നരേന്ദ്രനുമായുള്ള ബന്ധത്തിൽ പുതിയ മുകുളങ്ങൾ വിരിയാഞ്ഞത് വേണി ഒരു ഭാഗ്യമായാണ് കണക്കാക്കിയത്, മറ്റുള്ളവരുടെ..

മഴനൂലു പോലെ
(രചന: സൃഷ്ടി)

വേണി തെക്കേ പുറത്തെ ജനാല തുറന്നിട്ടു.. അമ്മ എരിഞ്ഞടങ്ങിയതിന്റെ ശേഷിപ്പുകൾ അവശേഷിക്കുന്നു.. വല്ലാത്ത നൊമ്പരം തോന്നി.. ഇനിയാരാണ് തനിക്ക് ഉള്ളത്?? ആരുമില്ല.. ആരും.

വേണി നെടുവീർപ്പിട്ടു..

മുറിയ്ക്ക് പുറത്ത് ചർച്ചകൾ പുരോഗമിക്കുകയാണ്.. താനായിരിക്കും വിഷയം എന്നറിയാവുന്നത് കൊണ്ട് തന്നെ പുറത്തിറങ്ങാൻ തോന്നിയില്ല..

ഇനിയിങ്ങനെ അകത്തിരിക്കാനും പറ്റില്ലെന്നറിയാം.. അതിന്റെ സൂചനകൾ മുൻപേ കിട്ടിതുടങ്ങിയിരുന്നു.. ഇനി ഇതുവരെ ഉണ്ടായിരുന്ന അമ്മതണൽ കൂടി പോയ സ്ഥിതിയ്ക്ക്..!

” വേണീ… ”

ചിന്തകളെ കീറിമുറിച്ചു കൊണ്ട് അമ്മാവന്റെ വിളി വന്നപ്പോൾ അവൾ പുറത്തേക്ക് നടന്നു..

” എന്തായാലും വേണിയെ ഒറ്റയ്ക്കിനി ഇവിടെ നിർത്താൻ വയ്യല്ലോ.. അവള് എന്റെ കൂടെ തറവാട്ടിലേക്ക് വന്നോട്ടെ.. അവിടെ ഞാനും ദേവകിയും മാത്രല്ലേ ഉള്ളൂ ”

അമ്മാവൻ വലിയൊരു കാര്യമെന്ന പോലെ പറഞ്ഞു.. അത് കേട്ടപ്പോൾ ചിരി വന്നു.. അമ്മാവനും അമ്മായിയ്ക്കും അങ്ങനെ എളുപ്പത്തിൽ ശമ്പളം കൊടുക്കേണ്ടാത്ത ഒരു ഹോംനഴ്സ് ആയി!

” അതൊന്നും വേണ്ട അമ്മാവാ.. ഓപ്പോള് എന്റെ കൂടെ ചെന്നൈലേക്ക് വന്നോട്ടെ.. ഞാൻ കൊണ്ടു പോയിക്കോളാം ”

അനിയൻ വിനു ഓപ്പോൾ എന്ന് വിളിക്കുന്നത് കേട്ടപ്പോൾ വേണിയുടെ കണ്ണ് നിറഞ്ഞു പോയി.. കുറേ കാലമായി അവൻ അവളുടെ നേർക്ക് നോക്കാറ് പോലും ഉണ്ടായിരുന്നില്ല..

അവന്റെ സൗഭാഗ്യങ്ങൾ തട്ടിയെടുക്കാൻ വന്നൊരു ശത്രുവിനെ പോലെയാണ് അവളെ കണ്ടിരുന്നത്.. അവന്റെ ഭാര്യയുടെ മുഖത്തെ തെളിച്ചം കണ്ടാൽ അറിയാം.. അവർക്കിനി കുഞ്ഞിനെ നോക്കാൻ പുറത്തു നിന്നൊരു ആയ വേണ്ടെന്ന സന്തോഷമാണ്..

ആയയായി വരുന്ന തമിഴത്തിയ്ക്ക് കൊടുക്കുന്ന പൈസയുടെ കണക്ക് അവൾ ഇടയ്ക്കിടെ പതം പറയാറുണ്ട്.. അല്ലെങ്കിലും അവൾക്കെന്നും ഇല്ലായ്മയുടെ കണക്കുകളെ ഉള്ളൂ.. എത്ര ഉണ്ടായാലും ഇല്ലെന്നു ഭാവിക്കുന്നവളാണ്..

” അതെയതെ.. അവിടെ ഞങ്ങളുടെ കൂടെ ആകുമ്പോൾ ഉണ്ണിക്കുട്ടൻ ഉള്ളത് കൊണ്ട് ചേച്ചിയ്ക്ക് ബോറടിക്കില്ലല്ലോ.. അവനാണെങ്കിൽ മേമയെ അത്രയും ഇഷ്ടാണ് ”

അനിയന്റെ ഭാര്യ ഗായത്രി ഒന്നുകൂടി കേറ്റി പിടിച്ചു..

അപ്പോൾ ഈ ദോഷജാതകക്കാരിയുടെ ദോഷങ്ങൾ കുഞ്ഞിനെ ബാധിക്കില്ലേ എന്നുറക്കെ ചോദിക്കണം എന്നുണ്ടായിരുന്നു വേണിയ്ക്ക് .. പക്ഷേ അവൾ മിണ്ടിയില്ല..

” അല്ലാ വിനൂ.. അപ്പോൾ വീടെന്ത് ചെയ്യും?”

” വീട് തല്ക്കാലം അടച്ചിടാം.. പിന്നെ പറ്റിയ വാടകക്കാർ ഉണ്ടെങ്കിൽ കൊടുക്കാം ”

ചർച്ച അവസാനിപ്പിച്ചു കൊണ്ട് വിനു എണീറ്റ് പോയി.. പിന്നാലെ ഗായത്രിയും.. അമ്മാവൻ തന്നെ ഒന്നുകൂടി നോക്കിയ ശേഷം ഇറങ്ങിപ്പോയി.. വിചാരിച്ച കാര്യം നടക്കാത്തതിന്റെ സങ്കടം കാണും..

തനിച്ചായപ്പോൾ മെല്ലെ മുറ്റത്തേക്കിറങ്ങി.. മുറ്റത്തെ ചെമ്പകച്ചുവട്ടിൽ വെറുതെ നിന്നു.. വീണുകിടന്ന ഒരു ചെമ്പകപ്പൂവ് കയ്യിലെടുത്തു തലോടുമ്പോൾ ഓർമകളുടെ സുഗന്ധം പരന്നു തുടങ്ങിയിരുന്നു..

സുഗന്ധങ്ങളെ തച്ചെറിഞ്ഞു കൊടുങ്കാറ്റ് പോലെ അച്ഛന്റെ ശബ്ദം ഓർമയിൽ തെളിഞ്ഞപ്പോൾ വേണി കണ്ണുകൾ ഇറുക്കിയടച്ചു..

നാട്ടിലെ പേരുകേട്ട നായർ കുടുംബമായിരുന്നു കളത്തൊടിയിൽ..  പ്രതാപശാലികളായ അച്ഛനും അമ്മാവന്മാരും..

അടിച്ചമർത്തപ്പെട്ട  താനുൾപ്പെടെയുള്ള കുറേ പെണ്ണുങ്ങളും.. എന്നിട്ടും കൗമാരത്തിന്റെ നിറങ്ങളിൽ പ്രണയത്തിന്റെ ചുവപ്പ് പടർന്നു..

തറവാട്ടിലെ പണിക്കാരനായ ശങ്കരന്റെ മകൻ ബാലൻ.. .. ഒരേ സ്കൂളിൽ ആയിരുന്നു തങ്ങൾ.. ബാലേട്ടൻ പഠിത്തത്തിൽ മുൻപിൽ ആയിരുന്നു . അതുകൊണ്ട് തന്നെ അമ്മയ്ക്ക് ഒരു പ്രത്യേക സ്നേഹമായിരുന്നു..

ഇടയ്ക്കൊക്കെ ഒഴിവു ദിവസങ്ങളിൽ അച്ഛന്റെ കൂടെ വീട്ടിലേക്ക് വരും. അച്ഛനെ സഹായിക്കും..

” നല്ല മോനാ അവൻ.. നന്നായി വരും ”

അമ്മ മനസ്സ് നിറഞ്ഞു കേൾക്കുന്നത് പലകുറി കേട്ടിട്ടുണ്ട്.. അച്ഛന്റെയും അമ്മാവന്മാരുടെയും അഹങ്കാരവും അധികാരവും ചെറുപ്പത്തിലേ പകർത്തി അമ്മയെ വില വെക്കാത്ത വിനുവിനെ നോക്കി അമ്മ നെടുവീർപ്പിടും..

മെല്ലെമെല്ലെയാണ് വേണി ബാലനെ ശ്രദ്ദിച്ചു തുടങ്ങിയത്.. എന്നുതൊട്ടാണ് ബാലേട്ടനോട് ഇഷ്ടം തോന്നിയത് എന്നറിയില്ല.. പക്ഷേ ഇഷ്ടമായിരുന്നു.. ഒരുപാടൊരുപാട്..

ബാലേട്ടന്റെ ചിരി.. പതിഞ്ഞ സംസാരം.. കുസൃതി ഒളിപ്പിച്ച ചെറിയ കണ്ണുകൾ.. എല്ലാം ഇഷ്ടമായിരുന്നു..

” ബാലേട്ടാ.. ”

അവൾ നീട്ടി വിളിക്കുമ്പോൾ അവൻ പരിഭ്രമത്തോടെ തിരുത്തും..

” ഏട്ടനൊന്നും വേണ്ട.. ”

അവൾ കേൾക്കില്ല.. മറ്റാരോടും കാണിക്കാത്ത കുറുമ്പും വാശിയും അവനോട് കാണിച്ചിരുന്നു.. അവളെ നോക്കാത്ത നേരം..

അവളോട് മിണ്ടാത്ത നേരം.. അവൾ പിണങ്ങിയിരുന്നു.. പരിഭവം പറഞ്ഞു.. വെച്ചു നീട്ടുന്ന സ്നേഹത്തെ എത്രനാൾ അവഗണിയ്ക്കും? അവനും അവളെ സ്നേഹിച്ചു..

ഒന്നിന് പത്തെന്ന പോലെ.. അവൾ കൊടുത്ത സ്നേഹമൊക്കെ ഒരു കടലോളം അവൻ തിരിച്ചു നൽകി.. ആരും അറിയാതെ.. കാണാതെ.. ഇരുഹൃദയങ്ങളിൽ മാത്രം നിറഞ്ഞു കവിഞ്ഞ ഒരു പ്രണയ നദി..

കാലം മാറിയപ്പോൾ ഇരുവരും യുവാക്കളായി.. ബാലൻ അധ്യാപനമെന്ന വഴി തെരഞ്ഞെടുത്തു.. നാട്ടിലെ പലരുടെയും സഹായത്താലും മറ്റും അവൻ പഠിച്ചു..

പിന്നെ പാർട്ട്‌ ടൈം ആയി ട്യൂഷൻ എടുത്തും അവൻ പഠിത്തം തുടർന്നപ്പോൾ തീ യൻ ചെറുക്കന്റെ അഹങ്കാരമെന്ന് തന്റെ വീട്ടുകാർ പരിഹസിക്കുന്നത് വേണി ഉള്ളിൽ നുരഞ്ഞ ദേഷ്യത്തോടെ കണ്ടു..

ഒരിക്കൽ എന്തോ പഠന സംബന്ധമായി ബാലൻ കുറേ ദിവസം മാറി നിന്നു.. പിന്നെ തിരിച്ചു വന്ന സമയം അവന്റെ നിഴൽ വെട്ടം കണ്ടപ്പോൾ മറ്റെല്ലാം മറന്നവൾ ഓടിച്ചെന്നു..

അച്ഛന്റെ കരിനിഴൽ തങ്ങളുടെ മേൽ വീണത് അവർ അറിഞ്ഞില്ല.. അത്രയും നാൾ ഉള്ളിൽ മാത്രം തുളുമ്പിയ പ്രണയം അന്ന് തറവാടിന്റെ അകത്തളത്തിൽ ചിതറി തെറിച്ചു..

” ഒരുമ്പെട്ടവളേ… എത്ര ധൈര്യമുണ്ട് നിനക്കാ തീ യ ൻ ചെക്കന്റെ കൂടെ ലോഹ്യം കൂടി നടക്കാൻ ”

അച്ഛന്റെ പ്രഹരങ്ങൾ നാവാലും കയ്യാലും അവൾക്ക് മേൽ പതിഞ്ഞപ്പോൾ ആരും തടഞ്ഞില്ല.. അമ്മ മാത്രം നിശ്ശബ്ദം കണ്ണീർ വാർത്തു.. കരിനീലിച്ചു കിടന്ന പാടുകൾ പ്രണയത്തെ കൂടുതൽ ആഴത്തിലാക്കി.. അകത്തേ മുറിയിൽ വേണി തടവിലാക്കപ്പെട്ടു..

ബാലൻ അവളെ കാണാനും അറിയാനും കഴിയാതെ ഉരുകി.. ഒടുവിൽ ധൈര്യം സംഭരിച്ചു കളത്തൊടിയിലെ പടി കയറി വേണിയെ ചോദിക്കാൻ വന്നവനെ അവർ അടിച്ചിറക്കി വിട്ടപ്പോൾ രണ്ടു ഹൃദയങ്ങൾ തകർക്കപ്പെട്ടു..

പിന്നെ പെട്ടെന്നായിരുന്നു നരേന്ദ്രനുമായി വേണിയുടെ വിവാഹം.. പത്തൊമ്പതാം വയസ്സിൽ നരേന്ദ്രന്റെ ഭാര്യയായി മറ്റൊരു തറവാട്ടിലേക്ക് അവൾ വലിച്ചെറിയപ്പെട്ടു..

നരേന്ദ്രൻ വേണിയുടെ അച്ഛന്റെ മറ്റൊരു രൂപമായിരുന്നു.. ആൺമേൽക്കോയ്മയുടെ മേൽക്കൂര മാറി എന്ന് മാത്രമേ വേണിയ്ക്ക് തോന്നിയുള്ളൂ.. അവളുടെ ഹൃദയവും മനസ്സും മരവിച്ചു പോയിരുന്നു..

അവളുടെ ശരീരം പ്രണയമില്ലാത്ത വേഴ്ചകളിൽ കശക്കിയെറിയപ്പെട്ടു.. അവളുടെ കണ്ണിൽ കണ്ണീർ പോലും വറ്റിയിരുന്നു.. നേടാൻ കഴിയാതെ പോയ പ്രണയത്തിന്റെ സ്മരണകൾ അവളുടെ മുറിവുകൾ കൂടുതൽ നോവിച്ചു..

നരേന്ദ്രനുമായുള്ള ബന്ധത്തിൽ പുതിയ മുകുളങ്ങൾ വിരിയാഞ്ഞത് വേണി ഒരു ഭാഗ്യമായാണ് കണക്കാക്കിയത്.. മറ്റുള്ളവരുടെ കണ്ണിൽ മച്ചിയെന്ന പേര് വീണതൊന്നും വേണിയെ ബാധിച്ചില്ല..

ആറു വർഷത്തെ ദാമ്പത്യത്തിന് അടിവരയിട്ടത് മദ്യപിച്ചു വണ്ടിയൊടിച്ചു അപകടത്തിൽ മരണപ്പെട്ട നരേന്ദ്രന്റെ രക്തം കൊണ്ടായിരുന്നു.. അതോടെ അവൾ ദോഷജാതകക്കാരിയും ആയിത്തീർന്നു..

വെറും ഇരുപത്തിഅഞ്ചാം വയസ്സിൽ വിധവയായി അവൾ കളത്തൊടിയിലെ അകത്തു അടച്ചിടപ്പെട്ടവൾ ആദ്യമായി അവളുടെ അച്ഛന് ഒരു നോവായി അപ്പോളേക്കും കാലം മാറി തുടങ്ങിയിരുന്നു..

മകളുടെ വൈധവ്യം കണ്ടു കണ്ടു കൊണ്ടാവാം.. അധികം വൈകാതെ അച്ഛൻ മരിച്ചു.. അനിയൻ ജോലിക്കാരനായി പോയി.. വീട്ടിൽ അമ്മയും അവളും മാത്രം.. ബാല്യത്തിനപ്പുറം സ്വസ്ഥത എന്തെന്ന് അറിഞ്ഞ നാളുകൾ..

അനിയൻ ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞപ്പോളും അവളെ വിവാഹം ചെയ്തപ്പോളും വേണിയ്ക്ക് അത്ഭുതമായിരുന്നു..

തന്റെ പ്രണയം തകർക്കാനും തന്നെ ക്രൂശിക്കാനും മുന്നിൽ നിന്നവരാണ് ഇന്ന് അനിയന്റെ പ്രണയം നേടിക്കൊടുക്കുന്നത്.. എങ്കിലും മൗനം പാലിച്ചു.. അവൻ സന്തോഷിക്കട്ടെ എന്ന് കരുതി..

പക്ഷേ ചുരുക്കം നാളുകൾ കൊണ്ട് മനസ്സിലായി.. അവർക്ക് താൻ ഒരു അധികപ്പറ്റാണ് എന്ന കാര്യം.. അവർ ജോലിക്കായി ചെന്നൈയിലായിരുന്നത് കൊണ്ട് സ്ഥിരമായി കുത്തുവാക്കുകൾ ഇല്ലാഞ്ഞത് ആശ്വാസമായി..

അവർക്കൊരു കുഞ്ഞുണ്ടായപ്പോൾ അതിനെ ഒന്ന് താലോലിക്കാൻ പോലും വിലക്കായിരുന്നു തനിയ്ക്ക്.. മച്ചിയല്ലേ! ദോഷജാതകക്കാരിയല്ലേ! കുഞ്ഞിനു കണ്ണ് കിട്ടുമെന്ന്.. ദോഷങ്ങൾ വരുമെന്ന്! തന്റെ ലോകം അമ്മയും ഈ വീടും മുറിയുമായി ഒതുങ്ങി..

ഇടയ്ക്ക് അറിഞ്ഞിരുന്നു ബാലേട്ടൻ അദ്ധ്യാപകൻ ആയെന്നും ദൂരെ ഒരു ഗവണ്മെന്റ് സ്കൂളിൽ ആണെന്നും..

നാട്ടിലേയ്ക്കൊന്നും വരാറില്ല എന്നാണ് കേട്ടത്.. പ്രത്യേകിച്ചൊന്നും തോന്നിയില്ല.. മനസ്സ് എന്നോ മരിച്ചു പോയിരുന്നു! ഇനിയൊരിക്കലും തളിർക്കാത്ത വണ്ണം മരുഭൂമിയായി തീർന്നു കഴിഞ്ഞു മനസ്സ്!

കാലങ്ങൾ പിന്നെയും കടന്നുപോയി.. ഇപ്പോൾ അമ്മയും വിട്ടുപോയി.. ഇനി ബാക്കി ജീവിതം എന്തിനോ വേണ്ടി തുടരുന്നു..

ആർക്കെങ്കിലും ഉപകാരമാവട്ടെ! എങ്ങനെയെങ്കിലും കഴിഞ്ഞു പോണമെന്നുള്ള മോഹം മാത്രേള്ളൂ.. വേണി വിദൂരതയിലേക്ക് മിഴികൾ നാട്ടി..

ഇന്ന് രാത്രിയാണ് ചെന്നൈലേക്ക് പോകേണ്ടത്.. അവിടത്തെ തന്റെ സ്ഥാനമെന്താണെന്നു വേണിയ്ക്ക് ഏകദേശം ഒരു ധാരണയുണ്ട്.. പക്ഷേ ഒരു നിസ്സംഗതയാണ്..

അന്ന് രാവിലെ ആരും ക്ഷണിക്കാത്ത ഒരഥിതി കളത്തോടി തറവാട്ടിലേക്ക് കയറി വന്നു.. വന്നയാളെ കണ്ടപ്പോൾ വിനുവിന്റെയും അമ്മാവന്റെയും മുഖം ചുളിഞ്ഞു..

” എന്താടാ നിനക്കിവിടെ കാര്യം? ഇറങ്ങിപ്പോടാ”

വിനു ആക്രോശിച്ചു.. മറുവശം ശാന്തമായിരുന്നു.

” ദേ.. നിങ്ങടെ പഴയ ഇഷ്ടക്കാരൻ അവിടെ വന്ന് അടിയുണ്ടാക്കുന്നു.. ”

ഗായത്രി വന്നു പറഞ്ഞപ്പോൾ വേണി ഒരു നിമിഷം തരിച്ചു നിന്നു.. പിന്നെ ഉമ്മറത്തേക്ക് ഓടി..

” ബാലേട്ടൻ ”

അവൾ മന്ത്രിച്ചു

” വേണീ.. യാതൊന്നും എടുക്കേണ്ട. എന്റെ കൂടെ നീ വന്നാൽ മതി.. ”

വേണിയെ കണ്ടതും അയാൾ പറഞ്ഞു.. വേണി നിറമിഴികളോടെ നിഷേധാർഥത്തിൽ തലയാട്ടി..

” ഓപ്പോൾ എങ്ങോട്ടുമില്ല.. താൻ പോടോ ”

വിനു പെട്ടെന്ന് തള്ളിയപ്പോൾ ബാലൻ ചാഞ്ഞു പോയി..

” അയ്യോ.. ബാലേട്ടാ.. ”

വേണി ഓടിവന്നു താങ്ങിയപ്പോൾ ബാലൻ അവളുടെ കൈകളിൽ ചേർത്ത് പിടിച്ചു..

” സുമതിയമ്മ പോയതോടെ കഴിഞ്ഞല്ലോ ഇവിടത്തെ കടമകൾ.. ഇനി എന്റെ കൂടെ വായോ.. നമുക്ക് ജീവിക്കണ്ടേ? നിനക്കായാണ് ഞാൻ കാത്തിരുന്നത്.. വരുമെന്ന് കരുതിയിട്ടല്ല.. പക്ഷേ ഇനി ഒറ്റയ്ക്കാകാൻ വയ്യ.. ഒറ്റയ്ക്ക് വിടാനും ”

എന്തോ പറയാൻ തുടങ്ങിയ വിനു, ബാലന്റെ കടുത്ത നോട്ടത്തിന് മുന്നിൽ പതറി..

” നിനക്ക് കുഞ്ഞിനെ നോക്കാനും വീടുപണിയ്ക്കും ആളെ വേണമെങ്കിൽ കാശ് കൊടുത്ത് നിർത്തെടാ.. അല്ലാതെ.. എന്നെക്കൊണ്ട് പറയിപ്പിക്കരുത് ”

ബാലന്റെ ഉറച്ച ശബ്ദത്തിന് മുന്നിൽ മറ്റുള്ളവർ നിശ്ശബ്ദരായി.. വേണി മൗനമായി കണ്ണീരൊഴുക്കി..

കടമകളുടെയും തറവാട്ടുമഹിമയുടെയും ഭാരമില്ലാതെ വെറും വേണിയായി ബാലന്റെ കയ്യിൽ കൈ കോർത്തു ആ പടിയിറങ്ങുമ്പോൾ ബാലൻ അവളെ നോക്കി ചിരിച്ചു..

പണ്ടത്തെ പ്രണയകാലത്ത് ആ മുഖത്ത് താൻ കാണാൻ കൊതിച്ചിരുന്ന അതെ ചിരി! അത് നോക്കി നിൽക്കെ ഒരു നേർത്ത മഴനൂലു പോലെ പ്രണയം അവളിൽ പിന്നെയും പെയ്യാൻ തുടങ്ങിയിരുന്നു..