മത്തായിച്ചന്റെ ആദ്യരാത്രിയിൽ പോലും കട്ടിലിന്റെ തല ഭാഗത്തെ ചുവരിൽ ഉണ്ണിമേരിയെ..

മത്തായിച്ചനും ഉണ്ണിമേരിയും
(രചന: Jolly Varghese)

മത്തായിച്ചൻ ഒന്ന് കിളയ്ക്കും, ഉണ്ണിമേരിയെ നോക്കും. വീണ്ടും കിളയ്ക്കും ഉണ്ണിമേരിയെ നോക്കും. അതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും.

ആ നാട്ടുകാർക്ക് ഇതൊരു പതിവ് കാഴ്ചയാണ്. ഹൈറേഞ്ചിലെ മലയോര ഗ്രാമത്തിലെ ഒരു കൃഷിക്കാരനാണ് മത്തായിച്ചൻ.

നല്ല അധ്വാനിയായ മത്തായിച്ചൻ രാവിലെ തന്നെ കൃഷിയിടത്തിലേയ്ക്ക് പോകുമ്പോൾ കൈയിൽ കരുതുന്ന കുറച്ചു സാധങ്ങളുണ്ട്.

തൂമ്പാ, വെട്ടുകത്തി, ദിനേശ്ബീ ഡി, തീപ്പെട്ടി, പിന്നെ ഉണ്ണിമേരിയുടെ ചിത്രമുള്ള വലിയൊരു കലണ്ടർ.

വെള്ളവും ആഹാരവുമൊക്ക ഭാര്യ ചിന്നമ്മ സമയാസമയങ്ങളിൽ പറമ്പിൽ എത്തിച്ചു കൊടുക്കും. രാവിലെ പറമ്പിലേക്ക് ഇറങ്ങിയാൽപ്പിന്നെ വൈകിട്ടെ മത്തായിച്ചൻ വീട്ടിൽ കേറൂ.

പറമ്പിലിറങ്ങിയാൽ മത്തായിച്ചൻ ആദ്യം ചെയ്യുന്നത് ഉണ്ണിമേരി യുടെ കലണ്ടർ മത്തായിച്ചൻ പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്തു നേരെ മുൻപിലുള്ള ഏതെങ്കിലും പൊക്കം കുറഞ്ഞ മരച്ചില്ലയിൽ തൂക്കിയിടുക എന്നതാണ്.

ഓരോ ജോലിചെയ്യുമ്പോഴും ഉണ്ണിമേരിയെ കൂടെകൂടെ നോക്കും. അപ്പോ പണിചെയ്യാനൊരു ആവേശമാണ് മത്തായിച്ചന്.

മത്തായിച്ചന് ജീവിതത്തിൽ എന്ത്‌ ചെയ്യണമെങ്കിലും ഉണ്ണിമേരിയുടെ സാനിധ്യം വേണം.

മത്തായിച്ചന്റെ ആദ്യരാത്രിയിൽ പോലും കട്ടിലിന്റെ തല ഭാഗത്തെ ചുവരിൽ ഉണ്ണിമേരിയെ തൂക്കിയിട്ടിരുന്നു. ചിന്നമ്മയ്ക്ക് ആദ്യമൊന്നും കുഴപ്പമില്ലായിരുന്നു.

പിന്നീട് ഉണ്ണിമേരി ചിന്നമ്മയ്ക്ക് ഒരു വില്ലി ആയി. മത്തായിച്ചനെ ഉണ്ണിമേരിയിൽ നിന്നും മാറ്റാനായി പഠിച്ചപണി പതിനെട്ടും ചിന്നമ്മ പയറ്റിനോക്കി. അവസാനം വീട് വിട്ടു പോകുകവരെ ചെയ്തു.

കെട്ടിച്ചുവിട്ടുകഴിഞ്ഞാൽ സ്വന്തം വീട്ടിൽ പിന്നീട് പഴയ സ്ഥാനം ഇല്ലന്ന് മനസ്സിലാക്കിയതോടെ പോയപോലെ പോരേണ്ടി വന്നു ചിന്നമ്മയ്ക്ക്. അങ്ങനെ ഉണ്ണിമേരിയെ നോക്കി..

നോക്കി മക്കൾ മൂന്നുപേരുണ്ടായി അവർക്ക്. പോകെപ്പോകെ ഭർത്താവിന്റെ ഉണ്ണിമേരി പ്രിയം ചിന്നമ്മ ഉൾക്കൊണ്ടു എന്ന് പറയാം. പിന്നെ അതൊരു പടം ആണെല്ലോന്ന് ആശ്വസിച്ചു.

മത്തായിച്ചന്റെ ഉണ്ണിമേരി പ്രിയം എങ്ങനെ വന്നു എന്നൊന്നും അറിയില്ല. എങ്കിലും നാട്ടിൽ കേൾക്കുന്ന കഥകൾ,

“കട്ടപ്പനയിൽ ഒരു കട ഉൽഘാടനം ചെയ്യാൻ ഉണ്ണിമേരി വന്നെന്നും അന്നേരം ഉണ്ണിമേരിയെക്കാണാൻ മത്തായിച്ചൻ പോയെന്നും തിക്കിലും തിരക്കിലുംപ്പെട്ട ഉണ്ണിമേരിയെ മത്തായിച്ചൻ രക്ഷപെടുത്തിയെന്നും

അപ്പോൾ ഉണ്ണിമേരി നന്ദി സൂചകമായി മത്തായിച്ചനെ കെട്ടി പിടിച്ചെന്നും, അല്ല…, കൈയിലെ പിടിച്ചൊള്ളൂന്നും അതിൽപിന്നെയാണ് മത്തായിച്ചൻ ഉണ്ണിമേരിയിൽ വീണുപോയേന്നും ഒക്കെയാണ് കഥകൾ.

എന്തായാലും മത്തായിച്ചന് നാട്ടുകാരായി യാതൊരു അടുപ്പവുമില്ല ആരെങ്കിലും എന്തേലും ചോദിച്ചാൽ മറുപടി പറയും അത്രതന്നെ.

ഉണ്ണിമേരിയോടുള്ള മത്തായിച്ചന്റെ ഭ്രമം കാണുമ്പോ ഇയാളുടെ തലയ്ക്ക് എന്തോ കുഴപ്പമില്ലേയെന്നു കാണുന്നവർക്ക് തോന്നും.

എന്നാൽ വൃത്തിയിലും വെടുപ്പിലും ഉള്ള മത്തായിച്ചന്റെ കൃഷിരീതി കണ്ടാൽ ആരുമൊന്നു അന്തംവിട്ടുപോകും.

അങ്ങനെ ഒരുദിവസം, രാവിലെ പറമ്പിലേക്ക് പോകാൻ ഇറങ്ങുമ്പോൾ ഉണ്ണിമേരിയുടെ കലണ്ടർ കാണാനില്ല.

മത്തായിച്ചൻ എല്ലായിടത്തും നോക്കി ഒരിടത്തും ഉണ്ണിമേരിയില്ല. മത്തായിച്ചൻ ദേഷ്യത്തിൽ ചിന്നമ്മയെ വിളിച്ചു ചോദ്യം ചെയ്തു.

“എനിക്കറിയാം നീ തന്നെയാ എന്റെ ഉണ്ണിമേരിയെ എവിടെയോ കൊണ്ട് കളഞ്ഞത്. നിനക്ക് അവളെ കണ്ടുകൂടാരുന്നല്ലോ ..? ”

ഇല്ല ഞാൻ എങ്ങും എടുത്തുമില്ല കളഞ്ഞുമില്ല. എനിക്കറിയാല്ലോ നിങ്ങൾക്ക് അതിനോടുള്ള അടുപ്പം.

“അതൊന്നുമല്ല നീതന്നെയാ…നീ ഇടയ്ക്കിടെ പറയുവാരുന്നല്ലോ നിങ്ങടെ ചുണ്ണിമേരിയെ ഞാൻ ഒരുദിവസം കത്തിക്കുമെന്ന്. !”

“എന്റെ മനുഷ്യാ ഞാൻ നിങ്ങളെ വെറുതെ ശുണ്ഠി പിടിപ്പിക്കാൻ പറയുന്നതാ അതൊക്ക. ”

ചിന്നമ്മ പറഞ്ഞതൊന്നും മത്തായിച്ചന്റെ തലയിൽ കയറിയില്ല എന്ന് മാത്രമല്ല ചിന്നമ്മയുടെ ഇരു കവിളിലും മാറിമാറി തല്ലുകയും.

പോരാത്തതിന് പറമ്പിലിറങ്ങി നട്ടുനനച്ചു വളർത്തിയ ഏത്തവാഴയും മറ്റ് കണ്ണിൽ കണ്ടതെല്ലാം വെട്ടി നശിപ്പിക്കുകയും ചെയ്തു.

എന്നിട്ട് പടർന്നു പന്തലിച്ച ചെമ്പകചോട്ടിലെ മൊട്ടക്കല്ലിൽ എല്ലാം നഷ്‌ടപ്പെട്ടവനെപോലെ കയറി ഇരുന്നു.

കുറെ സമയം കഴിഞ്ഞു ചിന്നമ്മ അങ്ങോട്ട്‌ വന്നു കൈയിൽ “പാ ” ചുരുട്ടും പോലെ ചുരുട്ടിയ ഉണ്ണിമേരിയുടെ കലണ്ടറും ഉണ്ടായിരുന്നു.

വന്നപാടെ കലണ്ടർ മത്തായിച്ചന് നേരെ നീട്ടികൊണ്ട് പറഞ്ഞു. ഇന്നലെ മഴനനഞ്ഞെന്നും പറഞ്ഞു ഉണ്ണിമേരിയെ രാവിലെ നിങ്ങൾ ഉണക്കാനിട്ടായിരുന്നോ.?

മത്തായിച്ചൻ കനത്തിൽ മൂളി.
എന്നാലേ ഉണ്ണിമേരിയെ കാറ്റടിച്ചു കൊണ്ടുപോയി കോഴിക്കൂടിന്റെ മുകളിൽ കൊണ്ടിരുത്തി. അവിടുന്നാ എനിക്കിതു കിട്ടിയത്.

മത്തായിച്ചനപ്പോൾ നിധികിട്ടിയ പോലെ ഉണ്ണിമേരിയെ മേടിച്ചു നെഞ്ചോട് ചേർത്തു. വീണ്ടും നോക്കിനോക്കി നെഞ്ചോട് ചേർത്തുകൊണ്ടിരുന്നു.

ചിന്നമ്മ അപ്പോൾ പിന്തിരിഞ്ഞു. ഒരുനിമിഷം, മത്തായിച്ചൻ അവളുടെ കൈയിൽ പിടിച്ചു ചിന്നമ്മ തല കുമ്പിട്ട് മത്തായിച്ചന്റെ മുൻപിൽ നിന്നു.

നേരത്തെ തല്ലിയ പാട് അവളുടെ ഇരു കവിളിലും തിണർത്തു കിടന്നിരുന്നു. മത്തായിച്ചൻ അവളുടെ താടിയിൽ പിടിച്ചു തനിക്ക് അഭിമുഖമായി നിർത്തി കവിളിൽത്തലോടി.

അപ്പോളവളുടെ കണ്ണിൽ ഞെട്ടറ്റുവീഴാറായ രണ്ട് നീർ തുള്ളികൾ ഉണ്ടായിരുന്നു.

മത്തായിച്ചന്റെ മനസ്സലിഞ്ഞു. ഒരുകൈയിൽ നെഞ്ചോട് ചേർത്ത ഉണ്ണിമേരിയെ അയാൾ താഴേയ്ക്കിട്ടു. എന്നിട്ട് ഇരുകൈകൊണ്ട് അവളെ പുണർന്നു കൊണ്ട് നെറ്റിത്തടത്തിൽ അമർത്തി ചുംബിച്ചു..

എന്നിട്ട് കാതിൽ പറഞ്ഞു ഉണ്ണിമേരിയെ എനിക്ക് കണ്ടെത്തിത്തരാൻ നിനക്കായത് എന്നോടുള്ള നിന്റെ സ്നേഹമല്ലേ..

ആ സ്നേഹം മതിയിനിയെനിക്ക്.
വിശ്വസിക്കാനാവാതെ അയാളെ നോക്കയപ്പോൾ അനുവാദത്തിനു കാത്തുനിൽക്കതെ രണ്ടുതുള്ളി കണ്ണുനീർ അവളുടെ കവിളിലൂടൊഴുകി..

അയാളത് ചുണ്ടിനാൽ ഒപ്പിയെടുത്തു.. അപ്പോൾ മന്ദമാരുതന്റെ തലോടലിൽ നാണിച്ചു ചെമ്പകപ്പൂക്കൾ പുഷ്‌പവൃഷ്‌ടി നടത്തി…

Leave a Reply

Your email address will not be published.