കൺമുന്നിൽ തീരെ പ്രതീക്ഷിക്കാതെ നന്ദനയെ കണ്ടതും അവനൊന്നു പകച്ചെങ്കിലും പെട്ടെന്നു തന്നെ അവന്റെ ചുണ്ടിലൊരു പുഞ്ചിരി..

സാഫല്യം
(രചന: രജിത ജയൻ)

മോനെ സായീ നാളെ നന്ദനമോൾ വിളിക്കുമ്പോൾ ഞാനെന്താടാ അവളോട് പറയേണ്ടത് ..?

മകന്റെ മുടിയിൽ വിരലുകൾ കോർത്ത് മാധവിയമ്മ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി ..

“എന്റെ പൊന്നു മാധവി അമ്മ അവളോട് പ്രത്യേകിച്ചൊന്നും നാളെ പറയണ്ട ,ഇത്രനാളും എന്താണോ പറഞ്ഞത് അതു തന്നെ പറഞ്ഞാ മതി, കൂടെ ഇനിയീ വിഷയത്തിലൊരു സംസാരമില്ലെന്നും പറയണം അവളോട്..

അമ്മയുടെ മടിയിൽ തല വെച്ച് ആ കൈകളിൽ മൃദുവായൊരു ഉമ്മയും നൽകി സായിയത് പറഞ്ഞപ്പോ ഒരു നിമിഷത്തേക്കവരുടെ മുഖത്തെ ചിരിയൊന്ന് മാഞ്ഞുവോ..?

ഇതിപ്പോ എത്രാമത്തെ പ്രാവശ്യമാണ് മോനെ നീ ആ കുട്ടിയെ ഇതും പറഞ്ഞു സങ്കടപ്പെടുത്തുന്നത് ,
അമ്മയ്ക്കറിയാലോ നിന്റെ മനസ്സ് പിന്നെന്തിനാ നീയിങ്ങനെ …?

ദേ മാധവിക്കുട്ടീ … വെറുതെ സെന്റി അടിക്കല്ല് ,അതിലൊന്നും ഈ സായ് ശങ്കർ വീഴില്ലാന്നെന്റെ കുട്ടിക്കറിയാലോ ..?
എല്ലാം അവൾ തന്നെ വരുത്തി വച്ചതല്ലേ ?

പോടാ എണീറ്റെന്റെ മടീന്ന്.. സെന്റി അടിക്കാണത്രേ … ഞാനൊരു സെന്റിയും അടിച്ചില്ല ,നിന്റെ മനസ്സിലെന്താണെന്നറിഞ്ഞിട്ടും ആ കുട്ടിയോടിങ്ങനെ ഒരേ കള്ളം തന്നെ വീണ്ടും വീണ്ടും പറഞ്ഞതിന്റെ മനസ്സ് വേദനിപ്പിക്കുന്നത് ഓർത്തിട്ടാണെനിക്ക് സങ്കടം …

ഓ… അങ്ങനെ .. എന്നാ എന്റെ അമ്മ ഒരു കാര്യം ചെയ്യൂ അവൾ വിളിക്കുമ്പോളിനി ഫോൺ എടുക്കണ്ടാന്നേ ,കഴിഞ്ഞില്ലേ കാര്യം ..?
എടുത്താലല്ലേ കള്ളം പറയേണ്ടു …

ഒരു കുസൃതി ചിരിയോടെ സായ് പറഞ്ഞു നിർത്തിയതും മാധവി അമ്മ അവന്റെ ചെവി പിടിച്ച് നോവും വിധം തിരിച്ചു …

യ്യോ.. അമ്മേ വേദനിക്കുന്നു .. കയ്യെടുക്കൂ ചെവീന്ന് .. വേദനിക്കുന്നൂന്ന് …

ആ നിനക്ക് കുറച്ചു വേദനിക്കണം ,മറ്റുള്ളവരെ വേദനിപ്പിക്കുന്നവരും ഇടയ്ക്കൊന്നു വേദന അറിയുന്നതു നല്ലതാ..

സായിയോടൽപ്പം ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് മാധവി അമ്മ അവന്റെ തല മാറ്റി സോഫയിൽ നിന്നെഴുന്നേറ്റു

ഹ.. എന്റെ പൊന്നമ്മ പിണങ്ങി പോവാണോ..? അതിനു മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ…?

ഏയ് ഇല്ല നീ എന്തിനാ കൂടുതൽ പറയുന്നത് , ആ കുട്ടി വിളിച്ചാലോ മെസ്സേജ് അയച്ചാലോ നീ ഒന്ന് ഫോൺ എടുക്കാറുണ്ടോ ,എന്നിട്ട തൊരു ആശ്വാസത്തിനു വേണ്ടി എന്നെ വിളിക്കുമ്പോൾ ഞാനും ഫോൺ എടുക്കണ്ടാത്രേ…

അതൊരു പാവം കൊച്ചായ തു കൊണ്ടാ ,നിന്നോട ത്രയും സ്നേഹം ഉണ്ടായതു കൊണ്ടാ നീയെത്ര ആട്ടിയോടിച്ചിട്ടും വീണ്ടും വീണ്ടും നിന്റെ പിന്നാലെ വരുന്നത് അറിയോടാ സ്നേഹം തിരിച്ചറിയാൻ കഴിവില്ലാത്തവനേ …

അമ്മ പറഞ്ഞു നിർത്തി അടുക്കളയിലേക്ക് പോയതും സായ് ഫോണെടുത്ത് ഓപ്പൺ ചെയ്തു ,അമ്പതിൽപരം മിസ്ഡ് കോളുകൾ ഉണ്ടായിരുന്നു നന്ദനയുടേതായി ..ഓപ്പൺ ചെയ്തു നോക്കാത്ത മെസ്സേജും വോയിസ് നോട്ടും വേറെയും …

അവൻ ഫോൺ ഗ്യാലറി തുറന്നു നോക്കി ,അതിൽ നിറയെ നന്ദനയുടെ ഫോട്ടോകളായിരുന്നു .. അവളറിയാതെ പകർത്തിയത് …

ഓ.. തമ്പുരാൻ തല്ലുകൂടൽ കഴിഞ്ഞവളുടെ ഫോട്ടോ നോക്കി ഓർമ്മകൾ അയവിറക്കുകയായിരിക്കും അല്ലേ..?

തൊട്ടു മുന്നിൽ നിന്നമ്മയുടെ പരിഹാസ ശബ്ദം കേട്ടതും അവനൊരു ചമ്മലോടെ ഫോൺ ഓഫാക്കി സോഫയിലിട്ടു ..

ഓ .. ഞാൻ കണ്ടുന്ന് കരുതി നീ ചമ്മണ്ട, എനിക്കറിയാലോ ചെക്കാ നിന്നെ … ദാ ഇതിൽ അവളുടെ പുതിയ ഫോട്ടോകൾ ഉണ്ട് ,വേണെങ്കി നോക്കിക്കോളൂട്ടോ .. ഒരു ചിരിയോടെ സായിയുടെ കയ്യിലേക്ക് തന്റെ ഫോൺ നൽകി മാധവിയമ്മ വീണ്ടും അടുക്കളയിലേക്ക് നടന്നു..

നേരിയ ചമ്മലോടവൻ അമ്മയുടെ ഫോൺ തുറന്നു ,നിറയെ നന്ദനയുടെ പല ഭാവത്തിലും വേഷത്തിലുമുള്ള ഫോട്ടോകൾ.. എല്ലാം അവൾ അമ്മയ്ക്കയച്ചുകൊടുത്തത് ..

കണ്ണുകൾ ഇറുകിയടച്ച് കൈകൾ മഴവെള്ളത്തിലേക്ക് നീട്ടിപ്പിടിച്ച് വെള്ളചുരിദാറണിഞ്ഞ് മഴയത്ത് നിൽക്കുന്ന നന്ദനയുടെ ഫോട്ടോയിലേക്കവൻ വീണ്ടും വീണ്ടും നോക്കി…

എന്തൊരു ചന്തമാണീ പെണ്ണിന് ..അവന്റെ ചുണ്ടുകൾ മന്ത്രിച്ചു ..

സദാ പുഞ്ചിരിക്കുന്ന മുഖവും കുസൃതി നിറയുന്ന കണ്ണുകളുമായ് അവന്റെ മനസ്സിൽ നന്ദന നിറഞ്ഞു നിന്നു.

പെട്ടന്നവനവളെ കാണാനും നെഞ്ചോടു ചേർത്തു നിർത്തിയാ കവിളിലൊരു മുത്തം നൽകാനുമവൻ മോഹിച്ചു ,എത്ര നിയന്ത്രിച്ചിട്ടും നിൽക്കാത്തൊരാശയായതു മനസ്സിൽ നിറഞ്ഞതും അവളെ നേരിട്ടുകാണാനവന്റെ ഹൃദയം തുടിച്ചു, പരിഭവങ്ങൾ അലിഞ്ഞു പോയതുപോലെ ..

ചരട് പൊട്ടിയ പട്ടം പോലെ മനസ്സ് നന്ദനയുടെ ഓർമ്മകളിൽ കുരുങ്ങിയതും സായ് എഴുന്നേറ്റ് ബൈക്കിന്റെ ചാവിയുമായ് പുറത്തേക്ക് നടന്നു .

അമ്മേ … ഞാനിപ്പോ വരാട്ടോ ,ഒന്നു രണ്ട് കൂട്ടുക്കാരെ കാണാനുണ്ട്, നടക്കുന്നതിനിടയിലവൻ അടുക്കളയിലേക്ക് തിരിഞ്ഞുനോക്കി വിളിച്ചു പറഞ്ഞതു കേട്ട് മാധവി അമ്മയുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു ….

നന്ദന….,
കോളേജ് ക്യാമ്പസിൽ വെച്ച് തുടങ്ങിയ സായിയുടെ പ്രണയത്തിന്റെ പേരായിരുന്നു അവൾ ..

കോളേജിലെഇംഗ്ലിഷ് ഡിപ്പാർട്ടുമെൻറിലെ അധ്യാപകനായ സായിയുടെ മനസ്സിലേക്ക് ഡിഗ്രിക്കാരിയായിരുന്ന നന്ദന കടന്നു
വന്നതെപ്പോഴായിരുന്നു എന്നത് സായിക്കു പോലും അറിയില്ലായിരുന്നു .

ഒരു കൂട്ടം കൂട്ടുക്കാരുടെ ഇടയിലൊരു തുമ്പിയെ പോലെ പറന്നുല്ലസിച്ചിരുന്ന നന്ദനയെ ചുറ്റിപറ്റി സായിയുടെ കണ്ണുകൾ പലപ്പോഴും അവൻ പോലുമറിയാതെ ചെന്നിരുന്നു .

എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും അവൻ പോലുമറിയാതെ അവന്റെ മനസ്സ് നന്ദനയിലുടക്കി കിടന്നു …

കോളേജ് അധ്യാപകന് തന്റെ സ്റ്റുഡന്റായ കുട്ടിയോട് തോന്നുന്ന ഇഷ്ടം ഒരു പക്ഷെ ആ ക്യാമ്പസ്സിനെയും ബാധിക്കുമെന്ന ചിന്തയിൽ സായ് അവളോടുള്ള തന്റെ ഇഷ്ട്ടം മനസ്സിലൊളിപ്പിച്ചുവെങ്കിലും നന്ദന തിരിച്ചറിഞ്ഞിരുന്നു സായിക്കു തന്നോടുള്ള പ്രണയം..

ക്ലാസ്സിനിടയിൽ അറിയാതെ എന്നവണ്ണം തന്നിലേക്ക് പറന്നു പാളി വീഴുന്ന സായിയുടെ പ്രണയാർദ്രമായ മിഴികളെ കണ്ടില്ലെന്നു നടിച്ചവൾ അവന്റെ ക്ലാസ്സിലിരുന്നു ..

ക്യാമ്പസ്സിലെ ഒരു വിധമെല്ലാ പെൺകുട്ടികളുടെയും ഹീറോയാണ് സായ് ശങ്കർ എന്ന സായ് ,തന്റെ കൂട്ടുക്കാരികൾ തന്നെ പലപ്പോഴായി സായിയോടവർക്കു തോന്നുന്ന അടങ്ങാത്ത ക്രഷിനെ പറ്റി എത്രയോ തവണ പറഞ്ഞിരിക്കുന്നു ,

അങ്ങനെയുള്ള സായ് തന്നെ ശ്രദ്ധിക്കുന്നത് ,ഇഷ്ട്ടപ്പെടുന്നത് എല്ലാം നന്ദനക്ക് പുതിയൊരു ലോകം നൽക്കുകയായിരുന്നു.

പരസ്പരം തുറന്നു പറയാതെ , എന്നാലൊരു നോട്ടത്തിലോ ചിരിയിലോ പോലും പ്രണയം നിറഞ്ഞു തുളുമ്പുമാറ് രണ്ടു പേർ പ്രണയിക്കുന്നതിനോളം മനോഹരമായ മറ്റൊന്നീ ഭൂമിയില്ലില്ല ..

പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം മനസ്സും ശരീരവും ഒരു അപ്പൂപ്പൻ താടി പോലെ പറന്നു രസിക്കുന്ന മനോഹര പ്രണയം… അതായിരുന്നു അവർക്കിടയിലുണ്ടായിരുന്നത്..

സായ് തന്നോടു പ്രണയം തുറന്നു പറയുമെന്ന പ്രതീക്ഷയോടെയാണ് ഓരോ ദിവസവും നന്ദന ക്യാമ്പസ്സിലെത്തുക ,എന്നാൽ ഒരിക്കലും സായ് തന്റെ പ്രണയം അവളോടു തുറന്നു പറഞ്ഞില്ല ,അവൻ കാത്തിരിക്കുകയായിരുന്നു അവളുടെ ക്ലാസ്സ് തീരുവാൻ ..

ഇതു മനസ്സിലാവാതെ നന്ദന പലപ്പോഴും സായിയെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ക്ലാസ്സിലെ ആൺ കുട്ടികളോട് കൂടുതൽ അടുത്ത് പെരുമാറും ,

ആദ്യം ഒന്നും സായ് അതു ശ്രദ്ധിച്ചിരുന്നില്ലെങ്കിലും പിന്നീടെപ്പോഴോ അത്തരം കാഴ്ചകൾ അവനിൽ ചെറുതായ് അസൂയയും കുശുമ്പും നിറച്ചു തുടങ്ങി .

അത്തരം ദിവസ്സങ്ങളിൽ ക്ലാസിൽ വെച്ച് അവളോട് പ്രയാസമുള്ള ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയാനാവാത നന്ദന നിൽക്കുമ്പോ അവനവളെ ചീത്തപറയുകയും ചെയ്യുന്നതൊരു പതിവായ് മാറി…

ഇതിനിടയിൽ താൻ ഇഷ്ട്ടപ്പെടുന്ന പെൺക്കുട്ടിയെ അവളറിയാതെഅവൻ തന്റെ അമ്മയ്ക്ക് കാണിച്ചു കൊടുത്തു .മാധവി അമ്മയ്ക്ക് ഏറെ ഇഷ്ട്ടമായ് നന്ദനയെ …

ഒരു ദിവസം തീരെ പ്രതീക്ഷിക്കാതെയാണ് സായിക്കൊപ്പം നിൽക്കുന്ന മാധവി അമ്മയെ നന്ദന കാണുന്നതും പരിചയപ്പെടുന്നതും ,

മാധവി അമ്മയുടെ തന്നോടുള്ള സ്നേഹത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും നന്ദന മനസ്സിലാക്കി തന്നോടുള്ള ഇഷ്ട്ടം സായ് അമ്മയോട് പറഞ്ഞിട്ടുണ്ടെന്ന് ..പക്ഷെ എന്നിട്ടുപോലും അതു തന്നോടവൻ തുറന്നു പറയാത്തതവളിൽ നോവുണർത്തി …

ആ .. ഇനിയെപ്പോഴെങ്കിലും വരൂലോ എന്നോട് ഇഷ്ട്ടമാണെന്ന് പറഞ്ഞോട്ട്‌ ,അപ്പോ ഞാൻ തരാം പണി..
നന്ദന മനസ്സിലുറപ്പിച്ചു.

നന്ദന മനസ്സിൽ കരുതിയതു പോലെ തന്നെ ഫൈനലിയർ പരീക്ഷയ്ക്ക് മുമ്പുള്ള ഒരു ദിവസം സായ് നന്ദനയെ ക്യാമ്പസ്സിൽ കാത്തുനിന്നു..

കൂട്ടുക്കാർക്കൊപ്പം നടന്നു വരുമ്പോ ദൂരെ നിന്നേ നന്ദന കണ്ടിരുന്നു കോളേജ് ലൈബ്രറിക്കടുത്ത് ആരെയോ പ്രതീക്ഷിച്ചു നിൽക്കുന്ന സായിയെ ,അവൻ കാത്തു നിൽക്കുന്നതൊരുപക്ഷെ തന്നെ തന്നെയാണെങ്കിലോ ,ആ ചിന്ത അവളുടെ മനസ്സിനെ പ്രതീക്ഷയുടെ കൊടുമുടിയിലെത്തിച്ചു ..

” നന്ദന ……

സായിയെ ശ്രദ്ധിക്കാതെയെന്നവണ്ണം കടന്നു പോയ അവളെ അവൻ മെല്ലെ വിളിച്ചു

മാഷെ … മാഷെന്താ ഇവിടെ ,ആരെയെങ്കിലും കാത്തു നിൽക്കുകയാണോ ?

നന്ദനയുടെ മുഖത്തേക്ക്, അവളുടെ ചോദ്യത്തിലേക്ക് നോക്കിയ സായ് കണ്ടു മുഖത്തും കണ്ണിലും നിറയെ കുസൃതിയോടെ തന്നെ നോക്കുന്ന തന്റെ പെണ്ണിനെ …

അവളുടെ അഴകാർന്ന മുഖവും ചിരിക്കുന്ന കണ്ണുകളും അത്രയും അടുത്തു നിന്ന് കണ്ടപ്പോൾ അവനിലൂടെ പല തരം വികാരവിചാരങ്ങൾ കടന്നു പോയി ..

കൈ നീട്ടി അവളുടെ തുടുത്ത കവിളിലൊന്നു തൊടാൻ ,നെഞ്ചോടു ചേർത്ത് നിർത്തി അവളുടെ കാതിൽ തന്റെ പ്രണയം പറയാനുമെല്ലാം ഒരു നിമിഷം അവനു തോന്നി ..

പതറിയെന്ന പോലെയുള്ള സായിയുടെ നിൽപ്പും ഭാവവും നന്ദനയിൽ ഒരു പുഞ്ചിരി നിറച്ചു ..

മാഷെ.. മാഷെന്താ ഒന്നും പറയാത്തത്..?

അത് …നന്ദന.. ഞാൻ തന്നോടൊരു കാര്യം സംസാരിക്കാൻ വേണ്ടി തന്നെ കാത്തു നിന്നതു തന്നെയാണ് …

എന്നെയോ ..? എന്താണ് മാഷെ കാര്യം ..?

മനസ്സിൽ സന്തോഷ തിരമാലകൾ കുതിച്ചുയർന്നെങ്കിലുമത് പുറത്തു കാട്ടാതെ അവൾ ചോദിച്ചു

നന്ദന … അത്.. തന്നെ ആദ്യമായ് കണ്ടപ്പോ തന്നെ പറയണംന്ന് കരുതിയതാണ്, പക്ഷെ താനെന്റെ സ്റ്റുഡറ്റായതുകൊണ്ടാണ് ഞാനിതുവരെ ഈ കാര്യം ……

മാഷെന്താ പറഞ്ഞു വരുന്നത് ,എന്നോടു വല്ല പ്രണയവുമാണോന്നാണോ ..?

സായ് പറഞ്ഞു പൂർത്തിയാക്കുന്നതിനിടയിൽ പെട്ടെന്നു നന്ദന ഇടയിൽ കയറി ചോദിച്ചു

അത് …,നന്ദന… എനിക്ക് തന്നെ .. അല്ല തന്നോട് …..

പ്രണയമാണെന്നൊന്നും പറയല്ലേ മാഷെ .. ,ഞാൻ മാഷെ എന്റെ അദ്ധ്യാപകനായ് മാത്രമേ കരുതീട്ടുള്ളു ,മാത്രമല്ല എന്റെ വിവാഹം ആദ്യമേ ഉറപ്പിച്ചതാ വീട്ടുക്കാർ …

തന്റെ തലയ്ക്കൊരു നിമിഷമാരോ കൂടംകൊണ്ടടിച്ചതു പോലെ തോന്നി സായിക്ക് നന്ദനയുടെ വാക്കുകൾ കേട്ടപ്പോ …

തൊണ്ടയിൽ വെള്ളം വറ്റുന്നതും കണ്ണുകളിൽ നീർവന്നു നിറയുന്നതും തിരിച്ചറിഞ്ഞ നിമിഷം സായ് പെട്ടെന്നു ന ന്ദനയെ മറികടന്നു ഓഫീസിലേക്ക് പോയ്…

സായിയെ വെറുതെ ഒന്നു പറ്റിക്കാനായ് അങ്ങനെ പറഞ്ഞത് അബദ്ധമായെന്ന് അവന്റെ പിൻ വാങ്ങലിൽ നിന്നു മനസ്സിലായ നന്ദന എന്തു ചെയ്യണമെന്നറിയാതെ പകച്ചു …

തുടർന്നുള്ള ദിവസങ്ങളിലെല്ലാം നന്ദന സായിയെ ആ ക്യാമ്പസിലെല്ലാം തിരഞ്ഞെങ്കിലും അവനെ കണ്ടില്ല …

ഒരുപാടു മോഹത്തോടെ മനസ്സിൽ കൊണ്ടു നടന്നവൾ ഒരു പാഴ്കിനാവായ് മാറുന്നതു പോലെയാണ് സായിക്ക് തോന്നിയത് …

എത്ര ശ്രമിച്ചിട്ടും നന്ദന മറ്റൊരാളുടേതാവുന്നത വന് ചിന്തിക്കാൻ പോലും പറ്റിയില്ല .. എന്തു ചെയ്യണമെന്നറിയാതെ വീട്ടിൽ തന്നെ ഇരുന്നപ്പോഴാണ്അമ്മയുടെ നമ്പർ ആരിൽ നിന്നോ സംഘടിപ്പിച്ച് നന്ദന അമ്മയെ വിളിക്കുന്നതും എല്ലാം പറയുന്നതും …

ആദ്യമേ തന്റെ ഇഷ്ട്ടം താൻ തുറന്നു പറയാത്തതിന്റെ ചെറിയൊരു പകപോക്കലായിരുന്നു നന്ദനയുടേതെന്ന് മനസ്സിലായ സായിയുടെ മനസ്സിലൊരു മഞ്ഞുമല വീണതണുപ്പുണ്ടായ്…

എങ്കിലുമവൻ ഒരു പ്രതിഷേധമെന്നവണ്ണം നന്ദനയെ അവഗണിച്ചു പോരുകയായിരുന്നു കുറച്ചു ദിവസങ്ങളായിട്ട് ..

സായിക്കും നന്ദനയ്ക്കും ഇടയിൽപ്പെട്ട് കുടുങ്ങിയത് പാവം മാധവി അമ്മയും …

ഇന്നു തന്റെ പെണ്ണിനെ കാണണം പരാതികളും പരിഭവങ്ങളും പറഞ്ഞു തീർക്കണം എന്നെല്ലാം കരുതിയാണ് അമ്മയോട് യാത്ര പറഞ്ഞ് സായ് കാറിനടുത്തെത്തിയതും മുന്നിൽ പൊട്ടിവീണതുപോലെ നന്ദന …

പരിഭവം പറയുന്ന കണ്ണുകളും പരാതിയെന്ന പോലെ വിറക്കൊള്ളുന്ന ചുണ്ടുകളുമായവൾ സായിയെ തന്നെ നോക്കി നിന്നു ..

കൺമുന്നിൽ തീരെ പ്രതീക്ഷിക്കാതെ നന്ദനയെ കണ്ടതും അവനൊന്നു പകച്ചെങ്കിലും പെട്ടെന്നു തന്നെ അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു … തന്റെ പെണ്ണ് തന്നെ തേടിയൊടുവിൽ വന്നിരിക്കുന്നു ..

ഹായ് നന്ദന…, എന്താണിവിടെ … ഓ തന്റെ കല്യാണം വിളിക്കാൻ വന്നതാവുമല്ലേ…?

ഒരു കുസൃതിയോടവൻ ചോദിച്ചതും നന്ദന നിറഞ്ഞ കണ്ണോടെ ഓടി ചെന്നവന്റെ മാറിൽ വീണു … മാപ്പ് വേദനിപ്പിച്ചതിന്.. അവളവന്റെ നെഞ്ചോരം വീണു കുറുകി പറഞ്ഞു ..

പരിസരം മറന്നെന്നപോലെ സായി അവളെ നെഞ്ചോടു ചേർത്തമർത്തി… തന്നിലേക്കു കൂടുതൽ അടുപ്പിച്ചെന്നപോലെ ,ആർക്കും ഒന്നിനും അവളെവിട്ടു നൽകില്ല എന്നു സ്വയം പറയുന്നതുപോലെ ……