നാളെ തന്റെ മോളുടെ കഴുത്തിൽ മിന്ന് വീഴുകയാണ്… ആ ചടങ്ങിൽ പങ്കെടുക്കാൻ പറ്റാത്ത നിർഭാഗ്യവതിയായ..

ഭ്രഷ്ട്
(രചന: Jolly Shaji)

പുറത്ത് ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ മാലിനിയുടെ ഉള്ളം സങ്കടം കൊണ്ടു നീറി പുകയുകയാണ്…

താൻ മാത്രം ഏകയായി ഈ ഇരുൾമുറിക്കുള്ളിൽ ഒന്നിനും സാക്ഷിയാവാൻ കഴിയാതെ… ദൈവത്തെ അവൾ ഒരുപാട് വെറുത്തുപോയ നിമിഷങ്ങൾ…

ഒരു പെണ്ണായി പിറക്കുമ്പോൾ മുതൽ അവളുടെ ഒരോ വളർച്ചയിലും അച്ഛനും അമ്മയും സഹോദരങ്ങളും ഒരുപാട് കരുതലോടെയാണ് അവൾക്കൊപ്പം ഉണ്ടായിരുന്നത്…

തന്റെ കുടുംബത്തിന്റെ വരുമാനത്തിന്റെ അനുസരിച്ച് പഠിപ്പിക്കാൻ അവർ തയ്യാറായിരുന്നു പക്ഷേ പഠിപ്പിൽ മോശമായിരുന്ന അവൾക്ക് പ്രീഡിഗ്രീ വരെയേ പഠിക്കാൻ പറ്റിയുള്ളൂ..

പിന്നെ വീട്ടുകാർ നല്ല ശമ്പളവും കുടുംബമഹിമയും ഉള്ളൊരു ചെക്കനെ അവൾക്കായി കണ്ടെത്തി.. ചെക്കനെ അവൾക്കും ഇഷ്ടമായി..

അവിടെ എത്തിയപ്പോൾ വലിയൊരു സത്യം അവൾ മനസ്സിലാക്കി.. ഈ ഇരുപതാം നൂറ്റാണ്ടിലും പഴയ കൾച്ചർ കാത്തു സൂക്ഷിക്കുന്ന അച്ഛനും അമ്മയുമാണ് അവിടെ ഉള്ളതെന്ന്…

പുലർച്ചെ എഴുന്നേറ്റു കുളിച്ച് നടക്കൽ വിളക്ക് വെച്ച് അടുക്കളയിൽ പ്രവേശിക്കുന്ന സ്ത്രീകൾ.. സർപ്പക്കാവിലും തുളസിത്തറയിലും വിളക്ക് വെപ്പും പൂജയും നടത്തുന്നവർ…

പെണ്ണ് മാസമുറ ദിനങ്ങളിൽ പുറത്തെ ചായപ്പ് മുറിയിലെ ഇരുട്ടിൽ പുരുഷന് മുഖം പോലും കൊടുക്കാതെ കഴിയണം എന്ന ചിട്ട പാലിക്കുന്നവർ..

ഗർഭിണി ആയി ഏഴാം മാസം മുതൽ അമ്പലത്തിൽ പോകാൻ പാടില്ലാത്തവർ…

ഭർത്താവ് മരിച്ച സ്ത്രീ വെള്ളവസ്ത്രം ധരിച്ച് ആഭരണങ്ങൾ ഉപേക്ഷിച്ചു വിധവ എന്ന പട്ടം ഏറ്റുവാങ്ങുന്നു..

എല്ലാത്തിനോടും അവൾ പൊരുത്തപ്പെട്ടു… തനിക്ക് ഒരു മകൾ ഉണ്ടായപ്പോൾ കുറെയൊക്കെ മാറ്റം മകൾ വളർച്ചക്കൊപ്പം കൊണ്ടു വന്നു…

പക്ഷേ ഇന്ന്… അദ്ദേഹത്തിന്റെ ബന്ധുക്കൾ എല്ലാരും ഉണ്ട്… ഈ മുറിയിൽ നിന്നും പുറത്തിറങ്ങിയാൽ അവർ പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ… തന്റെ മകളുടെ ഭാവിയെ അത് ബാധിക്കുമോ…

നാളെ തന്റെ മോളുടെ കഴുത്തിൽ മിന്ന് വീഴുകയാണ്… ആ ചടങ്ങിൽ പങ്കെടുക്കാൻ പറ്റാത്ത നിർഭാഗ്യവതിയായ അമ്മ.. എത്ര പ്രതീക്ഷയോടെയാണ് വസ്ത്രങ്ങൾ ഒക്കെ വാങ്ങി കല്യാണത്തിന് തയ്യാറെടുപ്പു നടത്തിയത്…

കുറേ ദിവസത്തെ ഓട്ടവും അലച്ചിലും ആയതിനാൽ ആവാം ഈ മാസത്തെ മാസമുറ അവൾക്ക് കുറച്ചു ദിവസങ്ങൾക്കു മുന്നേ ആയി… അതായതു ഇന്നലെ രാത്രി..

വീട്ടിലെ ആചാരങ്ങൾ തെറ്റിച്ചാൽ എന്തെങ്കിലും വിപത്തുകൾ ഉണ്ടാകുമോ എന്ന ശങ്ക ഉള്ളതിനാൽ മാലിനി വേഗം തന്നെ ചായ്‌പ്പിലേക്കു മാറി… മോള് ഒരുപാട് പറഞ്ഞു..

“അമ്മ ഇത്‌ ആരോടും പറയാതിരുന്നാൽ പോരെ… എന്റെ കല്യാണത്തിന് അമ്മയില്ലാതെ എങ്ങനെ ആണ്..”

പക്ഷേ താനാണ് സമ്മതിക്കാത്തത്… തന്റെ തെറ്റിന്നാൽ മോൾക്ക്‌ എന്തേലും ആപത്തു സംഭവിച്ചാലോ..

മാലിനി പൊട്ടിക്കരഞ്ഞു… ഇടക്ക് ആരോ ഭക്ഷണം മുറിയുടെ വാതിക്കൽ വെച്ചിട്ട് മുട്ടിവിളിച്ചു പോയി…

മോളുടെ ചെക്കൻ വീട്ടുകാർ വന്നുകാണും ഇപ്പോൾ പുടവയുമായി.. തലേന്ന് പുടവ ആയി വരുന്ന ചടങ്ങ് ഉണ്ടല്ലോ.. മാലിനിയുടെ ഉള്ളിൽ ആശങ്കകൾ പെരുകി.. അവൾ വാതിൽ പഴുതിലൂടെ പുറത്തേക്കു നോക്കി..

മുറ്റത്തെ ചെറിയ സ്റ്റേജിൽ അട്ടവും പാട്ടുമൊക്കെ നടക്കുന്നുണ്ട്.. കേശവേട്ടനും സച്ചുമോനും എല്ലാത്തിലും മേൽനോട്ടം വഹിച്ചു പന്തലിൽ കൂടി നടക്കുന്നു..

ദേ ചെക്കന്റെ വീട്ടുകാർ എത്തിയല്ലോ… നാത്തൂൻ ആണ് ചെക്കന്റെ വീട്ടുകാരെ എതിരേറ്റ് കയറ്റുന്നത്… താൻ ചെയ്യേണ്ട ചടങ്ങല്ലേ അത്… അമ്മ ഇറയത്തെ ചൂരൽ കസേരയിൽ എല്ലാം ശ്രദ്ധിച്ച് ഇരിപ്പുണ്ട്..

അത് സൂര്യ മോൾ അല്ലെ.. അവളുടെ ചെക്കൻ ദീപു അവളെയും കൂട്ടി മുറ്റത്തേക്ക് ഇറങ്ങിയല്ലോ… ഈ രാത്രി മുറ്റത്ത്‌ എന്താ പോലും… ഫോട്ടോസ് എടുക്കാൻ ആവും.. മോൾ ഒരുങ്ങിയപ്പോൾ ഒരുപാട് സുന്ദരി ആയി മാറി..

മാലിനി വേഗം വാതിലിൽ ചാരി നിലത്തിരുന്നു.. എത്ര ഭാഗ്യഹീനയായ അമ്മയാണ് താൻ.. കാൽമുട്ടുകളിലേക്ക് മുഖം പൂഴ്ത്തി അവൾ വിങ്ങിപ്പൊട്ടി…

പെട്ടന്ന് ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു.. ഈശ്വരാ ആരാണാവോ.. അവൾ നിലത്തുനിന്നും എഴുന്നേറ്റു…

വാതിലിന്റെ താക്കോൽ പഴുതിലൂടെ നോക്കിയപ്പോൾ അരണ്ട വെളിച്ചത്തിൽ അവൾ കണ്ടു ദീപുവിനെ… ഈ കൊച്ച് എന്തിനാവോ ഇങ്ങട് വന്നത്.. വീണ്ടും വാതിലിൽ മുട്ടുന്നു.. മാലിനിയിൽ തൊല്ല് ഭയം ഉണ്ടായി…

“ആരാണ്… എന്താ വേണ്ടത്..”

അവൾ വിളിച്ചു ചോദിച്ചു..

“അമ്മ ഞാനാണ് സൂര്യ മോൾ അമ്മ വാതിൽ തുറക്ക്..”

“മോളെ അത് ശരിയാവില്ല… മോള് അകത്തേക്ക് ചെല്ല്…”

“ഇല്ല അമ്മ വാതിൽ തുറക്കാതെ ഞങ്ങൾ പോവില്ല..”

ദീപുവാണ് പറഞ്ഞത്..

“മോനെ ദീപു അമ്മ തീണ്ടാരി ആണ്.. മോളെയും കൂട്ടി മോൻ പൊയ്ക്കോ.. ”

“തീണ്ടാരി.. കുന്തം.. അമ്മ വാതില് തുറക്കുന്നോ അതോ ഞാൻ പൊളിക്കണോ..”

അവന്റെ ശബ്‍ദം ഉയർന്നു.. മാലിനി പേടിച്ചു വേഗം വാതിൽ തുറന്നു..
ദീപു വേഗം മാലിനിയുടെ കയ്യിൽ പിടിച്ചു പുറത്തേക്ക്‌ ഇറക്കി.. ദീപുവിന്റെ വീട്ടുകാരും ബന്ധുക്കളും എല്ലാവരും കാഴ്ചക്കാരായി നോക്കി നിൽപ്പുണ്ട്…

“ഈ അമ്മക്ക് കൂടാൻ പറ്റിയാൽ മതി ഞങ്ങൾക്ക് കല്യാണം.. പെണ്ണ് മാസമുറ ആകുന്നത് അവളുടെ തെറ്റാണോ…

അവൾക്കു മാസമുറ ഇല്ലെങ്കിൽ പുതിയ തലമുറ ഉണ്ടാകുമോ… വേണ്ട ഈ ആചാരങ്ങൾ വെച്ച് പുലർത്തുന്ന ഇവിടുന്നും ഒരു കല്യാണം എനിക്ക് വേണ്ട…”

“മോനെ… നീയെന്താ പറയുന്നത്.. കല്യാണം വേണ്ടെന്നോ.. ആ കുട്ടി എന്ത് തെറ്റ് ചെയ്തു..”

ദീപുവിന്റെ അമ്മയാണ് ആശങ്കയോടെ ചോദിച്ചത്…

“സൂര്യയുടെ അമ്മക്ക് താലി അവളുടെ കഴുത്തിൽ വെച്ച് തരാൻ പറ്റുമെങ്കിൽ കല്യാണം നടത്താം.. അല്ലെങ്കിൽ അവളുടെ തീരുമാനം പോലെ… ഇപ്പൊ എനിക്കൊപ്പം ഇറങ്ങിപോരാം…”

എല്ലാവരും സ്തംഭിച്ചു പോയ നിമിഷങ്ങൾ…

സൂര്യയുടെ അച്ഛൻ വേഗം വന്ന് ദീപുവിന്റെ കയ്യിൽ പിടിച്ചു..

“മോനെ… അമ്മ ഉള്ളിടത്തോളം ആചാരങ്ങൾ മുന്നോട്ട് കൊണ്ടുപോകാം എന്നായിരുന്നു എന്റെ തീരുമാനം.. പക്ഷേ നിന്റെ ഉറച്ച തീരുമാനത്തിന് മുന്നിൽ ഞങ്ങൾ മാറ്റുന്നു ഈ വേണ്ടാത്ത ആചാരങ്ങൾ..”

അവിടെ കൂടിയിരുന്ന എല്ലാവരും കയ്യടിച്ചു.. അദ്ദേഹം വേഗം മാലിനിയെ കൈപിടിച്ച് ഇറയത്തേക്ക് കൊണ്ടുപോയി..

“മക്കളെ വിളിച്ചു കയറ്റടി അകത്തേക്ക്…” മാലിനി ദീപുവിനെയും സൂര്യമോളെയും അകത്തേക്ക് കൈപിടിച്ച് കയറ്റി..

പെട്ടെന്നാണ് ഇറയത്തെ ചൂരൽ കസേരയിൽ ഇരുന്ന അമ്മ ചാടി എണീറ്റു അകത്തെ തന്റെ മുറിയിലേക്ക് പോയി വാതിൽ കൊട്ടി അടച്ചത്..

“സാരമില്ല കുറച്ചു കഴിയുമ്പോൾ തുറന്നോളും.. ചടങ്ങുകൾ തുടരട്ടെ…” ഇതൊക്കെ കണ്ടു നിന്ന മാലിനിയുടെ നാത്തൂൻ ചിരിയോടെ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *