പിന്നെ പറഞ്ഞു കേട്ടു. അവൾക്ക് പ്രസവത്തിനു നാട്ടിൽ വരാൻ പറ്റില്ലെന്ന്.. കോംപ്ലിക്കേഷൻ ഉണ്ടെന്ന്.. പിന്നെ ഞാൻ അവിടെ തന്നെയായിരുന്നു..

തളിരുകൾ
(രചന: Vandana)

നീണ്ട കുറെയേറെ മാസങ്ങൾക്കു ശേഷം സ്വന്തം വീട്ടിൽ സ്വന്തം മുറിയിലെ സ്വസ്ഥമായി കിടക്കുന്നതിന്റെ സുഖം ആസ്വദിക്കുകയായിരുന്നു ഞാൻ.. ഒരാഴ്ച ലീവ് കിട്ടിയപ്പോൾ ആനന്ദ് തന്നെയാണ് പറഞ്ഞത് വീട്ടിൽ പോയി നിന്നോളാൻ. പകൽ ആനന്ദ് ഓഫീസിലും അഖിലും അഭിയും ക്ലാസ്സിനും പോയി കഴിഞ്ഞാൽ പിന്നെ താൻ ഒറ്റയ്ക്കാണല്ലോ..

ആ സമയം വീട്ടിൽ പോയി നിന്നോളാനും ഇഷ്ടം പോലെ റസ്റ്റ് എടുക്കാനും അപ്പയും മക്കളും പറഞ്ഞപ്പോൾ അത് കൊള്ളാമെന്ന് തോന്നി. ഒരാഴ്ച അവരേ പിരിഞ്ഞു നിൽക്കുന്നതിൽ കുറച്ചു സങ്കടമൊക്കെ തോന്നിയിരുന്നു. പിന്നെ ഓഫീസിലെ കണിശക്കാരി വസുധയിൽ നിന്നും അമ്മയുടെയും അച്ഛന്റെയും സുധക്കുട്ടി ആകുന്നതിന്റെ സുഖത്തിൽ അത് മനസ്സിൽ ഒതുക്കി..

” അതേയ്.. ഒരാഴ്ച കഴിയുമ്പോ ഇങ്ങോട്ടേക്കു പോരണം ട്ടോ.. അവിടെ തന്നെ സുഖം പിടിച്ചു കൂടരുത് ”

പോരുന്നതിന്റെ തലേ രാത്രിയിൽ ആനന്ദിന്റെ ചൂട് നിശ്വാസത്തിനൊപ്പം കാതിലേക്ക് അരിച്ചിറങ്ങിയ പ്രണയം കലർന്ന സ്വരത്തിന്റെ ചൂട് ഇപ്പോളും അനുഭവപ്പെടുന്ന പോലെ.. പ്രായവും സ്ഥാനവും ഒക്കെ മറന്നു മനസ്സ് തുള്ളിക്കളിക്കുമ്പോൾ ചിരിയും വരുന്നുണ്ട്..

” അല്ലാ.. നീയിവിടെ കിടന്നു ചിരിക്കുകയാണോ.. ”

അമ്മ വന്നു ചോദിച്ചപ്പോൾ അമ്മയെയും പിടിച്ചു കൂടെ കിടത്തി. അമ്മയുടെ ചൂടും പറ്റി അങ്ങനെ കിടക്കുമ്പോൾ പഴയ സുധക്കുട്ടി ആയ പോലെ..

” അതേ.. നിനക്ക് ഒഴിവുള്ളപ്പോൾ നമ്മുടെ ചീരാത്തെ വരെ ഒന്ന് പോണം ട്ടോ.. ആ രമണി ടീച്ചർ എപ്പോളും നിന്നെ ചോദിക്കും. നീ വന്നോ.. എപ്പളാ വരാ എന്നൊക്കെ.. ”

അമ്മ മെല്ലെ തല തലോടി പറഞ്ഞപ്പോൾ ഒന്ന് മൂളുക മാത്രം ചെയ്തു.. മടി തോന്നിയെങ്കിലും ഇല്ലെന്നു പറയാൻ തോന്നിയില്ല. അമ്മ പറഞ്ഞത് കേട്ട് വൈകീട്ട് തന്നെ ആ വഴിയേ ഇറങ്ങി. നടക്കാനുള്ള ദൂരമേ ഉള്ളൂ. പഴയ നാട്ടുവഴിയിലൂടെ ഓർമകളും അയവിറക്കി അങ്ങനെ മെല്ലെ നടന്നു. വഴിയിൽ പഴയ ചില പരിചയക്കാരെ കണ്ടു. അറിയാത്ത പുതിയ വീടുകളും ആളുകളും ഉണ്ടായിരുന്നു. അതെല്ലാം കണ്ടങ്ങനെ നടന്നു.

ചീരാത്തെ രമണി ടീച്ചർ ഒരു സാധുവാണ്. അടുത്തുള്ള എൽ പി സ്കൂളിൽ ടീച്ചർ ആയിരുന്നു അവർ. പട്ടാളക്കാരനായിരുന്ന ഭർത്താവ് മരണപ്പെട്ടു. അവരുടെ ഇളയ മകൾ ശ്രീലയും ഞാനും ചെറിയ ക്ലാസ്സിൽ ഒപ്പം പഠിച്ചതാണ്. മൂത്ത മകൾ ശ്രീജേച്ചിയേയും അറിയാം. ശ്രീജേച്ചി ഇപ്പൊ കല്യാണം കഴിഞ്ഞു ഭർത്താവിനോടൊപ്പമാണ്.

ശ്രീല അവളുടെ ഭർത്താവിനോടൊപ്പം ദുബായിലാണ്. അവരുടെ കൂടെ ആയിരുന്നു ടീച്ചർ എന്ന് എപ്പോളോ പറഞ്ഞു കേട്ട ഒരോർമയുണ്ട്. പണ്ടേ അവർക്കെന്നെ വലിയ കാര്യമാണ്.

ചിലപ്പോൾ നിർത്താതെയുള്ള എന്റെ സംസാരത്തോടുള്ള ഇഷ്ടമാവാം അതെന്നു എനിക്ക് തോന്നിയിട്ടുമുണ്ട്. ഞാൻ പറയുന്നതൊക്കെ  ഒരു ചെറുചിരിയോടെ മടുപ്പില്ലാതെ കേട്ടിരിക്കുന്ന ചുരുക്കം ഒരാളാണ് അവർ.

അങ്ങനെ ഓർത്തു അവരുടെ മുറ്റത്തെത്തിയത് അറിഞ്ഞില്ല. മുറ്റം കണ്ടപ്പോൾ സത്യത്തിൽ അമ്പരന്നു പോയി. പല തരം ചെടികൾക്ക് അറിയപ്പെട്ടിട്ടുന്ന ചീരാത്തെ പഴയ മുറ്റം പാടേ മാറിപ്പോയിരുന്നു. ചെടിച്ചട്ടികളിൽ ഉണങ്ങി തുടങ്ങിയ ചില ചെടികൾ. അവിടവിടെയായി തോന്നിയത് പോലെ നിൽക്കുന്ന ചെമ്പരത്തികളും.. മൊത്തത്തിൽ ഒരു വരൾച്ച. ആ കാഴ്ച കണ്ട സങ്കടത്തിലാണ് അകത്തേക്ക് ചെന്നത്.

” ടീച്ചറേ ”

എന്ന് നീട്ടിവിളിച്ചു അകത്തേയ്ക്ക് കയറിയപ്പോൾ പഴയ കൊച്ചുപെണ്ണായിരുന്നു ഞാൻ. ഓരോ കാര്യങ്ങൾക്ക് ഇടയ്ക്കിടെ ഇങ്ങോട്ടേക്ക് ഓടിവന്നിരുന്നത് ഓർത്തു പോയി.

” അല്ലാ.. ഇതാരാ.. സുധക്കുട്ടിയോ.. വായോ വായോ ”

ടീച്ചർ വളരെ സ്നേഹത്തോടെ കൈ പിടിച്ചുകൊണ്ടു തന്നെ സ്വീകരിച്ചു. പക്ഷെ അവരേ കണ്ട ഞാൻ ആകെ വല്ലാതായി പോയി. അത്രമേൽ അവർ മാറിപ്പോയിരുന്നു.

” ടീച്ചർ വല്ലാതെ ക്ഷീണിച്ചു പോയല്ലോ.. എന്ത് പറ്റി?? ”

ഞാൻ ഉള്ളിലുള്ളത് മറയ്ക്കാതെ ചോദിച്ചപ്പോൾ ടീച്ചർ മെല്ലെ മന്ദഹസിച്ചു..

” വയസ്സായില്ലേ കുട്ടീ.. നീയിങ്ങു വരൂ.. എത്ര കാലമായി ഒന്ന് കണ്ടിട്ട്.. വന്നിരിക്ക്.. ഞാൻ നിനക്ക് കുടിക്കാൻ എന്തേലും എടുക്കട്ടെ ”

വേണ്ടെന്നു നിർബന്ധിച്ചിട്ടും ടീച്ചർ നാരങ്ങവെള്ളം കലക്കി തന്നു. ഞാൻ അപ്പോളൊക്കെ അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു.

” ടീച്ചർ എന്നാണ് വന്നത് ശ്രീലയുടെ അടുത്ത് നിന്ന്.. അവൾക്കും മക്കൾക്കും ഒക്കെ സുഖല്ലേ? ”

ഞാൻ ചോദിച്ചപ്പോൾ അവർ ഒന്ന് ചിരിച്ചു.

” അവൾക്കെന്താ സുഖക്കുറവ്.. നല്ല സുഖം.. അവൾക്കും ശ്രീജക്കും ഒക്കെ സുഖാണ്.. ”

ആ വാക്കുകളിൽ ഒളിപ്പിച്ച വിഷാദം എനിക്ക് നന്നായി മനസ്സിലാവുന്നുണ്ടായിരുന്നു.

” ടീച്ചർക്ക് സുഖല്ലേ?? എന്തുപറ്റി ഇങ്ങനെ ക്ഷീണിക്കാൻ? ”

ഞാൻ ചോദിച്ചപ്പോൾ ടീച്ചർ എന്റെ കണ്ണുകളിലേയ്ക്ക് ഒരുവേള നോക്കി. ഒരുപാട് ആശിച്ചതെന്തോ കേട്ടപോലെ

” എനിക്കിപ്പോ ഷട്ടിൽ സർവീസ് അല്ലെ. വയസ്സുകാലത്ത് ഒറ്റപ്പെട്ടു പോകുന്ന എന്നെപ്പോലെ ഉള്ളവർക്ക് ഇപ്പൊ അതാണ്‌ അവസ്ഥ.. മക്കളുടെ അടുത്ത് ഷട്ടിൽ സർവീസ്.. ”

ടീച്ചർ ആത്മനിന്ദയോടെ പറഞ്ഞപ്പോൾ ഞാൻ അവരേ നോക്കിയിരുന്നു പോയി. വല്ലാത്ത നിരാശ നിഴലിച്ചിരുന്നു അവരുടെ വാക്കുകളിൽ.

” ശ്രീല കല്യാണം കഴിഞ്ഞു പോയപ്പോൾ ഇനി സ്വസ്ഥമായി ജീവിക്കാലോ എന്നാണ് കരുതിയത്. സ്കൂളിൽ നിന്ന് പിരിഞ്ഞു കഴിഞ്ഞതും ആ മോഹം പൊലിഞ്ഞു. ”

ഉള്ളിലുള്ളതൊക്കെ പങ്കുവെക്കാൻ ഒരാളെ കിട്ടിയ സന്തോഷം ആ മുഖത്ത് ഞാൻ കണ്ടു. അപ്പോൾ നല്ലൊരു കേൾവിക്കാരിയുടെ വേഷം എനിക്ക് അണിയണമായിരുന്നു.

” റിട്ടയർമെന്റിനു ശേഷം ഒരു ചെറിയ പ്ലാന്റ് നഴ്സറി തുടങ്ങണം എന്നായിരുന്നു എനിക്ക്. ഇവിടെ തന്നെ. വരുമാനം എന്ന നിലയിൽ അല്ല.. എനിക്ക് ഇഷ്ടമായിരുന്നു ആ ലൈഫ്. പിന്നെ വായനയും പാട്ടും പാചകവും ഒക്കെയായി സ്വസ്ഥമായൊരു വിശ്രമജീവിതം. പക്ഷെ റിട്ടയർ ആയി മൂന്ന് മാസം കഴിഞ്ഞപ്പോളേക്കും ശ്രീല വിളിച്ചു.. അവൾ പ്രെഗ്നന്റ് ആയെന്നു പറഞ്ഞു.. സന്തോഷമുള്ള കാര്യമല്ലേ.. പക്ഷെ അമ്മ അങ്ങോട്ട് വരണം എന്ന് പറഞ്ഞവൾ വാശി പിടിച്ചു.. ”

നഷ്ടബോധത്തിലാവാം.. ടീച്ചർ ഒന്ന് നിർത്തി.

” ഇളയ മോളുടെ ആദ്യത്തെ വിശേഷം.. ശ്രീജയെ നന്നായി നോക്കിയതല്ലേ.. ഇവൾക്കും അതൊക്കെ ചെയ്തു കൊടുക്കേണ്ടത് അമ്മയായ എന്റെ കടമയാണല്ലോ എന്നോർത്ത് പോകാമെന്നു സമ്മതിച്ചു.. മൂന്ന് മാസത്തെക്ക് മതി.. പിന്നെ അവന്റെ അമ്മ വരും.. പ്രസവം ആകുമ്പോ നാട്ടിൽ വരും എന്നൊക്കെ പറഞ്ഞപ്പോൾ ഞാനും അത് കേട്ടു. ഈ വീടും എന്റെ ബാക്കി സ്വപ്നങ്ങളും ഒക്കെ ഒരു വശത്തേയ്ക്ക് നീക്കി ഞാൻ കടല് കടന്നു.. ”

ഞാൻ അവരുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി. ആളെന്തോ ആലോചനയിലാണ്

” മൂന്നുമാസം കഴിഞ്ഞപ്പോൾ തിരിച്ചു പോരാൻ തുടങ്ങിയപ്പോളാണ് ശ്രീല അമ്മ പോകണ്ടെന്നു പറഞ്ഞത്.. അവൾക്ക് ഞാനുണ്ടെങ്കിൽ ധൈര്യമാണെന്ന്.. അവളോടും കൂടി പോരാൻ ഞാൻ ആവുന്നത്ര പറഞ്ഞതാണ്.. അവൾക്ക് അവളുടെ ഭർത്താവിനെ പിരിയാൻ വയ്യെന്ന്.. മനസ്സ് മടുത്തു തുടങ്ങിയിരുന്നു എനിക്ക്.. അവൾക്കും ഭർത്താവിനും സുഖമായി ജീവിക്കാൻ ഒരു ഹെൽപ്പർ വേണമായിരുന്നു അവർക്ക്.. എന്റെ മനസ്സ് ചടച്ചു പോയിരുന്നു..

പിന്നെ പറഞ്ഞു കേട്ടു. അവൾക്ക് പ്രസവത്തിനു നാട്ടിൽ വരാൻ പറ്റില്ലെന്ന്.. കോംപ്ലിക്കേഷൻ ഉണ്ടെന്ന്.. പിന്നെ ഞാൻ അവിടെ തന്നെയായിരുന്നു.. അവന്റെ അമ്മയ്ക്ക് വരാൻ പറ്റില്ലത്രെ.. അവന്റെ അച്ഛൻ ഒറ്റയ്ക്കാവും.. ഞാൻ പിന്നെ ഒരൊറ്റയായത് കൊണ്ട് എനിക്ക് എവിടേം നിൽക്കാലോ.. ആ നാല് ചുവരുകൾക്കുള്ളിൽ എന്നേ തളച്ചിട്ടു കുട്ടീ.. വീക്കൻഡിൽ അവർ പുറത്തുപോകും.. അമ്മയ്ക്ക് ഇവിടത്തെ ചൂട് പറ്റില്ലെന്ന് പറയും എന്റെ സ്നേഹമുള്ള മോള് ”

ടീച്ചർ കണ്ണുകൾ തുടച്ചപ്പോൾ ഞാനും എന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു..

” വീടും പറമ്പും ഒക്കേ നാശായിപ്പോകുകയാണ് എന്ന് പറഞ്ഞു ശ്രീജയെ വിളിച്ചപ്പോൾ അവൾക്ക് പരാതി. അമ്മയ്ക്ക് ഇളയ മോളെ കൂടെ നിന്ന് നോക്കാം.. പണിയെടുക്കാൻ മൂത്തവൾ വേണം എന്ന്.. അവൾക്ക് അതിനു പറ്റില്ലത്രേ.. വാശിയുള്ളവളാ അവള്.. തിരിഞ്ഞു നോക്കിയില്ല.. വീടാകെ ചിതല് കേറി പോകും എന്നായപ്പോ ഞാൻ പഠിപ്പിച്ച കുറച്ചു കുട്ടികളെ വിളിച്ചു.. അവരാണ് ഇതൊക്കെ ശരിയാക്കിയത്.. ”

കുറച്ചു സമയം ഞാനും ടീച്ചറും പരസ്പരം കൈ പിടിച്ചു മിണ്ടാതിരുന്നു .

” കാണുന്നവരോടൊക്കെ മക്കളെ കുറ്റം പറയുന്ന വല്ലാത്തൊരു തള്ള എന്ന് തോന്നുന്നുണ്ടാവും അല്ലെ സുധക്കുട്ടിയ്ക്ക്.. അങ്ങനെ ഇല്ലാട്ടോ.. എല്ലാവർക്കും ടീച്ചറെ ഒറ്റയ്ക്കിടാൻ മനസ്സില്ലാത്ത സ്നേഹമതികളാണ് അവർ രണ്ടാളും.. ഇളയവൾ ഗൾഫിലേയ്ക്ക് കൊണ്ടുപോയി നോക്കും.. വല്ലപ്പോളും വരുമ്പോ അവള് ഭർത്താവിന്റെ വീട്ടിലെ നിൽക്കുള്ളൂ.. അതങ്ങനെ ആണല്ലോ.. അപ്പൊ മൂത്തവൾക്ക് അമ്മയെ വേണം.. അങ്ങനെ ഒരാള് മാത്രം സ്നേഹിച്ച പോരല്ലോ ”

ടീച്ചർ ദീർഘമായി നിശ്വസിച്ചു..

” എന്തോ സുധക്കുട്ടിയെ എനിക്കിഷ്ടമാണ്. പണ്ടുതൊട്ടെ.. എന്റെ മകളായില്ലല്ലോ എന്ന് പലപ്പോളും തോന്നിയിട്ടുണ്ട്.. ഇരട്ടക്കുട്ടികളെ പ്രസവിച്ചു വളർത്തുമ്പോൾ പോലും അമ്മയെയും അച്ഛനെയും അവരുടെ മണ്ണിൽ നിന്ന് അടർത്താതെ അവരേ സന്തോഷത്തോടെ വെയ്ക്കുന്നത് കണ്ടപ്പോ കൊതി തോന്നിയിട്ടുണ്ട്.. അതാ കണ്ടപ്പോൾ ഉള്ളിലുള്ളതൊക്കെ അങ്ങോട്ട് വന്നത്.. ”

” അതിനെന്താ ടീച്ചറെ.. ടീച്ചറും എനിക്ക് അമ്മയെ പോലെ തന്നെയാണ്.. ഞാൻ ഇടയ്ക്കിനി വിളിക്കാം ട്ടോ.. ടീച്ചറും എപ്പോ വേണമെങ്കിലും വിളിച്ചോളൂ ”

ഞാനത് പറഞ്ഞത് ഉള്ളിൽ തട്ടിയിട്ട് തന്നെ ആയിരുന്നു. പിന്നേയും ടീച്ചർ ഒത്തിരി സംസാരിച്ചു. ഒത്തിരി നാളത്തെ വിശേഷങ്ങൾ എന്നോട് പറഞ്ഞു.. സാധാരണ ഞാനാണ് ഇങ്ങനെ പറയാറ്.. ഇത്തവണ ഞാൻ നല്ലൊരു കേൾവിക്കാരിയായി..

” അല്ലാ.. ഇനിയെന്താ പ്ലാൻ ടീച്ചർക്ക്..”

” ശ്രീലയുടെ കുട്ടികൾ രണ്ടാളും സ്കൂളിൽ പോയി തുടങ്ങിയപ്പോളാണ് അവിടന്ന് പോന്നത്.. ഇപ്പൊ അവള് പിന്നേയും വിളിക്കുന്നുണ്ട്.. അവൾക്ക് അവിടെ എന്തോ ജോലി കിട്ടിയത്രേ. രണ്ടുപേരും പോയാൽ കുട്ടികൾ സ്കൂളിൽ പോകുന്ന വരെയും വന്നിട്ടുമൊക്കെ വെറുതെ ഇരിക്കണം എന്ന്..

ഇപ്പൊ ഉള്ള തമിഴത്തി അത്ര പോരെന്നു . അത് കേട്ടപ്പോ തൊട്ട് ശ്രീജ വഴക്കാണ്.. ഞാൻ അങ്ങനെ പോയ അവൾക്ക് അവിടെ നിന്നൊന്നു മാറി നിൽക്കാൻ ഒരിടമില്ല എന്നും പറഞ്ഞ്.. അതുമല്ല ശ്രീജയ്ക്ക് ഇടയ്ക്കൊന്ന് ആവശ്യം വന്നാൽ ആരുമില്ല സഹായത്തിനു എന്ന്.. എനിക്ക് എന്ത് വേണമെന്നറിയില്ല.. സത്യം പറഞ്ഞാൽ നാട് വിട്ട് ഒളിച്ചോടാനാണ് തോന്നുന്നത്.. ”

ഞാൻ കുറച്ചു സമയത്തേയ്ക്ക് ഒന്നും മിണ്ടിയില്ല.. പിന്നെ മെല്ലെ ചോദിച്ചു..

” നമുക്ക് ആ പഴയ റിട്ടയേർമെന്റ് പ്ലാൻ ഒന്ന് പൊടി തട്ടി എടുത്താലോ ”

ടീച്ചറുടെ മുഖം ഒന്ന് വിടരുന്നതും അടുത്ത അത് വാടുന്നതും ഞാൻ വ്യക്തമായി കണ്ടു.

” അതൊന്നും ഇനി പറ്റില്ല കുട്ടി.. ഗൾഫിലെ ജീവിതം ആകെ ഒരു രോഗിയാക്കി എന്നേ.. ഇനി അദ്ദേഹത്തിന്റെ അടുത്ത് പെട്ടെന്ന് എത്തിയ മതി.. ആരെയും ബുദ്ദിമുട്ടിക്കാതെ.”

” അതൊന്നും പറഞ്ഞാൽ പറ്റില്ല.. ടീച്ചറെ അങ്ങനെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.. റിട്ടയേർമെന്റ് ആയപ്പോ കിട്ടിയ പൈസയിൽ നിന്ന് കുറച്ചെടുത്തു നമുക്കത് നടത്താമെന്നേ.. ”

” ശ്രീജയും ശ്രീലയും സമ്മതിക്കില്ല സുധക്കുട്ടീ.. അതുമല്ല അവർക്ക് വീടുപണി ഒക്കെ നോക്കുന്നുണ്ട്.. അപ്പൊ ”

” വേണ്ട ടീച്ചറെ.. ടീച്ചർ അവർക്ക് ആവശ്യത്തിന് വിദ്യാഭ്യാസം കൊടുത്തു. നല്ല ഒരു കുടുംബം ഉണ്ടാക്കി കൊടുത്തു. ഇനിയെങ്കിലും ടീച്ചർക്ക് സ്വന്തം ഇഷ്ടത്തിന് ജീവിക്കണം… അതിനു ആരുടേയും സമ്മതം വേണ്ട. ടീച്ചറുടെ മനസ്സ് മാത്രം മതി.. ഞാനുണ്ട് കൂടെ.. ”

അതൊരു തുടക്കമായിരുന്നു. വീട് വൃത്തിയാക്കാൻ സഹായിച്ച ടീച്ചറുടെ പഴയ സ്റുഡന്റ്സിനെ വിളിച്ചു. അവർക്ക് ചെറിയൊരു കൂട്ടായ്മ ഒക്കെയുണ്ടായിരുന്നു. അവരുടെ രമണി ടീച്ചറെ സഹായിക്കാൻ അവർക്കൊക്കെ സന്തോഷം മാത്രം. വീടും പറമ്പും വൃത്തിയാക്കലും നഴ്സറി അറേഞ്ച് ചെയ്യലും ഒക്കെ പെട്ടെന്ന് നടന്നു. നാട്ടിൽ നിന്ന ദിവസങ്ങളിൽ ഞാനും അമ്മയും അച്ഛനും കൂടെ ടീച്ചർക്കൊപ്പം കൂടി.

ഒരാഴ്ച കഴിഞ്ഞു ഞാൻ മടങ്ങിയപ്പോളേക്കും ടീച്ചറുടെ അവശതകളൊക്കെ മാറി പഴയ ചുറുചുറുക്കൊക്കെ തിരിച്ചു വന്നു തുടങ്ങിയിരുന്നു. ബാക്കി വിശേഷങ്ങളൊക്കെ ഫോണിലൂടെ അറിഞ്ഞു കൊണ്ടിരുന്നു. ടീച്ചർ ആഗ്രഹിച്ചത് പോലെ സന്തോഷത്തോടെ കഴിയുന്നത് കാണുമ്പോൾ വല്ലാത്തൊരു ആത്മസംതൃപ്തി എന്നിലും നിറഞ്ഞു.

ആനന്ദിനോടും മക്കളോടും എല്ലാം പറഞ്ഞപ്പോൾ ഒരുപാട് ഉമ്മകളാണ് പകരം കിട്ടിയത്. അടുത്ത തവണ അവരെല്ലാം കൂടെ അങ്ങോട്ട് വരുന്നെന്നു ടീച്ചറെ വീഡിയോയിൽ വിളിച്ചു പറഞ്ഞപ്പോൾ ടീച്ചർ കണ്ണീരോടെ ചിരിച്ചു.. തളിർത്തു വരുന്നൊരു ഇലനാമ്പു പോലെ..