വേണ്ട താനിയ ഇനിയൊരു കല്യാണം വേണ്ടെന്നുള്ളത് എന്റെ തീരുമാനമാണ്, ഇനിയുള്ള കാലം എന്റെ മകൻ സാന്നിദ്ധിനും..

(രചന: Pratheesh)

വേണ്ട താനിയ, ഇനിയൊരു കല്യാണം വേണ്ടെന്നുള്ളത് എന്റെ തീരുമാനമാണ് !
ഇനിയുള്ള കാലം എന്റെ മകൻ സാന്നിദ്ധിനും അവന്റെ ഭാവിക്കും വേണ്ടി ജീവിക്കാനാണു ഞാൻ ഉദേശിക്കുന്നത്,

ഇനി ഇവിടുന്നങ്ങോട്ടെക്ക് ജീവിതത്തിൽ സുഖവും സന്തോഷങ്ങളും വളരെ കുറഞ്ഞെന്നിരിക്കാം അതല്ലെങ്കിൽ ഒട്ടും ഇല്ലാതിരിക്കാം എന്നാലും ഉള്ളതു കൊണ്ട് ഞാൻ സന്തോഷവതി ആയിരിക്കുമെന്ന് എനിക്കുറപ്പുണ്ട് !

അതിന്റെ പേരിൽ ഇനിയൊരിക്കലും ആർക്കു മുന്നിലും ഒരു പരാതിയുമായി ഞാൻ വരുകയില്ലെന്നുള്ള ഉറപ്പും എനിക്കുണ്ട്,

എനിക്കറിയാം താനിയാ നീയെന്റെ ഏറ്റവും നല്ല സുഹൃത്താണെന്നും നീ ഇപ്പോൾ ആവശ്യപ്പെടുന്നതെല്ലാം എന്റെ നന്മയേയും ഭാവിയേയും കരുതിയാണെന്നും !

എന്നാൽ മരണപ്പെട്ടു പോയതാണെങ്കിലും
എന്റെ ഭർത്താവ് അഭിറാം എനിക്കിന്നും പ്രിയപ്പെട്ടതു തന്നെയാണ്,

കൂടെയില്ലെന്നേയുള്ളൂ അഭിറാമിന്റെ ആ ഗന്ധം ഇപ്പോഴും എനിക്കു ചുറ്റും ഇവിടെ തന്നെയുണ്ട്,
എനിക്കു മാത്രം അറിയാൻ കഴിയുന്ന രൂപത്തിലും, ഭാവത്തിലും, ശബ്ദത്തിലും ഇപ്പോഴും അദൃശ്യമായി അവനിവിടുണ്ട്,

ആരേയും ആശ്രയിക്കാതെ ജീവിക്കാൻ എനിക്കാവും എന്ന അഹന്തയല്ല അങ്ങിനെ സാധിക്കുമെന്ന ധൈര്യമാണു കൂട്ട് !
അതും പറഞ്ഞ് താനിയയിൽ നിന്നു ഞാൻ മാറി നടന്നു,

ഒാഫീസിൽ വെച്ച് ഇതിപ്പോൾ ആദ്യത്തെ തവണയൊന്നുമല്ല താനിയ ഈ ആവശ്യവുമായി എന്റെ മുന്നിൽ വരുന്നത് എന്റെ അറിവിൽ തന്നെ ഏഴെട്ടു പ്രാവശ്യമെങ്കിലും ഇതെ ആവശ്യവുമായി അവൾ വന്നിട്ടുണ്ട് അന്നും ഇതുപ്പോലെ ഒക്കെ തന്നെയാണ് ഞാനവളോട് മറുപടി പറഞ്ഞിട്ടുള്ളതും,

അന്ന് കൊടൈക്കനാൽ പോയി തിരിച്ചു വരുന്ന സാന്നിദ്ധിനെ കൂട്ടാൻ പോണം എന്നു പറഞ്ഞാണ് അവളെ ഒഴിവാക്കിയത് !
എന്നാൽ അവളെ വിട്ടു പോന്നപ്പോഴാണ് പഴയ ആ ദിവസം പിന്നെയും എന്റെ ഒാർമ്മയിലേക്ക് തിരിച്ചു വന്നത്,

അന്നും പതിവു പോലെ എന്റെ ദിവസം അഞ്ചു മണിക്കു തന്നെ തുടങ്ങിയിരുന്നു
പതിവു പോലെ അഭി നല്ല ഉറക്കത്തിലും അഭിയെന്നും ഏഴര കഴിയാതെ ഉണരാറില്ല എന്നാൽ മകൻ സാന്നിദ്ധ് അഭിയേക്കാൾ നേരത്തെ ഉണരും അവനാണ് പലപ്പോഴും അഭിയേ വിളിച്ചുണർത്തുക,

അന്നെന്തോ പതിവിനു വിവരീതമായി അഭിയേ ഞാനാണു വിളിച്ചുണർത്താൻ പോയത്, തട്ടി വിളിച്ചതും കൺ തുറന്നു കൊണ്ട് അഭി പറഞ്ഞു
” കുറച്ചു കൂടി കിടക്കട്ടെ വല്ലാതെ ഉറക്കം വരുന്നു എന്ന് ”

അഭിയുടെ ആ വാക്കുകളിൽ എനിക്കും എന്തോ അഭിയേ അപ്പോൾ വിളിച്ചുണർത്താൻ തോന്നിയില്ല അതു കൊണ്ടു തന്നെ അഭിയങ്ങിനെ ആവശ്യപ്പെട്ടപ്പോൾ ഞാൻ തിരിച്ചു പോന്നു,

അരമണിക്കൂർ കഴിഞ്ഞ് ഞാൻ പിന്നെയും ചെന്ന് അഭിയേ തട്ടി വിളിച്ചു എന്നാൽ ഈ തവണ അഭി മറുത്തൊന്നും പറയാതെ തന്നെ എഴുന്നേറ്റ് ബഡ്ഡിലിരുന്നു,

അതോടെ ഞാൻ പിന്നെയും അടുക്കളയിലേക്ക് മടങ്ങി എന്നാൽ വാതിൽക്കലെത്തിയതും വെറുതെയൊന്നു തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് അതേ ഇരുപ്പിൽ ബെഡ്ഡിന്റെ വലതുവശത്തേക്കു ചരിഞ്ഞു വീഴുന്ന അഭിയേയാണ്, പെട്ടന്നതു കണ്ടതും ഞാനാകെ തരിച്ചു നിന്നു പോയി,

പേടിച്ചു ശബ്ദം നിലച്ചു പോയ നിമിഷം,
എന്നിട്ടും ഉള്ള ശ്വാസം വലിച്ചെടുത്ത് അഭീ” എന്നലറി വിളിച്ച് ഞാൻ അഭിയുടെ അടുത്തക്ക് ഒാടിയെത്തി അഭിയേ പിടിച്ചു കുലുക്കി വിളിക്കാൻ ശ്രമിച്ചെങ്കിലും അഭി ഉണർന്നില്ല,

സർവനിയന്ത്രണങ്ങളും വിട്ട് എന്റെ നിലവിളി ഉച്ചത്തിലായതോടെ ചുറ്റുപാടുമുണ്ടായിരുന്നവരെല്ലാം ഒാടി കൂടുകയും അവരെല്ലാവരും ചേർന്ന് അഭിയെ വേഗം എടുത്ത് ഏതോ വണ്ടിയിലേക്ക് കയറ്റി ഒപ്പം എന്നേയും എനിക്കാണേൽ അപ്പോ തൊട്ട് പാതിബോധമേ ഉണ്ടായിരുന്നുള്ളൂ,

എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് എനിക്കൊരു നിശ്ചയവുമുണ്ടായിരുന്നില്ല,

അവ്യക്തമായ ആ ഒാർമ്മക്കിടയിലും ഒരു കാര്യം മാത്രം ഒാർമ്മയിൽ കനപ്പെട്ടു തെളിഞ്ഞു നിന്നിരുന്നു അഭി മരണത്തിന്റെയും ജീവിതത്തിന്റേയും ഇടയിലാണെന്നും ഏതു നിമിഷവും എന്തും സംഭവിച്ചേക്കാമെന്നും !

ഞങ്ങൾ ഹോസ്പ്പിറ്റലിൽ എത്തിയതും അഭിയേ ഐസിയുവിലേക്ക് കയറ്റിയതും ഒക്കെ ഒാർമ്മയുടെ ഏതോ കോണിലൂടെ ഞാൻ നോക്കി കാണുന്നുണ്ടെന്നല്ലാതെ ഒന്നിനും എനിക്കപ്പോൾ വലിയ കൃത്യതയൊന്നുമുണ്ടായിരുന്നില്ല,

ഐസിയുവിന്റെ മുന്നിലിരിക്കുമ്പോഴും ജീവിതത്തിലെ ഏറ്റവും വലിയൊരു പ്രതിസന്ധിയുടെ നടുവിലാണെന്നതിൽ എനിക്ക് യാതൊരു സംശയവും ഇല്ലായിരുന്നു,

ആ സമയം അഭിയേ എന്നിൽ നിന്നടർത്തി കൊണ്ടു പോകല്ലെയെന്നു മാത്രമായിരുന്നു നെഞ്ചുരുകി എന്റെയുള്ളിലെ ഏക പ്രാർത്ഥന !

എന്നാൽ ഐസിയുവിന്റെ ഡോർ തുറന്നു പുറത്തു വന്ന ഡോക്ടറുടെ മുഖം അത്ര പ്രസന്നമല്ലായിരുന്നു ഡോക്ടറെ അങ്ങിനെ കണ്ടപ്പോൾ തന്നെ എന്റെ നെഞ്ചിന്റെ പിടച്ചിൽ പരമാവധി വേഗത്തിലായി,

എന്റെ മുന്നിലേക്കു വന്നതും എന്നെ നോക്കി ഡോക്ടർ ” സോറി ” എന്നു പറഞ്ഞതു മാത്രം എനിക്ക് ഒാർമ്മയുണ്ട് ഡോക്ടറുടെ ആ വാക്കിനെ അതിജീവിക്കാനാവാതെ അശക്തയായി ഞാൻ കുഴഞ്ഞ് നിലം പതിച്ചു,

ഇടക്കെ സ്വബോധത്തിലേക്കു തിരിച്ചു വരുമ്പോഴും അഭി ഇനിയില്ലായെന്നത് എന്റെ ശരീരത്തിലെ ഒരോ സുഷിരങ്ങളേയും കുത്തി കുത്തി വേദനിപ്പിക്കുന്നുണ്ടായിരുന്നു,
അതായിരുന്നു ജീവിതത്തിൽ അതുവരെ ഞാൻ നേരിട്ടതിൽ വെച്ച് ഏറ്റവും ദു:ഖകരമായ അവസ്ഥ,

ബോധക്ഷയത്തിന്റെ ആ അവസ്ഥയിലും എല്ലാം അറിഞ്ഞു ഹോസ്പ്പിറ്റലിലേക്ക് വന്ന കൂട്ടുകാരി താനിയയെ കണ്ടപ്പോഴാണ് പിടിവിട്ട് ഞാനവളെ കെട്ടിപ്പിടിച്ച് കരഞ്ഞത് !

ആ സമയമാണ് അഭിയുടെ മൃതശരീരം വെള്ളയിൽ പൊതിഞ്ഞ് ഒരു സ്ട്രെച്ചറിൽ എന്റെ മുന്നിലേക്കു കൊണ്ടു വന്നതും,

ഞാനൊന്നേ നോക്കിയുള്ളൂ !

മനസ്സു മരവിപ്പിക്കുന്നതായിരുന്നു ആ കാഴ്ച്ച,
ഒന്നു കൂടി നോക്കാനുള്ള മാനസീകബലം എനിക്കില്ലായിരുന്നു, ഞാൻ കണ്ണടച്ചു നിന്നു ഉരുകവേ അവിടെയും യാന്ത്രികമായി മനസ്സു മന്ത്രിച്ചു,

ഇപ്പോൾ ഈ കാണുന്നതെല്ലാം എന്റെയും അഭിയുടെയും ഇടയിലെ അവസാനക്കാഴ്ച്ചകളാണെന്നും,
ഇനി ഏറിയാൽ മൂന്നോ നാലോ മണിക്കൂറേ അതിനും ആയുസ്സുള്ളൂയെന്നും,

അതു കഴിഞ്ഞാൽ പിന്നീടൊരിക്കൽ പോലും നേരിൽ കാണാനാവാത്ത വിധം ആ കാഴ്ച്ചകളവസാനിക്കുമെന്നും തിരിച്ചറിഞ്ഞതോടെ ഒരോ നോട്ടത്തിലും ഉള്ളു പിടക്കുന്ന, മനസ്സു മരവിപ്പിക്കുന്ന, വേദനയേ നെഞ്ചിലക്കിപ്പിടിച്ച് വീണ്ടും വീണ്ടും ഞാനഭിയേ നോക്കി കൊണ്ടിരുന്നു,

ആ നാൾ തമ്മിൽ അവസാനത്തേതാണെന്ന് ഒാർക്കാൻ പോലും ഞാൻ ഭയപ്പെട്ടു,

അതിലും ഭീകരമായിരുന്നു അഭിയുടെ ശരീരവും വഹിച്ചു കൊണ്ടുള്ള ആബുലൻസ് യാത്ര,
ഇക്കാലമത്രയും ഞാൻ അനുഭവിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഹൃദയഭരിതയായ യാത്ര,

ഒാർമ്മകളുടെ കുത്തിനോവിക്കലുകൾക്കൊപ്പം അത്രയും നാൾ ഒന്നായിരുന്നവർ വേർപിരിഞ്ഞു കൊണ്ടുള്ള ആദ്യത്തെയും അവസാനത്തെയും യാത്ര, ഒരാൾ എല്ലാം അറിഞ്ഞും ഒരാൾ ഒന്നും അറിയാതെയും ഒന്നിച്ചൊരു യാത്ര !

എന്തൊക്കയോ എനിക്കന്നേരം അഭിയോടു പറയണമെന്നും അവനോടു ഇനിയും സംസാരിക്കണം എന്നൊക്കെയുണ്ട് പക്ഷേ ഒന്നിനും കഴിയുമായിരുന്നില്ല, അവനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനൊക്കെ എണ്ണിയെണ്ണി ക്ഷമ പറയണമെന്നുണ്ട്,
പക്ഷേ വഴിയില്ല !

ഇക്കാലമത്രയും ഞാനവനോടു പ്രകടിപ്പിച്ചതിലും എത്രയോ അധികം ഇഷ്ടം എനിക്കവനോടുണ്ടായിരുന്നു എന്നു പറയണമെന്നുണ്ട്,
പക്ഷേ കേൾക്കുന്ന ദൂരത്തവനില്ലായിരുന്നു,

“അഭി ഒന്നേണീക്ക് നിനക്കു പകരം നീ കിടക്കുന്നിടത്ത് ഞാൻ മരിച്ചു കിടക്കാം,
ഡാ എനിക്കു നിന്നെ അത്രക്കിഷ്ടാ”
എന്നവന്നോട് ഉള്ളാലെ ഞാൻ പറയുന്നുണ്ട്,
അത്രക്കും എനിക്കവനെ സ്നേഹിച്ച് കൊതി തീർന്നിട്ടില്ലായിരുന്നു,

അഭിയോടെനിക്ക് ഏറ്റവും സ്നേഹം തോന്നിയത് മരിച്ചു കിടക്കുന്ന അവനെ കണ്ടപ്പോഴായിരുന്നു കാരണം ആ സമയം അതിനപ്പുറം ഒരു യാഥാർത്ഥ്യം ജീവിതത്തിലില്ലായിരുന്നു,

ഇത്രയേറെ മറ്റൊരാളെ സ്നേഹിച്ചിട്ടില്ല എന്നൊക്കെ അവനെ നോക്കി പറയണമെന്നെനിക്കുണ്ട് അതൊന്നും തിരിച്ചറിയാൻ കഴിയാത്താവിധം ആ മനസ്സപ്പോൾ നിശ്ചലമായിരുന്നു,

നമുക്കൊരാളോട് ഉള്ള ഇഷ്ടം അതെത്രമാത്രം ഉണ്ടായിരുന്നെന്ന് മരണം വെളിപ്പെടുത്തിത്തരും പോലെ ശക്തമല്ല മറ്റൊന്നും ! അത്ര ആഴത്തിൽ പതിയുന്ന മറ്റൊരു നേരനുഭവവുമില്ല !

ഒരു കണ്ണിരോടെ ഒാർമ്മകളിൽ നിന്നു തിരിച്ചു വന്നു കൊണ്ട് ഞാൻ ആലോചിച്ചു,
ഇത്തരത്തിലുള്ള എനിക്കെങ്ങനെ താനിയ പറയും പോലെ മറ്റൊരാളെ ആ സ്ഥാനത്ത് കാണാനാവും ?

എനിക്കത്ര ഉറപ്പായിരുന്നു അഭിയുടെ ഒാർമ്മകൾ അത്രമേൽ പതിഞ്ഞു കിടക്കുന്ന എന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി വന്ന് മറ്റൊരാൾക്ക് എന്റെ മനസ്സിനെ മാറ്റാനാവില്ലെന്നത് !

താനിയ ആഗ്രഹിക്കുന്ന വിധത്തിൽ ഒരു മാറ്റം സംഭവിക്കണമെങ്കിൽ എന്റെ ഒാർമ്മകൾ പൂർണ്ണമായും എന്നിൽ നിന്നു നഷ്ടപ്പെടണം അതല്ലെങ്കിൽ എന്റെ ഹൃദയം തന്നെ മുറിച്ചു മാറ്റേണ്ടി വരുമെന്നത് എനിക്കുറപ്പായിരുന്നു,

എന്നാൽ ഏറ്റവും ശക്തമായതെന്നും,
ഒരിക്കലും മാറില്ലെന്നും, ഏറ്റവും ഉറപ്പുള്ളതെന്നും ഒക്കെ തോന്നുന്ന നമ്മുടെ തീരുമാനങ്ങളിൽ നിന്നുള്ള നമ്മുടെ മാറ്റം സത്യത്തിൽ നമ്മളെ തന്നെയാണ് ആദ്യം ഞെട്ടിക്കുന്നത്,
ആ ഞെട്ടൽ ഞാനും അനുഭവിച്ചു !

എല്ലാത്തരത്തിലും ശക്തമായിരുന്നെങ്കിലും ഒറ്റ ദിവസം കൊണ്ട് എന്റെ വിശ്വാസങ്ങളെല്ലാം തകിടം മറിയുകയും ഞാൻ വീണ്ടും വിവാഹിതയാകുവാൻ തീരുമാനിക്കുകയും ചെയ്തു !

അതിന്റെ കാരണവും താനിയ തന്നെയായിരുന്നു, താനിയ ഒരു ദിവസം വീണ്ടും വന്നെന്നോടു കല്യാണക്കാര്യം പറഞ്ഞു,

അതു കേട്ടതും എനിക്ക് ശരിക്ക് ദേഷ്യമാണു വന്നത്, അവളുടെ ആ ചോദ്യത്തിൽ ദേഷ്യം പൂണ്ട് ഞാനവളെ രൗദ്രമായ ഭാവത്തോടെ തറപ്പിച്ചു നോക്കുകയും,

‘ഇനി മേലിൽ ഇതേ ആവശ്യവും പറഞ്ഞു കൊണ്ടു വന്നാൽ അവളുമായിട്ടുള്ള ബന്ധം തന്നെ അവസാനിപ്പിക്കുമെന്നും അവളോടു തീർത്തു പറഞ്ഞു,

എന്റെ ആ നോട്ടത്തിലും വാക്കുകളിലും അവൾ ഭയപ്പെട്ടു പിൻമാറുമെന്നാണ് ഞാൻ കരുതിയതെങ്കിലും അതുണ്ടായില്ല

പകരം എന്റെ നോട്ടങ്ങൾക്കു സമാനമായ രീതിയിൽ അവളും തിരിച്ചെന്നെ നോക്കി കൊണ്ട് യാതൊരു ഭാവമാറ്റവുമില്ലാതെ തന്നെ അവളും എന്നോടു പറഞ്ഞു, നീ മാറും ! മറിയേ പറ്റൂ !

അതു പറയുമ്പോൾ താനിയയുടെ മുഖത്തുണ്ടായിരുന്ന ദൃഢനിശ്ചയമാണ് ശരിക്കും എന്നെ അത്ഭുതപ്പെടുത്തിയത്, എന്റെ കാര്യത്തിൽ എന്നെക്കാൾ വിശ്വാസം അവൾക്കുണ്ടായിരുന്ന പോലെയായിരുന്നു അവളുടെ മുഖഭാവം,

തന്റെ കാര്യത്തിൽ തന്നെക്കാൾ കോൺഫിഡൻസ് അവൾക്കോ ?
എന്നെയതു കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്,

എന്നെ വലിയ രീതിയിൽ ആശ്ചര്യപ്പെടുത്തുന്നത് എങ്ങിനെ ഒരാൾക്ക് നമ്മുടെ സ്വന്തം കാര്യങ്ങളിലെ തീരുമാനങ്ങൾക്കും നമുക്കും എതിരായി ഇങ്ങനെ ഉറച്ച മനസ്സോടെ നിൽക്കാൻ സാധിക്കും എന്നതാണ് !

സത്യത്തിൽ ഇവിടെ പ്രശ്നം എന്താണെന്നു വെച്ചാൽ ഒരു കോൺഫിഡൻസോടെ നമ്മൾ നിൽക്കുമ്പോൾ അതിലും വലിയൊരു കോൺഫിഡൻസോടെ മറ്റൊരാൾ നമുക്ക് എതിരായി നിൽക്കാൻ ശ്രമിമ്പോൾ എപ്പോഴോ നമ്മുടെ ചുവടുകൾക്കും ഇളക്കം സംഭവിക്കുന്നതു പോലൊരു തോന്നൽ നമ്മളിലും ഉടലെടുക്കും,

അന്നവിടെ അവളുടെ ആ നിൽപ്പും ഭാവങ്ങളും കണ്ടപ്പോൾ ചെറുതായെങ്കിലും എനിക്കു തന്നെയൊരു സംശയം അവൾ പറഞ്ഞ പോലൊരു സാധ്യത കടന്നു വരുമോയെന്ന് !

എന്നാലും എനിക്കുറപ്പുണ്ടായിരുന്നു
എന്റെ ജീവിതം തീരുമാനിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനുമുള്ള പരമാധികാരം അതിപ്പോഴും എനിക്കു തന്നെയാണെന്ന്. അതിനെ മറികടക്കാൻ മറ്റാർക്കും സാധിക്കില്ലെന്നുള്ള ആ വസ്തുത തന്നെയായിരുന്നു എന്റെ വജ്രജായുധവും !

എങ്കിലും അവൾക്കു പറയാനുള്ളതു കേൾക്കാൻ ഞാനും തീരുമാനിച്ചു, അത്ര ഉറച്ച തീരുമാനത്തോടെ അവൾക്കു പറയാനുള്ളതെന്താണെന്ന് എനിക്കും അറിയണമായിരുന്നു,

അവൾ എന്നെ നോക്കി പറഞ്ഞു, ലോകത്താരേ കൊണ്ടും നിന്നേ പോലൊരാളെ മാറ്റാനാവില്ലെന്ന ഒരു ചിന്ത നിനക്കുണ്ട്, ശരിയാണ് ഒരാൾ സ്വയം മാറ്റപ്പെടാൻ ആഗ്രഹിക്കാത്തവിധം ഒരു തീരുമാനം എടുത്ത് അതിൽ തന്നെ പാറ പോലെ ഉറച്ചു നിന്നാൽ മറ്റുള്ളവർ തോറ്റു പോവുമായിരിക്കാം,

എന്നാൽ എത്ര കഠിനമെന്നു തോന്നുന്ന അവരുടെ തീരുമാനങ്ങളെയും മാറ്റി മറിക്കാൻ കഴിയും വിധം ശക്തമാണ് അനുഭവത്തീന്റെ തീച്ചൂളയിൽ ഉരുകി തെളിയുന്ന ചില നേരനുഭവങ്ങൾ !

നീ മാറുമോ ഇല്ലയോ എന്നതവിടെ നിൽക്കട്ടെ എനിക്കിപ്പോൾ നിന്നോടൊരു കാര്യം തുറന്നു പറയേണ്ടിയിരിക്കുന്നു,

അതും കൂടി അവൾ പറഞ്ഞപ്പോൾ കേൾക്കാനുള്ള ആശ്ചര്യം എനിക്കാണു കൂടിയത്, എന്റെ മുഖത്തെ ആ ആശ്ചര്യഭാവം കണ്ടിട്ടാവണം അവളും പറഞ്ഞു തുടങ്ങി,

ഒരിക്കൽ ഒരിടവേളയിൽ കുറച്ചു പേർ ഒന്നിച്ചിരുന്ന് അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു,

ആ കൂട്ടത്തിലുള്ള ഒരു മുതിർന്ന സ്ത്രീ ചുറ്റുമുള്ളവരോട് അവരുടെ ജീവിതകഥ പറഞ്ഞു,
അവരത് പറയാൻ കാരണം അവരുടെ അതേ അവസ്ഥയിലുള്ളവർ അവർക്കുണ്ടായ അനുഭവവും അറിഞ്ഞിരുന്നോട്ടെ എന്നു കരുതിയാണ് !

ആ സ്ത്രീ പങ്കുവെച്ച അവരുടെ അനുഭവം ആ കൂട്ടത്തിൽ കേൾവിക്കാരനായുണ്ടായിരുന്ന മറ്റൊരാൾക്ക് വലിയ മാനസീക പിരിമുറുക്കമുണ്ടാക്കി,

ആ ആൾ വന്നെന്നോട് ആ കാര്യങ്ങൾ പറഞ്ഞപ്പോൾ അയാൾക്ക് കൂടുതലായി അറിയേണ്ടിയിരുന്ന മറ്റു ചില കാര്യങ്ങൾ കൂടി അറിയുന്നതിനു വേണ്ടി വീണ്ടും ഞാൻ അയാളെയും കൂട്ടി വീണ്ടും ആ സ്ത്രീയുടെ അടുത്തേക്ക് പോയി,

ഞാനാണ് ആ സ്ത്രീയോട് അയാളുടെ സംശയത്തിലൂന്നിയ കാര്യങ്ങളെല്ലാം ചോദിച്ചത്,
അവർ അവരുടെ ജീവിതം കൊണ്ട് തിരിച്ചറിഞ്ഞ കാര്യങ്ങൾ വളരെ നല്ല രീതിയിൽ തന്നെ വിവരിച്ചു തന്നു,

ആ സ്ത്രീയുടെ ഭർത്താവു മരിക്കുമ്പോൾ അവരുടെ മകൾക്കു എട്ടു വയസ്സായിരുന്നു പ്രായം അവർക്ക് മുപ്പതും ! അവരുടെ ഏറ്റവും നല്ല പ്രായത്തിലായിരുന്നു അത്തരമൊരു വിധി അവർക്കു സംഭവിക്കുന്നത്,

ഭർത്താവിന്റെ മരണം കഴിഞ്ഞ് കുറച്ചു കാലത്തിനു ശേഷം പലരും അവരെ മറ്റൊരു വിവാഹത്തിനു നിർബന്ധിച്ചെങ്കിലും അവർ വഴങ്ങിയില്ല,

നല്ലൊരു ജോലി ഉണ്ടായിരുന്നതു കൊണ്ടും ഒറ്റക്കു ജീവിക്കാൻ സാധിക്കും എന്നു സ്വയം തോന്നിയതു കൊണ്ടും “എന്തിനിനി മറ്റൊരാൾ എന്ന് ” ? അവരും മനസിൽ കരുതി,

അവർ പ്രതീക്ഷിച്ചത്ര പ്രശ്നങ്ങളൊന്നും ജീവിതത്തിൽ സംഭവിക്കാത്തതിനാൽ അവരുടെ തീരുമാനം ശരിയാണെന്ന ബോധം അവരിൽ വളരെ ശക്തമായി തന്നെ ബലപ്പെടുകയും ചെയ്തു,

24ാം വയസിൽ മകളുടെ വിവാഹം കഴിയും വരെ 16 വർഷം അവർ അവരുടെതായ എല്ലാ ഇഷ്ടങ്ങളെയും, താൽപ്പര്യങ്ങളെയും, മോഹങ്ങളെയും ഒക്കെ പാടേ ഉപേക്ഷിച്ചു കൊണ്ട് മകൾക്കു വേണ്ടി മാത്രം ജീവിച്ചു,

എന്നാൽ ഏറ്റവും വലിയ കടമയായി അവർ കരുതിയിരുന്ന മകളുടെ വിവാഹം എന്ന വസ്തുത അവസാനിച്ചപ്പോഴാണ്
അതുവരെ അവരുടെ മനസ്സിലുണ്ടായിരുന്ന ചില കണക്കുക്കൂട്ടലുകൾ പിഴച്ചതായി അവർക്കും മനസിലായത് !

അതിലൊന്ന് മകളെ പഠിപ്പിച്ചു നല്ലൊരു നിലയിലെത്തിക്കുകയും വളരെ നല്ല രീതിയിൽ തന്നെ അവളുടെ വിവാഹം നടത്തിയപ്പോഴും അവർ മനസ്സിൽ കരുതിയിരുന്ന ഒരു കാര്യമുണ്ട്,

മകളുടെ വിവാഹം വരെയുള്ള അവരുടെ ശ്രമങ്ങളെല്ലാം ചുറ്റുമുള്ളവരിൽ വലിയ മതിപ്പുണ്ടാക്കുമെന്നും,

എല്ലാവരും അവരെക്കുറിച്ച് വളരെ അഭിമാനപ്പൂർവ്വം സംസാരിക്കുമെന്നും,
വാ തോരാതെ അവരെ അഭിനന്ദിക്കുമെന്നും, അതുവരെ അവർപ്പെട്ട കഷ്ടപ്പാടുകൾക്ക് ഫലമുണ്ടായെന്നു പറയുകയും ചെയ്യുമെന്ന് !

എന്നാൽ മറ്റുള്ളവർ ഇതിനെ അതവരുടെ നിർബന്ധിത കടമയാണെന്ന നിലയിലും ഒപ്പം അവർക്കൊരു നല്ല ജോലിയുണ്ടായതു കൊണ്ട് ഇതെല്ലാം അവർക്കു വളരെ എളുപ്പമായി തീർന്നു എന്ന നിലയിലും മാത്രമാണ് കണ്ടത് !

ഒന്നും തുടങ്ങിയത് അങ്ങിനെ അല്ലായിരുന്നെങ്കിലും ഒരു സാധാരണ സ്ത്രീയെന്ന നിലയിൽ വർഷങ്ങളായുള്ള അവരുടെ കഷ്ടപ്പാടുകൾക്ക് വളരെ ചെറിയ രീതിയിലാണെങ്കിൽ കൂടി മറ്റുള്ളവരിൽ നിന്ന് ഒരനുമോദനപ്രകടനം അവരും ആഗ്രഹിച്ചിരുന്നു എന്നതൊരു സത്യമായിരുന്നു,

എന്നാലവരാരും അതിനു മുതിർന്നില്ലെന്നതു മാത്രമല്ല അതുവരെയുള്ള അവരുടെ പ്രവർത്തികളെ മുഴുവൻ വളരെ ചെറുതായി കാണുകയും ചെയ്തത് അവർക്കു വലിയ മാനസീക വിഷമമുണ്ടാക്കി !
അവരെന്താണോ മനസിൽ കണ്ടത് അതിന്റെ നേർവിവരീതമാണ് സംഭവിച്ചത് !

അതവരെ വല്ലാതെ നിരാശപ്പെടുത്തുകയും ഒപ്പം ആ നിരാശ അവരെ വല്ലാതെ ബാധിച്ചെന്നും അവർ മനസ്സിലാക്കിയപ്പോഴാണ്

ഇത്രയും കാലമായുള്ള തന്റെ കഷ്ടപ്പാടുകളും സഹനവും വെറും ആ ഭംഗിവാക്കുകൾക്ക് വേണ്ടി മാത്രമായിരുന്നോയെന്ന ചിന്ത പിന്നെയും അവരെ പിടികൂടിയത്,
അതവരെ പിന്നെയും വലിയ ആശയകുഴപ്പത്തിലാക്കി !!

ഇത്രയും ചെറിയൊരു കാര്യത്തിനു വേണ്ടി തന്റെ മനസ്സതിനോടു ചേർന്നു പോയിട്ടുണ്ടാവുമോ എന്നെതൊരാൾക്കും ഉണ്ടായേക്കാവുന്ന ഒരു സംശയം അവർക്കും ഉണ്ടായെങ്കിലും ഈ വസ്തുതയും ഉൾമനസ്സാലെ അവരെ സ്വാധീനിച്ചിട്ടുണ്ടെന്ന് അവർ തന്നെ ഇപ്പോൾ സമ്മതിക്കുന്നുമുണ്ട്,

അതെ സമയം തന്നെയാണ് ഇനി താനൊറ്റക്കാണെന്ന ആ നഗ്നസത്യം അവരെ ആദ്യമായി പിടികൂടിയതും ! സത്യത്തിൽ അവിടം മുതലാണ് അവർ അവരെ കുറിച്ചും,

എന്തു കൊണ്ട് അവർ മറ്റൊരു വിവാഹത്തിനു ശ്രമിച്ചില്ലെന്നും, അതുവരെ കഴിഞ്ഞു പോയ അവരുടെ മറ്റു കാര്യങ്ങളെ കുറിച്ചും ഒക്കെ ആലോചിച്ചു തുടങ്ങിയത്,

ആ ആലോചനക്കൊടുവിൽ അവർക്കു മുൻകാലത്തു തിരിച്ചറിയാൻ കഴിയാതെ പോയ ചില കാര്യങ്ങളെ കുറിച്ച് അവർ മനസിലാക്കി,

അതിൽ ഏറ്റവും പ്രധാനമായ ഒന്ന് ആ സമയത്തതു തിരിച്ചറിയാൻ കഴിയാതിരുന്നതും എന്നാൽ ഭർത്താവു മരിച്ചപ്പോൾ അവർക്കു ലഭിച്ചതുമായ സ്വാതന്ത്ര്യമായിരുന്നു !

എല്ലാറ്റിനുമുള്ള സ്വാതന്ത്ര്യം !

അതുവരെ അങ്ങിനൊരു പൂർണ്ണസ്വാതന്ത്ര്യം അവർക്കു ലഭിച്ചിട്ടില്ലായിരുന്നു,
ആരോടും ഒന്നും ചോദിക്കേണ്ടതില്ല,
സ്വന്തം ശമ്പളം സ്വന്തം ഇഷ്ടപ്രകാരം ചിലവഴിക്കാം,

എവിടെക്കും സ്വതന്ത്രമായി സഞ്ചരിക്കാം,
ആരും നിയന്ത്രിക്കാനില്ല, ജോലിയുള്ളതു കൊണ്ട് ആരുടെയും മുന്നിൽ ഒന്നിനും കൈനീട്ടണ്ടതില്ലന്ന സ്വാതന്ത്ര്യം വേറെയും !

അതിൽ നിന്നു അവർ മനസിലാക്കിയ വലിയൊരു കാര്യവും അവരതിൽ അടിമപ്പെട്ടു പോയി എന്നതായിരുന്നു,

പുതിയൊരു വിവാഹം കൊണ്ട് അതുവരെ അവർ അനുഭവിച്ചുക്കൊണ്ടിരുന്ന ആ സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്ന ഭയം അവരറിയാതെ തന്നെ ഉൾമനസ്സാലെ അവരെ നിയന്ത്രിച്ചിരുന്നെന്നും അവർ മനസിലാക്കി !

അവർ പോലും ആഗ്രഹിക്കാതെ അവർക്കു കൈവന്ന ആ സ്വാതന്ത്ര്യത്തിന്റെ സ്വാധീനം അത്രയേറെ അവരിൽ പതിഞ്ഞു പോയിരുന്നെന്നും,

അതിനെ സ്വയം തിരിച്ചറിഞ്ഞു ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്താൻ സാധിക്കാതെ പോയതാണ് അവർക്കു മറ്റൊരു വിവാഹജീവിതത്തേക്കുറിച്ച് ചിന്തിക്കാൻ കഴിയാതെ പോയതെന്നും അവർ തിരിച്ചറിഞ്ഞു !

ആരുടെ കാര്യത്തിലായാലും ഒരു പുനർവിവാഹം എന്നൊരു സാഹചര്യം വരുമ്പോൾ അവരുടെ വീട്ടുകാരും ചുറ്റുമുള്ളവരെല്ലാം ചിന്തിക്കുന്നത്,

അവർ ഇനിയുള്ള ജീവിതത്തിലും ഒറ്റക്കായി പോകരുതെന്നും അതുവരെ അവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസീകവും ശാരീരികവുമായ സുഖങ്ങൾ അടക്കം ഒന്നും അവർക്ക് നഷ്ടപ്പെടരുതെന്നുമാണ് !

എന്നാൽ അവർ അവിടെ അപ്പോൾ ചിന്തിക്കുന്നത് നമ്മുടെ ജീവിതത്തിലേക്ക് വരുന്നവർ എങ്ങാനും മോശമായി പോയാലോ ?

വരുന്നവർ നമുക്കൊരു ബാധ്യതയാകുമോ ?
അവർ ചൂഷണം ചെയ്യപ്പെടുമോ ? ഇപ്പോഴുള്ള അവരുടെ സമാധാനം കൂടി നഷ്ടപ്പെടുമോ ?
തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് !

അതു കൊണ്ടു തന്നെ ഇനിയും ഒരു പരീക്ഷണത്തിനു തയ്യാറാവണമോയെന്ന തരത്തിൽ ഒരു ഭയത്തോടെയാണ് മിക്കവരും പലപ്പോഴും ഇതിനെ സമീപിക്കുന്നത്,

അവർക്ക് അതുവരെ ലഭിച്ചതിനേക്കാൾ നല്ലതാവാമെന്ന ഒരു സാധ്യതയേ പോലും പലരും പരിഗണിക്കാറേയില്ല, അതു കൊണ്ടു തന്നെ വീണ്ടുമൊരു വിവാഹമെന്നു കേൾക്കുമ്പോൾ അതിൽ നിന്നു എളുപ്പം ഒാടിയൊളിക്കാനാണു മിക്കവരും ശ്രമിക്കുന്നത്,

എന്നാൽ അവരിൽ മിക്കവരും തിരിച്ചറിയാൻ ശ്രമിച്ചിട്ടില്ലാത്ത ഒരു വലിയ സാധ്യത ഇവിടെ അവർക്കു ഒരോർത്തർക്കും മുന്നിൽ തുറക്കപ്പെടുന്നുണ്ട് എന്നതാണ് വലിയൊരു സത്യം !

അതും സ്വാതന്ത്ര്യം തന്നെയാണ് !

അതെന്താണെന്നു വെച്ചാൽ മറ്റു വിവാഹത്തിൽ നമ്മുക്ക് ചുറ്റുമുള്ളവർ തീരുമാനങ്ങളെടുക്കുമ്പോൾ ഇവിടെ നമ്മുടെ തീരുമാനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യമെന്നത് !

കണ്ടു പരിചയിച്ച അനുഭവങ്ങളിൽ നിന്നും പല കാര്യങ്ങളെയും മുൻക്കൂട്ടി കണാനാവുമെന്നതു കൊണ്ട് നമ്മുടെ ആഗ്രഹത്തിനനുസരിച്ചു ഒരാളെ തിരഞ്ഞെടുക്കാൻ കഴിയുമെന്നതാണ് ഇവിടെ വലിയൊരു ഗുണം !

നമ്മൾ അനുഭവസ്ഥരാണെന്ന ഒറ്റ കാരണം കൊണ്ടു തന്നെ ആരും നമ്മളെ ഒന്നും പറഞ്ഞു സ്വാധീനിക്കാൻ ശ്രമിക്കില്ല എന്നതാണു വേറൊരു വസ്തുത !

ആരോടായാലും നമ്മൾ അതുവരെ അറിഞ്ഞതും മനസിലാക്കിയതുമായ കാര്യത്തെ അടിസ്ഥാനമാക്കി നമ്മുടെ ആവശ്യങ്ങളെ അവർക്കു മുന്നിൽ അവതരിപ്പിക്കാനാവുന്നതാണ് മറ്റൊരു സാധ്യത !

അതു കൊണ്ട് തന്നെ ഒരു പരിധിവരെ തുല്യത എന്നതു വാക്കുകളിൽ മാത്രമല്ലാതെയും നമുക്ക് ഉറപ്പിച്ചു നിർത്താനാവും,

ഒപ്പം അതിനേക്കാളൊക്കെ വലിയ മറ്റൊരു കാര്യം കൂടി വരുന്നവർക്കു മുന്നിലേക്കു വെക്കാനാവും,
അത് അയാൾ നമ്മൾക്കു ചേർന്നവനല്ല എന്നു മനസ്സിലായാൽ വേണമെങ്കിൽ അയാളെ വേണ്ടെന്നു വെക്കാൻ ഉള്ള അവകാശം കൂടി നമുക്കുണ്ടെന്നുള്ളത് !

അതൊരു ചെറിയ കാര്യമല്ല,
അങ്ങിനെ നമ്മൾ പറയുമ്പോൾ
ഒറ്റക്കു ജീവിക്കാൻ നമ്മളെ മറ്റാരും പഠിപ്പിക്കേണ്ടെന്നുള്ള ഒരു ധ്വനി അതിലുള്ളത് അവർക്ക് കൃത്യമായി തന്നെ മനസിലാകും !
അങ്ങിനെ വരുമ്പോൾ മിക്കവരും കാര്യങ്ങളെ അത്തരത്തിലേക്ക് എത്തിക്കാതിരിക്കാൻ പരമാവധി ശ്രമിക്കും !

പിന്നൊരു പ്രധാന ഗുണം എവിടെയും എപ്പോഴും നന്മമരമായി നിൽക്കേണ്ടതില്ല എന്നതാണ് !

ഇതെല്ലാം നമ്മൾ കരുതും പോലെ വന്നാൽ ഒരു ആഗ്രഹ ജീവിതത്തിനു വേണ്ട എല്ലാ സൗഭാഗ്യങ്ങളും രണ്ടാം ബന്ധത്തിലും സംഭവിക്കാൻ സാധ്യത ഏറെയുണ്ടെന്നതാണ് മറ്റൊന്ന് !

ഇനി ചുമ്മാ എല്ലാം കേട്ടു സമ്മതിച്ച് വിവാഹശേഷം അവൻ അവന്റെ തനി സ്വഭാവം പുറത്തെടുക്കുകയാണെങ്കിൽ പിന്നൊന്നും നോക്കണ്ട ഡിവോഴ്സ് നോട്ടീസ് അവന്റെ മുഖത്തേക്കു വലിച്ചെറിഞ്ഞ്

” ഒരു ജീവിതത്തിനു വേണ്ടി എല്ലാ സഹിക്കാൻ തയ്യാറുള്ളവരല്ല നമ്മൾ ”
എന്നവനു അപ്പോൾ തന്നെ അങ്ങു കാണിച്ചു കൊടുത്തേക്കണം !

ഒന്നു നിർത്തി അവർ പറഞ്ഞ മറ്റൊരു കാര്യം,

മുന്നിൽ ജീവിതം ആസ്വാദകരമാക്കി തീർക്കും വിധം സ്വയം തീരുമാനങ്ങളെടുത്തു എന്താഗ്രഹിക്കുന്നുവോ അതായി ജീവിതം സുന്ദരവും മനോഹരവുമാക്കി ജീവിച്ചു തീർക്കാമെന്ന വലിയ സൗകര്യപ്രദമായ ഒരു വശം ഇതിലുണ്ടായിരുന്നിട്ടും

എന്തു കൊണ്ടതിനു സാധിച്ചില്ലെന്നും ഒപ്പം എന്തു കൊണ്ട് അത്തരത്തിലൊരു ചിന്ത അന്നവരുടെ മനസ്സിലേക്കു കടന്നു വന്നില്ലെന്നും ആവശ്യമായ സമയത്ത് അവർക്കതു കണ്ടെത്താനായില്ലെന്നതും അവരെ ഏറ്റവും വിഷമത്തിലാക്കി എന്നുമാണ് !

അതും പറഞ്ഞു നിർത്തി കൊണ്ട് താനിയ എന്നെ തന്നെ നോക്കി എന്നാൽ എല്ലാം കേട്ടും ഞാനൊന്നും പറയുന്നില്ലെന്നു കണ്ട് താനിയ വീണ്ടും എന്നോടു പറഞ്ഞു,

ഈ കാര്യങ്ങളെല്ലാം ആദ്യം പരസ്പരം സംസാരിച്ചത് കൊടൈക്കനാലിലേക്കുള്ള ഒരു സ്ക്കൂൾ ടൂറിനിടയിലെ ഒഴിവുവേളയിൽ നൈമെറിയ സിറിയക്ക് എന്ന ടീച്ചർ തന്റെ വിദ്യാർത്ഥിയായ സാന്നിദ്ധുമായായിരുന്നു !

അതായത് നിന്റെ മകൻ !

താനിയ ആ പറഞ്ഞതു ഞാൻ തീരെ പ്രതീക്ഷിച്ചതായിരുന്നില്ല,

തുടർന്നും താനിയ ടീച്ചർ പറഞ്ഞ മറ്റു ചില കാര്യങ്ങൾ കൂടി പറഞ്ഞു,

ടീച്ചറുടെ പഴയ അതേ സാഹചര്യങ്ങളിലൂടെ തന്നെയാണ് ഇപ്പോൾ സാന്നിദ്ധിന്റെ അമ്മയും കടന്നു പോകുന്നത് എന്നു മനസിലാക്കിയപ്പോഴാണ് അവനു മനസിലാകുന്ന രീതിയിൽ ചില കാര്യങ്ങൾ അവനോടു പറയണമെന്നു തോന്നിയതെന്നും പറഞ്ഞതെന്നും അവർ പറഞ്ഞു,

ടീച്ചറുമായുള്ള എന്റെ സംസാരങ്ങൾക്കു ശേഷം ടീച്ചർ പിന്നെയും സാന്നിദ്ധിനെ അരികിലേക്കു വിളിച്ച് അവരോടു ചേർത്തു നിർത്തി കൊണ്ടവനോടു പറഞ്ഞു,

നിനക്ക് അമ്മയോട് എത്രകണ്ട് ഇഷ്ടം തോന്നുന്നുവോ അത്ര തന്നെ ഇഷ്ടം അമ്മക്ക് നിന്നോടും ഉള്ളതു കൊണ്ടാണ് നിനക്കു വേണ്ടി അമ്മ അവർക്കു ലഭിക്കുമായിരുന്ന എല്ലാ സന്തോഷങ്ങളും വേണ്ടന്നു വെക്കുന്നത് !

അമ്മയുടെ സ്നേഹം നഷ്ടപ്പെടുമോ എന്ന തോന്നലാണ് നിന്നെ പോലുള്ള മക്കളുപ്പോലും അമ്മ മറ്റൊരു വിവാഹം കഴിക്കുന്നതിൽ താൽപ്പര്യം പ്രകടിപ്പിക്കാത്തതും !

അതൊരിക്കലും നിങ്ങളുടെ തെറ്റല്ല ഈ പ്രായത്തിൽ ഈ കാര്യങ്ങളുടെ പ്രാധാന്യങ്ങളെ കുറിച്ച് കുഞ്ഞുങ്ങളായ നിങ്ങൾക്കതു മനസിലാകാത്തതു കൊണ്ടാണ് ! നിങ്ങൾക്കതു മനസിലാകുന്ന പ്രായം വരുമ്പോൾ അമ്മയുടെ നല്ല പ്രായവും കടന്നു പോയിട്ടുണ്ടാകും !

നിങ്ങൾ കുട്ടികൾ മനസിലാക്കേണ്ട ഒരു വലിയ കാര്യം ” നിങ്ങളോടുള്ള ഒരമ്മയുടെ സ്നേഹം ഒരിക്കലും ഒന്നിനു വേണ്ടിയും ഒരു കാലത്തും കുറഞ്ഞു പോകില്ല ” എന്നതാണ് !

അതോടൊപ്പം നിങ്ങൾ മറ്റൊന്നു കൂടി മനസിലാക്കണം, നിങ്ങൾക്ക് ഇഷ്ടമില്ലെന്നു തോന്നുന്ന യാതൊന്നും അതെത്രമാത്രം ആവശ്യമുള്ളതായിരുന്നാലും ഇഷ്ടം ഉൾക്കൊള്ളുന്നതായാലും അവർ ചെയ്യില്ല എന്നത് !

എന്നാൽ നിങ്ങൾക്കു വേണ്ടി മാത്രമായവർ ജീവിക്കാൻ ശ്രമിച്ചാൽ അവർക്കവരുടെ തുടർ ജീവിതം എന്നെന്നേക്കുമായി നഷ്ടപ്പെടും,
നിങ്ങൾ പിന്നീട് എത്ര വലിയ നിലയിലേക്ക് ഉയർന്നാലും അവർ അതിനായി ബലിധാനം നൽകിയ അവരുടെ ജീവിതം തിരിച്ചു കൊടുക്കാൻ കഴിയാത്ത കടമായത് മാറും !

ശരിക്കും ശരിയായത് എന്താണെന്നു വെച്ചാൽ നിങ്ങൾ പഠിച്ചു വലുതാവുന്നതിനോടൊപ്പം അമ്മയേയും അവരുടെ ജീവിതം ജീവിക്കാൻ അനുവദിക്കുക എന്നതാണ് !

അതും പറഞ്ഞു നിർത്തി
അവർ അവനെ നോക്കിയതും സാന്നിദ്ധും അതിനനുകൂലമായി തലയാട്ടി !

അതോടെ ടീച്ചർ അവനെ നോക്കി ഒന്നു കൂടി പറഞ്ഞു, മരണപ്പെട്ടവർ എത്ര പ്രിയപ്പെട്ടവരായാലും അവരൊരിക്കലും ഇനി നമ്മുടെ ജീവിതത്തിലില്ലെന്ന സത്യം ഉൾക്കൊണ്ടെ മതിയാകൂ, അവർ തിരിച്ചു വരികയില്ലെന്നും നമ്മുടെ ജീവിതം അവസാനിച്ചിട്ടില്ലെന്നും നമ്മളാണ് തിരിച്ചറിയേണ്ടത് !

അച്ഛൻ ജീവിച്ചിരുന്നെങ്കിൽ അമ്മ ഒരിക്കലും മറ്റൊരാളെ സ്വീകരിക്കില്ലായിരുന്നു എന്നു നമുക്ക് മനസിലാക്കാൻ കഴിയുന്നിടത്ത് എല്ലാറ്റിനുള്ള ഉത്തരവും നമുക്ക് കിട്ടും !

ചിലപ്പോൾ അച്ഛനോടുണ്ടായിരുന്ന ഇഷ്ടം കൊണ്ടും അമ്മ മറ്റൊരാളെ സ്വീകരിക്കാൻ മടിക്കും, അങ്ങിനെയെങ്കിൽ അമ്മയോടു പറയുക ഒന്നും ഒന്നിന്നും പകരമല്ലെന്നും,
ചിലതൊരാശ്വാസമാണെന്നും

” പൂക്കൾ വിടർന്നിരുന്നിടത്ത് ഇലകളെങ്കിലും തളിർക്കുന്നുണ്ടല്ലെ ” എന്ന ആശ്വാസം !

ഈ കാര്യത്തിൽ മാത്രം അമ്മയുടെ സ്വന്തം അച്ഛനേക്കാളും അമ്മയേക്കാളും മറ്റാരേക്കാളും സ്വന്തം മക്കളു പറഞ്ഞാലായിരിക്കും അമ്മ അനുസരിക്കുക ! ടീച്ചറുടെ ആ വാക്കുകൾ സാന്നിദ്ധ് ചെറിയൊരു പുഞ്ചിരിയോടെയാണ് സ്വീകരിച്ചത് !

സത്യത്തിൽ സാന്നിദ്ധിന്റെ ആ ചെറിയ ചിരിയിൽ ടീച്ചറാണ് ഏറെ സന്തോഷിച്ചത് !

എല്ലാം പറഞ്ഞവസാനിപ്പിച്ച് താനിയ
” ഇപ്പോ എങ്ങിനുണ്ട് ” എന്നർത്ഥത്തിൽ എന്നെയൊന്നു നോക്കിയപ്പോൾ അവിടെ എനിക്കു മനസിലായി അവളുടെ ആ അതിരുകടന്ന ആത്മവിശ്വാസം അത് അവൾ ആവശ്യപ്പെട്ട കാര്യങ്ങൾക്കൊപ്പം അവൾക്കു കൂട്ടായി എന്റെ മകൻ സാന്നിദ്ധുണ്ടായിരുന്നു എന്നതാണെന്ന് !

വീണ്ടും താനിയ എന്നോടു പറഞ്ഞു,
നിനക്ക് ഇതിൽ നിന്നു എന്തു മനസിലായി എന്നെനിക്കറിയില്ല പക്ഷേ അവരുടെ വാക്കുകളിൽ നിന്നു എനിക്കു മനസ്സിലായ ഒന്നുണ്ട് !

“സ്വന്തം ജീവിതം ജീവിച്ചു കൊണ്ടും കടമകളെല്ലാം ചെയ്തു തീർക്കാൻ സാധിക്കുമായിരുന്നു ” എന്ന തിരിച്ചറിവ് അവരെ ഇന്നും വേദനിപ്പിക്കുന്നുണ്ടെന്ന സത്യം !

പിന്നെ താനിയയോട് മറുത്തൊന്നും പറയാൻ എനിക്കില്ലായിരുന്നു കാരണം എനിക്കു മുന്നിൽ എല്ലാം മനസിലാക്കി കൊണ്ട് എന്റെ മകൻ തന്നെ പുതിയൊരു ജീവിതമായി നിൽക്കുമ്പോൾ അതിനെതിരു നിൽക്കാൻ അവന്റെ അമ്മയെന്ന നിലയിൽ എനിക്കാവില്ലായിരുന്നു !