അവൻ പറയുന്നത് കേട്ടപ്പോൾ തൊലി ഉരിഞ്ഞു പോകുന്നത് പോലെയാണ് തോന്നിയത്, ചുറ്റും നിൽക്കുന്ന പലരും തന്നെ..

(രചന: ശ്രേയ)

” നീ എന്താ വിചാരിച്ചത് എനിക്ക് നിന്നോട് അടക്കാനാവാത്ത പ്രണയമാണെന്നോ..? അതൊക്കെ നിന്റെ വെറും തെറ്റിദ്ധാരണകൾ മാത്രമായിരുന്നു.

എനിക്ക് ഒരിക്കലും നിന്നെപ്പോലെ ഒരു പെണ്ണിനെ സ്നേഹിക്കാൻ പറ്റില്ല. എന്റെ മനസ്സിൽ ചില സങ്കല്പങ്ങളൊക്കെയുണ്ട്. നീ ഒരിക്കലും അതിനു മാച്ച് അല്ല. ”

അവൻ പറയുന്നത് കേട്ടപ്പോൾ തൊലി ഉരിഞ്ഞു പോകുന്നത് പോലെയാണ് തോന്നിയത്.ചുറ്റും നിൽക്കുന്ന പലരും തന്നെ പരിഹസിക്കുന്നുണ്ട് എന്ന് അവരുടെയൊക്കെ മുഖം കണ്ടാൽ തന്നെ മനസ്സിലാക്കാം.

ഞാൻ ദയനീയമായി അവനെ ഒരിക്കൽ കൂടി നോക്കി.

” ഞാൻ പറയുന്നതൊന്നും നിനക്ക് മനസ്സിലാകുന്നില്ല എന്ന് നിന്നെ കണ്ടാൽ തന്നെ എനിക്കറിയാം. അതുകൊണ്ട് കാര്യങ്ങളൊക്കെ വിശദമായി നിനക്ക് മനസ്സിലാക്കി തരേണ്ട ഉത്തരവാദിത്വം ഉണ്ടല്ലോ.. അത് നിന്നെപ്പോലെ ഈ നിൽക്കുന്നവരും അറിയണം.

അതിനു വേണ്ടി പറയുകയാണ്..നിനക്ക് ഓർമ്മയുണ്ടോ എന്നറിയില്ല ആദ്യവർഷം നീ ഇവിടേക്ക് കടന്നു വന്നപ്പോൾ നിന്നെ റാഗ് ചെയ്തത് ഞാനായിരുന്നു.

അന്നുതന്നെ എനിക്ക് മനസ്സിലായിരുന്നു ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടി എന്നല്ലാതെ നിനക്ക് ഈ നഗരത്തെക്കുറിച്ച് ഇവിടുത്തെ ചതി കുഴികളെ കുറിച്ച് ഒന്നും അറിയില്ല എന്ന്.

പിന്നെ പറയാനായി നിനക്കുള്ള ഒരേയൊരു പ്രത്യേകത സൗന്ദര്യമാണ്. ആ സൗന്ദര്യം തന്നെയാണ് നിനക്ക് തിരിച്ചടിയായി മാറിയത്.. ”

കൂട്ടംകൂടി നിൽക്കുന്ന എല്ലാവരും കേൾക്കണം എന്നുള്ള ഉദ്ദേശത്തിൽ അവൻ നല്ല ശബ്ദത്തിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. പക്ഷേ അവൻ പറയുന്നതൊക്കെ കേട്ട് തലതാഴ്ത്തി നിന്ന് അവൾ കണ്ണീർ വാർക്കുകയാണ് എന്ന് അവൻ ശ്രദ്ധിച്ചില്ല.

” കോളേജിൽ പലരും നിന്നെ കണ്ണു വച്ചിട്ടും ഒരാളിനോട് പോലും നീ അടുപ്പം കാണിച്ചിട്ടില്ല.

ആരോടും ഇഷ്ടമാണെന്ന് മുഖത്ത് നോക്കി നീ പറഞ്ഞിട്ടില്ല. ഇഷ്ടം പറഞ്ഞു വരുന്നവരെ ഒക്കെ നിരാശപ്പെടുത്തി വിടുകയാണ് നീ എന്നറിഞ്ഞപ്പോൾ എനിക്ക് ഒരു ആഗ്രഹം തോന്നി.

അങ്ങനെ ആരെക്കൊണ്ടും വളയ്ക്കാൻ പറ്റാത്ത പെണ്ണിനെ എനിക്ക് വളക്കണമെന്ന്. ആ ആഗ്രഹം കൂട്ടുകാരോട് പറഞ്ഞപ്പോൾ അവർക്കും അതൊരു വാശിയായി.

ഞാൻ അങ്ങനെ ചെയ്തു കാണിച്ചാൽ ഞാൻ ആഗ്രഹിക്കുന്നത് എന്തും മുന്നിൽ കൊണ്ട് തരാമെന്ന് അവർ വാക്കു പറഞ്ഞു.

അങ്ങനെ ഒരു ബെറ്റിന്റെ പുറത്താണ് ഞാൻ നിന്നോട് അടുപ്പം കാണിക്കാൻ തുടങ്ങിയത്. നീയൊരു മന്ദബുദ്ധി ആയതുകൊണ്ട് എന്റെ ഉദ്ദേശം എന്താണെന്ന് നിനക്ക് മനസ്സിലാകുന്നില്ല.

എന്നോട് സൗഹൃദം സ്ഥാപിക്കാൻ എനിക്ക് വലിയ പാടുപെടേണ്ട കാര്യമൊന്നും വന്നില്ല. പെട്ടെന്ന് തന്നെ നിന്നോട് അടുക്കാനും പറ്റി. പിന്നെ പ്രണയ നാടകം അവതരിപ്പിക്കാൻ വലിയ താമസം ഒന്നും ഉണ്ടായിരുന്നില്ലല്ലോ.

പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നാണ്. പ്രണയ നാടകത്തിനു വേണ്ടി വന്ന എന്നോട് നീ എത്ര ആത്മാർത്ഥമായിട്ടാണ് പ്രണയം നടിച്ചത്..?

എന്നിട്ടും എന്തുകൊണ്ടാണ് മറ്റ് ആരോടും നീ നിന്റെ പ്രണയം തുറന്നു പറയാതിരുന്നത്..? അതെന്തെങ്കിലുമാകട്ടെ. അതൊന്നും എന്നെ ബാധിക്കുന്ന വിഷയങ്ങൾ അല്ലല്ലോ..

അതൊക്കെ നിന്റെ ജീവിതം. എന്തായാലും ബെറ്റിൽ ഞാൻ തന്നെ ജയിച്ചു.ഞാൻ നിന്നിൽ നിന്ന് അകന്നുനിൽക്കാൻ ശ്രമിച്ചിട്ടും നീ എന്നിലേക്ക് തന്നെ വീണ്ടും വീണ്ടും വരുന്നത് കണ്ടപ്പോൾ ഒരു കുസൃതി തോന്നി.

അതിന്റെ പേരിലാണ് നിന്നെ എന്റെ ചുറ്റും ഞാൻ വട്ടമിട്ടു പറത്തിയത്. ഞാൻ മാത്രമായി നിന്റെ ലോകമായി മാറുന്നത് കണ്ട് ഞാൻ ഒരുപാട് സന്തോഷിച്ചിട്ടുണ്ട്.

ഞാൻ പറയുന്നതിനപ്പുറം നിനക്ക് മറ്റൊന്നും ചിന്തിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലേക്ക് നിന്നെ ഞാൻ കൊണ്ടുവന്നെത്തിച്ചു. ഇപ്പോൾ ഞാൻ പറഞ്ഞാൽ തുള്ളുന്ന ഒരു പാവ മാത്രമാണ് നീ..”

അതും പറഞ്ഞു അവൻ ഉച്ചത്തിൽ പൊട്ടിച്ചിരിക്കുമ്പോൾ തനിക്ക് ഇത്രയും വലിയൊരു അപമാനം ഇതുവരെയും നേരിടേണ്ടി വന്നിട്ടില്ല എന്ന് അവൾ വേദനയോടെ ഓർത്തു.

” ഇതിപ്പോൾ മൂന്നു വർഷത്തോളമായില്ലേ..?എനിക്ക് മടുത്തു.. ഇനിയും ഇങ്ങനെ നാടകം കളിച്ചു നടക്കാൻ എന്നെക്കൊണ്ട് പറ്റില്ല. ഒരു ജീവിതമായി സെറ്റിൽ ആവേണ്ട സമയമായി.

അതിന് ഏറ്റവും അത്യാവശ്യമായി വേണ്ടിയിരുന്നത് നിന്നെ എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി വിടുക എന്നുള്ളതാണ്. ആ കർമ്മം ഞാനിതാ മനോഹരമായി നിർവഹിച്ചിട്ടുണ്ട്.

ഇനി എനിക്ക് നിന്നെ വേണ്ട. ദയവുചെയ്ത് ഓരോന്നും പറഞ്ഞ് എന്റെ പിന്നാലെ എന്നെ തേടി വരരുത്. അത് നിനക്ക് നല്ലതിനാവില്ല.. ”

അത്രയും പറഞ്ഞ ഒരു യുദ്ധം ജയിച്ച ജേതാവിനെ പോലെ അവൻ നടന്നു നീങ്ങാൻ തുടങ്ങുമ്പോൾ, പലരും അവളെ ആർപ്പുവിളിച്ച് കളിയാക്കാൻ തുടങ്ങി. അവൾക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു അതൊക്കെ.

“ഡോ.. താനെന്നു നിന്നെ.. തനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞു താൻ ഇങ്ങനെ ജയിച്ചത് പോലെ നടന്നു പോയാൽ പിന്നെ എനിക്ക് എന്താണ് റോൾ..? അതുകൊണ്ട് തൽക്കാലം എനിക്ക് പറയാനുള്ളതും കൂടി കേട്ടിട്ട് താൻ പോയാൽ മതി..”

അവനെ പിന്നിൽ നിന്ന് വിളിക്കുമ്പോൾ അവന് അത്ഭുതമായിരുന്നു. കൂടി നിന്നവർക്ക് വീണ്ടും എന്തൊക്കെയോ കൂടി കിട്ടാനുണ്ട് എന്നുള്ള ഭാവവും.

“താൻ കുറച്ചു നേരത്തെ പറഞ്ഞില്ലേ എന്നെ പറ്റിക്കാൻ എളുപ്പമായിരുന്നു എന്ന്.. അതെന്തു കൊണ്ടാണെന്ന് അറിയാമോ..? നമ്മളെ വിശ്വസിക്കുന്ന ഒരാളിനെ മാത്രമേ നമുക്ക് പറ്റിക്കാൻ പറ്റൂ. എനിക്ക് തന്നോട് ഉണ്ടായിരുന്ന വിശ്വാസമാണ് താൻ മുതലെടുത്തത്.

അതിൽ എനിക്ക് പരാതി ഒന്നുമില്ല. കാരണം താൻ നേരത്തെ പറഞ്ഞതുപോലെ ഇവിടുത്തെ ചതിക്കുഴികളെ കുറിച്ചൊന്നും ഒരു ധാരണയുമില്ലാത്ത ഒരു പൊട്ടി പെണ്ണായിരുന്നു ഞാൻ.

പക്ഷേ താൻ എനിക്ക് വലിയൊരു പാഠമാണ്. ഇനി ഒരിക്കലും ഇങ്ങനെ ചതിക്കുഴികളിൽ ചെന്ന് വീഴാതിരിക്കാനുള്ള പാഠം..”

അവൾ പറഞ്ഞപ്പോൾ അവൻ പരിഹാസത്തോടെ ചിരിച്ചു.

” എന്തായാലും താൻ എന്നെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി വിടുകയാണല്ലോ.. ഇത്രയും കാലം എന്നോട് അടുപ്പം കാണിച്ചതിനു നന്ദി…

ഈയൊരു വാക്ക് മാത്രമാണ് തന്നോട് എനിക്ക് അവസാനമായി പറയാനുള്ളത്. താൻ പറഞ്ഞതു പോലെ ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണാതിരിക്കട്ടെ..”

അവനോട് യാത്ര പറഞ്ഞു അവൾ നടന്നു. അപ്പോഴും ചുറ്റും നിൽക്കുന്ന പലരും അവളെ പലതും പറഞ്ഞു കളിയാക്കുന്നത് അവൾ കേൾക്കുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും വകവയ്ക്കാതെ അവൾ നടന്നകന്നു.

ആരും എത്തിപ്പെടാത്ത ഒരു മൂലയിലിരുന്ന് കരഞ്ഞു തീര്‍ക്കുമ്പോൾ ഇത്രയും കാലം എത്ര മനോഹരമായിട്ടാണ് അവൻ തന്നെ പറ്റിച്ചത് എന്ന് മാത്രമാണ് അവൾ ആലോചിച്ചത്. ഒരു മനുഷ്യന് എങ്ങനെയാണ് ഇത്രയും ക്രൂരമായി ചിന്തിക്കാൻ കഴിയുന്നത്..?

അവൾ സ്വയം ചോദിച്ചു.

” അവിടെ ഝാൻസി റാണിയെ പോലെ പ്രകടനം നടത്തിയിട്ട് ഇവിടെ വന്നിരുന്നു കരയുകയാണോ..? അവനോട് രണ്ട് ഡയലോഗ് അടിച്ചു വരുന്നത് കണ്ടപ്പോൾ ഞാൻ കരുതി ഇതോടു കൂടി നന്നായി എന്ന്.”

അവളുടെ അടുത്തേക്ക് ചെന്നിരുന്നുകൊണ്ട് ഒരുവൻ പറഞ്ഞപ്പോൾ അവൾക്ക് ദേഷ്യമാണ് തോന്നിയത്.

” എടോ ഈയൊരു സാഹചര്യത്തിൽ തന്നോട് പറയുന്നത് ശരിയാണോ എന്ന് എനിക്കറിയില്ല. പക്ഷേ ഈ കോളേജിൽ താൻ വന്നു കയറിയ ദിവസം മുതൽ തന്നെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്.

എന്റെ സങ്കല്പത്തിന് ഒത്തിണങ്ങിയ ഒരു പെൺകുട്ടിയെ പോലെയാണ് ആദ്യ കാഴ്ചയിൽ തന്നെ തന്നെ എനിക്ക് തോന്നിയത്.

തന്നെ എന്റെ ജീവിതത്തിലേക്ക് കൂട്ടണമെന്ന് എനിക്ക് നല്ല ആഗ്രഹവുമുണ്ട്. പക്ഷേ ഇപ്പോൾ ഇത് പറഞ്ഞാൽ താനെന്നെ തല്ലും എന്ന് എനിക്കറിയാം.

എന്നാൽ ഇത് പറഞ്ഞില്ലെങ്കിൽ എനിക്കൊരു സമാധാനം ഉണ്ടാവുകയും ഇല്ല. ഇനി എന്തായാലും അവൻ നിന്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്ന് ഉറപ്പാണല്ലോ.. അപ്പോൾ പിന്നെ എന്നെ ഒന്ന് പരിഗണിച്ചു കൂടെ..? ”

അവൻ കുസൃതിയോടെ ചോദിച്ചപ്പോൾ അവൾക്ക് ദേഷ്യം വന്നു. മറുപടി പറയാതെ അവനിൽ നിന്ന് എഴുന്നേറ്റ് നടന്നിട്ടും അവൻ അവളെയും കാത്തിരിക്കുന്നുണ്ടായിരുന്നു.

പിന്നീടുള്ള അവളുടെ ജീവിതത്തിലെ ഓരോ ചുവടിലും അവൾക്ക് താങ്ങായി അവൻ ഉണ്ടായിരുന്നു.

അവൻ തന്റെ ഇഷ്ടം പറഞ്ഞത് ആത്മാർത്ഥമായിട്ടാണ് എന്ന് അവൾക്ക് ഒരു തോന്നൽ ഉണ്ടായപ്പോൾ ഇനിയുള്ള ജീവിതം ഒന്നിച്ചു മതി എന്ന് അവൾ തന്നെയാണ് അവനോട് പറഞ്ഞത്.

ഇന്നിപ്പോൾ അവൾക്ക് താങ്ങായും തണലായും അവനുണ്ട്. ജീവിതത്തിൽ സംഭവിച്ചു പോയ ആ മണ്ടത്തരത്തെ ഓർത്ത് അവൾ ഇപ്പോൾ വിഷമിക്കുന്നുമില്ല. പകരം അവൻ കാരണം തനിക്ക് കിട്ടിയ നിധിയെ ഓർത്ത് സന്തോഷിക്കുകയാണ്.