ഇന്നെന്താ നിനക്ക് ഒരൽപം സൗന്ദര്യം കൂടിയിട്ടുണ്ടല്ലോ, വല്ല ലൈനുമൊത്തോ..

പറയാൻ മറന്നത്
(രചന: രമേഷ്കൃഷ്ണൻ)

ഓഫീസിലെ രാവിലത്തെ തിരക്കും ബഹളവും കഴിഞ്ഞ് ഉച്ചയോടെയാണ് ഫ്രീയായത്..

ഉച്ചക്ക് ശേഷം ബിസിനസ് മീറ്റിംഗുണ്ടായതിനാൽ നേരത്തെ ഭക്ഷണം കഴിച്ച് മാനേജേഴ്സിനോട് മീറ്റിംഗിന് റെഡിയാവാൻ പറഞ്ഞ്

ക്യാബിനിലിരുന്ന് എക്സിക്യൂട്ടീവ്സിന് ഈയാഴ്ച കൊടുക്കേണ്ട ടാർജറ്റ് നോക്കികൊണ്ടിരിക്കുമ്പോഴാണ് സുഹൃത്തായ നീനയുടെ വിളി വന്നത്

“ഹലോ.. സാർ.. ഫ്രീയാണോ..”

“ഒരുമാതിരി ആക്കിയ ചോദ്യം ചോദിക്കല്ലേ നീനാ. ഞാനെന്നുമുതലാണ് നിനക്ക് സാറായത്..”

“അല്ല… വല്യ തിരക്കുള്ള ആളല്ലേ തിരക്കില്ലെങ്കിൽ ഒരു അഞ്ച് മിനിറ്റ് എനിക്കുവേണ്ടി നീക്കിവെക്കാനാകുമോ..”

“നീ വളച്ചുകെട്ടാതെ കാര്യം പറ… ഇന്നേക്ക് ഒരാഴ്ചയായല്ലോ കണ്ടിട്ട് എന്താണ് വിശേഷം.. നിന്റെ ജോലിയൊക്കെ എങ്ങനുണ്ട്.. ”

” അപ്പോൾ അതൊക്കെ ഓർമ്മയുണ്ടല്ലേ… വാട്സപ്പിലൊരു ഗുഡ്മോർണിംഗ് എങ്കിലും അയച്ചൂടെ ദുഷ്ടാ.. ”

” ഞാൻ നിനക്ക് ഗുഡ്മോർണിംഗ് അയക്കുന്ന സമയത്താണ് നിന്റെ തലയിൽ ഫാൻ പൊട്ടി വീഴുന്നതെങ്കിൽ ഞാനയച്ച ഗുഡ്മോർണിംഗ് വേസ്റ്റാവില്ലേ.. ”

” ഹൊ… വല്ലാത്ത തിയറി തന്നെ.. നീ ഇവിടെ ജനിക്കേണ്ട ആളല്ല.. നീ ജനിക്കാനേ പാടില്ലായിരുന്നു… ”

” അതെന്റെ കുഴപ്പമല്ലല്ലോ… ”

” എന്ത്.. ”

” ജനിച്ചത്.. ”

” തറുതല പറയാൻ മിടുക്കനാണല്ലോ.. ”

” നീ വിളിച്ചകാര്യം പറ.. എനിക്ക് മീറ്റിംഗുണ്ട്.. ”

” നീരജേ.. നിന്നെ എനിക്കെന്നാണൊന്ന് തിരക്കൊഴിഞ്ഞ് കാണാനാവുക.. എപ്പോൾ വിളിച്ചാലും തിരക്ക് തന്നെ..

നമ്മൾ പണ്ട് നടന്ന പോലെ ബീച്ചിലൊക്കെ പോയി കപ്പലണ്ടി കഴിച്ച് കാറ്റുകൊണ്ട് കുറേ സംസാരിച്ചിരുന്ന് മനസൊന്ന് ഫ്രീയാക്കാൻ എത്ര നാളായി ഞാൻ ആഗ്രഹിക്കുന്നു.. എത്രയായാലും നീയെന്റെ ഒരേയൊരു സുഹൃത്തല്ലേ.”

“എനിക്കും അതിനൊക്കെ മോഹമുണ്ട് നീനാ.. പക്ഷേ ഓരോ തിരക്കുകളാണ്… വീടെത്തുന്നത് തന്നെ രാത്രി പത്ത് മണിക്കാണ്.. നിനക്കറിയാലോ ഇവിടുത്തെ കാര്യങ്ങൾ… എത്ര കാലമായി ഞാൻ പറയുന്നു നിന്റെ ആ പൊട്ട ജോലി ഇട്ട് ഇങ്ങോട്ട് വരാൻ.. ”

” നിനക്കിത് പൊട്ട ജോലിയാവും.. പക്ഷേ എനിക്കിത് എന്റെ ഇഷ്ടപെട്ട തൊഴിലാണ്… ”

” ആയിക്കോട്ടെ.. നീ വിളിച്ച കാര്യം പറ.. ”

” നിന്റെ മീറ്റിംഗ് എപ്പോൾ തീരും.. ”

” ജസ്റ്റ് വൺ അവർ.. ”

” ശരി അത് കഴിഞ്ഞ് നമുക്കൊരിടം വരെ പോകാനുണ്ട്.. ഞാൻ ഓഫീസിന് പുറത്തുണ്ടാവും.. നീ വണ്ടിയെടുക്കണ്ട.. ഞാനെടുത്തോളാം.. ”

” എവിടേക്കാണ്.. ”

” മനസമാധാനം കിട്ടുന്ന സ്ഥലത്തേക്ക് ”

” മരിക്കാനാണെങ്കിൽ നീ പൊയ്ക്കോ ഞാനില്ല… മനസമാധാനം കിട്ടണമെങ്കിൽ മരിക്കണം… ”

“ദേ.. എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. ഞാൻ വണ്ടിയുമായി പുറത്ത് കാത്ത് നിൽക്കും.. നീ വരുന്നോ ഇല്ലയോ.. വന്നില്ലെങ്കിൽ ഇനി കൂട്ടില്ല.. ”

” ശരി.. വരാം.. ഞാനിവിടുത്തെ കാര്യങ്ങളൊക്കെ ഒന്ന് അറേഞ്ച് ചെയ്ത് വരാം.. ”

” ഓകെ.. ശരി.. ”

അവൾ ഫോൺ വെച്ചപ്പോഴേക്കും വെങ്കിടി വന്ന് പറഞ്ഞു

” സാർ.. മീറ്റിംഗിനെല്ലാവരും റെഡിയായിരിക്കുന്നു… ”

മീറ്റിംഗ് ഹാളിൽ കയറി കാര്യങ്ങളെല്ലാം സ്റ്റാഫുകളോട് വിശദമായി പറഞ്ഞ്… ടാർജറ്റ് ടീം ലീഡറെ ഏൽപിച്ചു.. ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ നീനയുടെ ചുവന്ന ബലേനോ കാർ ഓഫീസിനുമുന്നിലുള്ള പൂമരചുവട്ടിൽ വന്ന് നിൽക്കുന്നത് കണ്ടു..

അന്നേക്ക് ചെയ്ത് തീർക്കാനുള്ള കാര്യങ്ങൾ സ്റ്റാഫിനെ ഏൽപിച്ച് ഓഫീസിൽ നിന്നിറങ്ങി കാറിനടുത്തെത്തിയപ്പോൾ അവൾ പറഞ്ഞു

“ഞാൻ കരുതി നീയെന്നെ പററിക്കുമെന്ന് അതാണ് കാറിൽ നിന്നിറങ്ങാതിരുന്നത്”

“ഇന്നെന്താ നിനക്ക് ഒരൽപം സൗന്ദര്യം കൂടിയിട്ടുണ്ടല്ലോ.. വല്ല ലൈനുമൊത്തോ..”

ഡോർതുറന്ന് അകത്തു കയറുമ്പോൾ അവൾ പറഞ്ഞു

“എന്തേ.. എനിക്ക് അതൊന്നും പറ്റില്ലേ.. നിന്റെ പിറകേ മാത്രേ സുന്ദരികൾ വരൂ… ”

” പോടീ.. എന്നിട്ട് നീ എന്റെ കൂടെ എത്ര പേരെ കണ്ടിട്ടുണ്ട് ഇതുവരെ.. ”

” അവിടെ മുമ്പിലിരിക്കുന്നുണ്ടല്ലോ റിസപ്ഷനിസ്റ്റായി ഒരെണ്ണം അതുപോരെ… നെയ്കുമ്പളങ്ങ..”

“അപ്പോഴതാണ് കാര്യം നീ കാറിൽ നിന്നിറങ്ങാതിരുന്നത് അതുകൊണ്ടാണല്ലേ..അസൂയ..”

“ഓ.. എനിക്കെന്തിനാണ് അവളോട് അസൂയ.. എനിക്കുള്ളതൊക്കെ തന്നേ അവൾക്കുമുള്ളു.. ”

“നിനക്കെന്താണുള്ളത് ഞാനിതുവരെ ഒന്നും കണ്ടിട്ടില്ലല്ലോ…. ”

“പോടാ.. നാണവും മാനവുമില്ലാത്ത ജാതി.. ഈശ്വരാ.. ഇതിന്റെ കൂടെയൊക്കെ എങ്ങനെ വിശ്വസിച്ച് പോകും.. ”

അതുപറഞ്ഞ് അവൾ കാറിന്റെ ഗ്ലാസിലൂടെ പിറകിൽ ഹോണടിച്ചു വന്ന ആം ബുലൻസിന് സൈഡ് കൊടുത്തു..

” അതേയ് എന്താ പ്ലാൻ.. വല്ല ഭ്രാന്തുമാണെങ്കിൽ ഞാൻ ഒകെ.. അല്ലാതെ വല്ല ബീച്ചിലോ മരചുവട്ടിലോ പോയിരുന്ന് നിന്റെ ജോലിയുടെ കദനകഥ പറയാനാണെങ്കിൽ ഞാനിവിടെ ഇറങ്ങി ഒരു ഓട്ടോക്ക് പൊയ്ക്കോളാം..”

“ഒരു ഭ്രാന്ത് തന്നെയാണിഷ്ടാ.. കുറേ കാലമായി ഞാൻ മനസ്സിലിട്ട് കൊണ്ടുനടന്ന ഭ്രാന്ത്.. എന്നെ ഭ്രാന്ത് പിടിപ്പിച്ച ഒരു സ്ഥലം.. ”

” നിനക്ക് ഭ്രാന്തായി തോന്നിയ സ്ഥലമാണെങ്കിൽ ഞാൻ ഒകെ.. നിന്റെ ടേസ്റ്റ് എനിക്കറിയാലോ.. ”

കുറേ ദൂരം വണ്ടിയോടിയപ്പോൾ പാടവും പറമ്പുകളും പിന്നിട്ട് ഒഴുഞ്ഞ ഒരു സ്ഥലത്തെത്തി വണ്ടി നിർത്തി

കുറച്ച് ദൂരേക്ക് ചൂണ്ടി അവൾ പറഞ്ഞു

” ദാ.. ആ കാണുന്ന കുന്നിന്റെ മുകളിൽ പോയി നമുക്ക് അൽപനേരമിരുന്നാലോ.. ”

” ആഹാ.. അതുകലക്കും.. എല്ലാ സ്ഥലങ്ങളും മനുഷ്യരെയും ഒരുപോലെ ചെറുതായി കാണാൻ പറ്റുന്ന സ്ഥലം… വാ.. പോകാം..”

സ്ഥലം കണ്ടപ്പോൾ അവളെക്കാൾ കൂടുതൽ അവിടെ കയറാൻ താല്പര്യം തോന്നി… മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നതിനിടയിൽ അവളോട് ചോദിച്ചു

” നീയിതെങ്ങനെ കണ്ടുപിടിച്ചു ”

” അതൊക്കെ കണ്ടുപിടിച്ചു.. ആവശ്യം എന്റേതായി പോയില്ലേ.. ”

” എന്താവശ്യം… ”

” അതൊക്കെയുണ്ട്… വാ..”

മുൻപിൽ നടക്കുന്ന അവളുടെ കൊലുസിട്ട പാദങ്ങൾ മണ്ണിൽ പതിയുന്നത് നോക്കി നടന്നു.. അവളവശേഷിപ്പിച്ചു പോകുന്ന കാൽപാടുകളിൽ ചവിട്ടി പഞ്ചായത്ത് റോഡിൽ നിന്നും കുന്നിൻ മുകളിലേക്ക് പോകുന്ന വെട്ടുവഴിയിലെത്തിയപ്പോൾ പറഞ്ഞു

” നിൽക്ക്.. ഇനി ഞാൻ മുമ്പിൽ നടക്കാം… ഇവിടുന്നങ്ങോട്ട് വഴി ഉണ്ടാക്കി പോകേണ്ടിവരും…”

അതുപറഞ്ഞ്
ഈഞ്ഞമുള്ളുകൾ കൈകൊണ്ട് വകഞ്ഞുമാറ്റി കാടിനുള്ളിലേക്ക് കടക്കുമ്പോൾ കൈതണ്ടയിൽ പതിഞ്ഞ ചുന്നപാടുകളിൽ നിന്ന് ര ക്തം പൊടിഞ്ഞിരുന്നു..

ഈറതണ്ടുകളിൽ നിന്ന് ഒഴുകിയിറങ്ങിയ വെള്ളത്തിന്റെ തണുപ്പ് കാലുകളിൽ പടർന്നു കയറി.. ചെറുവിരലിൽ ഒരു അട്ടകടിച്ചു തൂങ്ങിയിരുന്നു.. ര ക്തം കുടിച്ച് വീർത്ത വയറുമായി അത് ഇടക്ക് എന്നെ നോക്കുന്ന പോലെ തോന്നി

തൂങ്ങിനിന്ന മരചില്ലകളിൽ പിടിച്ച് തൂങ്ങി മണ്ണൊലിപ്പിൽ വേര് പുറത്തേക്കുന്തിയ പേരറിയാത്ത മരത്തിന്റെ തൊലിയടർന്ന ഭാഗത്ത് പിടിച്ച് മുകളിലേക്ക് കയറുമ്പോൾ അവളെ മുകളിലേക്ക് പിടിച്ചു കയറ്റാനായി കൈകൾ താഴോട്ട് നീട്ടിക്കൊടുത്തു…

കൈയ്യിൽ പിടിച്ച് തൂങ്ങികയറി നെഞ്ചോട് ചേർന്ന് നിന്ന അവൾ കിതച്ചുകൊണ്ട് ചോദിച്ചു

“ഓരോ രാത്രിയും പകലിനെ മറക്കുന്നുണ്ടാകുമോ..”

അവൾ ഭ്രാന്തിന്റെ മൂഡിലെത്തിയിരിക്കുന്നുവെന്ന് തോന്നിയപ്പോൾ മറുപടിയായി പറഞ്ഞു..

“ഭൂതകാലത്തിലെ പകലുകളെ സൗകര്യപൂർവ്വം മറക്കുന്നത് നാം മാത്രമല്ലല്ലോ…പൊഴിഞ്ഞുപോയ ഇലകളെ മരങ്ങൾ മറക്കുന്നപോലെ കൊഴിഞ്ഞുപോയ തൂവലുകളെ കിളികൾ മറക്കുന്ന പോലെ..

കഴിഞ്ഞുപോയ ഇന്നലെകളെ മനുഷ്യൻ മറക്കുന്ന പോലെ ഒരുപക്ഷേ ഓരോ രാത്രിയും പകലിനെ മറക്കുന്നുണ്ടാവാം..”

കിട്ടിയ ഉത്തരം തൃപ്തികരമായിട്ടാണോ എന്നറിയില്ല അവൾ ഒന്നു മൂളി…

അവളുടെ കൈപിടിച്ച് താഴോട്ട് ഒലിച്ചിറങ്ങുന്ന വെള്ളം തട്ടിതെറിപ്പിച്ച് മുകളിലേക്ക് പോകും തോറും ഉൾക്കാടിന്റെ വന്യത അനുഭവിച്ചു തുടങ്ങി…

ചോ രകുടിച്ച് മതിയായിട്ടാവാം കാലാൽ കടിച്ചിരുന്ന അട്ട നടത്തത്തത്തിനിടയിലെവിടെയോ കൊഴിഞ്ഞു പോയിരുന്നു

“നീരജ്.. നമ്മളെങ്ങോട്ടാണ് പോകുന്നത്…”

“അറിയാത്ത വഴികളിലൂടെയും അറിയാത്ത സ്ഥലങ്ങളിലൂടെയും നമ്മളെത്ര നടന്നു… ചിരപരിതരല്ലാത്ത എത്രയോപേരെ കണ്ടുമുട്ടി… അപ്പോഴെപ്പോഴെങ്കിലും നീ ഈ ചോദ്യം സ്വയം ചോദിച്ചിരുന്നോ..”

“ഇല്ല…കണ്ടുമറന്നുകളയുന്ന വഴികളും മനുഷ്യരും പഠിപ്പിച്ച പാഠങ്ങൾ ഓർമ്മയുണ്ട് പക്ഷേ അവരെയൊന്നും പിന്നീടോർത്തെടുക്കാനാവുന്നില്ല..

ഇപ്പോൾ മഴയത്ത് തൂവലുകൾ നനഞ്ഞൊട്ടി കോഴിക്കൂടിനരികിൽ ഒതുങ്ങി നിൽക്കുന്ന കോഴിക്കുട്ടിയെ പോലെയായിരിക്കുന്നു മനസ്.. ഓർമ്മകളുടെ തൂവലുകൾ. ഹൃദയത്തോടൊട്ടി പിടിച്ച പോലെ.. ”

” ഓർമ്മകളുടെ നനവുപടർന്ന മനസുള്ളത് നല്ലതുതന്നെയാണ് നീനാ.. കൂട്ടുകൂടാനാരുമില്ലാതാവുമ്പോൾ തനിച്ചാവുമ്പോൾ കൂട്ടിപിടിക്കാൻ പായൽപിടിച്ച ഓർമ്മകളുടെ തുരുത്ത് മനസിലുള്ളതൊരു ആശ്വാസമല്ലേ.. ”

” ആയിരിക്കാം… പക്ഷേ ചില സമയത്ത് കുത്തിനോവിക്കുന്നുണ്ട് എന്നെ… നീളൻ വരാന്തകളും… ഇടവപ്പാതിമഴയും…

നനഞ്ഞൊട്ടിയ യൂണിഫോമിന്റെ ഈറൻ മണവും.. കഞ്ഞി പുരയുടെ പിറകിലെ മൂത്രപുരചുമരുകളിൽ അരിച്ചു നീങ്ങുന്ന തേരട്ടകളും എന്നെ അലോസരപ്പെടുത്തുന്ന ഓർമ്മകളാണ്..”

മുകളിലേക്ക് കയറുംതോറും വഴി ചുരുങ്ങി ചുരുങ്ങി വന്നു…

മരതലപ്പുകൾക്കിടയിലൂടെ ആകാശം തെളിഞ്ഞു കാണാൻ തുടങ്ങി.. ഊർന്നിറങ്ങുന്ന സൂര്യരശ്മികൾ നടപ്പാതയിലങ്ങിങ്ങായി സുഷിരങ്ങൾ വീഴ്ത്തികൊണ്ടിരുന്നു…

കയറ്റം കയറി നിരപ്പായ കുന്നിൻ മുകളിലെത്തിയപ്പോൾ താഴോട്ട് നോക്കി അവൾ ചോദിച്ചു

“നീരജ്.. നമ്മളിനിയെങ്ങനെ താഴോട്ടിറങ്ങും.. വന്നവഴികളോർമ്മയുണ്ടോ…”

“ഉയരത്തിലെത്തിയാൽ ഓരോരുത്തരുടെയുള്ളിലും സ്വയം ചോദിക്കുന്ന ചോദ്യങ്ങളാവണം ഇത്.. ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കണ്ണുപായിക്കുമ്പോൾ ഒരു തിരിച്ചിറക്കമുണ്ടായാൽ താഴോട്ടിറങ്ങാൻ കണ്ടെത്തേണ്ട വഴികളെ കുറിച്ച് ഒരു ധാരണയെങ്കിലും വേണം മനസിൽ..

പുരപ്പുറത്ത് കയറിയാൽ കയറിവന്ന കോണിയെ മറക്കുന്ന പോലെ എനിക്ക് വഴികൾ മറക്കാനാവില്ല നീനാ.. ”

” നീ എല്ലാ വഴികളും ഓർത്തുവെക്കാറുണ്ടോ.. ”

” ഉവ്വ്… നിന്നിലേക്കെത്തിയ വഴികളൊഴികെ… ”

” ഓഹോ… വഴികൾ മറന്ന കൂട്ടത്തിൽ നീ എന്നെയും മറന്നു തുടങ്ങുന്നുണ്ടോ.. ”

” നിന്നെ മറക്കില്ല എന്ന് ഞാൻ പറയില്ല… പക്ഷേ നിന്നെ മറന്നു തുടങ്ങിയാൽ പിന്നെ ഞാനുണ്ടെന്ന് നീ വിശ്വസിക്കുമോ.. ”

അതുപറഞ്ഞ് അവളെ ചേർത്തുപിടിച്ചപ്പോൾ അവൾ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു

“നീ കൂടെയുള്ളപ്പോൾ മാത്രമാണ് വൃശ്ചികത്തിലെ കുളിരും പൗർണ്ണമി രാത്രിയിലെ നിലാവെളിച്ചവും ഞാനറിയുന്നത് നീയില്ലെങ്കിൽ അമാവാസിയിലെ കൂരിരുട്ടിൽ വഴിയറിയാതെ ഒറ്റപെട്ടുപോയേനെ..

നീ എന്നെ മറന്നു തുടങ്ങും മുമ്പേ ഒരു കാറ്റായി ചെറുചാറ്റൽമഴയായി നിനക്ക് ചുറ്റിലും വന്ന് ഞാനെന്നെ ഓർമ്മപെടുത്തികൊണ്ടേയിരിക്കും.. ”

പടർന്നു നിൽക്കുന്ന മുള്ളൻകൈനിമരത്തിന്റെ ചുവട്ടിലെ ഉയർന്നു നിൽക്കുന്ന കരിമ്പാറയിലിരുന്ന് താഴ്വാരത്തിൽ പുല്ല് തിന്നുകൊണ്ടിരുന്ന കുറ്റിയിൽ കെട്ടിയ പശുവിനെ നോക്കിയിരുന്നു… ഇടക്ക് മൂളിയെത്തിയ കാറ്റിനൊപ്പം അതിന്റെ കരച്ചിൽ അലിഞ്ഞു ചേരുന്നുണ്ടായിരുന്നു..

ഉയരങ്ങളിലേക്കെത്തുന്തോറും അടുത്തുള്ളതെല്ലാം അകന്ന് ചെറുതായി തുടങ്ങുന്ന കാഴ്ചയുടെ വികൃതിയോർത്ത് വെറുതെ ചിരിച്ചു

“നീന ചോദിച്ചു

” എന്താണ് ചിരിക്കുന്നത്… ”

” ചിരിക്കാൻ മറന്നിട്ടില്ലെന്ന് എന്നെ ഇടക്കൊന്ന് ഓർമ്മിപ്പിക്കാൻ.. ”

അവൾ മടിയിൽ തലവെച്ച് ആകാശം നോക്കി കിടക്കുന്നതിനിടയിൽ പറഞ്ഞു

” നീരജ് നിനക്ക് പ്രായമായി വരുന്നു.. ”

” അപ്പോൾ നിനക്കോ..”

“നീയതിനെന്നെ എന്നെങ്കിലും നോക്കിയിട്ടുണ്ടോ… ആൾക്കൂട്ടങ്ങൾക്ക് നടുവിൽപെട്ട് സാമ്രാജ്യം വികസിപ്പിക്കുന്നതിനിടയിൽ നിനക്കെന്നെ നോക്കാനെവിടെ നേരം.. എന്നിട്ട് നീ നേടിയതെന്താണ്”

“എല്ലാം നേടി പക്ഷേ… അതിനിടയിൽ പണം കൊടുത്തു നേടാനാവത്തതൊന്ന് നഷ്ട്ടപ്പെട്ടു.. മനസമാധാനം.. ”

” നഷ്ട്ടപെട്ടതല്ല നീരജ്.. നീ സ്വയം നഷ്ടപെടുത്തിയെന്ന് പറയുന്നതല്ലേ ശരി.. ”

” ആവാം.. ഇതുപോലൊരു മരതണലിൽ ഈറൻ കാറ്റേറ്റ് മഴചാറുന്ന സന്ധ്യകളിൽ ഞാനൊറ്റക്കിരിക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ട്…എനിക്കുചുറ്റും പലനിറത്തിലുള്ള പൂമ്പാറ്റകൾ പാറി നടക്കുന്നത് പോലെ തോന്നാറുണ്ട്..

രാവ് പകലുമായി ഇണചേർന്ന് തുടങ്ങുന്ന സന്ധ്യകളിലെ ചുവന്ന് തിണർത്ത ആകാശകീറിൽ മേഘങ്ങൾ പഞ്ഞികെട്ടുകളെ പോലെ ഒഴുകി നീങ്ങുന്നത് കാണാൻ കൊതിച്ചിട്ടുണ്ട് ”

” നീ കൊതിക്കുന്നുണ്ടതെന്ന് എനിക്ക് തോന്നിയിരുന്നു.. അതുകൊണ്ടല്ലേ ഇങ്ങനെയൊരു യാത്ര ഞാൻ പ്ലാൻ ചെയ്തത്… ”

” ആരും കാണാത്ത എന്റെ മനസ് നീയെങ്ങനെ അറിഞ്ഞു നീനാ.. ”

” അതിനൊരുത്തരമേയുള്ളൂ നീരജ്.. ഞാൻ നിന്നെ പ്രണയിക്കുന്നു.. നീയെന്റെ നിശ്വാസത്തിലലിഞ്ഞു ചേർന്നിരിക്കുന്നു… ഇത്രനാളുമുള്ള നമ്മുടെ സൗഹൃദത്തിന്റെ മുഖംമൂടിയഴിച്ചുവെച്ച് നിന്നോടെന്റെ പ്രണയം പറയാനായി ഞാൻ മുമ്പേ കണ്ടുവെച്ച സ്ഥലമാണിത്…

ഒരുപക്ഷേ നിന്റെ മറുപടി നിരാശാജനകമാണെങ്കിൽ കൂടി മനസിൽ കെട്ടിപ്പൊക്കിയ മോഹങ്ങളുടെ കുന്നിൽ നിന്നും താഴോട്ടിറങ്ങാനുള്ള വഴി കണ്ടെത്തികൊണ്ടാണ് ഞാനിവിടേക്ക് നിന്നെ കൊണ്ടു വന്നത്….ഇനി പറയൂ… നീയെപ്പോളെങ്കിലും ഇതുപോലെ എന്നെ സ്നേഹിച്ചിട്ടുണ്ടോ… ”

” അസ്തമയം കാത്തുകിടക്കുന്ന ആകാശചെരുവുപോലെ… വിടരാൻകൊതിച്ച പൂമൊട്ടുപോലെ നീയെന്റെയുള്ളിൽ എന്നുമുണ്ടായിരുന്നു നീനാ…

ആൾക്കൂട്ടത്തിൽ പെട്ട് നിന്നെ കാണാതെ പോയെന്ന് നീ കരുതുമ്പോഴും ഞാൻ ഇടക്കിടെ തിരിഞ്ഞു നോക്കിയത് നീ കാണാതെ പോയതെന്തേ…

അസ്തമയസൂര്യൻ ആഴിയിൽ ലയിച്ചു ചേരുന്ന പോലെ നീയെന്നുള്ളിൽ അലിഞ്ഞു ചേർന്നതെന്നുമുതലാണെന്നറിയില്ല നിന്നോട് പറയാൻ വന്നതെല്ലാം പാതിവഴിയിൽ മറന്ന് സൗഹൃദത്തിന്റെ പുകമറക്കുള്ളിൽ ഞാനപ്പോഴും നിന്നെ ചുറ്റികറങ്ങുകയായിരുന്നു… ”

” നിന്റെ ഉള്ളിലൊരു കടലിരമ്പുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു… മൂളിതുടങ്ങിയ പാട്ടിന്റെ ഈരടികൾ മറന്നുപോവുമ്പോൾ ഓർത്തെടുക്കാനുള്ള പരവേശം പോലെ നീ അടുത്തെത്തുമ്പോൾ എന്നെ കാണുമ്പോൾ നിന്റെ മുഖത്ത് ഞാൻ കണ്ടിരുന്നു…

പാതിയിൽ മുറിഞ്ഞു പോകുന്ന വാക്കുകളിൽ നിന്ന് ബാക്കി ഞാൻ കൂട്ടിചേർത്ത് വായിച്ചിരുന്നു… വാട്സപ്പിൽ അടുത്തിടെ നീ എനിക്കയച്ച മെസെജുകളിലധികവും നീ എന്തുപറഞ്ഞ് നിർത്തുമ്പോഴും കൂടുതലുപയോഗിച്ച വാക്ക്… ദെൻ… എന്നായിരുന്നു… ”

” ഇതുവരെ ഞാൻ നിന്റെ മടിയാൽ തലവെച്ച് കിടന്നതുപോലെയല്ല ഞാനിപ്പോൾ കിടക്കുന്നത്… ഇന്നലെ വരെ നീ എന്റെ സുഹൃത്തായിരുന്നു ഇന്ന് ഞാൻ നിന്റെ കാമുകിയാണ്.. നാളെ ഒരുപക്ഷേ എന്താവുമെന്ന് ആർക്കറിയാം… ”

” അതെന്താ.. നീ അങ്ങനെ പറഞ്ഞത്.. ”

” ഉയരം കൂടുമ്പോൾ വന്നവഴികൾ നീ മറന്നു തുടങ്ങിയാലോ… ”

” ഞാൻ നേരത്തെ പറഞ്ഞില്ലേ നീനാ.. നിന്നിലേക്കെത്താനുള്ള വഴികൾ മറന്നാലും നിന്നിൽ നിന്നും തിരിച്ചിറങ്ങാനുള്ള വഴികളെന്നും ഞാനോർക്കും… “..

” ദുഷ്ടൻ… നീ തിരിച്ചിറങ്ങി തുടങ്ങുമെന്ന് തോന്നുമ്പോഴേക്കും നമ്മുടെ കുഞ്ഞുങ്ങൾ കാലിൽ പിടിച്ച് വലിച്ചോളും… ”

അതുപറഞ്ഞ് അവൾ കഴുത്തിലൂടെ കയ്യിട്ട് കെട്ടിപിടിച്ചപ്പോഴേക്കും… വെയിൽ മങ്ങി താഴ്വരയിൽ ഇരുട്ടുപരന്നു തൂങ്ങിയിരുന്നു

അവളുടെ കവിളിലുമ്മ നല്കി ചെവിയിൽ മെല്ലെ പറഞ്ഞു

” നേരം സന്ധ്യയായി നീനാ.. നമുക്ക് തിരിച്ചിൿങ്ങണ്ടേ.. ”

” വേണ്ട… നമ്മുടേതായ ഈ ലോകത്തുനിന്നും എനിക്ക് തിരിച്ചിറങ്ങണ്ട നീരജ്…

കാറ്റിൽ ഈറതണ്ടുരയുന്ന ഈണം കേട്ട് പാതിരാമഴയുടെ കാലൊച്ചയറിഞ്ഞ് നിശാഗന്ധിപൂക്കൾ വിടരുന്നത് കണ്ട് താഴ്വരയിലെ കറുകതലപ്പുകളിൽ മഞ്ഞിൻകണങ്ങൾ പറ്റിപിടിച്ചിരുന്നുറങ്ങുത് കാണാം..

ആരും ഇതുവരെ തിരഞ്ഞിറങ്ങാത്ത നമ്മളിലേക്ക് ചുരുങ്ങാൻ ഈ സന്ധ്യ എനിക്ക് തരൂ… ”

വേനലറുതിയിലെ പകൽ മഴതുള്ളികൾ ചാറിയെത്തുകയും മുള്ളൻ കൈനി മരത്തിന്റെ ചില്ലകളിൽ കാറ്റ് തലോടി കടന്നു പോവുകയും ഇലചാർത്തുകൾക്കിടയിലൂടെ മഴതുള്ളികൾ അവരുടെ മേൽപതിക്കുകയും ചെയ്തു…

ഇരുൾമൂടിതുടങ്ങിയ കുന്നിൻമുകളിലെ പാറകെട്ടിൽ നിഴൽ പോലെ രണ്ടുപേർ ഒന്നുചേർന്നിരുന്നു…

അതുവരെ മൂടികെട്ടിനിന്ന ആകാശത്തുനിന്ന് മഴതുള്ളികൾ താഴോട്ടുപതിച്ചു… അതുവരെ മൂടികെട്ടിവെച്ചതെല്ലാം പെയ്തു തീർത്ത് മാനം തെളിഞ്ഞു അവരുടെ മനസുപോലെ…

Leave a Reply

Your email address will not be published. Required fields are marked *