വൈഫിനു എന്തെങ്കിലും മെന്റലി പ്രശ്നം ഉണ്ടോ, അതോ അമ്മായിയമ്മ മരുമകൾ ഇഷ്യൂ..

കാണാകണ്മണി
(രചന: Seena Joby)

“ഓമനതിങ്കൾ കിടാവോ.. നല്ല
കോമള താമരപ്പൂവോ… പൂവിൽ നിറഞ്ഞ മധുവോ…….” അമ്മേടെ കണ്ണൻ ഉറങ്ങിക്കെ.. അമ്മയ്ക് കുറെ കുറെ ജോലി ഉള്ളതല്ലെടാ കള്ളക്കണ്ണ…

മാമുണ്ട് കുഞ്ഞു വയറു നിറഞ്ഞതല്ലേ.. പൊന്നു വേഗം ഉറങ്ങിക്കെ.. ഇല്ലെങ്കിൽ ഇനി അച്ചമ്മ വയക്ക് പറയൂട്ടോ…. “‘

“”ഡീ മൂദേവി.. രാവിലെ വട്ട് കളിക്കാണ്ട് അടുക്കളയിൽ പോയി പണി എടുക്കെടീ.. നിന്റെ ചത്തുപോയ തള്ള വരൂല രാവിലെ ഇവിടുത്തെ പണി എടുക്കാൻ…. എന്റെ കൈക്ക് പണി ഉണ്ടാക്കരുത്….””

“”ശൂ അമ്മേടെ മോൻ കേട്ടല്ലോ.. ഇനി വേം ഒങ്ങിക്കോ ട്ടോ.. ചക്കരയുമ്മ… അമ്മ പോയി ജോലി തീർത്തു ഓടി വരാട്ടോ..”

അമ്പാടിവീട്ടിൽ എന്നും ഈ വഴക്കും താരാട്ടും കേട്ടാണ് ദിവസം ആരംഭിക്കുന്നത്… യാശോദാമ്മയുടെ ചീത്ത വിളിയും മായയുടെ താരാട്ടും… കേട്ടു കേട്ട് ചുറ്റിനുമുള്ള വീട്ടുകാർക്കും ശീലമായി..

മായ ഓടിനടന്നു ജോലി തീർത്തു.. മോൻ കണ്ണൻ ഉണർന്നാലോ എന്നാ ഭയം… യാശോദ എപ്പോളും അവൾക്ക് പിന്നാലെ ഉണ്ട്..

ഓരോ കുറ്റവും കുറവും പറഞ്ഞു ചീത്ത വിളിച്ചു കൊണ്ടു… എപ്പോളോ അമ്മ മാറിയ തക്കം നോക്കി മോനേ ഒന്നു നോക്കാൻ ഓടി റൂമിൽ വന്നവൾ അലറിക്കൊണ്ട് പുറത്തേയ്ക്ക് ഓടി…

“”അയ്യോ.. എന്റെ മോനെവിടെ.. അമ്മേടെ കണ്ണൻ എവിടെ… പൊന്നുമോനെ… എവിടാ.. അമ്മയെ പേടിപ്പിക്കല്ലേ. പൊന്നു മോനേ… അമ്മേടെ പൊന്നുമോനെ… ഓടിവാടാ കണ്ണാ…””

അവളുടെ കരച്ചിൽ കേട്ട് യാശോദ മുറ്റത്തു നിന്ന് മുഴുത്ത ഒരു വടിയുമായി പുറകെ ഓടി… അവളുടെ പുറത്തു തന്നെ ആഞ്ഞടിച്ചു…

“”കേറിപ്പൊടി ഭ്രാന്തി… വീട്ടുകാർക്കോ ശല്യം. ഇനി നാട്ടുകാരെ കൂടെ ഉപദ്രവിക്കാൻ തുടങ്ങുവാണോ … കേറടി വീട്ടിൽ..””

വേദന കൊണ്ടു പുളഞ്ഞെങ്കിലും അവൾ ഗേറ്റ് തുറന്നു പുറത്തേക്ക് ഓടി.. യാശോദക്ക് തടുക്കാൻ കഴിഞ്ഞില്ല.. അതിനുമുൻപ് തന്നെ ഓടി ഇറങ്ങിയതും പാഞ്ഞു വന്ന ഒരുകാർ അവളെ തട്ടിയിട്ടതും ഒരുമിച്ചു കഴിഞ്ഞു…

സൈഡിലേക്ക് തെറിച്ചു വീണ മായ ഒന്ന് പിടഞ്ഞു പിന്നെ നിശ്ചലയായി..

കാർ നിർത്തി സുമുഖനായ ഒരു യുവാവ് ഇറങ്ങി വന്നു… ഒന്നും മിണ്ടാനാവാതെ നിൽക്കുന്ന യാശോധയെ ഒന്ന് നോക്കി. അവർ വേഗം കയ്യിലിരുന്ന വടി നിലത്തേയ്ക്ക് ഇട്ടു..

അയാൾ ആ വടിയിലേക്കും അവരുടെ മുഖത്തേയ്ക്കും മാറി മാറി നോക്കി… പിന്നെ അവളെ വാരിയെടുത്തു കാറിന്റെ ഡോർ തുറന്നു… യാശോദ വേഗം ഉള്ളിൽ കയറിയിരുന്നു.. അവരുടെ മടിയിലേക്ക് മായയെ കിടത്തി..

അയാൾ അതിവേഗം കാർ എടുത്തു. ലൈറ്റ് തെളിച്ചു ഹോൺ മുഴക്കി ടൗണിലൂടെ അതിവേഗം തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു.. പിന്നീട് യാശോദാമ്മയോട് നമ്പർ വാങ്ങി മായയുടെ ഭർത്താവ് രഞ്ജിത്തിനെ വിളിച്ചു…

പേടിപ്പിക്കാതെ കാര്യം അറിയിച്ചു. ഉടനെ എത്താമെന്ന് പറഞ്ഞു രഞ്ജിത് കാൾ കട്ട്‌ ചെയ്തു.. രഞ്ജിത്ത് വരുന്നത് വരെ ആ യുവാവ് ഹോസ്പിറ്റലിൽ ഓരോ കാര്യത്തിനും ഓടി നടന്നു…

ഫാർമസിയിൽ നിന്ന് മെഡിസിൻ വാങ്ങി വരുമ്പോൾ ഓപ്പറേഷൻ തീയേറ്ററിന്റെ മുൻപിൽ അക്ഷമനായി നിൽക്കുന്നയാളെ കണ്ടതും അങ്ങോട്ട്‌ ചെന്നു..

“”മിസ്റ്റർ രഞ്ജിത്..””

“”അതേ.. ഞാനാണ്.. താങ്കളാണോ എന്നെ വിളിച്ചത്..””

“”അതേ.. ഞാൻ നിധിൻ.. ഇവിടെ ഫെഡറൽ ബാങ്കിലേക്ക് ട്രാൻസ്ഫർ ആയി.. ഇന്ന് ആദ്യമായി താമസസ്ഥലത്തേയ്ക്ക് വരുന്ന വഴിയിലാണ് ആക്‌സിഡന്റ് ഉണ്ടായത്…

എന്റെ തെറ്റല്ല… ആ കുട്ടി പേടിച്ചു ഓടി വരികയായിരുന്നു… എനിക്ക് പെട്ടന്ന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.. ക്ഷെമിക്കണം…””

അപ്പോളേക്കും പുറത്തേക്ക് വന്ന നഴ്സിന്റെ കൈയിൽ മായയ്ക്കുള്ള മെഡിസിൻ കൊടുത്തു… രണ്ടാളും അവിടെ ഇട്ടിരുന്ന വിസിറ്റേഴ്സ് ചെയറിൽ ഇരുന്നു..

“”രഞ്ജിത്.. ഞാൻ ചോദിക്കുന്നത് കൊണ്ടു ഒന്നും തോന്നരുത്.. വൈഫിനു എന്തെങ്കിലും മെന്റലി പ്രശ്നം ഉണ്ടോ.. അതോ അമ്മായിയമ്മ മരുമകൾ ഇഷ്യൂ ആണോ…

കാരണം ആ കുട്ടിയുടെ വരവ് അങ്ങനെ തോന്നിച്ചു… അമ്മയുടെ മുഖഭാവത്തിൽ ആ ആക്‌സിഡന്റ് കണ്മുൻപിൽ കണ്ടിട്ടും പ്രത്യേക ഞെട്ടൽ ഒന്നും ഉണ്ടായിരുന്നില്ല..

അതുകൊണ്ടു ചോദിച്ചു പോയതാ. ഇനി കുറച്ചു കാലം ഞാൻ നിങ്ങളുടെ അയൽവാസി ആണല്ലോ.. അപ്പൊ ഒന്ന് അറിഞ്ഞിരിക്കാൻ മാത്രം.. പറയാൻ ബുദ്ധിമുട്ട് ആണേൽ വേണ്ടാട്ടോ… വിട്ടേരെ..”

രഞ്ജിത് ഒന്നും മിണ്ടാതെ പിന്നിലേക്ക് ചാഞ്ഞു… കണ്ണുകൾ അടച്ചു.. ഉള്ളിൽ നിന്നൊരു തേങ്ങൽ പുറത്തേയ്ക്ക് വന്നു..

കണ്ണുകൾ ചതിച്ചു.. മെല്ലെ ഉറവ പുറത്തേക്ക് ഒഴുകിതുടങ്ങി.. അയാൾ കരയുന്നത് അറിഞ്ഞു നിധിൻ ആകെ പരിഭ്രമിച്ചുപോയി..

‘”അയ്യോ.. സോറി.. ഞാൻ.. വെറുതെ. അറിയാൻ വേണ്ടി ചോദിച്ചു പോയതാ.. ഇത്രയും വിഷമം ആവുമെന്ന് ഓർത്തില്ല സഹോദര!!.. വിട്ടേരെ. എന്റെ ഒരു മണ്ടത്തരം ആയി കണ്ടാൽ മതി.. “”

രഞ്ജിത് കർചിഫ് എടുത്തു മുഖമമർത്തി തുടച്ചു..

“”ഒരാളോട് എങ്കിലും ഇടയ്ക്ക് മനസ്സിലുള്ള വേദന പറയുന്നത് നല്ലതാടോ.. പെണ്ണിന് കരഞ്ഞു തീർക്കാം..

നമ്മൾ ആണുങ്ങളോ… ഭാര്യയ്ക്കും കുടുംബം മുഴുവനും ധൈര്യം കൊടുക്കണം.. നെഞ്ചും വിരിച്ചു നിൽക്കണം… ഉള്ളിൽ കരയുമ്പോളും പുറമെ ചിരിക്കണം…

തനിക്കറിയോ… ഞങ്ങൾ പ്രണയിച്ചു വിവാഹിതരായവരാണ്.. അവൾക് അമ്മ മാത്രേ ഉണ്ടായിരുന്നുള്ളൂ.. ഒരു പാവപെട്ട അമ്മയുടെ അതിലേറെ പാവം മോള്..

ഞങ്ങൾ ഒരു കോളേജിൽ ആണ് പഠിച്ചത്… പ്രണയം വീട്ടിൽ അറിഞ്ഞു. എന്റെ അമ്മയുടെ എതിർപ്പിനെ മറികടന്നു ഞങ്ങൾ വിവാഹിതരായി.. മൂന്നു വർഷം കഴിഞ്ഞാണ് പുതിയ ആളുടെ വരവ് അറിയിച്ചത്..

അത്രയും കാലം എന്റെ പെണ്ണിന്റെ കണ്ണുനീർ വീഴാത്ത ഒരുദിവസം പോലുമുണ്ടായിട്ടില്ല ആ വീട്ടിൽ.. അവളുടെ പേര് പോലും മച്ചി എന്നാക്കി..

അവൾ മോനേ പ്രെഗ്നന്റ് ആയിരുന്ന സമയം അവളുടെ അമ്മയും മരിച്ചു.. ആ ഷോക്കിൽ നിന്ന് പുറത്തു കൊണ്ടുവരാൻ ഞാൻ ഒത്തിരി പണിപ്പെട്ടു.

അവൾ പ്രെഗ്നന്റ് ആയതോടെ എന്റെ അമ്മ അവളെ സ്നേഹിക്കാൻ തുടങ്ങിയതാണ്..

അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ കണ്ണൻ വന്നു… മോന്റെ ഒരു കാര്യത്തിലും മറ്റൊരാളെ ബുദ്ധിമുട്ടിക്കാൻ അവൾ തയ്യാറല്ലായിരുന്നു.. ചിലപ്പോൾ എനിക്ക്പോലും അവരുടെ ലോകത്ത് സ്ഥാനമില്ലായിരുന്നു..””

അയാൾ ഒന്ന് നിർത്തി ഒരു ദീർഘ നിശ്വാസമെടുത്തു… നിറഞ്ഞ മിഴികൾ അമർത്തി തുടച്ചു.. വീണ്ടും പറഞ്ഞു തുടങ്ങി.. നിധിൻ ശ്രദ്ധയോടെ കേട്ടിരുന്നു..

“”അന്ന്… ആ നശിച്ച ദിവസം… മോനു മൂന്നു വയസ് പ്രായം.. ഞാൻ ഓഫിസിൽ ആയിരുന്നു. അമ്മയും അവളും മോനും മാത്രം വീട്ടിൽ…

കുഞ്ഞിനെ ആഹാരം കഴിപ്പിച്ചു കുളിപ്പിക്കാൻ വേണ്ടി ഉമ്മറത്തു നിർതിയിട്ട് ചൂട് വെള്ളം എടുക്കാൻ അടുക്കളയിൽ പോയി തിരിച്ചു വരുമ്പോൾ മോൻ ഉമ്മറത്തുണ്ടായിരുന്നില്ല…

അവളുടെ നിലവിളി കേട്ടു അമ്മയും അടുത്ത വീടുകളിലെ കുറച്ചു പേരും ഓടി വന്നു…

എല്ലാവരും ആ പ്രദേശം അരിച്ചു പെറുക്കിയെങ്കിലും ഒരു സൂചന പോലും കിട്ടിയില്ല… ആരോ പോലീസിലും ഒപ്പം എന്നെയും അറിയിച്ചു… ഒത്തിരി അന്വേഷിച്ചു.. പത്രങ്ങളിൽ ഓക്കേ ഫോട്ടോ സഹിതം വാർത്ത വന്നു..

ടെലിവിഷൻ ചാനലുകളിലും ഫേസ്ബുക്കിലും ഓക്കേ ഫോട്ടോ സഹിതം ന്യൂസ്‌ കൊടുത്തു… ഒന്നും ഫലം കണ്ടില്ല.. ഇന്നിപ്പോ ഒന്നരവർഷം കഴിഞ്ഞു.. ഇപ്പോളും ഇടയ്ക്കിടെ ഓരോ കാൾ വരും..

ഒരു കുഞ്ഞിനെ കിട്ടി. ഇത് നിങ്ങളുടെ ആണോന്ന് നോക്കാൻ പറഞ്ഞോണ്ട്.. കേട്ട് തീരും മുൻപേ ഓടും.. ആദ്യം അവളും ഒപ്പം ഉണ്ടായിരുന്നു. പിന്നെ പിന്നെ ഞാൻ മാത്രമായ്.. അവൾ മുറിയിൽ ഒതുങ്ങി..

പയ്യെ പയ്യേ അവളുടെ മനസും കൈവിട്ടു പോയി.. തന്റെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിനെ നഷ്ടമായതെന്ന ചിന്തയും അമ്മയുടെ കുത്തുവാക്കുകളും ആയപ്പോൾ പെട്ടന്ന്തന്നെ എന്റെ മായ ഒരു ഭ്രാന്തിയുമായി.

അവളെ ഉപേക്ഷിച്ചു ഞാൻ വേറെ കല്യാണം കഴിക്കണം എന്നതാണ് അമ്മയുടെ ആവശ്യം.. അവളെ നന്നായി ഉപദ്രവിക്കുന്നുമുണ്ട്..

പക്ഷെ എനിക്ക് അവളെ ഉപേക്ഷിച്ചു ഒരു ജീവിതമില്ലെന്ന് അമ്മയ്ക്ക് അറിയില്ല… വേറെ ഒരു നിവർത്തിയും ഇല്ലാണ്ടായിപ്പോയി. ഇങ്ങനെ ഉള്ളവളെ ഞാൻ ഒരു വീടെടുത്തു മാറിയാലും എങ്ങനെ പകൽ സംരക്ഷിക്കും.

എനിക്ക് ജോലിക്ക് പോകാതെ മുൻപോട്ടു ജീവിക്കാൻ പറ്റോ.. അവൾക് സ്വന്തമെന്ന് പറയാൻ ആരുമില്ല.. ഞാൻ അല്ലാതെ..

ഏതെങ്കിലും ഭ്രാന്താശുപത്രിയിൽ അവളെ ചങ്ങലയ്ക്കിടാൻ എനിക്ക് കഴിയില്ലെടോ..””
.
“” തനിക്കു അറിയോ.. എന്റെ മോൻ മരിച്ചു പോയെങ്കിൽ പോലും ഇപ്പോൾ ഞാൻ മനസുകൊണ്ട് അതിനെ അതിജീവിച്ചേനെ..

പക്ഷെ ഇത്.. ഇതുവളരെ ക്രൂരമാണഡോ.. ഓരോ കാലൊച്ചയും എന്റെ മോനാണോ എന്നുള്ള തോന്നൽ.. പുറത്തു പോയാൽ ഓരോ കുഞ്ഞുമുഖവും എന്റെ മോനാണോ എന്നുള്ള ചിന്ത..

ഭിക്ഷക്കാരുടെ കൈയിൽ ഒരു കുഞ്ഞിനെ കണ്ടാൽ ഓടി ചെന്നു നോക്കും…

എന്റെ പൊന്നു കണ്ണനാണോന്ന്.. ഇങ്ങനെ ഇനി എത്രനാൾ.. എന്റെ കണ്ണടയുന്ന വരെ എന്നിലെ പിതാവ് എന്റെ മോനേ തേടിക്കൊണ്ടിരിക്കും…

ആരുടെ അടുത്തായാലും ആരോഗ്യത്തോടെ മിടുക്കനായി ഇരിക്കണേ എന്നുള്ള പ്രാർത്ഥനയാണിപ്പോൾ.. ഉപദ്രവിക്കുന്നവരുടെ കൈയിലൊന്നും ആവരുതേ എന്നുള്ള പ്രാർത്ഥന..

എത്ര കരഞ്ഞിട്ടുണ്ടാവും എന്റെ കുഞ്ഞ്.. ഞങ്ങളെ കാണാൻ വല്ലാതെ വാശി പിടിച്ചപ്പോൾ ആരെങ്കിലും ഉപദ്രവിച്ചു കാണുമോ.. അവൻ അമ്മയുടെ കൂടെ കിടന്നു താരാട്ട് കേട്ടാലേ ഉറങ്ങാറുണ്ടായിരുന്നുള്ളു ..

ഇപ്പോൾ എങ്ങനെയാണോ ആവോ. സമയത്തിന് ആഹാരം കിട്ടുന്നുണ്ടാവുമോ..കുറച്ചു പൊക്കം വെച്ചു കാണും….ഇപ്പോൾ അവൻ ഞങ്ങളെ മറന്നു കാണുമോ…

ഇങ്ങനെ ഒത്തിരി വേദന നിറഞ്ഞ ചിന്തയിലൂടെയാണ് എന്റെ ജീവിതം.. അവൾ ശരിക്കും രക്ഷപെട്ടു.. ഭ്രാന്ത് ചിലപ്പോൾ ഓക്കേ ഒരു രക്ഷപെടൽ കൂടെയാണെടോ..

അവൾ ഇതൊന്നും അറിയുന്നില്ലല്ലോ.. അവളുടെ ഇപ്പോളത്തെ സാഹചര്യത്തിൽ മോനുണ്ട് അവളുടെയൊപ്പം..

ഭാഗ്യവതിയല്ലെടോ അവൾ… ഞാനിനി എത്രനാൾ ഇങ്ങനെ ജീവിക്കണമെന്ന് എനിക്ക് അറിയില്ല. മടുത്തു ശരിക്കും… എനിക്കുമുൻപേ അവളുടെ ജീവൻ പോയേക്കണേ എന്നൊരു പ്രാർത്ഥനയെ എനിക്കുള്ളൂ… ആർക്കും..

ഈ ലോകത്തു ഒരു മാതാപിതാക്കൾക്കും ഇങ്ങനെയൊരു ദുർവിധി കൊടുക്കല്ലേ എന്നൊരു പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ…

എന്നെങ്കിലും എന്റെ പൊന്നുമോൻ തിരിച്ചു വരുമെന്ന് കരുതി ഇങ്ങനെ മുൻപോട്ടു ജീവിക്കണം..””

പറഞ്ഞു തീർന്നതും ഒരേങ്ങലോടെ അയാൾ മുഖം പൊത്തി.. അപ്പോളും ഉള്ളിൽ “” അച്ഛാ “” എന്നൊരു കൊഞ്ചൽ ഉയർന്നു കേട്ടു. ഒപ്പം പാല്പുഞ്ചിരി നിറഞ്ഞ ഓമന മുഖവും..

എന്നെങ്കിലും മടങ്ങിവരുമെന്നുള്ള വിശ്വാസം മാത്രം കൈമുതലായ ജീവിതം.. എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ നിധിനും നിശബ്ധനായിരുന്നു…

ആ കുഞ്ഞുമുഖം ഇനി ഓർമകൾ മാത്രമായി ഒരച്ഛനും.. ഒരു മടക്കം ഉണ്ടാവുമോ തന്നിലേക്ക് എന്നറിയാതെ ..

ഓരോ ദിവസവും നെഞ്ചിടിപ്പ് കൂടുന്നതല്ലാതെ കുറയില്ല എന്നറിഞ്ഞുള്ള ജീവിതം… എന്നെങ്കിലും.. എവിടെ വെച്ചെങ്കിലും കണ്ടു മുട്ടുമെന്ന വിശ്വാസം മാത്രം..

മക്കളെ നഷ്ടപ്പെട്ടു നീറി നീറി ജീവിച്ചു തീർക്കുന്ന മാതാപിതാക്കൾക്ക് കണ്ണീരോടെ സമർപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *