കല്യാണപ്പെണ്ണിന്റെ പൊന്ന് കാണാൻ വന്ന മിനിക്കുട്ടിയും ത്രേസ്യാമ്മ അമ്മച്ചിയുമല്ലാതെ മറ്റാരും അന്ന്..

(രചന: Raju Pk)

“പ്രിൻസേ നീ ഇതെന്തു ഭാവിച്ചാ ഞായറാഴ്ച്ചയെങ്കിലും നിനക്ക് രാവിലെ ഒന്ന് കുളിച്ച് പള്ളിയിൽ ഒന്ന് പോവരുതോ

വെറുതെയല്ല നിനക്ക് കൂട്ടിന് ഒരു പെൺകൊച്ചിനെ കർത്താവ് തരാത്തത് കുറച്ചൊക്കെ ഈശ്വരവിശ്വാസവും വേണം വിശ്വാസികൾക്കുപോലും പെണ്ണ് കിട്ടാത്ത കാലമാണ് എൻ്റെ വിധി..”

തലേന്നടിച്ച വോഡ്ക്കയുടെ ലഹരിയിൽ വന്ന് കിടന്നതു മാത്രമേ ഓർമ്മയുള്ളു.

അമ്മച്ചി രാവിലെ തുടങ്ങിയല്ലോ എന്നോർത്ത് കട്ടിലിൽ മുണ്ട് തപ്പുമ്പോഴാണ് തല വഴി മൂടിപ്പുതച്ച് ഉറങ്ങിയ ഉടുമുണ്ട് കണ്ണിൽ പെടുന്നത്.

വാരി വലിച്ചുടുത്ത് പുറത്തേക്കിറങ്ങിയതും മുകളിലേക്കുള്ള പടികൾ പാതി കയറിയ അമ്മച്ചി ആയാസപ്പെട്ട് തിരിച്ചിറങ്ങാൻ തുടങ്ങി..

“തമ്പുരാൻ എഴുന്നേറ്റോ വേഗം കുളിച്ച് പള്ളിയിൽ പോയിട്ട് വാ വരുമ്പോൾ കുറച്ച് പോത് തിറച്ചിയും വാങ്ങിക്കോ

അമ്മച്ചി ഇന്ന് രാവിലെ വരുന്നില്ല പിന്നെ അച്ഛനെ ഒന്ന് കണ്ടേക്ക് നിന്നെ കഴിഞ്ഞ ആഴ്ച്ചയും തിരക്കിയിരുന്നു. പറ്റിയാൻ ഒന്ന്…”

അമ്മച്ചിയുടെ തോളിൽ കൈയ്യിട്ട് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

“കുമ്പസാരിക്കാനല്ലയോ അമ്മച്ചി പറഞ്ഞ് വരുന്നത് വലിയ പാപികൾക്ക് പോലും കുമ്പസാരിക്കാൻ സമയം കിട്ടാത്ത കാലമാണ് ഞാൻ എന്ത് പാപം ചെയ്തിട്ടാ എൻ്റെ പൊന്നമ്മച്ചീ..”

“നിന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം താന്തോന്നി… നിൻ്റെ ഇഷ്ടം പോലെ നടക്ക് ..”

ശരീരത്തിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പിലൂടെ അപ്പച്ഛൻ്റെ എൻഫീൽഡിൽ പുറത്തേക്കിറങ്ങുമ്പോൾ അമ്മച്ചി വാതിൽക്കൽ നോക്കി നിൽപ്പുണ്ട് അപ്പച്ഛൻ മരിച്ചിട്ട് വർഷം പതിനഞ്ച് കഴിഞ്ഞെങ്കിലും അതിനു ശേക്ഷം അമ്മച്ചി ഒന്ന് മനസ്സ് തുറന്ന് ചിരിച്ച് കണ്ടിട്ടില്ല..

നേർത്ത മൂടൽമഞ്ഞിനിടയിലൂടെ റോഡരികിലൂടെ തേയിലത്തോട്ടത്തിലേക്ക് നടന്ന് പോകുന്ന പെൺകുട്ടികൾക്കിടയിൽ മിനിക്കുട്ടിയെ കണ്ടതും തൊട്ടു മുന്നിൽ തന്നെ നിർത്തി..

“ഇതെങ്ങോട്ടാ ഇച്ചായാ പതിവില്ലാതെ…”

“എന്താ നീ വരുന്നോ കൂടെ..”

കാത്തു നിൽക്കുന്ന കൂട്ടുകാരികളോടായി മിനിക്കുട്ടി പറഞ്ഞു.

“നിങ്ങൾ നടന്നോ ഞാൻ വരുന്നൂ..”

ചിരിച്ചു കൊണ്ടവർ നടന്ന് നീങ്ങുമ്പോൾ പെണ്ണിൻ്റെ മുഖത്ത് വല്ലാത്തൊരു നാണം പൂത്തുലഞ്ഞിരുന്നു.

“എത്ര നാൾ എന്ന് കരുതിയാ നമ്മൾ ഇങ്ങനെ പാത്തും പതുങ്ങിയും”

“ചില പ്രണയങ്ങൾ അങ്ങനെയാണിച്ഛായ..
മരണം വരെ മനസ്സിൽ കൊണ്ടു നടക്കാനേ കഴിയൂ..”

“അല്ലെങ്കിൽ എങ്ങിനെ നടന്നിരുന്ന കുടുബമായിരുന്നു നമ്മുടെ.. ഇച്ചായന് സുഖമല്ലേ ഞാൻ പ്രാർത്ഥിക്കാറുണ്ട് എന്നും.”

അത്രയും പറഞ്ഞതും പെയ്യാൻ വിതുമ്പി നിൽക്കുന്ന കണ്ണുകൾ അമർത്തിത്തുടച്ച് അവൾ നടന്നകന്നു.

ഒരു കുടുബം പോലെ കഴിഞ്ഞിരുന്നവർ മേഴ്സി ചേച്ചിയുടെ വിവാഹത്തിന് വീടിനോട് ചേർന്നുള്ള അൻപത് സെൻ്റ് പുരയിടം കൊടുത്ത പണവുമായി പറഞ്ഞുറപ്പിച്ച പൊന്നുമായി വിവാഹത്തിന് രണ്ട് ദിവസം മുന്നെ വീട്ടിലെത്തിയ അപ്പച്ഛൻ

കോലായിലിരുന്ന അമ്മച്ചിയുടെ കയ്യിൽ ആഭരണങ്ങൾ കൊടുത്ത് കുളിക്കാനായി സോപ്പും തോർത്തുമെടുത്ത് ചിറയിലേക്ക് പോയി തിരികെ വരുമ്പോൾ ആഭരണങ്ങൾ അടങ്ങിയ കവർ ഉൾപ്പടെ എല്ലാം നഷ്ടപ്പെട്ടിരുന്നു.

കല്യാണപ്പെണ്ണിൻ്റെ പൊന്ന് കാണാൻ വന്ന മിനിക്കുട്ടിയും ത്രേസ്യാമ്മ അമ്മച്ചിയുമല്ലാതെ മറ്റാരും അന്ന് വീട്ടിൽ ഇല്ലായിരുന്നു.

അകത്തെന്തോ തിരക്ക് പണി കളിലായിരുന്ന അമ്മച്ചിയോട് ഇച്ചായൻ മരത്തിൽ നിന്നും വീണെന്നും പറഞ്ഞ് ആൾ വന്നതും കോലായിൽ കണ്ടു കൊണ്ടിരുന്ന ആഭരണങ്ങളും വച്ച് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി

തൊട്ടു പിന്നാലെ അമ്മച്ചിയും വലതുകൈക്ക് പറ്റിയ ഒരൊടി വൊഴിച്ചാൽ മറ്റു പരിക്കുകളില്ലാതെ മിനിക്കുട്ടിയുടെ അപ്പൻ രക്ഷപെട്ടു ആശുപത്രിയിൽ നിന്നും തിരികെ വന്നപ്പോഴാണ് ആഭരണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.

വിവാഹത്തിന് ദിവസങ്ങൾ ബാക്കിയുള്ള വീട് നിമിഷ നേരം കൊണ്ട് മരണവീടായി മാറി ആഭരണം നഷ്ടപ്പെട്ട വിവരമറിഞ്ഞതും അപ്പച്ഛൻ കുഴഞ്ഞ് വീണ് ആശുപത്രിയിൽ എത്തുന്നതിന് മുന്നെ മരിച്ചു

അപ്പച്ഛൻ്റെ മരണത്തോടെ പറഞ്ഞുറപ്പിച്ച സ്ത്രീധനം കിട്ടില്ലെന്നറിഞ്ഞതോടെ വിവാഹവും മുടങ്ങി.അതോടെ ഒരു മുഴം കയറിൽ ചേച്ചിക്കുട്ടിയും.

അതോടെ ഒരു കുടുബം പോലെ നടന്നിരുന്നവർ ബദ്ധശത്രുക്കളായി മാറി മിനിക്കുട്ടിയുടെ അമ്മ എത്ര കരഞ്ഞ് പറഞ്ഞിട്ടും ഭർത്താവും മകളും നഷ്ടപ്പെട്ട അമ്മച്ചിയുടെ മനസ്സലിഞ്ഞില്ലെന്ന് മാത്രമല്ല ഇന്നും ഓരോ നിമിഷവും അവരോടുള്ള ഒടുങ്ങാത്ത പക ആളിക്കത്തുന്നുണ്ട്.

ഒരു തരി പൊന്നു പോലും അവരെടുത്തിട്ടില്ലെന്ന് മാതാവിൻ്റെ മുന്നിൽ ആണയിട്ട് മിനിക്കുട്ടി പറഞ്ഞിട്ടുണ്ട് എനിക്കത് വിശ്വാസവുമുണ്ട് പക്ഷെ..?

ചെറുപ്പം മുതൽ ഞങ്ങൾ മറ്റാരും അറിയാതെ കണ്ടു കുട്ടിയ സ്വപ്നങ്ങളെല്ലാം തകർന്ന്…

അപ്പച്ഛൻ്റെയും ചേച്ചിയുടേയും കല്ലറയ്ക്ക് മുകളിലെ തലേന്ന് അമ്മച്ചി വച്ചിരുന്ന വാടിയ പൂവുകൾ എടുത്തു മാറ്റി ചേച്ചിക്കൊത്തിരി ഇഷ്ടമുള്ള ചുവന്ന റോസാപ്പൂവുകൾ വയ്ക്കുമ്പോൾ കണ്ണുനീർത്തുള്ളികൾ ഉതിർന്ന് വീഴുന്നുണ്ടായിരുന്നു..

തൂവാല കൊണ്ട് കണ്ണുകൾ അമർത്തിത്തുടച്ച്തിരിച്ചിറങ്ങുമ്പോൾ പതിവിലും വൈകിയിരുന്നു.

വീട്ടിലെത്തുമ്പോൾ അമ്മച്ചിയുടെ ഉച്ചത്തിലുള്ള സംസാരം കേൾക്കുന്നുണ്ട് കോഴിയേയും പട്ടിയേയും വളർത്തുമ്പോൾ വീട്ടിൽ അടച്ചിട്ട് വളർത്തണം ഇതൊരു മാതിരി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ..

എന്തു പറ്റി അമ്മച്ചി..

പുന്നാരമോൻ കിണറ്റിലോട്ട് നോക്കിക്കേ ആ ത്രേസ്യാക്കുട്ടിയുടെ പൂവൻകോഴിയാണ് കിണറിൽ വീണിട്ട് രണ്ട് ദിവസമായെന്ന് തോന്നുന്നു ആർക്കറിയാം തല്ലിക്കൊന്നിട്ടതല്ലെന്ന് അരി കഴുകാൻ വെള്ളമെടുത്തപ്പോൾ വല്ലാത്ത ദുർഗന്ധം..

ഇനി ഇപ്പോൾ വെള്ളം പറ്റിക്കാതെ വേറെ വഴിയില്ല അമ്മച്ചി..

രാഘവേട്ടനേയും കൂട്ടി കിണറിലെ വെള്ളം മുഴുവൻ വറ്റിച്ചപ്പോൾ ചേട്ടനാണ് പറഞ്ഞത് അടിയിൽ ഉള്ള ചെളി കൂടി കോരി മാറ്റാമെന്ന് കോരി മാറ്റി കമിഴ്ത്തിയ ഒരു കൊട്ട ചെളിയിൽ

പണ്ട് അപ്പൻ ചേച്ചിക്കായി കൊണ്ടുവന്ന ആഭരണങ്ങൾ വിറയ്ക്കുന്ന കൈകൾ കൊണ്ട് എടുക്കുമ്പോൾ ഒരാശ്രയത്തിനായി അമ്മച്ചിയെ മുറുകെ പിടിച്ചു..

എല്ലാം അറിഞ്ഞതും ഒരായുസ്സു മുഴുവൻ കുറ്റവാളിയായി ജീവിതം ജീവിച്ചു തീർക്കേണ്ടിയിരുന്ന ത്രേസ്യാച്ചേടത്തിയുടേയും മിനിക്കുട്ടിയുടേയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

നാണത്താൽ ചുവന്ന് തുടുത്ത മുഖവുമായി പാതി ചാരിയ വാതിൽ പതിയെ തള്ളിത്തുറന്ന് പാലുമായി അകത്തേക്ക് വന്ന മിനിക്കുട്ടിയെ നെഞ്ചോട് ചേർക്കുമ്പോൾ

വിതുമ്പിക്കരയുന്ന അവളെ ഉമ്മകൾ കൊണ്ട് മൂടി ആശ്വസിപ്പിക്കുമ്പോൾ എൻ്റെ കണ്ണുകളും നിറഞ്ഞ് തൂവുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *