ഇടയ്ക്ക് എപ്പോഴോ തന്റെ ചേച്ചിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങിയത് അവൾ ശ്രദ്ധിച്ചിരുന്നു, തന്നോട് എപ്പോഴും..

(രചന: ശ്രുതി)

” നീയെന്താ കരുതിയെ..? എനിക്ക് അവനോട് പ്രേമം ആണെന്നോ..? അത് നീ വിശ്വസിച്ചോ..? ”

മുന്നിൽ നിന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിക്കുന്നത് ഏതോ പിശാശ് ആണെന്ന് തോന്നി കാത്തുവിന്..!!

“നീ ഇത് അത്ര വല്യ കാര്യമായി കാണണ്ട. ഒരിടത്തു എങ്കിലും എനിക്ക് ജയിക്കണമെന്ന് തോന്നി.. അത്രേ ഉള്ളൂ. ”

പറഞ്ഞു കൊണ്ട് ഒന്നും സംഭവിക്കാത്തത് പോലെ നടന്നു പോകുന്ന സഹോദരിയുടെ ഭാവം കാത്തുവിന് ഒട്ടും പരിചിതമായിരുന്നില്ല..!!

എന്നാലും അവൾ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തു കൂട്ടിയത്..? എത്ര മനുഷ്യരുടെ മനസ്സാണ് അവൾ കാരണം മുറിവേറ്റത്..?

ഒരിക്കലും മറ്റൊരാളിനോട് ദയയോ സ്നേഹമോ കാണിക്കാത്ത സ്വഭാവമാണ് അവളുടെതെന്ന് പലരും പറഞ്ഞിട്ടും താൻ ഒരിക്കലും അതും വിശ്വസിച്ചിരുന്നില്ല. സഹോദരിയോടുള്ള കറ കളഞ്ഞ സ്നേഹം തന്നെയായിരുന്നു കാരണം.

പക്ഷേ… ഇത് ചതി തന്നെയായിരുന്നില്ലേ..? എന്റെ ഇഷ്ടവും പ്രണയവും അവൾ ചവിട്ടി അരച്ചു കളഞ്ഞില്ലേ..?

അത്രയും ചിന്തിച്ചപ്പോഴേക്കും ഇടമുറിയാതെ കണ്ണുകൾ ഒഴുകാൻ തുടങ്ങിയിരുന്നു.

വാശിയോടെ അത് തുടച്ചു നീക്കുമ്പോഴും അവളുടെ മുന്നിൽ തെളിഞ്ഞത് ഒരു ചെറുപ്പക്കാരന്റെ മുഖമായിരുന്നു. മനുവേട്ടൻ..!

അച്ഛന്റെ ഒരേയൊരു പെങ്ങൾ സൗദാമിനി അപ്പച്ചിയുടെ മകനാണ് മനുവേട്ടൻ. ചെറുപ്പം മുതൽക്കേ തൊട്ടടുത്ത വീടുകളിൽ താമസിക്കുന്നത് കൊണ്ട് തന്നെ പരസ്പരം നല്ല കൂട്ടുകാരായിരുന്നു മനുവേട്ടനും കാത്തുവും അവളുടെ ചേച്ചി കീർത്തിയും.

അയൽവക്കത്തെ കുട്ടികൾ കളിക്കാൻ അവരോടൊപ്പം വരാറുണ്ടെങ്കിലും കാത്തു എല്ലായിപ്പോഴും മനുവിനോടൊപ്പം തന്നെയായിരുന്നു.

എന്ത് കളിക്കുമ്പോഴും അവളുടെ കൂടെ മനുവേട്ടൻ ഉണ്ടാകണം എന്നുള്ളത് അവളുടെ വാശിയായിരുന്നു.

കുട്ടി കുറുമ്പി എന്ന് വിളിച്ച് മനു എപ്പോഴും അവളോടൊപ്പം നിൽക്കുകയും ചെയ്തിരുന്നു. വലുതായതിനനുസരിച്ച് കാത്തുവിന്റെ മനസ്സിൽ മനുവിന്റെ സ്ഥാനത്തിന് വ്യത്യാസം വന്നു.

ആറാം ക്ലാസിൽ ആയപ്പോഴേക്കും മനു തനിക്കൊരു സഹോദരനല്ല എന്നൊരു തിരിച്ചറിവ് കാത്തുവിനു ഉണ്ടായിരുന്നു.

ഒരുപക്ഷേ തങ്ങൾ തമ്മിലുള്ള സൗഹൃദം കൊണ്ടായിരിക്കാം മനു തനിക്ക് ഏറെ പ്രിയപ്പെട്ടവൻ ആകുന്നത് എന്ന് കാത്തു ചിന്തിച്ചു.

പക്ഷേ പ്രണയം എന്താണെന്ന് മനസ്സിലാക്കിയ നാൾ മുതൽ അവൾക്ക് തിരിച്ചറിവുണ്ടായി മനു തന്റെ പ്രണയമാണെന്ന്..! എട്ടാം ക്ലാസുകാരിയുടെ മനസ്സിൽ അത്രത്തോളം ആഴത്തിൽ പതിഞ്ഞ മുഖമായിരുന്നു മനു എന്നത്..!

ആരോടും പറയാതെ അവൾ ആ പ്രണയം ഉള്ളിൽ ഒതുക്കി. ഒരുപക്ഷേ മനുവിനോട് തുറന്നു പറഞ്ഞാൽ പോലും അത് പ്രായത്തിന്റെ ചാപല്യമായി കണ്ടു മനു തള്ളിക്കളയാനാണ് സാധ്യത.

അത് മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ് അവൾ മനസ്സിന്റെ ഒരു കോണിൽ ആ പ്രണയം ഒളിപ്പിച്ചു വെച്ചത്.

തങ്ങൾ വളർന്നു വലുതായതിനു ശേഷം മനുവിനോട് അത് തുറന്നു പറയാം എന്ന് അവൾ കരുതി. അവളുടെ പ്രണയവും സ്വപ്നങ്ങളും ഒക്കെയും അവൾ ഡയറി താളുകളിൽ കുറിച്ചിട്ടു.

മനുവിനോട് ഒപ്പമുള്ള ഓരോ നിമിഷങ്ങളും അവൾക്ക് തന്റെ പ്രണയസാഫല്യത്തിന്റെ നിമിഷങ്ങളായിരുന്നു.

ആ നിമിഷങ്ങളിൽ പലപ്പോഴും മനുവിന് തന്നോട് സൗഹൃദത്തിലും അപ്പുറമായി മറ്റെന്തെങ്കിലും ഒരു ഇഷ്ടമുണ്ടോ എന്നറിയാൻ അവൾ ശ്രമിച്ചിരുന്നു. എന്നാൽ അവയിൽ ഒക്കെയും ദയനീയമായി പരാജയപ്പെടുകയായിരുന്നു അവൾ.

ഒരിക്കൽ മനുവിന്റെ തന്നെ ക്ലാസിലുള്ള ഏതോ ഒരു പെൺകുട്ടിക്ക് അവനെ ഇഷ്ടമാണ് എന്ന് പറഞ്ഞു കേട്ടു. ആ രാത്രിയിൽ അവൾ ഉറങ്ങിയിട്ടില്ല.

പിറ്റേന്ന് രാവിലെ ആ പെൺകുട്ടിയെ കണ്ടു പിടിച്ച് അവളെ ഓരോന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മനുവിനെ ഇനി മുഖത്ത് പോലും നോക്കില്ല എന്നുള്ള അവസ്ഥയിലേക്ക് എത്തിച്ചു. അതിനു ശേഷം മാത്രമാണ് കാത്തുവിന് സമാധാനം തോന്നിയത്.

അപ്പോഴും ആ പെൺകുട്ടി മനുവിനോട് ഇതിനെക്കുറിച്ച് സംസാരിച്ചാൽ എന്ത് സംഭവിക്കും എന്നൊന്നും കാത്തു ചിന്തിച്ചിരുന്നില്ല.

അവളെ സംബന്ധിച്ച് മനു മാത്രമായിരുന്നു അവളുടെ കൺമുന്നിൽ ഉണ്ടായിരുന്നത്. അവൻ അവളുടെ സ്വന്തമായിരുന്നു.

കാലങ്ങൾ കടന്നു പോയി. മനുവേട്ടൻ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം കൃഷിയിലേക്ക് തിരിഞ്ഞു. പലരും അതിന് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും എല്ലാവരോടും പറയാൻ മനുവേട്ടന് വ്യക്തമായ ഒരു മറുപടി ഉണ്ടായിരുന്നു.

” നാട്ടിലുള്ളവർ മുഴുവൻ വൈറ്റ് കോളർ ജോലി മാത്രമേ ചെയ്യൂ എന്ന് വാശിപിടിച്ച് പലപല നാടുകളിലേക്ക് മാറി താമസിക്കുമ്പോൾ നാട്ടിലെ ജോലികൾ ചെയ്യാനും ആരെങ്കിലുമൊക്കെ വേണ്ടേ.?

നമ്മുടെ കുടുംബത്തിന്റെ വകയായി പാടങ്ങളും വയലുകളും ഒക്കെ ആവശ്യം പോലെയുള്ളതാണ്. പക്ഷേ കൃഷിയിറക്കാനോ കഷ്ടപ്പെടാനോ ഒരാളിനും വയ്യ. പക്ഷേ ഞാൻ അങ്ങനെയല്ല. എനിക്ക് ഇതൊക്കെയാണ് ഇഷ്ടം.. ”

മനുവിന്റെ ആ മറുപടിയിൽ മറ്റാർക്കും വാ തുറക്കാൻ പോലും കഴിയാതെ ആകും.

അവന്റെ ഓരോ പ്രവർത്തികളെയും അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്ന കാത്തുവിനും അത് ഒരുപാട് താൽപര്യം തന്നെയായിരുന്നു. നാടും വീടും വിട്ട് മറ്റൊരു നാട്ടിലേക്ക് ജയിക്കുന്നത് അവൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു.

അവൾ കോളേജിൽ പോയി തുടങ്ങിയതിനു ശേഷം ഇടയ്ക്ക് എപ്പോഴോ തന്റെ ചേച്ചിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങിയത് അവൾ ശ്രദ്ധിച്ചിരുന്നു.

തന്നോട് എപ്പോഴും സംസാരിച്ചിരുന്ന ചേച്ചി ഇപ്പോൾ തന്റെ മുഖത്തേക്ക് പോലും നോക്കുന്നില്ല എന്ന് അവൾ അറിഞ്ഞു.

അത് അവളെ ഒരുപാട് വേദനിപ്പിക്കുകയും ചെയ്തു. ചേച്ചിയോട് അതിനെക്കുറിച്ച് സംസാരിക്കാൻ തന്നെ അവൾ തീരുമാനിച്ചു.

” ചേച്ചി.. നീ ഇപ്പോൾ എന്താ എന്നോട് സംസാരിക്കാത്തത്..? എന്നോട് എന്തിനാ പിണങ്ങിയത്..?”

ഒരിക്കൽ ഇടനാഴിയിൽ എങ്ങോട്ടോ നോക്കിയിരുന്ന അവളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു. പക്ഷേ ആ ചോദ്യം കേട്ട നിമിഷം അവൾ ദേഷ്യത്തോടെ കാത്തുവിനെ നോക്കുകയാണ് ചെയ്തത്.

” നിന്നോട് ഞാൻ എന്തിനാ പിണങ്ങിയത് എന്നോ..? എന്റെ പ്രണയത്തെ പ്രണയിക്കുന്ന നിന്നെ പിന്നെ ഞാൻ എന്തു വേണം..?

എന്നെയും മനുവേട്ടനെയും തമ്മിൽ പിരിക്കാൻ വേണ്ടി മാത്രമല്ലേ നീ ഇങ്ങനെ ഒരു പ്രണയം ഉള്ളിൽ വരുത്തി തീർക്കുന്നത്..?”

അവൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാകാതെ കാത്തു പകച്ചു പോയി.

” നീ ഇങ്ങനെ നോക്കുകയൊന്നും വേണ്ട. ഞാനും മനുവേട്ടനും തമ്മിൽ ഇഷ്ടത്തിലാണ്.

അധികം വൈകാതെ ഞങ്ങളുടെ കാര്യം വീട്ടിൽ സംസാരിക്കാം എന്ന് മനുവേട്ടൻ സമ്മതിച്ചിട്ടുണ്ട്. അങ്ങനെയുള്ളപ്പോൾ നീ നിന്റെ പ്രണയവും പറഞ്ഞ് ചെന്നാൽ എന്റെ ജീവിതമാണ് ഇല്ലാതാകുന്നത്.

ഞാൻ വേണമെങ്കിൽ നിന്റെ കാലു പിടിക്കാം. എന്റെ ജീവിതം നശിപ്പിക്കരുത്. നിന്റെ മനസ്സിൽ അരുതാത്ത എന്തെങ്കിലും ചിന്തകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം മായ്ച്ചു കളയണം. ”

കാലു പിടിക്കുന്നതു പോലെ കരഞ്ഞ് അപേക്ഷിച്ചാണ് അവൾ അന്ന് അങ്ങനെ പറഞ്ഞത്. ഉള്ളം പിടയുന്ന വേദനയോടെയാണെങ്കിലും സഹോദരിയുടെ വാക്കുകളെ അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

പിന്നീട് മനുവേട്ടനെ കാണാതെ ഒരു ഒളിച്ചു കളി മാത്രമായിരുന്നു. മനുവേട്ടൻ വീട്ടിലേക്ക് വന്നാൽ അദ്ദേഹത്തിന്റെ കൺമുന്നിൽ പെടാതെ മാറി നടക്കുകയായിരുന്നു പതിവ്.

ചേച്ചി ജോലിക്ക് പോയി തുടങ്ങിയതിനു ശേഷം അവളും കാത്തുവും തമ്മിൽ കണ്ടുമുട്ടുന്ന സമയം പോലും കുറഞ്ഞു. പരസ്പരം ശത്രുക്കളായി തന്നെ അവർ മുന്നോട്ടു പോയി .

അധികം വൈകാതെ ചേച്ചിയുടെ വിവാഹ കാര്യത്തെക്കുറിച്ച് വീട്ടിൽ ഒരു ചർച്ച നടന്നു. പക്ഷേ വരന്റെ സ്ഥാനത്ത് മനുവേട്ടൻ ആയിരുന്നില്ല എന്ന് മാത്രം. അവൾ ജോലി ചെയ്യുന്ന ഓഫീസിലെ മാനേജർ ആയിരുന്നു വരൻ.

അങ്ങനെയെങ്കിൽ മനുവേട്ടനുമായുള്ള ബന്ധത്തിൽ എന്ത് സംഭവിച്ചു എന്നുള്ളത് സംശയമായിരുന്നു. അത് ചോദിക്കാനാണ് ചേച്ചിയെ തിരഞ്ഞ് ചെന്നത്.പക്ഷേ അവൾ പറഞ്ഞ മറുപടികൾ അവളെ വല്ലാതെ വേദനിപ്പിച്ചു കളഞ്ഞു.

കാത്തുവിന്റെ ഇഷ്ടം അറിഞ്ഞതു കൊണ്ട് മാത്രം അവളിൽ നിന്ന് തട്ടിയെടുത്തതായിരുന്നു മനുവിനെ.

എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോൾ അവൻ തന്റെ ചൊൽപ്പടിക്ക് നിൽക്കില്ല എന്ന് അവൾക്ക് ബോധ്യം വന്നു. അതോടെ ആ ബന്ധത്തിലുള്ള താല്പര്യം നശിക്കുകയും ചെയ്തു.

അതേസമയത്ത് തന്നെയാണ് ഓഫീസിലെ മാനേജർ പ്രൊപ്പോസ് ചെയ്യുന്നത്. മറ്റൊന്നും ആലോചിക്കാതെ കീർത്തി ആ പ്രൊപ്പോസലിന് ഒക്കെ പറഞ്ഞു.

സ്വന്തം ചേച്ചി ചെയ്തു കൂട്ടിയ ചതിയെക്കുറിച്ച് ആലോചിക്കുമ്പോൾ കാത്തുവിന്റെ കണ്ണുകൾ നിറഞ്ഞു.

പക്ഷേ അതേ നിമിഷത്തിൽ അവൾ മറ്റൊരു തീരുമാനം കൂടി എടുത്തിരുന്നു.

ഇനി എന്തൊക്കെ സംഭവിച്ചാലും മനുവേട്ടനെ മറ്റാർക്കും വിട്ടുകൊടുക്കില്ല. ഒരുപക്ഷേ തന്റെ പ്രണയം പറയുമ്പോൾ തന്നെ ആട്ടിയകറ്റിയേക്കാം. എന്നാലും ആ ഇഷ്ടം താൻ നേടിയെടുക്കുക തന്നെ ചെയ്യും.

അതും മനസ്സിൽ ഉറപ്പിച്ചുകൊണ്ട് അവൾ കിടക്കയിലേക്ക് ചാഞ്ഞു.