വേറെ പെൺകുട്ടികളോട് സിദ്ധു എന്തേലും മിണ്ടുന്നത് കൂടി സഹിക്കാൻ..

വിപഞ്ചിക
(രചന: നിഹാരിക നീനു )

“ഞാൻ…. ഞാൻ നാളെ കൊച്ചിയിൽ വരുന്നുണ്ട്, നെടുമ്പാശ്ശേരി… ചേച്ചി വരുവാ.. കുവൈറ്റിൽ നിന്ന് ”

“ഉം ” ഒന്നു മൂളുക മാത്രം ചെയ്തപ്പോൾ ശരിക്കും ദേഷ്യം വന്നു വിപഞ്ചികക്ക്… അങ്കമാലി അടുത്താണ് സിദ്ധാർത്ഥിന് ജോലി…. ഒന്നു ശ്രമിച്ചാൽ തന്നെ കാണാൻ എത്താവുന്നതാണ്,

വരാൻ പറ്റില്ലെങ്കിലും വരാൻ ശ്രമിക്കാം എന്നെങ്കിലും ഒന്നു കേൾക്കാൻ കൊതിച്ചു എന്നത് സത്യമാണ്…

പക്ഷെ നീ വരുമോ? എന്ന് സിദ്ധുവിനോട് ചോദിക്കാൻ എന്തോ അഭിമാനം സമ്മതിച്ചില്ല…

അവനെ കാണാൻ എനിക്കത്രക്ക് മോഹമാണെന്ന് അങ്ങനെ അവൻ അറിയണ്ട… പിന്നെ ഒന്നും പറയുന്നില്ല എന്ന് കണ്ട് ..

“ശരിട്ടോ ” എന്ന് പറഞ്ഞ് കട്ട് ചെയ്യുമ്പോഴും കേട്ടു, ഗൗരവത്തിൽ ഒരു മൂളൽ..

” ആളുകൾക്ക് ഇത്രേം അഹങ്കാരം പാടില്ല ”

എന്ന് കട്ട് ചെയ്തതിന് ശേഷം സ്വയം പറഞ്ഞു, പരിചയപ്പെട്ടത് മുതൽ മനസിൽ കയറിക്കൂടിയതാണ് സിദ്ധു ….

എന്നോ ഒരിക്കൽ ഒരു ഫങ്ങ്ഷനിൽ വച്ച് പരിചയപ്പെട്ടതാണ്… പിന്നെ ഫ്രണ്ട്സ് എല്ലാം കൂടി ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തു,

എന്തോ ഈയൊരാൾ മാത്രം ഉള്ളിൽ കയറിപ്പോയിരുന്നു …

പേഴ്സണലായി ഒരു Hi അയച്ചു, റിപ്ലെ പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല, പക്ഷെ കണ്ടു എന്ന് ഉറപ്പായിരുന്നു ..

അയക്കാൻ തോന്നിയ നേരത്തിനെ ശപിച്ചു … ആൾടെ മുന്നിൽ ചെറുതായപോലെ, ചെറിയ ഒരു പരിഭവത്തോടെ, നോവോടെ ആ സംഭവം മറന്നു …

ഗ്രൂപ്പിൽ എന്നോ ചോദിച്ചൊരു ചോദ്യത്തിന് ആൾ പേഴ്സണലായി റിപ്ലെ തന്നു, പിന്നെ അതിൽ പിടിച്ച് കയറി വഗ്വാദങ്ങൾ’ അത് പതിയെ സൗഹൃദത്തിന് വഴിതെളിച്ചു…

പിന്നീടെപ്പഴോ എൻ്റെ മനസിൽ അതൊരു സൗഹൃദത്തിലും ഉപരിയായി …..

വേറെ പെൺകുട്ടികളോട് സിദ്ധു എന്തേലും മിണ്ടുന്നത് കൂടി സഹിക്കാൻ പറ്റാതെ വന്നപ്പഴാണ് സ്വയം ഒന്നു വിലയിരുത്തിയത്…

അല്ല എന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിലും ശക്തമായി ഉള്ളിൽ നിറഞ്ഞത് പ്രണയമായിരുന്നു,

തിരിച്ച് അങ്ങനെ കണ്ടിട്ടുണ്ടാവുമോ എന്ന് ഉള്ളിൽ ഒരു പേടി, അതുകൊണ്ട് തന്നെ സ്വയം ഒതുങ്ങി …

ഒരു ജോഡി വെള്ളി കൊലുസ്സിൻ്റെ ഫോട്ടോ അയച്ച് എങ്ങനെയുണ്ടെന്ന് ചോദിച്ചു…

നിറെ മുത്തുകൾ ഉള്ള ചിലങ്ക പോലെ ചിലുങ്ങുന്ന പാദസരം…

” നല്ലതാ” എന്ന് പറയുമ്പോഴും ഇതാർക്കാ എന്ന് ഒരായിരം വട്ടം ചിന്തിച്ചു…

കൂടുതൽ ഒന്നും ചിന്തിക്കേണ്ടി വന്നില്ല,

“ഇത് രേണുവിനാ അവൾടെ ബർത്ത് ഡേക്ക് എൻ്റെ ഗിഫ്റ്റ് ” എന്ന് പറഞ്ഞപ്പോൾ മിഴികൾ നിറഞ്ഞ് വന്നു…

കാരണം അങ്ങനെയാർക്കും ഗിഫ്റ്റ് ഒന്നും വെറുതേ വാങ്ങിച്ച് കൊടുക്കാത്ത പ്രകൃതമാണ് സിദ്ധുവിനെന്ന് ഇതിനിടക്ക് മനസിലായിരുന്നു….

ഇതപ്പോൾ ഇത്തിരി സ്പെഷ്യൽ ആയ ആരോ ആണെന്നും …..

” രേണു ” നോവുന്ന മനസിൽ അറിയാത്ത ആ പേരിൻ്റെ ഉടമയോട് ദേഷ്യം തോന്നുന്നതറിഞ്ഞു,

“ന്തിനാ കൊലുസ്സൊക്കെ വാങ്ങി കൊടുക്കണേ അതും പെൺകുട്ട്യോൾക്ക് എന്ന് ” കുശുമ്പു സഹിക്കാഞ്ഞാ ചോദിച്ചത് …

” അവളെൻ്റെ കുഞ്ഞിപെങ്ങളല്ലേ, യൂകെജി ക്കാരി..

എന്നു പറഞ്ഞപ്പോഴാ ശ്വാസം നേരേ വീണത്…

“നീയെന്തിനാ ഇതിന് ടെൻഷനായേ വിഭാ?”

എന്നു ചോദിച്ചപ്പോൾ മറുപടിയുണ്ടായിരുന്നില്ല ….

മൗനത്തെ ഭേദിച്ച് ആള് തന്നെ ചോദിച്ചു, “ഡു യു ലവ് മീ വിപഞ്ചിക ??” എന്ന്,

ഇത്തവണ എനിക്കും മൂളാൻ മാത്രമേ ഉണ്ടായിരുന്നുള്ളു… തിരിച്ച് സിദ്ധു എന്തു പറയും എന്നായിരുന്നു ടെൻഷൻ മുഴുവൻ …..

“വിഭാ, എനിക്ക് നിന്നെ ഇഷ്ടമാണ് പക്ഷെ അത് നീ വിചാരിക്കും പോലൊരു ഇഷ്ടമല്ല… മറ്റൊരു പെണ്ണിൻ്റെ ഓർമ്മകൾ മായാതിപ്പഴും ഉള്ളിൽ കിടക്കുന്നുണ്ട്… അവിടെ പകരം നിന്നെ കാണാൻ കഴിയുന്ന അന്ന് നിന്നോട് ഞാനാ വാക്കുകൾ പറയും ”

എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു …..

അന്നു തുടങ്ങിയ കാത്തിരിപ്പാണ് …. കാണാൻ മോഹം തോന്നുമ്പോൾ ഇതുപോലെ ഓരോന്ന് പറയും അവിടെ വരുന്നുണ്ട് ഇവിടെ വരുന്നുണ്ട് എന്നൊക്കെ…

എത്രമാത്രം തിരക്ക് ഉണ്ടെങ്കിലും ഒരു നോക്ക് കാണാൻ എത്തും എന്ന് ഉറപ്പായിരുന്നു …

ഇത്തവണയും അത് സംഭവിച്ചു,

അറൈവൽ എന്ന് എഴുതിയിടത്ത് ചേച്ചിക്കായി കാത്തിരിക്കുമ്പോൾ മിഴികൾ എന്തിനോ ആയൊരാൾക്കായി തേടി നടന്നു… ഒടുവിൽ ദൂരെ ഹാൻ്റ് റെയിലിൽ ചാരി കൈ കെട്ടി നിൽക്കുന്നവനിൽ പോയി നിന്നു…

സന്തോഷം മിഴി നിറച്ചത് ആരും കാണാതിരിക്കാൻ ഇത്തിരി പാട് പെടേണ്ടി വന്നു… ചേച്ചി എത്തിയിട്ടും വണ്ടിയിൽ കയറി ദൃഷ്ടിയിൽ നിന്ന് മായും വരെയും മിഴി നിറച്ച് കണ്ടു…

ഒടുവിലൊന്ന് മിഴി നനഞ്ഞും…

പരീക്ഷച്ചൂടിൽ വിളിക്കില്ല വെക്കേഷൻ തുടങ്ങിയാലേ ഇനി വിളിക്കൂ എന്ന് പറഞ്ഞപ്പോൾ ഇച്ചിരി പരിഭവിച്ചാണ് ഒന്നു മൂളിയത്….

വിളിക്കാത്ത ദിവസങ്ങൾ വല്ലാത്ത വിരസത നൽകി കടന്ന് പോയി,

ഒരു ദിവസം അമ്മയാ പറഞ്ഞത് , ഒരു കൂട്ടര് നിന്നെ കാണാൻ വന്നിട്ടുണ്ട്
ഒരുങ്ങി വാ എന്ന്…..

നെഞ്ചിൽ എന്തോ എടുത്തു വച്ച പോലെ, സിദ്ധുവിൻ്റെ മുഖം മനസിൽ തെളിഞ്ഞു…. ആർത്തലച്ച് ഒരു കരച്ചിൽ തൊണ്ടക്കുഴി വരെ വന്ന് നിന്നു…

ഫോണിൽ അവൻ്റെ നമ്പർ ഡയൽ ചെയ്തപ്പോൾ, രണ്ട് റിംഗ് ചെയ്തത് ബിസിയായി, . വീണ്ടും വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ….

ശ്വാസം വിലങ്ങിയാണ് മുന്നിൽ പോയി നിന്നത് ആരേം നോക്കാതെ തിരിഞ്ഞ് നടന്നപ്പോൾ

ഒരാൾ പുറകേ വന്നിരുന്നു…

“ടോ…. ഒന്ന് നോക്കടോ ”

എന്ന് പറഞ്ഞ്….

” സിദ്ധു …. ”

എല്ലാം കൂടെ പൊട്ടിപ്പോയി ഞാൻ,
ആ നെഞ്ചിലേക്ക് വീണ് ഏങ്ങലടിച്ചപ്പോൾ ഒരു കയ്യാലെ മെല്ലെ പുറത്ത് താളം പിടിച്ചിരുന്നു ആശ്വസിപ്പിക്കാനെന്നവണ്ണം ..

ഇത്തിരി കഴിഞ്ഞപ്പഴാ സ്വബോധം വന്നത്… ജാള്യതയോടെ നെഞ്ചിൽ നിന്ന് മാറിയപ്പോൾ ആ മുഖത്ത് നേരിയ ഒരു കുസൃതിച്ചിരി കാണായി,

” ഇപ്പോ ആ മനസിൽ ഞാനുണ്ടോ?” എന്ന് എങ്ങോ നോക്കി കുറുമ്പ് ചോദിച്ചപ്പോൾ,

“ഇപ്പോ താനേ ഉള്ളൂ, താൻ മാത്രേ ഉള്ളൂ, എന്ന് മറുപടി തന്നിരുന്നു…

അത് കേട്ട് മനസ് ഒരായിരം ചിറക് വച്ച് പറന്നിരുന്നു സന്തോഷത്തിൻ്റെ ഉന്നതിയിലേക്ക് ….

ഇനി കാത്തിരിപ്പാണ്, സിദ്ധുവിൻ്റെ മാത്രമാവാൻ … ആ താലിയേറുന്ന നാളിനായി…. പ്രണയം അത് സത്യമാണെങ്കിൽ എന്നായാലും സ്വന്തമാകുക തന്നെ ചെയ്യും…

Leave a Reply

Your email address will not be published. Required fields are marked *