അധികമൊന്നും മനസ്സിലായില്ലെങ്കിലും അമ്മയെ അവരൊക്കെ കൂടി മോശമായി സംസാരിക്കുന്നു എന്ന് മാത്രം മനസ്സിലായി..

പ്രിയേ നിനക്കായി
(രചന: ആവണി)

വീണ്ടും ആ നാട്ടിലേക്ക് ഒരു യാത്ര.. അത് ഒരിക്കലും പ്രതീക്ഷിച്ചതല്ല. പക്ഷേ ഇപ്പോൾ.. ഇങ്ങനെയൊരു സാഹചര്യം കൺമുന്നിൽ വന്നു നിൽക്കുമ്പോൾ പോകാതിരിക്കാൻ ആവുന്നില്ല.

കാർ സീറ്റിലേക്ക് ചാരി കിടന്നുകൊണ്ട് നന്ദൻ ഓർത്തു. അവന്റെ ഓർമ്മകൾ വർഷങ്ങൾ പിന്നിലേക്ക് ചിറകടിച്ചു പറന്നു.

നന്ദൻ. കുടുംബം എന്ന് പറയാൻ ആകെ ഉണ്ടായിരുന്നത് അച്ഛനും അമ്മയും ആണ്. അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹമായിരുന്നു. അതുകൊണ്ടു തന്നെ കുടുംബക്കാരായി ആരും തന്നെ ഉണ്ടായിരുന്നില്ല.

അച്ഛൻ ചരക്ക് ലോറിയുടെ ഡ്രൈവറായിരുന്നു. അച്ഛൻ ഒരാളിന്റെ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടു പോയത്.

ചെറുപ്പത്തിലൊക്കെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അച്ഛനോടൊപ്പം വന്നതിൽ പിന്നെ കഷ്ടപ്പാട് എന്താണെന്ന് അമ്മ അറിഞ്ഞിട്ടില്ല എന്ന്. അച്ഛൻ അതിനുള്ള അവസരം ഉണ്ടാക്കി കൊടുത്തിട്ടില്ല എന്ന് പറയുന്നതാണ് ശരി.

അമ്മയെ രാജകുമാരിയെ പോലെ തന്നെയാണ് അച്ഛൻ നോക്കിയത്. അവർക്കിടയിലേക്കാണ് ഞാൻ പിറന്നു വീണത്.

ആരോടും തുണയില്ലാത്ത അവർക്ക് ഒരു കൊച്ചു രാജകുമാരനെ കിട്ടിയപ്പോൾ ഒരുപാട് സന്തോഷമായിരുന്നു.

ഒത്തിരി സ്നേഹത്തോടെയും കരുതലോടെയും അവർ തന്നെ കാത്തു സൂക്ഷിച്ചു. പിന്നീടുള്ള അവരുടെ ലോകം തന്നിലേക്ക് ചുരുങ്ങിപ്പോയി എന്നു പറഞ്ഞാലും തെറ്റല്ല.

തനിക്ക് വേണ്ടതൊക്കെ ഒരുക്കി തരാൻ അച്ഛനും അമ്മയും മത്സരമായിരുന്നു.

അച്ഛൻ ലോറിയുമായി പോയാൽ ചിലപ്പോൾ ഒക്കെ ഒന്നോ രണ്ടോ ആഴ്ചകൾ എടുക്കും മടങ്ങി വരാൻ.

തനിക്ക് അഞ്ചോ ആറോ വയസ്സ് പ്രായമുള്ളപ്പോഴാണ് ഒരിക്കൽ അച്ഛൻ അങ്ങനെ ഒരു ലോഡുമായി പോയത്. സാധാരണ അങ്ങനെ പോയാൽ മടങ്ങിയെത്തുന്ന സമയമായിട്ടും അച്ഛൻ വന്നില്ല.

ദിവസങ്ങൾ കടന്നുപോകും തോറും വല്ലാത്തൊരു ആധി അമ്മയെ പിടികൂടുന്നത് താൻ അറിഞ്ഞു. പക്ഷേ അമ്മ നിസ്സഹായ ആയിരുന്നു.

പിന്നെയും ദിവസങ്ങൾ കടന്നു പോയപ്പോൾ ധൈര്യം സംഭരിച്ച് അമ്മ പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്തു. അതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടാകില്ല.

അവർ അവരെക്കൊണ്ട് കഴിയുന്ന രീതിയിൽ ഒക്കെ അമ്മയെ പരിഹസിച്ചു. അച്ഛന് ചിലപ്പോൾ മറ്റെവിടെയെങ്കിലും കുടുംബം ഉണ്ടാകും എന്ന് വരെ അവർ പറഞ്ഞു.

അന്നത്തെ അഞ്ചുവയസ്സുകാരന് അധികമൊന്നും മനസ്സിലായില്ലെങ്കിലും അമ്മയെ അവരൊക്കെ കൂടി മോശമായി സംസാരിക്കുന്നു എന്ന് മാത്രം മനസ്സിലായി.

അന്ന് കണ്ണീരോടെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി വന്ന അമ്മയെ ഒരിക്കലും തനിക്ക് മറക്കാനാവില്ല.

പിന്നെയും ദിവസങ്ങൾ കടന്നു പോയപ്പോൾ ഒരിക്കൽ ഒരു പോലീസുകാരൻ വീടിന്റെ പടി കടന്നു വന്നു. അന്ന് അയാളിൽ നിന്നാണ് അറിയാൻ കഴിഞ്ഞത്, അച്ഛൻ ഈ ലോകം വിട്ടു പോയി കഴിഞ്ഞിരിക്കുന്നു എന്ന്.

മടക്കയാത്രയിൽ അച്ഛന്റെ ലോറി എവിടെയോ ചെന്ന് ഇടിച്ചതാണത്രേ. ആ വണ്ടിയിൽ ഉണ്ടായിരുന്ന എല്ലാവരും തന്നെ മരിച്ചു.

ആ വാർത്ത അമ്മയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. കുറെയേറെ ദിവസങ്ങൾ ആരോടും സംസാരിക്കാതെ ജലപാനം പോലും ഇല്ലാതെയാണ് അമ്മ ആ വീട്ടിൽ കഴിഞ്ഞത്.

അന്നൊക്കെയും തനിക്ക് തുണയായത് അയൽ വീട്ടിലുള്ളവരായിരുന്നു. ഒന്നുമറിയാത്ത എനിക്ക് ആഹാരം തന്നതും എന്റെ വിശപ്പ് അകറ്റിയതും അവരായിരുന്നു.

അമ്മയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാൻ സഹായിച്ചതും അവിടെയുള്ളവരായിരുന്നു.

ആ വീട്ടിലുണ്ടായിരുന്നത് ഒരു അച്ഛനും അമ്മയും പെൺകുട്ടിയും ആയിരുന്നു. അച്ഛൻ സ്കൂൾ അധ്യാപകനായിരുന്നു. അമ്മ വീട്ടമ്മയും. ആ പെൺകുട്ടി എന്നെക്കാൾ രണ്ടോ മൂന്നോ വയസ്സിന് ഇളയ കുട്ടിയായിരുന്നു.

അന്നു മുതൽ ഞങ്ങൾ രണ്ടു കുടുംബങ്ങളും ഒരേ കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്.

അച്ഛന്റെ മരണശേഷം എന്നെ വളർത്താൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

അടുത്തുള്ള ഒരു ടെക്സ്റ്റൈൽസിൽ ആയിരുന്നു അമ്മ ജോലിക്ക് പോയിരുന്നത്. പലപ്പോഴും അമ്മ ജോലി കഴിഞ്ഞു വരുമ്പോൾ രാത്രി ഏറെ വൈകാറുണ്ട്. ആ സമയം മുഴുവൻ എന്നെ സംരക്ഷിക്കുന്നത് അപ്പുറത്തെ അമ്മയാണ്. ദേവിയമ്മ.

മിക്കപ്പോഴും അമ്മയ്ക്ക് വഴിവക്കിൽ ഉണ്ടാകുന്ന ശല്യങ്ങളെ കുറിച്ച് അമ്മ ദേവിയമ്മയോട് കണ്ണീരോടെ പറയുന്നത് താൻ കണ്ടിട്ടുണ്ട്. പക്ഷേ അതൊന്നും മനസ്സിലാക്കാനോ അതിന് എന്ത് പ്രതിവിധി കണ്ടുപിടിക്കണം എന്നോ തനിക്കറിയില്ലായിരുന്നു.

വർഷങ്ങൾ കടന്നു പോയി. ഒരുപാട് പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും എല്ലാത്തിനോടും പൊരുതി തന്നെയാണ് ദിവസങ്ങൾ മുന്നോട്ടു പോയത്.

അന്നൊക്കെയും ദേവി അമ്മയുടെയും കുടുംബത്തിന്റെയും, സംരക്ഷണം ഞങ്ങൾക്ക് വളരെ വലുത് തന്നെയായിരുന്നു. ആരോരുമില്ലാത്ത തങ്ങൾക്ക് ആ നാട്ടിലുള്ള ഒരേയൊരു ബന്ധുക്കൾ അവരായിരുന്നു.

ഒരു ദിവസം രാത്രി അമ്മ കരഞ്ഞു കലങ്ങിയ കണ്ണുകളോടെയാണ് വീട്ടിലേക്ക് കയറി വന്നത്.കാര്യം എന്താണെന്ന് ഒരുപാട് അന്വേഷിച്ചിട്ടും ഒന്നും പറഞ്ഞില്ല. അന്ന് താൻ ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നു.

തന്റെ മുഖത്തേക്ക് പോലും അന്നത്തെ ദിവസം അമ്മ നോക്കിയിട്ടില്ല.അന്ന് ആഹാരം കഴിക്കാൻ പോലും അമ്മയ്ക്ക് മടിയായിരുന്നു.

കുറെ സമയം അമ്മയെ നോക്കി താൻ ഇരുന്നെങ്കിലും ഉറക്കം വന്നപ്പോൾ കിടന്നുറങ്ങി.

പക്ഷേ പിറ്റേന്ന് താൻ കണ്ടത്, തൊട്ടടുത്ത മുറിയിൽ ഫാനിൽ തൂങ്ങി നിൽക്കുന്ന അമ്മയെ ആയിരുന്നു.

തനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു ആ കാഴ്ച.അലമുറയിട്ട് കരഞ്ഞ തന്നെ ആശ്വസിപ്പിച്ചത് ദേവി അമ്മയായിരുന്നു.

അന്നുമുതൽ താൻ ഒരു അനാഥനായി.പക്ഷേ തന്നെ കൈവിട്ടു കളയാൻ ദേവി അമ്മയും കുടുംബവും ഒരുക്കമായിരുന്നില്ല.

തന്റെ സംരക്ഷണം പൂർണമായും അവർ ഏറ്റെടുത്തു. ദേവി അമ്മയുടെ ഭർത്താവിന് അതിൽ ഒരു എതിർപ്പ് ഉണ്ടായിരുന്നെങ്കിലും അവരെ എതിർത്തു പറയാൻ വയ്യാത്തതു കൊണ്ടാകണം അത് പ്രകടിപ്പിച്ചില്ല.

പതിയെ പതിയെ അദ്ദേഹത്തിനും താനൊരു മകനായി മാറി. ചെറുപ്പത്തിൽ എങ്ങോ നഷ്ടപ്പെട്ട അച്ഛന്റെ വാത്സല്യം അദ്ദേഹത്തിൽ നിന്ന് തനിക്ക് കിട്ടി.

അമ്മയുടെയും അച്ഛന്റെയും നഷ്ടം ഒഴിച്ചാൽ തനിക്ക് സന്തോഷം തന്നെയായിരുന്നു. പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞത് പെട്ടെന്നാണ്. ദേവി അമ്മയുടെ മകൾ അർച്ചനയ്ക്ക് തന്നോട് പ്രണയമായിരുന്നു. അത് തിരിച്ചറിയാൻ താൻ ഒരല്പം വൈകിപ്പോയി.

തിരിച്ചറിഞ്ഞപ്പോൾ അവളെ തിരുത്താൻ ഒരുപാട് ശ്രമിക്കുകയും ചെയ്തു. പക്ഷേ പിന്നോട്ട് മാറാൻ അവൾ തയ്യാറായിരുന്നില്ല. ആരോരുമില്ലാത്ത അനാഥ ചെക്കന് എപ്പോഴോ അവളോട് ഒരു ഇഷ്ടം തോന്നി.

പരസ്പരം പ്രണയിക്കാൻ തുടങ്ങിയപ്പോൾ അത് ആരും അറിയില്ല എന്ന് കരുതി. പക്ഷേ അതൊരു വെറും തോന്നലായിരുന്നു എന്ന് ഒരു ദിവസം മാഷിന്റെ കയ്യിൽ നിന്ന് തല്ലു കിട്ടിയപ്പോഴാണ് മനസ്സിലായത്.

ഇനി നിന്നെ എന്റെ വീട്ടിൽ കാണരുത് എന്നു പറഞ്ഞ് ആട്ടിയിറക്കുമ്പോൾ എന്ത് വേണമെന്ന് തനിക്ക് അറിയില്ലായിരുന്നു.അതിനേക്കാൾ ഉപരി കുറ്റബോധമായിരുന്നു. തന്നെ സംരക്ഷിച്ച വീട്ടുകാരെ വഞ്ചിച്ചതിൽ ഉള്ള കുറ്റബോധം.

പക്ഷേ അവിടെയും തുണയായത് ദേവി അമ്മ തന്നെയായിരുന്നു. മാഷിന്റെ എതിർപ്പുകളെ അവഗണിച്ചു കൊണ്ട് ദേവി അമ്മയുടെ ഒരു സുഹൃത്തിന്റെ വീട്ടിൽ തനിക്ക് അഭയം ഒരുക്കി.

നല്ല രീതിയിൽ പഠിക്കണം എന്നു മാത്രം പറഞ്ഞു.പിന്നീട് ഒരിക്കലും അവരെ കാണാൻ ആ നാട്ടിലേക്ക് താൻ പോയിട്ടില്ല.

അഥവാ ചെന്നാലും അവരുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നോർത്ത് താൻ ഭയന്നിട്ടുണ്ട് . പക്ഷേ അവസാനമായി ദേവിയമ്മയ്ക്ക് കൊടുത്ത വാക്കു മാത്രം തെറ്റിക്കാൻ തനിക്കായില്ല.

നല്ല രീതിയിൽ തന്നെ പഠിച്ചു. നല്ലൊരു ഡോക്ടറായി. ജീവിതം മുന്നോട്ടു പോകുന്നുണ്ടെങ്കിലും എവിടെയോ നഷ്ടപ്പെടുത്തിയ ഒരു പെണ്ണിനെ ഇടയ്ക്കൊക്കെ ഓർക്കാറുണ്ട്.

തനിക്ക് ലഭിച്ച മെസ്സേജ് ആണ് ഇപ്പോൾ ഇങ്ങനെ ഒരു യാത്രയ്ക്ക് കാരണം.

” പഠിക്കുന്ന സമയത്ത് അതിൽ ശ്രദ്ധിക്കാതെ പ്രണയിച്ചതിന് മാത്രമാണ് അവർക്ക് എതിർപ്പ് എന്ന് പറയാൻ പറഞ്ഞു അച്ഛൻ..

സ്നേഹപൂർവ്വം അർച്ചന.. ”

അത് വായിച്ച നിമിഷം സന്തോഷമാണോ സങ്കടമാണോ എന്താണ് തോന്നിയത് എന്ന് ഇപ്പോഴും അറിയില്ല. ഒരു നിമിഷം കൊണ്ട് ഭൂമി ഒന്നാകെ നിശ്ചലമായി പോയതു പോലെ.

ആ നിമിഷം താൻ തീരുമാനിച്ചു ആ നാട്ടിലേക്ക് ഒരു മടക്കം. തന്റെ പ്രിയപ്പെട്ടവരുടെ അരികിലേക്ക്.. അതിനെക്കാൾ ഉപരി തന്റെ പ്രിയപ്പെട്ടവളെ സ്വന്തമാക്കാൻ..