ആദ്യത്തെ ദിവസം രാത്രിയില്‍ സുമംഗലയുടെ അടുക്കളയുടെ വാതില്‍ക്കല്‍ ആരോ..

ക്വാറി
(രചന: Anish Francis)

ഒരു കിഴവന്‍ രാക്ഷസന്റെ രൂപമായിരുന്നു ആ പാറക്കെട്ടിന്. അതിനു ചുറ്റും ചുവന്ന കുന്നുകള്‍. സദാ പൊടിയില്‍ മുങ്ങിയ റോഡ്‌.

“എവിടുന്നാ ?” മാനേജര്‍ ചോദിച്ചു. “കൊഴിഞ്ഞാമ്പാറ.” സുമംഗല പറഞ്ഞു.

“പാലക്കാട്ന്റെ അതിര്‍ത്തി. അല്ലെ ?” “അതെ.”

ആരെയോ തിരയുന്ന കണ്ണുകളാണ് സുമംഗലയുടേതെന്ന് മാനേജര്‍ക്ക് തോന്നി. തവിട്ടു നിറമുള്ള സാരി മെല്ലിച്ച ചുമലുകളില്‍ ഉലഞ്ഞു കിടന്നു. സാരിക്ക് ചേരാത്ത ചുവന്ന ബ്ലൗസ്.

കഴുത്തിലും നെറ്റിയിലും വെട്ടുകൊണ്ട പാടുകള്‍. പത്തു മുപ്പതു കൊല്ലം ക്വാറികള്‍ക്കിടയില്‍ ജീവിച്ചത് കൊണ്ട് അയാള്‍ക്ക് ഒരു നിമിഷം മതിയായിരുന്നു ആ അമ്പതുകാരിയെ അളക്കാന്‍.

“ഇവിടെ പെണ്ണുങ്ങള് പണിക്കാര് കുറവാ..അതുകൊണ്ട്…”

“അതൊന്നും സാരമില്ല. പണിയുണ്ടോ സാറേ ?”

അയാളെ ബാക്കി പറയിക്കാന്‍ അനുവദിക്കാതെ സുമംഗല ഇടയ്ക്ക് കയറി ചോദിച്ചു. വല്ലാത്തൊരു തിടുക്കം അവരുടെ സംസാരത്തില്‍ കലര്‍ന്നിരുന്നു.

“നാളെ മുതല്‍ പോന്നോ…” മാനേജര്‍ പറഞ്ഞു. കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ സുമംഗല നടന്നകലുന്നത് അയാള്‍ നോക്കി നിന്നു.

ക്വാറിയില്‍നിന്ന് കുറച്ചുമാറിയുള്ള ലക്ഷം വീട് കോളനിയിലാണ് സുമംഗല വാടകയ്ക്ക് വീടെടുത്ത് താമസിച്ചത്. ക്വാറിയില്‍ ജോലി ചെയ്യുന്ന ദേവയാനി എന്ന സ്ത്രീയാണ് സുമംഗലയ്ക്ക് വീട് ശരിയാക്കികൊടുത്തത്.

ആദ്യത്തെ ദിവസം രാത്രിയില്‍ സുമംഗലയുടെ അടുക്കളയുടെ വാതില്‍ക്കല്‍ ആരോ മുട്ടി. ഇരുട്ടില്‍ രണ്ടു പുരുഷന്‍മാര്‍ പതുങ്ങിനില്ക്കുന്നത് സുമംഗല കണ്ടു.

“വരട്ടോ ?” അതിലൊരാള്‍ മ ദ്യത്തില്‍ കുഴഞ്ഞ സ്വരത്തില്‍ ചോദിച്ചു.
സുമംഗല അടുക്കളവശത്തെ ലൈറ്റ് ഓണ്‍ ചെയ്തു. ബള്‍ബിന്റെ അരണ്ടവെളിച്ചത്തിലേക്ക് ഈയലുകള്‍ പാഞ്ഞടുത്തു.

“വരാം. ചിലപ്പോള്‍ തിരിച്ചു പോയെക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.”

സുമംഗലയുടെ സ്വരം നിര്‍വികാരമായിരുന്നു. മരണത്തിന്റെ തണുപ്പുറഞ്ഞ സ്വരം. അതിജീവിച്ചവളുടെ സ്വരം.
സുമംഗല വാതിലടച്ചു കിടന്നു.

“ജയിലി കിടന്നിട്ടുണ്ടത്രെ. ഏഴ് കൊല്ലം. ആരെയോ കൊന്നതിനു…”

സുമംഗലയെകുറിച്ച് നാട്ടുകാര്‍ അടക്കം പറഞ്ഞു. കവലയിലൂടെ അവര്‍ നടന്നു പോകുന്നതു കാണുമ്പോള്‍ ആളുകള്‍ അകന്നുമാറി. അതിനുള്ള കാരണം സുമംഗലയുടെ നോട്ടമായിരുന്നു. ചുഴിഞ്ഞു കയറുന്ന നോട്ടം.

ക്വാറിയിലെ പണിക്കാരായിരുന്നു നാട്ടുകാരില്‍ കൂടുതലും. പൊടി മൂലമുണ്ടായ അസുഖങ്ങള്‍ വര്‍ദ്ധിച്ചത് കൊണ്ട് നാട്ടുകാര്‍ പലരും അവിടെനിന്ന് മറ്റു സ്ഥലങ്ങളിലേക്ക് മാറിയിരുന്നു.

അവശേഷിച്ചത് ആ ക്വാറിയും ,ചുണ്ണാമ്പ് കുന്നുകളും ,അതിനപ്പുറത്തുള്ള വിജനമായ റബ്ബര്‍തോട്ടങ്ങളുമായിരുന്നു. നാട്ടുകാരെക്കാള്‍ കൂടുതലാണ് ക്വാറിയിലെ ബംഗാളികള്‍.

സുമംഗല കൃത്യമായി പണിക്ക് പോയി. ക്വാറി മാനേജര്‍ക്ക് അവരെക്കുറിച്ച് വളരെ നല്ല അഭിപ്രായമായി. പണിസ്ഥലത്ത് വന്നാല്‍ പിന്നെ വര്‍ത്തമാനം പറച്ചിലില്ല.

കല്ല്‌ ചുമക്കാന്‍ മാത്രമല്ല ജാക്ക്ഹാമ്മാര്‍ ഉപയോഗിക്കാനും ജെ. സി ബി പ്രവര്‍ത്തിക്കാനും സുമംഗലയ്ക്ക് അറിയാമായിരുന്നു. മറ്റു പുരുഷജോലിക്കാരെക്കാള്‍ മികവില്‍ അവര്‍ പണികള്‍ ചെയ്തു.

“ഇതൊക്കെ എങ്ങിനെ പഠിച്ചു.” ഒരു ദിവസം ദേവയാനി ചോദിച്ചു.

“ജയിലില്‍നിന്ന്…” ഒരു നിസ്സാര കാര്യം പറയുന്ന മട്ടില്‍ സുമംഗല പറഞ്ഞു.

ദേവയാനിയുമായിട്ടായിരുന്നു സുമംഗലയ്ക്ക് ഏറെ അടുപ്പം. ദേവയാനിക്ക് രണ്ടു മക്കള്‍. ഇളയമകന്‍ സുനോജിനു പതിനാലു വയസ്സ്. അവനോട് സുമംഗലയ്ക്ക് വലിയ വാത്സല്യമായിരുന്നു.

പണി കഴിഞ്ഞു തിരികെ വീട്ടില്‍ പോകുമ്പോള്‍ കവലയിലെ ചായക്കടയില്‍ നിന്ന് ,സുമംഗല ബോണ്ടയോ പരിപ്പുവടയോ വാങ്ങിക്കും.

ദേവയാനിയുടെ വീട്ടില്‍ കയറി സുനോജിനു അത് കൊടുക്കും. അവനോടു പഠിത്തത്തിന്റെ കാര്യങ്ങളും മറ്റു വിശേഷങ്ങളും തിരക്കും.

അടുപ്പമുണ്ടായിരുന്നെങ്കിലും സുമംഗലയുടെ തീര്‍ത്തും സ്വകാര്യമായ കാര്യങ്ങള്‍ ചോദിയ്ക്കാന്‍ ദേവയാനി മടിച്ചു. ബഹുമാനത്തോടൊപ്പം ഭയവും കലര്‍ന്ന അകലം അവര്‍ക്കിടയില്‍ രൂപം കൊണ്ടിരുന്നു.

എങ്കിലും സുമംഗലയുടെ മകള്‍ എങ്ങിനെയോ കൊല്ലപ്പെട്ടുവെന്നും , അതുമായി ബന്ധപ്പെട്ടു സുമംഗല ആരെയോ കൊന്നുവെന്നും ,അതിനാണ് ജയിലില്‍ കഴിഞ്ഞെതെന്നും പലപ്പോഴായി സംസാരത്തില്‍നിന്ന് ലഭിച്ച ചില സൂചനകളില്‍നിന്നും ദേവയാനി മനസ്സിലാക്കി.

സുമംഗലയെ പറ്റി കൂടുതല്‍ അറിയാന്‍ ദേവയാനിക്കും താല്പര്യമുണ്ടായിരുന്നില്ല. അവര്‍ കൃത്യമായി വാടക തരും. ഇടയ്ക്ക് പണത്തിനു ബുദ്ധിമുട്ടുള്ളപ്പോള്‍ കടം തരും.

മറ്റു യാതൊരു സ്വഭാവദൂഷ്യങ്ങലുമില്ലാത്ത സ്ത്രീ. അവര്‍ തന്നെ ഒരു സഹോദരിയെപ്പോലെ കരുതുന്നു. അതില്‍ കൂടുതല്‍ എന്ത് വേണം ?അവരുടെ ഭൂതകാലം ചികയാന്‍ പോകാതിരിക്കുന്നതാണ് നല്ലതെന്ന് ദേവയാനിക്ക് തോന്നി.

ഒരിക്കല്‍ സുനോജിനു പനി പിടിച്ചു. അത് കുഴഞ്ഞു ന്യൂമോണിയയായി. ആദ്യമായി സുമംഗലയുടെ പരിഭ്രമിച്ച മുഖം ദേവയാനി കണ്ടു.

അന്ന് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സുനോജിനെ ചീകിത്സിക്കാന്‍ സുമംഗലയാണ് പണം നല്‍കിയത്.

സുനോജ് ആരോഗ്യത്തോടെ തിരികെ വന്നപ്പോള്‍ സുമംഗലയുടെ മുഖം തെളിഞ്ഞു.

“സുമംഗലയുടെ കയ്യില്‍ നിന്ന് വാങ്ങിയ പണം എപ്പോള്‍ തിരികെ തരാന്‍ പറ്റുമെന്ന് എനിക്കറിയില്ല.” പാറമടയുടെ അരികിലെ താല്ക്കാലിക ഷെഡ്‌ഡിലിരുന്നു ഉച്ചയൂണ് കഴിക്കുന്നതിനിടെ ദേവയാനി പറഞ്ഞു.

“അതിനെക്കുറിച്ച് ഓര്‍ത്ത്‌ വിഷമിക്കണ്ട. പതുക്കെ മതി. മോനു വേണ്ടിയല്ലേ ..സാരമില്ല.”

സുമംഗല പറഞ്ഞു. ചോറില്‍ വിരലിട്ടിളക്കുകയല്ലാതെ അവര്‍ കഴിച്ചില്ല. ഏതോ ഓര്‍മ്മയില്‍ മുങ്ങിയത് പോലെ.

“എന്ത് പറ്റി വിശപ്പില്ലേ..?”ഒരു ഉണക്കമീന്‍ കഷണം കൂട്ടുകാരിയുടെ പാത്രത്തിലേക്കിട്ടു കൊണ്ട് ദേവയാനി തിരക്കി.

“ഞാനൊരാളെ തിരഞ്ഞാണ് ഇവിടെ വന്നത് .” പെട്ടെന്ന് സുമംഗല പറഞ്ഞു.

“ആരെ ?”

“എന്റെ മോനെ.” അത്രയും പറഞ്ഞിട്ട് അവര്‍ ആ ഉണക്കമീന്‍ കഷണം മുറിച്ചു ചോറിന്റെ മുകളിലേക്കിട്ടു. പിന്നെ പ്ലാസ്റ്റിക്ക് ഡപ്പിയില്‍ കൊണ്ടുവന്ന മോര് കൂട്ടാനും കൂടി ഒഴിച്ചു.

നന്നായി ആസ്വദിച്ചു അര രണ്ടുരുള ചോറ് കഴിച്ചു. അവര്‍ കഴിച്ചു തീരുന്നത് വരെ ദേവയാനി സുമംഗലയെ അമ്പരപ്പോടെ നോക്കിയിരിക്കുകയായിരുന്നു.

“സുനോജിന്റെ പ്രായമുള്ള ഒരു മോനുണ്ടായിരുനു എനിക്ക്. ഏഴു കൊല്ലം മുന്‍പ് അവന്‍ ഒളിച്ചോടി. അവനെ തിരഞ്ഞു ഞാന്‍ പോകാത്ത നാടില്ല.”

സുമംഗല പറഞ്ഞു.

“എന്തിനാ അവന്‍ ഒളിച്ചോടിയെ ?” ഞെട്ടലോടെ ദേവയാനി ചോദിച്ചു.

“അതൊക്കെ ..ഒരു വലിയ കഥയാ. ഓര്‍മ്മിക്കാതിരിക്കുന്നതാണ് നല്ലത്.” സുമംഗല ഭക്ഷണം കഴിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.

“പോലീസില്‍ അറിയിച്ചില്ലേ ?”

“അത് കൊണ്ട് വലിയ കാര്യമില്ലായിരുന്നു. പക്ഷേ അവനെ പോലെയൊരാള്‍ ഈ നാട്ടില്‍ വന്നുവെന്ന് എനിക്ക് വിവരം കിട്ടി.”

ക്വാറിയില്‍ നിന്ന് ലോഡ് എടുക്കുവാനായി ലോറികള്‍ കയറ്റം കയറി വന്നു. ചൂട് കാറ്റ് വീശി.

ബ്ലാസ്റ്റിംഗ് ഏരിയ തിരിച്ചിരിക്കുന്ന മതിലിലും , വൈദ്യുതി എത്തിക്കുവാനായി ഉപയോഗിക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്ന കെട്ടിടവും പൊടി കൊണ്ട് മൂടി .

“അധികം പൊക്കമില്ല. വെളുത്ത നിറം. നെറ്റിയില്‍ മുറിവിന്റെ പാട്.. അങ്ങിനെയൊരു പയ്യന്‍..ഇവിടെ എങ്ങും അങ്ങിനെയൊരു പയ്യന്‍ വന്നതായി ഓര്‍ക്കുന്നില്ല. പക്ഷേ …”

ക്വാറി മാനേജര്‍ തങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടു ദേവയാനി സംസാരം നിര്‍ത്തി.

“നാളെ കഴിഞ്ഞു ലോറി സമരമാണ്. അതുകൊണ്ട് നമുക്ക് ഇത്തിരി സ്പീഡിലാക്കണം ഇന്നത്തെ പണി .” അയാള്‍ അവരോടു പറഞ്ഞു.

“അതിനെന്താ സാര്‍..ഞങ്ങള്‍ ദാ റെഡി. ഊണ് കഴിച്ചു കഴിഞ്ഞു.” ദേവയാനി പെട്ടെന്ന് പറഞ്ഞു.

അയാള്‍ പോയികഴിഞ്ഞപ്പോള്‍ , ദേവയാനി സുമംഗലയുടെ അടുത്തു വന്നു. ഒരു രഹസ്യം പറയുന്ന മട്ടില്‍ അവര്‍ ശബ്ദം താഴ്ത്തി.

‘നിങ്ങള്‍ പറഞ്ഞ ലക്ഷണങ്ങള്‍ വച്ച് ഒരു പയ്യന്‍ ഇടയ്ക്ക് ഇവിടെ വരാറുണ്ട്. പക്ഷെ ,ആ പയ്യന്‍ മാനേജരുടെ ബന്ധുവാണ്. നിങ്ങളുടെ മകനാവാനിടയില്ല..”

സുമംഗലയുടെ മുഖത്ത് നിരാശയുടെ നിഴല്‍ പടര്‍ന്നു. എങ്കിലും ആ പയ്യനെക്കുറിച്ച് അവര്‍ ദേവയാനിയില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിച്ചു.

അന്ന് രാത്രി കിടക്കുമ്പോള്‍ ദേവയാനിക്ക് ഉറക്കം വന്നില്ല. ഒരു ചുവന്ന തോര്‍ത്തു കൊണ്ട് മുഖത്ത് പറ്റിയ പാറപ്പൊടി തുടച്ചു നീക്കി ,മെറ്റല്‍ ചുമക്കുന്ന സുമംഗലയുടെ മുഖം വീണ്ടും വീണ്ടും അവരുടെ മനസ്സില്‍ തെളിഞ്ഞു.

ഒപ്പം സോഡാ ഗ്ലാസ് കണ്ണട വച്ച കറുത്ത കട്ടിപ്പുരികമുള്ള ക്വാറി മാനേജരുടെ മുഖവും. രണ്ടു മുഖങ്ങളും നിര്‍വികാരമാണ്. മാനേജര്‍ക്ക് മക്കളില്ല.

സുമംഗലയുടെ പുത്രന്റെ പ്രായമുള്ള പയ്യനെ ഒരുപക്ഷെ സ്വന്തം മകനെപോലെയാവും അയാള്‍ കരുതുന്നത്. ദേവയാനി വീണ്ടും സുമംഗലയെക്കുറിച്ച് ഓര്‍ത്തു.

ഇത്രനാളും ഒരു മകള്‍ ഉണ്ടെന്നല്ലാതെ മകനെകുറിച്ച് ഒരു അക്ഷരം പോലും അവര്‍ സംസാരിച്ചില്ലല്ലോ.

ഒരു പക്ഷേ ഉള്ളിലുള്ള ദു:ഖമാവും അവര്‍ക്ക് ഇങ്ങനെയൊരു കഠിനഭാവം നല്‍കുന്നത്. സ്വന്തം മകനെ തിരഞ്ഞു നാടായ നാടുകള്‍ അലയുന്ന അമ്മ. മക്കളില്ലാത്തതിന്റെ ദു:ഖം പാറക്കെട്ടുകള്‍ക്കിടയില്‍ എരിയിച്ചു കളയുന്ന ഒരു പുരുഷന്‍.

രണ്ടുപേരെയും കുറിച്ചോര്‍ത്തപ്പോള്‍ ദേവയാനിയുടെ മനസ്സില്‍ വിഷാദം മൂടിക്കെട്ടി.

ദേവയാനി എഴുന്നേറ്റു സുനോജിന്റെ മുറിയില്‍ ചെന്ന് നോക്കി. അവന്‍ അപ്പോഴും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.

അവന്‍ മൊബൈലില്‍ സിനിമയോ മറ്റോ കാണുകയാണ്. സുനോജിനെ കാണാതാവുന്നതും താന്‍ അവനെ തിരഞ്ഞു നടക്കുന്നതും ദേവയാനി അറിയാതെ സങ്കല്‍പ്പിച്ചു. വല്ലാത്തൊരു ഭയം അവരെ ഗ്രസിച്ചു.

“എന്താമ്മേ ?” സുനോജ് ചോദിച്ചു.

തന്റെയുള്ളിലെ വാത്സല്യത്തിന്റെ മധുരിക്കുന്ന പാറക്കെട്ടുകള്‍ മറച്ചുവച്ചു ദേവയാനി മകനെ ശാസിച്ചു.

“ആ കുന്ത്രാണ്ടം താഴെവച്ചിട്ട് കിടന്നുറങ്ങു ചെക്കാ!”

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞൊരു ശനിയാഴ്ച്ച വന്നു. ക്വാറിയിലെ പണിക്കാര്‍ക്ക് കൂലി തീര്‍ക്കുന്ന ശനിയാഴ്ചകളിലാണ്. എന്നാല്‍ അയാള്‍ ഷെഡ്‌ഡിലുണ്ടായിരുന്നില്ല.

“എന്തെങ്കിലും അത്യാവശ്യമില്ലാതെ സാറ് പുറത്തുപോകത്തില്ല. കൂലി വിതരണം ചെയ്യുന്ന കാര്യമൊക്കെ അത്രക്ക് കണിശമാണ്.” പൈസക്ക് കാത്തുനില്‍ക്കുന്നതിനിടയില്‍ പണിക്കാരാരോ പറയുന്നത് സുമംഗല കേട്ടു.

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കൂടും കയ്യില്‍പ്പിടിച്ചു മാനേജര്‍ ധൃതിയില്‍ നടന്നുവരുന്നത് കണ്ടു. കൂടിന്റെ പുറത്തു ചോരത്തുള്ളികള്‍ പറ്റിയിരുന്നു. ഉള്ളില്‍ തേക്കില കൊണ്ട് പതിഞ്ഞ വലിയ ഒരു കെട്ടും.

“ ആ പയ്യന്‍ വരുമ്പോഴേ മാനേജര്‍ ഇറച്ചി വാങ്ങാന്‍ പോകാറുള്ളു.” ദേവയാനി മന്ത്രിച്ചു. സുമംഗല തലയാട്ടി.

“അവനിവിടെ വന്നാല്‍ പുറത്തിറങ്ങത്തില്ല. വെടി പൊട്ടിക്കല്‍ ഒക്കെയുള്ളത്‌ കൊണ്ട് മാനേജര്‍ക്ക് പേടിയാണത്രെ. ഇടയ്ക്ക് പണിക്കാരൊക്കെ പോയി കഴിയുമ്പോള്‍ സന്ധ്യക്ക് പാറക്കുളത്തില്‍ തിരുതയെ ചൂണ്ടയിടാന്‍ വരും.”

കൂലി വാങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ ദേവയാനി പറഞ്ഞു. സുമംഗല ഒന്നും മിണ്ടിയില്ല.

“മാനേജരുടെ വീട് ക്വാറിയില്‍നിന്ന് ഒരു ഒന്നര കിലോമീറ്റര്‍ കൂടി പോണം. വേണേല്‍ നമുക്ക് പോകാം..അവനെ കാണണമെങ്കില്‍..”

“വേണ്ട.”

ദേവയാനി പേടിച്ചു പോയി. ആദ്യമായാണ് സുമംഗല ഇത്ര ശബ്ദമുയര്‍ത്തി സംസാരിക്കുന്നത്. അവരുടെ കണ്ണുകള്‍ ദേഷ്യം കൊണ്ടാണോ ചുവന്നത് ?

അതോ പാറപ്പൊടി വീണതോ? ദേവയാനി സംശയിച്ചു. പിന്നെ വീടെത്തുന്നത് വരെ രണ്ടുപേരും സംസാരിച്ചില്ല.

എന്തായിരിക്കും ആ പയ്യനെ കാണേണ്ട എന്ന് സുമംഗല പറഞ്ഞത് ? ഒരു പക്ഷേ തന്റെ പ്രതീക്ഷ തെട്ടിയാലുണ്ടാകുന്ന ദു:ഖം ഭയന്നോ ? വീണ്ടും വീണ്ടും അതെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്റെ ചോദ്യം വേണ്ടായിരുന്നുവെന്ന് ദേവയാനിക്ക് തോന്നി.

ഞായറാഴ്ച്ചകളില്‍ ക്വാറിയും പരിസരവും വിജനമായിരിക്കും. ഏകദേശം മുപ്പതേക്കര്‍ വിസ്തൃതിയുള്ള ക്വാറിയില്‍ പലയിടങ്ങളിലായി അഞ്ചു പാറമടകളുണ്ട്. അതില്‍ അഞ്ചാമത്തെ മടയുടെ പ്രവര്‍ത്തനം നിര്‍ത്തിയിട്ടു കുറച്ചു നാളായി.

മടയ്യുടെ നടുവില്‍ വിശാലമായ പാറക്കുളമാണ്. കുളത്തിന്റെ കരയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ജെ. സി. ബി തുരുമ്പ് പിടിച്ചു കിടക്കുന്നു. അതിന്റെ യന്ത്രക്കൈ വെള്ളത്തില്‍ മുങ്ങിനിന്നു .

അവന്‍ ഒരു കൈ ജെ. സി. ബിയുടെ യന്ത്രക്കയ്യില്‍ ഊന്നി ചൂണ്ട കുളത്തിലേക്കിട്ടു.

പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ വൈബ്രേറ്റ്‌ ചെയ്തപ്പോള്‍ അവന്‍ ചൂണ്ട ചലിപ്പിക്കാതെ ഒരു കൈ കൊണ്ട് ഫോണെടുത്തു. മൊബൈലില്‍ വന്ന ഏതോ മെസേജ് കണ്ടു അവന്‍ അ ശ്ലീലം പുരണ്ട ചിരി ചിരിച്ചു.

“ഇപ്പോ അയക്കാം കുട്ടാ ..” അവന്‍ സ്പീക്കറില്‍ ചുണ്ട് ചേര്‍ത്തു പറഞ്ഞു. പിന്നെ ചൂണ്ടയിടുന്ന ഒരു സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു.

മൊബൈലിലെ ക്യാമറയില്‍ അവന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു. അവനു ഒരു ഇരുപത്തിയൊന്നു വയസ്സ് പ്രായം തോന്നിച്ചു. അധികം പൊക്കമില്ല. വെളുത്ത നിറം. നെറ്റിയില്‍ വെട്ടേറ്റ പാട്.

പെട്ടെന്ന് സെല്‍ഫിയില്‍ തന്റെ പിറകില്‍ ഒരു സ്ത്രീ നില്‍ക്കുന്നത് കണ്ടു അവന്‍ ഞെട്ടി. ഒരു ചുവന്ന തോര്‍ത്തു കൊണ്ട് അവര്‍ തലയില്‍ ചുറ്റിക്കെട്ടിയിരുന്നു. അവരുടെ കയ്യില്‍ ഒരു വെട്ടരിവാള്‍.

“അയ്യോ..” അവന്‍ മൊബൈല്‍ ഫോണ്‍ താഴെയിട്ടു അലറിക്കരഞ്ഞുകൊണ്ടോടി. അവന്റെ നിലവിളി പാറക്കെട്ടില്‍ പ്രതിധ്വനിച്ചു.

സുമംഗല അരിവാള്‍ അവന്റെ കണങ്കാല് ഉന്നം വച്ച് ചുഴറ്റിയറിഞ്ഞു. എത്രയോ നാള്‍ മനസ്സില്‍ ഉന്നം വച്ച ഒരു ഏറെന്ന പോലെ അത് കൃത്യമായി അവനെ വീഴ്ത്തി.

എന്നിട്ടും അവന്‍ പാറക്കെട്ടിനു മുകളിലേക്ക് ഓടികയറാന്‍ ശ്രമിച്ചു. പക്ഷേ അധികം ഓടുന്നതിന് മുന്‍പ് അവന്‍ കുഴഞ്ഞു വീണു. സുമംഗല അവന്റെ മുടിക്ക് കൂട്ടി പിടച്ചു പാറക്കെട്ടിന്റെ ഉച്ചിയിലേക്ക് വലിച്ചിഴച്ചു.

“എന്നെ ..എന്നെ ഒന്നും ചെയ്യരുതേ.. എനിക്കൊരു അബദ്ധം പറ്റിയതാണ്.” അവന്‍ മുറിഞ്ഞ വാക്കുകളില്‍ കെഞ്ചി.

സുമംഗല ഒരക്ഷരം ശബ്ദിച്ചില്ല. മടയില്‍ പണിതു കരുത്ത് നേടിയ കൈകള്‍കൊണ്ട് അവര്‍ അവന്റെ വാ അടച്ചു. പിന്നെ അവന്‍ മരിക്കുന്നത് വരെ കഴുത്തു ഞെരിച്ചു.

പിറ്റേന്ന് പാറക്കെട്ടില്‍ തല തകര്‍ന്ന നിലയില്‍ അവന്റെ ജഡം കണ്ടെത്തി.

“പാറക്കെട്ടിന്റെ മുകളില്‍ നിന്ന് തെന്നി താഴെ വീണതാവാം. വീഴ്ചയില്‍ തലയോട് ഉടഞ്ഞു പോയിരിക്കുന്നു.”
പോലീസ് ഉദ്യോഗസ്ഥന്‍ മാനേജരോട് പറഞ്ഞു.

ദേവയാനിക്ക് പരിചയമുള്ളവരില്‍ ഒരാളായിരുന്നു പോലീസുകാരില്‍ ഒരാള്‍. സുമംഗലയെ രണ്ടു ദിവസമായി കാണാനില്ലെന്ന കാര്യം അവര്‍ അയാളെ അറിയിച്ചു.

“അതും ഇതുമായി ബന്ധമുണ്ടോ എന്നറിയണമെങ്കില്‍ ഇത് കൊ ലപാതകം ആണെന്ന് തെളിയിക്കണം.

നിലവില്‍ കൊ ലപാതകം ആണെന്ന് ചൂണ്ടിക്കാണിക്കുന്ന ഒന്നുംതന്നെയില്ല. കൂടുതല്‍ കാര്യങ്ങള്‍ പറയണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം കഴിയണം.” പോലീസുകാരന്‍ പറഞ്ഞു.

സുമംഗല ഒരു വാക്ക് പോലും പറയാതെ പോയതില്‍ ദേവയാനിക്ക് സങ്കടവും ദേഷ്യവും തോന്നി. എങ്കിലും ആ സ്ത്രീയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ട എന്ന് ഉള്ളിലിരുന്നു ആരോ പറയുന്നത് പോലെ ദേവയാനിക്ക് തോന്നി.

രണ്ടു ദിവസം കഴിഞ്ഞു ദേവയാനിയെ ആ പോലീസുകാരന്‍ വിളിച്ചു.

“നിങ്ങള്‍ പറഞ്ഞ ലക്ഷണങ്ങളുള്ള ഒരു സ്ത്രീ പാലക്കാട് നിന്ന് ഏഴു കൊല്ലം മുന്‍പ് ഒരു കൊലപാതക ക്കേസില്‍ ജയിലിലായിട്ടുണ്ട്.

അവരുടെ ഏകമകളെ രണ്ടു പേര്‍ ചേര്‍ന്ന് പീ ഡി പ്പിച്ചു കൊന്നു. അതിലൊരാള്‍ ആ പെണ്‍കുട്ടിയുടെ ക്ലാസ് മേറ്റ് ആയിരുന്നു. അന്ന് വെറും പതിനാലു വയസ്സ് മാത്രമുണ്ടായിരുന്നതിനാല്‍, കീഴ്കോടതി അവനെ ശിക്ഷിച്ചില്ല.

സമ്പന്നരായ വീട്ടുകാര്‍ മേല്‍ക്കോടതിയില്‍ നിന്ന് ജുവനൈല്‍ ശിക്ഷയും ഒഴിവാക്കി. പക്ഷേ ആ പെണ്‍കുട്ടിയുടെ അമ്മ പ്രതികളില്‍ മൂത്തയാളെ വെട്ടി. മനോനിലയും മറ്റു സാഹചര്യങ്ങളും പരിഗണിച്ചു അവര്‍ക്ക് ആറു കൊല്ലം കഠിനതടവാണ് ലഭിച്ചത്.

ഒരു കൊല്ലം മുന്‍പ് അവര്‍ പുറത്തു വന്നു. സുധീര എന്നാണു അവരുടെ ശരിക്കുള്ള പേര്.ആ സ്ത്രീയാണോ ഈ സ്ത്രീയെന്നു അറിയില്ല.”

അന്ന് വൈകുന്നേരം പണി കഴിഞ്ഞു തിരികെ പോകുമ്പോള്‍ കവലയിലെ ചായക്കടയില്‍ കണ്ണാടി അലമാരയില്‍ നിരന്നിരിക്കുന്ന ബോണ്ടയും ഉഴുന്നുവടയും ദേവയാനി കണ്ടു.

സുമംഗല പണ്ട് സുനോജിനു ആ ചായക്കടയില്‍ നിന്ന് പലഹാരങ്ങള്‍ വാങ്ങി വാത്സ്സല്യത്തോടെ നല്‍കുന്നത് ദേവയാനി ഓര്‍ത്തു.

സുനോജിനു എന്തെങ്കിലും വാങ്ങിക്കൊണ്ടു പോയാലോ എന്ന് ദേവയാനി ആലോചിച്ചു. പിന്നെ കാരണമൊന്നുംകൂടാതെ അത് വേണ്ടെന്നു വച്ചു.

Leave a Reply

Your email address will not be published. Required fields are marked *