ആ പണം കിട്ടിയില്ലായിരുന്നെങ്കിൽ ഈ സമയം പലരുടെയും മുന്നിൽ പോയി..

റൂപ്പീസ്
(രചന: Navas Amandoor)

നഞ്ച് വാങ്ങാൻ പോലും നയാ പൈസ ഇല്ലാത്ത സമയത്ത് റോഡിലൂടെ നടന്ന് പോയ എന്റെ കണ്മുന്നിൽ കണ്ട പേഴ്സ്

ആരും കാണുന്നില്ലെന്ന് ഉറപ്പിച്ച്‌ പതിയെ കുനിഞ്ഞ് അതെടുത്ത്
നടത്തത്തിന് സ്പീഡ് കൂട്ടി.

കീറി മുഷിഞ്ഞ ഒരു പത്തിന്റെ നോട്ടും ഡേറ്റ് കഴിഞ്ഞ ലോട്ടറിയുമൊക്കെ മനസ്സിൽ തെളിഞ്ഞു. എങ്കിലും ഒരു കുഞ്ഞു പ്രതീക്ഷ മനസ്സിൽ ഇല്ലാതില്ല.

ആരുമില്ലാത്ത ഒരിടത്ത് മാറി നിന്ന് പേഴ്സ് തുറന്നു..

രണ്ടായിരത്തിന്റെ പത്ത്‌ നോട്ടുകൾ.

കണ്ണിൽ തൃശൂർ പൂരം.

“ഈ ക്യാഷ് ആരുടെയാകും…? ”

നോട്ടുകൾ എടുത്ത് പോക്കറ്റിൽ വെച്ച് പേഴ്സിൽ നോക്കാൻ തുടങ്ങി. ആളെ അറിയാനുള്ള ഒന്നും കിട്ടിയില്ല. അല്ലെങ്കിലും ആളെ തിരഞ്ഞ് പിടിച്ച് ഈ പണം കൊണ്ട് പോയി കൊടുക്കാനുള്ള പൂതിയൊന്നും ഉണ്ടായിട്ടല്ല..

പിന്നെ ചിന്തിക്കാൻ നിന്നില്ല. പേഴ്സ് റോഡരികിലുള്ള ഒഴിഞ്ഞ പറമ്പിലേക്ക് എറിഞ്ഞു. മുന്നോട്ട് നടന്നു.

“ആരുടേത് ആയാലും ഈ പണത്തിന്റെ അവകാശി ഞാനാണ്. നട്ടം തിരിഞ്ഞ നേരത്ത് ദൈവത്തിന്റെ സഹായം… അത് കൊണ്ട് ഒരു പങ്ക് ദൈവത്തിനും കൊടുത്താൽ കള്ളപണം വെളുത്തു. ”

ചുണ്ടിൽ പുഞ്ചിരിയുമായി അടുത്ത് കണ്ട ഹോട്ടലിൽ കയറി ഇഷ്ടമുള്ള ഭക്ഷണം വാങ്ങിക്കഴിച്ചു.

ഹോട്ടലിന്റെ പുറത്ത് നിന്ന ലോട്ടറിക്കാരനിൽ നിന്നും ലോട്ടറി വാങ്ങി. മൊബൈലിൽ റീചാർജ് ചെയ്തു..

വീട്ടിലേക്ക് പച്ചക്കറി സാധനങ്ങളും കുറച്ചു ബേക്കറിയൊക്കെ വാങ്ങി ഓട്ടോയിൽ കയറി പോകും വഴി അഞ്ഞൂർ രൂപ പള്ളിയുടെ മുൻപിൽ ഉള്ള കുറ്റിയിൽ ഇട്ടു.

മാ സ്ക് ഊരി മാറ്റി കൈ സോപ്പിട്ടു നല്ലോണം കഴുകി വീട്ടിലേക്ക് കയറി.

“അമ്മച്ചി.. അമ്മച്ചി… ”

വീടിന്റെ ഉള്ളിൽ എല്ലായിടത്തും നോക്കി. എവിടെയെങ്കിലും പോയതാകുമോ..?. അടുക്കള വാതിലിലൂടെ പുറത്തറങ്ങിയപ്പോൾ ഞെട്ടിപ്പോയി.

അലക്ക് കല്ലിന്റെ അരികിൽ തലയിലൂടെ ചോ ര വാർന്ന് ഒഴുകി ബോധമില്ലാതെ കിടക്കുന്ന അമ്മച്ചി.

“അമ്മച്ചി….. ”

പെട്ടെന്ന് അങ്ങനെ അമ്മച്ചിയെ കണ്ടപ്പോൾ ഉടലാകെ തരിച്ചു പോയി. കണ്ണുകളിൽ ഇരുട്ട് കയറുന്നപോലെ. പേടിയോടെ ആധിയോടെ കിതച്ചുപോയ ഞാൻ മിന്നൽ വേഗത്തിൽ അമ്മച്ചിയുടെ അരികിലെത്തി.

“ന്റെ കർത്താവെ… സ്വന്തമെന്ന് പറയാൻ എനിക്ക് ന്റെ അമ്മച്ചി മാത്രേ ഉള്ളെന്ന് നിനക്ക് അറിയാലോ… അമ്മച്ചി…. എന്താ പറ്റിയത്… അമ്മച്ചി… ”

അമ്മയെ ചേർത്ത് പിടിച്ച് അലറുന്ന പോലെ കരഞ്ഞു.. കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല. എന്റെ കരച്ചിൽ കേട്ട് ആരൊക്കെയോ ഓടിക്കൂടി.

“അലക്കിക്കൊണ്ടിരിക്കുമ്പോൾ പ്രഷർ എങ്ങാനും കൂടിയോ കുറഞ്ഞോ അലക്ക് കല്ലിൽ തലയിടിച്ചു വീണതാകും. ”

അടുത്ത വീട്ടിലേ ചേട്ടൻ കാർ കൊണ്ട് വന്നു. അനക്കമില്ലാത്ത അമ്മച്ചിയെ പൊക്കി കാറിൽ കയറ്റി.

അമ്മച്ചിയുടെ തല പൊട്ടിയൊലിച്ച ചോ ര എന്റെ ഡ്രസ്സിലായെങ്കിലും ഞാൻ അമ്മച്ചിയെ നെഞ്ചോട് ചേർത്ത് പിടിച്ച് ഇടക്കിടെ വിളിച്ചു കൊണ്ടിരുന്നു.

പ്രൈവറ്റ് ഹോസ്പിറ്റലിലാണ് പോയത്.

പ്രഷർ കുറഞ്ഞത് തന്നെയായിരുന്നു കാരണം. കുറച്ചു മണിക്കൂറുകൾ കഴിഞ്ഞു അമ്മച്ചി കണ്ണ് തുറന്നു.

തലയിലെ മുറിവിൽ മരുന്ന് വെച്ച് കെട്ടി അമ്മച്ചിയെ വാർഡിലേക്ക് മാറ്റി. വേദനയുണ്ടെങ്കിലും അമ്മച്ചി എന്നെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.

“അമ്മച്ചി ഉറങ്ങിക്കോ… ഞാൻ ഉണ്ട് ഇവിടെ… ”

കട്ടിലിന്റെ അരികിൽ ഞാൻ സങ്കടത്തോടെ ഇരുന്ന സമയത്ത് ഡോക്ടർ വന്നു.

“ഇപ്പൊ ഓക്കേ യല്ലേ… വേറെ പ്രശ്നങ്ങൾ ഒന്നും തോന്നുന്നില്ലല്ലൊ…? ”

“ഇല്ല.. ഡോക്ടറെ ”

“ഇയാള് മോനല്ലേ…? ”

“അതെ? ഡോക്ടർ എന്നെ വിളിച്ച്‌ വരാന്തയിലേക്ക് നടന്നു.

“അമ്മക്ക് ഇതുപോലെ മുൻപ് വന്നിട്ടുണ്ടോ….? ”

“ഇല്ല… എന്തെ….? ”

“ഇനി ശ്രദ്ധിക്കണം… ചിലപ്പോൾ ഒരു ഭാഗം തളർന്നു പോകും.. അതികം ടെൻഷൻ കൊടുക്കരുത്.. മരുന്ന് മുടങ്ങാതെ നോക്കണം… ഇന്ന് ഒരു ഡേ ഇവിടെ കിടക്കട്ടെ.. ഓക്കേ ”

“ആം ”

ഒരു കുഴപ്പവുമില്ലാതെ നടന്ന അമ്മച്ചിയാണ് തലയിലെ കെട്ടുമായി കിടക്കുന്നത്. ആ കിടപ്പ് കണ്ടിട്ട് സങ്കടം വരുന്നുണ്ട്. പാവം.

“നീ എന്തിനാ വിഷമിക്കുന്നത്…. എനിക്ക് ഒന്നുല്ലഡാ ചെക്കാ ”

ഞാൻ വെറുതെ മൂളുക മാത്രം ചെയ്തു. എന്നും അമ്മച്ചി അങ്ങനെയാണ് സ്വന്തം സങ്കടങ്ങളും വിഷമങ്ങളും എന്നെ അറിയിക്കാതെ നോക്കും. അപ്പച്ചൻ പോയിട്ടും ഒരിക്കൽ പോലും എന്റെ മുൻപിൽ വെച്ച് അമ്മച്ചി കരഞ്ഞിട്ടില്ല.

അന്ന് ഹോസ്പിറ്റലിൽ കിടന്നു. പിറ്റേന്ന് ഉച്ചക്ക് മുൻപേ ഡിസ്ചാർജ് ആയി. കളഞ്ഞു കിട്ടിയ ക്യാഷ് മുഴവനായി ഹോസ്പിറ്റലിലായി.

ആ പണം കിട്ടിയില്ലായിരുന്നെങ്കിൽ ഈ സമയം പലരുടെയും മുന്നിൽ പോയി കൈ നീട്ടേട്ടി വരുമായിരുന്നു.

ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് പോകും വഴി അമ്മച്ചിയോടും പറഞ്ഞു കളഞ്ഞു കിട്ടിയ പണത്തിന്റെ കഥ.

ഞാൻ പറഞ്ഞ് കഴിഞ്ഞപ്പോൾ അമ്മച്ചി ഒന്നും പറഞ്ഞ് എന്നെ കുറ്റപ്പെടുത്താതെ കൈയിൽ നിന്നും വള ഊരി എന്റെ കൈയിൽ വെച്ച് തന്നു.

“ആ പണം ആരുടേതാണെങ്കിലും തിരഞ്ഞു പിടിച്ച് തിരിച്ചു കൊടുക്ക്… നമ്മുക്ക് വേണ്ട അർഹത ഇല്ലാത്ത ഒന്നും… അതിപ്പോ പട്ടിണി കിടന്ന് മരിക്കേണ്ടി വന്നാലും. ”

അമ്മച്ചിയെ വീട്ടിലാക്കി ഞാൻ പുറത്തിറങ്ങി. ആദ്യം എറിഞ്ഞു കളഞ്ഞ പെഴ്സ് കണ്ടെത്തി.

എന്നിട്ട് പേഴ്സ് കളഞ്ഞു കിട്ടിയ സ്ഥലത്ത്‌ മതിലിൽ ഒരു വെള്ള പേപ്പറിൽ എഴുതി ഒട്ടിച്ചു വെച്ചു.

“ഇവിടെ നിന്ന് ഒരു പേഴ്സ് കളഞ്ഞു കിട്ടിയിട്ടുണ്ട്. ഉടമസ്‌ഥൻ അടയാള സഹിതം ഇൗ മൊബൈൽ നമ്പറിൽ ബന്ധപ്പെടുക “

Leave a Reply

Your email address will not be published. Required fields are marked *