കുറവുകൾ ഉണ്ടെങ്കിൽ അത് നിങ്ങളുടെ ബെഡ്റൂമിനുള്ളിൽ പറഞ്ഞാൽ മതി, അത് അവിടെ നിന്ന് പുറത്തേക്ക് ആകുമ്പോൾ..

(രചന: നിമിഷ)

രാവിലെ തന്നെ അച്ഛനും അമ്മയും വഴക്ക് അടിക്കുന്നത് കേട്ടു കൊണ്ടാണ് അഭിനവ് ഉറക്കത്തിൽ നിന്ന് ഉണർന്നത്. അച്ഛന്റെയും അമ്മയുടെയും ബഹളം അവന് ആകെപ്പാടെ ദേഷ്യമാണ് നൽകിയത്.

അവൻ കിടക്കയിൽ നിന്ന് എഴുന്നേറ്റിരുന്ന് ഈർഷ്യയോടെ തലമുടിയിൽ പിടിച്ചു വലിച്ചു.

” ഒരു ദിവസം പോലും മനുഷ്യനെ സമാധാനമായിട്ട് കിടന്നുറങ്ങാനോ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാൻ സമ്മതിക്കില്ല. എല്ലാ ദിവസവും ഇവിടെ ഇതു തന്നെയാണല്ലോ ഈശ്വരാ അവസ്ഥ..”

നിരാശയോടെ പറഞ്ഞു കൊണ്ട് അവൻ ബാത്റൂമിലേക്ക് കയറി.

അഭിനവ് എന്ന എട്ടാം ക്ലാസുകാരന്റെ എല്ലാ ദിവസവും പുലരുന്നത് അച്ഛന്റെയും അമ്മയുടെയും അടിപിടി കേട്ടു കൊണ്ടായിരിക്കും. ചിലപ്പോഴൊക്കെ രാത്രികളിലും ഇതേ കലാപരിപാടി തന്നെയാണ് വീട്ടിൽ അരങ്ങേറാറ്.

അവധി ദിവസങ്ങളിൽ അച്ഛൻ വീട്ടിൽ ഉണ്ടെങ്കിൽ അന്ന് പിന്നെ ചെവിക്ക് സ്വസ്ഥത ഉണ്ടാവില്ല എന്നാണ് അഭിനവ് പറയാറ്.

അതിൽ കുറെയൊക്കെ സത്യമാണ് താനും.

അഭിനവിന്റെ അച്ഛനായ സതീഷും അമ്മ രശ്മിയും, പരസ്പരം നോക്കുന്നത് തന്നെ പോരടിക്കാൻ ആണ് എന്ന് തോന്നുന്ന തരത്തിലാണ് അവർ തമ്മിലുള്ള പെരുമാറ്റം.

മിക്കപ്പോഴും അവരുടെ ബഹളം കാരണം അഭിനവിന് പഠിക്കാൻ പോലും കഴിയാറില്ല.

വീട്ടിലെ ബഹളങ്ങൾ ഒന്നും ശ്രദ്ധിക്കാതെ അവൻ സ്കൂളിൽ പോകാൻ തയ്യാറായി മുറിക്ക് പുറത്തേക്കിറങ്ങി.

ഡൈനിങ് ഹാളിലേക്ക് വരുമ്പോൾ അച്ഛനും അമ്മയും അവിടെ ഇരിപ്പുണ്ട്.

അവരെ ഒന്നു നോക്കി അവൻ ടേബിളിൽ ഇരിക്കുന്ന കാസറോൾ തുറന്നു. അതിൽ ആഹാരം ഒന്നുമില്ലെന്ന് കണ്ടപ്പോൾ അഭിനവ് അമ്മയെ നോക്കി.

അവരും അവനെ തന്നെ ശ്രദ്ധിച്ച് നോക്കി നിൽക്കുകയായിരുന്നു.

” ഇന്ന് ആഹാരം ഒന്നും ഉണ്ടാക്കിയില്ല അമ്മേ.? ”

അവൻ ചോദിച്ചപ്പോൾ രശ്മി സതീഷിനെ തറപ്പിച്ചു നോക്കി.

“ആഹാരം ഒക്കെ ഞാൻ ഉണ്ടാക്കിയത് തന്നെയാണ്. ഇന്ന് പുട്ടും കടലയും ആണ് ഉണ്ടാക്കിയത് എന്ന് പറഞ്ഞ് നിന്റെ അച്ഛൻ അതിനാണ് രാവിലെ തന്നെ ഇവിടെ ബഹളം ഉണ്ടാക്കിയത്.

ഇഡ്ഡലിയും സാമ്പാറും ഇല്ലെന്ന്. ഇന്നലെയും ഈ വീട്ടിൽ ഇഡലിയും സാമ്പാറും തന്നെയല്ലേ ഞാൻ ഉണ്ടാക്കിയത്..? ഇന്നും അത് തന്നെയായാൽ മടുപ്പാവില്ലേ എന്ന് കരുതിയാണ് പുട്ടും കടലയും ആക്കിയത്.

അതുണ്ടാക്കിയത് നിന്റെ അച്ഛന് ഇഷ്ടപ്പെട്ടില്ല. രാവിലെ തന്നെ അതിന്റെ പേരിൽ ബഹളം ഉണ്ടാക്കി, ഉണ്ടാക്കി വെച്ച ആഹാരം മുഴുവൻ എടുത്ത് പുറത്ത് തട്ടിയിട്ടുണ്ട്.”

രശ്മി അത് പറഞ്ഞപ്പോൾ അഭി സതീശനെ ഒന്നു നോക്കി.

” ഇവളോട് പലപ്പോഴും ഞാൻ പറഞ്ഞിട്ടുള്ളതാണ് പുട്ട് എന്റെ കണ്ണിനു നേരെ കാണരുതെന്ന്. എനിക്ക് ഇത്രയും വെറുപ്പുള്ള ഒരു ആഹാരവും ഈ ലോകത്തില്ല.

അപ്പോൾ പിന്നെ അവൾക്ക് അതുതന്നെ ഉണ്ടാക്കാൻ പറ്റൂ എന്ന് പറഞ്ഞാൽ ഞാൻ എന്ത് ചെയ്യാനാ..? ”

സതീശൻ തന്റെ ഭാഗം ന്യായീകരിക്കുന്നുണ്ട്.

” അപ്പോൾ ഞാനായി കുറ്റക്കാരി.. ”

രശ്മി അത് ഏറ്റുപിടിക്കാൻ തുടങ്ങിയപ്പോൾ അഭി മെല്ലെ അവിടെ നിന്നും സ്ഥലംവിട്ടു.

ഹാളിലെ സോഫയിൽ വന്നിരുന്നു അവൻ ഒരു നിമിഷം ആലോചിച്ചു.

ഇവിടെ ഇങ്ങനെയാണ് എല്ലാദിവസവും എങ്കിൽ എത്ര കാലം ഇങ്ങനെ ജീവിതം മുന്നോട്ടു പോകും..? ഒരു മനുഷ്യന് ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ സമാധാനം പോലും ഈ വീട്ടിൽ അന്യമാണ്. ഈയൊരു സാഹചര്യത്തിൽ എത്ര കാലം പരസ്പരം ഇവർക്ക് പോരടിച്ചു ജീവിക്കാൻ കഴിയും..?

അവന്റെ ചിന്തകൾ പരിധി വിട്ടു മുന്നോട്ടു പോയപ്പോൾ ഒരു ആശ്രയത്തിനു എന്നവണ്ണം അവൻ അവന്റെ പ്രിയപ്പെട്ട ടീച്ചറിനെ ആണ് ഫോൺ ചെയ്തത്.

വീട്ടിലെ ഇത്തരം പ്രശ്നങ്ങൾ കാരണം അഭിയുടെ മാനസിക നിലയിലും ചില പ്രശ്നങ്ങൾ വന്നു തുടങ്ങിയിരുന്നു. അത് മനസ്സിലാക്കി അവനെ ആവശ്യമായ കൗൺസിലിംഗ് കൊടുത്ത് മാറ്റിയെടുത്തത് അവന്റെ പ്രിയപ്പെട്ട ടീച്ചർ ആയിരുന്നു.

അതിനു ശേഷം അവന്റെ എന്ത് ആവശ്യങ്ങൾക്കും ഒരു വിളിപ്പാടകലെ ആ ടീച്ചർ ഉണ്ടായിരുന്നു.വീട്ടിലെ ഈ പ്രശ്നങ്ങൾക്ക് എന്ത് പരിഹാരമുണ്ട് എന്ന് ചോദിച്ചിട്ടാണ് രാവിലെ തന്നെ അഭി ടീച്ചറിനെ വിളിച്ചത്.

കാര്യങ്ങളൊക്കെ കേട്ട് കഴിഞ്ഞ് ടീച്ചർ ഒരു മാർഗ്ഗം നിർദ്ദേശിക്കുകയും ചെയ്തു. അത് കേട്ടപ്പോൾ അഭിയുടെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു.

” കുഴപ്പമാകില്ലല്ലോ അല്ലേ..? ”

കോൾ കട്ട് ചെയ്യുന്നതിന് മുൻപ് അവൻ ഒരിക്കൽ കൂടി ചോദിച്ചു.

“ഒരു കുഴപ്പവുമില്ല. മോൻ ധൈര്യമായിട്ട് പ്രൊസീഡ് ചെയ്തോ..”

ടീച്ചർ ഉറപ്പ് കൊടുത്തപ്പോൾ അവൻ ഫോൺ കട്ട് ചെയ്ത്, വീണ്ടും ഡൈനിങ് ഹാളിലേക്ക് ചെന്നു.

അവിടെ ഇപ്പോഴും നേരത്തെ ഉണ്ടായ വഴക്കിന്റെ അവശേഷിപ്പുകൾ ബാക്കിയുണ്ടായിരുന്നു. അവന്റെ സാമീപ്യം അറിഞ്ഞപ്പോൾ രണ്ടുപേരും അവനെ നോക്കി.

” എനിക്ക് നിങ്ങളോട് രണ്ടു പേരോടുമായി സീരിയസായി കുറച്ചു സംസാരിക്കാനുണ്ട്.”

മകന്റെ സംസാരത്തിലെ പതിവില്ലാത്ത ഗൗരവം കൊണ്ട് ആ മാതാപിതാക്കൾ പകച്ചു പോയി. എങ്കിലും അവൻ എന്താണ് പറയുന്നത് എന്നറിയാൻ ഒരു ആകാംക്ഷ അവർക്കുണ്ടായിരുന്നു.

അവരെ രണ്ടുപേരെയും നോക്കിക്കൊണ്ട് അവർക്ക് ഓപ്പോസിറ്റ് ആയി ഒരു ചെയർ എടുത്തിട്ട് അവൻ അവിടെ ഇരുന്നു. പിന്നെ പതിയെ സംസാരിച്ചു തുടങ്ങി.

” അച്ഛാ.. അമ്മേ.. നമ്മുടെ വീട്ടിലെ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമല്ലോ..?

നിങ്ങൾ രണ്ടുപേരും പരസ്പരം നോക്കുന്നത് തന്നെ അടി കൂടാൻ വേണ്ടിയാണ് എന്നൊരു സാഹചര്യത്തിലേക്കാണ് നമ്മുടെ വീട് പൊയ്ക്കൊണ്ടിരിക്കുന്നത്.

ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ നമ്മുടെ ജീവിതം എങ്ങനെയാകും എന്ന് നിങ്ങൾ ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ..? ”

അവന്റെ വായിൽ നിന്ന് വീഴുന്ന ഓരോ വാക്കുകളും അത്ഭുതത്തോടെയാണ് ആ മാതാപിതാക്കൾ കേട്ടത്.

” എനിക്ക് നിങ്ങളുടെ ദിനംപ്രതിയുള്ള ചെയ്തികളിൽ നിന്ന് മനസ്സിലായ ഒരേയൊരു കാര്യം, നിങ്ങൾക്ക് പരസ്പരം സ്നേഹം ഇല്ല എന്നാണ്. ”

അവൻ അത് പറഞ്ഞപ്പോൾ സതീശനും രശ്മിയും ഞെട്ടലോടെ പരസ്പരം നോക്കി. അവൻ അത് കാണുകയും ചെയ്തു.

” പരസ്പരം സ്നേഹമില്ലാതെ നിങ്ങൾ എത്രകാലം മുന്നോട്ടു പോകും..? എനിക്കറിയാം നിങ്ങൾ ഇപ്പോൾ ഇങ്ങനെ അഡ്ജസ്റ്റ് ചെയ്ത് നിൽക്കുന്നത് എനിക്ക് വേണ്ടിയാണ്.

എന്റെ ജീവിതം എന്താകുമെന്ന് ആലോചിച്ച് നിങ്ങൾ രണ്ടുപേരും ബേജാർ ആവേണ്ട കാര്യമില്ല. ഇതിപ്പോൾ നിങ്ങൾ രണ്ടുപേരും കൂടി ഇങ്ങനെ തല്ലുപിടിച്ച് ഈ വീട്ടിൽ നിന്നാലും എന്റെ ജീവിതത്തിന് വലിയ മെച്ചം ഒന്നുമുണ്ടാകില്ല.

എന്റെ ഭാവി അപ്പോഴും ഒരു ചോദ്യചിഹ്നമായി തന്നെ നിൽക്കും.അതിനെക്കാളൊക്കെ എത്രയോ ഭേദമാണ് ഇപ്പോൾ പരസ്പരമുള്ള സ്നേഹവും ബഹുമാനവും എങ്കിലും നിലനിർത്തിക്കൊണ്ട് നിങ്ങൾ നിങ്ങളുടെ വഴി നോക്കി പോകുന്നത്.

എനിക്ക് വേണ്ടി ഒരിക്കലും നിങ്ങൾ നിങ്ങളുടെ സുഖവും സന്തോഷവും ഒന്നും ഉപേക്ഷിക്കേണ്ട കാര്യമില്ല. ”

അവൻ പറഞ്ഞ വാക്കുകൾ കേട്ട് ആ മാതാപിതാക്കൾ തറഞ്ഞു നിന്നു. അതോടൊപ്പം അവർക്ക് ആകെപ്പാടെ ഒരു ജാള്യതയും തോന്നി.

കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം സതീശൻ ആണ് സംസാരിച്ചു തുടങ്ങിയത്.

” മോനേ.. ഞങ്ങൾക്ക് തമ്മിൽ സ്നേഹം ഇല്ല എന്ന് നീ കരുതരുത്. അത് നിന്റെ തെറ്റിദ്ധാരണയാണ്. ഞാൻ ഇവളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് അവൾക്ക് എന്നോടുള്ള ഇഷ്ടവും.

ഞങ്ങൾ തമ്മിലുള്ള ഈ ബഹളങ്ങൾ കണ്ടിട്ടാണ് നീ അങ്ങനെ തെറ്റിദ്ധരിക്കുന്നതെങ്കിൽ, ഇത് ഒരിക്കലും സ്നേഹക്കുറവ് കൊണ്ട് ഉണ്ടാകുന്നതല്ല.ദിവസവും ഇങ്ങനെ അടിപിടി കൂടുന്നത് ഞങ്ങളുടെ ശീലമായി മാറിപ്പോയി. ”

സതീശൻ പറഞ്ഞപ്പോൾ അഭി രശ്മിയെ ശ്രദ്ധിച്ചു.

” ഞങ്ങൾ തമ്മിലുള്ള ഈ പ്രശ്നങ്ങളൊക്കെ മോനെ ഇത്രയും സാരമായി ബാധിക്കും എന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല.

ഞങ്ങളുടെ ഭാഗത്ത് തന്നെയാണ് തെറ്റ്. മാതാപിതാക്കളുടെ സ്നേഹം കണ്ടു വേണം മക്കൾ വളരാൻ എന്ന് പണ്ട് ആരോ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. അത് ശരിയാണെന്ന് ഇപ്പോൾ എനിക്ക് ബോധ്യമായി.”

രശ്മി പറഞ്ഞപ്പോൾ അഭി പുഞ്ചിരിച്ചു.

” ഇനി ഞങ്ങൾ തമ്മിൽ അങ്ങനെയൊന്നും ഉണ്ടാകില്ല. അനാവശ്യമായി ബഹളം വയ്ക്കുകയോ അടി കൂടുകയോ ഒന്നും ചെയ്യില്ല. പക്ഷേ പരസ്പരം പിരിയണം എന്ന് മാത്രം നീ പറയരുത്.അത് ഞങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്.”

സതീഷ് അതുകൂടി കൂട്ടിച്ചേർത്തപ്പോൾ അഭി പൊട്ടിച്ചിരിച്ചു.

” നിങ്ങളെ തമ്മിൽ പിരിക്കണമെന്ന് എനിക്ക് ഒരു ആഗ്രഹവുമില്ല. എന്റെ അച്ഛനും അമ്മയും എന്നും എന്നോടൊപ്പം ഉണ്ടാകണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം.

പക്ഷേ ഇടയ്ക്ക് എപ്പോഴോ നിങ്ങൾക്ക് പരസ്പരമുള്ള സ്നേഹം നഷ്ടമായി പോകുന്നതു പോലെ എനിക്ക് തോന്നി. എന്റെ ടീച്ചറാണ് എനിക്ക് ഇങ്ങനെയൊരു ബുദ്ധി പറഞ്ഞു തന്നത്. ”

അഭി പറഞ്ഞപ്പോൾ ആ മാതാപിതാക്കൾ സ്നേഹത്തോടെ അവനെ ചേർത്ത് പിടിച്ചു.

” നിങ്ങൾക്കിടയിൽ പരസ്പരം എന്തെങ്കിലും ചേർത്ത് കുറവുകൾ ഉണ്ടെങ്കിൽ അത് നിങ്ങളുടെ ബെഡ്റൂമിനുള്ളിൽ പറഞ്ഞാൽ മതി.

അത് അവിടെ നിന്ന് പുറത്തേക്ക് ആകുമ്പോൾ, എനിക്കും നമുക്ക് ചുറ്റുമുള്ളവർക്കും അത് ബുദ്ധിമുട്ട് തന്നെയാണ്. എനിക്കത് ബുദ്ധിമുട്ടാണ് എന്നല്ല എനിക്കത് സങ്കടമാണ്. ”

അവരിലേക്ക് ഒതുങ്ങി നിന്നുകൊണ്ട് അവൻ അത് പറയുമ്പോൾ, അവനിലുള്ള അവരുടെ പിടിമുറുകി.ഇനിയൊരിക്കലും അതൊന്നും ആവർത്തിക്കപ്പെടില്ല എന്ന് വാക്ക് കൊടുക്കുന്നതു പോലെ..!