ഇനി നിന്റെ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് ഭർത്താവാണ് അയാൾ പറയുന്നതുപോലെ കേൾക്കാനാണത്രെ അവിടെ നിന്ന്..

(രചന: J. K)

ഇന്നും രാജി ടീച്ചർ ക്ലാസിലേക്ക് വന്നപ്പോൾ നോക്കിയത് കാർത്തിക വന്നോ??
എന്നാണ്…

നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. ഇപ്പോൾ കുറെ ദിവസമായി ക്ലാസിന് വന്നിട്ട്…എന്തു പറ്റിയതാ എന്ന് ചോദിച്ചപ്പോൾ മറ്റാർക്കും അറിയില്ല താനും….

അവളുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടുമാസമേ ആയിട്ടുള്ളൂ… ഇനി വേറെ എന്തെങ്കിലും???

അതിനൊന്നും ചാൻസില്ല കാരണം ഇത്രയും നന്നായി പഠിക്കുന്ന ഒരു കുട്ടിയുടെ പഠനം മുടക്കാൻ മാത്രം, അതും ഈ സെക്കൻഡ് ഇയർ അവസാനിക്കുന്ന സമയത്ത് അത്രയും വിഡ്ഢികൾ ഈ ലോകത്ത് ഉണ്ടാവില്ലല്ലോ.. എന്ന് ആശ്വസിച്ചു രാജി….

അവളുടെ കോൺടാക്ട് നമ്പർ ആയി അവിടെ കൊടുത്തിരിക്കുന്നത് അവളുടെ സ്വന്തം അച്ഛന്റെ നമ്പർ ആണ് ആ നമ്പറിലേക്ക് വിളിച്ചു നോക്കിയിരുന്നു രാജി…

അയാൾ പറഞ്ഞത് അവർക്കൊന്നും അതിനെപ്പറ്റി അറിയില്ല… എന്നാണ്.. അവൾ വരും എന്നും…ചിലപ്പോൾ എങ്ങോട്ടെങ്കിലും പോകാൻ വേണ്ടിയിട്ടാവും ലീവ് എടുത്തത് എന്നാണ്…. അതിൽ തന്നെ രാജിയും ഉറച്ചു നിന്നതായിരുന്നു….

രണ്ടാഴ്ച കഴിഞ്ഞു ആ കുട്ടി ക്ലാസിലേക്ക് വന്നിട്ട് ഇനിയും ആ നമ്പറിൽ വിളിച്ചു ചോദിക്കുന്നത് മോശമാണല്ലോ എന്ന് കരുതിയാണ് പിന്നീട് വിളിക്കാതിരുന്നത്…. അവർക്കൊന്നും അതിനെപ്പറ്റി യാതൊരു അറിവും ഉണ്ടായിരുന്നില്ല…

വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം അല്ലേ ആയുള്ളൂ ഇനി വല്ല സ്ഥലത്തേക്കും ടൂറോ മറ്റോ പോയതായിരിക്കും എന്ന് സ്വയം ആശ്വസിച്ചു അങ്ങനെയാണെങ്കിൽ അത് സ്വന്തം വീട്ടുകാർ അറിയില്ലേ എന്ന് ഒരു മറു ചോദ്യം അപ്പോഴും മനസ്സ് ചോദിച്ചിരുന്നു….

ഉത്തരം കിട്ടാത്ത ഒരു സമസ്യയായി മാറി കാർത്തിക!!!

അവളുടെ വീടിനടുത്തുള്ള കുട്ടികളോടെല്ലാം അവളെ കാണുമ്പോൾ ടീച്ചറെ ഒന്ന് വിളിക്കാൻ പറയണം എന്ന് പറഞ്ഞ് അയച്ചു..

അങ്ങനെയാണ് ഒരു ദിവസം സന്ധ്യയ്ക്ക് ഫോണിലേക്ക് ഒരു പുതിയ നമ്പറിൽ നിന്നും കോൾ വന്നത് ആരാണെന്ന് നോക്കി അറിയുന്ന നമ്പർ ഒന്നുമല്ല അതുകൊണ്ട് ഒന്ന് സംശയിച്ച് അറ്റൻഡ് ചെയ്തു രാജി ടീച്ചറെ ഞാനാണ് കാർത്തിക എന്ന് പറഞ്ഞപ്പോൾ എന്തോ വല്ലാത്തൊരു സമാധാനം തോന്നി….

മറ്റു കുട്ടികളോടൊന്നും തോന്നാത്ത എന്തോ ഒരു പ്രത്യേകത കാർത്തികയോട് രാജി ടീച്ചർക്ക് ആദ്യമേ തോന്നിയിരുന്നു ഒരുപക്ഷേ അവൾക്ക് അകാലത്തിൽ പൊലിഞ്ഞ തന്റെ മകളുടെ ഒരു ചായ ഉള്ളതുകൊണ്ടാവാം..

അവൾ എന്തു ചെയ്യുമ്പോഴും അവൾ അടുത്തേക്ക് വരുമ്പോഴും ഇവൾ തന്റെ സ്വന്തമാണ് എന്ന് മനസ്സിൽ ഇരുന്ന് ആരോ പറയും പോലെ തോന്നിയിരുന്നു… രാജി ടീച്ചർക്ക്……

അതുകൊണ്ട് തന്നെയാണ് അവൾ ക്ലാസിലില്ലാത്തപ്പോൾ താൻ ഇത്രമേൽ അസ്വസ്ഥയായത്…

അവളുടെ കോൾ അറ്റൻഡ് ചെയ്തിട്ട് ഒന്നും മിണ്ടാതെ നിൽക്കുകയാണ് താൻ എന്ന് കുറച്ചു കഴിഞ്ഞപ്പോഴാണ് രാജി ടീച്ചർക്ക് ബോധം വന്നത്….

“””‘ മോളെ നീ എന്താ ഇപ്പോൾ ക്ലാസിലേക്ക് വരാത്തത്??””” എന്ന് മാത്രം ചോദിച്ചു…

കുറച്ചുനേരത്തേക്ക് മൗനം ആയിരുന്നു മറുപടി. പിന്നെ മെല്ലെ പതിഞ്ഞ സ്വരത്തിൽ അവർ പറഞ്ഞു..

“”” ഏട്ടൻ പോവണ്ട എന്ന് പറഞ്ഞു”””

എന്ന്….അത് കേട്ട് ദേഷ്യമാണ് വന്നത്..

“”” എന്ത് അസംബന്ധമാണ് കുട്ടീ നീ ഈ പറയുന്നത്??? ഇത്രയും നന്നായി പഠിക്കുന്ന ഒരു കുട്ടി….അതും ഈ സെക്കൻഡ് ഇയർ അവസാനിക്കുമ്പോൾ പഠനം നിർത്തുക എന്ന് പറഞ്ഞാൽ എന്ത് വിഡ്ഢിത്തരം ആണ് ഇത്…””””

അതിന് മറുപടിയായി കേട്ടത് ഒരു തേങ്ങലാണ്. അതോടെ ടീച്ചർ അവളെ കുറ്റപ്പെടുത്തുന്നത് നിർത്തി സ്നേഹപൂർവ്വം കാര്യം ചോദിച്ചു അപ്പോൾ അവൾ ഒന്നും മിണ്ടിയില്ല പിന്നീട് വിളിക്കാം എന്ന് പറഞ്ഞ് കട്ട് ചെയ്തു ടീച്ചർക്ക് ആകെ കൂടി പന്തിയില്ലായ്മ തോന്നി….

ആ കുട്ടിക്ക് ക എന്ത് സംഭവിച്ചു എന്നോർത്ത് കാരണം ആ കുട്ടിയുടെ സ്വന്തം വീട്ടിൽ പോലും ഇതിനെപ്പറ്റി യാതൊരു അറിവും എന്ന് ഇല്ല എന്നതായിരുന്നു അൽഭുതം…

രണ്ടുദിവസം കഴിഞ്ഞ് അവർ വീണ്ടും വിളിച്ചിരുന്നു അവളുടെ വീട്ടിലേക്ക് എത്തി എന്നു പറഞ്ഞു.

അപ്പോൾ ഞാൻ അങ്ങോട്ട് ഒന്നും ചോദിച്ചില്ല കാരണം അവൾക്ക് പറയാൻ ഇഷ്ടമുണ്ടെങ്കിൽ പറയട്ടെ എന്ന് കരുതി അപ്പോഴാണ് അവൾ മനസ്സുതുറന്നത് അവളുടെ ഭർത്താവിനെ പറ്റി…

അയാൾ വിദ്യാഭ്യാസം കുറവുള്ള ഒരാളായിരുന്നു അയാൾ ഇവിടെ കല്യാണം കഴിച്ചത് അവളെ പഠിപ്പിക്കാം എന്ന് പറഞ്ഞിട്ടാണ് അങ്ങനെയാണ് വീട്ടുകാരും കല്യാണം കഴിപ്പിച്ച് കൊടുത്തത് വളരെ പണക്കാരനായിരുന്നു

അയാൾ ഗൾഫിൽ നല്ല ജോലിയും പക്ഷേ ആൾക്ക് പടുത്തുള്ളവരെ പറ്റിയുള്ള സങ്കല്പമാണ് കുഴപ്പം..

വിദ്യാഭ്യാസം കുറവുള്ള ആളുടെ ഭാര്യ നന്നായി പഠിച്ചാൽ അയാളെ യാതൊരു വിലയും വയ്ക്കില്ല എന്ന് അയാളോട് കൂട്ടുകാർ പറഞ്ഞു കൊടുത്തിട്ടുണ്ട് അതുകൊണ്ടാണ് അവളെ വീട്ടിൽ തന്നെ നിർത്തുന്നത്….

കണ്ട് ഇഷ്ടപ്പെട്ടത് കൊണ്ട് കല്യാണം നടക്കാൻ വേണ്ടി മാത്രം പഠിപ്പിക്കാം എന്ന് പറഞ്ഞതാണത്രേ….കല്യാണം കഴിഞ്ഞതിനു ശേഷം കോളേജിലേക്ക് വിടാത്തത് അതുകൊണ്ട് ആണെന്ന്…

അവൾ അതും പറഞ്ഞ് എന്റെ അടുത്ത് കുറെ കരഞ്ഞു എന്ത് വേണം എന്നറിയാതെ ഞാനും നിന്നു…

വീട്ടിൽ പറയാൻ പറഞ്ഞപ്പോൾ നീ വിവാഹിതയാണ് ഇനി നിന്റെ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് ഭർത്താവാണ് അയാൾ പറയുന്നതുപോലെ കേൾക്കാനാണത്രെ അവിടെ നിന്ന് കിട്ടിയ ഉപദേശം….

ഞാനിനി എന്തുവേണമെന്ന് പറഞ്ഞായിരുന്നു അവൾ കരഞ്ഞത് ഞാൻ അവളോട് കരയാതിരിക്കാൻ ആവശ്യപ്പെട്ടു…

അവളുടെ ഭർത്താവിനോട് ഒന്നുകൂടി പറഞ്ഞു നോക്കാൻ ആവശ്യപ്പെട്ടപ്പോൾ അവൾ പറഞ്ഞിരുന്നു ഇനി അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല…

സ്നേഹപൂർവ്വം അയാൾ അത് തടഞ്ഞിരുന്നു.. നമുക്ക് വേണ്ടിയാണ്… നമ്മളുടെ മക്കൾക്ക് വേണ്ടിയാണ്…

അവരുടെ സ്നേഹനിധിയായ അമ്മയായാൽ മതി നീ നിനക്ക് എന്ത് ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ അപ്പോൾ സാധിച്ചു തരും എന്നെല്ലാം പറഞ്ഞു അവളെ സോപ്പിട്ട് വച്ചിരിക്കുകയായിരുന്നു അയാൾ…

വെറുതെ അവളോട് ഒന്ന് ചോദിച്ചു നോക്കി അങ്ങനെ ജീവിക്കാനാണോ ഇഷ്ടം എന്ന്??

അതിന്റെ ഉത്തരം നൽകാൻ അവൾക്കോട്ടും ആലോചിക്കേണ്ട ആയിരുന്നു അല്ല എന്ന് വേഗം തന്നെ അവൾ പറഞ്ഞു കാരണം അവൾക്ക് ഒരിക്കലും അയാളുടെ അടിമയായിരിക്കാൻ മോഹമില്ലായിരുന്നു…

ഈ തേനിൽ പുരട്ടി പറഞ്ഞതൊക്കെയും അയാളുടെ തീരുമാനങ്ങൾ മാത്രമായിരുന്നു ഇനി അവളുടേത് അത് അനുസരിക്കുക എന്ന ഒരു കർത്തവ്യം മാത്രം…

ഇനിയങ്ങോട്ടും തന്റെ വിധി ഇതുതന്നെയാകും എന്ന് അവൾ ബുദ്ധിപൂർവ്വം ചിന്തിച്ചു അതാണ് ഇപ്പോൾ എന്നെ വിളിക്കാൻ കാരണം..

പഠിക്കണം എന്ന് പറഞ്ഞ് വീട്ടിൽ നിർബന്ധിക്കാൻ അവളോട് ഞാൻ പറഞ്ഞു…

അവൾക്ക് അവിടെ നിന്നും ഇറക്കി വിടുമോ എന്ന പേടിയായിരുന്നു എങ്കിൽ ഞാനുണ്ട് അവളുടെ കൂടെ എന്ന് പറഞ്ഞ് ധൈര്യം നൽകി…. പറഞ്ഞതുപോലെ അവൾ ചെയ്തു..

അവർ അവളുടെ ഭർത്താവിനോട് കാര്യങ്ങളെല്ലാം പറഞ്ഞു. കുറേ തേൻ പുരട്ടിയ വാക്കുകൾ കൊണ്ട് അവളെ അയാൾ തളച്ചിടാൻ നോക്കി പക്ഷേ അതിലൊന്നും അവൾ വീണില്ല അവൾക്ക് പഠിക്കണം എന്ന് ഒറ്റ കാര്യത്തിൽ തന്നെ ഉറച്ചുനിന്നു….

അതോടെ അയാളുടെ ഭാവം മാറി പഠിക്കാൻ ആണെങ്കിൽ പിന്നെ വീട്ടിൽ തന്നെ നിന്ന് പഠിച്ചോളാൻ അയാൾ പറഞ്ഞു…

അതിന് തയ്യാറാണ് എന്ന് പറഞ്ഞപ്പോൾ പിന്നെ അയാളുടെ പത്തിതാണു..

ഒടുവിൽ വീട്ടിലേക്ക് വന്നോളൂ പഠിപ്പിച്ചോളം എന്ന് ഉറപ്പു കൊടുത്തിട്ട് മാത്രമാണ് അവൾ അവിടെനിന്നും അയാളുടെ വീട്ടിലേക്ക് മടങ്ങിയത്…

അതിനടുത്ത ദിവസം മുതൽ അവൾ ക്ലാസിന് വരാൻ തുടങ്ങി… കോളേജിൽ എത്തിയപ്പോൾ ആദ്യം തന്നെ ചെയ്തത് ഓടിവന്ന് എന്നെ കെട്ടിപ്പിടിക്കുകയാണ്…

“” ഭർത്താവിന്റെ തണലിൽ അവരുടെ മുന്നിൽ കൈ നീട്ടി കുറെ ജീവിതം കണ്ടതാ ടീച്ചറെ… എന്റെ അമ്മയുടെ… ചേച്ചിയുടെ… അതിലൊരാളാകാൻ എനിക്ക് മനസ്സില്ലാത്തതുകൊണ്ട് മാത്രമാണ് ഞാൻ ടീച്ചറെ വിളിച്ചത്….”””

അത് പറഞ്ഞപ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു ഞാൻ അവളെ ചേർത്തുപിടിച്ച് പറഞ്ഞു ആര് ഒറ്റപ്പെടുത്തിയാലും ഞാൻ ഉണ്ടാകും എന്ന്….

ആവശ്യമായ വിദ്യാഭ്യാസം കിട്ടേണ്ടത് ഓരോരുത്തരുടെയും അവകാശം ആണ്… അതിൽ ആർക്കും ഒന്നും ചെയ്യാൻ ആവില്ല എന്ന്….

അന്നേരം ആശ്വാസത്തോടെ അവൾ ഒരു ദീർഘനിശ്വാസം എടുത്തിരുന്നു….