വിവാഹത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടന്നു, അവളുടെ ഇഷ്ടമോ സമ്മതമോ ആഗ്രഹമോ ഒന്നും ആരും കണക്കിലെടുത്തില്ല..

(രചന: ശ്രേയ)

” കിച്ചേട്ടാ.. ഞാൻ എന്താ ചെയ്യേണ്ടത്..? വീട്ടിൽ വിവാഹാലോചനകൾ തകൃതിയായി നടക്കുന്നുണ്ട്.

അച്ഛനും അമ്മാവന്മാരും ഒക്കെ കൂടി എന്നെ എത്രയും പെട്ടെന്ന് കെട്ടിക്കണം എന്നുള്ള തീരുമാനത്തിലാണ്. ഞാൻ എന്താ ചെയ്യേണ്ടത്..? ”

സങ്കടത്തോടെ അവൾ ചോദിച്ചപ്പോൾ മറുപടി പറയാൻ അവനും കഴിയില്ലായിരുന്നു.

“നീ എന്തിനാ പെണ്ണെ ഇങ്ങനെ സങ്കടപ്പെടുന്നത്..? നിന്നോട് ഞാൻ ഒരു വാക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ ആ വാക്ക് ഞാൻ പാലിച്ചിരിക്കും. നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് എന്റേത് മാത്രമായിരിക്കും..”

അവൻ ഉറപ്പോടെ പറഞ്ഞപ്പോൾ അവൾക്ക് ചെറിയൊരു സമാധാനം തോന്നി. എങ്കിലും എങ്ങനെയാണ് തന്റെ വിവാഹം മുടക്കുക എന്നോർത്തിട്ട് അവൾക്ക് ചെറിയൊരു ഭയവും ഉണ്ടായിരുന്നു.

” നീ ഇങ്ങനെ ഇവിടെ ഇരുന്ന് ടെൻഷൻ അടിക്കാതെ വീട്ടിലേക്ക് ചെല്ലാൻ നോക്ക്..”

അവൻ അത് പറഞ്ഞപ്പോൾ ഒരു നിമിഷം മനസ്സിൽ ഉണ്ടായിരുന്ന ടെൻഷനും ഭയവും ഒക്കെ മാറ്റി വച്ചുകൊണ്ട് അവൾ അവനെ കുസൃതിയോടെ നോക്കി. അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായപ്പോൾ അവനിലും ഒരു ചിരി വിരിഞ്ഞു.

” കൊണ്ടാക്കണമായിരിക്കും അല്ലേ..? ”

അവൻ ചോദിച്ചപ്പോൾ അവൾ തലയാട്ടി.

” നിന്നെക്കൊണ്ട് ഞാൻ തോറ്റു. വീട്ടിൽ ഞാൻ വന്നു കാര്യങ്ങൾ അറിയിക്കുന്നത് വരെ ആരും അറിയാൻ പാടില്ല എന്ന് വാശി പിടിക്കുന്നത് നീയാണ്. എന്നിട്ട് എന്നെ കാണാൻ വരുമ്പോൾ ഒക്കെ നിന്നെ ഞാൻ കൊണ്ടാക്കുകയും വേണം.. ഇത് ആരെങ്കിലും കണ്ടാലുള്ള അവസ്ഥയോ..? ”

അവൻ ചോദിച്ചപ്പോൾ അവളുടെ മുഖം വാടി. അത് കണ്ടപ്പോൾ അവന് ചെറിയൊരു സങ്കടം തോന്നാതിരുന്നില്ല.

” ഇനി അതിന് മുഖം വീർപ്പിച്ച് നിൽക്കണ്ട. തവളയിൽ എത്തുന്നതിനു മുൻപുള്ള സ്ഥലത്ത് ഞാൻ ഇറക്കി വിടാം.. ”

അവൻ പറഞ്ഞപ്പോൾ ചിരിയോടെ തല കുലുക്കി കൊണ്ട് അവൾ വേഗം ബൈക്കിന്റെ പിന്നിൽ കയറിയിരുന്നു. അവളുടെ ആവേശം കണ്ടു ചിരിച്ചു കൊണ്ട് അവൻ വണ്ടി മുന്നോട്ട് എടുത്തു.

അവനോട് പറ്റിച്ചേർന്ന് ഇരുന്നു കൊണ്ട് യാത്ര ചെയ്യുമ്പോൾ അവൾ ഓർത്തത് അവൻ എന്ന സഖാവിനെ ആദ്യമായി കണ്ടുമുട്ടിയതായിരുന്നു.

കോളേജിലെ ഇലക്ഷൻ ടൈമിൽ ഞാനാണ് നിങ്ങളുടെ ചെയർമാൻ സ്ഥാനാർത്ഥി എന്നു പറഞ്ഞു കൊണ്ട് ക്ലാസിലേക്ക് കയറി വന്ന ചുറുചുറുക്കുള്ള വിദ്യാർത്ഥി..!

അന്നത്തെ അവന്റെ പ്രസംഗത്തിൽ തന്റെ മനസ്സ് അവനോടൊപ്പം പോയി എന്ന് മനസ്സിലായത് അവനെ കാണാൻ വേണ്ടി ഉള്ളം തുടിച്ചു തുടങ്ങിയപ്പോൾ ആയിരുന്നു.

ആ ഇലക്ഷൻ കാലയളവ് മുഴുവൻ അവനെ കാണാൻ വേണ്ടി മാത്രം ക്യാമ്പയിനിങ് നടക്കുന്ന ക്ലാസുകളിൽ കയറിയിറങ്ങി. അവനു വേണ്ടി കൂട്ടുകാരോട് വോട്ട് ചോദിക്കുമ്പോൾ എന്റെ പ്രിയപ്പെട്ടവൻ ജയിക്കണം എന്നൊരു ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഇലക്ഷൻ കഴിഞ്ഞപ്പോൾ വമ്പിച്ച ഭൂരിപക്ഷത്തോടെ അവൻ വിജയിച്ചു. അതിന്റെ ഭാഗമായിട്ടുള്ള ആഘോഷ പ്രകടനങ്ങൾ ഒരുപാടുണ്ടായിരുന്നു.

പിന്നെയും പല സ്ഥലത്തും വച്ച് പലപ്പോഴും അവനെ കണ്ടുമുട്ടി. അവനെ കാണാനുള്ള സന്ദർഭങ്ങൾ താൻ സ്വയം സൃഷ്ടിച്ചു എന്നതാണ് ശരി. അവളെ കാണാൻ വേണ്ടി മാത്രം പാർട്ടിയിൽ അംഗത്വം എടുത്ത് പാർട്ടി പരിപാടികളിൽ മുഴുവൻ പങ്കെടുത്തു.

എപ്പോഴോ അവന്റെ കണ്ണുകളും എന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നിയിരുന്നു. അത് വെറുമൊരു തോന്നൽ ആയിരിക്കും എന്നാണ് ആദ്യം കരുതിയത്.

പക്ഷേ പെട്ടെന്നൊരു ദിവസം അവനെ കാണാൻ വേണ്ടി പാർട്ടി ഓഫീസിലേക്ക് കയറിച്ചെന്ന എന്നെ അവൻ തടഞ്ഞു നിർത്തി.

“താനൊന്ന് പുറത്തേക്ക് വന്നേ… എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്..”

അവൻ അങ്ങനെ പറഞ്ഞപ്പോൾ ആദ്യം ഒരു ഞെട്ടൽ ആയിരുന്നു. പിന്നെ അവന് പറയാനുള്ളത് എന്തായാലും അത് കേൾക്കാൻ തയ്യാറെടുത്തു കൊണ്ട് പിന്നാലെ ചെന്നു.

” പാർട്ടിയിൽ അംഗത്വം എടുത്തത് പാർട്ടിയിൽ പ്രവർത്തിക്കാൻ താല്പര്യം ഉള്ളതുകൊണ്ടു തന്നെയാണോ..? ”

എന്നുള്ള അവന്റെ ചോദ്യത്തിന് മറുപടിയില്ലാതെ തല കുനിച്ചു.

” പ്രണയം നേടാനുള്ള എളുപ്പ മാർഗമായി പാർട്ടിയെ കണക്കാക്കരുത്.. ഇതിന് കുറെ തത്വ ശാസ്ത്രങ്ങളും നീതിബോധങ്ങളും ഒക്കെ ഉള്ളതാണ്.. ”

അവൻ പറഞ്ഞത് കേട്ടപ്പോൾ ആദ്യം ഒരു അതിശയം ആയിരുന്നു. എന്റെ പ്രണയം അവനും അറിഞ്ഞിരുന്നല്ലോ എന്നൊരു തോന്നൽ..!

“താൻ ഇങ്ങനെ കഷ്ടപ്പെട്ട് എന്റെ പിന്നാലെ നടക്കണം എന്നില്ല. എന്റെ തീരുമാനം എന്താണെങ്കിലും ഞാൻ ഇപ്പോൾ തന്നെ തുറന്നു പറയാം..”

അവൻ പറഞ്ഞത് കേട്ടപ്പോൾ നെഞ്ചിടിപ്പ് വല്ലാതെ കൂടി. അവൻ താൽപര്യമില്ല എന്നൊരു മറുപടിയാണോ പറയാൻ പോകുന്നത് എന്നൊരു ഭയം.. അവൻ അങ്ങനെ പറഞ്ഞാൽ തനിക്ക് അതെങ്ങനെ സഹിക്കാനാവും..? അതൊരു വലിയ ചോദ്യമായി മുന്നിൽ അവശേഷിച്ചു.

” ഒരുപാട് റിസ്കുള്ള ജീവിതമാണ് എന്റെത്. ഒരിക്കലും സമാധാനപൂർണമായ ഒരു ജീവിതം പ്രതീക്ഷിച്ചു കൊണ്ട് എന്റെ പിന്നാലെ നടക്കരുത്. പാർട്ടിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരാളാണ് ഞാൻ..

അതിന്റേതായ എല്ലാ തിരക്കുകളും എനിക്കുണ്ടാവും. സാധാരണ കാമുകി കാമുകന്മാരെ പോലെ ചുറ്റിയടിക്കാൻ ഒന്നും ചിലപ്പോൾ എനിക്ക് സമയം കിട്ടിയെന്ന് വരില്ല. എന്തിനേറെ പറയുന്നു ചിലപ്പോൾ ഒന്ന് സംസാരിക്കാൻ പോലും കഴിഞ്ഞെന്നു വരില്ല..

ഇങ്ങനെ ഒരുപാട് നെഗറ്റീവ് സൈഡ് ഉള്ള ആളാണ് ഞാൻ.. എന്നെ ഇങ്ങനെ തന്നെ അക്സെപ്റ്റ് ചെയ്യാൻ പറ്റുമെങ്കിൽ മാത്രം നമുക്ക് ഈ റിലേഷനുമായി മുന്നോട്ടു പോകാം.. അല്ലായെങ്കിൽ ഇവിടെ വച്ച് താൻ എല്ലാം മറക്കണം.. ”

അവൻ പറഞ്ഞത് കേട്ടപ്പോൾ കണ്ണുമിഴിച്ചു നിന്നു പോയി. അവൻ പറഞ്ഞതിന്റെ അർത്ഥം എന്നെ ഇഷ്ടമാണെന്ന് തന്നെയല്ലേ എന്ന് ഒരു നൂറുവട്ടം ആലോചിച്ചു നോക്കി.

“താൻ മറുപടി ഇപ്പോൾ തന്നെ പറയണം എന്നൊന്നുമില്ല..”

അത്രയും പറഞ്ഞുകൊണ്ട് അവൻ നടന്നു നീങ്ങാൻ തുടങ്ങിയപ്പോൾ എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ അവന്റെ കയ്യിൽ കയറി പിടിച്ചു.

” എനിക്കിഷ്ടമാണ്.. എന്റെ തീരുമാനത്തിൽ മാറ്റം ഒന്നുമില്ല.. കുറച്ചു റിസ്ക് ഒക്കെ ഉണ്ടെങ്കിൽ അല്ലേ ജീവിതത്തിൽ ഒരു ത്രില്ല് ഉണ്ടാകു.. ”

ഒറ്റ കണ്ണ് ഇറക്കി അത്രയും പറഞ്ഞുകൊണ്ട് അവിടെ നിന്ന് ഓടി അകലുമ്പോൾ ഇരു മനസ്സുകളിലും ഒരു പ്രണയകാവ്യം രചിച്ചു തുടങ്ങിയിരുന്നു.

” ദേ സ്ഥലം എത്തി… സ്വപ്നം കണ്ടിരിക്കാതെ ഇറങ്ങിപ്പോടി..”

അവൻ തട്ടി വിളിച്ചപ്പോൾ ഞെട്ടിക്കൊണ്ട് ചുറ്റും നോക്കി. അറിയുന്ന ആരും ആ പരിസരത്ത് ഒന്നുമില്ലാ എന്ന് ഉറപ്പു വരുത്തി കൊണ്ടാണ് വണ്ടിയിൽ നിന്ന് ഇറങ്ങിയത്..

അവനോട് യാത്ര പറഞ്ഞു പിന്നീട് തിരിഞ്ഞു നോക്കാതെ നേരെ വീട്ടിലേക്ക് നടന്നു.

വീട്ടിലെത്തി കഴിഞ്ഞിട്ടും അവനോടൊത്തുള്ള നിമിഷങ്ങൾ മാത്രമായിരുന്നു ഓർമ്മയിൽ ഉണ്ടായിരുന്നത്.

പിറ്റേന്ന് ആരോ പെണ്ണ് കാണാൻ വരുന്നുണ്ട് എന്ന് അമ്മ അറിയിച്ചിരുന്നു. അവർക്കു മുന്നിൽ ഒരുങ്ങി നിൽക്കണമെന്ന് ഭീഷണിയായിരുന്നു.

ആ സമയത്ത് അവരെ അനുസരിക്കാൻ എന്നെ പ്രേരിപ്പിച്ചത് അവന്റെ വാക്കുകളായിരുന്നു. ആരുടെയൊക്കെ മുന്നിൽ ഉടുത്തൊരുങ്ങി നിന്നാലും അവന്റെ താലി മാത്രമേ എന്റെ കഴുത്തിൽ ഉണ്ടാകൂ എന്ന് അവൻ ഉറപ്പു പറഞ്ഞല്ലോ..!

പിറ്റേന്ന് പെണ്ണുകാണൽ ചടങ്ങ് നടന്നത് ഏതോ ഒരു സ്വപ്നലോകത്ത് എന്ന പോലെയാണ് ഞാൻ തന്നത്. ആ വിവാഹം ഉറപ്പിച്ചു എന്ന് പിന്നീട് അച്ഛൻ പറഞ്ഞു.

അതോടെ വല്ലാത്തൊരു ടെൻഷൻ തോന്നി.കോളേജിലേക്ക് പോകുമ്പോൾ അവനോട് സംസാരിക്കാൻ എന്നാണ് കരുതിയത്. പക്ഷേ അതിനുള്ള അവസരം തനിക്ക് നിഷേധിക്കപ്പെട്ടു.

വിവാഹം കഴിഞ്ഞതിനു ശേഷം മാത്രം ഇനി കോളേജിലേക്ക് പോയാൽ മതി എന്ന് അച്ഛൻ ഉറപ്പ് പറഞ്ഞു. അതിനുള്ള കാരണം ചോദിച്ച അവളോട് അച്ഛൻ വല്ലാതെ ദേഷ്യപ്പെടുകയാണ് ചെയ്തത്.

” കോളേജിലേക്ക് പോയിട്ട് എന്തിനാണ്..? നീ പഠിക്കാൻ അല്ലല്ലോ കോളേജിൽ പോകുന്നത്..? വല്ലവന്റെയും കൂടെ ബൈക്കിൽ കറങ്ങാൻ വേണ്ടി ഇവിടെ നിന്ന് രാവിലെ ഉടുത്തൊരുങ്ങി പോകേണ്ട കാര്യമൊന്നുമില്ല.. ”

രൂക്ഷമായ നോട്ടത്തോടെ അച്ഛൻ അത്രയും പറഞ്ഞു കൊണ്ടു പോയപ്പോൾ തന്നെ തങ്ങളെ രണ്ടാളെയും ഒരുമിച്ച് ആരോ കണ്ടിട്ടുണ്ട് എന്ന് ഉറപ്പായി..

വിവാഹം കഴിയുന്നതു വരെ വീട്ടിൽ നിന്ന് പുറത്തേക്ക് പോലും പോകാൻ അനുവാദമില്ലാതെ തന്നെ അവർ വീട്ടു തടങ്കലിലാക്കി എന്നതാണ് ശരി.

കിച്ചനെ ഒരു വിവരവും അറിയിക്കാനുള്ള സാവകാശം പോലും അവൾക്ക് കിട്ടിയില്ല. മൊബൈൽ ഫോൺ ഉൾപ്പെടെ വീട്ടുകാരുടെ കയ്യിൽ ആയതുകൊണ്ട് അവനെ വിവരം അറിയിക്കാൻ ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല..!

വിവാഹത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടന്നു. അവളുടെ ഇഷ്ടമോ സമ്മതമോ ആഗ്രഹമോ ഒന്നും ആരും കണക്കിലെടുത്തില്ല.

കാത്തു കാത്തിരുന്ന് വിവാഹം വന്നെത്തി.വിവാഹ തലേന്ന് എന്തെങ്കിലും ഒരു അത്ഭുതം സംഭവിച്ച് അതൊന്നു മുടങ്ങി കിട്ടിയിരുന്നെങ്കിൽ എന്ന് അവൾ ഈശ്വരനോട് പ്രാർത്ഥിച്ചു.

അന്ന് എല്ലാവരുടെയും മുന്നിൽ അവളെ കൊണ്ടുവന്ന് നിർത്തുമ്പോൾ ഒരിക്കലും അവളുടെ ഉള്ളിലെ വിഷമങ്ങൾ ആരും അറിയാൻ പാടില്ല എന്ന് അച്ഛനും സഹോദരനും ഒക്കെ ഒരുപോലെ അവളോട് പറഞ്ഞു. അത് അനുസരിക്കുകയല്ലാതെ അവൾക്ക് മറ്റു മാർഗ്ഗങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.

രാത്രിയിൽ എന്തൊക്കെയോ ബഹളങ്ങൾ കേട്ടിട്ടാണ് അവൾ പുറത്തേക്ക് ഇറങ്ങി ചെല്ലുന്നത്. അച്ഛനും ഏട്ടനും ഒക്കെ ആരോടൊക്കെയോ കയർത്തു സംസാരിക്കുന്നത് അവൾ കണ്ടു.

ആ കൂട്ടത്തിൽ തന്നെ ആരൊക്കെയോ സഹതാപത്തോടെ നോക്കുന്നുണ്ട് എന്നും അവൾ ശ്രദ്ധിച്ചു.

കാര്യമറിയാനായി അവൾ അവിടെ തന്നെ നിലയുറപ്പിച്ചു.

അവിടെ നടന്ന സംസാരങ്ങളിൽ നിന്ന് അവൾക്ക് ഒരു കാര്യം മനസ്സിലായി.നാളെ വിവാഹം നടക്കില്ല..!

മനസ്സറിഞ്ഞ് അവൾ ഈശ്വരനോട് നന്ദി പറഞ്ഞ അവസരമായിരുന്നു അത്..

” ആ ചെറുക്കനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയെന്ന്.. ഇതിനു മുൻപ് അവൻ എത്ര കല്യാണം കഴിച്ചിട്ടുണ്ടെന്ന് അവന് തന്നെ കണക്കില്ല എന്നാണ് പറയുന്നത്.. എന്തായാലും പെൺകുട്ടി രക്ഷപ്പെട്ടു എന്ന് കരുതിയാൽ മതി.. ”

ആരൊക്കെയോ അടക്കം പറയുന്നത് അവൾ കേട്ടു..

സന്തോഷമായിരുന്നുവെങ്കിലും അതൊന്നും പുറത്ത് പ്രകടിപ്പിക്കാൻ വയ്യാത്ത അവസ്ഥയായിരുന്നു അവൾക്ക്..

രാത്രി ഒരുപാട് വൈകിയും അവിടെ കുറെ ചർച്ചകൾ നടന്നു. പിറ്റേന്ന് വിവാഹം നടക്കും എന്നൊരു പ്രസ്താവനയോടെ എല്ലാവരെയും പിരിച്ചു വിട്ടു.

അതോടെ അവൾക്ക് വീണ്ടും ടെൻഷനായി.. ആരായിരിക്കും..?

ഈ വിവരങ്ങളെല്ലാം കിച്ചേട്ടനെ ഒന്ന് അറിയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..!!

അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു…

പിറ്റേന്ന് രാവിലെ യാന്ത്രികമായി അവളെ ആരൊക്കെയോ ഒരുക്കി. വിവാഹ പന്തലിൽ കയറിയിരിക്കുമ്പോൾ ആരാണ് തന്നെ താലി ചാർത്തിയത് എന്ന് അവൾ നോക്കിയത് പോലുമില്ല..

അവളുടെ കണ്ണുകൾ ആ സദസിൽ ആകമാനം തന്റെ പ്രിയപ്പെട്ടവനെ തിരയുകയായിരുന്നു. എന്തെങ്കിലും ഒരു അത്ഭുതം നടന്നു അദ്ദേഹം ഇവിടെ എത്തിയിരുന്നെങ്കിൽ..!!

” ഇവിടെ നിന്റെ തൊട്ടടുത്തിരിക്കുന്ന എന്നെ നീ ആൾക്കൂട്ടത്തിൽ തിരഞ്ഞാൽ എങ്ങനെ കാണാനാണ്..? ”

ചെവിക്കരികിൽ പതിഞ്ഞ വിശ്വാസം അവളെ അത്ഭുതപ്പെടുത്തി. ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അവളെ നോക്കി ഇരിക്കുന്ന കിച്ചേട്ടനെ..!

” ഇന്നലത്തെ കല്യാണം മുടക്കിയത് ഞാൻ തന്നെയായിരുന്നു.. പിന്നെ വീട്ടുകാർ വഴി നിന്റെ അച്ഛനെ ഒന്ന് സോപ്പിട്ട് പിടിച്ചു.. അതല്ലാതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല മോളെ.. ”

ചിരിച്ചുകൊണ്ട് അവൻ പറയുമ്പോൾ ആ നിമിഷം അവന്റെ നെഞ്ചോരം ചേർന്ന് നിൽക്കാനാണ് അവൾക്ക് തോന്നിയത്..

അവന്റെ താലിയും സിന്ദൂരവും നിറഞ്ഞ മനസ്സോടെ ഏറ്റുവാങ്ങുമ്പോൾ, കുറച്ചു വിഷമിച്ചെങ്കിലും തന്റെ സന്തോഷങ്ങൾ തന്നിലേക്ക് എത്തിച്ചതിന് സർവ്വേശ്വരനോട് നന്ദി പറയുകയായിരുന്നു അവൾ..