അമ്മേ ഞാനും ഗൾഫിൽ പോകുവാ, അമ്മയോട് അവന്റെ ആഗ്രഹം വെളിപ്പെടുത്തി..

ആവർത്തനങ്ങൾ
(രചന: Mejo Mathew Thom)

“അമ്മേ… എനിക്കും സ്കൂളിൽ പോകണം… എന്നെ എന്താ സ്കൂളിൽ വിടാത്തത്… ?”

രാവിലെ യൂണി ഫോമും ടൈയ്യും ടാഗും ബാഗും ഒക്കെ യായി സ്കൂളിൽ പോകാനിറങ്ങിയ ചേച്ചിയെനോക്കി മൂന്നുവയസ്സുകാരൻ കിച്ചുമോൻ അമ്മയോട് പരാതിപറഞ്ഞു

“അമ്മേടെ ചക്കരയെ അടുത്തവർഷം വിടല്ലോ… ”

കിച്ചുമോന്റെ കയ്യിൽപിടിച്ചു വീടിനകത്തേക്കുനടന്നുകൊണ്ടു അമ്മ പറഞ്ഞു..

പക്ഷെ കിച്ചുന് അതത്ര ബോധിച്ചില്ല കാരണം ചേച്ചിയുടെ സ്കൂളിലേക്കുള്ള പടപ്പുറപ്പാടും പിന്നെ സ്കൂൾവിട്ട് വന്നുകഴിഞ്ഞു പറയുന്നവിശേഷങ്ങളും കിച്ചുവിനെ എങ്ങനെയേലും സ്കൂളിൽ പോയാൽമതിയെന്ന ചിന്തയിലെത്തിച്ചു…

അവധി ദിവസങ്ങളൊഴിച്ചു രാവിലെകളിലുള്ള കിച്ചുവിനു സ്കൂളിപോകണമെന്നുള്ള അടങ്ങാത്ത ആശയിലുള്ള രോദനങ്ങളും അമ്മയുടെ സ്വാന്തനങ്ങളുമായി കാലചക്രം ഒന്ന് കറങ്ങിത്തിരിഞ്ഞെത്തി..

അങ്ങനെ നമ്മുടെ കിച്ചുവിനെയും സ്കൂളിൽ ചേർത്തു…

ബാഗ്…..ബുക്ക്‌…..പേന…. പെൻസിൽ എന്നുവേണ്ട പേരറിയുന്നതും അറിയാത്തതുമായ സകല പടക്കോപ്പുകളുമായി

അച്ഛന്റെ കയ്യുംപിടിച്ചു ചേച്ചിയുടെ മേൽനോട്ടത്തിൽ കിച്ചു തന്റെ ആഗ്രഹം പൂർത്തീകരിച്ചഭാവത്തിൽ സ്കൂളിലേക്ക് പ്രവേശിച്ചു..

പ്രേവേശനോത്സവത്തിന്റെ ഭാഗമായി അലങ്കരിച്ച ക്ലാസ്സ്മുറിയും പല വർണ്ണങ്ങളിലുള്ള ബാഗുകളും പുതിയ കൂട്ടുകാർ ഒക്കെകൂടെകണ്ടപ്പോൾ പള്ളിപെരുന്നാളിനുപോയ സന്തോഷത്തിലായി കിച്ചു..

പക്ഷെ ആ സന്തോഷത്തിന് അധികനാൾ ആയുസുണ്ടായില്ല.. ആദ്യനാളുകളിലെ ക്ലാസ്മുറിയുടെ വർണ്ണങ്ങൾ മങ്ങിത്തുടങ്ങി.. എഴുത്ത്… വായന…. പഠനം..

പരീക്ഷ തുടങ്ങിയ പുതിയപുതിയ ആചാരങ്ങൾ സ്കൂളിന്നും വീട്ടിൽനിന്നും കിച്ചുവിന്റെമേൽ അടിച്ചേൽപ്പിച്ചുതുടങ്ങി…

കിച്ചുവിലെ വായന മരിച്ചപ്പോൾ അധ്യാപകരുടെയും വീട്ടുകാരുടെയും വകയായി കിച്ചുവിൽ പുതിയ യാതനകൾ ജനിച്ചുതുടങ്ങി..

വേണ്ടിയിരുന്നില്ലന്ന് കിച്ചുവിന് തോന്നിത്തുടങ്ങി പക്ഷെ ഇനിയൊരു മോചനം വേണമെകിൽ ഒരു ജോലിവേണമെന്നു മനസിലായതോടെ പിന്നെയെല്ലാം യന്ത്രികമായിരിന്നു..

ആരുടെയൊക്കെയോ നിർദ്ദേശങ്ങളനുസരിച്ചു ചലിക്കുന്ന പാവയെപോലെ..

കാലചക്രണം പലതവണ കറങ്ങിത്തിരിഞ്ഞെത്തിയപ്പോൾ കിച്ചുവും ഒരു ജോലിക്കാരനായി..

പ്രൈവറ്റ് സ്ഥാപനത്തിലാണെങ്കിലും വലിയതട്ടുകേടില്ലാതെ ജീവിതം മുന്നോട്ടുപോകുന്നു..

ഇടയ്ക്കൊക്കെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത പോസ്റ്റിനുവേണ്ടിപോലും പി എസ് ‌ സി പരീക്ഷയെഴുതുന്നു..

അങ്ങനെ തരക്കേടില്ലാതെ കിച്ചുവിന്റെ ജീവിതം മുന്നിട്ടുപോകുമ്പോഴാണ് അവന്റെ അയൽവാസി ബഷീറിക്ക ഗൾഫിൽനിന്നു ലീവിന് വന്നത്…

അയാളുകൊണ്ടുവന്ന അത്തറിന്റെ മാസ്മരിക ഗന്ധവും അയാള്‌പറഞ്ഞ നിറംപിടിപ്പിച്ച കഥകളും കിച്ചുവിന്റെ മനസ്സിൽ ഗൾഫുകാരനാകണമെന്നുള്ള മോഹത്തിന് വിത്തുപാകി

“നിന്റെ പഠിപ്പിനും ജോലിക്കും ഗൾഫിലാഡാ സ്കോപ്പ് കൂടുതൽ”

എന്നുള്ള ബന്ധുക്കാരുടെയും ചില സുഹൃത്തുക്കളുടെയും പ്രോത്സാഹനം കൂടിയായപ്പോൾ കിച്ചു മനസ്സിൽ ഉറപ്പിച്ചു എങ്ങനെയേലും ഗൾഫുകാരനാകണം

“അമ്മേ..ഞാനും ഗൾഫിൽ പോകുവാ ” അമ്മയോട് അവന്റെ ആഗ്രഹം വെളിപ്പെടുത്തി..അത് അമ്മ അച്ഛന്റെ മുന്നിൽ അവതരിപ്പിച്ചോളും എന്ന പ്രപഞ്ചസത്യത്തിൽ വിശ്വസിച്ചുകൊണ്ട്…

“അതിനു ഇവിടെ ഇപ്പോൾ മോന് കുഴപ്പമൊന്നുമില്ലലോ പിന്നെന്തിനാ ഇപ്പോൾ ഗൾഫിൽ പോകുന്നേ… ?”

അമ്മയുടെ വാത്സല്യപൂർവമുള്ള പിന്തിരിപ്പിക്കലിനൊന്നും അവന്റെ മനസിലെ മോഹത്തിനെ അടക്കാനായില്ല…

ഒടുവിൽ കഷ്ടപ്പെട്ട് അവനും നേടിയെടുത്തു ഗൾഫിലേയ്ക്കൊരു വിസ..

തന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണം എന്നഭാവത്തിൽ വീട്ടുകാർക്കും നാട്ടുകാർക്കും കൂട്ടുകാർക്കും യാത്ര പറഞ്ഞു മുഖപുസ്തകത്തിൽ ട്രാവലിംഗ് മാപ്പും പോസ്റ്റു ചെയ്ത്

കിച്ചു വിമാനത്തിൽ കയറി സുന്ദരിമാരായ എയർഹോസ്റ്റസിന്റെ അകമ്പടിയോടെ കിച്ചു ഗൾഫിലേക്കു പറന്നുതുടങ്ങി..

വെള്ളിമേഘങ്ങളെ തഴുകി പറന്നുകൊണ്ടിരുന്ന വിമാനത്തിലിരുന്നു കിച്ചു ഉറക്കത്തിലേക്കു വഴുതിവീണു..

ഉറക്കത്തിനിടയിൽ സ്വപ്നച്ചിറകിലേറി ഒരു പഴയ കാഴച്ച കിച്ചുവിനു മുന്നിൽ തെളിഞ്ഞു

‘അച്ഛന്റെ കയ്യുംപിടിച്ചു ചേച്ചിയുടെ മേൽനോട്ടത്തിൽ താൻ ആദ്യമായി സ്കൂളിൽ പോയത് ‘

പെട്ടന്നാണ് ചെവിയിൽ ഒരു മധുരസ്വരം

“പ്ലീസ് വെയ്ക്അപ്പ്‌ സർ.. ലാൻഡിംഗ് നു സമയമായി ”

കിച്ചു ഞെട്ടി കണ്ണുതുറന്നു മുന്നിൽ ചായംപൂശിയ സുന്ദരി എയർ ഹോസ്റ്റസ് പുഞ്ചിരിതൂകി നിൽക്കുന്നു..

പക്ഷെ അപ്പോഴും കിച്ചുവിന്റെ മനസിൽ താൻകണ്ട സ്വപ്നത്തെ കുറിച്ചുള്ള ചിന്തയായിരുന്നു….

Leave a Reply

Your email address will not be published.