അതെ അച്ഛാ, പരസ്പരം അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലെങ്കിൽ കുറ്റപ്പെടുത്തി..

പറയുവാനാവാതെ
(രചന: Sarya Vijayan)

“Are you sure?”

“Yes, അച്ഛാ, ഇനി ഇതിൽ മാറ്റമൊന്നുമില്ല?”

“ഇപ്പോ ഇങ്ങനെ ഒരു ഡിവോഴ്‌സ് വേണ്ടിയായിരുന്നുവെങ്കിൽ.. പിന്നെന്തിനായിരുന്നു മോളെ?” അയാൾ ദയനീയമായി അവളെ നോക്കി.

“എന്തേ? നിർത്തിയത്… എന്തിനായിരുന്നു?….

“ദേവിനെ വേണമെന്നു വാശി പിടിച്ചത് എന്നാണോ?”

“ചെറുപ്പത്തിൽ പറ്റിയ ഒരു കൈയ്യബദ്ധമായിരുന്നു, അവനെന്ന് നിനക്കിപ്പോൾ തോന്നുന്നുണ്ടോ?”

അത്രയും നേരം മുഖം നൽകാതെ തിരിഞ്ഞു നിന്ന് സംസാരിച്ച അവൾ പെട്ടെന്നു തിരിഞ്ഞു നോക്കി.

“നോ…ഒരിക്കലും തോന്നിയിട്ടില്ല…”

കണ്ണുകളിൽ നിന്ന് രണ്ടുതുള്ളി കണ്ണുനീർ അടർന്നു താഴേയ്ക്ക് വീണു.

“തോന്നിട്ടില്ല…തോന്നിട്ടില്ല..”

“പിന്നെന്തിനാ മോളെ.”

“അന്നെനിക്ക് അങ്ങനെ തോന്നിയില്ലായിരുന്നെങ്കിൽ അച്ഛനോളം നല്ലൊരു അച്ഛനെ എനിക്ക് കിട്ടിയത് പോലെ എന്റെ മക്കൾക്ക് കിട്ടില്ലായിരുന്നു.”

“ആ മക്കൾക്ക് വേണ്ടിയാ ഞാൻ പറയുന്നത്, എപ്പോഴെന്തിനാ നിനക്ക് ഒരു ഡിവോഴ്‌സ്.”

“ലോകത്തിലെ ഏറ്റവും നല്ല അച്ഛനും, ഏറ്റവും നല്ല ഭർത്താവും ഒരാൾ ആവുകയെന്നത്, വലിയ പാടുള്ള കാര്യമാണല്ലേ.”

നിർവികാരതയോടെ പറഞ്ഞു കൊണ്ടവൾ അകത്തേയ്ക്ക് കയറി പോയി.

മൊബൈൽ റിങ് കെട്ടവൾ തലയിണയിൽ നിന്നും മുഖമുയർത്തി. ഫോണെടുത്തു ചെവിയോട് ചേർത്തു.

മറുതലയ്ക്കൽ

“ഹലോ, ദയ നിനക്ക് എന്താപറ്റിയത്.”

“ഉം …..”

“നീ എന്താ ദയ ഒന്നും മിണ്ടാത്തത്, അങ്കിൾ ഇപ്പോൾ എന്നെ വിളിച്ചിരുന്നു. ഡിവോഴ്‌സിന്റെ കാരണം ചോദിച്ചു. ഞാൻ അറിയില്ലയെന്ന് പറഞ്ഞു വച്ചു.”

“ഉം…..”

“ഇങ്ങനെ മൂളി കൊണ്ടിരിക്കാതെ നീ എന്തെങ്കിലും ഒന്നും പറ ദയ. എന്നോട് …
വേണ്ട നിന്റെ അച്ഛനോടു പോലും പറയാൻ പറ്റാത്ത എന്ത് കാരണമാണ് നീ ദേവിനെ വേണ്ടെന്ന് പറയാൻ.”

“വിദ്യ, പ്ലീസ് ലീവ് മീ എലോൺ. ഞാനും ദേവും പിരിയുന്നത് മ്യുചൽ അണ്ടർസ്റ്റാൻഡിലാണ്. അതിന് ഞങ്ങൾക്ക് ഞങ്ങളുടേതായ പല കാരണങ്ങളും ഉണ്ടായിരിക്കും.”

ഫോൺ കട്ട് ചെയ്തവൾ കിടക്കയിൽ നിന്നും എഴുന്നേറ്റു പുറത്തേയ്ക്ക് വന്നു. ഡൈനിങ് റൂം കടന്നു ഹാളിലെത്തി.

സെറ്റിയിൽ തലയിൽ കൈവച്ചു തറയിലേയ്ക്ക് നോക്കിയിരുന്ന അയാളുടെ അടുത്ത് വന്നിരുന്നു. കൈകളിൽ പിടിച്ചു.

“അച്ഛാ, പ്ളീസ് ഞാൻ പറഞ്ഞിരുന്നതല്ലേ കാരണം എന്നോട് ചോദിക്കരുതെന്ന്.”

“അപ്പോ നിന്റെ കുഞ്ഞുങ്ങളോ? അവരെ കുറിച്ച് നിനക്കൊരു ചിന്തയുമില്ലേ.”

അദ്ദേഹത്തിന്റെ കൈകൾ രണ്ടും കൈകളിൽ കൂട്ടി പിടിച്ചു ദയനീയമായവൾ നോക്കി.

“അവർക്ക് വേണ്ടിയാണിത്.”

“അവർക്ക് വേണ്ടിയോ?”

“അതെ, എന്റെ മക്കൾ ഇപ്പോൾ ചെറിയ കുഞ്ഞുങ്ങളാണ്. എന്നാൽ ഓരോ ദിവസവും അവർ വളരുകയാണ്. അവർക്ക് ചുറ്റും നടക്കുന്ന ഓരോ കാര്യങ്ങളും അവർ ഒന്നൊന്നായി മനസിലാക്കി വരുകയാണ്.

ഇനിയും ഞാനും ദേവും ഒരുമിച്ചു ജീവിച്ചാൽ ഞാൻ ഈ ലോകത്തെ ഏറ്റവും പരാജിതയായ അമ്മയും ദേവും പരാജിതനായ അച്ഛനുമാവും.”

“നീ എന്തൊക്കെയാ മോളെ ഈ പറയുന്നത്..”

“അതെ അച്ഛാ, പരസ്പരം അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലെങ്കിൽ കുറ്റപ്പെടുത്തി ജീവിക്കുന്നതിലും നല്ലതല്ലേ പിരിയുന്നത്.”

“മോളെ നീ.”

“അതെ, ഇനിയും ഒരുമിച്ചു ജീവിച്ചാൽ ഞാൻ എന്റെ കുട്ടികൾക്ക് മുന്നിൽ അഭിനയിക്കേണ്ടി വരും. അവരുടെ അമ്മയായ ഞാൻ തന്നെ അവർക്ക് മുന്നിൽ അഭിനയിച്ചു ജീവിച്ചാൽ.

ഒരിക്കൽ ഇതെല്ലാം വെറും അഭിനയമായിരുന്നെന്ന് അവർ മനസിലാക്കിയാൽ ഞാൻ അവർക്ക് മുന്നിൽ ആരുമല്ലാതായി മാറും.”

“നീ എന്തൊക്കെയാ ഈ പറയുന്നത്.”

“ഞാൻ അച്ഛനെ കുറ്റപ്പെടുത്തുകയല്ല, പല കാര്യങ്ങളിലും എനിക്ക് വേണ്ടിയായിരുന്നില്ലേ അച്ഛനുമമ്മയും ചേർച്ചയില്ലതിരുന്ന നിങ്ങളുടെ ജീവിതം കൊണ്ട് പോയത്. അമ്മ മരിക്കും വരെയും അങ്ങനെ ആയിരുന്നില്ലേ…”

തന്റെ നേർക്കു വിരൽ ചൂണ്ടുന്ന ആ ചോദ്യത്തിന് മുന്നിൽ ആ വൃദ്ധനു വാക്കുകൾ കിട്ടാതെയായി. പതുക്കെ അവിടെ നിന്നും എഴുന്നേറ്റു അകത്തേയ്ക്ക് പോയി.

അകത്തു ചില്ലിട്ടു വച്ചിരുന്ന ഭാര്യയുടെ ഫോട്ടോയ്ക്ക് മുന്നിൽ വന്നു നിന്നയാൾ നിശബ്ദതമായി കരഞ്ഞു.

“നീ ഇതൊക്കെ കേൾക്കുന്നുണ്ടോ??

നമ്മുടെ പരസ്പര സ്നേഹത്തിനിടയിൽ ഇടയ്ക്കിടെ കയറി വന്നിരുന്ന വാക്ക് തർക്കങ്ങൾക്ക് നമ്മുടെ മോളുടെ മുന്നിൽ ഞാൻ എന്ത് നിർവചനമാണ് നൽകേണ്ടത്.”

അയാളുടെ ആ ചോദ്യത്തിന് ഉത്തരമെന്നവണ്ണം അപ്പോഴും ആ ഫോട്ടോയിൽ അവർ പുഞ്ചിരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *