ഇനിയൊരു വിവാഹം ഒരിക്കലും ആഗ്രഹിച്ചതല്ല ഞാനും, പക്ഷെ ഇപ്പോ ഇതാണ്..

(രചന: നിഹാരിക നീനു)

“ഇനിയൊരു വിവാഹം ഒരിക്കലും ആഗ്രഹിച്ചതല്ല ഞാനും.. പക്ഷെ ഇപ്പോ ഇതാണ് ശരിയെന്ന് തോന്നുന്നു… ഒറ്റക്കായി മടുത്തു… ഇനിയെല്ലാം ശ്രീപ്രിയക്ക് തീരുമാനിക്കാം”

മിഴി പിടഞ്ഞവൾ കേട്ടു നിന്നു എല്ലാം ..
സംസാരിച്ച് അകന്നു പോകുന്നവനെ നോക്കി…

ദേഹം തളരുന്ന പോലെ…. ഇരുന്ന് മേശപ്പുറത്ത് വച്ച ഫ്രെയിം ചെയ്ത ഫോട്ടോയിലേക്ക് നോക്കി…

ഒരു മൂന്നുവർഷത്തിന് മുമ്പ് എടുത്ത തൻ്റെ വിവാഹ ഫോട്ടോ .. നന്ദേട്ടനൊപ്പം, എന്ത് സന്തോഷാണ് രണ്ടു പേരുടേയും മുഖത്ത്….

ബി യെഡിന് പഠിച്ച് കൊണ്ടിരിക്കുമ്പോഴാ ആ ആലോചന വന്നത്, ബാങ്കുദ്യോഗസ്ഥനായ നന്ദഗോപൻ, സുമുഖൻ, സുന്ദരൻ… ‘

അധികം വൈകാതെ വിവാഹവും …..

ഒരു പാവമായിരുന്നു നന്ദേട്ടൻ, പുള്ളിയേക്കാൾ തന്നെ സ്നേഹിച്ചു …. ഒന്നിനും ഒരു കുറവും വരുത്താതെ ….

പക്ഷെ അധികനാൾ അത് നീണ്ടു നിന്നില്ല.. ഒന്നര മാസം കഴിഞ്ഞപ്പോൾ നന്ദേട്ടന് വിട്ടുമാറാത്ത പനി… ബ്ല ഡിൽ ഒരു തരം കാ ൻസറാണെന്നും സ്റ്റേജുകൾ ഒത്തിരി പിന്നിട്ടെന്നും അറിഞ്ഞു,

പ്രാർത്ഥനകൾക്കും മരുന്നുകൾക്കും ഒന്നും തിരികെ തരാൻ കഴിഞ്ഞില്ല ആ ജീവൻ ….’

ഒടുവിൽ ഈ മടിയിൽ കിടന്ന്…. തകർന്നു പോയിരുന്നു അതിൽ പിന്നെ, എല്ലാരും നിർബന്ധിച്ചാണ് അടുത്തുള്ള പ്രൈവറ്റ് സ്കൂളിൽ പോയി തുടങ്ങിയത്,

കുഞ്ഞുങ്ങളുടെ ചിരിയും കളിയും വിഷമങ്ങൾ ഒത്തിരി മാറ്റിയെടുക്കാൻ സഹായിച്ചു….

ഇതിനിടയിൽ ഒരു കുഞ്ഞിനോട് തോന്നിയ ഒരു പ്രത്യേക വാൽസല്യം അതാണ് ഇന്ന് ഈ പുതിയ കല്യാണ ആലോചന വരെ എത്തി നിൽക്കുന്നത് …

എന്നും വാടി തളർന്ന് ക്ലാസിലിരിക്കുന്ന സുന്ദരിക്കുട്ടിയോട് എന്താ ഒരുഷാറില്ലാത്തെ എന്ന് ചോദിച്ചപ്പഴാ അവൾ പറഞ്ഞത് ,

“ഇന്ന് ഒന്നും കഴിച്ചില്ല ”

എന്ന്,

ഇത്രേം വലിയ ഫീസ് ഉള്ള സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടി ഇല്ലായ്മ കൊണ്ടല്ല രാവിലെ കഴിക്കാത്തത് എന്ന് മനസിലായി…

ഇൻ്റർവെൽ സമയത്ത് സ്റ്റാഫ് റൂമിൽ കൊണ്ട് ചെന്ന് മെല്ലെ ചോദിച്ചപ്പഴാ അവൾ പറഞ്ഞത്,

“അമ്മയില്ല, രാവിലെ ബ്രഡ്ഡോ മാഗിയോ മാത്രേ ഉണ്ടാവൂ.. അത് ക്ക് ഇഷ്ടല്ല അപ്പോ തിന്നാറില്ല ”

എന്തോ അത് കേട്ട് വല്ലാത്ത ഒരു നൊമ്പരം, കാൻ്റീനിൽ കൊണ്ടുപോയി ഒരു ദോശ മേടിച്ച് വായിൽ വച്ച് കൊടുത്തു….

”ചട്നി വേണ്ട എരിയും” എന്ന് പറഞ്ഞപ്പോൾ ആ മുഖം നിറയെ കുട്ടി കുറുമ്പായിരുന്നു ..

പിന്നെ അവൾക്കായി ഒരു പൊതി കരുതാൻ തുടങ്ങി… ഞങ്ങൾ തമ്മിൽ ഒത്തിരി അടുത്തു അമ്മയും കുഞ്ഞുമെന്ന പോലെ,

ഒരു ദിവസം അവളുടെ അച്ഛൻ കാണാൻ വന്നു…

“സായന്ത് പ്രസാദ് ”

കേരളത്തിലെ തന്നെ നമ്പർ വൺ കൺസ്ട്രക്ഷൻ കമ്പനികളിൽ ഒന്നിൻ്റെ തലവൻ …

” ശ്രീ പ്രിയ മിസ് അല്ലേ?” എന്ന് വളരെ വിനയത്തിൽ ചോദിച്ചു…

” അതേ ” എന്നു പറഞ്ഞപ്പോൾ,

“നൈതിക സായന്തിൻ്റെ പപ്പയാണ് ” എന്നു പറഞ്ഞു …

“മോൾ…. അവൾ എങ്ങനെയുണ്ട്”

പിന്നെ നിർത്താതെ ഞാൻ അവളെ കുറിച്ചു പറഞ്ഞു കൊണ്ടേയിരുന്നു…

വിടർന്ന മിഴിയാലെ എന്നെ മാത്രം നോക്കി അവളുടെ പപ്പ നിന്നു…

ചെറുചിരി ആ മുഖത്ത് സ്ഥാനം പിടിച്ചപ്പഴാണ് ഞാൻ നോൺസ്റ്റോപ്പായി ഇതുവരെയും സംസാരിക്കുകയായിരുന്നു എന്ന് മനസിലായത് …..

ചമ്മലോടെ നിന്നപ്പോൾ പതിഞ്ഞ ശബ്ദത്തിൽ

“താങ്ക്സ് ” എന്ന് പറഞ്ഞിരുന്നു അയാൾ….

” ഉം’??

നന്ദി എന്തിനാന്നറിയാതെ ചോദ്യഭാവത്തിൽ മൂളിയപ്പോൾ

“ഇനിയൊരു വസന്തം എനിക്കും കുഞ്ഞി, ഐ മീൻ നൈതികക്കും ജീവിതത്തിൽ ഉണ്ടാവില്ല എന്ന് കരുതിയതാ.. ആ ധാരണയാ ഇപ്പോ ടീച്ചറായിട്ട് തിരുത്തിയത് ” ”

എന്ന് മറുപടി തന്നു…

അതിന് ശേഷം ആണ് ഈ വിവാഹാലോചന…

നന്ദേട്ടൻ്റെ ഓർമ്മകളിൽ നിന്ന് മറ്റൊരിടത്തേക്ക് പറിച്ച് നടാൻ വയ്യ… അപ്പഴും നൈതിക എന്ന കുരുന്നിൻ്റെ മുഖം തെളിഞ്ഞു ഇടക്ക് മനസ്സിൽ ….

എങ്കിലും വേണ്ട ഇനിയൊരു വിരലാലേ സീമന്തരേഖ ചുവക്കണ്ട… എന്നു തീരുമാനിച്ചു…

മകളുടെ ജീവിതം പാതിയിൽ കൈവിട്ട് പോയത് കണ്ട് നെഞ്ച് നീറി കഴിഞ്ഞ ഒരമ്മയും അച്ഛനും പ്രതീക്ഷയോടെ വാതിൽക്കൽ വന്ന് ഉറ്റ് നോക്കി…

ഒന്നും മിണ്ടാനില്ലായിരുന്നു ആരോടും …

പിറ്റേ ദിവസം സ്കൂൾ വിട്ട് വീട്ടിലേക്ക് നടക്കും വഴി കണ്ടു
കാറുമായി സായന്ത്”””

” ശ്രീ പ്രിയയോട് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു വിരോധമില്ലെങ്കിൽ ……”

എന്തോ അയാൾക്ക് പറയാനുള്ളത് കേൾക്കാനായിരുന്നു മനസ് പറഞ്ഞത് …

ഒന്നിനു പുറകേ ഒന്നായി വരുന്ന തിരമാലകളുടെ മുന്നിൽ അവയെ നോക്കി നിന്നു, അയാൾക്ക് പറയാനുള്ളത് കേൾക്കാൻ ….

“സ്വന്തം കൂട്ടുകാരനൊപ്പം ഇറങ്ങിപ്പോയ ഭാര്യ കാരണം സകല സ് ത്രീകളെയും വെ റുത്തിരുന്നു ഞാൻ….

എല്ലാവരിലും അവളെയായിരുന്നു കണ്ടത്.. അങ്ങനെയല്ല എല്ലാവരും വ്യത്യസ്തരാണ് എന്ന് മനസിലാക്കി തന്നത് തൻ്റെ പ്രവൃത്തികളാണ്…

വന്നുടെ തനിക്ക് എൻ്റെ ഭാര്യയായി കുഞ്ഞിടെ അമ്മയായി….. സഹതാപം കൊണ്ടല്ലടോ… ശരിക്കും മോഹം ഉള്ളത് കൊണ്ടാ….. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ..”

എന്തു പറയണം എന്നറിയാതെ ഉരുകി ….

” ഞാൻ.. എനിക്ക് … എൻ്റെ നന്ദേട്ടൻ ……”

പൊട്ടിപ്പോയിരുന്നു അത്രയും പറഞ്ഞപ്പോൾ ..

” ഇങ്ങനെ ഉരുകി ഉരുകി തീർന്നാൽ തൻ്റെ നന്ദേട്ടന് ശാന്തി കിട്ടുമോ? പോയവർ പോയി… ശ്രീ, ഇനിയും ഭൂതകാലമോർത്ത് ജീവിക്കുന്നവർ വിഡ്ഢികളാണ് …..

ഒരച്ഛനും മകൾക്കും തനിക്ക് ജീവിതം തരാൻ കഴിയുമെങ്കിൽ അത് ചെയ്തൂടെ? എത്രനാള് വേണമെങ്കിലും എടുത്തോളൂ … ചിന്തിച്ച് ഒരു തീരുമാനത്തിലെത്തു…. ഞങ്ങൾ കാത്തിരുന്നോളാടോ…. ”

വല്ലാത്ത ഒരു പ്രതിസന്ധിയിൽ ഇട്ട് ആ കൂടിക്കാഴ്ച അവസാനിച്ചു….

ഒടുവിൽ എല്ലാവർക്കും വേണ്ടി വീണ്ടും നിറമുള്ള പട്ടുസാരി അണിഞ്ഞു…
മുല്ലപ്പൂവ് ചൂടി .. ഒറ്റപ്പെട്ടു പോയ ഒരച്ഛനും മകൾക്കും തുണയായി ……

ഇന്നവർ രണ്ടു പേരും സ്നേഹിച്ചു കൊല്ലുമ്പോൾ ഓർക്കും ഇത്തിരി വേദന സഹിച്ചും ചിലപ്പോൾ കൈക്കൊള്ളുന്ന തീരുമാനങ്ങൾ പിന്നീട് മധുരം നിറക്കാനാവും എന്ന്….

Leave a Reply

Your email address will not be published. Required fields are marked *