എനിക്ക് അല്പം സമയം വേണം, പ്രിയയെ ഭാര്യയായി കാണാൻ കഴിയുമോന്നറിയില്ല പക്ഷെ..

മണിയറയിലെ ചർച്ച
(രചന: Sunaina Sunu)

“എനിക്ക് അല്പം സമയം വേണം. പ്രിയയെ ഭാര്യയായി കാണാൻ കഴിയുമോന്നറിയില്ല. പക്ഷെ ഞാൻ ശ്രമിക്കാം. അതിനാ സമയം വേണമെന്ന് പറഞ്ഞത് ”

പാൽഗ്ലാസുമായി മണിയറയുടെ വാതിൽപ്പടിയിലേക്ക് കാൽ വെച്ച പ്രിയ ഒരു നിമിഷം സംശയിച്ചു .

ഇനി കാൽ അകത്തേക്ക് വെക്കണോ അതോ പുറത്തേക്ക് പോകണോ ?

ഒരു ഭാവഭേദവുമില്ലാതെ നിൽക്കുന്ന വരുണിനെ അവൾ ദേഷ്യത്തിൽ നോക്കി .

“എനിക്കൊരു അഫയർ ഉണ്ടായിരുന്നു .
പക്ഷെ വിധി ഞങ്ങളെ ഒന്നിക്കാൻ അനുവദിച്ചില്ല . ഇപ്പോഴും എനിക്കവളെ മറക്കാൻ കഴിഞ്ഞിട്ടില്ല .”

അകത്തേക്ക് വെച്ച കാൽ എടുത്ത് അയാളുടെ മുഖത്തേക്ക് ഒരു ചവിട്ട് കൊടുത്താലോ ?

പെണ്ണ് കാണാൻ വന്നപ്പോ ഇങ്ങേരുടെ വായ്ക്കകത്ത് പഴം പുഴുങ്ങി വെച്ചിരിക്കുവാരുന്നോ .

എത്ര ദിവസം ഉണ്ടായിരുന്നു കല്യാണത്തിന് അപ്പോഴൊന്നും പറയാതെ പുതിയൊരു ജീവിതം സ്വപ്നം കണ്ട് വന്ന എന്നെ എറിയാൻ കാത്തു വെച്ചതായിരുന്നോ….

“ഞാനിപ്പൊ എന്താ വേണ്ടത് .? തിരിച്ചു പോവണോ ?”

”ഹേയ് വേണ്ട പ്രിയ അകത്തേക്ക് വരൂ .ഈ കാര്യം വേറാരും അറിയുകയും വേണ്ട .”

പ്രിയ പാൽഗ്ലാസ്മായി വരുണിനടുത്തേക്ക് ചെന്നു . ഗ്ലാസ് എടുക്കാൻ വരുൺ തുനിഞ്ഞെങ്കിലും പ്രിയ പെട്ടെന്ന് മാറി.

പിന്നേ പാല് കുടിക്കാത്ത കുറവേയുള്ളൂ ദുഷ്ടൻ….

തുള്ളി പോലും ബാക്കി വെക്കാതെ അവളതു മുഴുവൻ കുടിക്കുന്നതും നോക്കി വരുൺ അമ്പരന്നു നിന്നു .

അൽപം ഉച്ചത്തിൽ ഏമ്പക്കം വിട്ടു..

‘അവൾ എന്നെ ഒന്നാക്കിയതാണോ ….? ‘

ഒഴിഞ്ഞ ഗ്ലാസ് മേശമേൽ ശബ്ദത്തോടെ വെക്കുമ്പോൾ അവൾ അവനെ നോക്കി .

“അയ്യോ ചേട്ടന് വേണമായിരുന്നോ .? പറയണ്ടെ . ഞാൻ കൊണ്ടുവന്നതല്ലേ ചേട്ടൻ കുടക്കില്ലെന്ന് കരുതി ”

“ഹം വേണ്ട .അല്ലേലും പാല് എനിക്കിഷ്ടമില്ല . അതു വിട് .ഞാൻ എന്റെ കാര്യം പറഞ്ഞു .

വിഷമമൊന്നും തോന്നരുത് .
പ്രിയക്കും ഉണ്ടെങ്കിൽ പറഞ്ഞോളൂ . എനിക്ക് മനസ്സിലാക്കാൻ പറ്റും ”

അവൾ വരുണിനെ ഒന്നു നോക്കുക മാത്രം ചെയ്തു .

“മടിക്കണ്ട പറഞ്ഞോ. എനിക്കിതൊക്കെ മനസിലാവും. എന്റെ കാര്യം ഞാൻ തുറന്നു പറഞ്ഞില്ലേ പിന്നെന്താ.

പ്രേമം ഇല്ലാരുന്നുന്നൊന്നും പറയണ്ട. അത് ഞാൻ വിശ്വസിക്കില്ല. ധൈര്യായിട്ട് പറ ”

“അത്… ഞാൻ.. എങ്ങിനെ പറയുംന്ന് കരുതി ഇരിക്ക്യാരുന്നു. ചേട്ടൻ ഇത്രേം പറഞ്ഞ സ്ഥിതിക്ക് ഞാനും തുറന്നു പറഞ്ഞില്ലെങ്കിൽ മോശമല്ലേ.. ”

അവളൊന്നു നിർത്തി വരുണിനെ നോക്കി.

“ഞാൻ ഏഴ് വർഷമായി ഒരാളെ സ്നേഹിക്കുന്നു. സ്നേഹിച്ചയാളെ മറക്കാൻ കഴിയില്ലെന്ന് ചേട്ടനും അറിയാമല്ലോ.

എല്ലാം അറിയുന്ന ചേട്ടൻ എന്നെ സഹായിക്കുമെന്നാണ് എന്റെ വിശ്വാസം ”

“എങ്ങിനെ? ” അവന്റെ ശബ്ദം മുറുകിയിരുന്നു .

“ഞങ്ങൾക്ക് പിരിയാൻ കഴിയില്ല ചേട്ടാ . അതു കൊണ്ട് എന്നെ കൊണ്ടുപോകാൻ മഹിയേട്ടൻ പുറത്തു വണ്ടിയുമായി കാത്തു നിൽക്കാന്നു പറഞ്ഞിട്ടുണ്ട് .

ചേട്ടൻ എന്നെ പോകാനനുവദിക്കണം . അനുവദിക്കില്ലേ….. ”

കൈകൾ കൂപ്പി അവളുടെ നിൽപ്പ് കണ്ട വരുൺ അറിയാതെ കിടക്കയിൽ നിന്നെഴുന്നേറ്റു പോയി .

അവളുടെ യാചന അവനിൽ ദേഷ്യമാണ് ഉണ്ടാക്കിയത് . അവൻ അവൾക്ക് നേരെ പാഞ്ഞടുത്തു കൊണ്ട് ചീറി .

” എടീ …. വഞ്ചകീ … നീയെന്റെ ജീവിതം തകർത്തു . കല്യാണം വരെ എത്തിക്കാതെ നിനക്കിത് ആദ്യമേ ചെയ്യാരുന്നില്ലേ ?

എല്ലാരുടേയും മുന്നിൽ നാണം കെടുത്താൻ മാത്രം എന്തു തെറ്റാടീ ഞാൻ നിന്നോട് ചെയ്തത് .?”

“ശ്ശൊ ചേട്ടാ പതുക്കെ .വല്ലോരും കേൾക്കും ”

” കേൾക്കട്ടെ ടീ വലതു കാലും വെച്ച് കയറി വന്നത് ഒരു മൂധേവിയാണെന്ന് എല്ലാവരും അറിയട്ടെ ടീ .”

“എനിക്കറിയാത്തോണ്ട് ചോദിക്കാ ഞാനെന്തു തെറ്റു ചെയ്തു ?”

“നിനക്കറിയില്ലേ ടീ എന്താ ചെയ്തതെന്ന്?

അഗ്നിസാക്ഷിയായി താലികെട്ടിയ പുരുഷനെ മറന്ന് ആദ്യ രാത്രി വേലി ചാടാൻ നിൽക്കുന്ന നീയൊക്കെ ഒരു പെണ്ണാണോ ടീ … ”

“ഹാ അഗ്നിസാക്ഷിയായി താലികെട്ടിയ പെണ്ണിനെ ഭാര്യയായി കാണാൻ കഴിയാത്ത ഒരുത്തനെ പുരുഷനായി പോലും ഞാൻ കണക്കാക്കുന്നില്ല “.

വരുണിന്റെ വായടഞ്ഞു പോയി. എന്തു പറയണമെന്നറിയാത്ത അവസ്ഥയിലായി..

“അത് ഞാൻ വെറുതെ… നിന്റെ മനസ്സറിയാൻ വേണ്ടി .. കൂട്ടുകാരൊക്കെ പറഞ്ഞപ്പൊ …..”

അവന്റെ മുഖം കുനിഞ്ഞു പോയി .

“നിങ്ങളൊക്കെ എന്താ കരുതിയത് പെണ്ണിനെ കുറിച്ച് . വിരലൊന്നൊടിച്ചാൽ ചാടിപ്പോകുന്നവൾ ആണോ എല്ലാ പെണ്ണുങ്ങളും .

ചിലർ അങ്ങിനെ ചെയ്യുന്നെന്ന് കരുതി എല്ലാ പെണ്ണുങ്ങളും ആ കൂട്ടത്തിൽ പെട്ടവരാണെന്നു മുൻധാരണ വെക്കുന്നതാണ് ഏറ്റവും വല്യ തെറ്റ് ”

അവൻ അവളുടെ ഭാവമാറ്റം കണ്ട് ചെറുതായി ഭയന്നു പോയിരുന്നു ..

“നിങ്ങൾ പറഞ്ഞതൊക്കെ നുണയാണെന്നറിഞ്ഞു കൊണ്ട് തന്നെയാണ് അതിലും വലിയ ബഡായി ഞാനിറക്കിയത് .

കല്യാണം ഉറപ്പിച്ചതു മുതൽ ഊണിലും ഉറക്കത്തിലും നിങ്ങൾ മാത്രമാണ് എന്റെ മനസ്സിൽ.. അത്രേം സ്‌നേഹിച്ചു ഓരോ നിമിഷവും.

എന്റെ സ്വപ്നത്തിലെ രാജകുമാരൻ എന്റെ ദൈവമായി മാറിയത് ഈ താലി ചാർത്തിയ നിമിഷം മുതലാണ്.

താലി എത്രമാത്രം പവിത്രതയുള്ളതാണെന്ന് ഒരു പെണ്ണിന് പറഞ്ഞു തരേണ്ട കാര്യമില്ല .

ഈ താലി ഞാൻ ഏറ്റുവാങ്ങിയത് എന്റെ ഹൃദയം കൊണ്ടാണ് .അത് നിലക്കുമ്പോളേ ഞാൻ നിങ്ങളെ വിട്ടു പോവുകയുള്ളൂ .”

അവളുടെ കവിളുകളെ നനച്ചു കൊണ്ട് കണ്ണീർ ചാലിട്ടൊഴുകി .

അപമാനവും പശ്ചാത്താപവും കൊണ്ട് വരുണിന്റെ ഹൃദയം നീറിപ്പിടഞ്ഞു .

ഛെ .. അവൻമാരുടെ വാക്ക് കേട്ടതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് .വേണ്ടായിരുന്നു..

അവൻ പതിയെ അവളുടെ മിഴികൾ തുടച്ചു .

“നീയെന്റെ ഭാഗ്യമാണ് മോളേ .. നിന്റെ ഈ മിഴികൾ നിറച്ചതിന് ഈ ചേട്ടനോട് പൊറുക്ക് .ഇനി ഈ കണ്ണുകൾ നിറയാൻ ഞാനനുവദിക്കില്ല .”

അവൻ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ട് ഇറുകെ പുണർന്നു ….

പെട്ടെന്ന് വാതിലിൽ തട്ടുന്ന ശബ്ദം കേട്ടു.

“ടാ വരുണേ .. എന്താടാ പ്രശ്നം കൊറെ നേരായല്ലോ തുടങ്ങീട്ട് ? നീ വാതിലു തൊറന്നേ ..”

അയ്യോ അച്ഛന്റെ ശബ്ദം…

ദേഷ്യം കൊണ്ട് സംസാരിച്ചതൊക്കെ അവർ കേട്ടു കാണുമോ ?

“അതച്ഛാ ഒന്നുമില്ല . ഞങ്ങൾ ഭാവികാര്യങ്ങൾ ഒന്നു ചർച്ച ചെയ്തതാ ?”

“ആണോ മോനേ .. എങ്കിലേയ് നിന്റെ മുറിയിൽ മാത്രം കേൾക്കുന്നതരത്തിലുള്ള ചർച്ച മതി . വീട്ടുകാരെ ഉൾപ്പെടുത്തി ചാനൽ ചർച്ച ആക്കണ്ടന്ന്. മനസ്സിലായോ ..”

ശ്ശോ മാനം പോയിക്കിട്ടി ..

” ശരിയച്ഛാ . അച്ഛൻ പൊയ്ക്കോളൂ . ഗുഡ് നൈറ്റ് അച്ഛാ ”

ഊം… ഉവ്വുവ്വേ …..

നീട്ടിയൊന്നു മൂളി അകന്നുപോകുന്ന കാലടികൾ കേട്ടു .

ചിരിയടക്കാൻ പാടുപെടുന്ന പ്രിയയെ നോക്കാൻ വരുണിന് ചമ്മൽ തോന്നി .

“ഏതായാലും കിട്ടാനുള്ളത് കിട്ടി . നീയിങ്ങു വന്നേ .നമുക്കെന്നാ ചർച്ച ആരംഭിച്ചാലോ ….”

അവനവളെ തന്റെ അരികത്തേക്ക് പിടിച്ചിരുത്തി കൈയെത്തിച്ചു ലൈറ്റ് കെടുത്തി ….

(ഉം ഉം പോയിം പോയിം .കഥ കഴിഞ്ഞു . മറ്റുള്ളവരുടെ ചർച്ച കാണാൻ നിക്കാതെ ..)

Leave a Reply

Your email address will not be published. Required fields are marked *