നമ്മുടെ തോമസുചേട്ടന്റെ രണ്ടാമത്തെ മകൾ ഒരു ചെറുപ്പക്കാരെന്റെയൊപ്പം ബൈക്കിൽ..

ചില മുന്നറിയിപ്പുകൾ ആവിശ്യമുണ്ട്
(രചന: Mejo Mathew Thom)

ജാതിമത വേർതിരിവില്ലാതെ അമ്പലമുറ്റത്തെ ആൽത്തറയിലിരുന്നു നാട്ടുവിശേഷങ്ങൾ പറഞ്ഞും..

പള്ളിപ്പറമ്പിൽ വോളിബോൾ കളിച്ചും ഓണവും ക്രിസ്‌തുമസും പെരുന്നാളുലും ഉത്സവങ്ങളും ഒരുമിച്ചാഘോഷിക്കുന്ന നാട്ടിൻപുറത്തെ നന്മ്മനിറഞ്ഞ ചില നല്ല ഗുണങ്ങളിലൂടെ ഒരു ചെറിയ യാത്ര….

“ശിവേട്ടാ… ഒരു കടുപ്പത്തിലൊരു ചായ…”

കടയുടെയുള്ളിലേയ്ക്കു കയറാതെ പുറത്തിട്ടിരുന്ന ബഞ്ചിലിരുന്നു കൊണ്ടു ലൈൻമാൻ സുഗുണൻ പറഞ്ഞു

“ഉച്ചയൂണിന്റെ സമയത്താണോടാ ചായ.. നീ ചോറുണ്ണുന്നോ” കഴിയ്ക്കാനിരുന്നവരുടെ മുന്നിൽ ഇലയിട്ടുകൊണ്ടു ശിവേട്ടൻ ചോദിച്ചു

സുഗുണൻ പണികഴിഞ്ഞുവരുമ്പോൾ ഇത് പതിവുള്ളതാ..പക്ഷെ ഇന്ന് ഉച്ചയ്ക്ക് പോന്നതാ..

“ഓ…വേണ്ട ശിവേട്ടാ ഞാൻ വീട്ടിൽപോയി കഴിച്ചോളാം”

തുറന്നു തുടങ്ങിയ പത്രം അടച്ചുമടക്കി ബഞ്ചിൽ വച്ചു സുഗുണൻ പുറത്തേക്കിറങ്ങി

“നീയെന്തായിന്നുനേരത്തെ…?” ഊണു കഴിച്ചു കൊണ്ടിരിക്കുന്നവരുടെ ഇലയിൽ കറി അല്പംകൂടി വിളമ്പികൊണ്ടു ശിവേട്ടൻ ചോദിച്ചു…

“ചെറിയൊരു തലവേദന… ഉച്ചയ്ക്കു ശേഷം ലീവ് എടുത്തിങ്ങു പോന്നു..” തലമാത്രമൊന്നു തിരിച്ചു പറഞ്ഞ ശേഷം അവൻ നടന്ന് തുടങ്ങി

“എന്ന നിപോയി ചോറുണ്ട് …കുറച്ചു വിക്‌സും തേച്ചു ഒന്ന് കിടന്നോ…”
എന്നും പറഞ്ഞു ശിവേട്ടൻ അടുക്കളയിലേക്കു പോയി..

അവൻ നേരെ കുറച്ചപ്പുറത്തുള്ള അബുക്കയുടെ പലചരക്കു കടയിൽ നിന്നും പിള്ളാർക്ക് ഒരുകൂട് ടൈഗർ ബിസ്കറ്റും വാങ്ങി വീട്ടിലേയ്ക്കു നടന്നു…

പെട്ടന്നാണ് ഒരു ടിപ്പർ അടുത്തു വന്നു നിറുത്തിയത്…ആരാണെന്നു തിരിഞ്ഞു നോക്കുമ്പോഴേക്കും വണ്ടിക്കകത്തിനിന്നും ഒരു പരിചയശബ്ദം

“എടാ നീ വണ്ടിയിലോട്ടു കയറ് ഒരു കാര്യം പറയാനുണ്ട്…”

“എന്താ വേണുവേട്ടാ… എന്താകാര്യം..?തലവേദനയായതുകൊണ്ടു നേരത്തെപോന്നതാ ഒന്നു കിടക്കാമെന്നുവച്ചു വീട്ടിൽ പോകുവാ..”

അവൻ വണ്ടിയുടെ അടുത്തേയ്ക്കു നീങ്ങി നിന്നുകൊണ്ടു പറഞ്ഞു

“നീയാദ്യം വണ്ടിയിൽ കയറ്.. സംഗതിയിത്തിരി പ്രശ്നമാ..” വേണുവേട്ടൻ തിടുക്കത്തിൽ പറഞ്ഞു.. പിന്നെ മറുത്തൊന്നും പറയാതെ അവൻ വണ്ടിയിൽ കയറി…

കാരണം ആ കാര്യത്തിന്റെ സീരിയനസ്സ് അയാളുടെ വാക്കുകളിലും മുഖത്തുമുണ്ടായിരുന്നു വണ്ടി കുറച്ചങ്ങു നീക്കി ആളൊഴിഞ്ഞ ഒരിടത്തു നിറുത്തി വേണുവേട്ടൻ പറഞ്ഞു തുടങ്ങി…

“എടാ…ഇന്ന് ടൗണിൽ വച്ച് നമ്മുടെ തോമസുചേട്ടന്റെ രണ്ടാമത്തെ മകൾ ഒരു ചെറുപ്പക്കാരെന്റെയൊപ്പം ബൈക്കിൽ പോകുന്ന കണ്ടു…

ആ ഇരിപ്പുകണ്ടിട്ടു കുറച്ച് പ്രശ്നമുള്ള ബന്ധമാണെന്ന് തോന്നി… ടൗണിൽ ഓവുചാലിന്റെ പണിക്കു മെറ്റലുംകൊണ്ട് പോയതാ..”

“ആര്…പിശുക്കൻതോമാച്ചേട്ടന്റെ മകള് സെലിൻ ആണോ..”

പുള്ളിക്കാരൻ പറഞ്ഞു തീരും മുമ്പുള്ള അവന്റെ ചോദ്യത്തിൽ ഒരു നാട്ടിൻ പുറത്തുകാരന്റെ ആധിയും ആകാംഷയുമുണ്ടായിരുന്നു..

“പേരെനിക്കറിയില്ല…തോമാച്ചേട്ടന്റെ കോളേജിൽ പഠിക്കുന്നമോള് അവളുത്തന്നെയല്ലേ…?”

വേണുവേട്ടൻ ഒരു ബീ ഡിയ്ക്കു തീ കൊളുത്തി കൊണ്ടു ചോദിച്ചു…. അതേയെന്ന അർത്ഥത്തിൽ അവനൊന്നു മൂളി…വേണുവേട്ടൻ തുടർന്നു…

“ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഓരോന്ന് കേൾക്കുമ്പോൾത്തന്നെ പേടിയാകും.. എന്നിട്ടു നമ്മൾകണ്ടിട്ടും കാണാതെ നമ്മുടെകാര്യവും നോക്കിപോണതു ശരിയല്ലലോ…

അതുകൊണ്ടു തോമസുചേട്ടനോട് ഒന്നു സൂചിപ്പിക്കാമെന്നു വച്ചാ..പക്ഷെ ഞാനും അയാളും തമ്മിൽ കഴിഞ്ഞാഴ്ച ചെറുതായൊന്നുടക്കിയാരുന്നു… അപ്പോഴാ നിന്നെ കണ്ടത്…”

“വേണുവേട്ടൻ വണ്ടിവിടെന്നാ..ഇപ്പോൾ പോയാൽ അയാൾ വീട്ടിലുണ്ടാകും..” ആലോചിയ്‌ക്കാതെ പറഞ്ഞു…കാരണം ആലോചിച്ചോണ്ടിരുന്നാൽ പല കാര്യങ്ങളും ചെയ്യാൻ വൈകും

“നിനക്കുതലവേദനയുണ്ടന്നല്ലേ പറഞ്ഞത്…ആ ഗ്ലോബോക്സോന്നു തുറന്നുനോക്കിക്കെ ചിലപ്പോൾ ഒരു വിക്‌സുണ്ടാകും” എന്നു പറഞ്ഞു വേണുവേട്ടൻ വണ്ടിയെടുത്തു..

എങ്ങനെ തോമസുചേട്ടനോട് കാര്യമവതരിപ്പിയ്ക്കും എന്നാലോചിച്ചു അവൻ കുറച്ചു വിക്‌സെടുത്തു നെറ്റിയിൽ പുരട്ടി.. വലിയ ദൂരമില്ലാത്തതിനാൽ പെട്ടന്നുതന്നെ തോമസുചേട്ടന്റെ വീട്ടിലെത്തി…

വണ്ടി റോഡിന്റെ അരികു ചേർത്തു നിറുത്തി..അവർ തോമസുചേട്ടന്റെ വീട്ടിലേയ്ക്കുകയറുമ്പോൾ പുള്ളിയും ഭാര്യയും കൂടെയിരുന്നു കൊപ്ര അരിയുന്നു…

“ഉച്ചയ്‍ക്കേലുമൊന്നു വിശ്രമിച്ചൂടെ തോമസുചേട്ടാ…?” തമാശ രീതിയിലാണ് സുഗുണന്റെ ചോദ്യമെങ്കിലും

“എന്നാ നീ ചിലവിനു കൊണ്ടെത്താടാ”

വേണുവേട്ടനെയൊന്നു സൂക്ഷിച്ചുനോക്കികൊണ്ടു എടുത്തടിച്ചപോലെയായിരുന്നു തോമസുചേട്ടന്റെ മറുപടി ….

വടികൊടുത്തടിവാങ്ങിയ രീതിയിൽ അവൻ വേണുവേട്ടനെ നോക്കിയൊന്നു ചിരിച്ചു….

“എന്താ രണ്ടുപേരുകൂടെ പതിവില്ലാതെ ഈ സമയത്തു….?” അരിഞ്ഞു കൊണ്ടിരുന്ന കൊപ്ര അവിടെയിട്ട് കൈ ഉടുത്തിരുന്നസാരിയിലും തുടച്ചു കൊണ്ടെഴുനേറ്റു പുള്ളിയുടെ ഭാര്യ ചോദിച്ചു…

തോമസുചേട്ടൻ പണിനിറുത്തി അവിടെത്തന്നെയിരുന്നു ഞങ്ങൾ പുള്ളിയുടെഅടുത്തുചെന്നു കാര്യം പറഞ്ഞു.. കേട്ടു കഴിഞ്ഞപ്പോൾ പുള്ളിയുടെയും ഭാര്യയുടെയും മുഖം മങ്ങി…

കുറച്ചു സമയത്തു ആരും ഒന്നും മിണ്ടിയില്ല.. ചിന്തകളുടെ കാർമേഘം മൂടിയ രണ്ടുമുഖം…പെണ്മക്കളുള്ള മാതാപിതാക്കളുടെ വേദനപ്പിക്കുന്ന ചിന്തകൾ ആ രണ്ടു മുഖത്തു നിന്നും വായിച്ചെടുക്കാം…

ഒടുവിൽ തോമസുചേട്ടൻ ഒന്നും പറയാതെ വേണുവേട്ടന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ചു അതിലേയ്ക്ക് നെറ്റിച്ചേർത്തി…

അയാളുടെ മിഴിനീർ ആ കൈകളിലൂടെ ഒഴുകി…എന്തു ചെയ്യണമെന്നറിയാതെ വേണുവേട്ടൻ അങ്ങോട്ടു മിങ്ങോട്ടും നോക്കി…

കുറച്ചുകഴിഞ്ഞു തോമസുചേട്ടൻ മുഖമുയർത്തി നിറഞ്ഞൊഴുകുന്ന മിഴികളാൽ വേണുവേട്ടന്റെ മുഖത്തേയ്ക്കൊന്നു നോക്കി

ആ നോട്ടത്തിലുണ്ടായിരുന്നു ചെയ്തകാര്യത്തിനുള്ള നന്ദിയും വേറെയാരോടും പറയരുതെന്നുള്ള പെൺകുട്ടിയുള്ള ഒരുപിതാവിന്റെ അപേക്ഷയും…. പിന്നെയധിക നേരം അവിടെനിന്നില്ല..

“തോമസുചേട്ടാ ഞങ്ങളിറങ്ങുവാ..” സുഗുണനോട് പോകാമെന്ന് കണ്ണ് കൊണ്ട് കാണിച്ച് വേണുവേട്ടൻ പറഞ്ഞു

“ഒരു ചായകുടിച്ചിട്ടുപോകാം”

തോമസുചേട്ടൻ നിറഞ്ഞൊഴുകിയ കണ്ണുകൾ കൈലിമുണ്ടിന്റെ തുമ്പുകൊണ്ട് തുടച്ചു

“വേണ്ട ചേട്ടാ….പിന്നീടാവാം…” എന്നു പറഞ്ഞു അവർ അവിടുന്നിറങ്ങി…

രണ്ടുമൂന്നാഴ്ചകൾക്കുശേഷം വേണുവേട്ടന്റെ ഫോണിലേക്ക് തോമസു ചേട്ടന്റെ ഒരു കാൾ…. അടുത്ത ഞായറാഴ്ച പുള്ളിടെ രണ്ടാമത്തെ മകളുടെ പെണ്ണുകാണലാ..

അതിനു ക്ഷണിയ്ക്കാൻ വിളിച്ചതാണ്….. പയ്യനെവിടുന്നാന്നു ചോദിക്കുന്നതിനു മുൻപു തന്നെ തോമസു ചേട്ടൻ പറഞ്ഞു

“അന്ന് വേണു കണ്ടപയ്യൻതന്നെ..”

Leave a Reply

Your email address will not be published. Required fields are marked *