മഴയായിട്ട് ഓ ഈ സാരിയും വാരി പിടിച്ചു വരണ്ടായിരുന്നു, ഒരുവിധം ബസ് സ്റ്റോപ്പിൽ..

(രചന: Sarya Vijayan)

മഴ നനയുന്നതും നിന്നടുത്തിരിക്കുന്നതും എനിക്ക് എന്നും ഒരുപോലെയായിരുന്നു.

ഓരോ മഴത്തുള്ളിയും നീ നൽകിയ ചുംബനങ്ങളായിരുന്നു. മഴയിൽ കുതിർന്ന മണ്ണിന് നിന്റെ ഗന്ധമായിരുന്നു…

പതുക്കെ പറഞ്ഞു കൊണ്ടവൾ ഒരിക്കൽ കൂടി അവനോട് ചേർന്ന് കിടന്നു.

“മൃദു നിനക്ക് ഓർമ്മയുണ്ടോ? ആദ്യമായി നമ്മൾ കണ്ട ദിവസം..”

“പിന്നെ എങ്ങനെ മറക്കാനാണ്.”

“നിന്നോളം മഴയെ പ്രണയിക്കുന്ന മറ്റാരേയും ഞാൻ കണ്ടിട്ടില്ലല്ലോ.”

തുലാവർഷം വാരി വിതറിയ തുള്ളിയും കുളിരും മുറുകെ പിടിച്ചു ഋതുമതിയായ യുവതിയെ പോലെ പൂത്തുലഞ്ഞ പ്രഭാതം.

“മഴയായിട്ട് ഓ.. ഈ സാരിയും വാരി പിടിച്ചു വരണ്ടായിരുന്നു.”

ഒരുവിധം ബസ് സ്റ്റോപ്പിൽ എത്തിയെന്ന് പറയാം. മഴ തുള്ളിയും ചെളിവെള്ളവുംമഞ്ഞ സാരിയിൽ ആവശ്യത്തിലധികം ചിത്രങ്ങൾ ഇപ്പോ തന്നെ വരച്ചു കഴിഞ്ഞു.

മഴയായത് കൊണ്ടോ എന്തോ? വെയ്റ്റിങ്ങ് ഷെഡിൽ ആരും തന്നെയില്ല.

അവിടേയ്ക്ക് കയറി കൈയ്യ് കൊണ്ട് സാരി ഒന്ന് കുടഞ്ഞു നേരെയാക്കി . നിവർന്നപ്പോഴേയ്ക്കും മുകൾഭാഗവും പോയി.

ഈ സാരിയ്ക്ക് എന്താ മറയ്ക്കുന്നത് ഇഷ്ടമല്ലേ.. അത് പിടിച്ചു നേരെയാക്കി കൊണ്ടിരിക്കുമ്പോഴാണ് പെട്ടൊന്നൊരാൾ അവിടേയ്ക്ക് കയറി വന്നത്.

ശരിക്കും സ്ഥലകാലബോധം വന്നത് അപ്പോഴാണ്. എങ്ങനെയൊക്കെയോ സാരി നേരെയാക്കി നിന്നു.

വെയ്റ്റിംഗ് ഷെഡിന്റെ ഷീറ്റിൽ നിന്നും താഴേയ്ക്ക് ഒഴുകി വന്ന വെള്ളതുള്ളികളെ പോയി കൈയ്യെത്തി പിടിക്കുന്നത് കണ്ടപ്പോൾ അത്ഭുതത്തോടെ ഞാനൊന്ന് നോക്കി.

“ഇതെന്താ വട്ടാണോ? എവിടുന്ന് വരുന്നെടാ ഇതൊക്കെ?”

അന്തംവിട്ടു നോക്കുന്ന എന്നെ കണ്ടിട്ടോ എന്തോ? പതുക്കെ നടന്ന് എന്റെ അരികിലേയ്ക്ക് വന്നു.

“ഹായ്”

മറുപടി ഒരു ചിരിയിലൊതുക്കി.

“മഴ എനിക്ക് ഭയങ്കര ഇഷ്ടമാണ് കേട്ടോ, അതാ ഇങ്ങനെയൊക്കെ?”

ഞാൻ ഒന്നും ചോദിച്ചില്ലല്ലോ പിന്നെന്തിനാ ഇത്‌ എന്നോട് പറയുന്നത് എന്ന അർത്ഥത്തിൽ ഞാൻ ഒന്ന് നോക്കി.

അപ്പോഴേയ്ക്കും ബസ് വന്നു. ഞാൻ അതിൽ കയറി പോയി.

വീണ്ടും പല പ്രഭാതത്തിലും ആർത്തു പെയ്ത് മഴയിൽ ഞങ്ങൾ പരസ്പരം കണ്ടു മുട്ടി. ഒരിക്കൽ പോലും ഞാൻ അങ്ങോട്ട് സംസാരിച്ചിട്ടില്ല.

ഒരിക്കൽ മഴയിൽ കുളിച്ചുനിന്ന ഒരു പ്രഭാതത്തിൽ ആ ബസ് സ്റ്റോപ്പിൽ ഞങ്ങൾ മാത്രമായപ്പോൾ ഞാൻ ചോദിച്ചു.

“അല്ല മഴ അത്രയ്ക്ക് ഇഷ്ടമാണോ??”

“പിന്നെ ഏറെ”

“പിന്നെന്താ മഴയിൽ നനയാത്തത്.”

“ഞാൻ ഏറെ പ്രണയിച്ച എന്റെ കാമുകിയായിരുന്നു മഴ. പക്ഷെ എന്തോ?ഞാൻ അവളെ ഇഷ്ടപ്പെടുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല. മഴ നനഞ്ഞാൽ അമ്മ പറയും.. മഴ നനയല്ലേ ഉണ്ണി .”

“എന്നും അമ്മ പറയാറുണ്ടോ അപ്പൊ മഴ നനയല്ലേയെന്ന്.”

“അമ്മ എന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ, ഇപ്പോ പറയാൻ അമ്മയില്ല. അമ്മയെ ഞാനിന്നും അനുസരിക്കുന്നു.”

കണ്ണിൽ നിറഞ്ഞ തുള്ളികൾ പുറത്തേയ്ക്ക് വരാതിരിക്കാൻ പാടുപെടുകയായിരുന്നു.

“ഉണ്ണി എന്നാണോ പേര്?”

“അതെന്റെ അമ്മയ്ക്ക് മാത്രം. മറ്റുള്ളവർക്ക് ഞാൻ ദീപക് ആണ്.”

“അപ്പൊ ബൈ, പിന്നെ കാണാം.”

ഞാൻ ഓടി ബസ്സിൽ കയറി. കോളേജിൽ ചെന്നിട്ട് ഞാൻ ഓർത്തതൊക്കെയും ദീപക്കിനെ കുറിച്ചായിരുന്നു.

പിന്നെയും ദിവസങ്ങൾ ഒന്നൊന്നായി പോയി കൊണ്ടിരുന്നു. അവനൊപ്പം ഞാനും മഴ ആസ്വദിച്ചു തുടങ്ങി. അവനെ പോലെ മഴ നനയാതെ തന്നെ. കുട എടുക്കാൻ മറന്നിരുന്ന ഞാൻ പിന്നെ അത് മറന്നിട്ടേയില്ല.

ഒരിക്കൽ ബസ്സ് കാത്തു നിൽക്കവേ അവൻ എന്നോട് ചോദിച്ചു.

“മൃദു അടുത്ത ജന്മത്തിൽ നിനക്ക് ആരാകണം?”

“എന്താ സംശയം മഴതുള്ളി.”

“ആഹാ കൊള്ളാല്ലോ, അതെന്താ കാരണം??”

അതിനുള്ള ഉത്തരം പറയാതെ ഓടി ബസ്സിൽ കയറി.

പിറ്റേ ദിവസം …

“മൃദു നീയെന്തിനാ മഴത്തുള്ളിയാകുന്നത്?”

“കാരണം നീയേറെ പ്രണയിക്കുന്നത് മഴത്തുള്ളിയല്ലേ..”

“പക്ഷെ ഞാൻ ഒരിക്കലും എന്റെ പ്രണയം അവയെ അറിയിക്കില്ല, ഇങ്ങനെ മാറി നിന്ന് ആസ്വദിക്കുകയെ ഉള്ളൂ. എന്തേ നീയത് ഏറ്റു വാങ്ങില്ലേ.”

അന്ന് എന്തോ? കൂടുതൽ ഒന്നും സംസാരിച്ചില്ല.

മഴക്കാലം പതുക്കെ വിട വാങ്ങി പോയൊരു നാളിൽ. എന്തുകൊണ്ടോ അവന്റെ പ്രണയം ഏറ്റു വാങ്ങണമെന്ന വാശിയോടെ വീണ്ടും മഴ പെയ്തു.

അന്നൊരു ആക്‌സിഡിന്റെ രൂപത്തിൽ എനിക്ക് മുൻപേ മരണം അവനെ കണ്ടു മുട്ടി.

മഴയത്ത് വാർന്നൊഴുകുന്ന ചോ രയിൽ അന്നാദ്യമായി അവൻ മഴ നനഞ്ഞു. അവസാനമായും…

“ദീപക്” ആ നേരിയ വിളി ആരും കേട്ടില്ല. മുഖമമർത്തി നിശ്ശബ്ദതമായ് കണ്ണീരിനെ സ്വാഗതം ചെയ്യവേ..
മരുന്നുകൾ ഉറക്കവുമായി കടന്നു കളഞ്ഞു. ഒപ്പം അവനെയും…

അപ്പോഴും പുറത്തു പെയ്യുന്ന മഴ അട്ടഹസിച്ചു..

“അവൻ പ്രണയം പറഞ്ഞിരുന്നില്ലയെങ്കിലും നിന്നെക്കാളേറെ ഞാനവനെ പ്രണയിച്ചിരുന്നു.. ഇന്നും പ്രണയിക്കുന്നു…..

Leave a Reply

Your email address will not be published. Required fields are marked *