാ വാതില് തുറന്നത് .
ഡ്രസ്സൊക്കെ ആകെ അലങ്കോലപ്പെട്ട് വിയർത്തു കുളിച്ച് നിൽക്കുന്നു ”

എന്താടീ ന്നു ചോദിച്ചപ്പോ ഒന്നുല്ലെന്ന് കിതപ്പോടെ പറഞ്ഞ് ഒരു പോക്ക് ”

“അതിനെന്താ. ചിലപ്പോൾ ഉറങ്ങിപോയതാരിക്കും. ആട്ടെ രേണുവിന്റെ കയ്യിൽ ഫോണുണ്ടായിരുന്നോ ”

“ആ ആ ഉണ്ടായിരുന്നു . എപ്പോ നോക്കിയാലും കയ്യിൽ ഫോണുണ്ടാവാറുണ്ട്. എനിക്ക് ഒരു സമാധാനവും ഇല്ലാ ആദി. ”

ആദിയുടെ ഉള്ളിലെ ഷെർലക് ഹോംസ് ഉണർന്നു .

“നീ അവൾ ഓൺലൈനിൽ വരുന്നതും പോവുന്നതുമൊക്കെ ശ്രദ്ധിക്കാറുണ്ടോ?”

“ഈയിടെയായി അവളെപ്പോഴും ഓൺലൈനിൽ ഉണ്ടാകാറുണ് . തനിച്ചല്ലേ വല്ല വീഡിയോ സിനിമയോ കാണുന്നതായിരിക്കാം. ”

“അങ്ങനെ കരുതാൻ വരട്ടെ. ഓൺലൈൻ ഉള്ളപ്പോ നീ അവൾക്ക് മെസ്സേജ് ചെയ്യാറുണ്ടോ?”

“ഉണ്ടെടാ . പെട്ടെന്ന് തന്നെ റിപ്ലെയും തരും .”

“അതു കൊണ്ട് കാര്യമില്ല .പറയുന്നത് കേട്ട് നീ വിഷമിക്കരുത് . അവൾക്കൊരു കാമുകനുണ്ട് . അതാണവൾ നിനക്ക് മെസ്സേജ് അയക്കുന്നില്ലെങ്കിലും എപ്പോഴും ഓൺലൈനിൽ ഉണ്ടാകുന്നത്.

ടാ ഗിരീ നീ നല്ലോണം സൂക്ഷിക്കണം . ഈ പെണ്ണുങ്ങൾടെ മനസ് എപ്പോഴാ മാറി മറിയുക എന്നറിയില്ല . ചിലപ്പോൾ കൊ ല്ലാ ൻ പോലും മടിക്കില്ല .”

ഗിരി ഞെട്ടിയെഴുന്നേറ്റു പോയി .

“ന്തു വർത്തമാനാടാ നീയീ പറയുന്നത് .? എന്റെ രേണുന് വേറെ കാമുകനോ?
അവൾ ഓൺലൈനിൽ ഉണ്ടെങ്കിലും എപ്പോ ഞാൻ മെസേജ് അയച്ചാലും മറുപടി തരുന്നതോ .?”

“അത് അവൾ അവനുമായി ഫോണിൽ സംസാരിക്കുമ്പോഴും മറുപടി തരാമല്ലോ? നീയിത്ര പാവമാകരുത് .

ഒരു കാര്യം ചെയ്യണം. അവളെ ഇടക്കിടക്ക് വിളിച്ചോണ്ടിരിക്കണം. വീട്ടിൽ പോയാൽ അവളുടെ ഓരോ നീക്കവും ശ്രദ്ധിക്കണം.

അവളുടെ മൊബൈൽ എടുത്തു call ലിസ്റ്റും വാട്ട്സപ്പ് മെസ്സേജുകളും നോക്കണം. പഠിച്ച കളളിയാണെങ്കിൽ അവളതൊക്കെ ഡിലീറ്റ് ചെയ്തിട്ടുണ്ടാവും. എന്നാലും നിന്റെ അന്വേഷണം അവസാനിപ്പിക്കരുത് . ”

എല്ലാം കേട്ട് സ്തബ്ധനായി ഗിരി . ജീവിതം തകർന്നു പോയതുപോലെ കസേരയിലേക്കവൻ തളർന്നിരുന്നു .

തന്റെ കണ്ടുപിടിത്തവും വിശദീകരണവും കുറച്ച് ഓവറായിപ്പോയെന്ന്‌ ആദിക്ക് തോന്നാതിരുന്നില്ല. എങ്കിലും വലിയൊരു കണ്ടുപിടിത്തം നടത്തി ഗിരിയുടെ സംശയം തീർത്തു കൊടുത്തതിൽ അവൻ സ്വയം അഭിമാനം കൊണ്ടു .

” നീ വിഷമിച്ചിരുന്നത് കൊണ്ട് കാര്യമില്ല . ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യണം . നീയാ മൊബൈലെടുത്ത് രേണു ഓൺലൈൻ ഉണ്ടോന്നു നോക്കിയേ ”

ഗിരി മൊബൈലെടുത്തു നോക്കി .

My heart .online ..

‘ഉണ്ടെടാ ”

“ഉം എന്തേലും അയക്ക് ”

“ഹായ് മുത്തേ എന്തു ചെയ്യുവാ ? ” ഒരു സെക്കന്റിനുള്ളിൽ റിപ്ലൈവന്നു .

“ചുമ്മാ ഇരിക്കുവാ ചക്കരേ ”

ഇപ്പോ എന്തായി എന്ന മട്ടിൽ ഗിരി ആദിയെ നോക്കി .

“ഹം അവൾ പഠിച്ച കള്ളി തന്നെ. നീയേയ് വാട്ട്സാപ്പിൽ കാൾ ചെയ്യ് .” ആദ്യത്തെ ബെല്ലിന് തന്നെയവൾ ഫോണെടുത്തു .

“എന്താ ഏട്ടാ.”

“ഒന്നുല്ല വെറുതെ വിളിച്ചതാ. നീ എന്താ ചെയ്യുന്നത്? ”

“ഇതല്ലേ മെസ്സേജ് ചെയ്തു ചോദിച്ചത്? ചുമ്മാ ഇരിക്കുവാ . ഇന്ന് കഴിക്കാൻ വരുന്നുണ്ടോ? ”

ഇല്ലല്ലാ ഒരുപാട് വർക്ക്‌ പെന്റിങ് ആണ്. എങ്കിൽ ശെരി. ഞാൻ വെക്കട്ടെ ”

” ഓക്കേ.. ലവ് യു ”

“ഇനി ഇതിൽ കൂടുതൽ ന്താ വേണ്ടത് ആദീ? എല്ലാം എന്റെ സംശയം മാത്രമാണ്. എന്റെ രേണു അവൾക്കെന്നെ ചതിക്കാനൊന്നും പറ്റില്ലെടാ. ”

“ശരിയാണ്. ഒക്കെ നിന്റെ തോന്നലാണ്.”

“എനിക്ക് ഇപ്പോൾ അവളെ കാണണം. ഞാൻ പോയിട്ട് വരാം. നീ ഒന്നു മാനേജ് ചെയ്യണം. ലഞ്ച് അവളോടൊപ്പം കഴിക്കണം.. ”

“നീ വരില്ലെന്ന് പറഞ്ഞല്ലോ ”

“അത് സാരല്ല. ഇപ്പോ എനിക്ക് കാണണമെന്ന് വല്ലാത്ത ആഗ്രഹം. ഞാൻ പോയേച്ചും വരാം. ”

ഗിരി പോകുന്നതും നോക്കി ആദി നിന്നു. പോകുന്ന വഴിക്ക് രേണുനു ഇഷ്ടപ്പെട്ട സ്വീട്സ് വാങ്ങാനും അവൻ മറന്നില്ല.

വണ്ടി മുറ്റത്തു വന്നു നിന്നിട്ടും അവളെ പുറത്തേക്കു കണ്ടില്ല. വരില്ലെന്ന് പറഞ്ഞോണ്ട് ഉറങ്ങുവാരിക്കും.

രണ്ടു മൂന്നു വട്ടം ബെൽ അടിച്ചെങ്കിലും വാതിൽ തുറന്നില്ല. വീടിന്റെ പിന്നാമ്പുറത്തേക്ക് നടന്ന ഗിരി ബെഡ് റൂമിലെ രേണുവിന്റെ അടക്കിപിടിച്ച സംസാരം കേട്ട് സ്‌തബ്ദനായി നിന്നു പോയി.

കയ്യിലിരുന്ന മിട്ടായി പാക്കറ്റ് നിലത്തേക്ക് ഊർന്നുവീണു.. വീട്ടിലേക്ക് പോയ ഗിരി അതിനേക്കാൾ വേഗത്തിൽ തിരിച്ചു വരുന്നതു കണ്ട ആദി അമ്പരന്നു .

“അല്ല ഇതെന്തു പറ്റി. മുഖമൊക്കെ വല്ലാതെ. രേണു വീട്ടിലില്ലേ…?”

വേദനയോടെ ആദിയെ ഒന്നു നോക്കി അവൻ തല താഴ്ത്തിയിരുന്നു . ബലമായി അവന്റെ മുഖം പിടിച്ചുയർത്തി നോക്കിയ ആദിക്ക് സഹിക്കാനായില്ല .
നിറയുന്ന കണ്ണുകളും വിതുമ്പുന്ന ചുണ്ടുകളും .

“ശെ എന്താ നീ കരയാ ? അതിനു മാത്രം എന്താ ഉണ്ടായത് ?”

“അവൾ അവളെന്നെ ചതിച്ചെടാ .
അവൾക്ക് മറ്റാരോ ഉണ്ട് .എന്നേക്കാൾ സ്നേഹിക്കുന്ന മറ്റാരോ . എന്റെ സംശയം മാത്രമാണെന്ന് കരുതി സന്തോഷിച്ചു .പക്ഷെ നേരിട്ട് കാണുമ്പോൾ വിശ്വസിക്കാതെന്തു ചെയ്യും ”

“അതിനിപ്പൊ നീ എന്താ കണ്ടത് .?”

ഗിരി സംഭവിച്ചതു മുഴുവൻ വിവരിച്ചു .

“എന്നിട്ട് നീ അതും കേട്ട് ഇങ്ങ് പോന്നു അല്ലേ ? ”

“പിന്നെന്തു വേണം രണ്ടു പേരുടേയും മുന്നിൽ ചെന്ന് ഒരു കോമാളിയാകണമായിരുന്നോ ?”

“വേണം ഗിരീ.. ചില കാര്യങ്ങൾ നേരിട്ട് കാണണം. സ്വന്തം ചെവികൾ പോലും നമ്മെ വഞ്ചിച്ചെന്നു വരാം . മുറിയിൽ സംസാരം കേട്ടപ്പോൾ തന്നെ നീ കടന്നു ചെല്ലണമായിരുന്നു കയ്യോടെ പിടിക്കണം.

ഇനി നീ തർക്കിച്ചാലും അവൾക്ക് നിഷ്പ്രയാസം വാദിച്ചു ജയിക്കാൻ പറ്റും. കാരണം നിന്റെ കയ്യിൽ തെളിവില്ല.

“ഇല്ല ആദി .ഞാനൊന്നിനും തടസ്സമാവില്ല . എല്ലാം ഉപേക്ഷിച്ച് അവൾക്ക് വേണ്ടി ജീവിച്ച എനിക്ക് ഇനി അവൾടെ സന്തോഷത്തിന് വേണ്ടി ഒഴിഞ്ഞു കൊടുക്കാനും തയ്യാറാണ് . ”

പറഞ്ഞു കഴിഞ്ഞതും ഗിരി ആദിയെ കെട്ടിപ്പിടിച്ചു കരഞ്ഞു പോയി.. .

“വന്നപ്പൊ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു. ചേട്ടനിതെന്തു പറ്റി . ഓഫീസിൽ വല്ല പ്രശ്നവുമുണ്ടോ? മുഖമൊക്കെ ആകെ വാടിയിരിക്കുന്നു. എന്തു പറ്റി എന്റെ മുത്തിന് …? ”

രേണു ഗിരിയെ ചുറ്റിപ്പിടിച്ചു നെറ്റിയിൽ ചുണ്ടുകളമർത്തി. കഴുത്തിലൂടെ കൈകൾ ചുറ്റി അവന്റെ മുഖം തന്നിലേക്ക് അടുപ്പിച്ചു കൊണ്ടവൾ അവന്റെ ചുണ്ടുകളിൽ ചുംബിക്കാൻ മുതിർന്നു.

അവളുടെ ചൂടുള്ള നിശ്വാസം അവന്റെ മുഖത്ത് തട്ടിയപ്പോൾ ആ ചുംബനത്തിന് അവനും കൊതിച്ചു . പാടില്ല . വഞ്ചകി . തന്റെ സ്നേഹത്തിന് പുല്ലുവില കൽപ്പിക്കാത്തവൾ . ഹും എന്നിട്ടും അഭിനയം കണ്ടില്ലേ ….

ആ ഓർമ്മ വന്നതും അവൻ അവളെ തട്ടിമാറ്റി . ആ പെരുമാറ്റം രേണുവിനെ ഞെട്ടിച്ചു കളഞ്ഞു.

“എനിക്ക് ഒന്നു കുളിക്കണം. വല്ലാത്ത ക്ഷീണം ” അവളുടെ നിറഞ്ഞ മിഴിയിലെ ചോദ്യം അവൻ കണ്ടില്ലെന്നു നടിച്ചു .

രാത്രി എങ്ങനൊക്കെ ശ്രമിച്ചിട്ടും ഗിരിക്ക് ഉറക്കം വന്നതേയില്ല . തന്റെ അവഗണന രേണുവിനേയും ഉറങ്ങാൻ അനുവദിച്ചിട്ടില്ലെന്ന് അവനറിഞ്ഞു .

“ഞാൻ ഓഫീസീൽ പോവാണ് . ഇന്നലത്തേക്കാൾ തിരക്കാണിന്ന്. ഈണിന് വരാൻ പറ്റിണ്ടാവില്ല . വൈകിട്ട് നേരെത്തെ വരാൻ നോക്കാം ”

അടുക്കളയിൽ ദോശ ഉണ്ടാക്കുന്ന രേണുവിനെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മയും കൊടുത്തു ഗിരി .

“അപ്പൊ കാപ്പി ”

“വേണ്ട .ന്നാ പോട്ടെ ”

രേണുവിന് അതിശയം തോന്നി .
ഇത്ര പെട്ടെന്ന് പിണക്കവും മാറിയോ ?
അല്ല എന്തിനാവോ പിണങ്ങിയത്…

“എന്തായി . അവൾക്ക് സംശയം ഒന്നുമില്ലല്ലോ .? ”

“ഇല്ല ആദി .ഇന്നലെ എനിക്ക് കൈവിട്ട് പോയി . ഇന്ന് രാവിലെ നന്നായി അഭിനയിച്ച് തന്നെയാ പോന്നത് . സ്നേഹം അഭിനയിക്കാൻ ഭയങ്കര ബുദ്ധിമുട്ടാടാ . അപ്പൊ എത്ര ദിവസമായി അവൾ പറ്റിക്കുന്നു . കള്ളി പെരുങ്കളളി. ”

” ഉം ഇന്നത് നമ്മൾ കയ്യോടെ പിടികൂടാൻ പോകുവല്ലേ ”

“എന്താ നിന്റെ പ്ലാൻ ”

“ഇന്നും നീ തിരക്കാണെന്നു അറിഞ്ഞ അവൾ ഇന്നലത്തെ പോലെ കാമുകനെ വിളിച്ചു വരുത്താതിരിക്കില്ല. ആ സമയത്ത് നമ്മൾ നിന്റെ വീടിന്റെ പരിസരത്തുണ്ടാവണം .”

വീടിനടുത്തുള്ള മരത്തിനു പിന്നിലായി കാറിൽ കാത്തിരുന്നു. ഓരോ നിമിഷവും ഓരോ യുഗങ്ങൾ ആയിരുന്നു ഗിരിക്ക്. അവന്റെ മുഖം വലിഞ്ഞു മുറുകി..

നിമിഷങ്ങൾ മണിക്കൂറുകളായി.
സംശയിക്കുന്ന ആരും തന്നെ വീട്ടിലേക്ക് വന്നതുമില്ല പോയതുമില്ല .
സമയം നീങ്ങുംതോറും ഗിരിയുടെ ടെൻഷൻ കുറഞ്ഞു വന്നു

എല്ലാം തന്റെ വെറും തോന്നലുകൾ ആയിരിക്കാം .

” നീ വന്നേ .നമുക്ക് പോയി നോക്കാം .”
ആദി അവനേയും കൊണ്ട് വീട്ടിലേക്ക് ചെന്നു. വാതിൽ അടഞ്ഞുകിടന്നു . ശബ്ദമുണ്ടാക്കാതെ റൂമിന് പിന്നിലേക്ക് നടന്നു .

ആദിക്ക് ഗിരിയുടെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല. മുറിയിൽ നിന്നും രേണുവിന്റെ കിതപ്പിന്റെ ശബ്ദം .
ഇടക്ക് കരയുന്നുമുണ്ട്.

ഗിരി ശക്തിയറ്റ് താഴേക്കിരുന്നു . മുഖം സ്വന്തം കൈകളിൽ താങ്ങി അവന്റെ ആ ഇരിപ്പുകണ്ട ആദിയുടെ കണ്ണുകളിൽ കനലെരിഞ്ഞു . അവൻ ഗിരിയുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു .

ശബ്ദമുണ്ടാക്കാതെ അടുക്കള വാതിൽ തുറന്ന് അകത്ത് കയറുമ്പോൾ ആദി ദേഷ്യം കൊണ്ട് അന്ധനായിപ്പോയിരുന്നു. ഗിരിയാകട്ടെ മരപ്പാവ കണക്കെയും ..

അടഞ്ഞ വാതിലിന് പുറത്ത് നിന്നപ്പോൾ ആദി ഗിരിയെ ഒന്നു നോക്കി .

“അകത്ത് എന്ത് കാഴ്ച കണ്ടാലും നിന്നെയത് ബാധിക്കരുത് . അവൾ നിന്നെ എപ്പൊ ചതിക്കാൻ ചിന്തിച്ചു തുടങ്ങിയോ അന്നേ അവൾ മ രിച്ചു.”

ഗിരി തല താഴ്ത്തി.

വലിയൊരു ശബ്ദത്തോടെ വാതിൽ ചവുട്ടി തുറന്നു വന്ന ആദിയെ രേണുക അന്തം വിട്ടു നോക്കി .

മുറിയിലെ കാഴ്ചകൾതെളിഞ്ഞുസമയം വേണ്ടി വന്നു ആദിക്ക്…. പിന്നാലെ മുറിയിലേക്ക് കയറിവന്ന ഗിരിയും സ്തംഭിച്ചു നിന്നു.

മുടിയൊക്കെ പാറി പറന്നു മുഖത്ത് കരിയൊക്കെ വാരിത്തേച്ച് ഒരു രൂപം . അത് തന്റെ രേണുവാണെന്ന് മനസിലാക്കാൻ ഗിരിക്ക് നിമിഷങ്ങൾ വേണ്ടിവന്നു .

ജനലിൽ വീഡിയോ ഓണാക്കി വെച്ചിരിക്കുന്ന ഫോണിലേക്ക് അവൻ ഒരു വിഡ്ഢിയേ പോലെ തുറിച്ചു നോക്കി .

ആദ്യത്തെ അമ്പരപ്പ് മാറിയ രേണുക അൽപം ചമ്മലോടെ അവരെ നോക്കി .

“നിങ്ങളെന്താ ഇവിടെ .? അപ്പൊ ഓഫീസിൽ പോയില്ലേ.” ഞാൻ ടി ക്ക് ടോ ക്ക് ചെയ്യുവാരുന്നു . ഫ്രണ്ട്സിന്റെ ഒക്കെ വീഡിയോ വൈറൽ ആണ് . അപ്പൊ ഞാനും …… ”

കരയണോ ചിരിക്കണോ എന്നറിയാതെ ഗിരിയും ആദിയും തലയിൽ കൈവച്ചുപോയി …

Leave a Reply

Your email address will not be published. Required fields are marked *